Tuesday, July 7, 2026

ad

Homeകവര്‍സ്റ്റോറിസയണിസ്‌റ്റ്‌ ഭീകരതയുടെ നൂറ്റാണ്ട്‌

സയണിസ്‌റ്റ്‌ ഭീകരതയുടെ നൂറ്റാണ്ട്‌

എ ശ്യാം

ണ്ടാംലോക യുദ്ധകാലംവരെ യൂറോപ്പിൽ കടുത്ത പീഡനങ്ങളനുഭവിച്ച ജൂതർക്കുവേണ്ടിയെന്ന പേരിൽ, യുദ്ധശേഷം പലസ്‌തീൻ വെട്ടിമുറിച്ച്‌ രൂപീകരിച്ച ഇസ്രയേലാണ്‌ ഇന്ന്‌ ലോക സമാധാനത്തിന്‌ പ്രധാന ഭീഷണിയെന്നത്‌ വിരോധാഭാസമാണ്‌. യൂറോപ്പിന്റെ പ്രശ്‌നം പഴയ കൊളോണിയൽ ശക്തികൾ അറബികളുടെ തലയിലിടുകയാണ്‌ ചെയ്‌തതെന്ന്‌ പണ്ടേ പല പണ്ഡിതരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഇന്ന്, അറബ്‌ മേഖലയ്‌ക്ക്‌ മാത്രമല്ല ലോകത്തിനാകെ ഇസ്രയേൽ ഭീഷണിയായിരിക്കുകയാണ്‌ എന്നാണ്‌ നിലവിലുള്ള സംഘർഷങ്ങൾ കാണിക്കുന്നത്‌. ഗാസയിലും വെസ്‌റ്റ്‌ ബാങ്കിലും പലസ്‌തീൻ ജനതയെ വംശഹത്യ ചെയ്യുന്നതിനു പുറമെ ലെബനനിലും സിറിയയിലും ജോർദാനിലും ഇറാഖിലുമൊക്കെ ഈ ജൂതവംശീയരാഷ്‌ട്രം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്‌.

ഇപ്പോൾ അമേരിക്കയെ കൂട്ടുപിടിച്ച്‌ ഇറാനെതിരെ നടത്തുന്ന യുദ്ധം നാലു മാസം തികയുന്പോൾ ലോകമാകെ അതിന്റെ കെടുതികൾ അനുഭവിക്കുകയാണ്‌. കഴിഞ്ഞദിവസമാണ്‌ അമേരിക്ക ഒമാൻ തീരത്ത്‌ കപ്പലിൽ നടത്തിയ ബോംബിങ്ങിൽ മൂന്ന്‌ ഇന്ത്യക്കാർ കൊല്ലപ്പെട്ടത്‌. സമാധാന സാധ്യത ഉയരുന്പോഴെല്ലാം ഇസ്രയേൽ അത്‌ അട്ടിമറിക്കുന്നതാണ്‌ നാം കാണുന്നത്‌.

വിശാല ഇസ്രയേൽ ലക്ഷ്യമിട്ട്‌ ജൂതരാഷ്‌ട്രം നടത്തുന്ന അതിക്രമങ്ങൾ ഒന്നേകാൽ നൂറ്റാണ്ടു പിന്നിട്ട സയണിസ്‌റ്റ്‌ പദ്ധതിയുടെ ഭാഗമാണെന്നതാണ്‌ വസ്‌തുത. ഒന്നാം ലോകയുദ്ധത്തിൽ ഒാട്ടോമൻ തുർക്കിയിൽനിന്ന്‌ പലസ്‌തീൻ പ്രദേശം ബ്രിട്ടൻ പിടിച്ചെടുത്തതിനു പിന്നാലെ തന്നെ ഇ‍ൗ പദ്ധതി നടപ്പാക്കാൻ സയണിസ്‌റ്റുകൾ ഭീകര സംഘടനകൾക്ക്‌ രൂപം നൽകിയിരുന്നു. 1920ൽ രൂപീകരിക്കപ്പെട്ട ഹഗാന, 1931ൽ ഉണ്ടാക്കിയ ഇർഗുൺ, 1940ൽ സ്ഥാപിക്കപ്പെട്ട ലേഹി തുടങ്ങിയ ഭീകരസംഘടനകളായിരുന്നു ഇസ്രയേൽ രൂപീകരണത്തിനുമുന്പ്‌ സയണിസ്‌റ്റ്‌ പദ്ധതിയുടെ നിർവാഹകർ. ഇവയുടെ നേതാക്കളാണ്‌ പിന്നീട്‌ ഇസ്രയേലിലെ പ്രധാന രാഷ്‌ട്രീയ നേതാക്കളായി മാറിയത്‌.

ഇസ്രയേലിന്റെ പ്രധാനമന്ത്രിമാരായ നാലു പേർ(ഡേവിഡ്‌ ബെൻ ഗുറിയോൺ, മെനാച്ചം ബെഗിൻ, യിത്‌ഷാക്‌ ഷെമീർ, ഏരിയൽ ഷറോൺ) ലേഹി, ഇർഗുൻ, ഹഗാന തുടങ്ങിയ സയണിസ്‌റ്റ്‌ ഭീകരസംഘടനകളിൽ അംഗങ്ങളായിരുന്നു. ലോകത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാ ഗോൾഡമീറും ഭീകരപ്രവർത്തനത്തിലൂടെ നേതൃനിരയിലേക്ക് ഉയർന്നുവന്ന ആളാണ്. സാമ്രാജ്യത്വശക്തികൾ പല കോളനി രാജ്യങ്ങളിലും ചെയ്‌തതുപോലെ, തദ്ദേശീയരെ തുരത്താൻ വൻതോതിൽ കൂട്ടക്കൊലകൾ നടത്തുന്നതായിരുന്നു ഇവരെല്ലാം നയിച്ച സയണിസ്‌റ്റ്‌ ഭീകരവാദികളുടെ രീതി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പലസ്‌തീനിൽ മൂന്നു ശതമാനം മാത്രമായിരുന്നു ജൂതർ. 1917ൽ പലസ്‌തീനിൽ 56,000 ജൂത കുടിയേറ്റക്കാരും 6,44,000 അറബികളുമാണ്‌ ഉണ്ടായിരുന്നത്‌. അഞ്ചു വർഷം കഴിഞ്ഞ്‌ ജൂതരുടെ എണ്ണം 83,794 ആയി വർധിച്ചപ്പോൾ അറബികളുടേത് 6,63,000 ആയികുറഞ്ഞു. 1931ൽ ജൂതരുടെ എണ്ണം 1,74,616 ആയി കുത്തനെ വർധിച്ചപ്പോൾ അറബികളുടേത്‌ ഏഴര ലക്ഷമായാണ്‌ ഉയർന്നത്‌. അതായത്‌ 1917ൽ അവിഭക്ത പലസ്‌തീനിൽ ജൂതർ എട്ടു ശതമാനമായിരുന്നത്‌ പലസ്‌തീനിൽ ജൂതരാഷ്‌ട്രം അനുവദിക്കാമെന്ന ബ്രിട്ടന്റെ ബാൽഫോർ പ്രഖ്യാപനത്തെ തുടർന്ന്‌ 14 വർഷംകൊണ്ട്‌ 18 ശതമാനമായി വർധിച്ചു. 1939ൽ ഇത്‌ ജൂതരുടെ എണ്ണം 31 ശതമാനമായി പിന്നെയും കുതിച്ചുയർന്നു. പാശ്‌ചാത്യ രാജ്യങ്ങളിൽ നിന്ന്‌ ജൂതരുടെ പലായനം തീവ്രമായതാണ്‌ ഇ‍ൗ വർധനയ്‌ക്ക്‌ കാരണം. ജൂതർ കാര്യമായ അതിക്രമങ്ങൾ നേരിടാതിരുന്ന അമേരിക്കയിൽനിന്നുപോലും പലസ്‌തീനിലേക്ക്‌ ഒഴുക്കുണ്ടായി.

പലസ്‌തീൻകാരുടെ ഭൂമി ജൂതർ വ്യാപകമായി കയ്യേറിയതിലാണ്‌ ഇത്‌ ഏറ്റവുമധികം പ്രതിഫലിച്ചത്‌. 1929ൽ 67,000 ഏക്കറായിരുന്നു ജൂതരുടെ കൈവശമുള്ള ഭൂമി. ഒറ്റവർഷംകൊണ്ട്‌ അത്‌ നാലിരട്ടിയിലധികം വർധിച്ച്‌ 2,80,000 ഏക്കറായി. ഇതിൽ വളരെ കുറച്ചു ഭൂമി മാത്രമാണ്‌ വില കൊടുത്തു വാങ്ങിയത്‌. 1931 ആയപ്പോഴേക്ക്‌ 20,000 പലസ്‌തീൻ കർഷക കുടുംബങ്ങളെ ബ്രിട്ടീഷ്‌ സഹായത്തോടെ സയണിസ്‌റ്റുകൾ ഒഴിപ്പിച്ചു. ക്രമേണ പലസ്‌തീൻ വ്യവസായരംഗത്തും ജൂത കയ്യേറ്റക്കാർ ആധിപത്യം സ്ഥാപിച്ചു. 1935ൽ പലസ്‌തീനിലെ മൊത്തം 1212 വ്യവസായ സ്ഥാപനങ്ങളിൽ 872 എണ്ണവും സയണിസ്‌റ്റ്‌ നിയന്ത്രണത്തിൽ ആയിക്കഴിഞ്ഞതായി അമേരിക്കൻ സമാധാനപ്രവർത്തകൻ റാൾഫ്‌ ഷൂമാൻ എഴുതിയിട്ടുണ്ട്‌(ഹിഡൻ ഹിസ്‌റ്ററി ഓഫ്‌ സയണിസം).

1947ൽ പലസ്‌തീൻ പ്രദേശം വിഭജിക്കാൻ പാശ്ചാത്യ കൊളോണിയൽ ശക്തികൾക്ക്‌ ആധിപത്യമുണ്ടായിരുന്ന ഐക്യരാഷ്‌ട്രസംഘടന തീരുമാനിക്കുന്പോൾ (ആകെ 56 രാഷ്‌ട്രങ്ങൾക്കായിരുന്നു അന്ന്‌ യുഎൻ അംഗത്വം) 6,30,000 ജൂതരും 13ലക്ഷം അറബികളുമാണ്‌ ഉണ്ടായിരുന്നത്‌. അറബികളിൽ 1,43,000 ക്രൈസ്‌തവരുമുണ്ടായിരുന്നു(12 ശതമാനം). ഇസ്രയേൽ രാഷ്‌ട്രം സ്ഥാപിക്കപ്പെടുന്നതിന്‌ മുന്പുതന്നെ ഇർഗുൻ,ഹഗാന തുടങ്ങിയ ജ‍ൂത ഭീകരസംഘടനകൾ ഭൂമിയുടെ മുക്കാൽ പങ്കും കൈയേറുകയും അവിടെ തലമുറകളായി താമസിച്ചുവന്നവരെ പുറത്താക്കുകയും ചെയ്‌തു. പലസ്‌തീൻകാരുടെ കാര്യം വർണവിവേചനകാലത്തെ ദക്ഷിണാഫ്രിക്കയുടെ സ്ഥിതിയേക്കാൾ കഷ്ടമാണെന്നാണ്‌ 1960കളിൽ താൻസാനിയൻ പ്രസിഡന്റ്‌ ജൂലിയസ്‌ നെരേര ഒരു പലസ്‌തീൻ പ്രതിനിധിസംഘത്തോട്‌ പറഞ്ഞത്‌. ആഫ്രിക്കക്കാർക്ക്‌ അവരുടെ നാട്ടിൽ സ്വതന്ത്രരായി ജീവിക്കാനുള്ള അവകാശമേ നഷ്ടപ്പെട്ടിട്ടുള്ളൂ. എന്നാൽ പലസ്‌തീൻകാർക്ക്‌ സ്വദേശമേ ഇല്ലാതായി എന്നാണ്‌ നെരേര ചൂണ്ടിക്കാട്ടിയത്‌.

ഇസ്രയേൽ രൂപീകരണത്തിനുശേഷം അവിടെ അവശേഷിച്ചിരുന്ന പലസ്‌തീൻ അറബ്‌ വംശജർക്കെതിരെ ഒ‍ൗദ്യോഗിക സൈന്യം മുന്പ്‌ സയണിസ്‌റ്റ്‌ ഭീകരസംഘടനകൾ നടത്തിവന്ന അതിക്രമങ്ങൾ തുടർന്നു. സയണിസ്‌റ്റ്‌ സംഘങ്ങളെ ഇസ്രയേൽ സൈന്യത്തിൽ ലയിപ്പിച്ചിരുന്നതിനാൽ അത്‌ സ്വാഭാവികവുമായിരുന്നു. അറബ്‌ സ്‌ത്രീകളെ കൊല്ലുന്നതിനു മുന്പ്‌ ബലാത്സംഗം ചെയ്യുന്നതും ഇസ്രയേലി സൈനികരുടെ ക്രൂരവിനോദമായിരുന്നു. ഛേദിക്കപ്പെട്ട ജനനേന്ദ്രിയങ്ങളും ചതച്ചരച്ച നിലയിൽ സ്‌ത്രീകളുടെ ഉദരഭാഗങ്ങളും കണ്ടതായി ഒരു ഹഗാന കമാൻഡർ വെളിപ്പെടുത്തിയിട്ടുണ്ട്‌. കുട്ടികളെ കൊല്ലുന്പോൾ ആദ്യം തലയ്‌ക്കടിച്ച്‌ പരിക്കേൽപ്പിക്കുമായിരുന്നു. ഗ്രാമീണ കുടുംബങ്ങളെ ഭക്ഷണവും വെള്ളവും അനുവദിക്കാതെ അവരുടെ വീടുകളിൽ പൂട്ടിയിട്ട്‌ വീടുകൾ സ്‌ഫോടകവസ്‌തുക്കൾ ഉപയോഗിച്ച് തകർക്കുക എന്നതും കൂട്ടക്കൊലകൾക്ക്‌ സ്വീകരിച്ച മാർഗങ്ങളിൽ ഒന്നായിരുന്നു.

ഹിന്ദുത്വ എന്ന വർഗീയ ഭീകരവാദ പ്രത്യയശാസ്‌ത്രത്തിന്‌ ഹിന്ദു മതവിശ്വാസവുമായും ആചാരങ്ങളുമായും കാര്യമായ ബന്ധമില്ലാത്തതുപോലെ ജൂത വംശീയ പ്രത്യയശാസ്‌ത്രത്തിന്റെ പ്രയോക്താക്കളായ സയണിസ്‌റ്റുകൾക്ക്‌ ജൂതവിശ്വാസങ്ങളുമായും ആചാരങ്ങളുമായും കാര്യമായ ബന്ധം ഇല്ലെന്നതാണ്‌ വസ്‌തുത. ഹിറ്റ്‌ലറുടെ നാസി ജർമനിയിലും രണ്ടാംലോകയുദ്ധത്തിൽ നാസികളുടെ അധീനതയിലായ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും 60ലക്ഷത്തോളം ജൂതർ വംശഹതയ്‌ക്ക്‌ ഇരയായ കാലത്താണ്‌ യൂറോപ്യൻ സയണിസ്‌റ്റുകൾ ജൂതരാഷ്‌ട്രം സ്ഥാപിക്കാൻ പലസ്‌തീനിൽ നാസികളെ തോൽപ്പിക്കുന്ന കൂട്ടക്കൊലകൾ നടത്തിയത്‌. 60,000 ജർമൻ ജൂതർക്ക്‌ ജർമനിയിലുള്ള സ്വത്തുവകകളുടെ ഒരു ഭാഗവുമായി പലസ്‌തീനിലേക്ക്‌ കുടിയേറാൻ ജർമനിയിലെ സയണിസ്‌റ്റ്‌ ഫെഡറേഷൻ 1933ൽ നാസി സർക്കാരുമായി കരാറുണ്ടാക്കുന്നുണ്ട്‌. കിഴക്കൻ യൂറോപ്പിലെ ജൂതരെ നാസികൾക്ക്‌ എറിഞ്ഞുകൊടുത്ത ഇ‍ൗ സംഘടനയിലെ 5 പേർ ഭാവിയിൽ ഇസ്രയേലിന്റെ പ്രധാനമന്ത്രിമാരാവുന്നുമുണ്ട്‌.

സഖ്യശക്തികൾക്കെതിരെ ജർമൻ സേനയ്ക്കൊപ്പം യുദ്ധത്തിന് നാസികളുടെ അധിനിവേശത്തിലുള്ള കിഴക്കൻ യൂറോപ്പിൽനിന്ന്‌ 40,000 ജൂതരെ റിക്ര‍ൂട്ട്‌ ചെയ്യാമെന്നായിരുന്നു സയണിസ്‌റ്റ്‌ സായുധ സംഘമായ ലേഹി(സ്‌റ്റേൺ ഗ്യാങ്‌)1940 ഡിസംബറിൽ നാസി അധികൃതർക്ക്‌ നൽകിയ ഉറപ്പ്‌. പകരം പലസ്‌തീനിൽ ജൂതരാഷ്‌ട്രം സ്ഥാപിക്കാൻ സഹായിക്കണം എന്നായിരുന്നു അവരുടെ ആവശ്യം.

മധ്യപ‍ൗരസ്‌ത്യ കാര്യങ്ങൾക്കുള്ള ബ്രിട്ടീഷ്‌ മന്ത്രി വാൾട്ടർ എഡ്വേഡ്‌ ഗിന്നസിനെ(മോയ്‌ൻ പ്രഭു) 1944ൽ കെയ്‌റോയിൽവച്ച്‌ വധിച്ചതും 1946ൽ ജറുസലേമിലെ കിങ്‌ ഡേവിഡ്‌ ഹോട്ടലിൽ ബോംബ്‌ സ്‌ഫോടനം നടത്തി 91 ബ്രിട്ടീഷ്‌ സൈനിക–സിവിലിയൻ ഉദ്യോഗസ്ഥരെ കൊന്നതും യുഎൻ മധ്യസ്ഥനായിരുന്ന ഫോൾക്‌ ബെർണാദോത്ത്‌ പ്രഭുവിനെ വധിച്ചതും മറ്റും സയണിസ്‌റ്റ്‌ ഭീകരസംഘങ്ങളാണ്‌. ജറുസലേമിനെ അന്താരാഷ്‌ട്ര നിയന്ത്രണത്തിൽ നിലനിർത്തണമെന്നും ഇസ്രയേൽ രൂപീകരണത്തോടെ അവിടെനിന്ന്‌ പ്രാണരക്ഷാർത്ഥം നാടുവിട്ടു പോവേണ്ടിവന്ന അറബികൾക്ക്‌ സ്വന്തം മണ്ണിലേക്ക്‌ മടങ്ങാൻ അവകാശം ഉണ്ടാവണമെന്നും നിർദേശിച്ചതിനാണ്‌ യുഎൻ മധ്യസ്ഥനെ വധിച്ചത്‌.

ഇസ്രയേൽ രൂപീകരണത്തിന്‌ ഒരു മാസം മുന്പ്‌ അറബ്‌ ഗ്രാമമായ ദെയ്‌ർ യാസിനിൽ സ്‌ത്രീകളും കുട്ടികളുമടക്കം 254 പേരെ കൂട്ടക്കൊല ചെയ്‌തതും ജൂത ഭീകരസംഘങ്ങളാണ്‌. ഇ‍ൗ കൂട്ടക്കൊലയുടെ നടുക്കത്തിലാണ്‌ ആൽബർട്ട്‌ ഐൻസ്റ്റീനുൾപ്പെടെ ശാസ്‌ത്രജ്ഞരും ബുദ്ധിജീവികളും പുരോഹിതരുമടക്കം 25 ലോകപ്രസിദ്ധരായ ജൂതർ ന്യൂയോർക്ക്‌ ടൈംസിന്‌ 1948 ഡിസംബറിൽ കത്തെഴുതുന്നത്‌. പുതുതായി രൂപീകരിക്കപ്പെട്ട ജൂതരാഷ്‌ട്രത്തിലെ ചില രാഷ്‌ട്രീയ സംഘടനകളുടെ പ്രവർത്തനരീതിക്ക്‌ നാസി, ഫാസിസ്‌റ്റ്‌ പാർട്ടികളുടെ രീതികളുമായുള്ള സമാനത ഈ കത്തിൽ എടുത്തുപറയുന്നുണ്ട്‌. ദെയ്‌ർ യാസിനിലെ കൂട്ടക്കൊലയിലും തൃപ്തരാവാതെ ജൂത ഭീകരവാദികൾ രാജ്യത്തുള്ള വിദേശ മാധ്യമപ്രവർത്തകരെ ക്ഷണിച്ചുവരുത്തി കൂട്ടിയിട്ട മൃതദേഹങ്ങൾ കാണിച്ച്‌ ക്ഷുദ്രമായ തരത്തിൽ വിജയോന്മാദം പ്രകടിപ്പിക്കുകയും ചെയ്‌തു.

ഇസ്രയേൽ രൂപീകരിക്കപ്പെട്ടശേഷം ആ രാഷ്‌ട്രത്തിന്റെ ചാരസംഘടനയായ മൊസാദ്‌ വിദേശ നേതാക്കളും പലസ്‌തീൻ നേതാക്കളുമടക്കം മൂവായിരത്തോളം പ്രമുഖരെ ഉന്നമിട്ട്‌ വധിച്ചിട്ടുണ്ട്‌ എന്നാണ്‌ കണക്ക്‌. ഒരു നൂറ്റാണ്ടായി സയണിസ്‌റ്റ്‌ ഭീകരസംഘടനകളും 78 വർഷമായി ഇസ്രയേലി സൈന്യവും പലസ്‌തീനിലും ലബനനിലും മറ്റുമായി നടത്തിയ കൂട്ടക്കൊലകൾക്ക്‌ പുറമേയാണിത്‌. പഴയ പലസ്‌തീനിൽ അറബ്‌ മുസ്ലീങ്ങൾ മാത്രമല്ല സയണിസ്‌റ്റുകളുടെ അതിക്രമങ്ങൾക്കും അവഹേളനങ്ങൾക്കും ഇരയായത്‌. അറബ്‌ ക്രൈസ്‌തവരോടും വിവേചനത്തിന്‌ കുറവുണ്ടായില്ല. നിരവധി ക്രൈസ്‌തവ നേതാക്കളും വധിക്കപ്പെട്ടിട്ടുണ്ട്‌. ഇന്ത്യയിലെ ഗോത്രമേഖലകളിൽ സംഘപരിവാർ നടപ്പാക്കുന്ന ഘർ വാപസിക്ക്‌ സമാനമായി പലസ്‌തീനിലെ ക്രൈസ്‌തവരെ സമ്മർദ്ദതന്ത്രങ്ങളിലൂടെ ജൂതമതത്തിലേക്ക്‌ പുനഃപരിവർത്തനം ചെയ്യിക്കുകയുമുണ്ടായി. കുടിയേറിയ ജൂതർ സ്ഥാപിച്ച കിബ്ബൂത്‌സുകളിൽ ജോലിക്ക്‌ നിയോഗിക്കപ്പെടുന്ന അറബ്‌ ക്രിസ്‌ത്യൻ പുരുഷന്മാർക്ക്‌ ജൂതസ്‌ത്രീകളുമായി ബന്ധം സ്ഥാപിക്കണമെങ്കിൽ ജൂതമതത്തിലേക്ക്‌ മാറണം. ക്രിസ്‌ത്യൻ പള്ളിയോ കുരിശോ കണ്ടാൽ കാർക്കിച്ചുതുപ്പുമെന്ന്‌ ഉറപ്പുനൽകുകയും വേണം.

പലസ്‌തീൻ ജനതയുടെ വംശഹത്യയ്‌ക്ക്‌ പുറമേ സയണിസ്‌റ്റുകൾ തുടക്കംമുതൽ നടപ്പാക്കിവരുന്ന പദ്ധതിയാണ്‌ ചരിത്രത്തിൽ നിന്നുതന്നെ അവരെ തുടച്ചുമാറ്റുകയെന്നത്. ഇന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന, ചരിത്രത്തിന്റെ വികൃതമായ പൊളിച്ചെഴുത്തിനേക്കാൾ ഭീകരമായി നൂറ്റാണ്ടുകളായുള്ള അറബ്‌ ജീവിതത്തിന്റെ അവശിഷ്‌ടങ്ങൾ ഭൂമിശാസ്‌ത്രപരമായും ഇല്ലാതാക്കലാണ്‌ ഈ പരിപാടി. ഇസ്രയേലി ചരിത്രകാരൻ ഇലാൻ പെപ്പെയെ പോലുള്ളവർ ഇക്കാര്യം നിരവധി ഉദാഹരണങ്ങളിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

തകർക്കപ്പെട്ട പലസ്‌തീൻ ഗ്രാമങ്ങളിൽ ജൂതപാർപ്പിടകേന്ദ്രങ്ങൾ സ്ഥാപിക്കുക മാത്രമല്ല, അവിടെയുണ്ടായിരുന്ന അറബ്‌ മേഖലയുടെ തനതായ വൃക്ഷങ്ങളെല്ലാം വെട്ടിനശിപ്പിച്ച്‌ യൂറോപ്യൻ മരങ്ങൾ നട്ടുപിടിപ്പിച്ചു. ആറ്‌ പലസ്‌തീൻ ഗ്രാമങ്ങളിലെ വീടുകളും കൃഷിയിടങ്ങളും ഇടിച്ചുനിരത്തി ഇസ്രയേൽ ഗലീലിയിൽ കൃത്രിമമായി നിർമിച്ച 20 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുള്ള ബിരിയ വനം ഉദാഹരണമാണ്‌. 125 വർഷം മുന്പ്‌ രൂപീകരിച്ച ജൂത ദേശീയനിധിയിലേക്ക്‌ സമാഹരിച്ച പണമുപയോഗിച്ചാണ്‌ പ്രദേശങ്ങളുടെ ജൂതവൽക്കരണം നടപ്പാക്കിയത്‌. കയ്യേറിയ പ്രദേശങ്ങളിലെ സ്ഥലനാമങ്ങൾ പൂർണമായും ഹീബ്രുവൽക്കരിച്ചു. യൂറോപ്യൻ ഛായയിലുള്ള ജൂതരാഷ്‌ട്രമാണ്‌ സയണിസ്‌റ്റുകൾ പലസ്‌തീനിൽ നിർമിച്ചത്‌. പലസ്‌തീൻ ജനവാസമില്ലാതെ കിടന്ന തരിശുഭൂമിയാണ്‌ എന്ന കള്ളക്കഥയും ഇതിന്റെ ഭാഗമായി പ്രചരിപ്പിക്കപ്പെട്ടു. ജൂതരെ യൂറോപ്പിൽനിന്ന്‌ ഒഴിവാക്കേണ്ടത്‌ അവരുടെ വംശീയതാൽപ്പര്യമായിരുന്നതിനാൽ പാശ്ചാത്യ മാധ്യമങ്ങളിലൂടെ ഇ‍ൗ കഥ ലോകമെങ്ങും വിളന്പുന്നതിനും സാധിച്ചു. മുക്കാൽ നൂറ്റാണ്ടിലധികമായി പലസ്‌തീൻ ജനത നേരിടുന്ന അതിക്രമങ്ങൾക്ക്‌ തിരിച്ചടിയായി 2023 ഒക്‌ടോബറിൽ ഇസ്രയേലിൽ ഹമാസ്‌ നടത്തിയ ആക്രമണമാണ്‌ പുതിയ സംഘർഷങ്ങൾക്ക്‌ കാരണമായി സയണിസ്‌റ്റുകളും അനുകൂലികളും പറയുന്നത്‌. എന്നാൽ, ഇസ്രയേൽ നയതന്ത്രതലത്തിൽ കൂടുതൽ ഒറ്റപ്പെടുന്നതിന്‌ നിലവിലെ സംഘർഷങ്ങൾ ഇടയാക്കിയിട്ടുണ്ട്‌. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 11 =

Most Popular