ഇത് ഇറാൻ സർക്കാരിന്റെ ഗുണഗണങ്ങളെക്കുറിച്ചുള്ള വാദവിഷയമല്ല; അക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്; മറിച്ച്, ഈ യുദ്ധം തന്ത്രപരമായ സൂചനയെയും മുന്നറിയിപ്പിനെയും കുറിച്ചുള്ള വാദഗതിയാണ് നൽകുന്നത്. ഒരു രാജ്യത്തിന്റെ ഏറ്റവും ഉയർന്ന നേതൃത്വത്തെ നാമാവശേഷമാക്കിയിട്ടും, ആഗോള സമ്പദ്-വ്യവസ്ഥയ്ക്കുമേൽ വൻ ആഘാതമുണ്ടാക്കാനും, ലോകത്തെ മർമപ്രധാനമായ ഒരു കപ്പൽപാതയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനും, തങ്ങളുടെ പക്കൽ അവശേഷിക്കുന്ന ആയുധശേഖരത്തെ മുൻനിർത്തി ഇപ്പോഴും ചർച്ചകൾ നടത്താനും ഇറാന് സാധിക്കുന്നുണ്ടെങ്കിൽ -അത്തരമൊരു രാജ്യം തെളിയിച്ചിരിക്കുന്നത് ഒരു പ്രത്യേകതരം അതിജീവനശേഷിയാണ്. ഇടത്തരം ശക്തികളായ മറ്റു രാജ്യങ്ങൾ ഇത് വളരെ സൂക്ഷ്മമായി പഠിക്കുകതന്നെ ചെയ്യും. ഇതിൽനിന്ന് മറ്റുള്ളവർ ഉൾക്കൊള്ളുന്ന പാഠം ഇതാണ് : സൈനികശക്തിയിൽ ശത്രുവിനൊപ്പം തുല്യത പാലിക്കുന്നതിനേക്കാൾ പ്രധാനം, ആക്രമണങ്ങളെ അതിജീവിക്കാനുള്ള ശേഷിയും ശത്രുവിന് തിരിച്ചടി നൽകാനുള്ള കരുത്തുമാണ്.ഈ നിഗമനം കേവലം ഗൾഫ് മേഖലയിൽമാത്രം ഒതുങ്ങുന്ന ഒന്നല്ല ; ആഗോളതലത്തിൽതന്നെ പ്രസക്തവുമാണ്.
2026 ജൂൺ ഒന്നിന് ഇറാനിയൻ-–അമേരിക്കൻ സാമൂഹിക ശാസ്ത്രജ്ഞരായ നർഗിസ് ബജൊഗ്ലിയും വാലി നാസറും ‘ഫോറിൻ അഫയേഴ്സി’ ൽ എഴുതിയ പ്രബന്ധത്തിലെ നിരീക്ഷണങ്ങൾ ഇത്തരുണത്തിൽ പ്രസ്താവ്യമാണ് : ” ഇസ്ലാമിക് റിപ്പബ്ലിക്കിന് മാരകമായ അന്ത്യപ്രഹരം ഏൽപ്പിക്കുകയെന്ന, യുദ്ധത്തിന്റെ പ്രാരംഭലക്ഷ്യം കൈവരിക്കാനാകാത്തതാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇറാനെ തകർക്കുന്നതിനുപകരം, യുദ്ധമെന്ന അഗ്നിപരീക്ഷ അതിനെ പ്രതീക്ഷിക്കാത്ത രീതിയിൽ മാറ്റിമറിക്കുകയാണുണ്ടായത്. അതിജീവിക്കാനും പുതിയ തന്ത്രപരമായ മേൽക്കൈകൾ സ്ഥാപിക്കാനും, ഇസ്ലാമിക് റിപ്പബ്ലിക്കിന് തങ്ങളുടെ യുദ്ധമുറകളിലും ഭരണസംവിധാനത്തിലും സമൂഹത്തെ നിയന്ത്രിക്കുന്ന രീതികളിലും പുതിയ മാറ്റങ്ങളും പരിഷ്കാരങ്ങളും കൊണ്ടുവരേണ്ടിവന്നു. മാത്രമല്ല, അഭൂതപൂർവമായ വേഗതയിലാണ് അവർക്കിത് ചെയ്യേണ്ടിവന്നത്. തങ്ങൾ കൈവരിച്ച നേട്ടങ്ങളിൽ ടെഹ്റാൻ ഇപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ; ആ നേട്ടങ്ങൾ സ്വന്തം രാജ്യത്തും വിദേശത്തും കൂടുതൽ ശക്തമാക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ഈ യുദ്ധം ഒരു ‘പുതിയ ഇറാന്’ ജന്മം നൽകിയിരിക്കുന്നു. അതാകട്ടെ, വരുംവർഷങ്ങളിൽ മിഡിൽ ഈസ്റ്റിന്റെ ഭൂപടം പുനർനിർണയിക്കുകയും ആഗോള ഭൗമരാഷ്ട്രീയത്തിന്റെ ഗതിയെ സ്വാധീനിക്കുകയും ചെയ്യും’. (Narges Bajoghli and Vali Nasr, ‘How a Remade Islamic Republic Will Reshape the Middle East’, Foreign Affairs, 1 June 2026)
2025 ജൂണിലെ 12 ദിന യുദ്ധശേഷം പൊതുവിലും 2026 ഫെബ്രുവരി 28 മുതൽ വിശേഷിച്ചും ഇറാനിൽ ഉയർന്നുവന്ന പുതിയ നേതൃത്വത്തെക്കുറിച്ച് നർഗിസ് ബജൊഗ്ലിയും വാലി നാസറും നടത്തുന്ന നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷത്തെ യുദ്ധത്തോടെ ഇറാൻ ഭരണകൂടം പരമദുർബലമായി എന്നു കണക്കുകൂട്ടിയ ഇസ്രയേലും അമേരിക്കയും ഈ വർഷം ഫെബ്രുവരി 28 ന് ഇറാന്റെ ഉന്നത നേതൃനിരയെ നിഷ്കാസനം ചെയ്തു. എന്നാൽ, തലപ്പത്തുള്ളവരുടെ വധം ഇറാനിൽ ഭരണകൂടത്തകർച്ചയ്ക്ക് ഇടയാക്കിയില്ല ; പകരം,പുതിയൊരു തലമുറയ്ക്ക് അധികാരം ഏറ്റെടുക്കാനുള്ള വഴിതുറന്നുകൊടുത്തു. യുദ്ധസമയത്ത് ഉയർന്നുവന്നതും ഐആർജിസി (Islamic Revolutionary Guard Corps) യുടെ ആധിപത്യമുള്ളതുമായ ഈ പുതിയ നേതൃത്വത്തെ, കൂടുതൽ കടുത്ത പ്രത്യയശാസ്ത്രശാഠ്യമുള്ളവരും അമേരിക്കയോടും ഇസ്രയേലിനോടും തീവ്രമായ നിലപാട് പുലർത്തുന്നവരുമായാണ് പാശ്ചാത്യ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ ഈ നിഗമനം പൂർണമായും ശരിയല്ല. ഈ പുതിയ നേതൃത്വത്തെ മുൻഗാമികളിൽ നിന്നു വേർതിരിച്ചുനിർത്തുന്ന യഥാർത്ഥ ഘടകം സൂക്ഷ്മവും അതോടൊപ്പം അതീവപ്രാധാന്യമുള്ളതുമാണ്.
ഇറാന് പുറത്തുള്ള നിരീക്ഷകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുതിയ പരമോന്നത നേതാവായ മൊജ്താബ ഖമനേയി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫ്, ഐആർജിസി കമാൻഡർ അഹമ്മദ് വാഹിദി തുടങ്ങിയ ചുരുക്കം ചില ഉന്നത നേതാക്കളിലാണ്. എന്നാൽ, അതിനേക്കാൾ ഏറെ പ്രാധാന്യമർഹിക്കുന്നത് അവർക്ക് താഴെയുള്ള തട്ടുകളിൽ വന്നിട്ടുള്ള മാറ്റങ്ങളാണ് ; അതായത്, 1979-ലെ വിപ്ലവത്തിനുശേഷം വളർന്നുവന്ന ഐആർജിസി കമാൻഡർമാരുടെയും സിവിലിയൻ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പുതിയൊരു തലമുറ. അവരിപ്പോൾ നിർണായകമായ തീരുമാനങ്ങളെടുക്കുന്ന പദവികളിലാണിരിക്കുന്നത്. ഭരണകാര്യങ്ങളിലും സുരക്ഷയിലുമുള്ള അവരുടെ ദേശീയതാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാട് ഇസ്ലാമിക് റിപ്പബ്ലിക്കിനെ പുനർനിർവചിച്ചുകൊണ്ടിരിക്കുകയാണ്.
ഇസ്ലാമിക് വിപ്ലവത്തിന്റെ സ്ഥാപക തലമുറയുടെ ലോകവീക്ഷണം രൂപപ്പെട്ടത്, അമേരിക്കയുടെ പിന്തുണയോടെയുള്ള മുഹമ്മദ് റെസാ ഷാ പഹ്-ലവിയുടെ ഭരണത്തിനെതിരെയുള്ള നീണ്ട പോരാട്ടങ്ങളിലൂടെയും, ഷായുടെ കാലത്ത് ജയിലുകളിലോ നാടുകടത്തലിലോ ചെലവഴിച്ച വർഷങ്ങളിലൂടെയുമാണ്. എന്നാൽ ഇന്ന് അധികാരത്തിലുള്ള രണ്ടാം തലമുറ ഇസ്ലാമിക വിപ്ലവകാരികൾ (മൊജ്താബ, ഖാലിബാഫ്, വാഹിദി എന്നിവരുൾപ്പെടെയുള്ളവർ) ഇറാൻ-– ഇറാഖ് യുദ്ധകാലത്ത് കൗമാരക്കാരോ യുവാക്കളോ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ, പരമ്പരാഗത യുദ്ധത്തിന്റെ കടുപ്പമേറിയ യുദ്ധക്കളങ്ങളിലാണ് അവരുടെ ലോകവീക്ഷണം പരുവപ്പെട്ടത്. അതേസമയം, ഇറാന്റെ രാഷ്ട്രീയ–-സൈനിക മേഖലകളിലെ മൂന്നാം തലമുറയ്ക്കാകട്ടെ, വിപ്ലവാനന്തര ഇറാന്റെ ചരിത്രമല്ലാതെ മറ്റൊന്നും അറിയില്ല.
ഈ സൈനികവിഭാഗങ്ങളിലെയും ഐ ആർജിസിയിലെയും മറ്റ് അനുബന്ധ സുരക്ഷാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥ വിഭാഗത്തിൽപ്പെട്ട അംഗങ്ങൾ, വിപ്ലവ പ്രത്യയശാസ്ത്രത്തിനുപകരം ദേശീയ പ്രതിരോധത്തെ അടിസ്ഥാനമാക്കിയുള്ള ഘടനാപരവും ആസൂത്രിതവുമായ ഒരു സാങ്കേതിക ഭരണസംസ്കാരവും (Technocratic Culture) തന്ത്രപരമായ വീക്ഷണവുമാണ് സ്വീകരിച്ചത്. സൈനികമായി തങ്ങളേക്കാൾ എത്രയോ മുകളിലുള്ള വൻശക്തികൾക്കെതിരെ രണ്ട് യുദ്ധങ്ങളിൽ (കഴിഞ്ഞ വർഷത്തെ 12 ദിവസത്തെ യുദ്ധത്തിലും ഈ വർഷം നടന്ന അതിലും വലിയ പോരാട്ടത്തിലും) ഇറാനെ വിജയകരമായി പ്രതിരോധിക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്ന ആത്മവിശ്വാസത്തോടെയാണ് ആ ഭരണാധികാരികൾ മുന്നോട്ടുപോകുന്നത്. എന്നാൽ, ഇതിനു മുൻപുണ്ടായിരുന്ന നേതാക്കൾ പഹ്-ലവി ഭരണകാലത്തെ വിപ്ലവാനുകൂല ഇറാന്റെ ബൗദ്ധികവും രാഷ്ട്രീയവുമായ ചിന്താധാരകളുടെ സൃഷ്ടികളായിരുന്നു. രാജഭരണം അട്ടിമറിക്കുക, പശ്ചാത്യ അധിനിവേശത്തെ ചെറുക്കുക എന്നീ പൊതുലക്ഷ്യങ്ങൾ പങ്കുവെച്ചിരുന്ന മതേതര ദേശീയവാദികൾ, ഇടതുപക്ഷക്കാർ, ലിബറലുകൾ എന്നിവരുമായുള്ള സംവാദങ്ങളിലൂടെയാണ് അവരുടെ രാഷ്ട്രീയ വിദ്യാഭ്യാസം രൂപപ്പെട്ടത്. അധികാരത്തിലെത്തിയശേഷം ഇവർ തങ്ങളുടെ പ്രത്യയശാസ്ത്രം ഇറാനുമേൽ അടിച്ചേൽപ്പിച്ചെങ്കിലും, തങ്ങളെ പൂർണമായി അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഒരു സമൂഹത്തിനുമേൽ ഭരിക്കാനുള്ള അവകാശം സ്ഥാപിച്ചെടുക്കുന്നതിലടങ്ങിയ അരക്ഷിതാവസ്ഥയെ മറികടക്കാൻ അവർക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ല.എന്നാൽ, പുതിയ തലമുറയ്ക്ക് ഇതിനെക്കുറിച്ചൊന്നും നേരിട്ടുള്ള അറിവില്ല.
ഇസ്ലാമിക റിപ്പബ്ലിക് സ്ഥാപിതമാകുമ്പോൾ ഇവരിൽ ഭൂരിഭാഗവും കുട്ടികളായിരുന്നു. അതിന്റെ ഭരണാവകാശത്തെ പൂർണമായി വിശ്വസിച്ചുകൊണ്ടാണ് അവർ വളർന്നത്. അവർ പോരാടി നേടിയെടുത്തതല്ല ഈ അധികാരം ; മറിച്ച്, അധികാരത്തിന്റെ ഔദ്യോഗിക സ്ഥാപനങ്ങൾക്കുള്ളിൽ വളർന്നു വലുതായവരാണവർ. അതുകൊണ്ടുതന്നെ തങ്ങളുടെ ഭരണാധികാരം സ്വാഭാവികമായും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് അവർ കരുതുന്നു. മുൻതലമുറയെ വേട്ടയാടിയിരുന്ന അരക്ഷിതാവസ്ഥ -വിപ്ലവം യഥാർത്ഥമാണെന്നും, അതിന്റെ അവകാശവാദങ്ങൾ ഗൗരവമുള്ളതാണെന്നും, പഴയ വരേണ്യവിഭാഗം പൂർണമായും പരാജയപ്പെട്ടുവെന്നും നിരന്തരം തെളിയിക്കേണ്ടി വന്നിരുന്ന അവസ്ഥ – ഈ പുതിയ തലമുറയിൽ ഒട്ടുംതന്നെ കാണാനില്ല. അവർ ഇപ്പോൾ ഒരു വിപ്ലവത്തെ സംരക്ഷിക്കുകയല്ല ചെയ്യുന്നത് ; മറിച്ച്, ഒരു രാജ്യത്തെ ഭരിക്കുകയാണ്, ഭരണകൂടത്തെ നയിക്കുകയാണ്. പുതിയ തലമുറ വിപ്ലവത്തെ രാജ്യഭരണ തന്ത്രജ്ഞതയിൽ നിന്ന് വേർപെടുത്തിക്കഴിഞ്ഞു. ആഭ്യന്തരകാര്യങ്ങളിലോ വിദേശനയങ്ങളിലോ അവർ വിപ്ലവകരമായ വമ്പത്തരങ്ങൾ പറയുകയോ വിപ്ലവ ആക്ടിവിസത്തെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. പുതിയ നേതാക്കൾ നിലവിലുള്ള ഭരണവ്യവസ്ഥയുടെ പ്രതിനിധികളാണ്: ഇറാന്റെ കഴിവുകളെയും പോരായ്മകളെയും കൃത്യമായി വിലയിരുത്തി പ്രവർത്തിക്കുന്ന പ്രായോഗികവാദികളും സുദൃഢ ദേശീയവാദികളുമാണവർ.
തങ്ങളുടെ മുൻഗാമികളിൽനിന്ന് വ്യത്യസ്തമായി തന്ത്രപരമായ ക്ഷമ കാണിക്കാനും അതേസമയം നിർണായകമായി പ്രവർത്തിക്കാനും അവർക്ക് കഴിയും. ഇറാന്റെ ബലഹീനതകളെ അവർ തുറന്നമനസ്സോടെയും പരസ്യമായും അഭിമുഖീകരിക്കുന്നു. മുൻതലമുറയുടെ അരക്ഷിതാവസ്ഥ കാരണം അവർക്ക് ഒരിക്കലും സത്യസന്ധമായി ചെയ്യാൻ കഴിയാതിരുന്ന ഒന്നായിരുന്നു ഇത്. കൂടാതെ, പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളായാണ് കുറവുകളെ അവർ കാണുന്നത്. ഈയൊരു ചിന്താഗതിയാണ് കഴിഞ്ഞ രണ്ട് യുദ്ധങ്ങൾക്കിടയിൽ ടെഹ്റാൻ വരുത്തിയ മാറ്റങ്ങൾക്കു പിന്നിലെ പ്രേരകശക്തി.
2025 ജൂണിലെ അമേരിക്കൻ-–ഇസ്രയേൽ ആക്രമണത്തിന് മുൻപുവരെ, അമേരിക്കയുമായും ഇസ്രയേലുമായും ‘യുദ്ധവുമില്ല, സമാധാനവുമില്ല’ എന്ന നിലയിലുള്ള സ്ഥിതിവിശേഷം തങ്ങൾക്ക് അനിശ്ചിതമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നാണ് ഇറാൻ ഭരണാധികാരികൾ കരുതിയിരുന്നത്. എന്നാൽ ആ ധാരണ തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. 12 ദിവസം നീണ്ടുനിന്ന യുദ്ധം അവസാനിച്ച നിമിഷം മുതൽ, തങ്ങളുടെ അലംഭാവത്തിൽ, അമിത ആത്മവിശ്വാസത്തിൽ ഒരു പുനർവിചിന്തനം അവർക്ക് നടത്തേണ്ടി വന്നു. ജൂണിലെ വെടിനിർത്തൽ കരാർ തകരുമെന്നും മറ്റൊരു യുദ്ധം ഉടൻ തന്നെ ഉണ്ടാകുമെന്നുമാണ് ഐആർജിസിയുടെ പുതിയ നേതൃത്വം കണക്കുകൂട്ടിയത്. ഇതോടെ, ജൂൺ യുദ്ധത്തിൽനിന്ന് പഠിച്ച പാഠങ്ങളെക്കുറിച്ചും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഇറാന്റെ സർവകലാശാലകളും ഗവേഷണസ്ഥാപനങ്ങളും തിങ്ക് ടാങ്കുകളും സർക്കാർ സംവിധാനങ്ങളും വേദിയാകാൻ തുടങ്ങി. കഴിഞ്ഞ പത്തു വർഷത്തിനിടെ ഉണ്ടായതിനേക്കാൾ കൂടുതൽ ഭരണപരമായ മാറ്റങ്ങളാണ് തുടർന്നുള്ള വെറും എട്ട് മാസങ്ങൾക്കുള്ളിൽ അവിടെ സംഭവിച്ചത്. വ്യാപാരം, കൃഷി, സാമ്പത്തിക-സാമൂഹിക മാനേജ്മെന്റ് എന്നിവയിലുള്ള പല സുപ്രധാന തീരുമാനങ്ങളുടെയും അധികാരം ടെഹ്റാനിൽനിന്നും പ്രവിശ്യാ തലസ്ഥാനങ്ങളിലേക്ക് വികേന്ദ്രീകരിക്കപ്പെട്ടു.
ഇറാൻ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥവൃന്ദത്തെ കാലങ്ങളായി തളർത്തിയിരുന്ന മന്ദതയ്ക്കുപകരം ഉൗർജസ്വലമാക്കി മാറ്റി; അതിവേഗത്തിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടുക എന്നതൊരു അനിവാര്യതയായി മാറി. ഈ പ്രക്രിയയിലൂടെ സാങ്കേതികവിദ്യയിലും ഭരണനിർവഹണത്തിലും വിദഗ്ധരായ ഒരു പുതിയ തലമുറ (Technocratic Decision- Makers) കാര്യങ്ങൾ നിയന്ത്രിക്കാൻ തുടങ്ങി. ഈ വർഷമുണ്ടായ യുദ്ധത്തിൽ ഇറാന്റെ നീക്കങ്ങൾ പ്രതിഫലിപ്പിച്ചത് ഈ പുതിയ തലമുറയുടെ ആധുനികവും പ്രായോഗികവുമായ സമീപനമായിരുന്നു. ഇറാൻ സൈന്യത്തെ ഒരു സാമ്പ്രദായിക സേനയിൽനിന്ന് ഒളിപ്പോരാളികളുടെ(Guerrilla Force ) ശൃംഖലയ്ക്കു സമാനമായ ഓപ്പറേഷണൽ കമാൻഡുകളായി പുനഃസംഘടിപ്പിച്ചു.ഇതിലൂടെ സൈന്യത്തിന്റെ അധികാരം വിവിധ ഗ്രൂപ്പുകൾക്കിടയിൽ വിഭജിച്ചു നൽകുന്നതിനുപകരം, ഒരേ ചിന്താഗതിക്കാരായ ഒരുകൂട്ടം ഉദ്യോഗസ്ഥരിൽ കേന്ദ്രീകരിക്കപ്പെടുകയും ചെയ്തു.
ഈ യുദ്ധക്കളത്തിൽ, 2025 ജൂണിലെ യുദ്ധത്തിൽ നിന്നു ഗ്രഹിച്ച പാഠങ്ങൾ ഇറാൻ സേന വളരെ കൃത്യതയോടെയാണ് പ്രയോഗിച്ചത്. അമേരിക്ക – -ഇസ്രയേൽ ആക്രമണത്തോട്, മേഖലയിലുടനീളമുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇന്റർസെപ്റ്റർ (പ്രതിരോധ മിസൈൽ) ശേഖരം പരമാവധി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള മിസൈലുകളുടെയും ഡ്രോണുകളുടെയും ആസൂത്രിതമായ ആക്രമണങ്ങളിലൂടെയാണ് ഇറാൻ പ്രതികരിച്ചത്. ഇറാൻ, തങ്ങളുടെ മിസൈൽ വിക്ഷേപണകേന്ദ്രങ്ങൾ വിശാലമായ ഭൂപ്രദേശത്തുടനീളം വിന്യസിക്കുകയും ചെയ്തു. കൂടാതെ, തകർക്കപ്പെട്ട ലോഞ്ചറുകളും ‘മിസൈൽ നഗര’ങ്ങളിലേക്കുള്ള പ്രവേശനകവാടങ്ങളും അപ്പപ്പോൾതന്നെ നന്നാക്കുന്നതിനായി സൈനിക ഉദ്യോഗസ്ഥർക്കൊപ്പം എഞ്ചിനീയർമാരെയും മിസൈൽ കേന്ദ്രങ്ങളിൽ നിയോഗിച്ചു.ഇസ്രയേലും അമേരിക്കയും പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ആക്രമണം തുടരാൻ ഇത് ഇറാനെ പ്രാപ്തമാക്കി.
അസന്തുലിതമായ യുദ്ധതന്ത്രത്തിന്റെ (Asymmetric warfare ) യുക്തി ഉൾക്കൊണ്ട്, ഷാഹെദ് ഡ്രോണുകളുടെ വലിയ കൂട്ടങ്ങളെയും അയച്ചു. വിലകുറഞ്ഞതും നഷ്ടപ്പെട്ടാലും കുഴപ്പമില്ലാത്തതുമായ ഈ ഡ്രോണുകൾ, അമേരിക്കൻ സൈനികത്താവളങ്ങളെയും വാഷിങ്ടണിന്റെ അറബ് സഖ്യകക്ഷികളെയും സംരക്ഷിക്കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളിൽ വിള്ളൽ വീഴ്ത്തുകയും, സുപ്രധാന ലക്ഷ്യങ്ങളിൽ കൃത്യമായി ആക്രമണം നടത്താൻ മറ്റ് ഇറാൻ മിസൈലുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. ശത്രുക്കളുടെ ആക്രമണങ്ങളെ ഉൾക്കൊള്ളാൻ മാത്രമല്ല, അവരുടെ യുദ്ധലക്ഷ്യങ്ങളെ തകിടംമറിച്ച് തന്ത്രപരമായ മുൻതൂക്കം നേടാനും ഇറാൻ സൈന്യം പഠിച്ചിരുന്നു. പുതിയ തലമുറയിലെ നേതാക്കളുടെ ഏറ്റവും വലിയ വിജയം, അവരുടെ ഈ തന്ത്രം ഫലിച്ചു എന്നതുതന്നെയാണ്. ഭരണനേതൃത്വത്തെ ഇല്ലാതാക്കി ഭരണമാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങളെ ആ രാജ്യം അതിജീവിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും കനത്ത ബോംബാക്രമണങ്ങളേറ്റിട്ടും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പിക്കുകയും, അമേരിക്കൻ നാവിക ഉപരോധത്തെ കൂസലില്ലാതെ നേരിടുകയും ചെയ്തു. ഇതിലൂടെ, അവർ യുദ്ധക്കളം പേർഷ്യൻ ഗൾഫിലേക്ക് വ്യാപിപ്പിക്കുകയും 16 അമേരിക്കൻ സൈനികത്താവളങ്ങൾക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്തുകയും അവയിൽ പലതും പൂർണമായും പ്രവർത്തനരഹിതമാക്കുകയും ചെയ്തു. 2026 മാർച്ചിൽ, 2003 മുതൽ അമേരിക്കൻ സേന കൈവശം വച്ചിരുന്ന ബാഗ്ദാദിലെ പ്രധാന സൈനികത്താവളമായ ‘ക്യാമ്പ് വിക്ടറി’ ഉപേക്ഷിക്കാൻ ഇറാഖി ഷിയാ മിലിഷ്യകൾ അമേരിക്കയെ നിർബന്ധിതമാക്കി.
ഇറാന്റെ ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങൾക്കിടയിൽ കടുത്ത വിശ്വാസപ്രതിസന്ധിയും സൃഷ്ടിച്ചു. ഒരർത്ഥത്തിൽ, യുദ്ധത്തിന്റെ ഏറ്റവും വലിയ ആഘാതം സംഭവിച്ചത് ഇറാനിലല്ല. മറിച്ച്, നാലു പതിറ്റാണ്ടിലധികമായി ഗൾഫ് മേഖലയിൽ അമേരിക്ക നൽകിയിരുന്ന സുരക്ഷാകവചത്തിന്റെ വിശ്വാസ്യതയെയാണ് ഇറാൻ പിച്ചിച്ചീന്തിയത്. അമേരിക്ക യുദ്ധത്തെ ഗൾഫ് രാജ്യങ്ങളുടെ നഗരങ്ങളിലേക്കും സുപ്രധാന അടിസ്ഥാനസൗകര്യങ്ങളിലേക്കും കൊണ്ടുവരികയും, എന്നാൽ അവരെ സംരക്ഷിക്കുന്നതിൽ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. l
(തുടരും)



