Tuesday, July 7, 2026

ad

Homeകവര്‍സ്റ്റോറിഗാസാ മോണോലോഗുകൾ ഒരാസ്വാദനം

ഗാസാ മോണോലോഗുകൾ ഒരാസ്വാദനം

രേണു രാമനാഥ്

ഗാസ ഒരു തുറന്ന മുറിവാണ്. ഒരുപക്ഷേ ഒരിക്കലും ഉണങ്ങാനിടയില്ലാത്ത ഒരു തുറന്ന മുറിവ്. മനുഷ്യമനഃസാക്ഷിയിക്കേറ്റ മുറിവ്.

ഗാസ കീറിമുറിച്ചത് നമ്മളെയോരോരുത്തരെയുമാണ്; ഈ ലോകത്തിന്റെ ഇന്നലെ വരെ നിലനിന്ന ക്രമത്തെയാണ്. ഗാസ അനിശ്ചിതത്വത്തിലേക്കു വലിച്ചെറിഞ്ഞത് ഈ ലോകത്തെ മുഴുവനുമാണ്.

വരുംതലമുറകൾ പഠിക്കുന്ന ലോകചരിത്രത്തിൽ, (അതിനായൊരു ലോകവും, വരുംതലമുറകളും അവശേഷിക്കുന്ന നാളുകൾ വരെ) ലോകം 2023 ഒക്ടോബർ 7-നു മുമ്പും, അതിനുശേഷവും എന്ന് അടയാളപ്പെടുത്തപ്പെട്ടിരിക്കും; അടിച്ചമർത്തപ്പെട്ടവരുടെ, സ്വന്തം മണ്ണിൽനിന്ന് പിഴുതെറിയപ്പെട്ടവരുടെ അവസാനത്തെ പോരാട്ടം തുടങ്ങിയ നാളിനും മുമ്പും, അതിനു ശേഷവുമെന്ന്.

ഗാസയുടെ വിലാപം തുടങ്ങുന്നത് 2023 ഒക്ടോബർ 7-നായിരുന്നില്ല. അതിനുമെത്രയോ ദശകങ്ങൾക്കുമുമ്പ്, കൃത്യമായിപ്പറഞ്ഞാൽ 1948 മേയ് 15-ന് ആരംഭിച്ച ആ വലിയ പലായനത്തിന്റെ നാളുകളിൽ നിന്നായിരുന്നു. പക്ഷേ, ഗാസയുടെ ചരിത്രമാരംഭിക്കുന്നത് അതിനുമെത്രയോ മുമ്പും. ചുരുങ്ങിയത് അയ്യായിരം വർഷമെങ്കിലും മുമ്പ്. മനുഷ്യവംശം പിറവിയെടുത്ത്, സംസ്കാരത്തിന്റെ പടവുകളിലേക്ക് മെല്ലെമെല്ലെ കയറിത്തുടങ്ങിയ മണ്ണാണ് ഗാസയുടേത്. ബി. സി 15–ാം നൂറ്റാണ്ടു മുതൽ മനുഷ്യവാസമുണ്ടായിരുന്ന മണ്ണ്. പശ്ചിമേഷ്യയുടെ പ്രാക്തനഭൂമികളാണല്ലോ മനുഷ്യവംശത്തിന്റെ തൊട്ടിലായി അറിയപ്പെടുന്നത്. അവിടത്തെ മനുഷ്യരാശിയുടെ ജീനുകളിൽ ആയിരക്കണക്കിനു വർഷങ്ങളുടെ ചരിത്രത്തിന്റെ ഭാരമുണ്ട്.

ഗാസയുടെ മേലുള്ള സിയോണിസ്റ്റ് അധിനിവേശത്തിന്റെ ചരിത്രം ഏറെ നീണ്ടതാണ്. ചോരയും കണ്ണീരും വീണു നനഞ്ഞ ചരിത്രം. ലോകമെമ്പാടും വ്യാപിച്ചുകിടന്നിരുന്ന ജൂതവംശത്തിന് മതാധിഷ്ഠിതാവകാശങ്ങളുടെ പേരിൽ ഒരു രാജ്യം സൃഷ്ടിക്കാനായി പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപം കൊണ്ട സിയോണിസത്തിന് യൂറോപ്യൻ – – അമേരിക്കൻ മുതലാളിത്തം നൽകിയ പിന്തുണയോടെ, 1947-ൽ, ഐക്യരാഷ്ട്രസംഘടന അംഗീകരിച്ചതോടെ, പലസ്തീൻ വിഭജന പദ്ധതി (Partition Plan for Palestine) അംഗീകരിച്ചതോടെ ഗാസ ചോരക്കളമാവാൻ തുടങ്ങുകയായിരുന്നു. പലസ്തീൻ മണ്ണിനെ വെട്ടിമുറിച്ച് ഇസ്രയേൽ രൂപീകരിക്കപ്പെട്ടതോടെ പശ്ചിമേഷ്യയിൽ ആരംഭിച്ച അശാന്തിപർവങ്ങൾ ഗാസയെ ഞെരുക്കി. അറബ് രാജ്യങ്ങളുടെ ചെറുത്തുനില്പിനെ സാമ്രാജ്യത്വപിന്തുണയോടെ ഇസ്രയേൽ അടിച്ചമർത്തിയതോടെ, ഗാസ യുദ്ധക്കളമായി മാറി. 1948-ലെ നക്ബ (ദുരന്തം) എന്നറിയപ്പെട്ട പലസ്തീൻ ജനതയുടെ പലായനത്തിൽ ഓടിപ്പോന്നവരിൽ വലിയൊരു വിഭാഗം ഗാസയിൽ അഭയാർത്ഥികളായി മാറി. അവരെ പരിപാലിക്കാനായി ഐക്യരാഷ്ട്രസംഘടന രൂപംനൽകിയ അഭയാർത്ഥിക്യാമ്പുകൾ, ലോകത്തിലെ ഏറ്റവുമധികം ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നായി ഗാസയെ മാറ്റി.

പതിറ്റാണ്ടുകൾ നീളുന്ന വിമോചനപ്പോരാട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴെല്ലാം, പലസ്തീൻ ജനത ശ്രദ്ധിച്ചുപോന്നത്, തങ്ങളുടെ ചരിത്രവും കണ്ണീരിന്റെയും പലായനങ്ങളുടെയും പോരാട്ടങ്ങളുടെയും കഥകളും, ഭാവിതലമുറകൾ ഒരിക്കലും മറന്നുപോകാനിടവരരുത് എന്നതിനുകൂടിയായിരുന്നു. വാമൊഴിയായും വാക്കായും എഴുത്തായും പാട്ടായും അവർ ചരിത്രത്തെ രേഖപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. അങ്ങനെയൊരു രേഖപ്പെടുത്തലാണ് ‘ഗാസാ മോണോലോഗുകൾ.’ (ഗാസയുടെ ആത്മഗതങ്ങൾ).

എന്താണ് ‘ഗാസാ മോണോലോഗുകൾ?’
ചുരുക്കിപ്പറഞ്ഞാൽ, വംശഹത്യയുടെ നേർസാക്ഷ്യങ്ങൾ. സ്വന്തം വംശത്തിന്റെ കൂട്ടക്കുരുതിക്ക്, തന്റെയുൾപ്പെടെ ജീവന്റെ നിലനില്പ് സംശയത്തിലാവുന്ന സാഹചര്യത്തിന്, സാക്ഷ്യംവഹിക്കേണ്ടിവരുന്ന മനുഷ്യരുടെ അനുഭവകഥകൾ. അത് പന്ത്രണ്ടും പതിമൂന്നും മുതൽ പ്രായമുള്ള കുട്ടികളുടെ വാക്കുകളിലൂടെയാവുമ്പോഴുണ്ടാകുന്ന തീവ്രമായ വേദന. ഒരു യുദ്ധത്തിലോ, ഒരേറ്റുമുട്ടലിലോ അവസാനിക്കാത്ത, വർഷങ്ങളിലൂടെ, ദശാബ്ദങ്ങളിലൂടെ നീളുന്ന, ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന കൂട്ടക്കുരുതികളുടെ ചരിത്രങ്ങൾ. അതൊക്കെയാണ് ഗാസാ മോണോലോഗുകൾ.

2010ൽ, വെസ്റ്റ് ബാങ്കിലെ അഷ്തർ തിയേറ്റർ എന്ന പലസ്തീൻ നാടകസംഘം ആരംഭിച്ച ഒരു പ്രൊജക്ടാണ് ഗാസാ മോണോലോഗുകളുടെ രചനയ്ക്ക് വഴിതെളിച്ചത്. പലസ്തീൻ നാടകപ്രവർത്തകരായ എഡ്വേർഡ് മുവെല്ലവും ഇമാൻ ഔണും ചേർന്ന് 1991-ൽ ആരംഭിച്ച അഷ്തർ തിയേറ്റർ, വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള യുവാക്കൾക്ക് മികച്ച രീതിയിലുള്ള നാടകപരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചുവരുന്നത്. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ജനങ്ങൾക്കിടയിൽ സാമൂഹികവും സാംസ്കാരികവുമായ വികസനം സൃഷ്ടിക്കാനുതകുന്ന പ്രവർത്തനങ്ങളിലാണ് അഷ്തർ തിയേറ്ററിന്റെ പ്രവർത്തകർ മുഴുകിയിരിക്കുന്നത്.

2008 ഡിസംബർ –  2009 ജനുവരി മാസങ്ങളിൽ, ഗാസയ്ക്കു നേരെയുണ്ടായ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ, 1380 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇരുപത്തിരണ്ടു ദിവസമാണ് ആ ആക്രമണങ്ങൾ നീണ്ടുനിന്നത്. കൊല്ലപ്പെട്ടവരിൽ 431കുട്ടികളുണ്ടായിരുന്നു. പരുക്കേറ്റ 5380 പേരിൽ 1870 പേരും കുട്ടികളായിരുന്നു. വീടുവിട്ട് ഓടിപ്പോകേണ്ടിവന്നത് ഉദ്ദേശം 1,00,000 പേർക്ക്.

അന്നത്തെ ‘യുദ്ധം’ അവസാനിച്ചപ്പോൾ, രക്ഷപ്പെട്ടവരിലെ കുട്ടികളിൽ ബഹുഭൂരിപക്ഷവും ശാരീരികമായ പരിക്കുകൾക്കു പുറമെ കടുത്ത മാനസികാഘാതങ്ങളും നേരിട്ടുവെന്ന് വിദഗ്ദ്ധർ തിരിച്ചറിഞ്ഞു. അന്നാണ്, ജനങ്ങളെ മാനസികമായി തകർക്കുന്ന, മനസ്സിൽ മായാത്ത ഭീതിയുടെ വിത്തുകൾ വിതച്ചിടുന്ന, യുദ്ധതന്ത്രങ്ങൾ ഇസ്രയേൽ ഉപയോഗിച്ചു തുടങ്ങിയെന്നത് പാലസ്തീനിലെ മനോരോഗവിദഗ്ദ്ധർ തിരിച്ചറിയുന്നത്.

മാനസികാഘാതത്തിൽനിന്ന് കുറച്ചു കുട്ടികളെയെങ്കിലും കരകയറ്റാനായി തിയേറ്ററിന്റെ സങ്കേതങ്ങൾ ഉപകരിക്കുമെന്ന് മനസ്സിലാക്കിയ അഷ്തർ തിയേറ്റർ പ്രവർത്തകർ ആവിഷ്കരിച്ച പദ്ധതിയിൽ നിന്നായിരുന്നു ‘ഗാസാ മോണോലോഗുകൾ’ ഉടലെടുത്തത്. ഇമാൻ ഔണിന്റെ നേരിട്ടുള്ള താല്പര്യത്തിൽ നിന്നാരംഭിച്ച പദ്ധതിയിൽ, ഗാസ സ്വദേശിയും, അഷ്തർ തിയേറ്ററിന്റെ പ്രവർത്തനങ്ങളിലെ സജീവപങ്കാളിയുമായ ആലി അബു യാസിനും ചേർന്നു. ഗാസയിലെ കുട്ടികളിൽനിന്നും, യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ച് തെരഞ്ഞെടുത്ത 32 പേരെ വെച്ച് നടത്തിയ ശില്പശാലയിലാണ് ഈ മോണോലോഗുകൾ രൂപംകൊണ്ടത്.

നെഞ്ചു തകർക്കുന്ന അനുഭവങ്ങളായിരുന്നു, ഈ ‘മോണോലോഗുകളി’ലൂടെ കുട്ടികൾ പങ്കുവെച്ചത്. ബാത്ത്റൂമിൽ കയറുമ്പോൾ ബോംബാക്രമണമുണ്ടായാലോ എന്ന ഭയം കാരണം, പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കാനും കുളിക്കാനുംപോലും സാധിക്കാതാവുന്ന അവസ്ഥ ഒരു കുട്ടി പങ്കുവെച്ചു. രാത്രിയിൽ കിടക്കയിൽ മൂത്രമൊഴിക്കാൻ തുടങ്ങിയതിനെപ്പറ്റിയാണ് മറ്റൊരു കുട്ടി പറഞ്ഞത്. അടുത്ത ബന്ധുക്കളും, കൂട്ടുകാരും കണ്മുന്നിൽ ഛിന്നഭിന്നമാകുന്ന കാഴ്ച കാണേണ്ടിവന്നതിന്റെ ആഘാതവും മരവിപ്പുമായിരുന്നു പലർക്കും.

2010 ഒക്ടോബർ 17-നാണ് ഗാസ മോണോലോഗുകളുടെ ആദ്യരംഗാവതരണം നടന്നത്. ഗാസയിലെ, റഷാദ് അൽ ഷവ തിയേറ്ററിലായിരുന്നു അത് (ആ തിയേറ്റർ ഇന്ന് നാമാവശേഷമായിരിക്കുന്നു). അന്നേ ദിവസം, ചൈന മുതൽ കാനഡ വരെയുള്ള മുപ്പത്തിമൂന്നിലധികം ലോകരാജ്യങ്ങളിലെ, അമ്പതിലേറെ പട്ടണങ്ങളിൽ, 1500 ആൺകുട്ടികളും, പെൺകുട്ടികളും ചേർന്ന്, പതിനെട്ടിലേറെ ഭാഷകളിൽ, ‘ഗാസാ മോണോലോഗുകൾ’ അവതരിപ്പിച്ചു.

അതേ നവംബർ മാസത്തിൽ, ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരത്തിലും ‘ഗാസാ മോണോലോഗുകൾ’ അവതരിപ്പിക്കുകയുണ്ടായി. പക്ഷേ, ഗാസയിലെ കുഞ്ഞുങ്ങൾക്ക്, പുറത്തേക്ക് യാത്ര ചെയ്യാൻ സിയോണിസ്റ്റ് ഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ, അവർക്കു പകരം, ന്യൂയോർക്ക് നഗരത്തിലെ വോയിസ് തിയേറ്ററിന്റെ ആഭിമുഖ്യത്തിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 22 കുട്ടികൾ ചേർന്നായിരുന്നു ആ അവതരണം നടത്തിയത്.

പിന്നീട്, 2014-ൽ നടന്ന ആക്രമണത്തിനു ശേഷവും, ഗാസാ മോണോലോഗുകളുടെ ആദ്യരചയിതാക്കളിൽ ലഭ്യമായവരെ വെച്ച് പുതിയ മോണോലോഗുകൾ രചിക്കുകയുണ്ടായി. 2023-ലെ ആക്രമണം ആരംഭിച്ച ശേഷം, ആലി അബു യാസീനുൾപ്പെടെയുള്ളവർ ലോകചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊലകൾക്കിടയിൽ അതിജീവിച്ചുകൊണ്ടിരിക്കുമ്പോഴും, തങ്ങളുടെ അനുഭവങ്ങളെ ലോകത്തിനു മുന്നിലെത്തിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

ഗാസാ മോണോലോഗുകളുടെ ആദ്യരചയിതാക്കളായ 32 പേരിൽ എത്രപേർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്നറിയില്ല. ചിലരൊക്കെ ഗാസയിൽനിന്ന് പുറത്തുകടന്ന് മറ്റു രാജ്യങ്ങളിൽ ജീവിക്കുന്നുണ്ട്. ചിലരെപ്പറ്റി വിവരമൊന്നുമില്ല. ചിലർ കൊല്ലപ്പെട്ടതായി അറിവുകിട്ടിയിട്ടുണ്ട്.

സ്വന്തം കൈകൊണ്ട്, സ്വന്തം ചരമക്കുറിപ്പുകളെഴുതേണ്ടി വരുന്ന ഒരു ജനതയുടെ, തന്റെ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിപ്പോയാലും തിരിച്ചറിയാൻവേണ്ടി സ്വന്തം കൈകളിൽ പേരെഴുതി വെയ്ക്കുന്ന കുട്ടികളുടെ മരണവും ജീവിതവുമല്ലാത്ത ജീവിതങ്ങളുടെ കഥയാണ് ഗാസാ മോണോലോഗുകൾl

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

11 + six =

Most Popular