Tuesday, July 7, 2026

ad

Homeകവര്‍സ്റ്റോറിപലസ്തീന്‍ ജീവിതത്തിന്റെ ശബ്ദങ്ങള്‍, മരണത്തിന്റെയും

പലസ്തീന്‍ ജീവിതത്തിന്റെ ശബ്ദങ്ങള്‍, മരണത്തിന്റെയും

ജി പി രാമചന്ദ്രൻ

ലസ്തീന്‍ എന്നത്, ഭൗമ അതിരുകള്‍ക്കകത്തുമാത്രം സ്ഥിതിചെയ്യുന്ന ഒരു രാഷ്ട്രമല്ല. മടങ്ങിച്ചെല്ലാന്‍ ഒരുപക്ഷേ ഒരിക്കലും കഴിയാത്തതെന്ന് ബഹുഭൂരിപക്ഷത്തിനും ഉറപ്പുള്ളതും, എന്നാല്‍ എങ്ങനെയെങ്കിലും അവിടേക്കെത്തുകയും കഴിയുമെങ്കില്‍ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യാനുള്ള, തങ്ങളുടെ ആത്യന്തിക സ്വപ്നം സാക്ഷാത്കരിക്കാനുമുള്ള എല്ലാ പലസ്തീൻകാരുടെയും വാഗ്ദത്ത ഭൂമിയുമാണ് പലസ്തീന്‍. ഇസ്രയേൽ അധിനിവേശത്താല്‍ വരിഞ്ഞുമുറുക്കപ്പെട്ട ജീവിത യാഥാര്‍ത്ഥ്യമാണ് പലസ്തീന്‍ എന്ന രാഷ്ട്രസങ്കല്പം.

പലസ്തീന്‍ വിഷയമായി ഈ വര്‍ഷം ഇറങ്ങിയ പ്രധാനപ്പെട്ട സിനിമകളാണ് ദ് വോയ്‌സ് ഓഫ് ഹിന്ദ് റജാബ് (ഖൗത്തര്‍ ബെന്‍ ഹാനിയ/ടുണീഷ്യ), ഗാസ ഡോക്ടേഴ്‌സ് അണ്ടര്‍ അറ്റാക്ക് (കരിം ഷാ/യുകെ), ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യു (ചെറിയെന്‍ ദാബിസ്/ജോര്‍ദാന്‍), പലസ്തീന്‍ 36 (ആന്‍മേരി ജാസിര്‍/പലസ്തീന്‍), പുട് യുവര്‍ സോള്‍ ഓണ്‍ യുവര്‍ ഹാൻഡ് ആൻഡ് വാക്ക്‌ (സെപ്പിഡേ‌ ഫാർസി/ഫ്രാന്‍സ്, ഇറാന്‍, പലസ്തീന്‍) എന്നിവ.

അസാധാരണമായ ഒരു സിനിമയാണ് ‘ഹിന്ദ് റജാബിന്റെ ശബ്ദം’ (ദ് വോയ്‌സ് ഓഫ് ഹിന്ദ് റജാബ്). എണ്‍പത്തിയൊമ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ സിനിമ, ഹിന്ദ് റജാബ് എന്ന ആറു വയസ്സുകാരിയുടെ ഫോണ്‍വിളികളെ ആസ്പദമാക്കി നിര്‍മിച്ചതാണ്. ഇസ്രയേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഈ കുട്ടിയുടെ യഥാര്‍ത്ഥ ഫോണ്‍വിളികള്‍ തന്നെയാണ് സിനിമയിലുള്ളത്. 2024 ജനുവരി 29ന് ഗാസയിലെ ടെല്‍ അല്‍ ഹവ എന്ന പ്രദേശത്തുനിന്ന് എല്ലാവരോടും ഒഴിഞ്ഞുപോകാന്‍ ഇസ്രയേലി സൈന്യം ആവശ്യപ്പെടുന്നു. ഹമാദ കുടുംബത്തിലെ ആറു പേര്‍ സഞ്ചരിച്ചിരുന്ന ഒരു കാറിനു നേര്‍ക്ക് സൈന്യം വെടിവെച്ചതിനെ തുടര്‍ന്ന് അതിലെ അഞ്ചുപേരും കൊല്ലപ്പെടുന്നു. ഹിന്ദ് റജാബ് മാത്രം ബാക്കിയാവുന്നു. അവള്‍ കാറിനുള്ളില്‍ കുടുങ്ങിക്കിടപ്പാണ്. കൊല്ലപ്പെട്ടവരില്‍ ലയാന്‍ എന്ന പതിനഞ്ചുകാരി ജര്‍മനിയിലുള്ള ബന്ധു വഴി പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയെ വിളിച്ച് വിവരമറിയിക്കുന്നു. അവള്‍ അപ്പോള്‍ തന്നെ മരിക്കുകയും ചെയ്യുന്നു. അഞ്ചു ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കു നടുവില്‍ ഇടയ്ക്കിടെ മുറിഞ്ഞുപോകുന്ന കണക്ഷനുള്ള ഒരു സെല്‍ഫോണുമായി ഹിന്ദ് റജാബ് ബാക്കിയാവുന്നു.

എണ്‍പത്തിരണ്ടാമത് വെനീസ് ചലച്ചിത്രമേളയില്‍ ദ് വോയ്‌സ് ഓഫ് ഹിന്ദ് റജാബിന് ഗ്രാന്റ് ജൂറി പുരസ്‌കാരം ലഭിച്ചു. ഖൗത്തര്‍ ബെന്‍ ഹാനിയ ആണ് സംവിധായിക. ഓഡിയോ ഫയലുകള്‍, നാം സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനില്‍ കാണുന്നതു പോലെ, ഒരു വലിയ ഡെസ്‌ക് ടോപ്പ് സ്‌ക്രീനിലെ സ്‌പെക്ടോഗ്രാമില്‍ കാണുന്നു. ഹൃദയമിടിപ്പുകള്‍ പോലെ, ചിലപ്പോള്‍ നേര്‍വര പിന്നീട് ഉയര്‍ന്നും താഴ്ന്നുമുള്ള ഗ്രാഫുകള്‍. ഈ ഡിജിറ്റല്‍ ദൃശ്യത്തിന് ഇത്രമാത്രം മാനുഷികത, രാഷ്ട്രീയ ചരിത്രം, അധിനിവേശം, അതിജീവനം, നിഷ്ഫലത, സൈന്യത്തിന്റെ നിഷ്ഠുരത എന്നിവയെല്ലാം പ്രതീകവത്കരിക്കാനും വിനിമയം ചെയ്യാനും സാധിക്കും എന്നാരും കരുതിയിട്ടുണ്ടാവില്ല. അതിന്റെ പിന്നണിയില്‍ നിന്നുള്ള ശബ്ദം കൊണ്ടാണത് സാധ്യമാവുന്നത്‌.

റാണ, ഒമര്‍, മഹ്ദി, നിസ്‌റീന്‍ എന്നീ റെഡ് ക്രസന്റ് പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം സംയോജിപ്പിക്കുന്നത്. അവര്‍ തമ്മില്‍ തന്നെ ചിലപ്പോള്‍ അടികൂടുകയും പൊട്ടിത്തെറിക്കുകയും ബോധരഹിതരാവുകയുമെല്ലാം ചെയ്യുന്നുണ്ട്. ഫോണില്‍ വിളിച്ച് ആ ആറു വയസ്സുകാരിയോട് സംസാരിക്കുന്നത്‌, അവളെ ജീവനോടെ നിലനിര്‍ത്തുന്നത്‌, ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നത്‌ എല്ലാം ശ്വാസമടക്കിപ്പിടിച്ചുകൊണ്ടുമാത്രമേ നമുക്കു കണ്ടനുഭവിക്കാനാവൂ.

ഹിന്ദിന്റെ മാരകമായ ദുരന്തരംഗം ദൃശ്യവത്കരിക്കുന്നതേയില്ല. അവസാനമുള്ള ചില നിശ്ചല ദൃശ്യങ്ങളില്‍ പൊടുന്നനെ അതിന്റെ ചില അംശങ്ങള്‍ കാണാനാകും എന്നല്ലാതെ മുഴുവന്‍ സമയവും റെഡ് ക്രസന്റ് ഓഫീസിന്റെ ചേംബറുകള്‍ക്കകത്താണ് സിനിമ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. വെടിയൊച്ചകളുടെ ശബ്ദങ്ങളും നമുക്ക് ഫോണിലൂടെ കേള്‍ക്കാം; എന്നാല്‍ ഹിന്ദിന്റെ ജീവിതം തിരിച്ചുകിട്ടുമോ എന്ന ഉത്കണ്ഠ മാത്രമാണ് എപ്പോഴും സിനിമയുടെ ജീവന്‍. എല്ലാമനുഷ്യരും തുടച്ചുനീക്കപ്പെട്ടാലും പലസ്തീന്‍, സിനിമകളിലൂടെയും കവിതകളിലൂടെയും നോവലുകളിലൂടെയും നിലനില്ക്കും എന്നു പറയാറുണ്ട്. ഹിന്ദ് റജാബിന്റെ ശബ്ദത്തിലൂടെയും പലസ്തീന്‍ നിലനിൽക്കും. നിങ്ങള്‍ക്കത് തുടച്ചുനീക്കാനേ ആവില്ല.

നിസ്സഹായതയെ എങ്ങനെയാണ് അഭിമുഖീകരിക്കുക എന്ന ആലോചനയില്‍ നിന്നാണ് താന്‍ ദ് വോയ്‌സ് ഓഫ് ഹിന്ദ് റജാബിലേക്കെ ത്തിയതെന്ന് സംവിധായിക ബെന്‍ ഹാനിയ പറയുന്നു. നമ്മുടെ കാലത്ത് സിനിമയെടുക്കുക എന്നതിന്റെയര്‍ത്ഥം എന്താണ്; കാരണം എല്ലാ അര്‍ത്ഥങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. വെനീസില്‍ സില്‍വര്‍ ലയണ്‍ ഏറ്റുവാങ്ങിയപ്പോൾ മേളയുടെ ചരിത്രത്തില്‍ ഏറ്റവും അധികനേരം സദസ്സ് മുഴുവന്‍ എഴുന്നേറ്റു നിന്നു കൈയടിച്ചു. ദ് മാന്‍ ഹു സോള്‍ഡ് ഹിസ് സ്‌കിന്‍, ഫോര്‍ ഡോട്ടേഴ്‌സ് എന്നീ സിനിമകളാണ് മുമ്പ് ബെന്‍ ഹാനിയ എടുത്തിട്ടുള്ളത്.

ഗാസ ഡോക്ടേഴ്‌സ് അണ്ടര്‍ അറ്റാക്ക് എന്ന അന്വേഷണാത്മക ഡോക്കുമെന്ററിയുടെ നേര്‍ക്കുയര്‍ന്ന ഭീഷണി അതിന്റെ ഉള്ളടക്കത്തിന്റെ ഗൗരവത്തെയും തീക്ഷ്ണതയെയും മറികടക്കുന്നതായിരുന്നു. ബിബിസിയാണ് ഈ സിനിമ കമ്മീഷന്‍ ചെയ്തത്. എന്നാല്‍ സിനിമ പൂര്‍ത്തിയായപ്പോള്‍ അവരതില്‍നിന്നു പിന്മാറി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിനകത്തു തന്നെ ഇത് വലിയ കോളിളക്കമുണ്ടാക്കി. എന്താണോ ഈ കോര്‍പ്പറേഷന്റെ ഉദ്ദേശ്യം അതുതന്നെ പ്രാഥമികമായി ലംഘിക്കപ്പെട്ടിരിക്കുന്നു. പിന്നീട് ചാനല്‍ ഫോര്‍, ഈ ഡോക്കുമെന്ററി ഏറ്റെടുക്കുകയും പൊതുപ്രദര്‍ശനത്തിനായി ലഭ്യമാക്കുകയും ചെയ്തു. ചാനല്‍ ഫോറിന്റെ യുട്യൂബ് ചാനലുകളിലൂടെ ഈ സിനിമ കാണാനാകും. യുകെയുടെ വിപിഎന്‍ വിലാസമുപയോഗിച്ച് ബ്രൗസറുകളെ കബളിപ്പിക്കുകയോ ടോറന്റ്, ടെലഗ്രാം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിക്കുകയോ വേണമെന്നു മാത്രം.

ഡോക്ടേഴ്‌സ് അണ്ടര്‍ അറ്റാക്ക് ഒരു ഫോറന്‍സിക് പരിശോധനയാണെന്നാണ് അതിന്റെ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് എന്ന സൈനിക സംവിധാനം ഗാസയിലെ മുപ്പത്തിയാറ് ആശുപത്രികളില്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യവസ്ഥാപിതമായ ആക്രമണമാണ് ഈ സിനിമയിലുള്ളത്. പലസ്തീന്റെ വൈദ്യശുശ്രൂഷാ സംവിധാനത്തെയും രക്ഷാപ്രവര്‍ത്തനത്തെയും സമ്പൂര്‍ണമായി തുടച്ചുമാറ്റുന്നതിനായുള്ള ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തുന്നത്. ഇതിനൊരു സ്ഥിരം രീതി തന്നെയുണ്ടെന്നാണ് ഐക്യരാഷ്ട്രസഭ പറയുന്നത്. അതിപ്രകാരമാണ്: ഓരോ ആശുപത്രിയ്ക്കു മുകളിലും ആദ്യം ബോംബിടുന്നു, തൊട്ടു പിന്നാലെ അത് ഐഡിഫ് (ഇസ്രയേലി സൈന്യം) വളയുന്നു. ടാങ്കുകളും ബുള്‍ഡോസറുകളും അവിടേക്ക് ഇരച്ചുചെല്ലുന്നു, ഡോക്ടര്‍മാരെയും നഴ്‌സുമാരടക്കമുള്ള മറ്റു മെഡിക്കല്‍ പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്യുന്നു. ഇതോടെ എല്ലാ നിലയ്ക്കും ആ ആശുപത്രി പ്രവര്‍ത്തനക്ഷമമല്ലാതാകുന്നു. സൈന്യം അടുത്ത ആശുപത്രി ലക്ഷ്യമാക്കി നീങ്ങുന്നു.

വര്‍ഷങ്ങളായി തുടരുന്ന ഈ രീതി ഇനിയും എത്രയോ വര്‍ഷങ്ങളില്‍ ആവര്‍ത്തിക്കാനിരിക്കുന്നു. ഇതില്‍ തകര്‍ക്കപ്പെടുന്ന ഒരു കെട്ടിടം വീണ്ടും കെട്ടിപ്പൊക്കാനായേക്കും. എന്നാല്‍, വര്‍ഷങ്ങളുടെ തീവ്ര പരിശീലനത്തിലൂടെയാണ് ഒരു ഡോക്ടറും നഴ്‌സും ഫാര്‍മസിസ്റ്റും ലാബ് ടെക്‌നീഷ്യനും മറ്റും പ്രവര്‍ത്തനസജ്ജനാ(യാ)കുന്നത്. ഈ വിടവ് എങ്ങനെ നികത്താനാണ്? ഗാസയെ ഛിന്നഭിന്നമാക്കുകയും പുതുക്കിപ്പണിയാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുക എന്ന മനുഷ്യത്വവിരുദ്ധ പ്രവൃത്തിയാണ് ഇസ്രയേല്‍ നിര്‍വഹിക്കുന്നത് എന്ന കാര്യമാണ് ഗാസ ഡോക്ടേഴ്‌സ് അണ്ടര്‍ അറ്റാക്ക് എന്ന സിനിമ കൃത്യമായി വെളിപ്പെടുത്തുന്നത്. അറിയപ്പെടുന്ന എല്ലാ അന്താരാഷ്ട്ര നിയമങ്ങളനുസരിച്ചും സംരക്ഷിക്കപ്പെടേണ്ടവരാണ് വൈദ്യരക്ഷാ പ്രവര്‍ത്തകര്‍ എന്നിരിക്കെയാണ് ഈ അതിക്രമം എന്നത് പ്രത്യേകം എടുത്തുപറയുന്നുണ്ട്.

ധൃതിയില്ലാതെ, സാഹസികമായി ഉത്തരങ്ങളിലെത്താതെ സമയമെടുത്ത് ചിത്രീകരിച്ച സിനിമയാണ് ഗാസ ഡോക്ടേഴ്‌സ് അണ്ടര്‍ അറ്റാക്ക്. കൃത്രിമങ്ങളൊന്നുമില്ല, എന്നാല്‍ ഭയാനകതയുടെ സമയക്രമമാണ് എല്ലാം തീരുമാനിക്കുന്നത് എന്ന് നമുക്കു മനസ്സിലാവും.

വെള്ളവും വൈദ്യുതിയും ഇല്ലാത്ത ആശുപത്രികളിലും ഓപ്പറേഷന്‍ തിയേറ്ററുകളിലും ഡോക്ടര്‍മാര്‍ അവരുടെ ജോലികള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. രോഗികളുടെ മുറിവുകള്‍ പഴുത്ത് പുഴുവരിച്ച നിലയിലാണ് പലപ്പോഴും ചികിത്സ ആരംഭിക്കുന്നത്. മെഡിക്കല്‍ പാഠപുസ്തകങ്ങളിലെ പ്രോട്ടോക്കോളുകളല്ല ഇവിടെ ബാധകമാകുന്നത്. അതാതു സമയത്തെ യുക്തിയും വിവേകവും സാമാന്യബോധവും പിന്നെ നിതാന്തമായ മനുഷ്യസ്‌നേഹവും അതിജീവനത്വരയും ആണ് ഡോക്ടര്‍മാര്‍ക്കും മറ്റും പ്രവര്‍ത്തിക്കാനുള്ള പ്രേരണ. തങ്ങളും ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന തിരിച്ചറിവ് അവരെ തങ്ങളുടെ പ്രവൃത്തിയില്‍നിന്ന് പിന്തിരിപ്പിക്കുകയല്ല, മറിച്ച്, കര്‍മനിരതരാക്കുകയാണ് ചെയ്യുന്നത്.

ഖാലിദ് ഹമൂദ എന്ന ഡോക്ടര്‍ അദ്ദേഹത്തിന്റെ അനുഭവം വിവരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ പത്തു പേരാണ് നേരിട്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബാക്കിയുള്ളവര്‍ രക്ഷതേടിയ വീട്ടിലേക്ക് നിമിഷങ്ങള്‍ക്കകം ഡ്രോണ്‍ ആക്രമണം നടക്കുകയും ചെയ്തു. ഡോക്ടര്‍ ഖാലിദിന്റെ ഭാര്യയും മകളും കൊല്ലപ്പെട്ടു. ആശുപത്രിയില്‍ രക്ഷതേടിയെത്തിയ അദ്ദേഹമടക്കം എഴുപതു ഡോക്ടര്‍മാരെ ഇസ്രയേല്‍ സൈന്യം തെരഞ്ഞുപിടിച്ചു മര്‍ദ്ദിച്ചു. ഡോക്ടര്‍ അദ്‌നാന്‍ അല്‍ ബര്‍ഷ്, തടവിലാക്കപ്പെടുകയും വിവസ്ത്രനാക്കപ്പെടുകയും നിര്‍ദ്ദയമായ ചോദ്യംചെയ്യലിന് വിധേയനാക്കപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്തു; പിന്നീട് അദ്ദേഹം അപ്രത്യക്ഷനായി. ജയിലില്‍ വെച്ച് കൊല്ലപ്പെട്ടതിനാല്‍, അദ്ദേഹത്തിന്റെ സാക്ഷ്യങ്ങള്‍ രേഖപ്പെടുത്താന്‍ ഡോക്കുമെന്ററി പ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല. അദ്‌നാന്‍ മക്കളോട് നടത്തിയ ചില ഫോണ്‍ സന്ദേശങ്ങളില്‍ തങ്ങളുടെ അമ്മയെ നന്നായി നോക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത് കേള്‍ക്കാന്‍ കഴിഞ്ഞു. ഈ കഥകളെല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുമ്പോള്‍ കടുത്ത നിരാശയാണ് കാണികള്‍ക്ക് ഉണ്ടാകുന്നത്.

ഇസ്രയേലി ഡോക്ടര്‍മാര്‍ സ്വീകരിച്ച ചില നിലപാടുകള്‍, നമ്മുടെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നതാണ്. പലസ്തീന്‍ തടവുകാരെ ശസ്ത്രക്രിയ ചെയ്യുമ്പോള്‍, അനസ്തീഷ്യ കൊടുക്കേണ്ടെന്നു തീരുമാനിക്കുകയാണ് ചില ഇസ്രയേലി ഡോക്ടര്‍മാര്‍. നിങ്ങള്‍ ക്രിമിനലുകളാണ്, അതുകൊണ്ട് കൊല്ലപ്പെട്ടാലും സാരമില്ല എന്ന് അവരോടുതന്നെ നേരില്‍ പറയുകയാണിവര്‍.

ബിബിസി ഉപേക്ഷിച്ച ഗാസ ഡോക്ടേഴ്‌സ് അണ്ടര്‍ അറ്റാക്ക് ഇപ്പോള്‍ ബാഫ്റ്റ അവാര്‍ഡ് നേടിയിരിക്കുന്നു. നാല്പത്തിയേഴായിരം കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കിയ ഇസ്രയേലി സൈന്യം പലസ്തീന്‍ ഡോക്ടര്‍മാരും മറ്റു മെഡിക്കല്‍ പ്രവര്‍ത്തകരുമായ ആയിരത്തിയെഴുനൂറ് പേരെ വധിച്ചു. നാനൂറിലധികം പേരെ തടവിലിട്ടു. അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തില്‍ അതിന്റെ പ്രവര്‍ത്തകയായ റാമിത നാവിയ ഇതെല്ലാം വിശദീകരിക്കുകയുണ്ടായി.

1948ലെ നക്ബ മുതല്‍ 2022 വരെയുള്ള കാലഘട്ടത്തിലൂടെയാണ് ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യു കടന്നുപോകുന്നത്. ഒരു പലസ്തീന്‍ കുടുംബത്തിന്റെ മൂന്നു തലമുറകളുടെ കഥയാണിത്. 1948ല്‍ ഒരാള്‍ അയാളുടെ വീട്ടില്‍ നിന്നുപുറത്താക്കപ്പെടുന്നു. ദശകങ്ങള്‍ക്കുശേഷം അയാളുടെ പേരക്കുട്ടി ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സുമായി നേരിട്ടുള്ള സംഘട്ടനത്തിലേര്‍പ്പെടുന്നു. അവന്റെ അമ്മയുടെ കണ്ണിലൂടെയാണ് കഥ വിവരിക്കപ്പെടുന്നത്. സംവിധായിക തന്നെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലോകസിനിമയില്‍ പലസ്തീന്റെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഈ സിനിമയ്ക്കു ലഭിച്ച സ്വീകരണം എന്നാണ് ചെറിയെന്‍ ദാബിസ് പറയുന്നത്.

നൂര്‍, മാലെക്ക് എന്നീ കൗമാരപ്രായക്കാര്‍ വീടുകള്‍ക്കു മുകളിലൂടെയും ഇടവഴികളിലൂടെയും ഒരാള്‍ക്കു പിന്നാലെ മറ്റേയാള്‍ ഓടുന്ന ദൃശ്യമാണ് ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യുവിന്റെ തുടക്കത്തിലുള്ളത്. അധിനിവേശ വെസ്റ്റ്ബാങ്കിലെ ഭൂപ്രകൃതി ഇതോടെ നമുക്ക് ബോധ്യമാകും. നൂറിന്റെ അമ്മയാണ് ഹനാന്‍. അവരെയാണ് സംവിധായിക ദാബിസ് അവതരിപ്പിക്കുന്നത്. 1948, 1978, 1988 എന്നീ വര്‍ഷങ്ങളിലെ സംഭവങ്ങളാണ് സിനിമയിലുള്ളത്. ജാഫയില്‍ നിന്ന് നക്ബയുടെ ഫലമായി കുടിയൊഴിപ്പിക്കപ്പെടുന്ന സലിമിന്റെ കുടുംബം അഭയാര്‍ത്ഥിക്യാമ്പിലാണ് പിന്നീട് ജീവിക്കുന്നത്. 1978ൽ സലിമിന്റെ സഹോദരി ലൈലയെ ഷെറീഫ് വിവാഹം കഴിക്കുന്നു. പ്രമുഖ പലസ്തീൻ നടന്‍ മൊഹമ്മദ് ബക്രിയാണ് ഷെറീഫ് ആയി അഭിനയിക്കുന്നത്. ഇതിനെ തുടര്‍ന്ന് ലൈല ടൊറന്റോവിലേക്ക് പോകുന്നു. അദ്ധ്യാപകനായ സലിമിന് കുടുംബത്തിലുള്ളവരുടെ ആത്മവിശ്വാസം ചോര്‍ന്നുപോകുന്നത് നോക്കിനില്‍ക്കാനേ സാധിക്കുന്നുള്ളൂ. 1988ലെ ഇന്‍തിഫാദ (ജനകീയ വിപ്ലവം)യില്‍ നൂര്‍ പങ്കെടുക്കുന്നു. പുരുഷരക്ഷാകര്‍ത്താക്കളുടെ ജീവിതവീക്ഷണങ്ങളെ അഥവാ അവരുടെ ഭയത്തെ ഉപേക്ഷിച്ച് അതിജീവിക്കുന്ന ഹനാന്‍ സംവിധായിക ദാബിസിന്റെ പ്രതിനിധാനം തന്നെയാണ്. സിനിമയുടെ സ്ത്രീവിമോചനാനുകൂല സൂക്ഷ്മരാഷ്ട്രീയം ശ്രദ്ധേയമാണ്.

സാള്‍ട്ട് ഓഫ് ദിസ് സീ, വെന്‍ ഐ സോ യു, വജീബ് എന്നീ സിനിമകള്‍ക്കു ശേഷമാണ് ആന്‍മേരി ജാസിര്‍ പലസ്തീന്‍ 36 സംവിധാനം ചെയ്യുന്നത്. ലൊക്കാര്‍ണോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച വജീബിന്, കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്കെ) ഏറ്റവും നല്ല സിനിമയ്-ക്കുള്ള സുവര്‍ണ ചകോരം ലഭിക്കുകയുണ്ടായി.

ഇസ്രയേല്‍ വടക്കേ ജില്ലയുടെ തലസ്ഥാനമാണ് നസറേത്ത്. ഇസ്രയേലിന്റെ അറബ് തലസ്ഥാനം എന്നറിയപ്പെടുന്ന നസറേത്തില്‍ കൂടുതലും പലസ്തീൻകാരാണ് താമസിക്കുന്നത്. അവിടെ ജീവിക്കുന്ന അബുഷാദി എന്ന മധ്യവയസ്കനായ അധ്യാപകന്‍ തന്റെ മകളുടെ വിവാഹക്ഷണം നടത്താനാരംഭിക്കുന്ന ദിവസത്തെ കാര്യങ്ങള്‍ മാത്രമാണ് ഈ സിനിമയിലുള്ളത്. അയാളുടെ ഭാര്യ വിവാഹമോചനം നേടി മറ്റേതോ സ്ഥലത്ത് പുതിയ പങ്കാളിയുമൊത്താണ് താമസിക്കുന്നത്. അവര്‍ മകളുടെ വിവാഹത്തിന് വരുമെന്നും വരില്ലെന്നുമുള്ള സന്ദേശങ്ങള്‍ മാറിമറിഞ്ഞ് ലഭിക്കുന്നുണ്ട്. അയാളുടെ ഏകമകനും ആര്‍ക്കിടെക്റ്റുമായ ഷാദി ഇറ്റലിയിലാണ് താമസിക്കുന്നത്. പലസ്തീന്‍ വിമോചന സംഘടന(പി എല്‍ ഒ)യുടെ മുന്‍കാല നേതാവായ ഒരാളുടെ ഒപ്പം, അദ്ദേഹത്തിന്റെ മകളെ ലിവ് ഇന്‍ മാത്ര ജീവിതപങ്കാളിയാക്കിക്കൊണ്ടാണ് ഷാദി അവിടെ കഴിയുന്നത്.

തലമുറകള്‍ തമ്മില്‍ താല്പര്യങ്ങളിലും നിലപാടുകളിലും വരുന്ന വൈജാത്യങ്ങള്‍, നിരന്തരമായ സമരവും, ചോദ്യംചെയ്യലിനും പീഡനങ്ങള്‍ക്കും വിധേയപ്പെടലും, അതിനിടയില്‍ കുടുംബത്തിനകത്തുണ്ടാകുന്ന പ്രശ്നങ്ങള്‍, അതിന്റെ പരിഹാരനിര്‍ദേശങ്ങള്‍, സാമുദായികവും സാമൂഹികവും പ്രാദേശികവുമായ അലിഖിത പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിക്കുകയും നിരാകരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന സങ്കീര്‍ണതകള്‍ എന്നിങ്ങനെ തികച്ചും ചടുലവും യാഥാര്‍ത്ഥ്യപൂര്‍ണവുമാണ് വജീബിന്റെ ഉള്‍പ്പിരിവുകള്‍.

ബെത്ലഹേമില്‍ ജനിച്ച ആന്‍മേരി ജാസിര്‍, സൗദിയില്‍ വളരുകയും ന്യൂയോര്‍ക്കില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്തു. കടലിലെ ഉപ്പ് (സാള്‍ട്ട് ഓഫ് ദ സീ/2008) എന്ന ആദ്യ ചിത്രം കാന്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. 1967ലെ ആറു ദിവസം നീണ്ടുനിന്ന യുദ്ധത്തെ ഒരു കുട്ടി നോക്കിക്കാണുന്നതെങ്ങനെ എന്നതാവിഷ്കരിക്കുന്ന ഞാന്‍ നിന്നെ കണ്ടപ്പോള്‍ (വെന്‍ ഐ സീ യു/2012) ആണ് അവരുടെ രണ്ടാമത്തെ സിനിമ. അനുഗൃഹീത നടനായ സലേ ബക്രിയാണ് ആന്‍ മേരിയുടെ മൂന്നു സിനിമകളിലെയും പ്രധാന വേഷങ്ങളിലഭിനയിക്കുന്നത്. വജീബിലാകട്ടെ, സലേ ബക്രിയുടെ യഥാര്‍ത്ഥ പിതാവ് മുഹമ്മദ് തന്നെയാണ് അബുഷാദിയായി വേഷമിടുന്നത്. പിതാവിന്റെ അസാമാന്യമായ പ്രകടനത്തെ പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയെന്നോണം, സ്വല്പം പിന്‍വാങ്ങിയതു പോലുള്ള അഭിനയമാണ് സലേ ബാക്രി വജീബില്‍ കാഴ്ചവെക്കുന്നത്. ഒരര്‍ത്ഥത്തില്‍, വജീബ് ഒരു കൊച്ചു സിനിമയാണ്. അത് പുതുതായൊന്നും വെളിപ്പെടുത്തുന്നില്ല. എന്നാല്‍, അതി സങ്കീര്‍ണമായ പലസ്തീനിയന്‍ ജീവിത യാഥാര്‍ത്ഥ്യത്തെ അമിതമായ അവകാശവാദങ്ങളുടെ എടുപ്പുകെട്ടുകളൊന്നുമില്ലാതെ അവതരിപ്പിക്കുകയും ചെയ്യുന്നു.

പലസ്തീൻകാർ അല്ലെങ്കിലെന്തിന്, അറബികള്‍ തന്നെ മുഴുവന്‍ മുസ്ലീങ്ങളല്ലെന്നും അവരില്‍ നല്ലൊരു പങ്ക് ക്രിസ്-ത്യാനികളാണെന്നുമുള്ള യാഥാര്‍ത്ഥ്യംപോലും നാം ശ്രദ്ധിക്കാറില്ല. മുസ്ലീം പേരുകളായി പൊതുവെ കരുതപ്പെടാറുള്ള പല പേരുകളും അറബ് പേരുകള്‍ മാത്രമാണെന്നും കൂടുതലും മുസ്ലീങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് അവ മുസ്ലീം പേരുകളായി അറിയപ്പെടുകയാണെന്നുമുള്ളതുംപോലെയുള്ള വസ്തുതകളെല്ലാം ഈ സിനിമ കാണുമ്പോള്‍ നമുക്കോര്‍മ വരും. അബുഷാഹിയും കുടുംബവും ക്രിസ്ത്യാനികളാണ്. അതുകൊണ്ട് അവര്‍ക്ക് പലസ്തീന്‍ രാഷ്ട്രത്തോടുള്ള കൂറ് കുറയുകയോ, പലസ്തീൻകാരെന്ന നിലയ്ക്ക് അവരോടുള്ള ഇസ്രയേലിന്റെ സമീപനത്തില്‍ കാര്‍ക്കശ്യം കുറയുകയോ ചെയ്യുന്നില്ല.

ഏതു നാട്ടിലും കണ്ടുമുട്ടാവുന്ന തരത്തിലുള്ള ഒരു പൊങ്ങച്ചക്കാരനുമാണ് അബു ഷാഹി. സത്യത്തില്‍ അയാളുടെ മകന്‍ ഷാദി ആര്‍ക്കിടെക്റ്റാണെങ്കിലും അവന്‍ മെഡിസിനാണ് പഠിക്കുന്നതെന്നാണ് ചോദിക്കാത്തിടത്തുപോലും അയാള്‍ അവനെ പരിചയപ്പെടുത്തുന്നത്. നസ്രേത്ത് യൂറോപ്യന്‍ നഗരങ്ങളെപ്പോലെ വൃത്തിയുള്ള നഗരമല്ലെന്ന ആവലാതി ഷാദി ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നതും തമാശ കലര്‍ന്ന കൗതുകത്തോടെയേ നമുക്കുള്‍ക്കൊള്ളാനാകൂ. തീക്ഷ്ണമായ രാഷ്ട്രീയ പശ്ചാത്തലത്തിനുള്ളിലുള്ള അരാഷ്ട്രീയ ചിന്താധാരകളുടെ മരവിപ്പിക്കുന്ന മടുപ്പും വജീബില്‍ നമുക്ക് കണ്ടെടുക്കാം. കാണുന്നയിടത്തൊക്കെ ഇടിക്കുകയും ഇടയ്-ക്കിടെ നിൽക്കുകയും ചെയ്യുന്ന പുരാതനമായ ഒരു വോള്‍വോ കാറാണ് അബു ഷാദിക്കുള്ളത്. അത് അയാളുടെ കുടുംബത്തിന്റെ പ്രതീകം തന്നെയാണ്. കുഴപ്പംപിടിച്ചതും എപ്പോഴും നിൽക്കുന്നതും അടി കൂടുന്നതുമെല്ലാമാണെങ്കിലും അത് ലക്ഷ്യങ്ങള്‍ താണ്ടുക തന്നെ ചെയ്യുന്നുണ്ട്. പിതാവ് ഏകോപിപ്പിക്കാന്‍ വൃഥാ ശ്രമം നടത്തുകയും മകന് അക്കാര്യത്തില്‍ യാതൊരു താല്പര്യവുമില്ലാതെയിരിക്കുകയും അമ്മ അസന്നിഹിതയായിരിക്കുകയും മകളുടെ പോക്കെങ്ങോട്ടാണെന്ന് നിശ്ചയമില്ലാതെയിരിക്കുകയും ചെയ്യുന്ന വിചിത്ര ദിശാസൂചികളിലാണ് കുടുംബം നീങ്ങുന്നതെന്നത് ഇതിനിടയിലും തെളിഞ്ഞു തെളിഞ്ഞു വരുകയും ചെയ്യുന്നു.

വിദേശത്തും സ്വദേശത്തുമുള്ള പലസ്തീനി സ്വത്വങ്ങളും സ്വത്വബോധങ്ങളും അവയുടെ സാമ്യതകളും വൈജാത്യങ്ങളും തന്നെയാണ് മറ്റൊരര്‍ത്ഥത്തില്‍ വജീബ് വിശകലനം ചെയ്യുന്നത്. വജീബ് എന്ന അറബ് വാക്കിന് കര്‍മം അഥവാ ചുമതല(ഡ്യൂട്ടി) എന്നാണ് വാച്യാര്‍ത്ഥം. എന്താണ് പലസ്തീൻ പൗരരുടെ കര്‍മമണ്ഡലം എന്ന ആത്മപരിശോധനയാണ് സംവിധായിക നടത്തുന്നത്. താനൊഴിച്ച് മറ്റുള്ളവരെ അംഗീകരിക്കുക എന്ന ചുമതല; പലസ്തീൻ പൗരരെ പലസ്തീൻകാരായി ഇസ്രയേല്‍ അംഗീകരിക്കാത്ത ഒരു ഇസ്രയേലി നഗരത്തിനകത്ത് പലസ്തീനി സ്വത്വവും സംസ്കാരവും സംരക്ഷിക്കുക എന്ന ചുമതല; എല്ലാത്തിലുമുപരി പലസ്തീന്‍ രാഷ്ട്രീയ നേതൃത്വത്തെ വിമര്‍ശിക്കുക എന്ന ചുമതല എന്നിവയെല്ലാം വജീബില്‍ നിര്‍വഹിക്കപ്പെടുന്നുണ്ട്.

പലസ്തീനിലെ നിത്യദുരിതങ്ങളുടെയും തുടര്‍ന്നുകൊണ്ടേയിരിക്കുന്ന ക്രൂരമായ അധിനിവേശത്തിന്റെയും ചരിത്രം ആരംഭിക്കുന്ന കാലത്തെ രേഖയാണ് പലസ്തീന്‍ 36. സാമ്രാജ്യത്വത്തിന്റെയും പാശ്ചാത്യ ഇടപെടല്‍ സംവിധാനങ്ങളുടെയും (ഡിസൈന്‍) മുദ്രകളും ആഘാതങ്ങളും ആണ് മൂന്നാം ലോകത്തെ രാജ്യങ്ങളും അതിര്‍ത്തികളും നിയമങ്ങളും സങ്കീര്‍ണതകളും മറ്റും മറ്റും. ആന്‍ മേരി ജാസിറിന്റെ പലസ്തീന്‍ 36 മുഴുവന്‍ അര്‍ത്ഥത്തിലും ഒരു രാഷ്ട്രീയ സിനിമയാണ്. ബ്രിട്ടന്‍ ആരംഭിച്ച അനീതിയുടെയും വിവേചനത്തിന്റെയും തിരുത്താനാവാത്ത തെറ്റിന്റെയും ആരംഭം എന്താണ് എന്ന് കൃത്യമായി പലസ്തീന്റെ പക്ഷം പിടിച്ചുകൊണ്ട് ഈ സിനിമ കാണിച്ചുതരുന്നത്.

1948ലെ നക്ബയ്ക്കു മുമ്പുതന്നെ അതിനായുള്ള നിലമൊരുക്കല്‍ ആരംഭിച്ചിരുന്നു. അതാണ് 1936ല്‍ നടന്നത്. തദ്ദേശീയരായ പലസ്തീൻകാരെ പുറന്തള്ളാനും രാജ്യഭ്രഷ്ടരാക്കാനും ഉദ്ദേശിച്ചുകൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ എല്ലാ തരത്തിലും ആരംഭിച്ച നീക്കങ്ങളാണ് ഈ സിനിമയിലുള്ളത്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ചേര്‍ന്നുകൊണ്ടിരുന്ന ജൂതവംശജരെ അവിടെ നിറയ്ക്കാനും അപ്രകാരം ഒരു സിയോണിസ്റ്റ് രാഷ്ട്രം നിര്‍മിക്കാനും ബ്രിട്ടന്‍ മുന്‍കൈയെടുത്തു. വളരെ കൃത്യതയോടെയും വ്യക്തതയോടെയും സങ്കല്‍പ്പിക്കപ്പെടുകയും എഡിറ്റ് ചെയ്യപ്പെടുകയും ചെയ്ത സിനിമയാണ് പലസ്തീന്‍ 36.

പലസ്തീൻ ജനതയ്ക്ക് സ്വന്തം രാജ്യത്തോട്, സ്വന്തം മണ്ണിനോട് വിട്ടുമാറാത്ത രീതിയില്‍ അടുപ്പവും ചേര്‍ച്ചയും പോരാട്ടവീര്യവും എന്തുകൊണ്ട് ഉണ്ടാകുന്നു എന്നു നമുക്ക് ഈ സിനിമ കണ്ടാല്‍ മനസ്സിലാകും. ഖാലിദ് എന്ന വിശ്വസ്തനായ തൊഴിലാളിയും, ഖുലൂദ് എന്ന ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച സമ്പന്ന വര്‍ഗത്തില്‍ നിന്നുള്ള പത്രപ്രവര്‍ത്തകയും, യൂസഫ് എന്ന ഗ്രാമീണനുമെല്ലാം വിപ്ലവകാരികളായി പരിണമിക്കുന്നത് എന്തുകൊണ്ട് എന്ന് കാര്യകാരണസഹിതമായും ചരിത്രപരമായും വിശദീകരിക്കപ്പെടുന്നുണ്ട്. പലസ്തീനിലെ അക്കാലത്തെ ധനികരായ ജന്മികള്‍, എടുത്ത വഞ്ചനാപരമായ നിലപാട് വിമര്‍ശിക്കപ്പെടുന്നുണ്ട്. ഇത്തരക്കാരുടെ ചതികളും ദീര്‍ഘവീക്ഷണമില്ലായ്മയും പരിഹരിക്കാനോ ഉണക്കാനോ സാധിക്കാത്ത മുറിവുകളായി പില്‍ക്കാലത്ത് മാറിത്തീരുന്നു.

രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിന്റെ മാനുഷികവും വൈകാരികവും സാംസ്‌കാരികവുമായ ആഴങ്ങള്‍ രേഖപ്പെടുത്തപ്പെടുന്ന പലസ്തീന്‍ 36, ഒരു ചരിത്ര സിനിമ എപ്രകാരമായിരിക്കണം എന്നതിന്റെ ഒരു പാഠപുസ്തകസമാനമായ ഉദാഹരണം കൂടിയാണ്. 1917ലെ ബാല്‍ഫോർ പ്രഖ്യാപനത്തോടെ തന്നെ പലസ്തീന്റെയും പലസ്-തീൻകാരുടെയും വിധി തീരുമാനിക്കപ്പെട്ടു കഴിഞ്ഞു. ഇക്കാര്യവും നമ്മെ ഓര്‍മിപ്പിക്കുന്ന സിനിമയാണ് പലസ്തീന്‍ 36.

സിറിയ എന്ന മഹത്തായ രാഷ്ട്രത്തെ പലസ്തീന്‍, ഇസ്രയേല്‍, ജോര്‍ദാന്‍, ലെബനൻ എന്നിങ്ങനെ വിവിധ രാജ്യങ്ങളായി പിരിച്ചതിന്റെ ചരിത്രവും ഇക്കാലത്തെ സംഭവങ്ങളില്‍ കൂടിക്കുഴയുന്നു എന്ന് പലസ്തീന്‍ 36ല്‍ മുഖ്യവേഷത്തിലഭിനയിച്ച ജലാല്‍ അല്‍ത്താവില്‍ എന്ന സിറിയന്‍ അഭിനേതാവ് പറയുകയുണ്ടായി. കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവിനിടെ പലസ്തീനില്‍ തന്നെ ചിത്രീകരിച്ച ഏക സിനിമയുമാണ് പലസ്തീന്‍ 36.

നിന്റെ ആത്മാവിനെ കയ്യിലെടുത്തു നടക്കുക(Put Your Soul On Your Hand and Walk) എന്ന കാവ്യാത്മകമായ ശീർഷകമുള്ള സിനിമ, ഗാസയിലെ ഒരു യുവതിയുടെ ജീവിതമാണ് ഡോക്കുമെന്റ് ചെയ്യുന്നത്. സെപ്പിഡേ‌ ഫാർസി എന്ന സംവിധായിക ഇറാൻകാരിയാണെങ്കിലും ഇപ്പോൾ പാരീസിലാണ് താമസം. അവർക്ക് രാഷ്ട്രീയ കാരണങ്ങളാൽ മാതൃരാജ്യത്തേയ്ക്ക് വരാനാവില്ല. കുറേക്കാലം അവിടെ ജയിൽവാസം അനുഷ്ഠിച്ചിട്ടുള്ള സെപ്പിഡേ, ഗാസയിൽ ഇസ്രയേൽ നടത്തുന്ന അധിനിവേശയുദ്ധകാലത്ത് അവിടേയ്ക്ക് പോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കെയ്-റോവിൽ എത്തിയ അവരെ റഫ അതിർത്തി കടക്കാൻ സൈന്യം അനുവദിച്ചില്ല. ഫത്മ എന്ന ഗാസ സ്വദേശിയുമായി ഇതിനിടയിൽ സെപ്പിഡേ ഗാഢസൗഹൃദത്തിലാവുന്നു. ഇരുപത്തിരണ്ടുകാരിയായ ഫത്മ നാളിതുവരെയും ഗാസയിൽ നിന്ന് പുറത്തേയ്ക്ക് പോയിട്ടില്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലും പല അഭയാർത്ഥി ക്യാമ്പുകളിലുമായി മാറിമാറി താമസിക്കുന്ന ഫത്മയുമായി 2023 ഒക്ടോബറിനു ശേഷം 2025 ഏപ്രിൽ വരെ പലതവണ സംവിധായിക നടത്തുന്ന വീഡിയോ കോളുകളാണ് സിനിമയിൽ പ്രധാനമായും ഉള്ളത്. നെറ്റ്‌വർക്ക് ദുർബലമായതിനാൽ പല കോളുകളും ഇടയ്ക്കിടെ മുറിഞ്ഞുപോകും, മിക്കപ്പോഴും ഫത്മ സംസാരിക്കുന്നതും വ്യക്തമാകില്ല. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ അവയുടെ മുറിവുകൾകൊണ്ടുതന്നെകാലത്തെ അടയാളപ്പെടുത്തുന്നു.

ഫത്മ ഗാസയിലെ ദൃശ്യങ്ങൾ ഫോട്ടോയിൽ പകർത്തിക്കൊണ്ടിരുന്നു. സംവിധായിക സെപ്പിഡേ ഫാർസിയുമായി വീഡിയോ കോൾ ചെയ്യുമ്പോഴുള്ള ഊർജ്ജവും പ്രസരിപ്പും ശ്രദ്ധേയമാണ്. ഇസ്രയേൽ ബോംബിങ്ങിൽ അവളും കുടുംബവും മരിച്ചു. കാൻ മേളയിൽ സെലക്ഷൻ കിട്ടിക്കഴിഞ്ഞാണ് അവളുടെ മരണം.
ജീവിതത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയില്‍; ചരിത്രത്തിനും നുണപ്രചാരണത്തിനുമിടയില്‍, വര്‍ത്തമാനത്തിനും ഭാവിക്കുമിടയില്‍; അധികാരത്തിനും വിമോചനത്തിനുമിടയില്‍, വിശ്വാസത്തിനും വിപ്ലവത്തിനുമിടയില്‍, ശബ്ദങ്ങള്‍ക്കും മൗനങ്ങള്‍ക്കുമിടയില്‍, ദൃശ്യതയ്ക്കും അദൃശ്യതയ്ക്കുമിടയില്‍, എന്നിങ്ങനെ നിരവധി മാനുഷ്യാവസ്ഥകളുടെ സങ്കീര്‍ണതകളാണ് പലസ്തീന്‍ എന്ന കാര്യം മറ്റനവധി പലസ്തീന്‍ സിനിമകളെന്നതുപോലെ ഈ അഞ്ചു സിനിമകളും നമുക്കു വിശദീകരിച്ചുതരുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − 8 =

Most Popular