Tuesday, July 7, 2026

ad

വർണ്ണങ്ങൾ

ലിയാന ബദർ (മലയാള പരിഭാഷ: ഡോ. എൻ. ഷംനാദ്)

പലസ്തീൻ അറബി ചെറുകഥ
മ്മയുടെ വിരലുകളിലെ പെയിന്റ് ബ്രഷിൽ നിന്നൊഴുകുന്ന വർണങ്ങൾ അവളെ എന്നും അമ്പരപ്പിച്ചിരുന്നു. ആ ചെറിയ കാർഷിക ഗ്രാമത്തിലെ ഡോക്ടറുടെ ഭാര്യ ഓരോ പ്രഭാതത്തിലും ഉറക്കമുണരും; ഈന്തപ്പനയുടെയും ഓറഞ്ചിന്റെയും പൂമ്പൊടിയേറ്റ് വീർത്ത കൺപോളകളിൽ നിന്ന് ഉറക്കം കുടഞ്ഞെറിയും; അത്തരം സൂക്ഷ്മമായ തരികൾ ഉണ്ടാക്കുന്ന അലർജി അവരെ എന്നും അലോസരപ്പെടുത്തിയിരുന്നു. ആകാശം ഇരുളിന്റെ മൂടുപടം അണിഞ്ഞുനിൽക്കുമ്പോൾതന്നെ ഉറക്കംവിട്ടെഴുന്നേൽക്കും, പിന്നീട്, രാവിലത്തെ കാപ്പിപോലുമില്ലാതെ, ഉറങ്ങിക്കിടക്കുന്ന കുടുംബത്തെ ഒന്നു നോക്കുകപോലും ചെയ്യാതെ, രോഗികൾ കാത്തിരിക്കുന്ന മുറിയുടെ മൂലയിൽ വച്ചിരിക്കുന്ന ചിത്രം വരയ്ക്കുന്ന ക്യാൻവാസ് സ്റ്റാൻഡിനരികിലേക്ക് നടക്കും. പാറക്കെട്ടുകൾ നിറഞ്ഞ, റോസ് നിറമുള്ള പർവതങ്ങളുടെ ദൃശ്യമുള്ള ആ ജനാലയ്ക്കരികിൽ അവർ ചെന്ന് നിൽക്കും; എന്നിട്ട് വലിഞ്ഞുകിടക്കുന്ന ക്യാൻവാസിലേക്ക് ആ ദൃശ്യത്തിന്റെ സൂക്ഷ്മാംശങ്ങൾ വരയ്ക്കാൻ തുടങ്ങും. തന്റെ ജീവൻ വൈകാതെ അപഹരിക്കാൻ പോകുന്ന ആ മാരകരോഗത്തെക്കുറിച്ച് അറിയാവുന്നവർക്കുമാത്രം മനസ്സിലാകുന്ന അപാരമായ ക്ഷമയോടെയായിരിക്കും അവർ ചിത്രംവരയ്ക്കുക.

അമ്മയുടെ വർണങ്ങൾകണ്ട് ആ കുട്ടി വിസ്മയിച്ചുപോയി. അവ ക്യാൻവാസിലൂടെ പടർന്ന് പതുക്കെപ്പതുക്കെ രൂപംപ്രാപിക്കുന്നത് നോക്കി അത്ഭുതപ്പെട്ടു. അങ്ങനെ ഒടുവിൽ പർവ്വതത്തിന്റെ മടിത്തട്ടിൽ ഒരു ഗ്രാമം രൂപംകൊണ്ടു, മണ്ണും ഇഷ്ടികയുംകൊണ്ടുള്ള വീടുകളും ഓടുമേഞ്ഞ മേൽക്കൂരകളും മരംകൊണ്ടുള്ള തറകളുമുള്ള, പൂന്തോട്ടങ്ങളാലും ഫലവൃക്ഷങ്ങളാലും ചുറ്റപ്പെട്ട ഒരു ഗ്രാമം; കാറ്റിലുലയുന്ന പച്ചപ്പണിഞ്ഞ ഭൂമി, അതിലൂടെ ഒഴുകുന്ന നീർച്ചാലുകൾ, സസ്യങ്ങളുടെയും കാട്ടുപുതിനയുടെയും ഗന്ധം നിറഞ്ഞ ഒരു നാട്. സ്കൂളിൽ പോകാൻ തയ്യാറെടുക്കുമ്പോഴും, ഇഷ്ടമില്ലാതെ രാവിലത്തെ പാൽ കുടിക്കുമ്പോഴും അവൾ അത്ഭുതപ്പെട്ടു; കാഴ്ചകൾക്ക് തടസ്സമായി ജനാലയ്ക്കുകുറുകെ അഴികൾ ഉണ്ടായിരുന്നിട്ടും, അമ്മയ്ക്ക് എങ്ങനെയാണ് ആ ഗ്രാമത്തെ തന്റെ ചിത്രത്തിൽ ഇത്ര ജീവസ്സുറ്റതാക്കാൻ കഴിയുന്നതെന്ന്.

സൂര്യനുദിച്ചുയർന്ന് ക്ലിനിക്കിലെ ആദ്യത്തെ രോഗികളുടെ വരവ് അറിയിക്കുമ്പോൾ, അമ്മയുടെ കൈകളുടെ മെല്ലെയുള്ള ചലനം പതറാൻ തുടങ്ങും, ഒടുവിൽ അവർ പിന്മാറും. ക്യാൻവാസും പെയിന്റ് ട്യൂബുകളും ടർപ്പന്റൈനിൽ മുക്കിയ ബ്രഷുകളുമായി മടങ്ങും. മുറ്റത്ത് സ്വന്തം ഭാരം താങ്ങാനാവാതെ വളഞ്ഞുനിൽക്കുന്ന റബ്ബർ മരവും കയറാൻ രണ്ട് ഗോവണികൾ വേണ്ടിവരുന്ന, ഇലകൾ കാറ്റിലുലയുന്ന ഈന്തപ്പനകളും, അടുത്തുള്ള പള്ളിമുറ്റത്തെ അംഗശുദ്ധി വരുത്തുന്ന കുളത്തിൽ ചിലയ്ക്കുന്ന പക്ഷികളുമെല്ലാം ആ ക്യാൻവാസിൽ അവശേഷിക്കും.

മകൾ പുസ്തകസഞ്ചിയുമെടുത്ത് സ്കൂളിലേക്ക് പോകും. വഴിനീളെ അവൾ അമ്മയെക്കുറിച്ചോർത്ത് അതിശയം കൂറും. ക്ലാസ്സിൽ വച്ച്, ഒരു വഴുതനങ്ങ വരയ്ക്കാൻ ടീച്ചർ ആവശ്യപ്പെട്ടപ്പോൾ, അവളുടെ വിരലുകൾ പതറാൻ തുടങ്ങി. കാരണം, കടലാസ്സിൽ ഒരു കറുത്ത കരിക്കട്ട വൃത്തമായി മാറുന്ന, പച്ച തൊപ്പിയും പർപ്പിൾ-കറുപ്പ് നിറവുമുള്ള ആ തടിച്ച രൂപം അവൾക്ക് തീരെ ഇഷ്ടമായിരുന്നില്ല. എന്നിട്ടും അമ്മയുടെ ചിത്രത്തോടുള്ള ആകർഷണം വളർന്നുകൊണ്ടേയിരുന്നു, പുറത്തുള്ള ‘മൗണ്ട് ഓഫ് ടെംപ്റ്റേഷൻ’ പർവ്വതത്തിന്റെ പാറക്കെട്ടുകൾ നിറഞ്ഞ മുഖത്ത് കാണുന്നതുപോലെ, പർപ്പിൾ നിറത്തിന്റെ ഒരു വകഭേദം മറ്റൊന്നിലേക്ക് പടിപടിയായി ഒഴുകിയിറങ്ങുന്ന ആ ചിത്രം. ആ ഗുഹകളിലാണ് പിശാച് നാൽപ്പത് പകലിരവുകൾ ചെലവഴിച്ച് യേശുദേവനെ പരീക്ഷിച്ചത്; പരാജയപ്പെട്ടപ്പോൾ അവൻ താഴെയുള്ള സമതലങ്ങളിലേക്ക് വീഴുകയും ഉപ്പുതരിയായി മാറുകയും ചെയ്തുവത്രേ. ഒരുപക്ഷേ അമ്മ തന്റെ ജെറിക്കോയുടെ ചിത്രം പൂർത്തിയാക്കിയത് നാൽപ്പത് ദിവസങ്ങൾ കൊണ്ടായിരിക്കാം, അല്ലെങ്കിൽ അതിൽ കൂടുതലോ കുറവോ സമയമെടുത്താകാം. എനിക്കതെത്രയാണെന്നു ശരിക്കും അറിയില്ല.

1967ലെ ആറുദിനയുദ്ധകാലം. ആ ചെറിയ കാർഷിക ഗ്രാമത്തിലെ ഡോക്ടറുടെ ഭാര്യയായ എന്റെ അമ്മ അപ്പോഴേക്കും യാത്രയായിരുന്നു. ജോർദാൻനദിയുടെ കിഴക്കേകരയിലേക്കുള്ള പാലം കടക്കാൻ യാത്രക്കാരുടെ ഭാരവും വഹിച്ചുപോകുന്ന ആ ചെറിയ കാറിൽ ഞെരുങ്ങിക്കയറാൻ അവരിപ്പോൾ ജീവനോടെയില്ല. ആ പ്രതിസന്ധിഘട്ടത്തിൽ തന്റെ സേവനങ്ങൾ നൽകാനുള്ള വ്യഗ്രതയിൽ ആശുപത്രിയിലേക്ക് ഓടിയെത്തിയ ഡോക്ടർക്ക് പക്ഷേ, ശൂന്യമായ കിടക്കകളും ഉപേക്ഷിക്കപ്പെട്ട ഇടനാഴികളും കണ്ട് നിരാശനായി മടങ്ങേണ്ടിവന്നു; ആംബുലൻസിന്റെ ഡ്രൈവർ പോലും സ്വന്തം കുടുംബവുമായി വാഹനത്തിൽ കയറി സ്ഥലംവിട്ടിരുന്നു.

സ്വയരക്ഷയ്ക്ക് എന്തെങ്കിലും ആയുധം കിട്ടുമോയെന്നറിയാനായി പൊലീസ് സ്റ്റേഷനിലെത്തിയ ഡോക്ടർ കണ്ടത് ആളൊഴിഞ്ഞ തടവറയും വാതിലിനരികിൽ കൂട്ടിയിട്ടിരിക്കുന്ന വിലങ്ങുകളുമായിരുന്നു. യുദ്ധമുഖത്തുനിന്ന് അതിവേഗം പിന്മാറുന്ന ടാങ്കുകളുടെ ഒരു നിരയ്ക്ക് കൈകാണിക്കാൻ ശ്രമിച്ച അദ്ദേഹത്തിന് ജീവൻതന്നെ നഷ്ടപ്പെടേണ്ടതായിരുന്നു. അങ്ങനെ ഒടുവിൽ, തന്റെ സുഹൃത്ത് പ്രവചിച്ച ദുരന്തത്തിന്റെ സത്യം അദ്ദേഹം അംഗീകരിച്ചു; കുട്ടികളെയും ചില അയൽക്കാരെയും ആ ചെറിയ ചാരനിറത്തിലുള്ള കാറിൽ കയറ്റി, പാലവും കിഴക്കേകരയും ലക്ഷ്യമാക്കി അദ്ദേഹം യാത്രതിരിച്ചു.

ചെറിയ പാലങ്ങൾ. രാസായുധമായ നാപ്പാം പ്രയോഗിച്ചപ്പോഴുണ്ടായ ഉരുകിയ ടാറിന്റേതുപോലെയുള്ള കരിഞ്ഞ ഗന്ധം. ജെറിക്കോയ്ക്ക് ചുറ്റുമുള്ള ക്യാമ്പുകളിൽ നിന്നു പലായനം ചെയ്യുന്ന ലക്ഷക്കണക്കിന് അഭയാർഥികളെ വേട്ടയാടുന്ന ഇരുണ്ട ലോഹവിമാനങ്ങൾ. റോഡരികിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ സുരക്ഷ തേടി ഓടുന്നവരുടെ നിസ്സഹായമായ കാൽപ്പാദങ്ങൾക്കടിയിൽ ഞെരിഞ്ഞമരുന്നു. പിടിക്കപ്പെടുന്നവരോട് അധിനിവേശകർ എന്തുചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നതോടെ ഒരുതരം ഭ്രാന്തമായ ഭീതിയായിരുന്നു ഏവരുടെയും ഉള്ളിൽ.

നാപ്പാം. അതിന്റെ ഗന്ധം നിങ്ങൾക്ക് സങ്കൽപ്പിക്കാനേ കഴിയില്ല.

തിളയ്ക്കുന്ന ടാർ, മനുഷ്യരുടെ മുഖങ്ങളിലും അവയവങ്ങളിലും കുമിളകളുണ്ടാക്കുന്നു, ചർമ്മം കറുത്തിരുണ്ടു.

അവിടെ… ഇവിടെ…. ഇവിടെ…. അല്ലെങ്കിൽ അവിടെ…. ഇനി ഇവിടെയോ അവിടെയോ എന്നതിനൊന്നും ഒരു പ്രസക്തിയുമില്ല.

‘ഈ മണ്ണിലേക്ക് മടങ്ങിവരാൻ ആരെയും അനുവദിക്കില്ല…. വളരെ ലളിതം…’, അതാണ് അധിനിവേശകർ പറഞ്ഞത്.

അങ്ങനെ ഒരു വർഷം കഴിഞ്ഞു… രണ്ടു വർഷം… പത്തു വർഷം….

തുടർന്നുള്ള വർഷങ്ങളിൽ ആ പെൺകുട്ടി തലചുറ്റുവോളം അലഞ്ഞുനടന്നു; ആ വിദൂര രാജ്യങ്ങളിലൊന്നും സ്വന്തം നാട്ടിലേതു പോലൊരു മരമോ ആകാശമോ കണ്ടില്ല. ദിവസങ്ങൾനീണ്ട അലച്ചിലിനൊടുവിൽ ഒരു അമ്പരപ്പിക്കുന്ന നഗരത്തിലെത്തി, അംബരചുംബികളായ കെട്ടിടങ്ങളും മിനുക്കിയ ചില്ലുകളും വിശാലമായ പാതകളുമുള്ള ഒരു നഗരം. അതിന്റെ പേര് ബെയ്റൂത്ത് എന്നായിരുന്നു.

ബെയ്റൂത്തിൽ അവൾ ടർക്കോയ്സ് രത്നത്തിന്റെ നിറമുള്ള കടലിനെ അടുത്തറിഞ്ഞു, അതിന്റെ വ്യത്യസ്ത ഭാവങ്ങളെ പഠിക്കാനും ഓർമയിൽ പതിപ്പിക്കാനും ആത്മാർത്ഥമായി ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷേ ശാന്തമായ നേരങ്ങളിൽപോലും അത് അങ്ങേയറ്റം ദുഷ്കരമായിരുന്നു. അപ്പോൾ പിന്നെ മിന്നുന്ന സ്ഫോടനങ്ങളാൽ രാത്രികൾ പ്രകാശിക്കുകയും മതിലുകളിലും ഇടവഴികളിലും ഷെല്ലുകൾ വന്നു പതിക്കുന്ന ശബ്ദം പകൽ മുഴുവൻ പ്രതിധ്വനിക്കുകയും ചെയ്യുമ്പോഴുള്ള കാര്യം പറയേണ്ടതില്ലല്ലോ?.

പുതുവത്സരത്തലേന്നുപോലും തീതുപ്പുന്ന ഷെല്ലുകൾ മഴപോലെ പെയ്തിറങ്ങി, പുതുവർഷത്തെ വരവേൽക്കാൻ സായുധസംഘങ്ങൾ വിക്ഷേപിച്ച മോർട്ടാറുകൾ ആകാശത്ത് ചിതറിത്തെറിച്ചു. തീരത്തിനുമുകളിൽ മൂടൽമഞ്ഞായി തങ്ങിനിൽക്കുന്ന കടലിന്റെ ഗന്ധം ശ്വസിക്കുക മാത്രമായിരുന്നു അവളുടെ ഏകരക്ഷാമാർഗം; അല്ലെങ്കിൽ ഒരിക്കൽ ജാഫയിലേക്കും ഹൈഫയിലേക്കും ട്രെയിനുകൾ ഓടിയിരുന്ന റെയിൽവേ ട്രാക്കുകളിലെ കല്ലുകളുടെ ഗന്ധം മണത്തറിയുക. അവിടെ റൂക് പക്ഷിയുടെ മുട്ടകൾ, പീരങ്കി ഷെല്ലുകൾ, ദിനോസറിന്റെ കണ്ണുകൾ, അതുമല്ലെങ്കിൽ അത്യാധുനിക ശിൽപങ്ങൾ എന്നിങ്ങനെയുള്ള ആകൃതികളിലുള്ള കല്ലുകളാണ് ഉണ്ടായിരുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പ് പ്രകൃതി രൂപപ്പെടുത്തിയവ.

ഒരു ദിവസം ഗ്രീൻ ലൈനിനടുത്തുള്ള മാഗസിൻ ആർക്കൈവ്സിലെ ജോലി കഴിഞ്ഞ് അവൾ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇസ്രയേലി അധിനിവേശ പ്രദേശത്ത് താമസിക്കുന്ന ഒരു കസിൻ കാണാനെത്തിയത്. ഷെല്ലാക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാനായി കെട്ടിടങ്ങളുടെ കവാടങ്ങളിലേക്ക് നിരന്തരം ഓടിക്കയറി ആകെ തളർന്നിരുന്ന കാലമായിരുന്നു അത്. അവൻ അടുക്കളയിൽ കയറി പുതിയ പച്ച ഫാവാ ബീൻസ് ഉപയോഗിച്ച് ഒരു വിഭവമുണ്ടാക്കി. ‘‘നിനക്കിത് ഓർമ്മയുണ്ടോ?’’, അവൻ ചോദിച്ചു. ‘‘ഇത്രയും കാലം ഞാനിത് മറന്നിരിക്കുകയായിരുന്നു’’, ആവി പറക്കുന്ന ആ വിഭവത്തിലേക്കു നോക്കിക്കൊണ്ട് അവൾ പറഞ്ഞു. പേരിനെന്തെങ്കിലും ലഘുഭക്ഷണമോ സാൻവിച്ചോ കൊണ്ട് തൃപ്തിപ്പെടുന്ന ഈ തിരക്കേറിയ നഗരത്തിൽ, വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി താൻ എങ്ങനെ മറന്നുപോയെന്ന് അവളപ്പോഴാണ് തിരിച്ചറിഞ്ഞത്.

‘‘ഇനി വരുമ്പോൾ ഞാൻ നിനക്ക് എന്തു സമ്മാനമാണ് കൊണ്ടുവരേണ്ടത്?’’ അവൻ ചോദിച്ചു. അവൾ ബെയ്റൂത്തിൽ എത്തിയതിൽപിന്നെ ആരും അങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടേയില്ല. ഒരാൾക്ക് ഇഷ്ടമുള്ള സമ്മാനം തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന ഈ പതിവ് നാട്ടിലെ ബന്ധുക്കളുടെ രീതിയാണ്. ഏറെനേരം ചിന്തിച്ചു, എന്നിട്ട് പറഞ്ഞു:

‘‘എനിക്കൊരു പക്ഷിയെ മതി, സ്വർണമഞ്ഞ നിറമുള്ള ഒരു കാനറി പക്ഷി’’.

രാത്രി മുഴുവൻ നീളുന്ന ഷെല്ലാക്രമണങ്ങൾക്കുശേഷം ഉത്കണ്ഠയോടെയും ഉറക്കമില്ലാതെയും കിടക്കുമ്പോൾ, പുലർച്ചെ പക്ഷികൾ ചിലയ്ക്കുന്നത് കേൾക്കാൻ അവൾ ശീലിച്ചിരുന്നു; അവയുടെ പ്രഭാതഗീതം കേൾക്കുമ്പോൾ മാത്രമാണ് ഒടുവിലവൾക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നത്. അത്തരം സമയങ്ങളിൽ ആ നഗരം അവൾക്ക് ജെറിക്കോയിലെ സ്വന്തം വീടിനടുത്തുള്ള വലിയ ഓക്കുമരം പോലെ തോന്നും. എല്ലാം ശാന്തമാകുന്നതുവരെ അവിടെ പക്ഷികളുണ്ടെന്ന് നിങ്ങൾ അറിയുകയേയില്ല, എന്നാൽ അവിടം പക്ഷികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാവും. പ്രഭാതത്തിന്റെ ആദ്യ കിരണങ്ങൾ വീഴുമ്പോൾ മാത്രമാണ് ബെയ്റൂത്ത് അത്തരത്തിൽ ശാന്തമായിരുന്നത്.

അമ്മ വരച്ച ജെറിക്കോയുടെ ചിത്രം അയച്ചുതരാമെന്ന് വാഗ്ദാനം ചെയ്താണ് കസിൻ മടങ്ങിയത്. എല്ലാ ദിവസവും അതിരാവിലെ കാനറിയുടെ പാട്ട് ആ വീടാകെ നിറയും, വെള്ളിവെളിച്ചത്തിന്റെ ആദ്യ കിരണങ്ങളുമായി അത് ഇഴചേരും, സൂര്യപ്രകാശം സ്വർണ ലില്ലിപ്പൂക്കൾ ആലേഖനം ചെയ്ത കമ്പളങ്ങളായി മാറുന്നതുവരെ.

താമസിയാതെ കാനറി പക്ഷിക്കും ഒരു ഇണവേണമെന്നായി.അതോടെ ഓറഞ്ച് തൂവലുകളുള്ള ഒരു പെൺപക്ഷിയെക്കൂടി കൊണ്ടുവന്നു, അത് ഉടൻതന്നെ അഞ്ച് മുട്ടകൾക്ക് അടയിരിക്കാൻ തുടങ്ങി.

പിന്നെ നാലു മുട്ടകൾക്ക് …. പിന്നെ അഞ്ച്…. പിന്നെ വീണ്ടും ആദ്യം മുതൽ! പക്ഷേ ആ മുട്ടകളൊന്നുംതന്നെ വിരിഞ്ഞതേയില്ല!

ഇതിനെക്കുറിച്ചന്വേഷിച്ചപ്പോൾ അവളോട് ആളുകൾ പറഞ്ഞത് ആ വർഷം, 1981-ലെ വസന്തകാലത്ത്, നിരന്തരവും രൂക്ഷവുമായ ഷെല്ലാക്രമണങ്ങൾ കാരണം നൂറുകണക്കിന് കാനറി പക്ഷികൾക്ക് ബെയ്റൂത്തിൽ പ്രജനനം നടത്താനേ കഴിഞ്ഞില്ല എന്നാണ്.

അതവളെ ശരിക്കും അത്ഭുതപ്പെടുത്തി. യുദ്ധത്തിന്റെ ശബ്ദങ്ങൾ അപ്പോഴേക്കും വെറും പശ്ചാത്തലശബ്ദമായി മാറിക്കഴിഞ്ഞിരുന്നു, ആ സ്ഥലത്തിന്റെതന്നെ ഭാഗമായി മാറിയിരിക്കുകയാണ് യുദ്ധത്തിന്റെ ശബ്ദങ്ങൾ. തങ്ങൾ നിൽക്കുന്ന തെരുവിൽ വന്ന് വീണില്ലെങ്കിൽ, അതേത് തരം ഷെല്ലാണ്, എത്ര വലുതാണ്, എന്തു നിറമാണ് എന്നൊന്നും ആരും ചോദിക്കാറില്ലായിരുന്നു. പരസ്പരം വീടുകളിൽ സന്ദർശിക്കുന്നതിനു പകരം, തെരുവുകളിലെ യാദൃച്ഛികമായ കണ്ടുമുട്ടലുകൾതന്നെ സന്തോഷകരമായ സംഭവങ്ങളായി കരുതി ജീവിക്കുന്ന മനുഷ്യർക്ക് തങ്ങളുടെ ജീവിതത്തേക്കാൾ, ബോംബുകൾക്ക് അവയുടേതായ മികച്ച ജീവിതമുണ്ടെന്നുപോലും തോന്നിയിരുന്നു. മഴയ്ക്കുശേഷം കൂൺ മുളയ്ക്കുന്നതുപോലെ കുഴിബോംബുകൾ വെച്ച കാറുകൾ പൊട്ടിമുളച്ച ആ വർഷത്തിൽ പാർട്ടികളും സന്ദർശനങ്ങളും പോലെയുള്ള കാര്യങ്ങൾക്ക് ഒരു ഇടവുമുണ്ടായിരുന്നില്ല.

ആളുകളുടെ തലയിലേക്ക് തകർന്നുവീഴുന്ന ഓഫീസ് കെട്ടിടങ്ങളും അപ്പാർട്ടുമെന്റുകളും വീടുകളും നിറഞ്ഞ, ഒരിക്കലും അവസാനിക്കാത്ത പേക്കിനാവുകൾ മാത്രമാണ് അവിടെയാകെ അവശേഷിച്ചത്. ഫുട്പാത്തിലൂടെ സൈക്കിൾ ചവിട്ടാനോ, മധുരപലഹാരങ്ങൾക്കായി അരികത്തുള്ള കടയിലേക്ക് നടന്നുപോകാനോ തന്റെ കെട്ടിടത്തിലെ കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിയാതായപ്പോൾ, അവൾ കാനറി പക്ഷികളെക്കുറിച്ച് ചിന്തിച്ചു. ഒരുപക്ഷേ മുട്ട വിരിയുന്നതുതന്നെ ഒരു വിനോദമായിരിക്കാം.

കിഴക്ക് ദിക്കിൽ നിന്നുള്ള വിവേചനരഹിതമായ ഷെല്ലാക്രമണ സമയത്ത് കോണിപ്പടിയിൽ ഒത്തുകൂടിയപ്പോൾ അവൾ അയൽക്കാരുമായി ഇക്കാര്യം ചർച്ച ചെയ്തു. തുടർന്ന് പെൺകാനറിയെ അടുത്തുള്ള കെട്ടിടത്തിൽ പ്രാവുകളെ വളർത്തുന്ന ഒരാളുടെ വീട്ടിലേക്ക് അയച്ചു. അയാൾ പക്ഷികളെക്കുറിച്ച് നല്ല അറിവുള്ള ആളായിരുന്നു, അയാൾ അതിനെ ഇണചേർത്തതിന് മികച്ച ഫലമുണ്ടായി.

വിരിയാൻ തുടങ്ങിയ പുതിയ മുട്ടകളുമായി കാനറി കുടുംബം മടങ്ങിവരുന്നതിനു മുമ്പ്, പതിനഞ്ച് വർഷമായി അവൾ കണ്ടിട്ടില്ലാത്ത ആ പെയിന്റിങ്ങുമായി പലസ്തീനിൽനിന്ന് മറ്റൊരു ബന്ധുവെത്തി. ജെറിക്കോയുടെ ആകാശത്ത് പക്ഷികൾ പറന്നുയരുന്ന ചിത്രം, റോഡരികിലൂടെ പടർന്നുകയറുന്ന മുന്തിരിവള്ളികൾ, അലസമായ വിശറിപോലെ ഉലയുന്ന ചോളത്തണ്ടുകൾക്കിടയിലൂടെയും മരങ്ങൾക്കടിയിലൂടെയും മാർച്ചുചെയ്യുന്ന ഉറുമ്പുകളുടെ പട. കാറ്റിന്റെ രുചിയുമായും പൂന്തോട്ടങ്ങളിലേക്ക് ഒഴുകിയെത്തുന്ന ഭൂഗർഭജലത്തിന്റെ ഗന്ധവുമായും ഇടകലർന്ന് ആടിയുലയുന്ന മരച്ചില്ലകൾ.

എല്ലാ ദിവസവും രാവിലെ തന്റെ ദൈനംദിന കാര്യങ്ങളിലേക്ക് കടക്കുന്നതിനു മുൻപുതന്നെ അവൾ ആ ചിത്രത്തിലേക്ക് നോക്കും. ഒരിക്കലും അവസാനിക്കാത്ത വൈദ്യുതിമുടക്കങ്ങൾ സമ്മാനിക്കുന്ന പേക്കിനാവുകളിൽനിന്ന് തന്നെത്തന്നെ പറിച്ചെടുക്കാൻ അതവളെ സഹായിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മോക്ക് റെയ്ഡുകൾ നടത്തുന്ന യുദ്ധവിമാനങ്ങളുടെ മൂളലുകൾക്ക് കാതോർത്ത്, ഷെല്ലാക്രമണത്തിന്റെ വിദൂരമായ പ്രതിധ്വനികൾക്ക് ചെവികൊടുക്കും. പച്ചക്കറികൾ വിൽക്കുന്ന തെരുവ് കച്ചവടക്കാരുടെ പാട്ടുപോലെയുള്ള വിളികൾ അവളുടെ ബാൽക്കണിയിലേക്ക് ഒഴുകിയെത്തും, തോക്കുകളിൽ പുരട്ടുന്ന ഓയിലിന്റെ ഗന്ധവുമായും, നഗരത്തിലെ തൊഴിലാളികൾ പണിമുടക്ക് തുടരുന്നതിനാൽ അവരുടെ അഭാവത്താൽ നിരന്തരം കുന്നുകൂടുന്ന മാലിന്യത്തിന്റെ ദുർഗന്ധവുമായും അത് കൂടിക്കലരും.

തുടർന്ന് അവളുടെ ശരീരം പ്രകാശത്തിന്റെ ചെറിയ ബിന്ദുക്കളായി ചുരുങ്ങുന്നതുപോലെ തോന്നും, ആ പെയിന്റിങ്ങിൽ ലയിച്ചുചേരാനും അതിന്റെ ഒരു ഭാഗമാകാനുമുള്ള അവളുടെ ആഗ്രഹം അത്രയ്ക്ക് തീവ്രമായിരുന്നു. കുട്ടിക്കാലത്ത് മുതിർന്നവർ വിലക്കിയിരുന്ന മുൾപ്പടർപ്പുകളിൽ അവൾ കണ്ണുകളടച്ച് സ്പർശിക്കും; നഗരത്തിന്റെ വേലികളിൽ സമൃദ്ധമായി പടർന്നുകിടക്കുന്ന ഹണിസക്കിൾ പൂക്കളുടെ സുഗന്ധം ശ്വസിക്കും.എങ്കിലുമവസാനം പഴയ അവസ്ഥയിലേക്കുതന്നെ മടങ്ങാനായിരിക്കും അവൾക്ക് യോഗം.

കാനറി പക്ഷികൾ മടങ്ങിവരേണ്ട ദിവസം, പക്ഷേ കാനറികളോ കുഞ്ഞുങ്ങളോ ഒന്നുംതന്നെ അവിടെ ഉണ്ടായിരുന്നില്ല, അവിടേക്കു വരാൻ ആളുകൾ പോലും ഉണ്ടായിരുന്നില്ല. ആ ജൂലൈയിൽ ഇസ്രയേൽ യുദ്ധവിമാനങ്ങളുടെ പട കെട്ടിടങ്ങൾക്കു മുകളിലേക്ക് പറന്നിറങ്ങി; തുടർന്നുണ്ടായ വിലാപങ്ങളുടെയും അനുശോചനങ്ങളുടെയും ദുരിതത്തിനിടയിൽ, വിധവകളായ സ്ത്രീകൾക്കും, വികലാംഗരോ പക്ഷാഘാതം പിടിപെട്ടവരോ ആയ കുട്ടികൾക്കും, കാണാതായ അച്ഛനെയോ സഹോദരനെയോ സുഹൃത്തിനെയോ തേടി അലയുന്ന സമനിലതെറ്റിയ ആളുകൾക്കുമിടയിൽ, അത്രയധികം ആകാംക്ഷയോടെ തങ്ങൾ കാത്തിരുന്ന ആ പുതിയ കാനറി കുടുംബത്തെക്കുറിച്ച് കുട്ടികളോട് എന്തു പറയുമെന്ന ഉത്കണ്ഠയായിരുന്നു അവളെ കാർന്നുതിന്നത്. വ്യോമാക്രമണത്തിൽ കാനറികളും കൊല്ലപ്പെടാമെന്ന് കുട്ടികൾക്ക് നിങ്ങൾ എങ്ങനെ വിശദീകരിച്ചുകൊടുക്കും?

ഇപ്പോൾ മുകളിൽ കുറച്ചാകാശമേ ഞങ്ങൾക്കുള്ളൂ. നടപ്പാതയിൽ അടുക്കിവെച്ചിരിക്കുന്ന മണൽച്ചാക്കുകൾക്കും ഷെല്ലുകളിൽനിന്ന് സംരക്ഷണം നൽകാൻ തയ്യാറാക്കിയ മൺകൂനകൾക്കുമിടയിലേക്ക് ചുരുങ്ങിയിരിക്കുന്നു ഞങ്ങളുടെ ലോകം. ഇരുണ്ട പുകപോലെ, ഇടവഴികളിലൂടെയും കെട്ടിടങ്ങളുടെ പ്രവേശനകവാടങ്ങളിലേക്കും ഭയം ഒഴുകിനടന്നു. വേനൽക്കാലത്ത് ശ്വസിക്കാനൽപ്പം വായുവിനോ ശൈത്യകാലത്ത് കുറച്ചുചൂടിനോ വേണ്ടി തിരക്കുകൂട്ടുന്ന ആളുകൾ നിറഞ്ഞ തീരമല്ലാതെ മറ്റൊന്നും അവശേഷിക്കാത്തവിധം നഗരം കടലിലേക്ക് ചുരുങ്ങിയിരിക്കുന്നു.

ലേ റോച്ചറിന് കുറുകെയുള്ള ടെന്റുകളിൽ ആരംഭിച്ച താൽക്കാലിക മാർക്കറ്റുകൾ. ഡെക്കുകളിൽ നിന്ന് ഉച്ചത്തിൽ ഉയരുന്ന പുതിയ ഗായകരുടെ ശബ്ദങ്ങൾ. അർത്ഥമില്ലാത്ത സംഗീതത്തിൽ ചിട്ടപ്പെടുത്തിയ അർത്ഥമില്ലാത്ത വാക്കുകൾ. ഒരു ലെബനീസ് സുഹൃത്തിനൊപ്പം അവൾ എല്ലാത്തരം സാധനങ്ങളും വിൽക്കുന്നൊരു ടെന്റിൽ കയറി കുറച്ചു ഐ ഷാഡോ ഇട്ടുനോക്കി. ‘‘ഏതാണ് കൂടുതൽ നല്ലത്’’, അവൾ സുഹൃത്തിനോട് ചോദിച്ചു, ‘‘ബ്രൗൺ നിറമോ അതോ സിൽവറോ?’’. ‘‘ബ്രൗൺ നിറം നിന്റെ കണ്ണുകൾക്ക് കൂടുതൽ ആഴം നൽകുന്നു’’, അവളുടെ സുഹൃത്ത് മറുപടി പറഞ്ഞതങ്ങനെയാണ്. ‘‘എന്നാൽ സിൽവർ അവയെ കൂടുതൽ തിളക്കമുള്ളതാക്കും. അത് നിനക്ക് സന്തോഷഭാവം നൽകും’’.

പക്ഷേ അവയിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ അവൾക്ക് അവസരം ലഭിച്ചതേയില്ല. അടുത്തുള്ള തെരുവിൽ പൊട്ടാത്തൊരു ബോംബ് കണ്ടെത്തിയെന്ന് അറിയിച്ചുകൊണ്ട് ഒരു ഫയർ എഞ്ചിൻ പാഞ്ഞുപോയി, കറുത്ത പുകയിൽ പൊതിയുന്നതിനു മുമ്പ് ഏവരും അവിടെനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.

1982ൽ ഇസ്രയേൽ അധിനിവേശം നടത്തിയപ്പോൾ, മറ്റൊരു അറബ് നഗരത്തിന്റെ പൊടിപടലങ്ങൾക്കിടയിൽ തളർന്നുനിൽക്കെ, താൻ ലെബനൻ എന്ന നാടിനെ എന്നെന്നേക്കുമായി ഉപേക്ഷിച്ചുവെന്ന് അവൾ തിരിച്ചറിഞ്ഞു. പരിചിതമായിരുന്നവയൊക്ക നഷ്ടമായിരിക്കുന്നു. ചുറ്റുമുണ്ടായിരുന്ന മനുഷ്യർ, അയൽക്കാരുടെ ശബ്ദങ്ങൾ, തെരുവുകളുടെ വളവുതിരിവുകൾ, കാണാപ്പാഠമായിരുന്ന നടപ്പാതകളിലെ വിള്ളലുകൾ, കാറ്റിന്റെ വ്യത്യസ്തമായ രുചി, സാധനങ്ങളുടെ ഗന്ധങ്ങൾ, ഉച്ചനേരത്തെ നിറങ്ങൾ. അങ്ങനെയെല്ലാം. താൻ അവിടെ ഉപേക്ഷിച്ചുപോന്ന കുറച്ചു സാധനങ്ങളെങ്കിലും അയച്ചുതരാൻ അവൾ ലെബനനിലുള്ളൊരു സുഹൃത്തിന് കത്തെഴുതി.

ബോംബാക്രമണത്തിൽ തറ ഏതാണ്ട് പൂർണമായും തകർന്ന മുറിയുടെ ചുവരിൽ അപ്പോഴും അവശേഷിച്ചിരുന്ന ആ പെയിന്റിങ്ങും അതിലുൾപ്പെട്ടിരുന്നു. ആറുമാസത്തിനുശേഷം സുഹൃത്ത് കുറച്ച് ഫോട്ടോഗ്രാഫുകൾ ശേഖരിച്ച് അയച്ചുകൊടുത്തു. അതോടൊപ്പം സ്വർഗപക്ഷികളെ തുന്നിച്ചേർത്ത ഒരു പഴയഷാളും അമ്മയുടെ പെയിന്റിങ്ങും ഉണ്ടായിരുന്നു.

ക്ഷമയോടെ ആ പെൺകുട്ടി തന്റെ സാധനങ്ങൾ വരാനായി കാത്തിരുന്നു. എന്നാൽ അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ആ പെയിന്റിങ്ങ് ഒഴികെ മറ്റെല്ലാം അവിടെ എത്തിച്ചേർന്നു. ബെക്കാ വാലിയിലുള്ള ഒരു സായുധസംഘത്തിന്റെ ഓഫീസിൽ എന്തോ സാധനം നൽകാനായി ഡ്രൈവർ വാഹനം കുറച്ചുനേരം നിർത്തിയിരുന്നുവെന്ന് കൂടുതൽ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്.

തനിക്ക് പ്രീതിപ്പെടുത്തേണ്ട ഏതെങ്കിലും ഉദ്യോഗസ്ഥന് അയാൾ അത് സമ്മാനിച്ചിരിക്കുമോ? അതോ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിനിടയിൽ തന്റെ സുഹൃത്തിന്റെ പക്കൽനിന്നും സ്വർണ ഹംസങ്ങളുടെ ചിത്രം ബലമായി പിടിച്ചെടുത്ത തോക്കുധാരിയെപ്പോലെ ആർക്കെങ്കിലും അതിനോട് ഇഷ്ടം തോന്നി തട്ടിയെടുത്തതായിരിക്കുമോ? കള്ളക്കടത്ത് തടയാനായി അടുത്തിടെ നടപ്പിലാക്കിയ കർശനമായ അതിർത്തി പരിശോധനകളുമായി ഇതിനു വല്ല ബന്ധവുമുണ്ടാകുമോ? സമ്മാനങ്ങൾ നൽകുന്നവരോട് അതിർത്തിയിലെ ഉദ്യോഗസ്ഥർക്ക് അത്ര കർശനമായ നിലപാടില്ലെന്ന് കേട്ടിട്ടുണ്ട്. ഒരുപക്ഷേ അവളുടെ അമ്മയുടെ പെയിന്റിങ് നൽകി ഡ്രൈവർ ഏതെങ്കിലും അതിർത്തി കാവൽക്കാരനെ വശത്താക്കിയിട്ടുണ്ടാകാം!

ഡ്രൈവറെയോ പെയിന്റിങ്ങിനെയോ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന്, മരിച്ചുപോയ അമ്മയുടെ ഏക ഓർമക്കുറിപ്പെന്ന നിലയിൽ ആ ചിത്രവുമായി തനിക്കുള്ള വൈകാരിക ബന്ധം വ്യക്തമാക്കി അത് തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പത്രത്തിൽ ഒരു പരസ്യം നൽകിയാലോ എന്നുപോലും ചിന്തിച്ചതാണ്. പക്ഷേ പിന്നീട് ആ ആശയം ഉപേക്ഷിച്ചു. പെയിന്റിങ് സ്വന്തമാക്കിയ വ്യക്തി ഈ പത്രം തന്നെ വായിക്കുമെന്ന് എങ്ങനെ പറയാനാകും? അല്ലെങ്കിലും, ഈ കാലഘട്ടത്തിൽ, തങ്ങൾക്ക് നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ആർക്കാണ് ധൈര്യമുള്ളത്?

വടക്കേ ആഫ്രിക്കൻ തീരത്തുള്ള ആ പുതിയ രാജ്യത്തേക്ക് കപ്പലിൽ ലെബനൻ വിട്ടുപോകുന്നതുവരെ, നീലനിറം എങ്ങനെയാണ് തിളക്കമില്ലാത്ത ചാരനിറമായി മാറുന്നതെന്ന് അവൾക്ക് അറിയില്ലായിരുന്നു. കട്ടിയുള്ള എണ്ണമയമുള്ള വെള്ളത്തിലൂടെ കപ്പൽ തെന്നിനീങ്ങി. ഇരുണ്ടരാത്രിയുള്ള നാട്ടിലേക്ക് പ്രവേശിച്ചപ്പോൾ, ഏഷ്യയുമായി ബന്ധിപ്പിക്കുന്ന ചരട് അറുത്തുമാറ്റുന്ന കത്തിയെ ഓർമിപ്പിച്ചുകൊണ്ട് അവളിലുള്ളതെല്ലാം മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.

ഉള്ളിലെ ദൂരങ്ങൾ എത്രയാണെങ്കിലും, ഒരു കൂടുപോലെ സുരക്ഷിതവും പ്രിയപ്പെട്ടതുമായിരുന്നു അവളുടെ ഏഷ്യ.

കപ്പലിന്റെ പുറംഭാഗത്ത് വെള്ളം വന്നടിക്കുന്ന ശബ്ദം അപ്പോഴും കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. കടലിലൂടെയുള്ള സഞ്ചാരം സൃഷ്ടിച്ച അസ്വസ്ഥതകൾ വേറെ. അനന്തമായ, മാറിക്കൊണ്ടിരിക്കുന്ന മണൽകൂനകളുടെ ലോകത്തേക്ക് യാത്ര തിരിക്കാനായി ഒരു മരുപ്പച്ച ഉപേക്ഷിച്ചതുപോലെയായിരുന്നു അത്. ഈ മണൽക്കടലിന്റെ മറുകരയിൽ അവൾ എന്തുചെയ്യാനാണ്?

പുതിയ രാജ്യത്ത് അവളുടെ വാഞ്ഛ കൂടുതൽ ആഴത്തിലുള്ളതും തീവ്രവുമായി മാറി. പക്ഷേ സുഗമമായി ശ്വസിക്കാൻ സാധിക്കുന്നില്ല, മുമ്പത്തെപ്പോലെ കാറ്റിനെ ആസ്വദിക്കാൻ കഴിയുന്നില്ല. നട്ടുച്ചിയിൽതന്നെ പതിക്കുന്ന വെയിലേറ്റ് പടുകൂറ്റൻ ചിത്രശലഭങ്ങളെപ്പോലെ പാറിപ്പറക്കുന്ന നിഴലുകൾ.

സമയം എങ്ങനെ ചെലവഴിക്കണമെന്ന് അവൾക്കൊരു എത്തുംപിടിയും ഉണ്ടായിരുന്നില്ല. വിളവെടുപ്പിന്റെ ദൃശ്യങ്ങളും മുന്തിരിക്കുലകളും ഉപയോഗിച്ച് തങ്ങളുടെ വസ്ത്രങ്ങൾ അലങ്കരിക്കാൻ വർഷങ്ങൾ ചെലവഴിച്ച മുത്തശ്ശിമാരെപ്പോലെ എംബ്രോയിഡറി ചെയ്യാനും അറിയില്ലായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു കാര്യം തന്നെ അസാധ്യമായിരുന്നു. കുട്ടിയായിരുന്നപ്പോൾ വരച്ച വക്രമായ വഴുതനങ്ങയുടെ പേരിലും മറ്റും അധ്യാപിക അവളുടെ ചെവിക്കു പിടിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഒരുപയോഗവുമില്ലാതെ ഇരുവശത്തുമായി വെറുതെ തൂങ്ങിക്കിടക്കുകയായിരുന്നു അന്ന് തന്റെ കൈകൾ.

തിരക്കേറിയ സമയങ്ങളിൽ നടന്നുപോകുന്ന കുറച്ച് ജോലിക്കാരൊഴിച്ചാൽ അവൾക്കു മുന്നിലുള്ള തെരുവുകൾ തീർത്തും ശൂന്യമായിരുന്നു. വ്യോമാക്രമണ സമയങ്ങളിൽ കോണിപ്പടിയുടെ കീഴിൽ ഒരുമിച്ച് അഭയം പ്രാപിക്കാൻ അയൽക്കാരൊന്നും തന്നെ ഉണ്ടായിരുന്നില്ല, വിഭവങ്ങൾക്ക് ക്ഷാമം നേരിടുമ്പോൾ റൊട്ടി പങ്കുവെക്കാനോ തുച്ഛമായ പഞ്ചസാരയും ചായപ്പൊടിയും വീതിച്ചെടുക്കാനോ വീട്ടമ്മമാരുണ്ടായിരുന്നില്ല. ഈ പുതിയനാട്ടിലെല്ലാം ശാന്തമാണ്.

ആ ഭയാനകമായ ശൂന്യത അവളെ വേട്ടയാടാൻ തുടങ്ങി. അപ്പോൾപിന്നെ ജോലി കഴിഞ്ഞാൽ എന്തുചെയ്യാനാണ്? പക്ഷികൾ! കുട്ടികൾക്കായി അവൾ വീണ്ടും പക്ഷികളെ കൊണ്ടുവന്നു; എന്നിട്ടും ആ സ്ഫോടനത്തിന്റെ പുകയിൽ നഷ്ടപ്പെട്ട പക്ഷികളെപ്പോലെയാകാൻ അവയ്ക്കൊരിക്കലും കഴിഞ്ഞില്ല. അപ്പോൾ പിന്നെ എന്തുചെയ്യാനാണ്?

അങ്ങനെയാണവൾ നിറമുള്ള പെൻസിലുകൾക്കും സ്കൂൾ സ്കെച്ച്ബുക്കിനുമായി വീടുമുഴുവൻ തിരയുന്നത്. അതിൽനിന്നും ഒരു പേജ് കീറിയെടുത്തു. പിന്നീട് ജനാലയ്ക്കരികിൽ ചെന്നുനിന്നു, അതിന്റെ അഴികൾ ഇസ്ലാമിക്-സ്‌പെയിൻ ശൈലിയിൽ നിർമിച്ചതായിരുന്നു. അഴികളോടുകൂടിയോ അതോ അഴികളില്ലാതെയോ തന്റെ മുന്നിലുള്ള ദൃശ്യം വരയ്ക്കണോ എന്ന് അവൾ ചിന്തിച്ചു. എതിരെ കാണുന്ന വീടിന് മരംകൊണ്ടുള്ള അഴികളുള്ള ബാൽക്കണികൾ ഉണ്ടായിരുന്നു, വെള്ളപൂശിയ ഭിത്തികൾ, നീലനിറമുള്ള അരികുകളുള്ള ജനലുകൾ. തന്നെത്തന്നെ വിഴുങ്ങാൻ തയ്യാറായി വായ്-പിളർന്നുനിൽക്കുന്നതുപോലെ തോന്നിച്ച ആ വെള്ളക്കടലാസിൽ വിറയ്ക്കുന്ന വിരലുകൾ എന്താണ് ചെയ്യുന്നതെന്നോർത്ത് അവൾ വിസ്മയിച്ചുനിൽക്കുകയായിരുന്നു. ആ ഉജ്ജ്വല വർണങ്ങൾക്കിടയിൽ മുഴുകി തന്റെ കൈ എന്താണ് വരയ്ക്കുന്നത്? എന്നിട്ടും അവൾ വരച്ചുകൊണ്ടേയിരുന്നു. തുടങ്ങിവച്ചത് അവസാനിപ്പിക്കാനും സ്വന്തം കരങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക എന്നറിയാനുമുള്ള ആകാംക്ഷയോടെ. അവൾക്കത് വിശ്വസിക്കാനായില്ല.

നിരന്തരമായ ബോംബാക്രമണത്താൽ തകർന്ന തടിപ്പാലത്തിലൂടെ അന്ന് സ്വന്തം നാടുവിട്ട ആ പെൺകുട്ടി, ഒരു ഭൂഖണ്ഡത്തിൽനിന്ന് മറ്റൊന്നിലേക്ക് വെള്ളത്തിനു മുകളിലൂടെ കുതിക്കുന്ന കപ്പലിന്റെ പുറത്ത് ആടിയുലഞ്ഞ യുവതി, അല്ലെങ്കിൽ ഇപ്പോഴൊരു മുതിർന്ന സ്ത്രീ. ചുരുളഴിയുന്ന നിറങ്ങൾ വെളിപ്പെടുത്താൻ പോകുന്നതെന്താണെന്ന് അവൾക്ക് വിശ്വസിക്കാൻ തന്നെയായില്ല; ആ ചിത്രം പൂർത്തിയാകുന്നതുവരെ തന്നെ പിടികൂടിയ ആവേശത്തിൽ നിന്ന് എന്താണ് ഉത്ഭവിച്ചതെന്ന് കണ്ടെത്താനായില്ല.

മരങ്ങൾക്കിടയിൽ ഒരു ചെറിയ കാർഷിക നഗരം രൂപംകൊള്ളുകയായിരുന്നു ആ ചിത്രത്തിൽ. മണ്ണും ഇഷ്ടികയുംകൊണ്ടുള്ള വീടുകളും, ഓടുമേഞ്ഞ മേൽക്കൂരകളും മരംകൊണ്ടുള്ള തറകളുമുള്ള, പൂന്തോട്ടങ്ങളാലും ഫലവൃക്ഷങ്ങളാലും ചുറ്റപ്പെട്ട ഒരു ഗ്രാമം; കാറ്റിലുലയുന്ന പച്ചപ്പണിഞ്ഞ ഭൂമി, അതിലൂടെ ഒഴുകുന്ന നീർച്ചാലുകൾ, സസ്യങ്ങളുടെയും കാട്ടുപുതിനയുടെയും ഗന്ധം നിറഞ്ഞ ഒരു നാട്. കാറ്റിൽ ഉഴുതുമറിക്കപ്പെട്ട ചുവന്ന മണ്ണുള്ള, മറ്റൊരിടത്തും കാണാത്തവിധം സസ്യങ്ങളുടെ ഗന്ധംനിറഞ്ഞ ഒരു ഗ്രാമം…. l

ലിയാന ബദർ
പലസ്തീൻ നോവലിസ്റ്റും കഥാകാരിയും. 1950-ൽ ജെറുസലേമിൽ ജനിച്ചു. ജെറിക്കോയിലെ അഭയാർത്ഥി ക്യാമ്പുകളിലും, ലെബനനിലുമായി ചെറുപ്പകാലം ചെലവിട്ടു. രഹസ്യപ്പോലീസിന്റെ നിരന്തരമായ നിരീക്ഷണങ്ങൾക്ക് വിധേയമാകേണ്ടിവന്നതു കാരണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്യാൻ നിർബന്ധിതമായ കുടുംബമായിരുന്നു അവരുടേത്. ലെബനനിലെ ‘അൽ-ഹുർറിയ’ മാഗസിന്റെ സാംസ്കാരിക വിഭാഗം എഡിറ്ററായിരുന്നു. ജോർദാനിലെ ‘യൂണിയൻ ഓഫ് പലസ്തീനിയൻ വിമൺ’ലും ബെയ്റൂത്തിലെ സബ്റ – ഷാത്തിലാ അഭയാർത്ഥിക്യാമ്പുകളിലും സന്നദ്ധപ്രവർത്തകയായിരുന്നു. ഈ അനുഭവങ്ങൾ ആസ്പദമാക്കി രചിച്ച “ബൗസല മിൻ അജലി അബ്ബാദിശംസ്’ (The Sundial, 1979) എന്ന നോവലാണ് ശ്രദ്ധേയമായ കൃതി. ‘ക്വിസസുൽ ഹുബ്ബ്‌ വൽ മുതാറദ’ (Stories of Love and Pursuit, 1983), ‘അന ഉരീദുന്നഹാർ’ (I Want the Day, 1985) എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങൾ. ഇസ്രയേൽ അധിനിവേശത്തിൻ കീഴിലമർന്ന ലെബനനിലെ പലസ്തീൻകാരുടെ ജീവിതത്തെക്കുറിച്ചുള്ള ഹൃദയസ്പർശിയും നോവേറിയതുമായ വിവരണങ്ങളായിരുന്നു ലിയാന ബദറിന്റെ കൃതികൾ. 2014-ൽ കേരള സാഹിത്യ അക്കാദമി തൃശൂരിൽ സംഘടിപ്പിച്ച മലയാളം-, അറബി അന്തർദേശീയ സാഹിത്യ സമ്മേളനത്തിൽ അവർ പങ്കെടുത്തിരുന്നു.
ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × four =

Most Popular