Tuesday, July 7, 2026

ad

Homeകവിതഎന്തുകൊണ്ട്?

എന്തുകൊണ്ട്?

വി അബ്ദുൾ ലത്തീഫ്

ളിപ്പാട്ടങ്ങൾ പങ്കിടാൻ,
ഒരുമിച്ചു കളിക്കാൻ
നിങ്ങളല്ലേ ഞങ്ങളെ പഠിപ്പിച്ചത്?

ചീത്തകളൊക്കെയും
ഒരുനാൾ മാഞ്ഞുപോകുമെന്ന്
നിങ്ങളല്ലേ പറഞ്ഞത്?

പക്ഷേ ഇന്ന്
ഞങ്ങളുടെ ക്ലാസ്-മുറിക്ക്
ചുമരുകളില്ല.

ഞാൻ വിളിച്ചിട്ടും
വിളികേൾക്കാൻ
ആരുമില്ല.

ഭൂതങ്ങളില്ലെന്ന്
നിങ്ങളല്ലേ പറഞ്ഞത്?
പക്ഷേ
കൈയിൽ മിന്നൽ
മുറുകെപ്പിടിച്ചത്
നിങ്ങളായിരുന്നു.

ഓടൂ…
ഓടൂ…
സുരക്ഷിതമായൊരിടവുമില്ല.

സൈറണുകൾ പാടുന്നു—
ലാ… ലാ…
കുഞ്ഞുങ്ങളെ കരയിക്കുന്ന
ഒരു താലോലം.

ഞങ്ങളോടുന്നു…
വീണ്ടുമോടുന്നു…

ഒടുവിൽ
നിങ്ങളുടെ മുഖത്തെ
കോപത്തിൽനിന്നാണ്
രക്ഷപ്പെടുന്നത്.

നിങ്ങൾക്കു വേണ്ടതു
ചെയ്തോളൂ.
നിങ്ങളുടെ അതിർത്തിരേഖകൾ
ഞങ്ങൾക്കു വേണ്ട.
ഞങ്ങൾക്ക്
അമ്മയുടെ മടിയിൽ
അൽപനേരം ഇരുന്നാൽ മതി.

പറയൂ…
എന്റെ കണ്ണുകളിലേക്കു
നോക്കിപ്പറയൂ…

എന്തുകൊണ്ട്?
എന്റെ സഹോദരൻ
കല്ലിനടിയിൽ ഉറങ്ങുന്നു.

ആ കല്ലിനെ
തനിച്ചാക്കി
അവൻ പോവില്ല.

ആകാശം
ചാരനിറമായി.
സൂര്യൻ
മരിച്ചുപോയി.
ഇപ്പോൾ
തീയും പുകയും മാത്രം.

കൈയിൽ തോക്കേന്തി
നിങ്ങൾ
സമാധാനം സംസാരിക്കുന്നു.
കുട്ടികൾക്കു
മനസ്സിലാകാത്ത ഭാഷയാണത്.

ഇത്
ഞങ്ങളുടെ യുദ്ധമല്ല.
ഞങ്ങളുടെ
പോരാട്ടവുമല്ല.

എങ്കിലും
രാത്രിയുടെ തണുപ്പിൽ
വിറയ്ക്കുന്നത്
ഞങ്ങളാണ്.

നിങ്ങളുടെ മെഡലുകൾ
നിങ്ങൾ തന്നെയെടുത്തോളൂ.
നിങ്ങളുടെ അഭിമാനവും.

ഞങ്ങളുടെ വീട്
ഞങ്ങൾക്കു തിരികെ തരൂ.
എന്തിനാണ്
ഞങ്ങളുടെ പൂന്തോട്ടം
ചുട്ടെരിക്കുന്നത്?

എന്തിനാണ്
ഞങ്ങളുടെ ലോകം
തകർത്തുകളയുന്നത്?
ഞങ്ങൾക്കാരെയും
വെറുക്കേണ്ട.
കൊല്ലേണ്ട.

ഈ ലോകം
അൽപനേരമെങ്കിലും
നിശ്ചലമായി നിൽക്കുക മാത്രമാണ്
ഞങ്ങൾക്കാവശ്യം.

പറയൂ…
മരിക്കും മുമ്പ്
പറയൂ…

എന്തുകൊണ്ട്?
ആരെങ്കിലും
കേൾക്കുന്നുണ്ടോ?
ആരെങ്കിലും
അവിടെയുണ്ടോ?
എന്തുകൊണ്ട്?
പറയൂ…
എന്തുകൊണ്ട്? l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

4 × 3 =

Most Popular