എനിക്ക് സമയമില്ല.
തകർന്ന വീടുകൾക്കു മുകളിൽ എനിക്ക് നമസ്കരിക്കാനുണ്ട്.
എന്റെ കുഞ്ഞുങ്ങളുടെ ശബ്‌ദങ്ങളിൽനിന്നും നക്ഷത്രച്ചീളുകൾ
പെറുക്കിയെടുക്കാനുണ്ട്.
ഇപ്പോൾ എനിക്ക് സമയമില്ല.
റൊട്ടി ഭയത്തിന്റെ സന്ദേശമായി മാറിയിട്ടുണ്ട്.
ദാഹജലം
കാത്തിരിപ്പിന്റെ ഊന്നുവടി കുത്തി
നടന്നു വരുന്നുണ്ട്.
ഞാൻ യുദ്ധത്തിന് നടുവിലാണ്.
ഉമ്മയുടെ വിരലുകളാൽ ഞാൻ വേർപാടിനെ എണ്ണുന്നു.
ഞാൻ യുദ്ധത്തിന് നടുവിലാണ്.
പക്ഷേ, ഓരോ റോക്കറ്റ് കടന്നുപോകുമ്പോഴും
ഹൃദയത്തിൽ
ചിരിയുടെ ഒരു ചെറിയ മാളികപ്പുറം
നടുന്നു ഞാൻ.
കാറ്റിനുവേണ്ടി
പഴയ പാട്ടുകളുടെ ഒരു വാതിൽ തുറക്കുകയും ചെയ്യുന്നു.
ഇവിടെ
ഞങ്ങൾക്ക്
റൊട്ടിയുടെ ചൂടുള്ള
ഒരു മേശപ്പുറമുണ്ടായിരുന്നു.
സായാഹ്നത്തിന്റെ
ചുവരുകളിൽ
ഉപ്പ
സ്വന്തം ചിരി
തൂക്കിയിടാറുണ്ടായിരുന്നു.
എന്റെ പെങ്ങൾ
ബൊമ്മക്കുട്ടിയുടെ മുടി
ചീകിക്കൊടുക്കുകയും
ഭാവിയിൽ താനൊരു
അധ്യാപികയാകുന്നത്
സ്വപ്നം കാണുകയും
ചെയ്യാറുണ്ടായിരുന്നു.
പിന്നീട്,
കണ്ണുകാണാത്ത ഒരു കത്തിയെപ്പോലെ
യുദ്ധം വന്നു.
ഞങ്ങളുടെ തെരുവുകൾ വെട്ടിമുറിച്ചും
ഞങ്ങളുടെ പേരുകൾ പുകച്ചുരുളുകളിൽ പറത്തിയും അത് കടന്നുപോയി.
യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ട് ഞങ്ങൾ ഉറങ്ങുകയും
ഞങ്ങളുടെ വീടുകൾ
പുലർകാല വാർത്തകളിൽ തിരഞ്ഞുനോക്കി
ഉണരുകയും ചെയ്തു.
ഉമ്മ ഒരു പ്രാർത്ഥനയിൽ ഭയമൊളിപ്പിച്ച് ഞങ്ങളോട് പറയും:
“പേടിക്കേണ്ട, ഈ നാശത്തിനും എത്രയോ മുകളിൽ ദൈവമുണ്ട്’
വേഗം മരിക്കാതിരിക്കാൻ
ഇടയ്ക്കിടെ ചിരിക്കാൻ തുടങ്ങി ഞാൻ.
ചിരി ഒരുതരം ചെറുത്തുനിൽപ്പാണ്.
അഭയാർത്ഥി ക്യാമ്പിൽ
ഒരാൺകുട്ടി തുണിപ്പന്ത് തട്ടുന്നു.
മഴയിൽ നനഞ്ഞ ഒരു നോട്ടുബുക്കിൽ
ഒരു പെൺകുട്ടി
വലിയൊരു സൂര്യനെ വരയ്ക്കുന്നു.
എന്തൊരത്ഭുതമാണ്,
യുദ്ധങ്ങൾക്കുപോലും
കുട്ടിത്തത്തെ വധിക്കാൻ ആവുന്നില്ലല്ലോ.
എനിക്ക് സമയമില്ല,
ഹൃദയം പുനർനിർമ്മിക്കുന്നതിന്റെയും
വേർപാടിനടിയിൽനിന്ന്
സ്നേഹിതരുടെ ചിത്രങ്ങൾ പെറുക്കിയെടുക്കുന്നതിന്റെയും
തിരക്കിലാണ് ഞാൻ.
എനിക്കു സമയമില്ല.
ഇവിടെ
ഒറ്റയ്ക്കിരുന്ന് കരയുന്ന ഉമ്മയുണ്ട്.
ആരും വിളികേൾക്കുന്നില്ലെങ്കിലും
ഉപ്പയെ വിളിച്ച് കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു പൈതലുമുണ്ട്.
ശരിയാണ് ഞാൻ യുദ്ധത്തിന് നടുവിലാണ്.
പക്ഷേ,
ഞാനിപ്പോഴും ഉറച്ചു വിശ്വസിക്കുന്നു,
പുലരി വിടരുകതന്നെ ചെയ്യും.
കണ്ണീരുകൊണ്ട് മുഖം കഴുകിയ എന്റെ നാട്
ഒരുനാൾ
എഴുന്നേറ്റ്
മുല്ലപ്പൂ വസ്ത്രം എടുത്തണിയും.
ഞാൻ യുദ്ധത്തിന് നടുവിലാണ്.
എന്നാലും
എന്റെ ഹൃദയത്തിനകത്ത് ഇപ്പോഴും
ജീവിതത്തെ കൊള്ളിക്കാനുള്ള വിസ്താരമുണ്ട്.
ബോംബുവർഷം തെല്ലൊന്ന് ശമിക്കുമ്പോൾ
ഇപ്പോഴും ഞാനൊരു
പ്രണയകവിത എഴുതാറുണ്ട്. l



