Tuesday, July 7, 2026

ad

Homeകവിതയുദ്ധം കഴിഞ്ഞു

യുദ്ധം കഴിഞ്ഞു

നാസർ റബാഹ് (വിവർത്തനം: അമാനത്ത് അബ്ദുള്ള)

1
യുദ്ധം കഴിഞ്ഞു.
ഞാനെന്റെ ഉടൽ പരതിനോക്കി
തലയും വിരലുകളും കൈകളും
എല്ലാം അവിടെത്തന്നെയുണ്ട്.
എങ്ങോ പോയി തിരിച്ചുവന്നപോലെ.

2
യുദ്ധം കഴിഞ്ഞു.
ഞാൻ ആകാശത്തേക്ക് നോക്കി.
യുദ്ധവിമാനങ്ങൾക്കുപകരം
പക്ഷികളേയും മേഘങ്ങളേയും
കാണാൻ
എനിക്ക് കൊതിയായി .

3
യുദ്ധം കഴിഞ്ഞു.
ചൂലുകൾ പൊടി തൂത്തുകളഞ്ഞു.
പൊട്ടിയ ചില്ലുകൾ
തകർന്ന വാതിലിന്റെ ആണികൾ
എല്ലാം തൂത്തുകളഞ്ഞു.
ചിതറിയ ചുമർ കല്ലുകൾ നീക്കംചെയ്തു.
സ്വർണ്ണനിറമുള്ള ചായക്കോപ്പകളുടെ അവശിഷ്ടങ്ങൾ,
പൊട്ടിത്തകർന്ന
കുടുംബചിത്രങ്ങളുടെ
ഫ്രെയിമുകൾ,
കുട്ടികളുടെ കളികൾ
അത്താഴത്തിനുള്ള പാത്രങ്ങൾ
എല്ലാം നീക്കംചെയ്തു.

4
യുദ്ധം കഴിഞ്ഞു.
ക്ഷമാപണത്തോടെ ഉമ്മ വന്നു പറഞ്ഞു:
നിന്നെ സ്വീകരിക്കാൻ ഒരിടമില്ല.
എല്ലായിടവും പള്ളിക്കാടായിരിക്കുന്നു.

5
യുദ്ധം കഴിഞ്ഞു.
രണ്ട് കൈയും തലയിൽ വച്ച് ഞാൻ വേഗത്തിൽ നടന്നു.
വെയിലോ മഴയോ ഇല്ലായിരുന്നു.
എനിക്ക് ധൃതി ഉണ്ടായിട്ടല്ല.
സ്വന്തം തല കാക്കുന്നത് ഒരു ശീലമായിപ്പോയി.

6
യുദ്ധം കഴിഞ്ഞു.
ഞാൻ
കുറേയധികം റൊട്ടി കയ്യിലെടുത്തു.
ഓരോ സ്നേഹിതനും ഓരോ റൊട്ടി വേണം.
പള്ളിക്കാട്ടിലേക്ക് നടന്നുപോയി.

7
യുദ്ധം കഴിഞ്ഞു.
ഒന്നുറങ്ങട്ടെ എന്ന് കരുതി.
പക്ഷേ,
യാത്രപറഞ്ഞുപോയ എല്ലാ കൂട്ടുകാരും
ഉറക്കമിളച്ച് സംസാരിക്കാനായി
തിരിച്ചു വന്നിരിക്കുന്നു.
ഒറ്റയ്ക്ക്
ഞാനൊരു
ചായ കുടിച്ചു.

8
യുദ്ധം കഴിഞ്ഞു.
നിർമ്മാണ ജോലിക്കാർ എത്തി.
വീടുകൾക്ക് ഉയരത്തിൽ മേൽക്കൂര കെട്ടി.
വാതിലുകൾക്ക് വലിയ കമാനങ്ങളുണ്ടാക്കി.
രക്ഷപ്പെട്ടവർക്ക് ആദ്യമുള്ളവരേക്കാൾ ഉയരമുണ്ടായിരുന്നു.
ബുൾഡോസർ തലതാഴ്ത്തി നീതിന്യായക്കോടതിയിലേക്ക് പ്രവേശിക്കുന്നു.

9
യുദ്ധം കഴിഞ്ഞു.
ഫോണും ടെലിവിഷനും പൂട്ടിവെച്ച്
ഞാൻ ഉറങ്ങാൻ കിടന്നു.
ദുഃസ്വപ്നങ്ങളിൽ
മറ്റൊരു യുദ്ധം തുടങ്ങി. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + 13 =

Most Popular