Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിഗൾഫ് യുദ്ധത്തിന്റെ പുക ഇന്ത്യയുടെ അടുക്കളയിൽ

ഗൾഫ് യുദ്ധത്തിന്റെ പുക ഇന്ത്യയുടെ അടുക്കളയിൽ

ആർ രാംകുമാർ

സെക്കന്തരാബാദിൽ മേയ് 10-ന് നടന്ന ബിജെപി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം രാജ്യത്തെ പലരെയും അമ്പരപ്പിച്ചു. സ്വർണം വാങ്ങുന്നത് കുറയ്ക്കുക, വിദേശയാത്ര ഒഴിവാക്കുക, പെട്രോൾ- ഡീസൽ ഉപയോഗം ചുരുക്കുക, പാചകഎണ്ണയുടെ ഉപയോഗം കുറയ്ക്കുക, കർഷകർ രാസവളത്തിന്റെ ഉപയോഗം പകുതിയാക്കുക തുടങ്ങിയ ആഹ്വാനങ്ങളടങ്ങിയതായിരുന്നു മോദിയുടെ പ്രസംഗം. “രാജ്യത്തിനുവേണ്ടി” ത്യാഗം ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ വാക്കുകൾ ഒരു സാധാരണ രാഷ്ട്രീയ പ്രസംഗമല്ല. അതിന്റെ പിന്നിൽ ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയെ പിടിച്ചുകുലുക്കുന്ന ആഴത്തിലുള്ള ഒരു പ്രതിസന്ധിയുടെ ഭയം ഒളിഞ്ഞുകിടക്കുന്നുണ്ട്. വർഷങ്ങളായി “ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ”, “വിശ്വഗുരു”, “അമൃതകാലം” എന്നൊക്കെ സ്വയം പ്രശംസിച്ച ഭരണകൂടം പെട്ടെന്ന് ജനങ്ങളോട് ഉപഭോഗം കുറയ്ക്കാൻ ആവശ്യപ്പെടുമ്പോൾ അതിന്റെ അർത്ഥം എന്താണ്?

ഇതിനുത്തരം കണ്ടെത്തണമെങ്കിൽ പശ്ചിമേഷ്യയിലെ യുദ്ധത്തെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ദൗർബല്യങ്ങളെയും ഒരുമിച്ചു കാണണം. അമേരിക്ക–-ഇസ്രയേൽ സഖ്യത്തിന്റെ ഇറാനെതിരായ ആക്രമണങ്ങളും ഗാസയിൽ തുടരുന്ന വംശഹത്യയും പശ്ചിമേഷ്യയെ വീണ്ടും അസ്ഥിരതയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. ഹോർമൂസ് കടലിടുക്കുവഴിയുള്ള ഗതാഗതം പ്രതിസന്ധിയിലായതോടെ എണ്ണയും വാതകവും വളവും ലോകവിപണിയിലെത്തുന്നത് ചുരുങ്ങിയിട്ടുണ്ട്; എണ്ണവില കുതിച്ചുയരുകയാണ്. എവിടെയും വിലക്കയറ്റം ഗുരുതരമാകുകയാണ്. ഇന്ത്യ പോലുള്ള ഇറക്കുമതി- ആശ്രിത രാജ്യങ്ങൾക്ക് ഇത് നേരിട്ടുള്ള ഒരു അടിയാണ്.

പ്രതിസന്ധിയുടെ യഥാർത്ഥ കാരണം
എന്നാൽ ഈ പ്രതിസന്ധിയെ വെറും “പുറത്തുനിന്നുള്ള ആഘാതം” എന്നു മാത്രം പറയുന്നത് യാഥാർത്ഥ്യം മറയ്ക്കലായിരിക്കും. ഗൾഫ് യുദ്ധം തീ കൊളുത്തിയിട്ടുണ്ടാകാം; പക്ഷേ ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ, വർഷങ്ങളായി ഉണങ്ങിയ പുല്ല് കൂട്ടിവെച്ചിരുന്നു. ഇപ്പോൾ അതിന് തീ പിടിച്ചുവെന്നേയുള്ളൂ.

മോദിയുടെ പ്രസംഗത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം ജനങ്ങളോട് ‘ത്യാഗം’ ചെയ്യാൻ നടത്തിയ ആഹ്വാനമായിരുന്നു. സാധാരണ ജനങ്ങൾ പാചകഎണ്ണ ഉപഭോഗം കുറയ്ക്കണം. കർഷകർ വളം ഉപയോഗിക്കുന്നത് കുറയ്ക്കണം, തൊഴിലാളികൾ യാത്ര കുറയ്ക്കണം, കുടുംബങ്ങൾ സ്വർണം വാങ്ങരുത് എന്നിങ്ങനെയായിരുന്നു ആഹ്വാനങ്ങൾ. എന്നാൽ ഈ രാജ്യത്തിന്റെ വിദേശനാണയ പ്രതിസന്ധിക്ക് ഉത്തരവാദികൾ ആരാണ്? ദിവസവേതന തൊഴിലാളിയോ? ചെറുകിട കർഷകനോ? ചെറിയ തോതിൽ മാത്രം സ്വർണം വാങ്ങുന്ന മധ്യവർഗ കുടുംബങ്ങളോ?

യാഥാർത്ഥ്യം അതല്ല. ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധിയുടെ കേന്ദ്രത്തിൽ നിൽക്കുന്നത് കോർപ്പറേറ്റ് മൂലധനവും ധനമൂലധനവുമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇന്ത്യയുടെ വിദേശനാണയ ശേഖരം കയറ്റുമതിയിലൂടെ സമ്പാദിച്ച അധിക വരുമാനത്തിന്റെ ഫലമല്ല. വിദേശ നിക്ഷേപകരുടെ പണവും ഇന്ത്യൻ തൊഴിലാളികൾ നാട്ടിലേക്കയക്കുന്ന പണവും, പിന്നെ കടബാധ്യതകളും ചേർന്നതാണ് അതിന്റെ അടിസ്ഥാനം. വിദേശ നിക്ഷേപകർ പണം പിൻവലിക്കുമ്പോൾ രൂപ ഇടിയും. ഓഹരി വിപണി തകർന്നുവീഴും. വിദേശനാണയ ശേഖരത്തിന്റെ “ശക്തി” എന്നത് വെറുമൊരു മിഥ്യയാണെന്ന് തെളിയും. ഇപ്പോൾ അതാണ് സംഭവിക്കുന്നത്. ഗൾഫ് പ്രതിസന്ധി നീളുന്നതിനനുസരിച്ച് വിദേശ നിക്ഷേപം ഇന്ത്യയിൽ നിന്നു പുറത്തേക്ക് ഒഴുകുന്നു. രൂപയുടെ മൂല്യം ഇടിയുന്നു. എണ്ണയുടെ ഇറക്കുമതിച്ചെലവ് കുതിച്ചുയരുന്നു. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വീണ്ടും ഭീഷണിയായി ഉയരുന്നു.

ഇത് മോദി സർക്കാരിന്റെ പരാജയം മാത്രമല്ല; ഇന്ത്യയിലെ കോൺഗ്രസ് തുടങ്ങിവെച്ച നവഉദാരവത്കരണ സാമ്പത്തിക മാതൃകയുടെ പരാജയവുമാണ്. മോദി സർക്കാർ ഈ മാതൃകയെ അതിന്റെ ഏറ്റവും ആക്രമണാത്മക രൂപത്തിൽ നടപ്പാക്കി. കോർപ്പറേറ്റുകൾക്ക് വൻ നികുതിയിളവുകൾ നൽകി. പൊതുമേഖലയെ ദുർബലമാക്കി. ധനമൂലധനത്തിന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വാതിലുകൾ കൂടുതൽ തുറന്നുകൊടുത്തു.

2019ൽ മോദി സർക്കാർ കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചപ്പോൾ അതിനു നൽകിയ ന്യായീകരണം “നിക്ഷേപം വർധിക്കും” എന്നായിരുന്നു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. കോർപ്പറേറ്റുകൾ ഉൽപ്പാദന നിക്ഷേപം വർധിപ്പിച്ചില്ല. അവർ അവരുടെ കടഭാരം കുറയ്ക്കാൻ ഈ പണം ഉപയോഗിച്ചു. ഇന്ന് വിദേശരാജ്യങ്ങളിൽ നൂറുകണക്കിന് “ഫാമിലി ഓഫീസുകൾ” സ്ഥാപിക്കുന്നത് ഇന്ത്യയിലെ സാധാരണ ജനങ്ങളല്ല; അംബാനിമാരെപ്പോലുള്ള ഇന്ത്യയിലെ അതിസമ്പന്നരാണ്. 2023ഓടെ ഇന്ത്യയിലെ അതിസമ്പന്നർ സിംഗപ്പൂരിലെ തങ്ങളുടെ ഫാമിലി ഓഫീസുകളിലേക്ക് 13,000 കോടി ഡോളറും ഹോങ്കോങ്ങിലെ ഓഫീസുകളിലേക്ക് 10,500 കോടി ഡോളറും മാറ്റിയിരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഇതിനായി തന്നെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു കേന്ദ്രമായ ദുബായുമായി ബന്ധപ്പെട്ട കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല.

ഇന്ത്യയുടെ വിദേശനാണയ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വർണത്തെക്കുറിച്ചുള്ള മോദിയുടെ പരാമർശം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. സ്വർണം വാങ്ങുന്നത് സാധാരണ ജനങ്ങളുടെ “അധിക ഉപഭോഗം” കൊണ്ടാണെന്ന ധാരണ തെറ്റാണ്. കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്വർണ ഇറക്കുമതി 24 ശതമാനം ഉയർന്ന് ഏകദേശം 7,200 കോടി ഡോളറിലെത്തിയതിനു കാരണം സാധാരണ ജനങ്ങളല്ല. വേൾഡ് ഗോൾഡ് കൗൺസിലിന്റെ 2025-ലെ കണക്കുകൾ കാണിക്കുന്നത് ഇന്ത്യയുടെ സ്വർണ ഇറക്കുമതിയുടെ ഏകദേശം 40 ശതമാനവും ആഭരണ ആവശ്യത്തിനല്ല, നിക്ഷേപ ആവശ്യങ്ങൾക്കായിരുന്നുവെന്നാണ്. അതായത്, രൂപയുടെ മൂല്യം ഇടിയുന്നതിൽ നിന്ന് സ്വന്തം സമ്പത്ത് സംരക്ഷിക്കാനായി ധനികരായ നിക്ഷേപകരാണ് വൻതോതിൽ സ്വർണം വാങ്ങിയത് എന്നർത്ഥം. രൂപയുടെ മൂല്യത്തകർച്ചയിൽ നിന്ന് സമ്പത്ത് സംരക്ഷിക്കാൻ ധനികവർഗം സ്വർണത്തിലേക്ക് മാറിയപ്പോൾ സ്വർണവില കൂടുക മാത്രമല്ല, വിദേശനാണയ സമ്മർദ്ദം ശക്തിപ്പെടുകയും ചെയ്തു.

അതുപോലെ വിദേശനാണയ ചോർച്ചയ്ക്ക് ഉത്തരവാദികൾ സാധാരണ ജനങ്ങളല്ല. ഇന്ത്യയിലെ അതിസമ്പന്നരാണ്. അവരാണ് രാജ്യത്തിനു പുറത്തേക്ക് വൻതോതിൽ പണം ഒഴുക്കുന്നത്. 2014 മെയ് മുതൽ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന്റെ കീഴിൽ ഇന്ത്യയിലെ ആഗോളവത്കരിക്കപ്പെട്ട സമ്പന്ന വർഗങ്ങളാണ് 20200 കോടി ഡോളറിലേറെ വിദേശനാണയം ചെലവഴിച്ചത്. അതിൽ ഏകദേശം പകുതി വിദേശയാത്രകൾക്കായും ശേഷിച്ചത് വിദേശ ആസ്തികൾ, നികുതി സ്വർഗങ്ങളിലെ നിക്ഷേപങ്ങൾ, “റൗണ്ട്-ട്രിപ്പിംഗ്” വഴിയുള്ള അനധികൃത ധനപ്രവാഹങ്ങൾ തുടങ്ങിയ മറ്റാവശ്യങ്ങൾക്കായുമായിരുന്നു. കഴിഞ്ഞ നാലുവർഷം മാത്രം (2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ) അവർ ഇങ്ങനെ ചെലവഴിച്ചത് 11,200 കോടി ഡോളറാണ്. ഇതാണ് ഇന്ത്യയുടെ സാമ്പത്തിക രക്തസ്രാവത്തിന്റെ പ്രധാന ഉറവിടങ്ങൾ. എന്നാൽ മോദിയുടെ പ്രസംഗത്തിൽ ഈ ധനിക വർഗത്തെക്കുറിച്ച് ഒരു വാക്കുപോലുമില്ല. കാരണം, ഈ ഭരണകൂടത്തിന്റെ യഥാർത്ഥ സാമൂഹികാടിത്തറ കോർപ്പറേറ്റ് മൂലധനമാണ്.

അമേരിക്കൻ വിധേയത്വം 
തിരിച്ചടിയായി
ഇവിടെയാണ് വിദേശനയവും സാമ്പത്തിക പ്രതിസന്ധിയും തമ്മിൽ ചേരുന്നത്. ഇന്ത്യയുടെ പരമ്പരാഗത പശ്ചിമേഷ്യാ നയം ഒരുതരം സമതുലിത നിലപാടായിരുന്നു: അറബ് ലോകത്തോടും ഇറാനോടും ബന്ധം നിലനിർത്തിക്കൊണ്ട് ഇസ്രയേലുമായും ബന്ധം പുലർത്തുക. എന്നാൽ മോദി കാലത്ത് ഇന്ത്യ, തുറന്ന രീതിയിൽ തന്നെ അമേരിക്ക–-ഇസ്രയേൽ സഖ്യത്തിന്റെ രാഷ്ട്രീയപാളയത്തിലേക്ക് നീങ്ങി. ഗാസയിൽ ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെടുമ്പോൾ ഇന്ത്യയുടെ പ്രതികരണം മൗനമായിരുന്നു. നെതന്യാഹുവുമായുള്ള മോദിയുടെ വ്യക്തിപരമായ അടുപ്പം രാഷ്ട്രീയ സന്ദേശമായി മാറി. ഇന്ന് ഇന്ത്യയുടെ വിദേശനയം “സ്വതന്ത്ര നയം” അല്ല, അമേരിക്കയുടെ കീഴാളസഖി എന്ന നിലയിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.

ഈ രാഷ്ട്രീയ തിരഞ്ഞെടുപ്പിന് സാമ്പത്തികമായ വില നൽകേണ്ടിവരുന്നു. അമേരിക്ക ആവശ്യപ്പെട്ടപ്പോൾ ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്തി. പിന്നീട് റഷ്യൻ എണ്ണയ്ക്കുമേൽ സമ്മർദ്ദം വന്നു. അതും വാങ്ങരുതെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. മോദി അതിനും വഴങ്ങി. ഇന്ന് ഇന്ത്യയുടെ ഊർജസുരക്ഷ സ്വതന്ത്ര ദേശീയ താൽപര്യങ്ങൾ അടിസ്ഥാനമാക്കിയല്ല, അമേരിക്കൻ ഭൗമരാഷ്ട്രീയ താൽപര്യങ്ങളുടെ പരിധിക്കുള്ളിലാണ് നിർണയിക്കപ്പെടുന്നത്. ഇത് ഒരു അപകടകരമായ ആശ്രിതത്വമാണ്. കാരണം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ വലിയ പങ്കും പശ്ചിമേഷ്യയിൽ നിന്നാണ്. ഗൾഫ് മേഖലയിൽ യുദ്ധം ശക്തമാകുമ്പോൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നേരിട്ടു തന്നെ തകരുന്ന സ്ഥിതി വരും.

അതിലും വലിയ കാര്യം, ഈ യുദ്ധത്തിന്റെ ആഘാതം വെറും എണ്ണവിലയിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ ഭാവിയും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളം ഉൾപ്പെടെ ലക്ഷക്കണക്കിന് കുടുംബങ്ങൾ ഗൾഫ് പ്രവാസികളുടെ വരുമാനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. യുദ്ധവും സാമ്പത്തിക അസ്ഥിരതയും നീളുമ്പോൾ ഈ വരുമാനസ്രോതസ്സും അപകടത്തിലാകും.

ആഭ്യന്തര ഉൽപ്പാദന മേഖലയും
തകർച്ചയിൽ
ഇതിനിടെ ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദന മേഖലയും ഗുരുതരമായ പ്രതിസന്ധിയിലാണ്. ഇന്ത്യയുടെ മാനുഫാക്ച്വറിങ് മേഖല ഇറക്കുമതി ചെയ്യുന്ന ഊർജത്തെയും സാങ്കേതികവിദ്യയെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പല സംസ്ഥാനങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളുടെ തകർച്ച “മേക്ക് ഇൻ ഇന്ത്യ”യുടെ യാഥാർത്ഥ്യം തുറന്നുകാട്ടുന്നുണ്ട്. ഇന്ധനവില വർധനവും വിതരണ പ്രതിസന്ധിയും കാരണം ചെറുകിട വ്യവസായങ്ങൾ അപ്പാടെ തളരുകയാണ്. ഈ കെട്ട കാലത്ത് അമേരിക്കയിലെ ടെക്സാസിൽ ഒരു റിഫൈനറിയിൽ നിക്ഷേപിക്കാമെന്ന് ട്രംപിന് വാഗ്ദാനം ചെയ്ത 30000 കോടി ഡോളർ മുകേഷ് അംബാനി എവിടെ നിന്നാണ് കണ്ടെത്താൻ പോകുന്നതെന്ന് ഒരാൾക്ക് ചോദിക്കാം. ട്രംപ് തന്നെ “അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ” എന്ന് വിശേഷിപ്പിച്ച പദ്ധതിയാണത്.

നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ പരാമർശിച്ചുകൊണ്ട് മോദി സർക്കാരിന്റെതന്നെ അടുപ്പക്കാരനായ സാമ്പത്തികശാസ്ത്രജ്ഞൻ ഡോ സുർജിത്ത് ഭല്ല ഒരു അഭിമുഖത്തിൽ പറഞ്ഞത് ശ്രദ്ധേയമാണ്. ‘‘വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിക്ഷേപിക്കുന്നില്ല. ഇന്ത്യക്കാരും ഇന്ത്യയിൽ നിക്ഷേപിക്കുന്നില്ല. ഇന്ത്യയിലെ നിക്ഷേപാന്തരീക്ഷം അത്യന്തം മോശമായിരിക്കുകയാണ്. മറുവശത്ത്, മോദി സർക്കാർ തിരഞ്ഞെടുപ്പുകൾ തുടർച്ചയായി ജയിക്കുന്നതിനാൽ രാഷ്ട്രീയപരമായി വളരെ സൗകര്യപ്രദമായ അവസ്ഥയിലുമാണ്. അതുകൊണ്ടുതന്നെ പരിഷ്‌കരണങ്ങൾ അടിയന്തരമായി നടത്തേണ്ടതിന്റെ ആവശ്യകത അവർക്കു തോന്നുന്നില്ല. ‘വികസിത് ഭാരത്’ എന്ന മുദ്രാവാക്യം മാറ്റേണ്ട സമയം വന്നിരിക്കുന്നു; ‘ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ’ എന്ന അവകാശവാദവും അതുപോലെ മാറ്റണം, കാരണം നാം അങ്ങനെ ഒന്നുമല്ല,” എന്നാണ് ഭല്ല തുറന്നടിച്ചത്. ഇന്ത്യയിലെ ഇടതുപക്ഷം ഒരു ദശകത്തിലേറെയായി നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത് ഇന്ന് ഈ സർക്കാരിന്റെ വക്താക്കൾക്കുതന്നെ തുറന്നു പറയേണ്ടി വന്നിരിക്കുന്നു.

രാസവളത്തിന്റെ ഉപയോഗം 
പകുതിയാക്കിയാൽ
ഉൽപ്പാദനക്ഷമത തകരും
വളവുമായി ബന്ധപ്പെട്ട പ്രശ്നത്തെക്കുറിച്ചുള്ള മോദിയുടെ പ്രസ്താവന അതിലും ആശങ്കാജനകമാണ്. കർഷകർ രാസവളത്തിന്റെ ഉപയോഗം 50 ശതമാനം കുറയ്ക്കണമെന്നാണ് മോദി ആവശ്യപ്പെട്ടത്. എന്നാൽ ശാസ്ത്രീയ വിവരങ്ങൾ പറയുന്നത് മറ്റൊന്നാണ്. ഇന്ത്യയിൽ അമിത വളപ്രയോഗമല്ല കാർഷിക മേഖലയിലെ പ്രധാന പ്രശ്നം; മറിച്ച് ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയ പോഷകങ്ങളുടെ കുറവാണ്. 2024-–25-ൽ ഇന്ത്യയിലെ പൊട്ടാഷ് ഉപയോഗം ശുപാർശ ചെയ്ത നിലവാരത്തേക്കാൾ 64 ശതമാനം കുറവായിരുന്നു. ഫോസ്ഫറസ് ഉപയോഗവും ആവശ്യത്തിനേക്കാൾ താഴെയായിരുന്നു. പശ്ചിമ ബംഗാൾ, കേരളം, ഹിമാചൽ പ്രദേശ്, ജമ്മു-കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നൈട്രജൻ ഉൾപ്പെടെയുള്ള വളങ്ങളുടെ ഉപയോഗംപോലും അപര്യാപ്തമാണ്.

ഇത്തരമൊരു സാഹചര്യത്തിൽ വളപ്രയോഗം പകുതിയാക്കുക എന്നത് ഉൽപ്പാദനക്ഷമതയെ തകർക്കുന്ന നടപടിയായിരിക്കും. കർഷകരുടെ വരുമാനമിടിക്കുന്ന നടപടിയായിരിക്കും അത്. ഇന്ത്യയുടെ ഭക്ഷ്യസുരക്ഷ തന്നെ അപകടത്തിലാക്കുന്ന ഒരു നിർദേശമാണിത്. ശാസ്ത്രീയ കാർഷിക നയത്തിനുപകരം ‘പ്രകൃതി കൃഷി’ എന്ന ആർഎസ്എസിന്റെ രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ടുവയ്ക്കുകയാണ് മോദി സർക്കാർ. യഥാർത്ഥത്തിൽ വേണ്ടത് കാർഷിക ഗവേഷണത്തിലും വിജ്ഞാന-വ്യാപന സംവിധാനത്തിലും കൂടുതൽ നിക്ഷേപം നടത്തുകയും സംയോജിത പോഷകനിയന്ത്രണ രീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. അതുണ്ടാവുന്നില്ല. മറിച്ച്, ഭാരം മുഴുവനും കർഷകന്റെ തലയിൽ കെട്ടിവെക്കുകയാണ് കേന്ദ്ര സർക്കാർ.

ഭക്ഷ്യഎണ്ണ മേഖലയിലും ഈ സർക്കാരിന്റെ നയങ്ങൾ വലിയ പരാജയമാണ്. ഒരിക്കൽ എണ്ണക്കുരുവിളകളിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചിരുന്നു. എന്നാൽ ലോക വ്യാപാര സംഘടനയുടെ നയങ്ങളും വിലകുറഞ്ഞ പാം ഓയിൽ ഇറക്കുമതിയും ഇന്ത്യൻ കർഷകരെ തകർത്തു. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യഎണ്ണ ഇറക്കുമതി രാജ്യമാണ്. ഇപ്പോൾ ജനങ്ങളോട് “എണ്ണ കുറച്ച് ഉപയോഗിക്കൂ” എന്ന് മോദി പറയുന്നത് സ്വന്തം സർക്കാരിന്റെ നയപരാജയം ജനങ്ങളുടെമേൽ ചുമത്തുന്നതാണ്.

അതിനാൽ മോദിയുടെ പ്രസംഗം ഒരു സാമ്പത്തിക ഉപദേശം മാത്രമല്ല, അതൊരു രാഷ്ട്രീയ മുന്നറിയിപ്പുകൂടിയാണ്. ‘ത്യാഗം’ എന്ന ഭാഷയുടെ പിന്നിൽ ജനങ്ങളുടെമേൽ പ്രതിസന്ധിയുടെ ഭാരം ചുമത്താനുള്ള തയ്യാറെടുപ്പുണ്ട്. കോർപ്പറേറ്റുകൾക്ക് നികുതിയിളവുകൾ നൽകുമ്പോൾ ‘രാജ്യഹിതം’ പറയുന്ന സർക്കാർ, സാധാരണ ജനങ്ങളോട് ഉപഭോഗം കുറയ്ക്കണമെന്ന് ആവശ്യപ്പെടുമ്പോഴും അതേ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ചോദ്യം ഇതാണ്: എന്തുകൊണ്ടാണ് പ്രതിസന്ധിയുടെ വില എല്ലായ്-പ്പോഴും തൊഴിലാളികളും കർഷകരും മധ്യവർഗവും നൽകേണ്ടിവരുന്നത്? എന്തുകൊണ്ടാണ് കോർപ്പറേറ്റ് മൂലധനത്തിന്റെ ആഡംബരവും വിദേശ സമ്പത്ത് ചോർച്ചയും ചോദ്യംചെയ്യപ്പെടാത്തത്?

അടിസ്ഥാനപരമായ പ്രശ്നമെന്താണ്? മൂന്നു ദശകങ്ങളായി പിന്തുടർന്നുവരുന്ന നവഉദാരവത്കരണ നയങ്ങളുടെ ഫലമായി അന്താരാഷ്ട്ര ഊഹക്കച്ചവട ധനമൂലധനത്തിന്റെ ഒഴുക്കുകൾക്ക് കൂടുതൽ കൂടുതൽ ഇന്ത്യ തുറന്നുകൊടുക്കപ്പെട്ടു. ഇന്ത്യയുടെ ഓഹരി വിപണിയിലേക്കുള്ള വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ അത്യന്തം അസ്ഥിര സ്വഭാവമുള്ളവയാണ്. എന്നാൽ നിർവചനപരമായി അസ്ഥിരമല്ലാത്ത നേരിട്ടുള്ള വിദേശ നിക്ഷേപം (അഥവാ FDI) പോലും ഇന്ന് പ്രധാനമായും സ്വകാര്യ ഇക്വിറ്റി ഫണ്ടുകൾ പോലുള്ള സ്ഥാപനങ്ങളുടെ ഊഹക്കച്ചവട ധനനിക്ഷേപങ്ങളായി മാറിയിരിക്കുന്നു. അവ സിംഗപ്പൂർ, മൗറീഷ്യസ് എന്നിവ പോലുള്ള ഇടനില കേന്ദ്രങ്ങളിലൂടെ ഇന്ത്യയിലെത്തുന്നു. ഇന്ത്യയിൽനിന്ന് പുറത്തേക്കൊഴുക്കുന്ന FDIയും ഇത്തരത്തിലുള്ള നികുതി സ്വർഗങ്ങളിലേക്കാണ് ഒഴുകുന്നത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൂടുതൽ അസ്ഥിര ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ തങ്ങളുടെ പണം പിൻവലിക്കുകയാണ്; അതേസമയം FDIയുടെ വരവും കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. അടുത്തകാലത്തായി സർക്കാർ ബോണ്ടുകളും വിദേശ നിക്ഷേപകർക്ക് തുറന്നുകൊടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ ആ നിക്ഷേപകരും പിന്മാറുകയാണ്. അവരെ വീണ്ടും ആകർഷിക്കാൻ നികുതിയിളവുകൾ നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചുകൊണ്ടിരിക്കുന്നു.

ഇതെല്ലാം ഒരേയൊരു കാര്യം വ്യക്തമാക്കുന്നത്. മൂലധന അക്കൗണ്ടിന്റെ ഉദാരവത്കരണം (അതായത് നിയന്ത്രണങ്ങളില്ലാത്ത വിദേശ മൂലധന വരവും പുറത്തേക്കുപോക്കും അനുവദിച്ച സാമ്പത്തിക നയം) ഇന്ത്യയെ കൂടുതൽ ദുർബലവും അപകടസാധ്യതയേറിയതുമായ അവസ്ഥയിലേക്ക് തള്ളിയിരിക്കുകയാണ്. അതിനാൽ ഇന്നത്തെ പ്രതിസന്ധിക്ക് ഉത്തരവാദി ഇറാൻ യുദ്ധമോ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ഉപഭോഗാവശ്യങ്ങളോ അല്ല; അത് ഈ സർക്കാരിന്റെ തന്നെ സാമ്പത്തിക നയങ്ങളാണ്.

അങ്ങനെ വരുമ്പോൾ, ഇന്ത്യയുടെ ഇന്നത്തെ പ്രതിസന്ധി ഒരു മുന്നറിയിപ്പാണ്. വിദേശ ധനമൂലധനത്തെ ആശ്രയിച്ച വളർച്ചാമാതൃകയുടെ പരിമിതികൾ തുറന്നുകാണിക്കുന്ന മുന്നറിയിപ്പ്. അമേരിക്കൻ സാമ്രാജ്യത്വ താൽപര്യങ്ങളോട് ചേർന്നുനിൽക്കുന്ന വിദേശനയത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ്. പൊതുമേഖലയെ ദുർബലമാക്കി കോർപ്പറേറ്റുകളെ ശക്തിപ്പെടുത്തുന്ന വികസനമാതൃകയുടെ പരാജയത്തെക്കുറിച്ചുള്ള മുന്നറിയിപ്പ്. ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് ‘ മുണ്ടുമുറുക്കൽ’ അല്ല; സാമ്പത്തിക ദിശാമാറ്റമാണ്. ഊർജസുരക്ഷ, ഭക്ഷ്യസുരക്ഷ, വളത്തിന്റെ സ്വയംപര്യാപ്തത, പൊതുനിക്ഷേപം, സ്വതന്ത്ര വിദേശനയം എന്നിവയെ അടിസ്ഥാനമാക്കുന്ന ഒരു പുതിയ വികസന കാഴ്ചപ്പാടാണ് ഇന്ത്യക്ക് ആവശ്യം.

അല്ലെങ്കിൽ, ഗൾഫ് യുദ്ധത്തിന്റെ തീ ദൂരെയായിരിക്കാം; പക്ഷേ അതിന്റെ ചൂട് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ അടുക്കളകളിൽ തുടർന്നും അനുഭവപ്പെടും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seven + 3 =

Most Popular