Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിവിലയില്ലാതാകുന്ന 
ഇന്ത്യൻ നാണയം

വിലയില്ലാതാകുന്ന 
ഇന്ത്യൻ നാണയം

പ്രഭാത് പട്നായക്

റാനെതിരായി അമേരിക്കയും ഇസ്രയേലും ചേർന്ന് യുദ്ധം ആരംഭിച്ചതിനുശേഷം അമേരിക്കൻ ഡോളറിനെതിരെ ഏഷ്യൻ കറൻസികളുടെ മൂല്യം ഗണ്യമായ തോതിൽ ഇടിഞ്ഞിരിക്കുന്നു. അതിൽ തന്നെ ഇന്ത്യൻ രൂപയുടെ പ്രകടനം അങ്ങേയറ്റം മോശമായിരിക്കുന്നു; 2026 മാർച്ച് 20 ഓടുകൂടി 93.73 രൂപ എന്ന നിലയിലേക്ക് ഇന്ത്യൻ നാണയം കൂപ്പുകുത്തിയിരിക്കുകയാണ്; യുദ്ധം തുടങ്ങുന്നതിന് ഒരു ദിവസം മുൻപ്, അതായത് ഫെബ്രുവരി 27ന്, 91.01 രൂപയായിരുന്ന ഇന്ത്യൻ കറൻസിയാണ് ഈ നിലയിലേക്ക് ഇടിഞ്ഞിരിക്കുന്നത്. ഈ തകർച്ചയുടെ അടിയന്തര കാരണം സ്പഷ്ടമാണ്: എണ്ണയും പ്രകൃതി വാതകവും ഭീമമായ തോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ; ആ ഇറക്കുമതിയിലേറെയും വരുന്നത് ഹോർമൂസ് കടലിടുക്കിലൂടെയാണ്. ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടുന്നത് ഇന്ത്യയിൽ ഈ ഉത്പന്നങ്ങളുടെ ലഭ്യത കുറയ്ക്കുക മാത്രമല്ല മറിച്ച്, അത് ഇന്ത്യയുടെ അടവുശിഷ്ടത്തിന്മേൽ സമ്മർദ്ദമുണ്ടാക്കുകയും അതുകൊണ്ടുതന്നെ രൂപയുടെ മൂല്യത്തിനുമേലും അതേ സമ്മർദ്ദം ചെലുത്തുകയും ചെയ്യും. ഇതിനോടൊപ്പം ചേർത്തുവായിക്കാവുന്ന മറ്റു ഘടകങ്ങളുമുണ്ട്; അതായത് നമ്മുടെ അടവുശിഷ്ടത്തെ സുസ്ഥിരമാക്കിനിർത്തുന്ന പ്രധാന ഘടകമായ വിദേശപണ ഒഴുക്കിന്റെ കാര്യത്തിൽ വരുന്ന കുറവടക്കമുള്ളവ.

നമ്മുടെ കറന്റ് അക്കൗണ്ട് ബാലൻസ് പെട്ടെന്ന് വഷളായി എന്നല്ല ഇതിനർഥം. ഏതാനും ആഴ്ചയുദ്ധമുണ്ടായതുകൊണ്ടൊന്നും നമ്മുടെ കറന്റ് അക്കൗണ്ട് ബാലൻസിൽ ഇത്തരത്തിൽ നാടകീയമായ ഇടിവുണ്ടാകുകയില്ല; ഇത്തരത്തിലൊരു ഇടിവുണ്ടായേക്കാമെന്ന മുൻവിചാരമാണ് ധനമൂലധനം തിടുക്കത്തിൽ ഇന്ത്യയിൽനിന്നും പുറപ്പെട്ടുപോകുന്നതിലേക്ക് നയിച്ചത്; അതുതന്നെയാണ് രൂപയുടെ തകർച്ചയ്ക്കു നിദാനമായതും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നമ്മളിപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്, ധനമൂലധനത്തെ ആഗോളാടിസ്ഥാനത്തിൽ ചലിപ്പിക്കുന്ന ചിലരുടെ മുൻവിചാരങ്ങളെക്കുറിച്ചാണ്. വിരോധാഭാസമെന്നു പറയട്ടെ, അമേരിക്ക ഈ യുദ്ധത്തിൽ പങ്കാളികളായിട്ടുള്ള രാജ്യമായിട്ടും, യുദ്ധത്തിനുള്ള ഒന്നാമത്തെ കാരണം അമേരിക്കയുടെ യുദ്ധോത്സുക മനോഭാവമായിട്ടും ഡോളറിന്റെ ‘‘സുരക്ഷ’’ നോക്കി ധനമൂലധനം തിടുക്കത്തിൽ അമേരിക്കയിലേക്ക് പിന്തിരിഞ്ഞോടുകയാണ്. സത്യത്തിൽ ഇവിടെ ശ്രദ്ധേയമായൊരു സംഭവവികാസം നമുക്കു കാണാനാകും. എണ്ണയുമായി ബന്ധപ്പെട്ട് ഡോളറിന്റെ മൂല്യത്തിൽ ഒരിടിവുണ്ടാകുന്നത് മറ്റു കറൻസികളുടെ, പ്രത്യേകിച്ചും വികസ്വര– അവികസിത രാജ്യങ്ങളിലെ കറൻസികളുടെ മൂല്യത്തിലും, ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ തന്നെ, ഇടിവുണ്ടാക്കും!

ഇതിന് മറ്റൊരു പ്രധാന മാനമുണ്ട്. കറൻസിയിലുണ്ടാകുന്ന ഏതൊരു മൂല്യശോഷണവും അധ്വാനിക്കുന്ന ജനങ്ങളുടെ പണവരുമാനത്തിന് (ഒരേ സമയത്തുതന്നെ ഈ പണവരുമാനം വർധിക്കുക കൂടി ചെയ്താൽ കറൻസി മൂല്യശോഷണം ത്വരിതപ്പെടുത്തുന്ന ഈ നാണയപ്പെരുപ്പം അവസാനിക്കുകയില്ല.) ആപേക്ഷികമായി നാണയപ്പെരുപ്പത്തിന്റെ തോത് ഉയർത്തും, ഇറക്കുമതി ചെലവ് വർധിപ്പിക്കുന്നതുവഴി. അങ്ങനെ വരുമ്പോൾ ഇത്തരം എണ്ണ വില വർധനവിന്റേതായ സാഹചര്യങ്ങളിലെല്ലാം വികസ്വര–അവികസിത രാജ്യങ്ങൾ ഡോളറിനോട് താരതമ്യപ്പെടുത്തുമ്പോൾ, രണ്ട് ഉറവിടങ്ങളിൽനിന്നുള്ള നാണയപ്പെരുപ്പത്തെ നേരിടേണ്ടതായി വരുന്നു. ഡോളറിനോട് താരതമ്യപ്പെടുത്തുമ്പോൾ, എണ്ണവിലയിലെ നേരിട്ടുള്ള വർധനവിൽനിന്നും ഉയരുന്ന നാണയപ്പെരുപ്പമാണ് അതിലൊന്ന്; ഡോളറിന് അനുസരിച്ച് സതേൺ വിനിമയ നിരക്കുകൾ (Southern Exchange rate)ക്ക് മൂല്യശോഷണമുണ്ടാകില്ലായെങ്കിൽപോലും അത് അങ്ങനെ സംഭവിക്കുന്നു; രണ്ടാമത്തേത് ഡോളറിനോട് താരതമ്യപ്പെടുത്തുമ്പോൾ ഈ വിനിമയ നിരക്കുകൾക്കുണ്ടാകുന്ന മൂല്യശോഷണത്തിൽനിന്നും ഉയരുന്ന നാണയപ്പെരുപ്പമാണ്; ഡോളറിൽ ആഗോളവില നൽകപ്പെടുന്ന മറ്റ് ഇറക്കുമതി ഇൻപുട്ടുകളുടെയെല്ലാം ഇറക്കുമതി ചെലവുകൾ അത് വർധിപ്പിക്കുകയും അത് എണ്ണയുടെ ഇറക്കുമതി ചെലവിനെ കൂടുതൽ വർധിപ്പിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ഡോളറിൽ കണക്കാക്കുന്ന എണ്ണവിലയിൽ 10 ശതമാനത്തിന്റെ വർധനവുണ്ടായാൽ, അത് പൊതുവിൽ അമേരിക്കയിലെ വിലനിലവാരത്തിൽ ഒരു അഞ്ച് ശതമാനത്തിന്റെ വർധനവുണ്ടാക്കും; അമേരിക്കയുടെ പ്രാന്തപ്രദേശങ്ങളിൽ, അതായത് വികസ്വര–അവികസിത രാജ്യങ്ങളിൽ പൊതു വിലനിലവാരത്തിൽ അഞ്ചു ശതമാനത്തേക്കാൾ കൂടുതൽ വർധനവുണ്ടാക്കും; മെട്രോ പൊളിറ്റൻ രാജ്യങ്ങളിലുണ്ടാകുന്ന ഇത്തരം നാണയപ്പെരുപ്പം വികസ്വര–അവികസിത രാജ്യങ്ങളിൽ കൂടുതൽ ഭീകരമായ നാണയപ്പെരുപ്പം സൃഷ്ടിക്കുന്നു; ചുരുക്കത്തിൽ, ‘‘നാണയപ്പെരുപ്പം ഇരട്ടിക്കുന്നതിന്റേതായ’’ ഒരു പ്രതിഭാസമുണ്ടെന്നർഥം.

രൂപയ്ക്കെതിരായ ഉൗഹാപോഹങ്ങൾ അത്രമാത്രം ശക്തമായിരുന്നതിനാലാണ് റിസർവ് ബാങ്കിന്റെ ഗണ്യമായ ഇടപെടലുണ്ടായിട്ടും അതിന്റെ തകർച്ച സംഭവിച്ചത്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെതുടർന്ന് രൂപയെ സ്ഥിരപ്പെടുത്തുന്നതിനുവേണ്ടി റിസർവ് ബാങ്ക് 2000 കോടി ഡോളർ വരെ ചെലവഴിച്ചതായി റിപ്പോർട്ടുകളുണ്ട്; പക്ഷേ, രൂപയുടെ കുത്തനെയുള്ള തകർച്ച തടയാൻ ഇതുകൊണ്ടായില്ല. ഉറപ്പാണ്, അത്തരമൊരു ഇടപെടൽ കൂടിയില്ലായിരുന്നെങ്കിൽ തകർച്ച ഇതിലും ഭീകരമാകുമായിരുന്നേനെ. എങ്കിൽ പോലും, റിസർവ് ബാങ്കിന്റെ കാതലായ ഇടപെടലുണ്ടായിട്ടും തകർച്ച സംഭവിച്ചു എന്ന വസ്തുത വിരൽചൂണ്ടുന്നത് രൂപയ്ക്കെതിരെ ഉയരുന്ന ഉൗഹാപോഹത്തിന്റെ കരുത്തിലേക്കാണ്.

രൂപയ്ക്കെതിരായ ഉൗഹാപോഹത്തിന്റെ ഇപ്പോൾ നാം കാണുന്ന കരുത്തിനുള്ള ഒരു കാരണം സ്ഥിതി ചെയ്യുന്നത് ഇറാൻ യുദ്ധത്തിനും വളരെ മുൻപേ തന്നെ ഈ രൂപയ്-ക്കെതിരായ പ്രവണത ഉണ്ടായിരുന്നു എന്ന വസ്തുതയിലാണ്. യുദ്ധത്തിനും മുൻപേ തന്നെ ഡോളറിനോട് താരതമ്യപ്പെടുത്തുമ്പോൾ രൂപയുടെ മൂല്യം ഇടിയുകയായിരുന്നു: കേവലം രണ്ടു മാസക്കാലംകൊണ്ട്, അതായത് 2026 ജനുവരി 1 ലെ 89.94 ൽനിന്നും 2026 ഫെബ്രുവരി 27 ആയപ്പോൾ രൂപയുടെ മൂല്യം 91.01 ലേക്ക് കൂപ്പുകുത്തിയിരുന്നു; ഇറാൻ യുദ്ധം തുടങ്ങുന്നത് ഫെബ്രുവരി 28നാണ്. യുദ്ധത്തിന്റെ ഭാഗമായുണ്ടായ എണ്ണവില വർധനവും അതേത്തുടർന്ന് ഡോളറിന്റെ ‘‘സുരക്ഷ’’ നോക്കി മൂലധനം നടത്തിയ പലായനവും വന്നു പതിച്ചത് രൂപയ്ക്കെതിരായി നേരത്തേതന്നെ നിലനിൽക്കുന്ന ഈ ഉൗഹാപോഹ നീക്കത്തിനു മുകളിലാണ് എന്നുള്ളതുകൊണ്ടാണ് രൂപയുടെ ഇപ്പോഴത്തെ തകർച്ച ഇത്രമാത്രം ഭീകരമായത്. വാസ്തവത്തിൽ, ഈ തകർച്ച ഇതേ വേഗതയോടുകൂടി തുടരുമെന്നും സമീപഭാവിയിൽതന്നെ ഡോളറിനെതിരായി രൂപയുടെ മൂല്യം 95 കടക്കുമെന്നും വിപണി അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നതാണ്; റിസർവ് ബാങ്കിന്റെ കെെവശം നിലവിൽ ഏകദേശം 70,000 കോടി ഡോളറിന്റെ വിദേശനാണ്യ കരുതൽ ശേഖരം ഉണ്ടെന്ന വസ്തുത നിലനിൽക്കെയാണ് അനലിസ്റ്റുകൾ ഈ വിലയിരുത്തൽ നടത്തിയത്.

തികച്ചും അമ്പരപ്പിക്കുന്ന ഒരു വിഷയത്തിലേക്കാണ് ഇത് നമ്മളെ കൊണ്ടെത്തിക്കുന്നത്; അതായത്, ഊഹക്കച്ചവടക്കാർ സ്വന്തം കറൻസിക്കെതിരെ തിരിയുമ്പോൾ ആ കറൻസിയുടെ മൂല്യത്തകർച്ചയെ തടഞ്ഞുനിർത്തുന്നതിന് ഭീമമായ തോതിലുള്ള വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ വ്യക്തമായ കഴിവില്ലായ്മയെയാണ് ഇത് കാണിച്ചുതരുന്നത്. ഉൗഹക്കച്ചവടക്കാർ കറൻസിയുടെ മൂല്യത്തിൽ ഏതെങ്കിലും വിധത്തിലുള്ള തകർച്ചയുണ്ടായേക്കാമെന്ന് കണക്കാക്കുകയും രാജ്യത്തുനിന്നും പുറത്തേക്ക് -ഫണ്ട് മാറ്റുവാൻ തുടങ്ങുകയും ചെയ്താൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണത്തിന് അവരങ്ങനെ ചെയ്താൽ, ഫിനാൻസിന്റെ ഈ പുറത്തേക്കൊഴുക്കിനെ തടയുന്നതിന് ഏതെങ്കിലും രീതിയിൽ കരുതൽ ശേഖരം വിൽക്കുന്നത്, കറൻസിയുടെ മൂല്യത്തിൽ കൂടുതൽ വലിയ തകർച്ചയുണ്ടാകുമെന്ന പ്രതീക്ഷയെ ശക്തിപ്പെടുത്തുക മാത്രമേ ചെയ്യുകയുള്ളൂ. ഇതറിയാവുന്നതിനാൽ, ഊഹക്കച്ചവടക്കാരുടെ ‘മനോഭാവം’ കറൻസിക്കെതിരായിരിക്കുന്ന സമയത്ത് കറൻസിയുടെ മൂല്യം അങ്ങനെ തന്നെ നിലനിർത്തുന്നതിന് വിദേശനാണയ കരുതൽ ശേഖരം ഉപയോഗിക്കുന്ന കാര്യത്തിൽ സെൻട്രൽ ബാങ്ക് കൂടുതൽ ജാഗ്രത പുലർത്താറുണ്ട്. അതുകൊണ്ടുതന്നെ, ഒരു രാജ്യത്തിന് വലിയ കരുതൽ ശേഖരമുണ്ടെങ്കിൽപോലും അതിന്റെ കറൻസിയുടെ മൂല്യം ഇടിഞ്ഞുകൊണ്ടേയിരിക്കാം. കടം തീർക്കുന്നതിനുള്ള ബാധ്യതകൾ നിറവേറ്റുന്നതിന്, അല്ലെങ്കിൽ അടവുശിഷ്ടത്തിനുമേലുള്ള കറന്റ് അക്കൗണ്ട് കമ്മി ശരിക്കും നികത്തുന്നതിന്, അതായത് സമ്പദ്ഘടനയുടെ ലിക്വിഡിറ്റി ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിദേശനാണ്യ കരുതൽ ശേഖരം ഉപയോഗപ്രദമാകും; എന്നാൽ, കറൻസിക്ക് ഒരു തകർച്ച സംഭവിക്കാനിടയുണ്ട് എന്ന ‘മനോഭാവം’ കമ്പോളത്തിനുള്ള സമയത്ത് കറൻസിയുടെ മൂല്യത്തകർച്ച തടയുന്നതിന് അത് അത്രകണ്ട് ഉപകരിക്കില്ല.

രാജ്യത്തിന്റെ സ്വന്തം കറന്റ് അക്കൗണ്ട് മിച്ചത്തിൽ നിന്നുമല്ലാതെ വിദേശ നിക്ഷേപകർ രാജ്യത്തേക്ക് കൊണ്ടുവരുന്ന ഫിനാൻസിൽനിന്നുമാണ് വിദേശനാണ്യ കരുതൽ ശേഖരം സ്വരുക്കൂട്ടിവയ്ക്കുന്നത് എന്നു കരുതുക; അങ്ങയാണെങ്കിൽ, ഈ ഫിനാൻസ് രാജ്യത്തേക്ക് കൊണ്ടുവരുന്നവർക്ക് രാജ്യം നൽകുന്ന പലിശനിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കരുതൽശേഖരത്തിനുമേൽ രാജ്യത്തിനു വളരെ കുറഞ്ഞ പലിശനിരക്കായിരിക്കും സ്വാഭാവികമായും ലഭിക്കുന്നത്; അങ്ങനെ വരുമ്പോൾ കടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഭീമമായ വിദേശനാണ്യ കരുതൽശേഖരം ഉണ്ടായിരിക്കുകയെന്ന പ്രശ്നം കൂടുതൽ ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാകുന്നു. ഉദാഹരണത്തിന്, ഇന്ത്യയിൽ റിസർവ് ബാങ്ക് സൂക്ഷിച്ചിരിക്കുന്ന വിദേശനാണ്യ ശേഖരത്തിന് ലഭിക്കുന്ന ശരാശരി നിരക്ക് കഷ്ടിച്ച് 1.5 ശതമാനമാണ്; അതേസമയം ഈ ഫിനാൻസ് രാജ്യത്തേക്ക് കൊണ്ടുവരുന്നവർക്ക് രാജ്യം നൽകുന്ന ശരാശരി നിരക്ക് (മൂലധന വിലമതിപ്പടക്കം) കുറഞ്ഞത് 7–8 ശതമാനമാണ്. അതുകൊണ്ടുതന്നെ പുറത്തുനിന്നും ഫിനാൻസ് രാജ്യത്തിനകത്തേക്ക് വരുന്നതിലൂടെ ഉണ്ടാക്കുന്ന ഓരോ യൂണിറ്റ് വിദേശനാണ്യ കരുതൽശേഖരവും ‘‘വിലയേറിയത് കടമെടുത്ത് കുറഞ്ഞ വിലയ്ക്ക് കടംകൊടുക്കുന്ന’’തിനു സമാനമായിരിക്കും; അതായത് ഇങ്ങനെയുള്ള കരുതൽശേഖരം എത്രത്തോളം വർധിക്കുന്നുവോ, രാജ്യത്തിൽനിന്നുള്ള ‘ചോർച്ച’ അത്രത്തോളം വലുതായിരിക്കും.

അതിനാൽ വായ്പയായി പുറത്തുനിന്നും വരുന്ന ഫിനാൻസിൽ നിന്നും സ്വരുക്കൂട്ടുന്ന വമ്പൻ കരുതൽശേഖരം അതിന്റേതായ പ്രശ്നങ്ങൾ സൃഷ്ടിക്കും; ‘‘ഉദാരവത്കൃത’’ വ്യാപാര– മൂലധന സംവിധാനം നടപ്പാക്കുന്ന, താരിഫുകളും അളവുപരമായ വ്യാപാര നിബന്ധനകളും കെെവെടിഞ്ഞ, ധനമൂലധനത്തെ സ്വതന്ത്രമായി രാജ്യത്തിനുപുറത്തേക്കുപോകാനനുവദിച്ച, വിനിമയ നിരക്കും അതുകൊണ്ടുതന്നെ രാജ്യത്തെ കോടാനുകോടി അധ്വാനിക്കുന്ന ജനങ്ങളുടെ ജീവിത സാഹചര്യങ്ങളും ഒരുകൂട്ടം അന്താരാഷ്ട്ര ഊഹക്കച്ചവടക്കാരുടെ തോന്ന്യാസങ്ങൾക്കും ചാഞ്ചാട്ടങ്ങൾക്കും വിട്ടുകൊടുത്ത ഒരു ഭരണകൂടത്തിന്റെ പോരായ്മകളാണ് ഇവിടെ അടിവരയിടപ്പെടുന്നത്. ഇവയെല്ലാം തന്നെ നിയോലിബറൽ സമ്പദ്ഘടനയുടെ സവിശേഷതകളാണ്; രൂപയുടെ മൂല്യത്തകർച്ചയുടെ രൂപത്തിൽ നമ്മളിന്ന് ഇന്ത്യയിൽ കാണുന്നത് അതിന്റെ വിനാശകരമായ ഫലങ്ങളാണ്.

എന്തുതന്നെയായാലും, നിലവിലെ ഈ സാഹചര്യം നവലിബറൽ വാഴ്ചയിൽനിന്നും അകന്നുനിൽക്കാനുള്ള ഒരു വലിയ അവസരം കൂടിയാണ്. ഡൊണാൾഡ് ട്രംപിന്റെ താരിഫ് ആക്രമണം, ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങൾക്ക് തങ്ങളുടെ കറന്റ് അക്കൗണ്ട് ബാലൻസുകൾ കെെകാര്യം ചെയ്യുന്നതിനുവേണ്ടി സ്വന്തമായി ഒരുകൂട്ടം താരിഫുകൾ ഏർപ്പെടുത്തുവാനുള്ള പാത തുറന്നിരിക്കുകയാണ്. അതുപോലെ, അമേരിക്ക നിലവിൽ ഉപരോധമേർപ്പെടുത്തിയിട്ടുള്ള അനേകം രാജ്യങ്ങൾക്ക് ഒന്നിച്ചുവരുവാനും ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളുമായി കൂട്ടുകൂടുവാനും സ്വന്തമായ ഉഭയകക്ഷി അഥവാ ബഹുകക്ഷി വ്യാപാര ക്രമീകരണങ്ങൾ രൂപപ്പെടുത്തുവാനും കഴിയും. പണമിടപാടുകൾക്കും അടവുശിഷ്ടക്കമ്മി നികത്തുന്നതിനുമുള്ള ഉപാധിയായി അമേരിക്കൻ ഡോളറിനെ സ്വീകരിക്കാതിരിക്കുക എന്നതായിരിക്കണം ഇത്തരം ക്രമീകരണങ്ങളുടെ മുഖമുദ്ര; ഡോളറിനെ ഒഴിവാക്കിക്കൊണ്ട് പകരം പണമിടപാടുകൾ ഓരോ രാജ്യത്തിന്റെയും കറൻസികളിൽ (നിശ്ചിത വിനിമയ നിരക്കുകളുണ്ടായിരിക്കണം) കണക്കാക്കുകയും പരസ്പരമുള്ള കരാറുകളിലൂടെ ഓരോ രാജ്യത്തിന്റെയും ചരക്കുകൾ വാങ്ങിക്കൊണ്ട് തീർപ്പാക്കുന്നതുവരെ അടവുശിഷ്ടകമ്മി ഒരു വർഷത്തിൽനിന്നും അടുത്ത വർഷത്തേക്ക് നീട്ടുകയും വേണം. ഇത് ഡോളറിന്റെ ആവശ്യകതയെ തുടച്ചുനീക്കുകയും അതുകൊണ്ടുതന്നെ അത് അന്താരാഷ്ട്ര ധനമൂലധനത്തെ ആകർഷിക്കേണ്ടതിന്റെയും സാമ്രാജ്യത്വത്തിന്റെ തീട്ടൂരങ്ങൾക്ക് സ്വന്തം സമ്പദ്ഘടനയെ അടിയറവയ്-ക്കേണ്ടതിന്റെയും ആവശ്യകത ഇല്ലാതാക്കുകയും ചെയ്യും.

എന്നാൽ, മോദി ഗവൺമെന്റ് പിന്തുടരുന്ന നയം ഇതിൽനിന്നു മൊത്തത്തിൽ വ്യത്യസ്തമാണ്. മോദി ഗവൺമെന്റ് ലോകത്താകെയുള്ള വിവിധ രാജ്യങ്ങളുമായി ഒന്നിനുപുറകെ ഒന്നായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കുകയാണ്. ഇത് ഇന്ത്യയുടെ വ്യാപാരത്തിന്റെ അളവു വർധിപ്പിച്ചേക്കാം, എന്നാൽ അതൊരിക്കലും ഇന്ത്യയുടെ കയറ്റുമതി ശിഷ്ടം വർധിപ്പിക്കുകയോ ആഭ്യന്തരതൊഴിലവസരങ്ങൾ വർധിപ്പിക്കുകയോ ചെയ്യുകയില്ല; എല്ലാത്തിലുമുപരി, അതൊരിക്കലും ആഗോളവത്കൃത ധനമൂലധനത്തോടുള്ള നമ്മുടെ സമ്പദ്ഘടനയുടെ ദാസ്യത്വം ഇല്ലാതാക്കുകയുമില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − fourteen =

Most Popular