Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിഇരുട്ടിലെ വിലാപങ്ങൾ 
നയപരാജയങ്ങളുടെ 
കുറ്റപത്രം

ഇരുട്ടിലെ വിലാപങ്ങൾ 
നയപരാജയങ്ങളുടെ 
കുറ്റപത്രം

അഭിലാഷ് എസ്

സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വിചിത്രവും അമ്പരപ്പിക്കുന്നതുമായ പ്രസംഗമാണ് 2026 മെയ് 10ന് ഹൈദരാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ഇന്ത്യക്കാർ കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും സ്വർണം വാങ്ങരുത്, വിദേശയാത്രകൾ പൂർണമായും ഒഴിവാക്കണം, ഐ.ടി മേഖലയിലടക്കം വർക്ക് ഫ്രം ഹോം രീതിയിലേക്ക് ജീവനക്കാർ മടങ്ങണം, ഇന്ധനം ലാഭിക്കാൻ കാർപൂളിങ്ങും മെട്രോയും പരമാവധി ഉപയോഗിക്കണം എന്നിങ്ങനെയുമുള്ള അസാധാരണമായ അഭ്യർത്ഥനകൾ കേവലമൊരു രാഷ്ട്രീയ പ്രസംഗമായിരുന്നില്ല; മറിച്ച്, ഒരു ദശാബ്ദക്കാലമായി രാജ്യം നിർവിഘ്നം പിന്തുടരുന്ന നവലിബറൽ സാമ്പത്തിക നയങ്ങളുടെ പൂർണമായ പരാജയത്തെക്കുറിച്ചുള്ള ഒരു ഭരണാധികാരിയുടെ കുറ്റസമ്മതമായിരുന്നു. അടിസ്ഥാനപരമായ സാമ്പത്തിക യാഥാർത്ഥ്യങ്ങളെ പാടെ അവഗണിച്ച്, വെറും മുദ്രാവാക്യങ്ങളിൽ മാത്രം കെട്ടിപ്പടുത്ത ഒരു ഭരണകൂടം നേരിടുന്ന ഘടനാപരമായ തകർച്ചയുടെ സത്യവാങ്മൂലമാണ് അദ്ദേഹം രാജ്യത്തിനുമുന്നിൽ സമർപ്പിച്ചത്. ദേശസ്നേഹത്തിന്റെ ഭാഷയിൽ പൊതിഞ്ഞ വെറും ധാർമ്മികമായ ഈ ഉപദേശങ്ങൾ വഴി സർക്കാരിന്റെ തന്നെ നയപരമായ പരാജയങ്ങളുടെ പ്രത്യാഘാതങ്ങളിൽ നിന്ന് ഭരണകൂടത്തെ രക്ഷിക്കാൻ പൗരർ തങ്ങളുടെ ഉപഭോഗ ശീലങ്ങൾ സ്വമേധയാ ചുരുക്കണമെന്നാണ് അദ്ദേഹം അക്ഷരാർത്ഥത്തിൽ ആവശ്യപ്പെട്ടത്.

പ്രസംഗത്തെ ‘ദേശസ്നേഹപരമായ സാമ്പത്തിക ആഹ്വാനം’ എന്ന നിലയിലാണ് മോദിയുടെ ഓഫീസ് പിന്നീട് വ്യാഖ്യാനിക്കാൻ ശ്രമിച്ചത്. എന്നാൽ രാജ്യത്തെ മൂലധന വിപണിയും സാമ്പത്തിക വിദഗ്ധരും ഈ പ്രസംഗത്തെ വായിച്ചത് വലിയൊരു ആശ്വാസമായല്ല, മറിച്ച് തികഞ്ഞ ആശങ്കയോടെയും പരിഭ്രാന്തിയോടെയുമാണ്. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിയിലും വിദേശനാണ്യ ശേഖരത്തിലുമുള്ള ഭരണകൂടത്തിന്റെ അടങ്ങാത്ത ഭയമായാണ് വിദേശ നിക്ഷേപകരും ആഭ്യന്തര വിപണിയും സർക്കാരിന്റെ ഈ അസാധാരണമായ അഭ്യർത്ഥനകളെ കൃത്യമായി വ്യാഖ്യാനിച്ചത്. ഈ പ്രസംഗം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ, മൂലധന വിപണിയിൽ നിന്ന് വരുന്ന വാർത്തകൾ ആ തകർച്ചയുടെ ആഴം എത്രത്തോളമുണ്ടെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നതാണ്. പ്രസംഗത്തിന് തൊട്ടുപിന്നാലെ, മെയ് 11ന് നടന്ന വ്യാപാരത്തിൽ ടൈറ്റൻ കമ്പനിയുടെയും കല്യാൺ ജ്വല്ലേഴ്സിന്റെയും ഓഹരികൾ പതിനൊന്ന് ശതമാനത്തോളമാണ് കൂപ്പുകുത്തിയത്. മണി കൺട്രോൾ പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത് ശരിയാണെങ്കിൽ വിപണിയിൽ നിന്നും 11 ലക്ഷം കോടിയോളം രൂപയാണ് മേയ് 12 ന്റെ വ്യാപാരത്തിൽ നിക്ഷേപകർക്ക് നഷ്ടമായത്.

വിപണിയുടെ പരിഭ്രാന്തിയും 
സാമ്രാജ്യത്വ മൂലധനത്തിനു 
മുന്നിലെ കീഴടങ്ങലും
2026 ജനുവരിക്ക് ശേഷം രൂപയുടെ മൂല്യത്തിൽ 5 ശതമാനത്തിലധികം ഇടിവ് സംഭവിച്ചു കഴിഞ്ഞു. 2026 ജനുവരിയിൽ ഡോളറിന് 89.86 രൂപ എന്ന നിലയിലായിരുന്ന വിനിമയ നിരക്കാണ് 96 രൂപയിലേക്ക് അനിയന്ത്രിതമായി കൂപ്പുകുത്തിയിരിക്കുന്നത്. അതായത്, വെറും നാലര മാസത്തിനുള്ളിൽ 5.31 ശതമാനത്തിന്റെ ഇടിവാണ് രൂപയ്ക്കുണ്ടായിരിക്കുന്നത്. ഇതിന് തടയിടാനെന്നവണ്ണം, യാതൊരു മുന്നൊരുക്കവുമില്ലാതെ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ വർദ്ധിപ്പിക്കുന്ന തീരുമാനത്തിലേക്ക് മോദി സർക്കാർ എത്തിച്ചേരുകയും ചെയ്തു. ഇത് കേവലം സാങ്കേതികമായ ചില വിപണി മാറ്റങ്ങളുടെ ഭാഗമായി ഉണ്ടായതല്ല, മറിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാലമായുള്ള ഘടനാപരമായ ദൗർബല്യങ്ങളുടെയും സാമ്രാജ്യത്വ സാമ്പത്തിക നയങ്ങൾക്കുള്ള നിരുപാധികമായ കീഴടങ്ങലിന്റെയും കൃത്യമായ പ്രതിഫലനമാണ്.

രൂപയുടെ ഇപ്പോഴത്തെ ഈ തകർച്ച മുന്നറിയിപ്പില്ലാതെ അപ്രതീക്ഷിതമായി വന്ന ഒരു ബാഹ്യ ആഘാതത്തിന്റെ ഫലമല്ല. മറിച്ച് യഥാർത്ഥ ഉൽപ്പാദന വളർച്ചയ്ക്കുപകരം കേവലം ജിഡിപി കണക്കുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, ആസ്തികളുടെ വിലക്കയറ്റത്തെ യഥാർത്ഥ വികസനമായി തെറ്റിദ്ധരിപ്പിക്കുകയും, പശ്ചിമേഷ്യൻ പ്രതിസന്ധി പോലെയുള്ള ബാഹ്യ സമ്മർദ്ദങ്ങളെ ചെറുക്കാൻ കഴിയുന്ന ഒരു സമ്പദ്‌വ്യവസ്ഥ നിർമിക്കുന്നതിൽ ഓരോ ബജറ്റിലും പരാജയപ്പെടുകയും ചെയ്ത ഒരു സാമ്പത്തിക മാതൃകയുടെ അനിവാര്യമായ അനന്തരഫലമാണിത്. മേക്ക് ഇൻ ഇന്ത്യ പദ്ധതികളിലൂടെ ഇന്ത്യയെ ലോകത്തിന്റെ നിക്ഷേപകേന്ദ്രമാക്കി മാറ്റി എന്നതായിരുന്നു ഈ സർക്കാരിന്റെ ഏറ്റവും വലിയതും ആവർത്തിക്കപ്പെടുന്നതുമായ അവകാശവാദം. എന്നാൽ 2026 സാമ്പത്തിക വർഷത്തിൽ മാത്രം 3.33 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി-കടപ്പത്ര വിപണികളിൽ നിന്ന് അതിവേഗം പിൻവലിച്ചത്. ഏപ്രിൽ മാസത്തിൽ മാത്രം എഴുപതിനായിരം കോടി രൂപയുടെ മൂലധനമാണ് രാജ്യത്തിന് പുറത്തേക്ക് ഒഴുകിയത്. വിദേശികൾ തങ്ങളുടെ ഇന്ത്യൻ ആസ്തികൾ വിറ്റ് രൂപയെ ഡോളറാക്കി മാറ്റുമ്പോൾ ഡോളറിന് ആവശ്യക്കാരേറുകയും രൂപയുടെ മൂല്യം സ്വാഭാവികമായും ഇടിയുകയും ചെയ്യുന്നു. അമേരിക്കയിലെ ട്രഷറി പലിശ നിരക്ക് 4.43 ശതമാനമായി ഉയർന്നതും, ഇന്ത്യയുടെ വളർച്ചാനിരക്ക് യുബിഎസ് പോലെയുള്ള ഏജൻസികൾ 6.2 ശതമാനമായി വെട്ടിക്കുറച്ചതും, നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ യഥാർത്ഥ ചിത്രം പുറത്തുവന്നതുമാണ് ഈ വൻകിട മൂലധന ശക്തികളെ കൂട്ട പലായനത്തിന് പ്രേരിപ്പിച്ചത്.

വിദേശ മൂലധനത്തെ അന്ധമായി പ്രീണിപ്പിച്ച കഴിഞ്ഞ ഒരു ദശാബ്ദം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ആഗോള മാറ്റങ്ങൾക്ക് മുന്നിൽ തീർത്തും ദുർബലമാക്കുക മാത്രമാണ് ചെയ്തത്. ന്യൂയോർക്കിലെയും ലണ്ടനിലെയും നിക്ഷേപകരുടെ ഇംഗിതങ്ങൾക്കും ലാഭക്കൊതിക്കുമനുസരിച്ച് തകരുന്ന ഒന്നായി രൂപയുടെ വിനിമയമൂല്യം മാറി. ആയിരക്കണക്കിന് കിലോമീറ്ററുകൾക്കകലെ നടക്കുന്ന അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം ഇന്ത്യയിലെ സാധാരണക്കാരന്റെ പാചകവാതകത്തിന്റെയും ഭക്ഷണത്തിന്റെയും വിലയെ ബാധിക്കുന്ന ഭയാനകമായ അവസ്ഥയുണ്ടായി. ഭരണകൂടം ഇതിനെ ആഗോളവൽക്കരണം എന്നാണ് വിളിക്കുന്നതെങ്കിലും, സാമ്പത്തിക ശാസ്ത്രത്തിൽ ഇതിനെ സാമ്രാജ്യത്വ മൂലധനത്തോടുള്ള നിരുപാധികമായ ഘടനാപരമായ കീഴടങ്ങൽ എന്നാണ് കൃത്യമായി നിർവചിക്കേണ്ടത്.

പശ്ചിമേഷ്യൻ പ്രതിസന്ധിയും
ആത്മനിർഭർ ഭാരത് എന്ന 
നിയോലിബറൽ മിഥ്യയും
രൂപയുടെ മൂല്യമിടിവിന്റെ ഏറ്റവും പ്രധാനപ്പെട്ടതും പെട്ടെന്നുള്ളതുമായ കാരണമായി പശ്ചിമേഷ്യൻ സംഘർഷത്തെ കാണാമെന്നത് ബൗദ്ധികമായ സത്യസന്ധതയോടെ നാം അംഗീകരിക്കേണ്ടതുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള സാമ്രാജ്യത്വ സംഘർഷങ്ങൾ രൂക്ഷമായതും, ഇത് ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിന് സൃഷ്ടിച്ച ഭീഷണിയും ഒരു യഥാർത്ഥ ബാഹ്യ ആഘാതം തന്നെയാണ്. കഴിഞ്ഞ വർഷം അവസാനത്തോടെ ബാരലിന് 80 ഡോളർ നിരക്കിൽ വലിയ മാറ്റങ്ങളില്ലാതെ സ്ഥിരത കൈവരിച്ചിരുന്ന ആഗോള എണ്ണവില, ഷിപ്പിംഗ് ഇൻഷുറൻസ് പ്രീമിയങ്ങൾ ഉയർന്നതോടെ ഈ വർഷം ഫെബ്രുവരി–-മാർച്ച് മാസത്തോടെ 105 ഡോളർ കടന്നിരുന്നു. നമ്മുടെ ഊർജ്ജ ആവശ്യങ്ങളുടെ ഭയാനകമായ പരാധീനതയും തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ അവസ്ഥയും പരിശോധിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. രാജ്യത്തിനാവശ്യമായ ക്രൂഡോയിൽ എൺപത്തഞ്ച് ശതമാനവും നമ്മൾ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഇതിൽതന്നെ ക്രൂഡോയിൽ ഇറക്കുമതിയുടെ വലിയൊരു പങ്കും, ദ്രവീകൃത പ്രകൃതി വാതകത്തിന്റെ അറുപത് ശതമാനവും, പാചകവാതകത്തിന്റെ മുഴുവൻ ഭാഗവും കടന്നുവരുന്നത് സംഘർഷഭരിതമായ ഈ ഹോർമുസ് കടലിടുക്കിലൂടെയാണെന്ന യാഥാർത്ഥ്യം ഈ ഊർജ്ജ പ്രതിസന്ധിയുടെ ആഴം പലമടങ്ങ് വർദ്ധിപ്പിക്കുന്നു.

കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ, ക്രൂഡോയിലിനും പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമായി മാത്രം 174.9 ബില്യൺ ഡോളറാണ് ഇന്ത്യ വിദേശത്തേക്ക് നൽകിയത്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ്. ഇത് നമ്മുടെ ആകെ ഇറക്കുമതി ബില്ലിന്റെ ഇരുപത്തിരണ്ട് ശതമാനത്തോളം വരും എന്നോർക്കണം, കൂടാതെ ക്രൂഡോയിൽ വിലയിലുണ്ടാകുന്ന ഓരോ പത്ത് ഡോളറിന്റെ വർദ്ധനവും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയെ ജിഡിപിയുടെ 40 മുതൽ 50 ബേസിസ് പോയിന്റ് വരെ കുത്തനെ ഉയർത്തുന്നുണ്ട് എന്ന വസ്തുത ഈ സാമ്പത്തിക ഘടനയുടെ തകർച്ചയെ സൂചിപ്പിക്കുന്നു. എണ്ണവില 105 ഡോളറിലെത്തുകയും ഒപ്പം രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുമ്പോൾ, ഓരോ ബാരൽ എണ്ണയ്ക്കും നൽകേണ്ടി വരുന്ന രൂപയുടെ അളവ് കുതിച്ചുയരുകയും വിദേശ വ്യാപാരക്കണക്കുകൾ സമ്പൂർണമായി തകിടം മറിയുകയും ചെയ്യുന്നു. ഇതിനൊപ്പം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ആപേക്ഷികമായ കരുത്തും, അവരുടെ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വലിയ തോതിൽ കുറയ്ക്കാതെ ഉയർന്ന തലത്തിൽ തന്നെ നിലനിർത്തുന്നതും ഡോളറിനെ ആഗോള വിപണിയിൽ കൂടുതൽ ശക്തമാക്കുന്നുണ്ട്. തായ്‌ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണാഫ്രിക്ക എന്നീ വികസ്വര രാജ്യങ്ങളുടെ കറൻസികളും സമാനമായോ അതിലധികമായോ മൂല്യമിടിവ് നേരിട്ടിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്.

എന്നാൽ ഈ ബാഹ്യ ഘടകങ്ങളെ മാത്രം പഴിചാരി കേന്ദ്ര സർക്കാരിന് തങ്ങളുടെ അടിസ്ഥാനപരമായ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. ഒരു രാജ്യത്തിന് ബാഹ്യ ആഘാതങ്ങളോടുള്ള ഈ ഭയാനകമായ ദുർബലത (Vulnerability) സ്വാഭാവികമായി ഉണ്ടാകുന്നതല്ല, മറിച്ച്, എന്ത് ഉൽപ്പാദിപ്പിക്കണം, എന്ത് ഇറക്കുമതി ചെയ്യണം, മൂലധന അക്കൗണ്ട് എങ്ങനെ വികസിപ്പിക്കണം, ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളെ നേരിടാൻ കഴിയുന്ന വ്യാവസായിക – സാങ്കേതിക ശേഷികൾ എങ്ങനെ കെട്ടിപ്പടുക്കണം എന്നതിനെയൊക്കെസംബന്ധിച്ച് വർഷങ്ങളായി ഒരു ഭരണകൂടം ബോധപൂർവ്വം സ്വീകരിക്കുന്ന നയപരമായ തീരുമാനങ്ങളുടെ ഫലമാണത്. കാര്യക്ഷമമായി ഭരിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഇത്തരം ബാഹ്യ ആഘാതങ്ങൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാറില്ല, മറിച്ച് ദുർഭരണം നേരത്തെതന്നെ സൃഷ്ടിച്ചുവെച്ചിരിക്കുന്ന ആഴത്തിലുള്ള വിള്ളലുകളെ ബാഹ്യ ആഘാതങ്ങൾ കൂടുതൽ തുറന്നുകാണിക്കുക മാത്രമാണ് ചെയ്യുന്നത്. നിലവിലെ രൂപയുടെ പ്രതിസന്ധിയും അത്തരമൊരു നയപരാജയത്തിന്റെ വെളിപ്പെടുത്തൽ മാത്രമാണ്.

2020ൽ കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ വലിയ കൊട്ടിഘോഷങ്ങളോടെ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് അഥവാ സ്വാശ്രയ ഇന്ത്യ പദ്ധതിയുടെ പൊള്ളത്തരവും ഈ പ്രതിസന്ധിയോടെ ജനങ്ങൾക്ക് മുന്നിൽ പൂർണമായി വെളിപ്പെട്ടിരിക്കുകയാണ്. ആറുവർഷങ്ങൾക്കിപ്പുറം മന്ത്രിമാരുടെ നിരവധി പ്രസംഗങ്ങളും പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പോലെയുള്ള കോർപ്പറേറ്റ് സബ്സിഡി പദ്ധതികളും ഉണ്ടായിട്ടും രാജ്യം ഉൽപ്പാദന രംഗത്ത് സ്വയംപര്യാപ്തത നേടിയില്ല എന്നു മാത്രമല്ല, ഊർജ്ജ മേഖലയിലെ നമ്മുടെ പരാധീനതകൾ യാതൊരു മാറ്റവുമില്ലാതെ തുടരുകയുമാണ്.

2014ൽ ബിജെപി അധികാരത്തിൽ വരുമ്പോൾ ക്രൂഡോയിൽ ഇറക്കുമതിയെ നമ്മൾ എത്രത്തോളം ആശ്രയിച്ചിരുന്നോ കൃത്യം അതേ 85 ശതമാനത്തിൽ തന്നെയാണ് ഇന്നും ഇന്ത്യ നിസ്സഹായമായി നിൽക്കുന്നത്. സൗരോർജ്ജ-–കാറ്റ്– വൈദ്യുത പദ്ധതികളിൽ ചില നിക്ഷേപങ്ങൾ വന്നിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും രാജ്യത്തിന്റെ പെട്രോളിയം ഇറക്കുമതി ഗണ്യമായി കുറയ്ക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം നമ്മുടെ രാജ്യത്ത് ഇപ്പോഴും ശൈശവാവസ്ഥയിൽ തന്നെയാണ് തുടരുന്നത്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഇന്ത്യയുടെ തന്ത്രപ്രധാനമായ എണ്ണശേഖരം വെറും 5.33 ദശലക്ഷം ടൺ മാത്രമാണ്, അതായത്, തടസ്സമുണ്ടായാൽ വെറും രണ്ടാഴ്ചത്തെ ആവശ്യങ്ങൾക്കുള്ള എണ്ണ മാത്രമാണ് നമ്മുടെ കൈവശമുള്ളത്. സാമ്പത്തിക സർവേകളിലും പാർലമെന്ററി കമ്മിറ്റികളിലും ഊർജ്ജ മേഖലയിലെ ഈ പരാധീനതകളും ഭീഷണികളും കൃത്യമായി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. യഥാർത്ഥ പ്രശ്നം, ഊർജ്ജ സ്വയംപര്യാപ്തത ഇല്ലാത്തതാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞിട്ടും അത് പരിഹരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സാമ്പത്തിക വിഹിതവും നൽകാതിരുന്ന താണ് ഭരണകൂടത്തിന്റെ യഥാർത്ഥ പരാജയം.

കോർപ്പറേറ്റ് ദാനധർമങ്ങളും 
സാധാരണക്കാരന്റെ മേലുള്ള 
നികുതിക്കൊള്ളയും
ഇതിനിടെയാണ് പെട്രോളിനും ഡീസലിനും ഒരു മുന്നറിയിപ്പുമില്ലാതെ ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ഈ നടപടി സാധാരണക്കാരന്റെ കുടുംബ ബജറ്റിന്മേൽ നടത്തുന്ന ഒരു കടന്നാക്രമണമാണ്. എണ്ണക്കമ്പനികൾ നഷ്ടത്തിലാണെന്നും അവരുടെ വിലാപം കേട്ടില്ലെങ്കിൽ രാജ്യം പ്രതിസന്ധിയിലാകുമെന്നും മോദി സർക്കാർ പറയുമ്പോൾ, അതിന് പിന്നിലെ യഥാർത്ഥ ‘സാമ്പത്തിക ശാസ്ത്രം’ നമ്മൾ തിരിച്ചറിയണം. ഇത് വെറുമൊരു സാമ്പത്തിക പ്രതിസന്ധിയല്ല, പച്ചയായ ‘റിവേഴ്സ് റോബിൻഹുഡ്’ നയമാണ് ഇക്കാര്യത്തിൽ കേന്ദ്രം സ്വീകരിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം എന്ന സ്ഥിരം പല്ലവി പറഞ്ഞ് 25 രൂപ വരെ വർദ്ധിപ്പിക്കാൻ പോകുന്ന വലിയൊരു കൊള്ളയുടെ തുടക്കമാണിത്.

ഈ വിലവർദ്ധനവിലെ ഏറ്റവും വലിയ ചതി ഒളിഞ്ഞിരിക്കുന്നത് ‘വിൻഡ്ഫാൾ ടാക്സ്’ (Windfall Tax) നിർത്തലാക്കിയ തീരുമാനത്തിലാണ്. എന്താണ് ഈ നികുതിയെന്ന് ലളിതമായി പറഞ്ഞാൽ—അന്താരാഷ്ട്ര വിപണിയിൽ വില കൂടുമ്പോൾ ആഭ്യന്തര എണ്ണ ഉൽപ്പാദകർ (ONGC പോലുള്ളവർ) യാതൊരു അധിക അധ്വാനവുമില്ലാതെ കൊയ്യുന്ന ‘അപ്രതീക്ഷിത ലാഭത്തിന്മേൽ’ സർക്കാർ ചുമത്തുന്ന പിഴയാണത്.

2024 ഡിസംബർ 2-ന്, രാജ്യം ഒരു വലിയ എണ്ണ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പായിട്ടും കേന്ദ്ര സർക്കാർ വിചിത്രമായ ഒരു തീരുമാനത്തിലൂടെ ഈ വിൻഡ്ഫാൾ ടാക്സ് പിൻവലിച്ചു. കോർപ്പറേറ്റുകൾക്കും വൻകിട ശുദ്ധീകരണ ശാലകൾക്കും നൽകിയ ഈ ‘ഔദാര്യത്തിലൂടെ’ ഏകദേശം 25,000 കോടി രൂപയുടെ വരുമാനമാണ് സർക്കാർ വേണ്ടെന്നു വെച്ചത്. കോർപ്പറേറ്റുകളുടെ കീശ വീർപ്പിക്കാൻ സർക്കാർ വേണ്ടെന്നുവച്ച ഈ 25,000 കോടി രൂപ നികത്താനാണ് ഇപ്പോൾ നമ്മുടെ പോക്കറ്റിൽ നിന്ന് 3 രൂപയും 5 രൂപയുമായി സർക്കാർ പിടിച്ചുപറിക്കുന്നത്.

എണ്ണ കമ്പനികൾ നഷ്ടത്തിലാണെന്ന വാദം ഒരിക്കലും കണക്കുകൾക്ക് നിരക്കുന്നതല്ല, കഴിഞ്ഞ അഞ്ച് വർഷത്തെ ചരിത്രം നോക്കിയാൽ സത്യം മനസ്സിലാകും. 2024 –2025 സാമ്പത്തിക വർഷത്തിൽ മാത്രം എണ്ണക്കമ്പനികൾ ഉണ്ടാക്കിയത് 86,000 കോടി രൂപയുടെ ലാഭമാണ്; രാജ്യം കണ്ട എക്കാലത്തെയും വലിയ ലാഭമാണിതെന്ന് ഓർക്കണം. അന്താരാഷ്ട്ര വില കുറഞ്ഞ സമയങ്ങളിൽ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതെ സർക്കാർ ഖജനാവ് നിറയ്ക്കുകയായിരുന്നു. അന്ന് പിരിച്ചെടുത്തത് 57,779 കോടിയുടെ അമിത ലാഭമായിരുന്നു. ലാഭമുണ്ടാകുമ്പോൾ അത് സർക്കാരും കമ്പനികളും പങ്കിട്ടെടുക്കുന്നു, എന്നാൽ വില കൂടുമ്പോൾ അതിന്റെ മുഴുവൻ ഭാരവും സാധാരണക്കാരന്റെ തലയിൽ കെട്ടിവെക്കുന്നു എന്നതാണ് ഇതിലെ പച്ചയായ സത്യം.

കേന്ദ്ര സർക്കാർ ചുമത്തുന്ന ഇന്ധന നികുതി ആഡ് വലോറം രീതിയിലല്ല, അതായത് വില വർദ്ധിക്കുന്നതനുസരിച്ച് നികുതി വർദ്ധിക്കില്ല; എത്ര രൂപയ്ക്കു ഇന്ധനം വിറ്റാലും ലഭിക്കുന്ന നികുതിക്ക് മാറ്റമുണ്ടാകില്ല.അതിനാൽ ഇപ്പോൾ വർദ്ധിപ്പിച്ച വർദ്ധന കാരണം കേന്ദ്ര സർക്കാരിന് ഗുണമൊന്നുമില്ല എന്ന വാദമാണ് ബിജെപി ഉയർത്തുന്നത്. പകരം ഈ ചില്ലറ വിൽപ്പന വിലയിലെ വർദ്ധനവ് പൂർണ്ണമായും എണ്ണക്കമ്പനികളുടെ വിഹിതത്തിലേക്കാണ് പോകുന്നത് എന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ കേന്ദ്രത്തിന്റെ യഥാർത്ഥ ലാഭം ഇതിനോടകംതന്നെ മറ്റൊരു നീക്കത്തിലൂടെ ഉറപ്പാക്കപ്പെട്ടിരുന്നു എന്നതാണ് വസ്തുത. 2025 ഏപ്രിൽ 7-ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 63 ഡോളർ എന്ന താഴ്ന്ന നിലയിലേക്ക് പതിച്ചിരുന്നു. ആഗോള വിപണിയിലെ ഈ അനുകൂല സാഹചര്യം ഉപയോഗിച്ച് ഇന്ധനവില കുറച്ച് അതിന്റെ ലാഭം ഉപഭോക്താക്കൾക്ക് കൈമാറുന്നതിനുപകരം, കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ വീതം സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി (SAED) വർദ്ധിപ്പിച്ചു. എണ്ണക്കമ്പനികൾ ഈ തുക തങ്ങളുടെ താൽക്കാലിക ലാഭത്തിൽനിന്ന് വകയിരുത്തിയതിനാൽ അന്ന് ചില്ലറ വില മാറിയില്ല. അതിനാൽ പൊതുജനങ്ങൾ ഈ നികുതി വർദ്ധനവ് അറിഞ്ഞതുമില്ല. ഇന്ത്യയിലെ വാർഷിക പെട്രോൾ ഉപഭോഗം 4.2 കോടി മെട്രിക് ടണ്ണും (ഏകദേശം 5,676 കോടി ലിറ്റർ) ഡീസൽ ഉപഭോഗം 9.3 കോടി മെട്രിക് ടണ്ണുമാണ് (ഏകദേശം 11,138 കോടി ലിറ്റർ) എന്ന കണക്കുകൾ പരിശോധിക്കുമ്പോൾ ഈ അദൃശ്യ നീക്കത്തിലൂടെ കേന്ദ്രത്തിനുണ്ടായ വാർഷിക വരുമാനത്തിന്റെ വ്യാപ്തി വളരെ വലുതാണെന്ന് മനസ്സിലാകും. ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചതിലൂടെ കേന്ദ്ര ഖജനാവ് സമാഹരിക്കുന്നത് പ്രതിവർഷം 33,627 കോടി രൂപയുടെ അധിക വരുമാനമാണ്.

ഇപ്പോൾ പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ കാരണം ക്രൂഡോയിൽ വില 107 ഡോളറിലേക്ക് ഉയർന്നപ്പോൾ എണ്ണക്കമ്പനികൾക്ക് 3 രൂപ കൂട്ടേണ്ടിവന്നു. ചുരുക്കത്തിൽ, 2025 ഏപ്രിലിൽ കേന്ദ്ര സർക്കാർ അദൃശ്യമായി വർദ്ധിപ്പിച്ച 2 രൂപയും, അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം കാരണം എണ്ണക്കമ്പനികൾ ഇപ്പോൾ കൂട്ടിയ 3 രൂപയും ചേർത്ത് ആകെ 5 രൂപയുടെ യഥാർത്ഥ ഭാരമാണ് ഉപഭോക്താവ് ഇപ്പോൾ ചുമക്കുന്നത്. കേന്ദ്രം അന്ന് കൂട്ടിയ നികുതി തിരിച്ചുപിടിച്ചതുമില്ല, എന്നാൽ എണ്ണക്കമ്പനികൾ തങ്ങളുടെ നഷ്ടം നികത്തുകയും ചെയ്തു.

ഇന്നത്തെ വിലവർദ്ധനവിലൂടെ കേന്ദ്ര ഖജനാവിലേക്ക് നേരിട്ട് എക്സൈസ് നികുതി കൂടുന്നില്ലെങ്കിലും, അനുബന്ധ മാക്രോ ഇക്കണോമിക് ചാനലുകളിലൂടെ വലിയ സാമ്പത്തിക നേട്ടങ്ങളാണ് കേന്ദ്രത്തിനുണ്ടാകുന്നത്. 3 രൂപയുടെ വിലവർദ്ധനവിലൂടെ എണ്ണക്കമ്പനികളുടെ വാർഷിക മാർജിൻ 50,440 കോടി രൂപയാകും. ഇത് കമ്പനികളുടെ ലാഭം കൂട്ടുകയും 25% കോർപ്പറേറ്റ് നികുതി നിരക്ക് വഴി കേന്ദ്രത്തിന് 12,610 കോടി രൂപ അധിക റവന്യൂ ലഭിക്കാൻ കാരണമാവുകയും ചെയ്യും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ബാരലിന് 107 ഡോളറായി ഉയർന്നത് ഇന്ത്യയിൽ ആഭ്യന്തരമായി എണ്ണ ഉൽപ്പാദിപ്പിക്കുന്ന ഒ. എൻ. ജി. സിയുടെ (പ്രതിവർഷം 28 കോടി ബാരൽ) വരുമാനം 45,648 കോടിയോളം രൂപ വർദ്ധിപ്പിക്കും. ഇതിൽ നിന്നുള്ള റോയൽറ്റി, കോർപ്പറേറ്റ് ടാക്സ്, പ്രോഫിറ്റ് പെട്രോളിയം എന്നിവയിലൂടെ കേന്ദ്രത്തിന് പരോക്ഷമായി ലഭിക്കുന്നത് ₹ 20,000 കോടിയിലധികം രൂപയാണ്. IOC (51.5%), BPCL (52.98%), HPCL (54.9%) എന്നീ കമ്പനികളിൽ ഭൂരിപക്ഷ ഓഹരിയുള്ള കേന്ദ്ര സർക്കാരിന് ഇവരുടെ ലാഭക്ഷമത കൂടുന്നതിലൂടെ വൻ തുക ഡിവിഡന്റായി ലഭിക്കും, ഉദാഹരണത്തിന്, FY 2023–-24 സാമ്പത്തികവർഷത്തിൽ ഇത് 82,308 കോടി ആയിരുന്നു.

പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്ന് കേന്ദ്ര ഖജനാവിലേക്ക് എത്തുന്ന വരുമാനത്തിന്റെ വ്യാപ്തി പരിശോധിച്ചാൽ ഈ പകൽക്കൊള്ളയുടെ യഥാർത്ഥ ചിത്രം വ്യക്തമാകും.

നിലവിലെ ഉപഭോഗ നിരക്കിൽ പെട്രോളിൽനിന്നും ഡീസലിൽനിന്നും മാത്രമായി കേന്ദ്രത്തിന് ലഭിക്കുന്ന ആകെ വാർഷിക എക്സൈസ് വരുമാനം ഏകദേശം 2,88,922 കോടി രൂപയാണ്. 2025 ഏപ്രിലിലെ 2 രൂപ വർദ്ധനവിലൂടെയുള്ള നിശബ്ദ വിൻഡ്ഫാൾ ഗെയിൻ പ്രതിവർഷം ഏകദേശം 33,627 കോടി രൂപയും, വിലവർദ്ധനവ് വഴിയുള്ള എണ്ണക്കമ്പനികളുടെ അധിക കോർപ്പറേറ്റ് നികുതി സാധ്യത പ്രതിവർഷം ഏകദേശം 12,610 കോടി രൂപയും വരും. ഒ. എൻ. ജി. സി അപ്‌സ്ട്രീം വിപണിയിൽ നിന്നുള്ള റോയൽറ്റിയും പ്രോഫിറ്റ് പെട്രോളിയമായും പ്രതിവർഷം ഏകദേശം 9,130 കോടി രൂപ ലഭിക്കുന്നു. ഈ എല്ലാ ഘടകങ്ങളും ഉൾപ്പെടെ പെട്രോളിയം മേഖലയിൽ നിന്നുള്ള ആകെ വരുമാനം PPAC കണക്കുകൾ പ്രകാരം– 4,15,244 കോടി രൂപയാണ് (2024–-25). ഈ തുക ഇന്ത്യയുടെ ആകെ നികുതി വരുമാനത്തിന്റെ (Gross Tax Revenue) ഏകദേശം അഞ്ചിലൊന്ന് (20%) വരും. കോർപ്പറേറ്റ് നികുതിയോ, വ്യക്തിഗത ആദായനികുതിയോ, ജി എസ്ടിയോ ഒന്നും തന്നെ ഇത്രയധികം തുക ഒറ്റയ്ക്ക് നൽകുന്നില്ല. ഇതാണ് യുപിഎ സർക്കാരായാലും എൻഡിഎ സർക്കാരായാലും ഈ നികുതി ഘടനയെ നിലനിർത്താൻ ആഗ്രഹിക്കുന്നതിന്റെ പ്രധാന കാരണം.

സ്വർണത്തിന്റെ വർഗ രാഷ്ട്രീയവും ഭരണകൂട കാപട്യവും
മോദിയുടെ പ്രസംഗത്തിലെ സ്വർണവുമായി ബന്ധപ്പെട്ട ധാർമിക ഉപദേശങ്ങളും ഇന്ന് സർക്കാർ സ്വീകരിച്ച ഇറക്കുമതി തീരുവ വർദ്ധനയും ഏറ്റവും സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. പ്രതിവർഷം ഏകദേശം എഴുപത്തിരണ്ട് ബില്യൺ ഡോളറാണ് ഇന്ത്യ സ്വർണ ഇറക്കുമതിക്കായി വിദേശത്തേക്ക് ഒഴുക്കുന്നത്. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താവാണ് ഇന്ത്യ എന്ന യാഥാർത്ഥ്യം ഇതിനോട് ചേർത്തുവായിക്കണം. സ്വർണ ഇറക്കുമതി ഗണ്യമായി കുറച്ചാൽ ഡോളർ പുറത്തേക്ക് പോകുന്നത് തടയാമെന്നും അങ്ങനെ രൂപയ്ക്കുമേലുള്ള സമ്മർദ്ദം കുറയ്ക്കാമെന്നുമാണ് കേന്ദ്ര സർക്കാർ ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത് ഗണിതശാസ്ത്രപരമായി മാത്രം ശരിയാണെങ്കിലും ഇതിന് പിന്നിലെ വർഗരാഷ്ട്രീയം അങ്ങേയറ്റം ഭയാനകവും ജനവിരുദ്ധവുമാണ്.

ഇന്ത്യയിൽ സ്വർണം യഥാർത്ഥത്തിൽ ആരാണ് വാങ്ങുന്നത് എന്നതിനെക്കുറിച്ചുള്ള തെറ്റായ ധാരണയാണ് സർക്കാർ ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. സ്വർണം ഇവിടെ പണക്കാരുടെ മാത്രം ആഡംബര വസ്തുവല്ല, മറിച്ച് സാമ്പത്തികമായി പുറന്തള്ളപ്പെട്ടവന്റെ ബാങ്കിംഗ് സംവിധാനമാണത്.

ഔദ്യോഗിക വായ്പാ സംവിധാനങ്ങളോ ഇൻഷുറൻസോ ഇല്ലാത്ത കർഷക കുടുംബങ്ങളുടെ ഒരേയൊരു ആശ്രയവും, നമ്മുടെ പുരുഷാധിപത്യ കുടുംബ വ്യവസ്ഥയിൽ സ്ത്രീകൾക്ക് തങ്ങളുടെ സ്വന്തം പേരിൽ സ്വതന്ത്രമായി കൈവശം വെക്കാവുന്നതും ആരുമറിയാതെ വിൽക്കാൻ കഴിയുന്നതുമായ ഒരേയൊരു സാമ്പത്തിക സുരക്ഷയും സ്വർണമാണ്. ബാങ്കുകൾ സാമ്പത്തിക മാന്ദ്യത്തിൽ തകർന്നാലും അതിരൂക്ഷമായ പണപ്പെരുപ്പം വന്നാലും മൂല്യം നഷ്ടപ്പെടാത്ത നിക്ഷേപമായി സ്വർണ്ണത്തെ കാണുന്ന ചെറുകിട കച്ചവടക്കാരും തൊഴിലാളികളുമാണ് ഈ രാജ്യത്തെ ഭൂരിഭാഗം സ്വർണ ഉപഭോക്താക്കളും. കെ.വൈ.സി (KYC) ഇല്ലാത്ത, എപ്പോൾ വേണമെങ്കിലും പണമാക്കാവുന്ന ഒരേയൊരു ആസ്തിയായ ഇതിന്റെ വില വർദ്ധിപ്പിക്കുന്നത് പാവപ്പെട്ടവന്റെ സമ്പാദ്യത്തിന് മേലുള്ള നികുതിയാണ്. ഇന്ത്യയിലെ സാധാരണക്കാർക്ക്, പ്രത്യേകിച്ച് ബാങ്കിംഗ് സേവനങ്ങളോ നിക്ഷേപ മാർഗ്ഗങ്ങളോ ഇല്ലാത്ത ഗ്രാമീണർക്ക് സ്വർണം എന്നത് കേവലമൊരു ആഭരണമല്ല, മറിച്ച് അവരുടെ ഏക നിക്ഷേപമാണ് എന്നതുകൊണ്ട് തന്നെ സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിക്കുന്നത് ഒരുതരം നിസ്സഹായാവസ്ഥയാണ്.

എന്നാൽ സർക്കാരിന്റെ ഈ നയങ്ങളൊന്നും പണക്കാരെ യാതൊരു രീതിയിലും ബാധിക്കില്ല, കാരണം അവർ തങ്ങളുടെ നിക്ഷേപങ്ങൾ റിയൽ എസ്റ്റേറ്റിലേക്കും ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം വഴിയുള്ള വിദേശ ഡോളർ അക്കൗണ്ടുകളിലേക്കും ഓഹരി വിപണിയിലേക്കും അതിവേഗം മാറ്റും. സ്വർണം വാങ്ങരുത് എന്ന് പ്രധാനമന്ത്രി റാലികളിൽ ആവശ്യപ്പെടുമ്പോഴും, ഇറക്കുമതി തീരുവ കുത്തനെ കൂട്ടി വില വർദ്ധിപ്പിക്കുമ്പോഴും, തങ്ങൾ ഒട്ടും കാരണക്കാരല്ലാത്ത ഒരു സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം പേറാൻ ഭരണകൂടം സാധാരണക്കാരോട് അന്യായമായി ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.

ഇതിനിടെ 2024 ൽ കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച സ്വർണത്തിന്റെ ഇറക്കുമതി തീരുവ വീണ്ടും 15 ശതമാനത്തിലേക്ക് ഉയർത്തിയിരിക്കുന്നു. 2024 ൽ നികുതികുറയ്ക്കുമ്പോൾ, നികുതി കുറവ് കള്ളക്കടത്ത് തടയുമെന്നും, രത്ന-ജ്വല്ലറി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുമെന്നും, ആഭ്യന്തര വിലയെ അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തുമെന്നും പ്രചരിപ്പിച്ചിരുന്നു. 2024-ൽ ആവേശത്തോടെ 6 ശതമാനത്തിലേക്ക് കുറച്ചവർ, വെറും രണ്ട് വർഷത്തിനുള്ളിൽ അത് പിൻവലിക്കുമ്പോൾ നാം കാണുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഘടനാപരമായ തകർച്ചയാണ്. മോദി സർക്കാർ ആഘോഷിച്ച ‘ലിബറലൈസേഷൻ’ പരിഷ്കാരങ്ങൾ എത്രത്തോളം പൊള്ളയായിരുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ? കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഔദ്യോഗിക കണക്കുകൾപ്രകാരം 2022-–23 ൽ 3500 കോടി ഡോളറിന്റെ സ്വർണം ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്ത് 2025–-26 ൽ 7200 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് ഡെഫിസിറ്റും രൂപയുടെ മൂല്യത്തകർച്ചയും പോലുള്ള ഗൗരവതരമായ സ്ഥൂലസാമ്പത്തിക (Macro economic) യാഥാർത്ഥ്യങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ടാണ് അന്ന് ഈ ‘ക്രോണി ക്യാപ്പിറ്റലിസ്റ്റ്’ നയം നടപ്പിലാക്കിയത്.

വിദേശനാണ്യ ശേഖരത്തിനുണ്ടാകുന്ന ആഘാതത്തേക്കാൾ അന്ന് സംഘപരിവാർ മുൻഗണന നൽകിയത് തങ്ങളുടെ സാമ്പത്തിക സ്രോതസ്സുകളായ ഈ നിക്ഷിപ്ത താത്പര്യക്കാർക്കായിരുന്നു. സ്വർണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചത് കേവലമൊരു സാമ്പത്തിക പരിഷ്കാരമായിരുന്നില്ല, മറിച്ച് ബിജെപിയുടെ രാഷ്ട്രീയ അടിത്തറയായ വമ്പൻ സ്വർണ ലോബികളെയും വ്യാപാര പ്രമുഖരെയും വഴിവിട്ട് സഹായിക്കാനുള്ള ബോധപൂർവ്വമായ നീക്കമായിരുന്നു. ആ തെറ്റായ നയത്തിന്റെ പ്രത്യാഘാതം ഇന്ന് രാജ്യം അനുഭവിക്കുമ്പോൾ, വീണ്ടും തീരുവ വർദ്ധിപ്പിക്കേണ്ടിവരുന്നത്. അന്നത്തെ ആ തീരുമാനത്തിനുപിന്നിലെ രാഷ്ട്രീയ പ്രീണനവും സാമ്പത്തിക പരാജയവും തുറന്നുകാട്ടുന്ന കുറ്റസമ്മതം കൂടിയാണ്.

സ്വർണവുമായി ബന്ധപ്പെട്ട ഈ ആഹ്വാനത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യം മറ്റൊന്നാണ്; പൗരരോട് സ്വർണം വാങ്ങരുത് എന്ന് രാജ്യസ്നേഹത്തിന്റെ പേരിൽ മോദി പറയുമ്പോൾ തന്നെ ലക്ഷക്കണക്കിന് ടൺ സ്വർണമാണ് വിദേശത്തുനിന്നും ആഭ്യന്തര വിപണിയിൽനിന്നും റിസർവ് ബാങ്ക് വാങ്ങിക്കൂട്ടുന്നത്. അതായത്, പൗരരോട് സ്വർണം വാങ്ങുന്നത് നിർത്താൻ പ്രധാനമന്ത്രി ആവശ്യപ്പെടുമ്പോൾതന്നെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതിന് നേർവിപരീതമായ കാര്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 2025 സെപ്തംബറിൽ 794.64 മെട്രിക് ടണ്ണായിരുന്ന ഇന്ത്യയുടെ ഔദ്യോഗിക സ്വർണ ശേഖരം 2026 മാർച്ച് ആയപ്പോഴേക്കും 880.52 മെട്രിക് ടണ്ണായി വളർന്നു. അതായത്, 2025 സെപ്തംബറിനും 2026 മാർച്ചിനുമിടയിൽ വെറും ആറുമാസം കൊണ്ട് റിസർവ് ബാങ്ക് എൺപത്തിയാറ് മെട്രിക് ടൺ സ്വർണത്തിന്റെ വർധനവാണ് തങ്ങളുടെ ശേഖരത്തിൽ വരുത്തിയത്. ഇതോടെ ഇന്ത്യയുടെ ഫോറെക്സ് റിസർവിലെ സ്വർണത്തിന്റെ പങ്ക് 13.92 ശതമാനത്തിൽനിന്ന് 16.7 ശതമാനമായി കുത്തനെ ഉയർന്നു. ഇതിന്റെ മൂന്നിൽ രണ്ട് ഭാഗം, അതായത് ഏകദേശം 680.05 മെട്രിക് ടൺ സ്വർണം ഇപ്പോൾ ഇന്ത്യയ്ക്കുള്ളിലെ നിലവറകളിലേക്ക് തിരികെ കൊണ്ടുവന്നിരിക്കുകയാണ്.

അമേരിക്കൻ ഡോളറിനെ സാമ്രാജ്യത്വ താല്പര്യങ്ങൾക്കായി ആയുധമാക്കുന്ന ഉപരോധങ്ങളുടെ ഇക്കാലത്ത് ഡോളറിനെ വിശ്വസിക്കാൻ കഴിയില്ലെന്ന് സർക്കാരിനും റിസർവ് ബാങ്കിനും നന്നായറിയാം. ഡോളർ അധിഷ്ഠിതമായ ആസ്തികളിൽ നിന്നുമാറി തങ്ങളുടെ കരുതൽ ശേഖരം വൈവിധ്യവൽക്കരിക്കാനുള്ള ബോധപൂർവ്വമായ തന്ത്രമാണ് റിസർവ് ബാങ്ക് പിന്തുടരുന്നത് എന്നതിന്റെ നിശബ്ദവും എന്നാൽ വ്യക്തവുമായ സൂചനയാണിത്. ഭരണകൂടം പൗരരോട് പറയുന്നു: സ്വർണം വാങ്ങരുത്. എന്നാൽ അതേസമയംതന്നെ ആ ഭരണകൂടത്തിന്റെ കേന്ദ്ര ബാങ്ക് ആറുമാസം കൊണ്ട് 86 ടൺ സ്വർണം നിശബ്ദമായി വാങ്ങിക്കൂട്ടുന്നു. ഇത് വെറുമൊരു കാപട്യം മാത്രമല്ല; ഔദ്യോഗികഭാഷ്യങ്ങൾ മറച്ചുപിടിക്കുന്ന യഥാർത്ഥ സത്യങ്ങൾ കാണാൻ കഴിയുന്ന ഒരു ജാലകം കൂടിയാണിത്. ഉപരോധങ്ങളിലൂടെ ഡോളറിനെ ഒരു ആയുധമായി ഉപയോഗിക്കുന്ന, സാമ്പത്തിക വ്യവസ്ഥയുടെ ഭൗമരാഷ്ട്രീയ ശിഥിലീകരണം നടക്കുന്ന, ഡോളറിന്റെ ആധിപത്യത്തിനുമേൽ ഘടനാപരമായ സമ്മർദ്ദമേറുന്ന ഈ കാലഘട്ടത്തിൽ അമേരിക്കൻ ഡോളറിലും യു.എസ് ട്രഷറി സെക്യൂരിറ്റികളിലുമായി വലിയ കരുതൽശേഖരം സൂക്ഷിക്കുന്നത് തന്ത്രപരമായി ഒട്ടും വിശ്വസനീയമല്ല എന്ന് തിരിച്ചറിയുന്നതുകൊണ്ടുതന്നെയാണ് റിസർവ് ബാങ്ക് സ്വർണം ശേഖരിക്കുന്നത്. ഇത് തികച്ചും യുക്തിസഹവും ന്യായീകരിക്കാവുന്നതുമായ ഒരു നയമാണ്, എന്നാൽ, രാജ്യതാൽപ്പര്യം മുൻനിർത്തി തങ്ങളുടെ സ്വന്തം സമ്പാദ്യ മാർഗമായ സ്വർണം ഉപേക്ഷിക്കാൻ പൗരരോട് നടത്തുന്ന അഭ്യർത്ഥനയുമായി ഒരിക്കലും പൊരുത്തപ്പെടാത്ത വലിയൊരു വൈരുദ്ധ്യമായി ഇത് നിലനിൽക്കുന്നു. ഇതിലെ സന്ദേശം വളരെ ലളിതമാണ്: സ്ഥാപനവൽക്കരിക്കപ്പെട്ട ഭരണകൂടം സ്വർണ്ണം വാങ്ങി സ്വയം സംരക്ഷിക്കും; എന്നാൽ ഓരോ വ്യക്തിയും മൂല്യമിടിഞ്ഞുകൊണ്ടിരിക്കുന്ന രൂപയുമായി കഷ്ടപ്പെടണം. ഭരണകൂടം സ്വർണം വാങ്ങി തങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും രാജ്യത്തെ പൗരർ മൂല്യമില്ലാത്ത രൂപയുമായി കഷ്ടപ്പെടുകയും വേണം എന്ന് വാദിക്കുന്നത് തികഞ്ഞ കാപട്യമാണ്.

കറന്റ് അക്കൗണ്ട് കമ്മി, 
വ്യാപാര ദൗർബല്യങ്ങൾ, 
ഉദാരവൽക്കരണത്തിന്റെ 
മിഥ്യാധാരണകൾ
ഈ പ്രതിസന്ധിയുടെ ഘടനാപരമായ കേന്ദ്രബിന്ദു കറന്റ് അക്കൗണ്ട് കമ്മി(CAD) ആണ്. 2025–26 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ മാത്രം (ഒക്ടോബർ–ഡിസംബർ 2025), ഇന്ത്യയുടെ CAD 1320 കോടി ഡോളർ അഥവാ ജിഡിപിയുടെ (GDP) 1.3% വർദ്ധിച്ചു. എന്നാൽ ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത മാത്രമാകാനാണ് സാധ്യത.

നിലവിലുള്ള പശ്ചിമേഷ്യൻ സംഘർഷം കാരണം, 25–26 സാമ്പത്തിക വർഷത്തിൽ 1%-ൽ താഴെയായിരുന്ന ഇന്ത്യയുടെ CAD, 2026–27 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 2%-ലധികം ആയി ഉയർന്നേക്കാമെന്ന് ചീഫ് ഇക്കണോമിക് അഡ്വൈസർ വി. അനന്ത നാഗേശ്വരൻ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരൊറ്റ സാമ്പത്തിക വർഷം കൊണ്ട് ഈ കമ്മി ഇരട്ടിയിലധികമായി വർദ്ധിക്കുമെന്നാണ് ഇതിനർത്ഥം.

ബാങ്ക് ഓഫ് അമേരിക്ക ഇതിലും ആശങ്കാജനകമായ ഒരു കണക്കാണ് മുന്നോട്ടു വയ്ക്കുന്നത്; 2027 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ CAD 8800 കോടി ഡോളറായി (ജിഡിപിയുടെ 2.1%) ഉയർന്നേക്കുമെന്ന് അവർ പ്രവചിക്കുന്നു. പെട്ടെന്നുള്ള മൂലധന ചോർച്ചയ്ക്ക് (capital flight) സാധ്യതയുള്ള സമ്പദ്‌വ്യവസ്ഥകളായി ബ്രസീൽ, തുർക്കി, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയ്‌ക്കൊപ്പം ഇന്ത്യയെയും ഉൾപ്പെടുത്തിയ 2013-ലെ കുപ്രസിദ്ധമായ ‘ഫ്രെജൈൽ ഫൈവ്’ (Fragile Five) പ്രതിസന്ധിക്കു ശേഷം രാജ്യം ഇങ്ങനെയൊരു സാഹചര്യം നേരിട്ടിട്ടില്ല.

മറുവശത്ത്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ആശങ്കാജനകമായ വേഗതയിലാണ് വിദേശനാണ്യ ശേഖരം ചെലവഴിക്കുന്നത്. 2026 ഫെബ്രുവരിയിലെ റെക്കോർഡ് ഉയർന്ന നിരക്കായ 72849 കോടി ഡോളറിൽ നിന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 2026 മെയ് 1 ആകുമ്പോഴേക്കും ഏകദേശം 69069 കോടി ഡോളറായി കുറഞ്ഞു — വെറും മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 3800 ഡോളറിന്റെ കുറവാണ് ഉണ്ടായത്.

ഹൈദരാബാദിൽ മോദി നടത്തിയ അഭ്യർത്ഥനയുടെ യഥാർത്ഥ പശ്ചാത്തലം ഇതാണ്. വിദേശനാണ്യ ശേഖരം പൂർണമായും തീർന്നുപോയിട്ടില്ലെങ്കിലും, ഗവൺമെന്റിന് എളുപ്പത്തിൽ തുറന്നുസമ്മതിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വേഗത്തിലാണ് ഇത് ചോർന്നുപോകുന്നത്. കറന്റ് അക്കൗണ്ട് ഡെഫിസിറ്റ് (CAD) നിയന്ത്രണാതീതമായി വർദ്ധിക്കുമ്പോൾ പരിഭ്രാന്തരായ സർക്കാർ സ്വർണത്തിന് മേൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുകയാണ്. ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയെ അഭിസംബോധന ചെയ്യുന്നതിന് പകരം സ്വർണ ഇറക്കുമതിയുടെ കാര്യത്തിലും അവർക്കുമേൽ വലിയ ഇറക്കുമതി നികുതികൾ ചുമത്തിക്കൊണ്ട് പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

2025–-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പതുമാസങ്ങളിലെ ആർബിഐയുടെ പ്രാഥമിക ബാലൻസ് ഓഫ് പേയ്മെന്റ് കണക്കുകൾ പ്രകാരം, കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 1.0 ശതമാനത്തിൽ (3010 കോടി ഡോളർ) നിൽക്കുന്നു. മൂന്നാം പാദത്തിൽ (Q3) മാത്രം ഇത് 1320 കോടി ഡോളർ (ജിഡിപിയുടെ 1.3 ശതമാനം) ആയിരുന്നു. ആ പാദത്തിൽ വ്യാപാര കമ്മി കുത്തനെ വർധിച്ച് 9360 കോടി ഡോളറിലെത്തി, വർദ്ധിച്ചുവരുന്ന സ്വർണ ഇറക്കുമതി ഇതിനൊരു കാരണമായി ആർബിഐ വ്യക്തമായി ചൂണ്ടിക്കാണിക്കുകയും ചെയ്തു. കൂടുതൽ ഭയാനകമായ തകർച്ചയെ തടഞ്ഞുനിർത്തിയത് നമുക്ക് പരിചിതമായ ചില ധനാഗമ മാർഗങ്ങളായിരുന്നു: ശക്തമായ സേവന മേഖലയിലെ മിച്ചവും (മൂന്നാം പാദത്തിൽ 5750 കോടി ഡോളർ), സ്ഥിരമായ പ്രവാസി പണമയയ്ക്കലും (remittances). ഈ “അദൃശ്യ വരുമാനങ്ങൾ’ (invisibles) ഇന്ത്യയുടെ ചരക്ക് വ്യാപാരത്തിലെ അടിസ്ഥാനപരമായ ദൗർബല്യങ്ങളെ ഇപ്പോഴും മറച്ചുവെക്കുന്നു. എന്നാൽ ഐടി അധിഷ്ഠിത സേവനങ്ങളെയും സ്വകാര്യ പണമയയ്ക്കലുകളെയും ആശ്രയിക്കുന്നത് അടിസ്ഥാനപരമായി ത്തന്നെ അപകടകരമാണ്. ആഗോള സംരക്ഷണവാദം (Global prote
ctionism), വിസ നിയന്ത്രണങ്ങൾ, സാങ്കേതിക മാറ്റങ്ങൾ എന്നിവയ്ക്ക് ഈ ഒഴുക്കിനെ പെട്ടെന്ന് തടസ്സപ്പെടുത്താൻ കഴിയും. പ്രമുഖ സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള സമീപകാല താരിഫ് ഭീഷണികൾ ഇത് തെളിയിച്ചിട്ടുള്ളതാണ്.

കടപ്പത്ര വിപണിയിലെ 
പ്രതിസന്ധിയും 
ചരിത്രപരമായ മറവികളും
രൂപയുടെ പെട്ടെന്നുള്ള തകർച്ച തടയാൻ റിസർവ് ബാങ്ക് വലിയ തോതിൽ വിപണിയിൽ ഇടപെടുന്നുണ്ടെങ്കിലും അതൊന്നും ശാശ്വതമായ പരിഹാരമല്ല എന്ന് കണക്കുകൾ തെളിയിക്കുന്നു. മാർച്ച് അവസാനത്തോടെ ഫോർവേഡ് മാർക്കറ്റിൽ റിസർവ് ബാങ്കിന്റെ ഷോർട്ട് പൊസിഷൻ 103.06 കോടി ഡോളറിലെത്തി നിൽക്കുകയാണ്, കൂടാതെ ഊഹക്കച്ചവടം തടയാൻ കർശന നിയന്ത്രണങ്ങൾ ബാങ്കുകൾക്കുമേൽ അവർ ഏർപ്പെടുത്തിയിട്ടുമുണ്ട്. ഔദ്യോഗികമായി ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 691.11 കോടി ഡോളറാണെന്ന് സർക്കാർ അഭിമാനത്തോടെ പറയുന്നുണ്ടെങ്കിലും, 10300 കോടി ഡോളറിന്റെ ഫോർവേഡ് ലയബിലിറ്റി ഇതിനു മേലുള്ള വലിയൊരു സാമ്പത്തിക ബാധ്യതയായി നിലനിൽക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം അവർ മറച്ചുവെക്കുന്നു. കറന്റ് അക്കൗണ്ട് കമ്മിയും വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്കും മൂലമുണ്ടാകുന്ന ഈ ഭീമമായ ഘടനാപരമായ സമ്മർദ്ദത്തെ കേവലം സാങ്കേതിക ഇടപെടലുകൾകൊണ്ടുമാത്രം നേരിടാൻ റിസർവ് ബാങ്കിന് ഒരിക്കലും കഴിയില്ല. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് പത്ത് വർഷത്തെ സർക്കാർ കടപ്പത്രങ്ങളുടെ പലിശ നിരക്ക് ഏഴ് ശതമാനത്തിന് മുകളിലേക്ക് ഉയർന്നത്. രാജ്യത്തെ ആഭ്യന്തര വായ്പാ ചെലവ് വർദ്ധിക്കുന്നതിന്റെയും വരാനിരിക്കുന്ന വലിയ സാമ്പത്തിക ഞെരുക്കത്തിന്റെയും കൃത്യമായ സൂചനയാണിത് നൽകുന്നത്.

നമ്മൾ ഒരിക്കലും മറക്കരുതാത്ത ഒരു വലിയ സാമ്പത്തിക ചരിത്രമുണ്ട്, 1991ലെ ഗൾഫ് യുദ്ധകാലത്തും എണ്ണവില പ്രതിസന്ധിയിലും രാജ്യം സമാനമായ തകർച്ചയിലൂടെ കടന്നുപോയിരുന്നു. അന്ന് ഐഎംഎഫ് നിബന്ധനകൾക്ക് വഴങ്ങി സ്വകാര്യവൽക്കരണവും നവലിബറൽ നയങ്ങളുമാണ് പരിഹാരമായി കേന്ദ്രസർക്കാർ കണ്ടത്. എന്നാൽ ഇടതുപക്ഷ സാമ്പത്തിക വിദഗ്ധരായ പ്രഭാത് പട്നായക്കും ജയതി ഘോഷും ഉൾപ്പെടെയുള്ളവർ അന്നുതന്നെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതിന്റെയും ഊർജ്ജ ഇറക്കുമതി കുറയ്ക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് ശക്തമായി വാദിച്ചിരുന്നു. പിന്നീട് 2013ൽ അമേരിക്കൻ ഫെഡറൽ റിസർവിന്റെ ചെറിയൊരു നയമാറ്റം ഉണ്ടായപ്പോൾ ഇന്ത്യയിൽനിന്ന് വൻതോതിൽ മൂലധന പലായനമുണ്ടാവുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം 68 ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ആഗോള സാമ്പത്തിക മാറ്റങ്ങൾ നമ്മുടെ ഘടനാപരമായ ദുർബലതയെ എത്രത്തോളം ബാധിക്കുമെന്നതിന്റെ കൃത്യമായ തെളിവായിരുന്നു അത്. അന്നെല്ലാം നവലിബറൽ നയങ്ങളെയും വിദേശ നിക്ഷേപങ്ങളെയും അന്ധമായി ആശ്രയിക്കുകയും സ്വർണത്തിനുമേൽ ഇറക്കുമതി തീരുവ കൂട്ടുകയും ചെയ്യുക മാത്രമാണ് ഭരണകൂടങ്ങൾ ചെയ്തത്. ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുക, വിദേശ മൂലധനത്തിന്റെ ഒഴുക്കിന് നിയന്ത്രണമേർപ്പെടുത്തുക എന്നീ അടിസ്ഥാനപരമായ പ്രശ്നങ്ങളെ അന്നും ഇന്നും ഇന്ത്യയിലെ സർക്കാരുകൾ ബോധപൂർവ്വം അവഗണിച്ചു. പതിമൂന്ന് വർഷങ്ങൾക്കിപ്പുറം 2026ൽ വീണ്ടും നമ്മൾ കൃത്യം അതേ വിള്ളലുകളിലൂടെതന്നെ കടന്നുപോകുന്നു, അന്നും ഇന്നും സർക്കാരുകളുടെ പ്രതികരണം ജനങ്ങളോട് മുണ്ടുമുറുക്കിയുടുക്കാൻ ആഹ്വാനംചെയ്യൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

നയപരമായ തീരുമാനങ്ങൾക്കുപകരം പ്രതീകാത്മകമായ ധാർമിക അഭ്യർത്ഥനകളും പെട്ടെന്നുള്ള നികുതി വർദ്ധനവുകളും നടത്തുന്ന ഭരണരീതി ഇന്ന് എൻഡിഎ സർക്കാരിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ടുനിരോധനം ഇതിന്റെ ഏറ്റവും വിനാശകരമായ രൂപമായിരുന്നു, കൂടാതെ, മാലിന്യ സംസ്കരണത്തിന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതെ ജനങ്ങളെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന സ്വച്ഛ് ഭാരത് കാമ്പയിനും, ഡിജിറ്റൽ സാക്ഷരതയില്ലാതെ പ്രഖ്യാപിച്ച ഡിജിറ്റൽ ഇന്ത്യ പദ്ധതിയും കൃത്യം ഇതേ യുക്തിയിലാണ് പ്രവർത്തിച്ചത്. മോദിയുടെ ഹൈദരാബാദ് പ്രസംഗവും ഇന്നത്തെ സ്വർണ തീരുവ വർദ്ധനയും ഇതിന്റെ തുടർച്ച മാത്രമാണ്, യഥാർത്ഥ ഘടനാപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുപകരം, തങ്ങളുടെ ഒരു ദശാബ്ദക്കാലത്തെ നയപരമായ വീഴ്ചകളെ മറച്ചുവെച്ച് എല്ലാ കുറ്റവും പൗരരുടെ വ്യക്തിപരമായ തീരുമാനങ്ങളുടെമേൽ കെട്ടിവെക്കാനുള്ള കുടിലമായ ഭരണകൂട തന്ത്രമാണിത്. സ്വർണം വാങ്ങുന്നവനും വിദേശയാത്ര നടത്തുന്നവനും പെട്രോൾ ഉപയോഗിക്കുന്നവനും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന തരത്തിലുള്ള വ്യാജ ആഖ്യാനങ്ങൾ ഇതിലൂടെ നിർമിക്കപ്പെടുന്നു. ഊർജ്ജ ഇറക്കുമതിയിലെ പരാജയവും നിർമ്മാണ മേഖലയുടെ തകർച്ചയും ഭരണകൂടത്തിന്റെ ഉത്തരവാദിത്തങ്ങളിൽനിന്ന് വിദഗ്ധമായി മാറ്റപ്പെടുന്നു. തങ്ങളുടെ വീഴ്ചകൾ മറയ്ക്കാൻ ജനങ്ങളോട് ത്യാഗം ചെയ്യാൻ ആവശ്യപ്പെടുകയും അവരുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത് ഒരിക്കലും ദേശസ്നേഹമല്ല, മറിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്. പരസ്പരബന്ധിതമായ ഒരു വ്യാവസായിക തന്ത്രത്തിന്റെ അഭാവമാണ് ഇതിലെ കൂടുതൽ ആഴത്തിലുള്ള പ്രശ്നം; ആഭ്യന്തര ഉത്പാദനശേഷി വർധിപ്പിച്ചുകൊണ്ട് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക വഴി കറന്റ് അക്കൗണ്ട് കമ്മിയെ കെെകാര്യം ചെയ്യുന്നതിനുപകരം തുടർച്ചയായി യൂണിയൻ ഗവൺമെന്റുകൾ, താൽക്കാലികമായി തീരുവകളിൽ മാറ്റംവരുത്തിയും, ആർബിഐയുടെ ഇടപെടലിലൂടെയും, മൂലധന നിക്ഷേപത്തെയും അവലംബിക്കുകയാണ് ചെയ്തത്. സ്വർണം എന്നത് ഏറ്റവും പ്രകടമായ ഒരു ഘടകം മാത്രമാണ്; ഇലക്ട്രോണിക്സ്, മൂലധന സാധനങ്ങൾ, പെട്രോളിയം എന്നിവയ്ക്കും ഇതേ യുക്തി തന്നെയാണ് ബാധകമാകുന്നത്. കുറഞ്ഞ കയറ്റുമതി മത്സരക്ഷമത, പുതിയ സാങ്കേതികവിദ്യകളിലെ അപര്യാപ്തമായ പൊതുനിക്ഷേപം, സമ്പന്നരുടെ ഇറക്കുമതി ആവശ്യകത വർദ്ധിപ്പിക്കുന്ന വിട്ടുമാറാത്ത അസമത്വം എന്നിവ പോലുള്ള വ്യാപാര കമ്മിയുടെ അടിസ്ഥാന കാരണങ്ങൾ ഇന്ത്യ പരിഹരിക്കുന്നതുവരെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കും. സേവന മേഖലയും പ്രവാസി പണമയയ്ക്കലും കാരണം കറന്റ് അക്കൗണ്ട് ഇന്ന് “കൈകാര്യം ചെയ്യാവുന്നത്’ (Manageable) ആണെന്ന് തോന്നിയേക്കാം, എന്നാൽ ഇത് പ്രതിരോധശേഷിയുള്ളതും സ്വയംപര്യാപ്തവുമായ ഒരു ബാഹ്യ പേയ്‌മെന്റ് സംവിധാനത്തിനുപകരമാവില്ല.

യാഥാർത്ഥ്യങ്ങളിലേക്കുള്ള 
അനിവാര്യമായ മടക്കയാത്ര
ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ രൂപയുടെ മൂല്യം ഇന്ന് 96-ൽ എത്തി നിൽക്കുന്നു എന്നത് വെറുമൊരു സാമ്പത്തിക അക്കമല്ല, മറിച്ച് ഇന്ത്യയുടെ ഘടനാപരമായ ദൗർബല്യങ്ങളായ ഊർജ്ജ ഇറക്കുമതി, വിദേശ പോർട്ട്ഫോളിയോ മൂലധനത്തിലുള്ള അമിതമായ ആശ്രിതത്വം, നിർമ്മാണ മേഖലയിലെ പരാജയം എന്നിവ കഴിഞ്ഞ പത്തുവർഷത്തെ ഭരണത്തിലൂടെ പരിഹരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ കൃത്യമായ കുറ്റപത്രമാണ്. പശ്ചിമേഷ്യൻ പ്രതിസന്ധികൾ ഇതിനൊരു നിമിത്തം മാത്രമായിരുന്നു, ഹൈദരാബാദിലെ ദേശസ്നേഹം തുളുമ്പുന്ന പ്രസംഗങ്ങൾക്കൊന്നും ഈ അടിസ്ഥാന സാമ്പത്തിക യാഥാർത്ഥ്യങ്ങളെ മൂടിവെക്കാൻ കഴിയില്ല. വിലക്കയറ്റത്തിലൂടെയും നാണയപ്പെരുപ്പത്തിലൂടെയും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഏതു ഭരണകൂടത്തിന്റെയും ഭരണഘടനാപരമായ കടമ. അത് ചെയ്യാതെ, വിദേശ മൂലധനത്തെ സംരക്ഷിക്കുന്നതിനുവേണ്ടി ജനങ്ങളുടെമേൽ ഭാരം കെട്ടിവെക്കുന്നത് ഭരണകൂടത്തിന്റെ പാപ്പരത്തത്തെയാണ് കാണിക്കുന്നത്. അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ, ആത്മനിർഭർ ഭാരത്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ, വിശ്വഗുരു തുടങ്ങിയ പൊള്ളയായ സാമ്പത്തിക ഐതിഹ്യങ്ങൾ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയമായി ഗുണം ചെയ്തേക്കാം. എന്നാൽ യാഥാർത്ഥ്യത്തിന്റെ ഭൂമികയിൽ ആഗോള വിപണിക്കുമുന്നിൽ അവയ്ക്ക് യാതൊരു സ്ഥാനവുമില്ല, രൂപയുടെ ചരിത്രപരമായ ഈ തകർച്ച അത്തരം മിഥ്യാധാരണകളെയാണ് ഇന്ന് പൂർണ്ണമായും തകർത്തെറിയുന്നത്.

പൗരരോട് ത്യാഗം ചെയ്യാൻ ആവശ്യപ്പെടുന്നതിനുപകരം ഭരണകൂടം തങ്ങളുടെ അടിസ്ഥാനപരമായ ഘടനാപരമായ പരാജയങ്ങളെ സത്യസന്ധമായി ഏറ്റുപറയുകയാണ് വേണ്ടത്. ഹ്രസ്വകാല പ്രശ്നപരിഹാരങ്ങൾക്കപ്പുറം, ഉദാരവൽക്കരിക്കപ്പെട്ട ഉപഭോഗത്തിന്റെ ക്ഷണികമായ ആശ്വാസങ്ങളേക്കാൾ ഉൽപ്പാദനപരമായ തൊഴിലിനും ആഭ്യന്തര വിഭവ സമാഹരണത്തിനും മുൻഗണന നൽകുന്ന ഒരു വികസന തന്ത്രത്തിലേക്ക് നയങ്ങൾ മാറേണ്ടതുണ്ട്. സ്വർണ ഇറക്കുമതി ചക്രം വെറുമൊരു സാമ്പത്തിക പ്രഹേളിക മാത്രമല്ല; അത് നവലിബറൽ വളർച്ചാ മാതൃകയുടെ പരിമിതികൾ തുറന്നുകാട്ടുന്ന ഒരു കണ്ണാടിയാണ്. സാമ്രാജ്യത്വ മൂലധനത്തെയും നവലിബറൽ നയങ്ങളെയും താലോലിക്കുന്ന ഈ വ്യവസ്ഥിതിയിൽ നിന്നും പൂർണമായി പുറത്തുകടക്കാതെ ഇന്ത്യക്ക് ഈ പ്രതിസന്ധികളിൽനിന്ന് മോചനമില്ല എന്ന് കാലം വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുകയാണ്. വിദേശ സാമ്രാജ്യത്വ ശക്തികളുടെ താളത്തിനൊത്ത് തുള്ളുന്ന നമ്മുടെ സമ്പദ്‌വ്യവസ്ഥയെ അടിസ്ഥാനപരമായി പൊളിച്ചെഴുതുകയും, സാധാരണക്കാരന്റെ ജീവിതത്തിന് മുൻഗണന നൽകുന്ന സ്വയംപര്യാപ്തമായ ഒരു സാമ്പത്തിക ബദൽ കെട്ടിപ്പടുക്കുകയും മാത്രമാണ് ഇതിനുള്ള ഏക പരിഹാരം. യാഥാർത്ഥ്യങ്ങളെ മൂടിവെക്കാൻ എത്ര അലങ്കാര വാക്കുകൾ ഉപയോഗിച്ചാലും, വിശക്കുന്നവന്റെയും തൊഴിലില്ലാത്തവന്റെയും കടക്കെണിയിലായവന്റെയും മുന്നിൽ അവയ്ക്ക് ഒരു വിലയുമില്ല എന്ന് ഭരണകൂടങ്ങൾ വൈകിയാണെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. ഉദാരവൽക്കരണത്തിന്റെ അലങ്കാര വാക്കുകൾക്കുപിന്നിലെ ഈ ദയനീയമായ സാമ്പത്തിക തകർച്ച തിരിച്ചറിയുന്നതിലൂടെ മാത്രമേ യഥാർത്ഥ വികസനത്തിലേക്കുള്ള ആദ്യ ചുവടുവെക്കാൻ ഈ രാജ്യത്തിന് കഴിയുകയുള്ളൂ. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 4 =

Most Popular