Monday, May 25, 2026

ad

Homeകവര്‍സ്റ്റോറിവർധിക്കുന്ന സാമ്പത്തിക ദുരിതവും ഒളിച്ചോടുന്ന മോദി സർക്കാരും

വർധിക്കുന്ന സാമ്പത്തിക ദുരിതവും ഒളിച്ചോടുന്ന മോദി സർക്കാരും

പീപ്പിൾസ് ഡെമോക്രസി മുഖപ്രസംഗം

ർധിച്ചുവരുന്ന സാമ്പത്തിക ദുരിതത്തിന്റെ കരിമേഘങ്ങൾ രാജ്യത്തെ ജനങ്ങൾക്കുമേൽ നിഴൽവിരിക്കുകയാണ്; കഴിഞ്ഞ നിരവധി വർഷങ്ങളായി രാജ്യത്തെ വിടാതെ പിടികൂടിയിരിക്കുന്ന തൊഴിലില്ലായ്മയും സ്തംഭനാവസ്ഥയിലായ കൂലിയും എന്ന ഇരട്ട പ്രതിസന്ധിയ്ക്കൊപ്പം വിലക്കയറ്റം രൂക്ഷമാകുമെന്ന അപകട മുന്നറിയിപ്പുകൾ കൂടിയായപ്പോൾ ജനം നട്ടം തിരിയുകയാണ്. ഇറാനുനേരെയുള്ള അമേരിക്ക – ഇസ്രയേൽ കടന്നാക്രമണവും ലോക സമ്പദ്-വ്യവസ്ഥയ്ക്കുമേൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും – അതായത്, ഇന്ധനവിലയും രാസവളങ്ങളുടെ വിലയും വർധിക്കൽ, വിതരണ ശൃംഖലയിലുണ്ടാകുന്ന തടസ്സങ്ങളും തുടർന്നുണ്ടാകുന്ന ഭക്ഷ്യവിലക്കയറ്റവും – ഇതിനകംതന്നെ ഇന്ത്യയ്ക്കുമേൽ കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞു. മോദി ഗവൺമെന്റ് അമേരിക്ക – ഇസ്രയേൽ അച്ചുതണ്ടിനൊപ്പം ഒട്ടിനിൽക്കുകയാണെന്ന് വ്യക്തമാണ്; ഇറാനുനേരെ ആക്രമണമഴിച്ചുവിടുന്നതിന് തൊട്ടുമുൻപ് നടന്ന പ്രധാനമന്ത്രി മോദിയുടെ ഇസ്രയേൽ സന്ദർശനം വിരൽചൂണ്ടുന്നത് ഈ പ്രതിസന്ധിയിലുള്ള ഇന്ത്യാ ഗവൺമെന്റിന്റെ ഉത്തരവാദിത്വത്തിലേക്കാണ്. റഷ്യയിൽനിന്നു കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന എണ്ണയും ഗ്യാസും വാങ്ങരുതെന്ന ട്രംപിന്റെ തീട്ടൂരത്തിന് ആദ്യമേ തന്നെ ഇന്ത്യാ ഗവൺമെന്റ് വഴങ്ങിയിരുന്നു. അതിനാൽ ഇപ്പോൾ ഇന്ത്യയിലെ സാധാരണക്കാർ അനുഭവിക്കുന്ന സാമ്പത്തിക ദുരിതം വർധിപ്പിച്ചത് മോദി ഗവൺമെന്റിന്റെ അമേരിക്കയ്ക്കു കീഴടങ്ങുന്ന വിദേശനയമാണ്; അതിന്റെ തുടർച്ചയെന്ന നിലയിൽ ഇപ്പോഴത്തെ അമേരിക്ക – ഇസ്രയേൽ ആക്രമണത്തെ നിശബ്ദം പിന്തുണയ്ക്കുന്ന നയംമൂലമാണ്.

പെട്രോളിയം ഉൽപന്നങ്ങൾക്കുമേൽ തങ്ങൾ തന്നെ ഏർപ്പെടുത്തിയ അന്യായമായ എക്സെെസ് തീരുവയിൽ വെറും 10 രൂപ മാത്രമാണ് മോദി സർക്കാർ കുറവു ചെയ‍്തത്; ഇതുമൂലം ഏറ്റവും വലിയ നേട്ടമുണ്ടാകുന്നതാകട്ടെ, എണ്ണക്കമ്പനികൾക്കുമാണ്. മാർച്ചിൽ ഗാർഹിക എൽപിജി സിലിണ്ടർ വില 60 രൂപ വർധിപ്പിച്ചു; അതേസമയം ഏപ്രിൽ മാസത്തിൽ വാണിജ്യ എൽപിജി സിലിണ്ടറിന് 993 രൂപയാണ് വർധിപ്പിച്ചത്. പൂഴ്ത്തിവയ്പും കരിഞ്ചന്തയും അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ വീട്ടാവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് 3000 – 4000 രൂപ വരെ ഈടാക്കി കരിഞ്ചന്തയിൽ വിൽക്കുന്നുണ്ട്. കഴിഞ്ഞ 44 മാസത്തിനിടയിൽ ഉൽപ്പാദനോപാധികളുടെ വിലകൾ അതിവേഗം വർധിക്കുകയും ഉൽപ്പന്നങ്ങളുടെ വില 6 മാസത്തിനിടയിൽ കണ്ണടച്ചു തുറക്കുന്നത്ര വേഗതയിൽ വർധിക്കുകയും ചെയ്തുവെന്നുമാണ് വ്യാവസായിക അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകൾ കഴിയുന്നതുവരെ മോദി ഗവൺമെന്റ് വില വർധന ഒഴിവാക്കുകയാണുണ്ടായത്. ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ, വിലക്കയറ്റം കുതിച്ചുയരാൻ തുടങ്ങിയിരിക്കുന്നു. ഈ വർഷം അവസാനത്തോടെ എൽനിനൊ പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പ്രവചിച്ചിരിക്കവെ, കാലാവസ്ഥാ പിഴവുമൂലം ഭക്ഷേ-്യാൽപ്പാദനക്കുറവുണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. മോദിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങൾക്കും ഇക്കാര്യങ്ങളൊന്നും അറിയാത്തതല്ല; പക്ഷേ ആസന്നമായ ഈ വിപത്തുകൾക്കുനേരെ അവർ കണ്ണടയ്ക്കുകയാണ്; എന്തു സംഭവിച്ചാലും തങ്ങൾക്കൊന്നുമില്ല എന്ന ഭാവത്തിലാണവർ.

രാജ്യത്ത് നിലനിൽക്കുന്ന ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മമൂലം വിലക്കയറ്റത്തിന്റെ ആഘാതം കുടുംബബജറ്റുകളെ കൂടുതൽ മാരകമാക്കി മാറ്റുന്നു. പീരിയോഡിക് ലേബർ ഫോഴ്സ് സർവെയുടെ പ്രതിമാസ ബുള്ളറ്റിൻ പ്രകാരം ഈ വർഷം മാർച്ചിൽ, തൊഴിലില്ലായ്മാ നിരക്ക് 5.1 ശതമാനമായിരുന്നു – ഒരു വർഷം മുൻപത്തെ അതേ അവസ്ഥ. നഗരപ്രദേശങ്ങളിൽ തൊഴിലില്ലായ്മ 6.8 ശതമാനമാണ്. നാം ഓർത്തിരിക്കേണ്ട ഒരു കാര്യം, ‘‘പ്രതിവാര തൊഴിൽ സ്ഥിതി’’ നിർവചിക്കപ്പെടുന്നത് പിന്നിട്ട ഒരാഴ്ചയിൽ ഒരു മണിക്കൂർകൊണ്ട് ചെയ്ത ജോലി എന്ന നിലയ്ക്കാണ്. ഇന്ന് നിലവിലുള്ള തൊഴിലില്ലാ പടയിലെ വലിയൊരു വിഭാഗം ആളുകളെ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം അസംബന്ധജടിലമായ നിർവചനമെന്നത് വ്യക്തമാണ്. അസിം പ്രേംജി സർവകലാശാല സമീപകാലത്ത് പുറത്തിറക്കിയ State of Working India എന്ന റിപ്പോർട്ട് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നത്, ബിരുദധാരികളിൽ 15നും 25നും മധേ-്യ പ്രായമുള്ളവരിൽ തൊഴിലില്ലായ്മ 40 ശതമാനമാണെങ്കിൽ 25–29 പ്രായക്കാരിൽ അത് 20 ശതമാനമാണ് എന്നാണ്. ചെറുപ്പക്കാരായ തൊഴിലാളികളെ സംബന്ധിച്ച ഏറെ കൊട്ടിഘോഷിക്കപ്പെട്ട ജനസംഖ്യാ വർധനവിന്റെ മേന്മ എന്ന വാദത്തിന്റെ മരണമണിമുഴക്കമാണ് ഈ റിപ്പോർട്ടിൽ കാണുന്നത്. ഈ റിപ്പോർട്ടിൽ പറയുന്നത് തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരുടെ അനുപാതം വളരെ നേരത്തെ തന്നെ ഇടിയാൻ തുടങ്ങിയത് 2030 ആകുമ്പോഴേക്കും അതിന്റെ പരകോടിയിലെത്തുമെന്നാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മോദി ഗവൺമെന്റ് കാണിച്ച കടുത്ത അവഗണന മാത്രമാണ് ഇതിനിടയാക്കിയത്. മോദി സർക്കാരിന്റെ ഈ നടപടി വലിയ കുറ്റകൃത്യം തന്നെയാണ്.

അതേസമയംതന്നെ, സാമ്പത്തിക മേന്മയുടെ കൂടുതൽ അടിസ്ഥാനപരമായ വശം – സമ്പാദ്യമോ വരുമാനമോ –തളരുന്നത് തുടരുകയാണെന്നാണ് 2025ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവെ റിപ്പോർട്ടുതന്നെ വെളിപ്പെടുത്തുന്നത്. തൊഴിൽസേനയിലെ നാലിലൊന്നിൽ താഴെ പേർ മാത്രമാണ് (കൃത്യമായി പറഞ്ഞാൽ 23.6 ശതമാനം) സ്ഥിരം ശമ്പളമോ കൂലിയോ ലഭിക്കുന്ന തൊഴിലുകളിലേർപ്പെട്ടിട്ടുള്ളത്. മഹാഭൂരിപക്ഷം വരുന്ന ആളുകൾ (56.2 ശതമാനം) ‘സ്വയം തൊഴിൽ’ ചെയ്യുന്നവരാണ്; അതിൽ കർഷകത്തൊഴിലാളികളുണ്ട്; സേവനമേഖലയിലും മറ്റുമായി സ്വന്തം അധ്വാനം വിൽക്കുന്ന ലക്ഷക്കണക്കിനുവരുന്നവരുമുണ്ട്. കഷ്ടിച്ച് 20 ശതമാനത്തിലധികം പേരാണ് താൽക്കാലിക തൊഴിലാളികളായി പണിയെടുക്കുന്നവർ. ഈ മൂന്ന് വിഭാഗം തൊഴിലാളികളും ചേർന്ന് ശരാശരി എത്ര തുകയാണ് സമ്പാദിക്കുന്നത്? ഒരു മതിപ്പു കണക്കുപ്രകാരം തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ 64 ശതമാനവും മിനിമം കൂലിപോലും ലഭിക്കാത്തവരാണ്. ശ്രദ്ധേയമായ സംഗതി, 2022–25 കാലത്ത് സ്ഥിരം കൂലിയും ശമ്പളവും ലഭിക്കുന്നവർക്ക് യഥാർഥ കൂലിയിൽ 1.2 ശതമാനം വാർഷിക വർധനവുണ്ടായപ്പോൾ താൽക്കാലിക തൊഴിലാളികളുടെ കൂലിയിലുണ്ടായ വർധനവ് വെറും 0.5 ശതമാനം മാത്രമാണ്; സ്വയം തൊഴിൽ ചെയ്യുന്നവരുടേത് 1 ശതമാനവും. കോർപ്പറേറ്റ് ലോകം കൊള്ളലാഭമുണ്ടാക്കുമ്പോൾ ഇന്ത്യയിൽ അധ്വാനിക്കുന്ന ജനത വരുമാനം കുറഞ്ഞവരും യാതൊരു വരുമാന വർധനവും ഇല്ലാത്തവരുമായി തുടരുന്നു. മോദി ഗവൺമെന്റ് നടപ്പാക്കുന്ന നികുതി ഇളവുകളും ഇൻസെന്റീവുകളും കടം എഴുതിത്തള്ളലുകളുംമൂലം ശതകോടീശ്വരരുടെ എണ്ണവും കുതിച്ചുയരുകയാണ്.

ഒരുപക്ഷേ, ഈ പ്രതിസന്ധിയുടെ ഏറ്റവും പരിതാപകരവും രോഷജനകവുമായ വശം ഇപ്പോഴത്തെ ഗവൺമെന്റ് ജനങ്ങളുടെ ദുരിതങ്ങളോടും വേദനയോടും പുറംതിരിഞ്ഞു നിൽക്കുന്നുവെന്നതാണ്. അധികാരത്തോടുള്ള ആർത്തിയും സമ്പന്നരെ സേവിക്കുന്ന കാര്യത്തിലുള്ള പ്രതിബദ്ധതയുംമൂലം രാജ്യത്തിന്റെ ഭരണഘടനയെത്തന്നെ നശിപ്പിക്കുന്നത്ര അമിതാധികാര പ്രയോഗത്തിനുപോലും ഗവൺമെന്റ് മടിക്കുന്നില്ല. നാടനും മറുനാടനുമായ വൻകിട കോർപ്പറേറ്റ് മേലാളന്മാരുടെ കെെയടി നേടുന്നതിന് നിയമവാഴ്ചയെപോലും നശിപ്പിക്കാനും ജനാധിപത്യാവകാശങ്ങളെ തകർക്കാനും അതിനു മടിയില്ല. ഈ പ്രക്രിയയുടെ ഭാഗമായി മോദി ഗവൺമെന്റ് വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും വിത്തു വിതയ്ക്കുകയാണ്; രാജ്യത്തിന്റെ സാമൂഹിക ഘടനയെത്തന്നെ ഛിന്നഭിന്നമാക്കാൻ ശേഷിയുള്ള ശിഥിലീകരണശക്തികളെ അത് കെട്ടഴിച്ചുവിടുകയുമാണ്. ഇന്ത്യയുടെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും നശിപ്പിക്കുന്ന ഈ പ്രവണതയെ തടയാൻ ജനങ്ങളുടെ കൂട്ടായ ശക്തിക്കു മാത്രമേ കഴിയൂ. l

(മെയ് 06, 2026)

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − 1 =

Most Popular