ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധി ചരിത്രത്തിൽ ഏറ്റവും ദുഷ്കരമായ വർഷമായിരുന്നു 1991. രാജ്യത്തിന്റെ കരുതൽശേഖരം ഏതാണ്ടെല്ലാം ഒലിച്ചുപോയി. റിസർവ്വ് ബാങ്കിലെ സ്വർണം വിമാനത്തിൽ കയറ്റി ലണ്ടനിൽ കൊണ്ടുപോയി പണയംവയ്ക്കേണ്ടി വന്നു. പക്ഷേ, അന്നുപോലും ത്യാഗങ്ങൾ സഹിക്കാൻ ജനങ്ങളോട് ഭരണാധികാരികൾ പറഞ്ഞിരുന്നില്ല.
മോദിയുടെ അഭ്യർത്ഥന
• ഇന്ധന ഉപയോഗം കുറയ്ക്കുക: പെട്രോളും ഡീസലും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുകയും, കാർപൂളിംഗ് (carpooling) അടക്കമുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുക.
• വിദേശ യാത്രകൾ മാറ്റിവെക്കുക: രാജ്യത്തിനു പുറത്തേക്കുള്ള അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കിക്കൊണ്ട് വിദേശനാണ്യം സംരക്ഷിക്കുക.
• വിദേശ ഉൽപ്പന്നങ്ങൾ കുറയ്ക്കുക: ഇറക്കുമതി ചെയ്യുന്ന വിദേശ ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയും, വിദേശനാണ്യം ചെലവഴിക്കേണ്ടി വരുന്ന വ്യക്തിപരമായ കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുക.
• ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുക: രാജ്യത്തിന്റെ ഭക്ഷ്യ എണ്ണ ഉപയോഗത്തിൽ പത്ത് ശതമാനത്തോളം കുറവു വരുത്തുക.
• സ്വർണം വാങ്ങുന്നത് ഒഴിവാക്കുക: വിദേശനാണ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി, കുടുംബങ്ങളിലെ ആഘോഷങ്ങൾക്കായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കുക.
ഫെയ്ക്ക് ന്യൂസ്
നമ്മൾ വിചാരിക്കുന്നതിലപ്പുറമാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെന്ന നിഗമനത്തിലാണ് നമുക്ക് എത്താൻ കഴിയുക. ലോകത്തെ നാലാമത്തെ ഏറ്റവും വലിയ സമ്പദ്ഘടന, ഏറ്റവും വേഗതയിൽ വളരുന്ന സമ്പദ്ഘടന, വിദേശനാണയ ശേഖരത്തിൽ നാലാം സ്ഥാനമുള്ള രാജ്യം, നിഷ്-ക്രിയാസ്തികൾ ഏറ്റവും കുറഞ്ഞ ബാങ്ക് കാലം എന്നൊക്കെ വമ്പു പറയുമ്പോഴും രാജ്യം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നു വ്യക്തം. അല്ലെങ്കിൽ ഒരുകാലത്തും നടത്താത്ത അഭ്യർത്ഥനയുമായി പ്രധാനമന്ത്രി രംഗപ്രവേശം ചെയ്യേണ്ടിയിരുന്നില്ലല്ലോ.
ഇത് തിരിച്ചറിഞ്ഞ ബിജെപിയുടെ പ്രചാരണ വിഭാഗത്തിന് 1969-ലെ ഹിന്ദു പത്രത്തിന്റെ തലക്കെട്ടിൽ ഇന്ദിരാ ഗാന്ധിയുടെ ചിത്രവും വച്ച് സ്വർണം വാങ്ങരുതെന്നും മറ്റുമുള്ള ഒരു ഫെയ്ക്ക് ന്യൂസ് തയ്യാറാക്കി പ്രചരിപ്പിക്കേണ്ടിവന്നു. പണ്ടും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ടത്രേ! ഇല്ല. ആദ്യമായിട്ടാണ് ഒരു പ്രധാനമന്ത്രിക്ക് രാജ്യത്തോട് ഇത്തരത്തിലൊരഭ്യർത്ഥന നടത്തേണ്ടതായി വന്നത്.
ഇറാൻ യുദ്ധവും എണ്ണ പ്രതിസന്ധിയും
നാലു ദിവസംകൊണ്ട് ഇറാനെ തകർക്കാമെന്നു കരുതിയാണ് ഇസ്രയേൽ പറഞ്ഞതുകേട്ട് ട്രംപ് യുദ്ധത്തിനിറങ്ങിയത്. ഇപ്പോൾ യുദ്ധം തുടങ്ങി മാസങ്ങൾ കഴിഞ്ഞു; ഇറാനെ തകർക്കാനായില്ല. ഇറാന്റെ മാത്രമല്ല, ഖത്തറിന്റെയും മറ്റു പല രാജ്യങ്ങളുടെയും എണ്ണപ്പാടങ്ങളിൽ ഒരു ഭാഗം തകർന്നു. എണ്ണ കൊണ്ടുപോകുന്ന ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണയുടെ വരവും ഗണ്യമായി നിലച്ചു. എണ്ണക്ഷാമംമൂലം ബാരലിന് 60-–70 ഡോളർ ആയിരുന്ന ക്രൂഡോയിലിന്റെ വില ഇപ്പോൾ 100 ഡോളറിനു മുകളിലാണ്. യുദ്ധം മുറുകിയാൽ 170 ഡോളർ കടന്നേക്കാം. അതിലുപരി ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് എണ്ണതന്നെ ലഭിക്കാത്ത സ്ഥിതിയും വന്നേക്കാം. അതോടെ സമ്പദ്ഘടന നിശ്ചലമാകും.
ഇനി അത്രയ്ക്കൊന്നും ആയില്ലെങ്കിലും ആഗോളമാന്ദ്യവും വിലക്കയറ്റവും അനിവാര്യമായും ഉണ്ടാകും. ഐഎംഎഫ് ആഗോള ജിഡിപി വളർച്ച 2026-ൽ 3.1 ശതമാനമായി താഴ്ത്തിയിട്ടുണ്ട്. ഇറാൻ യുദ്ധം നീണ്ടാൽ വളർച്ച 2 ശതമാനം വരെ ചുരുങ്ങാം. പല രാജ്യങ്ങളും മാന്ദ്യത്തിലാകും.
ആഗോള വിലക്കയറ്റം 2026-ൽ 3.8 ശതമാനമേ വരൂ എന്നാണ് ഐഎംഎഫ് കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ കണക്കു പ്രകാരം ഇത് 4.2 ശതമാനം വരും. യുദ്ധം മുറുകിയാൽ വിലക്കയറ്റം അവിടെയൊന്നും നിൽക്കില്ല. ചരടുപൊട്ടിക്കും; അങ്ങനെ മാന്ദ്യവും വിലക്കയറ്റവും ഒരുമിച്ചുവരുന്ന സ്റ്റാഗ്ഫ്ലേഷൻ എന്ന അപൂർവ്വ പ്രതിഭാസത്തിന് ലോകം സാക്ഷ്യം വഹിക്കും.
കാലിയായ പെട്രോൾ ശേഖരം
ഇറാൻ യുദ്ധംമൂലം പെട്രോളിന്റെ ലഭ്യതയിലും വിലയിലും ഉണ്ടാകുന്ന മാറ്റവും അതിന്റെ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങളുമാണ് മുകളിൽ പരാമർശിച്ചത്. എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളുടെയും അവശ്യ ഘടകമെന്ന നിലയിൽ സാമ്പത്തിക ഗതിവിഗതികളെ നിശ്ചയിക്കുന്നതിൽ ഇന്ധനത്തിന് പരമപ്രാധാനമായ സ്ഥാനമുണ്ട്. പ്രത്യേകിച്ച് സ്വന്തമായി എണ്ണ ഉല്പാദനം ഇല്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക്. ഇന്ത്യയിലെ ക്രൂഡോയിലിന്റെ 90 ശതമാനത്തോളം നാം വിദേശത്തുനിന്നും വാങ്ങുന്നതാണ്.
എണ്ണയുടെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ രാജ്യങ്ങളും ഗണ്യമായ അളവിൽ എണ്ണ കരുതൽശേഖരമായി വാങ്ങി സൂക്ഷിക്കാറുണ്ട്. ഇതിനെ വിളിക്കുന്ന പേരാണ് സ്ട്രാറ്റജിക് പെട്രോളിയം റിസർവ് അഥവാ SPR.
ഇന്ത്യയുടെ പെട്രോളിയം റിസർവ് 3.9 കോടി ബാരലാണ്. 1991-ലെ പ്രതിസന്ധി കാലത്താണ് ഇത്തരമൊരു ശേഖരമുണ്ടാക്കാൻ തീരുമാനിച്ചത്. പക്ഷേ, മാപ്പർഹിക്കാത്ത വലിയൊരു വീഴ്ച മോദിയിൽനിന്നും ഉണ്ടായി. SPR-ഉം എണ്ണക്കമ്പനികളുടെയും മറ്റും കൈയിലുള്ള പെട്രോളുമടക്കം നമ്മുടെ കരുതൽ ശേഷിയുടെ 65 ശതമാനം എണ്ണയേ മോദി ഗവൺമെന്റ് ശേഖരിച്ചി വച്ചിരുന്നുള്ളൂ.
തന്റെ ഇസ്രയേൽ സന്ദർശനവേളയിലെങ്കിലും നടക്കാൻ പോകുന്ന യുദ്ധത്തെക്കുറിച്ച് മോദിക്ക് നിശ്ചയമായും അറിവ് ലഭിച്ചിരുന്നുവെന്നത് ന്യായമായ അനുമാനമാണ്. എന്നിട്ടും. എന്തുകൊണ്ട് പൂർണ്ണ കപ്പാസിറ്റിയിൽ എണ്ണ ശേഖരിച്ചില്ല? അതുമല്ലെങ്കിൽ ഫോർവേഡ് മാർക്കറ്റിൽ താഴ്ന്ന വിലയ്ക്ക് എണ്ണ ബുക്ക് ചെയ്യാമായിരുന്നല്ലോ. അതും ചെയ്തില്ല. യുദ്ധം നാല് ദിവസംകൊണ്ട് തീരുമെന്നും എണ്ണവില കുത്തനെ ഇടിയുമെന്നും ഇസ്രയേൽ പറഞ്ഞത് വിശ്വസിച്ച് മോദി തിരികെപോന്നു.
ഇല്ലാത്ത പാചകവാതക ശേഖരം
എണ്ണപോലെതന്നെ ഗൗരവമായ വീഴ്ചയാണ് പാചകവാതകത്തിന്റെ കാര്യത്തിലുമുണ്ടായത്. ഉജ്ജ്വല സ്കീമിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ കുടുംബങ്ങൾക്കും പാചകവാതകം ലഭ്യമാക്കുന്നതിനു തീരുമാനിച്ചു. അങ്ങനെ 5-–6 വർഷംകൊണ്ട് ഇന്ത്യയുടെ പാചകവാതക ആവശ്യം പലമടങ്ങ് ഉയർന്നു. പക്ഷേ, പാചകവാതകം സംഭരിച്ചു സൂക്ഷിക്കുന്നതിനുള്ള ഭൂഗർഭ അറകളൊന്നും ഇന്ത്യ നിർമ്മിച്ചില്ല. കപ്പലിൽ ഇരിക്കുന്നതും തീരത്തെ ടാങ്ക് സംഭരണികളിൽ സൂക്ഷിക്കുന്നതും മാത്രമാണ് കരുതൽശേഖരം. ഇപ്പോഴാണ് ഭൂഗർഭ അറ ഉണ്ടാക്കുന്നതിനുള്ള സ്ഥല സൗകര്യങ്ങളെക്കുറിച്ചുപോലും ഗവൺമെന്റ് അന്വേഷിച്ചിറങ്ങിയിരിക്കുന്നത്.
അതേസമയം, ചൈന 90 കോടി ബാരൽ എണ്ണ ശേഖരിച്ചുവച്ചിട്ടുണ്ട്. ഇന്ത്യയുടെ 22 മടങ്ങ്. ഇന്ന് ഏറ്റവും വലിയ എണ്ണ ഉല്പാദന രാജ്യമാണ് അമേരിക്ക. എന്നാലും അവരുടെ കൈയിലുമുണ്ട് ഏതാണ്ട് ചൈനയുടെ അത്രയും തന്നെ എണ്ണശേഖരം. ഇരുവർക്കും 90 ദിവസത്തെ ഉപയോഗത്തിനുള്ള എണ്ണ, ശേഖരമായുണ്ട്. എന്നാൽ ഇന്ത്യയ്ക്കാവട്ടെ അതിന്റെ പകുതി ദിവസത്തേക്കുള്ള എണ്ണപോലും ശേഖരമായില്ല.
പാചകവാതകത്തിന്റെ കാര്യമാണ് ഏറെ കഷ്ടം. ഇന്ത്യയുടെ കൈയിൽ 1.4 ലക്ഷം ടൺ എൽപിജി സൂക്ഷിക്കാനുള്ള സൗകര്യമേ എല്ലാംകൂടിയുള്ളൂ. ഇത് രണ്ടു ദിവസത്തെ ഉപയോഗത്തിനു തികയില്ല. ഓരോ ദിവസവും റിഫൈനറിയിൽ ഉല്പാദിപ്പിക്കുന്ന പാചകവാതകമോ കപ്പൽ വഴിയെത്തുന്ന പാചകവാതകമോ ഉപയോഗിച്ചുവേണം ആവശ്യം നിർവ്വഹിക്കാൻ. ഇതിലേറെ അരക്ഷിതാവസ്ഥ രാജ്യത്ത് ഉണ്ടാകാനുണ്ടോ?
മോദിയുടെ പെട്രോളിയം നയത്തിന്റെ തിക്തഫലങ്ങൾ നമ്മൾ അനുഭവിക്കുകയാണ്. പെട്രോൾ, ഡീസൽ വിലകൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടു തവണ വർദ്ധിപ്പിച്ചു കഴിഞ്ഞു. ഇനിയും വില വർദ്ധിപ്പിക്കുമെന്നുറപ്പാണ്.
രാജ്യം മാന്ദ്യത്തിലേക്ക്
മോദിയുടെ പ്രസംഗത്തെ തുടർന്ന് ഓഹരി കമ്പോളം തകർന്നു. 6.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്. രൂപയുടെ മൂല്യവും ഡോളറിന് 95.5 രൂപയ്ക്കപ്പുറം കടന്നു. വരാൻ പോകുന്ന പ്രതിസന്ധിയുടെ നാന്ദിയാണിത്.
ഇന്ത്യയിലെ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ ഊതിവീർപ്പിക്കപ്പെട്ടവയാണെന്ന് ഡോ. രാംകുമാറിന്റെ ലേഖനത്തിൽ സവിസ്തരം വിവരിക്കുന്നുണ്ട്. ഇന്ത്യയുടെ യഥാർത്ഥ സാമ്പത്തിക വളർച്ച ഔദ്യോഗിക കണക്കുകളേക്കാൾ ഗണ്യമായി കുറഞ്ഞതാണ്. എണ്ണ പ്രതിസന്ധി മൂർച്ഛിച്ചാൽ അത് ഇനിയും പരുങ്ങലിലാകും.
ഇത്തരമൊരു മാന്ദ്യത്തിന്റെ സാഹചര്യത്തിലാണ് മോദി മുണ്ടുമുറുക്കിയുടുക്കാൻ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നത്. ഇത്തരമൊരു സമീപനം സാമ്പത്തിക വളർച്ചയെ കൂടുതൽ മന്ദീഭവിപ്പിക്കുകയേയുള്ളൂ. അല്ലെങ്കിൽതന്നെ ഇന്ത്യയിലെ സാമ്പത്തിക ഉത്തേജനത്തിന് ഒരു വിലങ്ങുതടി സ്വകാര്യ ഉപഭോഗച്ചെലവ് വേണ്ടത്ര ഉയരാത്തതാണ്. ഈയൊരു സാഹചര്യത്തിൽ പ്രധാനമന്ത്രി ചെയ്യേണ്ടത് പെട്രോളിയം ഉല്പന്നങ്ങളുടെമേലുള്ള നികുതികൾ ഇനിയും വെട്ടിക്കുറച്ച് വിലക്കയറ്റത്തെ തടയുകയാണ്. പാചകവാതകത്തിന്റെ വില കൂട്ടി. ഇനി അടുത്ത ഊഴം ഡീസലിന്റേതും പെട്രോളിന്റേതുമാണ്.
വിദേശ വ്യാപാര കമ്മി
എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഇത്ര പരിഭ്രാന്തനായി ജനങ്ങളോട് വിദേശ വസ്തുക്കൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്നത്? കാരണം വിദേശത്തു നിന്നുള്ള സ്വർണത്തിന്റെയും മറ്റുല്പന്നങ്ങളുടെയും ഇറക്കുമതി രാജ്യത്തിന്റെ വ്യാപാര കമ്മി വർദ്ധിപ്പിക്കും. ഇതിനു പുറമേയാണ് എണ്ണയുടെ വിലക്കയറ്റം. 10 ഡോളർ എണ്ണയ്ക്ക് വില ഉയർന്നാൽ 1500 കോടി ഡോളർ ഇറക്കുമതി ചെലവ് ഉയരും. ഇതിന്റെ നാനാവിധ പ്രത്യാഘാതങ്ങളെക്കുറിച്ച് അഭിലാഷിന്റെ ലേഖനത്തിൽ കൂടുതൽ വ്യക്തമാക്കുന്നുണ്ട്.
രാജ്യത്തിന്റെ അടവുശിഷ്ട കമ്മി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ അത് ദേശീയ വരുമാനത്തിന്റെ 2 ശതമാനമായിട്ടുണ്ട്. ഈ കമ്മി നികത്താനുള്ള വിദേശ നാണയ ശേഖരം ഇന്ത്യയുടെ പക്കലുണ്ട്. സമീപകാലത്ത് ഇടിവുണ്ടായിട്ടും 69,000 കോടി ഡോളറാണ് ഇപ്പോഴത്തെ വിദേശ നാണയശേഖരം. ലോക രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് വിദേശ നാണയ ശേഖരത്തിന്റെ കാര്യത്തിൽ നാലാംസ്ഥാനമുണ്ട്. അതുകൊണ്ട് പേടിക്കാനൊന്നുമില്ല എന്നാണ് മോദി പറയുക.
വിദേശ നാണയ ശേഖരത്തിലെ ചതിക്കുഴി
എന്നാൽ ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ഒരു ചതിക്കുഴിയുണ്ട്. ഇതിന്റെ 65 ശതമാനം ഹ്രസ്വകാല വായ്പകളും ഊഹക്കച്ചവട മൂലധനമാണ്. ചൈനയും ഇന്ത്യയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് ഇവിടെയാണ്. ചൈനയിലെ വിദേശനാണയ ശേഖരം ഉയർന്ന കയറ്റുമതിയുടെ അടിസ്ഥാനത്തിലുള്ള വ്യാപാര മിച്ചത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതാണ്. ഇന്ത്യയിൽ വ്യാപാര കമ്മി ആണെന്നു പറഞ്ഞുവല്ലോ. ഇന്ത്യയുടെ വിദേശ നാണയ ശേഖരം എപ്പോൾ വേണമെങ്കിലും കാറ്റു പോയ ബലൂൺ പോലെ ആയിത്തീരാം.
അടവുശിഷ്ട കമ്മിയുടെ ലക്ഷ്-മണരേഖയായി കരുതുന്നത് ജിഡിപിയുടെ 3 ശതമാനമാണ്. അതു കടന്നാൽ വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നു പിൻവാങ്ങാൻ തുടങ്ങും. രാജ്യത്തിന്റെ വിദേശ വിനിമയ സ്ഥിതി 1991-ലേതുപോലെ തകരാം. അതുകൊണ്ടാണ് വ്യാപാര കമ്മി നിയന്ത്രിക്കുന്നതിന് ഇന്ത്യക്കാർ സ്വമേധയാ വിദേശ വസ്തുക്കൾ വാങ്ങേണ്ട എന്നു തീരുമാനിക്കാൻ അഭ്യർത്ഥിക്കുന്നത്.
സ്വതന്ത്ര വ്യാപാര കരാറുകളുടെ അപകടം
ഈയൊരു അപകടം നിലനിൽക്കുമ്പോഴാണ് പ്രധാനമന്ത്രി മോദി വിദേശ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പുവയ്ക്കാൻ നടക്കുന്നത്. വിദേശത്തു നിന്നും ഒരു നിയന്ത്രണവുമില്ലാതെ എന്തു വേണമെങ്കിലും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ അവസരം കൊടുത്തിട്ട് രാജ്യത്തുള്ളവരോട് സ്വദേശിവൽക്കരണം പറഞ്ഞാൽ നടപ്പാകുമോ?
ഇന്നത്തെ അവസ്ഥാവിശേഷം മോദിയുടെ പിടിപ്പുകേടുകൊണ്ട് ഉണ്ടായിട്ടുള്ളതാണ്. ഇസ്രയേലിൽ പരിവാരസമേതം പോയി നെതന്യാഹുവിനെ കെട്ടിപ്പിടിച്ചപ്പോൾ പറഞ്ഞതല്ലേ യുദ്ധം വരാൻ പോകുന്നുവെന്ന്. എന്തുകൊണ്ട് ആഗോള സാട്ടാ കച്ചവടത്തിൽ അന്നത്തെ താഴ്ന്ന വിലയ്ക്ക് ഭാവിയിലേക്കുള്ള എണ്ണയുംകൂടി കച്ചവടം നടത്തിയില്ല? ജപ്പാനും ചൈനയും തെക്ക്-കിഴക്കൻ രാജ്യങ്ങളുമെല്ലാം തന്നെ ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളാണ്. എണ്ണ ലഭ്യത ഉറപ്പുവരുത്താൻ അവർ സ്വീകരിച്ച ഒട്ടേറെ നടപടികളുണ്ട്. അവയൊന്നും സ്വീകരിക്കാതെ അമേരിക്കയുടെ ദയാദാക്ഷിണ്യത്തിനായി മോദി ഇരന്നുനടക്കുകയായിരുന്നു.
വീണത് വിദ്യയാക്കുമ്പോൾ
മോദിയുടെ വീഴ്ചകളെ ആർക്കും ന്യായീകരിക്കാനാവില്ല. എന്നിട്ടിപ്പോൾ വീണത് വിദ്യയാക്കുകയാണ്. എണ്ണയുടെ ക്ഷാമംമൂലം രാജ്യത്തെ വളത്തിന്റെ ഉല്പാദനം കുറയും. ആഗോളമായിത്തന്നെ ഇതാണ് സ്ഥിതി. വളത്തിന്റെ വില കുത്തനെ ഉയരുകയാണ്.
മോദിയുടെ പരിഹാരം എന്താണ്? കൃഷിക്കാർ പ്രകൃതി കൃഷിരീതികളിലേക്ക് ഇറങ്ങണമെന്നാണ് ആഹ്വാനം. ഇപ്പോൾതന്നെ താരതമ്യേന കുറവ് വളം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ശാസ്ത്രീയമായ വളം ഉപയോഗം ഉല്പാദനക്ഷമത ഉയർത്താൻ അനിവാര്യമാണ്. ഇതു മറന്ന് വിദേശനാണയം ഇല്ലാത്തതുകൊണ്ട് ശ്രീലങ്കയിലെ മുൻസർക്കാർ രാജ്യത്തെമ്പാടും പ്രകൃതി കൃഷി അടിച്ചേൽപ്പിച്ചതിന്റെ ദുരന്തം നാം കണ്ടതല്ലേ?
ഇപ്പോൾ എണ്ണയുടെ വില കൂടുന്നതുകൊണ്ട് ചരക്കു കടത്തുകൂലിയും വൈദ്യുതി വിലയും ഉയർന്നുകൊണ്ടിരിക്കുകയാണ്. ആഗോളമായി വിലക്കയറ്റം തലപൊക്കിയിരിക്കുകയാണ്. ഇനി ഭക്ഷ്യക്ഷാമംകൂടി ഉണ്ടായാൽ ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ ചരടുപൊട്ടും.
സ്വർണം എന്തുകൊണ്ട്?
ഇറക്കുമതിച്ചെലവ് കുറയ്ക്കാൻ സ്വർണം വാങ്ങുന്നത് ഒരുവർഷത്തേയ്ക്ക് എല്ലാവരും മാറ്റിവയ്ക്കണമെന്നതാണ് പ്രധാനമന്ത്രിയുടെ മറ്റൊരു ആഹ്വാനം. നമുക്ക് അതിനോട് എതിർപ്പൊന്നുമില്ല. പണത്തെ ജഡമായ സ്വർണത്തിലൊന്നും ഒതുക്കരുത്.
പക്ഷേ, ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിചിതമായ ഒരു നിക്ഷേപ ഉപാധിയാണ് സ്വർണം. മറ്റെന്തിന് വില ഇടിഞ്ഞാലും സ്വർണത്തിന്റെ വില ഇടിയില്ല. എപ്പോൾ വേണമെങ്കിലും അത് പണമാക്കി മാറ്റുകയും ചെയ്യാം. സാമ്പത്തിക അരക്ഷിതാവസ്ഥ കൂടുമ്പോൾ സാധാരണക്കാർ സ്വർണ്ണത്തെ ആശ്രയിക്കുന്നതിനു കാരണം ഇതാണ്. ഈ സ്ഥിതിവിശേഷത്തിൽ മാറ്റം വരാത്തിടത്തോളം ആഹ്വാനം കൊണ്ടൊന്നും കാര്യമില്ല.
പിന്നെ, സ്വർണത്തിന്റെ മുഖ്യഇടപാടുകാർ ഇവരൊന്നുമല്ല, അത് കള്ളപ്പണക്കാരാണ്. നോട്ട് നിരോധിച്ചതുകൊണ്ടൊന്നും കള്ളപ്പണം ഇല്ലാതായിട്ടില്ല. കള്ളപ്പണമെല്ലാം നോട്ടായിട്ടാണ് സൂക്ഷിക്കുന്നതെന്ന് ആരോ പറഞ്ഞത് വിശ്വസിച്ചാണ് നോട്ട് നിരോധിക്കാൻ മോദി പണ്ട് ഇറങ്ങിയത്. മറ്റ് ആസ്തികൾ പോലെ കള്ളപ്പണം സൂക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ഉപാധിയാണ് സ്വർണം. കള്ളപ്പണക്കാർ മോദിയുടെ ഉപദേശമൊന്നും സ്വീകരിക്കാൻ പോകുന്നുമില്ല.
വൈദ്യൻ ആദ്യം സ്വയം ചികിത്സിക്കൂ
വിദേശയാത്ര കുറയ്ക്കണമെന്നും അനാവശ്യമായ കാർ യാത്രകൾ ഉപേക്ഷിക്കണമെന്നുമൊക്കെ ജനങ്ങളോട് അഭ്യർത്ഥിക്കുമ്പോൾ അത് ചെയ്തുകാണിക്കേണ്ട ബാധ്യതകൂടി തനിക്കുണ്ടെന്ന് മോദി തിരിച്ചറിയണം. മോദിയുടെ പെരുമാറ്റം നേർവിപരീതമായതുകൊണ്ട് അഭ്യർത്ഥനകൾ ട്രോളുകൾകൊണ്ട് മുങ്ങി.
ദേശഭക്തിയുണ്ടെങ്കിൽ ചെയ്യേണ്ടത് അമേരിക്കൻ ദാസ്യവൃത്തി അവസാനിപ്പിച്ച് ബ്രിക്സ് രാജ്യങ്ങളുമായും, സ്വതന്ത്ര നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കുന്ന മറ്റു രാജ്യങ്ങളുമായും ചർച്ചകൾ നടത്തി സ്വന്തം കാലിൽ നിൽക്കാൻ നോക്കുകയാണ്. മോദിയുടെ സാമ്പത്തിക നയത്തിന്റെ മാത്രമല്ല, വിദേശ നയത്തിന്റെയും പരാജയത്തിന്റെ കുറ്റസമ്മതമാണ് അദ്ദേഹത്തിന്റെ ഹൈദരാബാദ് പ്രസംഗം.
മേൽപ്പറഞ്ഞതുപാലൊരു സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിച്ച ശേഷമാണ് രാജ്യത്തോട് അഭ്യർത്ഥിക്കുന്നതെങ്കിൽ സംശയം വേണ്ട, ജനങ്ങൾ അണിനിരക്കും. കാരണം സംഘപരിവാറിന് യാതൊരു ബന്ധവുമില്ലെങ്കിലും നീണ്ടനാളത്തെ സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള ജനതയാണ് ഇന്ത്യയുടേത്. എന്നാൽ ഇത്തരമൊരു അജൻഡ മോദിക്കില്ല. l



