Friday, April 24, 2026

ad

Homeപ്രതികരണംഎല്ലാ സംസ്ഥാനങ്ങൾക്കും 
തുല്യ പരിഗണന വേണം

എല്ലാ സംസ്ഥാനങ്ങൾക്കും 
തുല്യ പരിഗണന വേണം

പിണറായി വിജയൻ

രാജ്യത്ത് നടപ്പാക്കാനിരിക്കുന്ന പാർലമെന്റ് മണ്ഡല പുനർനിർണയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ ആശങ്ക ഉളവാക്കുന്നതാണ്. ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് നിലവിലുള്ള സീറ്റുകളുടെ എണ്ണം “നഷ്ടപ്പെടില്ല’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. അതൊരു ഉറപ്പായി കണ്ടുകൊണ്ട് മുന്നോട്ടുപോകാനാകില്ല. അത്തരം സംസ്ഥാനങ്ങൾ നേരിടാൻ പോകുന്ന അനീതിയെ മറച്ചുവെക്കാനുള്ള ഉപാധിയായി വേണം പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കാണാൻ.

ഇന്ത്യൻ ജനാധിപത്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് പാർലമെന്റിൽ ഒരു സംസ്ഥാനത്തിനുള്ള പ്രാതിനിധ്യത്തിന്റെ എണ്ണമല്ല, മറിച്ച് ഇന്ത്യൻ യൂണിയനിൽ ഓരോ സംസ്ഥാനത്തിനും ആനുപാതികമായ പ്രാതിനിധ്യവും പ്രാധാന്യവും ലഭിക്കുന്നുണ്ടോ എന്നതാണ്. കേരളത്തിന് അർഹമായ സഹായമോ പിന്തുണയോ പോലും ലഭിക്കാത്ത സ്ഥിതിയാണല്ലോ ഇപ്പോഴുള്ളത്. അതിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ തന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരവും ലഭിക്കും.

നിലവിലെ ജനസംഖ്യാ കണക്കുകളുടെ മാത്രം അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ മണ്ഡല പുനർനിർണയവുമായി മുന്നോട്ടു പോകുന്നത്. അങ്ങനെയെങ്കിൽ ജനസംഖ്യാ നിയന്ത്രണത്തിലും സാമൂഹികവികാസത്തിലും ശ്രദ്ധേയമായ നാഴികക്കല്ലുകൾ താണ്ടിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ അത് കൂടുതൽ പ്രതിസന്ധിയിലാക്കും. അതുകൊണ്ടുതന്നെ ലോക്സഭാ സീറ്റുകളിൽ 50 ശതമാനം വർദ്ധനവ് വരുത്താനുള്ള നിർദ്ദേശത്തെ ആശങ്കയോടെയാണ് നമ്മൾ കാണുന്നത്.

അൻപത് ശതമാനം വർധിച്ചാൽ, കേരളത്തിന്റെ പ്രാതിനിധ്യം 30 സീറ്റുകളായി ഉയരും. അതേസമയം തന്നെ ഉത്തർപ്രദേശ് പോലുള്ള ഒരു സംസ്ഥാനത്തിന്റെ പ്രാതിനിധ്യം 120-ഓ അതിലധികമോ ആയി കുതിച്ചുയരുകയും ചെയ്യും. അതായത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ജനാധിപത്യ പ്രാതിനിധ്യവും പ്രാധാന്യവും കൂടുതൽ ദുർബലപ്പെടുമെന്നർത്ഥം. “നീതിയുക്തമായ മണ്ഡല പുനർനിർണയമല്ല’, മറിച്ച് ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങളെ തുരങ്കം വെക്കുന്ന “ജനസംഖ്യാപരമായ ഒരു അട്ടിമറി’യാണ് നടക്കാൻ പോകുന്നതെന്ന് സാരം.

അധികാര സന്തുലിതാവസ്ഥയെ രാജ്യത്തിന്റെ പ്രത്യേക മേഖലയ്ക്ക് തീറെഴുതുന്നതിനു തുല്യമാണ് ഈ നടപടി. പതിറ്റാണ്ടുകളുടെ നിക്ഷേപം കൊണ്ട് ആരോഗ്യ–വിദ്യാഭ്യാസ മേഖലകളിലടക്കം ദക്ഷിണേന്ത്യ കൈവരിച്ച വികസന നേട്ടങ്ങൾ ആ പ്രദേശത്തിന് തന്നെ ഒരു രാഷ്ട്രീയബാധ്യതയായി മാറിയിരിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ കേന്ദ്ര സർക്കാർ നൽകാനൊരുങ്ങുന്നത്.

എല്ലാ സംസ്ഥാനങ്ങളും ജനസംഖ്യാ നിയന്ത്രണലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ സംസ്ഥാനങ്ങളുടെ പാർലമെന്റ് സീറ്റ് അനുപാതം 1971-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ തന്നെ നിലനിർത്തണമെന്നതാണ് കേരള സർക്കാരിന്റെ നിലപാട്. സീറ്റുകളുടെ ആകെ എണ്ണത്തിൽ എന്തെങ്കിലും വർദ്ധനവ് വരുത്തുന്നുണ്ടെങ്കിൽ, അത് മാനവ വികസന സൂചികകളിൽ മികച്ചുനിൽക്കുന്ന സംസ്ഥാനങ്ങളുടെ പ്രാതിനിധ്യവും പ്രാധാന്യവും കുറയ്ക്കാത്ത രീതിയിലായിരിക്കണം.

ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ജനാധിപത്യ – ഫെഡറൽ അടിത്തറയെ ദുർബലപ്പെടുത്തുന്ന ഇത്തരമൊരു സുപ്രധാന തീരുമാനം കേന്ദ്രസർക്കാരിന് ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനാവില്ല. അന്തർ സംസ്ഥാന കൗൺസിലിലും പാർലമെന്റിലും ചർച്ച ചെയ്ത്, സംസ്ഥാനങ്ങളുടെ വൈവിധ്യങ്ങളെയും പരമാധികാരത്തെയും മാനിച്ചുകൊണ്ടുള്ള ഒരു പൊതു അഭിപ്രായ രൂപീകരണത്തിലൂടെ മാത്രമേ ഇത് നടപ്പിലാക്കാവൂ. അവ്യക്തമായ ഉറപ്പുകളല്ല ഈ ഘട്ടത്തിൽ വേണ്ടത്, സാമൂഹിക മുന്നേറ്റത്തിൽ പ്രഖ്യാപിതലക്ഷ്യങ്ങൾ കൈവരിച്ചതിന്റെ പേരിൽ ഒരു സംസ്ഥാനത്തിന്റെയും ആനുപാതിക പ്രാതിനിധ്യം കുറയില്ലെന്ന് വ്യക്തമാക്കുന്ന ഭരണഘടനാപരമായ ഉറപ്പാണ്. ജനസംഖ്യാ കണക്കുകൾക്കപ്പുറം വൈവിധ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ടും വിവേചനങ്ങളെ മാറ്റിനിർത്തിക്കൊണ്ടും എല്ലാ പ്രദേശങ്ങൾക്കും നൽകുന്ന തുല്യമായ പ്രാതിനിധ്യവും പങ്കാളിത്തവുമാണ് ഇന്ത്യൻ യൂണിയന്റെ മുഖമുദ്ര. അതുകൊണ്ടുതന്നെ സാമൂഹികപുരോഗതി കൈവരിച്ചുകൊണ്ട് രാജ്യത്തിനാകെ അഭിമാനമായി മാറിയ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണഘടനാപരമായി അധികാരത്തിലെത്തിയ കേന്ദ്രസർക്കാരിനു ബാധ്യതയുണ്ട്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − twelve =

Most Popular