Friday, April 24, 2026

ad

Homeകവര്‍സ്റ്റോറിഹിന്ദുത്വ രാഷ്ട്രീയത്തിന് 
ഇതിഹാസ സീരിയലുകളുടെ സംഭാവന

ഹിന്ദുത്വ രാഷ്ട്രീയത്തിന് 
ഇതിഹാസ സീരിയലുകളുടെ സംഭാവന

കെ ജയദേവൻ

ന്ത്യയെപ്പോലുള്ള ഒരു ബഹുമത സമൂഹത്തിൽ, വർഗീയതയ്ക്ക് വളരാനാവശ്യമായ സാഹചര്യങ്ങൾ അതിനകത്തു തന്നെ ധാരാളമുണ്ട് എന്ന വസ്തുതയെ നാം ആദ്യമേ പരിഗണിക്കണം. അതുകൊണ്ട് , ഒരു വർഗീയതയാണ് മറ്റൊരു വർഗ്ഗീയതയ്ക്ക് വളമൊരുക്കുന്നത് തുടങ്ങിയ ലളിതയുക്തികളുമായി, ഇന്ത്യയിൽ കഴിഞ്ഞ മൂന്ന്- നാല് ദശകത്തിനിടെ വ്യാപകമായ തോതിൽ സംഭവിച്ച ഹിന്ദുത്വവ്യാപനത്തിന്റെ കാരണങ്ങളിലേക്ക് കടന്നുചെല്ലരുത്. ഇന്ത്യക്ക് സമ്പന്നമായ ഒരു ചരിത്രമുണ്ടെങ്കിലും സമ്പന്നമായ ഒരു ചരിത്രരചനാ സമ്പ്രദായമില്ല. പുരാണങ്ങളിലും ഇതിഹാസങ്ങളിലും കാവ്യങ്ങളിലും പാട്ടുകളിലും മറ്റുമായി നാം നമ്മുടെ ചരിത്രത്തെ പലപ്പോഴായി നിക്ഷേപിച്ചു പോന്നു. ഇത്തരം കൃതികൾ പരിപൂർണ്ണമായ ചരിത്രമല്ല. എന്നാൽ, ഒരു ചരിത്രകാരന്/ചരിത്രകാരിക്ക് വേർതിരിച്ചെടുക്കാൻ കഴിയും വിധം, അവ രചിക്കപ്പെട്ട കാലങ്ങളിലെ സാമൂഹ്യ- സാംസ്കാരിക- രാഷ്‌ട്രീയ മേഖലകളിലുള്ള പല ചരിത്ര വസ്‌തുതകളും അതിനകത്ത് സ്വാഭാവികമായും ഉണ്ടാവുകയും ചെയ്യും. ഭാവനയും കഥകളും മിത്തുകളും ചരിത്രശേഷിപ്പുകളും എല്ലാം കൂടിക്കലർന്ന ഇത്തരം കൃതികൾ പൗരാണിക ഇന്ത്യയുടെ സാംസ്‌കാരിക ഫോസിലുകളാണ്. എന്നാൽ, ഇന്ത്യക്കാർ പലപ്പോഴും അങ്ങനെയല്ല കാര്യങ്ങളെ മനസ്സിലാക്കിപ്പോന്നത്. അതിന്റെ കാരണം നമ്മുടെ ചരിത്രമല്ല; മറിച്ച് ബ്രിട്ടീഷ് വാഴ്ചയായിരുന്നു.

ഓറിയന്റലിസ്റ്റുകളുടെ ചുവടുപിടിച്ചാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ദേശീയ ചരിത്രകാരരുടെ വരവുണ്ടായത്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും ശേഷമാണ് ഇന്നു നാം പറയുന്ന ‘ഇന്ത്യ എന്ന ആശയം’ രൂപപ്പെടാൻ തുടങ്ങിയത് എന്നതാണ് യാഥാർത്ഥ്യം.

1920 കൾക്ക് ശേഷമെങ്കിലും ഇന്ത്യയുടെ ചരിത്രത്തിൽ ഒരു ദ്വിമുഖസ്വഭാവം കാണാനാവും. ബ്രിട്ടീഷ് വിരുദ്ധ സമരമായിരുന്നു അതിൽ ഒന്നാമത്തേത്. ബ്രിട്ടൻ ഇന്ത്യ വിട്ടുപോയാൽ ഉണ്ടാകുന്ന ഇന്ത്യ എങ്ങനെയായിരിക്കണം എന്നതായിരുന്നു മറ്റൊന്ന്. എന്നാൽ, ദേശീയ പ്രസ്ഥാനത്തിനകത്തും വലിയൊരളവിൽ പുറത്തും നടന്ന രണ്ടാമത്തെ ചരിത്ര യാഥാർത്ഥ്യം ഇപ്പോഴും വേണ്ടതുപോലെ പരിഗണിക്കപ്പെട്ടിട്ടില്ല. രൂപപ്പെട്ടുവരുന്ന ഇന്ത്യൻ ദേശീയതയ്ക്ക് (ഇന്ത്യയുടെ സ്വഭാവത്തിന്) ഒരു സാംസ്‌കാരിക മൂലധനം ആവശ്യമായിരുന്നു. പലതുകൊണ്ടും അതിന് എളുപ്പത്തിൽ സാദ്ധ്യമാവുക ഹിന്ദുമതമൂല്യങ്ങളായിരുന്നു. പല കാലങ്ങളിലൂടെ പലരൂപത്തിൽ വികസിച്ചുവന്ന,ജാതിയിൽ അധിഷ്ഠിതമായ തികച്ചും ബ്രാഹ്മണിക്കൽ ആയ മൂല്യങ്ങളെ ഹിന്ദു എന്ന പേരിൽ അപ്പോഴേക്കും ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ഇന്ത്യയുടെ ദേശീയതാനിർമ്മിതിയുടെ സാംസ്‌കാരിക മൂലധനമായി ബുദ്ധമതത്തെയാണ് സ്വീകരിച്ചിരുന്നതെങ്കിൽ നമ്മുടെ വർത്തമാനവും ഭാവിയും തന്നെ മറ്റൊന്നാകുമായിരുന്നു എന്ന റൊമില ഥാപ്പറുടെ പരാമർശം ഈയർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്.

ദൗർഭാഗ്യത്തിന് സംഭവിച്ചത് അതൊന്നുമല്ല. ദേശീയബോധത്തിന്റെ അകക്കാമ്പിലേക്ക് ബ്രാഹ്മണിക്കലായ മതജാതിബോധത്തിന്റെ സാംസ്‌കാരിക മൂലധനം ഹിന്ദു എന്ന പേരിൽ സന്നിവേശിപ്പിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അതിന് ഹിന്ദുത്വമായി രൂപംമാറാൻ എളുപ്പമായിരുന്നു. കൃത്യമായ പദ്ധതിയോടെ ഇരുപതുകളുടെ തുടക്കത്തിൽ ആരംഭിച്ച ഹിന്ദുത്വത്തിന്റെ പ്രയോഗങ്ങൾ മുപ്പതുകളുടെ അവസാനമാകുമ്പോഴേക്കും കുറേക്കൂടി മൂർത്തരൂപം പ്രാപിച്ചു. ഇന്ത്യക്ക് ഒരു ദേശീയ സംസ്‌കാരമുണ്ടെന്നും, ഒരു ദേശീയ മതമുണ്ടെന്നും അത് ഹിന്ദുമതമാണ് എന്നും വ്യാഖ്യാനിക്കപ്പെട്ടു (എം.എസ് ഗോൾവാൾക്കർ / വി ഓർ ഔർ നേഷൻഹുഡ് ഡിഫൈൻഡ്, -1939). ദേശീയ സംസ്‌കാരം = ദേശീയമതം = ഹിന്ദു എന്ന ലളിതമായ സമവാക്യത്തെ മറികടക്കാൻ ദേശീയ പ്രസ്ഥാനത്തിന് സാധിച്ചില്ല. അത്രമേൽ കൊളോണിയൽവിരുദ്ധമായിരുന്ന ദേശീയ പ്രസ്ഥാനത്തിന് ആ അളവിൽ മതനിരപേക്ഷമായിരിക്കാൻ സാധിച്ചിരുന്നില്ല എന്നതും ഈയൊരു ശ്രദ്ധക്കുറവിന്റെ കാരണമായിരിക്കാം. രാഷ്ട്രീയത്തെ സാംസ്‌കാരികവൽക്കരിക്കുന്ന ഹിന്ദുത്വത്തിന്റെ പ്രായോഗിക പദ്ധതികളെ, സ്വാതന്ത്ര്യാനന്തരം വന്ന സർക്കാരുകളും മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും വേണ്ടത്ര പരിഗണിച്ചില്ല. ആദ്യകാലത്ത് ജനസംഘത്തിനോ പിന്നീട് ബിജെപിക്കോ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ വിജയങ്ങളൊന്നും നേടാനാവുന്നില്ലല്ലോ എന്നതായിരുന്നു അവരുടെ ഉദാസീനതയുടെ ഒരു കാരണം. അതായത്, ഭൂതകാല മഹിമയുടെ സാംസ്‌കാരിക മുഖമായി മാറിക്കൊണ്ടിരുന്ന സംഘപരിവാർ രാഷ്‌ട്രീയത്തിന്റെ സാദ്ധ്യതകളെ അവർക്ക് തിരിച്ചറിയാനായില്ല എന്നർത്ഥം. ഭൂതകാലത്തിൽ ഊന്നിനിന്നുകൊണ്ടുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെ എഴുപതുകളുടെ അവസാനമായപ്പോഴേക്കും സംഘപരിവാർ ഇന്ത്യയിൽ പാതിയുദ്ധം വിജയിച്ചു കഴിഞ്ഞിരുന്നു. ജനങ്ങളുടെ ഉൾബോധത്തിൽ, അവരുടെ സാംസ്കാരിക സ്വത്വത്തിന്റെ പ്രതിരൂപമായി അപ്പോഴേക്കും ഹിന്ദുത്വം സ്ഥാനം പിടിച്ചിരുന്നു എന്നർത്ഥം. ഭാവിയിൽ ഒരു നിർണായക സമയത്ത്, ഇപ്പോൾ തങ്ങൾ തിരഞ്ഞെടുത്ത ഹിന്ദുത്വ സംസ്‌കാരത്തിന്റെ മറുപുറമായ ഹിന്ദുത്വ രാഷ്‌ട്രീയത്തെ ജനങ്ങൾ തെരഞ്ഞെടുക്കും എന്ന തിരിച്ചറിവ് മതനിരപേക്ഷ രാഷ്ട്രീയത്തിന് അപ്പോഴെല്ലാം തികച്ചും ഇല്ലാതെ പോയി.

ഇക്കാര്യത്തിലെ ഒന്നാം പ്രതി സ്വാഭാവികമായും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അത് നേതൃത്വം കൊടുത്ത സർക്കാരുകളുമായിരുന്നു. ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക യുക്തികൾക്ക് ഒഴുകിപ്പരക്കാൻ, അവർ യഥേഷ്‌ടം അവസരമൊരുക്കി. ആ സാംസ്‌കാരികതയുടെ ചാലുകളായി പലപ്പോഴും സ്വയമേവ അവർ പ്രവർത്തിക്കുകപോലും ചെയ്തു. ഭാരതമാതാവ്, വന്ദേമാതരം, വിവേകാനന്ദനും വി.ഡി. സവർക്കർക്കും ലഭ്യമായ സ്വീകാര്യത തുടങ്ങിയ എത്രയോ സന്ദർഭങ്ങളിൽ ഇത് കാണാനാവും.

ഈ പശ്ചാത്തലത്തിൽ കാര്യങ്ങൾ പരിശോധിച്ചാൽ എൺപതുകൾ അങ്ങേയറ്റം നിർണ്ണായകമായിരുന്നു എന്ന് പറയാനാകും. ഹിന്ദുത്വ സാംസ്‌കാരികത വേഷപ്പകർച്ച കടന്ന് ഹിന്ദുത്വ രാഷ്ട്രീയമായി അവതരിക്കുന്നതിനു മുന്നേയുള്ള ഗർഭകാലമായിരുന്നു ആ ദശകം. വിശേഷിച്ച് 1984 മുതൽ 89 വരെയുള്ള രാജീവ് ഗാന്ധിയുടെ ഭരണകാലം. അക്കാലത്ത് പ്രധാനമന്ത്രിയുടെതന്നെ നിർദ്ദേശത്താൽ ദൂരദർശൻ സംപ്രേഷണം ചെയ്ത രാമായണം, മഹാഭാരതം എന്നീ സീരിയലുകൾ എങ്ങനെയാണ് ഹിന്ദുത്വത്തിന് പൊടുന്നനെ ഒരു ഊർജ്ജമേകിയത് എന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പഠനാർഹമായ ഒരു എപ്പിസോഡാണ്.

സീരിയലുകളെക്കുറിച്ച് പറയും മുൻപ്, രാമായണത്തേയും മഹാഭാരതത്തേയും പറ്റി ചിലത് പറയാം. മഹാഭാരതത്തിന്റെ മൂലകൃതി ആരും വായിക്കുന്നില്ല എന്ന എ.കെ. രാമാനുജന്റെ പ്രസ്താവം, ഇന്ത്യയിൽ പൊതുവിൽ രാമായണത്തിന്റെ കാര്യത്തിലും സാധുവാണ്. യഥാക്രമം വാൽമീകിയും, വ്യാസനും രചിച്ചതാണ് എന്ന് കരുതപ്പെടുന്ന രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ‘യഥാർത്ഥ’ ടെക്സ്റ്റുകൾ കണ്ടവരും വായിച്ചവരുമാരാണ് എന്ന ചോദ്യത്തിന് പരിമിതമായ എണ്ണമേ ഉത്തരമായി കിട്ടൂ. BC 300 നും CE 200 നും ഇടയിൽ എഴുതപ്പെട്ടവയാണ് ഈ രണ്ട് ഇതിഹാസങ്ങളും. അതിനും മുൻപേ വാമൊഴിയായി നൂറ്റാണ്ടുകൾ പാടി നടന്നിരുന്ന അവയുടെ കഥാബീജം പലരും പലകാലത്ത് വരമൊഴിയായി രേഖപ്പെടുത്തിയതാണ് അന്തിമമായി ഇന്ന് നാം കാണുന്ന ഈ രണ്ട് ഇതിഹാസങ്ങളും. വാൽമീകിയുടെ രാമായണത്തിൽ ശ്രീരാമനില്ല, രാമനേയുള്ളൂവെന്നും വ്യാസവിരചിതമെന്നു കരുതുന്ന മഹാഭാരതത്തിൽ കൃഷ്‌ണനേയുള്ളൂ, ശ്രീകൃഷ്ണനില്ല എന്നും നമ്മിൽ എത്രപേർക്കറിയാം? 15-–16 നൂറ്റാണ്ടുകാലത്തെ ഭക്തിപ്രസ്ഥാനമാണ് ശ്രീരാമഭക്തിയെ ഇന്ത്യയിൽ വ്യാപിപ്പിച്ചത്. ഓടക്കുഴലൂതുന്ന, മുടിയിൽ പീലിതിരുകിയ, ഗോപികമാരുടെ കാമുകനായ; വിരുതനായ ശ്രീകൃഷ്ണൻ 12– -ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഭാഗവതത്തിന് ശേഷം മാത്രം രൂപപ്പെട്ട ഒരു ദൈവസങ്കൽപ്പമാണ്. ഇത്തരം മാറിമറിയലുകളുടെ സുവർണ്ണകാലമായിരുന്നു കൊളോണിയൽ കാലഘട്ടം. രാഷ്ട്രീയവും സാമൂഹികവുമായ നിരവധി കാരണങ്ങൾ അതിന് പിറകിൽ ഉണ്ടായിരുന്നു താനും.

ഈ പശ്ചാത്തലത്തിലാണ് രാമായണവും മഹാഭാരതവും ദൂരദർശനിലൂടെ കാണിക്കാനുള്ള രാജീവ് ഗാന്ധിയുടെ തീരുമാനത്തെ നാം വിലയിരുത്തേണ്ടത്. ഹിന്ദുത്വവാദികളുടെ ആവശ്യപ്രകാരമായിരുന്നു ആ തീരുമാനം എന്ന് പറയപ്പെടുന്നുണ്ട്. ഇന്ത്യയിൽ ടെലിവിഷൻ യുഗത്തിന് തുടക്കമിടാനാണ് സർക്കാർ അത് ചെയ്തത് എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. അതെന്തു തന്നെയായാലും, മുസ്ലീം പ്രീണനത്തിന് ഒരു ബദൽ കൂടി ഉണ്ടാക്കാനും ഹിന്ദു വോട്ടുകളെ തങ്ങൾക്കനുകൂലമായി നിലനിർത്താനും സീരിയൽ സംപ്രേഷണം ഉപകാരപ്പെടുമെന്ന് രാജീവ് ഗാന്ധി കരുതിക്കാണും.

എന്നാൽ പ്രധാനമന്ത്രിയുടെ സംഘത്തിലെ എല്ലാവരും അങ്ങനെയായിരുന്നില്ല. വിശേഷിച്ച് വാർത്താവിനിമയ മന്ത്രിയായിരുന്ന വി.എൻ. ഗാഡ്ഗിൽ. അദ്ദേഹവും മന്ത്രാലയത്തിലെ വിവേകമതികളായ ചില ഉദ്യോഗസ്ഥരും രാമായണവും മഹാഭാരതവും പരമ്പരയാക്കി സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശനിലൂടെ പ്രദർശിപ്പിക്കുന്നതിന് എതിരായിരുന്നു. ഹിന്ദുഭൂരിപക്ഷത്തിന് ഒരു സാംസ്‌കാരിക മേധാവിത്വത്തിന് (cultural hegemony) അത് കാരണമാകുമെന്ന് തിരിച്ചറിയാനുള്ള അറിവ് ഇന്ത്യയെപ്പറ്റി അവർക്കുണ്ടായിരുന്നു. എന്നാൽ ആ ആശങ്കകൾ പരിഗണിക്കപ്പെട്ടില്ല. അക്കാലത്ത് ദൂരദർശന്റെ ഡയറക്ടർ ജനറലായിരുന്ന ഭാസ്കർ ഘോഷ്, ‘ദൂർദർശൻ ഡെയ്‌സ്’ എന്ന തന്റെ ഓർമക്കുറിപ്പുകളിൽ ഇങ്ങനെ എഴുതി: ” നമ്മുടെ പുരാതന ഗ്രന്ഥങ്ങളിലും തത്വചിന്തയിലും – വിശേഷിച്ച് രാമായണത്തിലും മഹാഭാരതത്തിലും- അടങ്ങിയിരിക്കുന്ന മൂല്യങ്ങളെ ചിത്രീകരിക്കുന്ന സീരിയലുകൾ ദൂരദർശൻ സംപ്രേഷണം ചെയ്യണമെന്ന് പ്രധാനമന്ത്രി തന്നോടും വകുപ്പ് സെക്രട്ടറി എസ്. എസ്. ഗില്ലിനോടും നിർദ്ദേശിച്ചതായി മന്ത്രി പറഞ്ഞു’. ഇക്കാര്യത്തിൽ എതിരഭിപ്രായമുണ്ടായിരുന്ന ഗാഡ്ഗിലിനും അദ്ദേഹത്തിന്റെ സംഘത്തിലെ ഉയർന്ന ചില ഉദ്യോഗസ്ഥർക്കും ഉടൻതന്നെ വാർത്താവിതരണ വകുപ്പിൽ നിന്ന് സ്ഥാനചലനവുമുണ്ടായി.

രാജീവ് ഗാന്ധിയുടെ നിർദ്ദേശത്തെത്തുടർന്ന് ബോംബെയിലെ പ്രമുഖ ചലചിത്ര നിർമാതക്കളായ രാമാനന്ദ് സാഗറിനും ബി.ആർ. ചോപ്രക്കും മന്ത്രാലയത്തിൽ നിന്നും കത്തുകൾ പോയി. വമ്പിച്ച ലാഭം മുന്നിൽ കണ്ട ഇരുവരും അവസരം പാഴാക്കിയതേയില്ല. 1986 തുടക്കത്തോടെ രണ്ട് പരമ്പരകളുടേയും ആറോ ഏഴോ എപ്പിസോഡുകൾ തയ്യാറാക്കപ്പെട്ടു. എന്നാൽ, രണ്ട് സീരിയലുകളും ഒരുമിച്ച് സംപ്രേഷണം ചെയ്യുന്നത് ലാഭംവീതം വെക്കപ്പെടും എന്നതിനാൽ ഒന്നു കഴിഞ്ഞു മതി അടുത്തത് എന്ന ഘോഷിന്റെ നിർദ്ദേശം സ്വീകരിക്കപ്പെട്ടു. അങ്ങിനെ 1987 ജനുവരി 25 ന് ദൂരദർശൻ രാമാനന്ദസാഗറിന്റെ രാമായണം സംപ്രേഷണം ചെയ്യാനാരംഭിച്ചു. ലോക ടെലിവിഷൻ ചരിത്രത്തിൽ തന്നെ അതൊരു സംഭവമായി മാറി. സീരിയൽ സംപ്രേഷണം ചെയ്ത ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ 10 വരെയുള്ള സമയങ്ങളിൽ ഇന്ത്യയിലെ തെരുവുകൾ ശൂന്യമായി. ടെലിവിഷൻ വ്യാപകമായിട്ടില്ലാത്ത ഗ്രാമങ്ങളിൽ ഏതെങ്കിലുമൊരു വീട്ടിലെ ടി.വി. സെറ്റിന് മുന്നിൽ കുളിച്ച് കുറിതൊട്ട ഗ്രാമവാസികൾ ഒന്നാകെ ഭക്തിസാന്ദ്രമായി ഒത്തുകൂടി. അതിൽ പലയിടത്തും ടെലിവിഷൻ സെറ്റുകളിൽ മാല ചാർത്തപ്പെട്ടു. ആകെയുള്ള ടെലിവിഷൻ പ്രേക്ഷകരിൽ 85% പേരും രാമായണം കണ്ടു എന്നാണ് ഒരു കണക്ക്. 17 രാജ്യങ്ങളിലായി 20 ലധികം ചാനലുകളിൽ പിന്നീടത് പുനഃസംപ്രേഷണം ചെയ്തു. വാത്മീകി രാമായണത്തെ അധികരിച്ചുള്ള തിരക്കഥയായിരുന്നില്ല ആ സീരിയലിന്റേത്. അത് ഹിന്ദിയിൽ നിന്ന് രാമചരിതമാനസത്തേയും, മറാഠിയിൽ നിന്ന് ഭാവാർത്ത രാമായണത്തേയും, തമിഴിൽ നിന്ന് കമ്പരാമായണത്തേയും, ബംഗാളിയിൽ നിന്ന് കൃത്തിവാസരാമായണത്തേയും, തെലുങ്കിൽ നിന്ന് രംഗനാഥരാമായണത്തേയും കന്നഡയിൽ നിന്ന് രാമചന്ദ്രചരിത പുരാണത്തേയും, മലയാളത്തിൽ നിന്ന് അദ്ധ്യാത്മരാമായണത്തേയും യഥേഷ്‌ടം കടംകൊണ്ടു. ഒരു എപ്പിസോഡിന് 9 ലക്ഷം രൂപ നിർമ്മാണച്ചെലവ് വന്ന രാമായണം, രാമാനന്ദ സാഗറിന് നേടിക്കൊടുത്ത ലാഭത്തിന്റെ തോതിനെപ്പറ്റി പറയേണ്ടതില്ല. എന്നാൽ, അതിനേക്കാളൊക്കെ എത്രയോ ആഴത്തിലും പരപ്പിലുമായിരുന്നു അത് ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഉണ്ടാക്കിയ ചലനങ്ങൾ. തന്റെ ജന്മസ്ഥലത്തു നിന്ന് ഒരുപിടി മണ്ണ് വാരിയെടുത്ത് യാത്രതിരിക്കുന്ന ശ്രീരാമനെ രാമാനന്ദ് സാഗർ ചിത്രീകരിക്കുന്നുണ്ട്. തീർച്ചയായും അത് വാത്മീകിയുടെ രാമനായിരുന്നില്ല. ‘ആരാണ് ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യരിൽ ഏറ്റവും ഗുണവാൻ?’ എന്ന വാത്മീകിയുടെ ചോദ്യത്തിന് നാരദൻ നൽകിയ ഉത്തരമായിരുന്നു രാമൻ എന്ന മര്യാദാ പുരുഷോത്തമൻ. എന്നാൽ രാമാനന്ദ് സാഗറിന്റെ സീരിയലിൽ അത് ശ്രീരാമൻ എന്ന ഒരു ഉടൽരൂപമായി മാറി. ആ ശ്രീരാമൻ ഇന്ത്യയിലെ ഏതാണ്ടെല്ലാ കവലകളിലും വില്ലുകുലച്ച് ആരെയൊക്കെയോ ശിക്ഷിക്കാനെന്നവണ്ണം നിലകൊണ്ടു. 1980 ൽ രൂപംകൊണ്ട ഭാരതീയ ജനതാ പാർട്ടി, അതിന്റെ പരിപാടിയിൽ രാമജന്മഭൂമി പ്രശ്‌നം ഉൾപ്പെടുത്തിയത് 1989 ലാണ് എന്നും ഈയവസരത്തിൽ നാം ഓർക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇഷ്ടികകളുമായി അയോദ്ധ്യയിലേക്ക് യാത്രതിരിക്കാൻ പതിനായിരക്കണക്കിന് മനുഷ്യർക്ക് പ്രചോദനമേകാൻ, അയോദ്ധ്യയിൽനിന്ന് മണ്ണ് വാരിയെടുത്ത് ഇറങ്ങിപ്പോയ ശ്രീരാമന്റെ അതിനോടകം ദൈവീകമായി മാറ്റപ്പെട്ട താരശരീരം ഒരു നിമിത്തമായി. ഈ ദൈവരൂപങ്ങളെ വെച്ച് തങ്ങൾക്കനുകൂലമായി പ്രചരണം നടത്താമെന്നായിരുന്നു രാജീവ് ഗാന്ധിയുടെ പദ്ധതി. എന്നാൽ അതെല്ലാം ബൂമറാങ്ങായി തിരിച്ചടിച്ചു. ശ്രീരാമനും ഹനുമാനും സീതയുമെല്ലാം (അരുൺ ഗോവിലും ധാരാസിങ്ങും ദീപിക ചിഖ്ലിയയും) ബി.ജെ.പി ടിക്കറ്റിൽ പാർലമെന്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

രാമായണം അവസാനിച്ചിടത്തുനിന്ന്, 1988 സെപ്തംബറിൽ തന്നെ B.R. ചോപ്രയുടെ മഹാഭാരതം ആരംഭിച്ചു. ആദ്യം രാമായണവും പിന്നീട് മഹാഭാരതവും എന്ന രീതിയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടത് തികച്ചും യാദൃച്ഛികമായിട്ടായിരുന്നു. എന്നാൽ, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ സംഘപരിവാർ രാഷ്‌ട്രീയത്തിന് അതുണ്ടാക്കിക്കൊടുത്ത മെച്ചം ചെറുതായിരുന്നില്ല. 2004 ൽ , ന്യൂയോർക്ക് സർവ്വകലാശാലയിലെ സോഷ്യോളജി അദ്ധ്യാപകനും ഗ്രന്ഥകാരനുമായ അരവിന്ദ് രാജഗോപാൽ ഔട്ട്ലുക്ക് മാഗസിനിൽ ഒരു ലേഖനമെഴുതി -‘ദൂരദർശൻ രാമായണം സംപ്രേഷണം ചെയ്തില്ലായിരുന്നു എങ്കിൽ ?’ എന്ന പേരിലുള്ള ഉജ്ജ്വലമായ ആ പ്രബന്ധം, രണ്ട് ഇതിഹാസങ്ങൾക്കുമിടയിലുള്ള വ്യത്യാസത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു.

“രാമായണത്തിന് മുൻപ് മഹാഭാരതം കാണിച്ചിരുന്നു എങ്കിൽ ഹിന്ദു സംസ്കാരത്തിന്റെ സ്വത്വഘടകത്തേക്കാൾ ധാർമ്മികത മുൻനിർത്തിയുള്ള പര്യാലോചനകൾക്ക് അത് കാരണമാകുമായിരുന്നു.’

അതായത്, രാമായണം സൃഷ്‌ടിച്ചെടുത്ത ഹിന്ദു എന്ന സ്വത്വബോധത്തിന് പുറത്താണ് മഹാഭാരതം ദേശീയത, രാഷ്ട്രം തുടങ്ങിയ പല കാര്യങ്ങളിലും സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഫാസിസ്റ്റ് വ്യവഹാരങ്ങളുമായി ഇന്ത്യൻ മനസ്സുകളിൽ നിലയുറപ്പിച്ചത്. പലതുകൊണ്ടും രാമായണത്തേക്കാൾ ജനപ്രിയമായിരുന്നു മഹാഭാരതം. അത് കൂടുതൽ മികച്ച കലയുടെയും കച്ചവടത്തിന്റെയും സർവ്വോപരി ഒളിച്ചുകടത്തപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ഒരു മിശ്രണമായിരുന്നു. മഹാഭാരതത്തിലെ രക്തബന്ധങ്ങളുടെ കഥ, പ്രണയത്തിന്റെയും കുടുംബരാഷ്‌ട്രീയത്തിന്റെ യും ഗൂഢാലോചനയുടെയും വഞ്ചനയുടെയും കഥ ഒരു ബഹുപാഠകാഴ്ചാനുഭവമായി മാറിയതായി മങ്കേക്കർ എഴുതുന്നുണ്ട്.

രാഷ്‌ട്രവും ഭരണകൂടവും ഒന്നായിത്തീരുന്ന ഹിന്ദുത്വ സങ്കൽപ്പം മഹാഭാരതം ഗംഭീരമായി ഉയർത്തിക്കാട്ടി. രാഷ്‌ട്രത്തിന്റെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ശ്രീകൃഷ്ണന്റെ പ്രഭാഷണം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തുപോലും വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടു. ഏറെക്കുറേ അതേ ഭാഷയിലും ഭാവത്തിലും തന്നെയായിരുന്നു ആ കാര്യങ്ങൾ നരേന്ദ്ര മോദിയും പറഞ്ഞുകൊണ്ടിരുന്നത്.

ഈ ദേശീയ നായക പ്രതിഛായയും ഹിന്ദുമതവും തമ്മിലുള്ള അഭേദ്യമായ ഒരു ബന്ധം സ്ഥാപിച്ചെടുത്തു എന്നതാണ് രാമായണ, മഹാഭാരത സീരിയലുകൾ രാജ്യത്തിന് നൽകിയ ‘സംഭാവന’. ഭാരതമല്ല ഇന്ത്യ എന്ന യാഥാർത്ഥ്യം വിസ്മരിക്കപ്പെടുകയും ആധുനിക ഇന്ത്യൻ രാഷ്‌ട്രത്തിന് പകരമായി, അതിന്റെ ചിഹ്നങ്ങളോടു കൂടിയ ഒരു പൗരാണിക ഭാരതം പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. അതുണ്ടാക്കിയ മറ്റൊരു ഫലം, ഹിന്ദുക്കളല്ലാത്തവരുടെ ഭാരതേതരത്ത്വത്തെ അത് ഊന്നിപ്പറഞ്ഞു എന്നതാണ്. രാമജന്മഭൂമി പ്രസ്ഥാനത്തിന് വൻതോതിൽ ഇന്ധനമേകാൻ ഇതുവഴി രാമായണ- മഹാഭാരത പരമ്പരകൾക്ക് സാധിച്ചു എന്ന കാര്യം അവിതർക്കിതമാണ്.

ദീർഘമായ ഈ വായനക്കുശേഷം, ഹിന്ദുത്വം എന്നത് ഒരു സാംസ്‌കാരിക പദ്ധതിയാണെന്നും വേറൊരു തരം സാംസ്‌കാരിക പ്രവർത്തനംകൊണ്ട് അതിനെ ഇല്ലാതാക്കാനാകുമെന്നും വായനക്കാർ പ്രതീക്ഷിക്കുകയില്ല എന്നു കരുതട്ടെ. ആദ്യാവസാനം ഹിന്ദുത്വം ഒരു രാഷ്ട്രീയപദ്ധതിയാണ്. ദേശീയതയും കോർപ്പറേറ്റ് താൽപ്പര്യങ്ങളും സമ്മേളിക്കുന്ന ഒരു രാഷ്ട്രീയ- സാമൂഹ്യ അവസ്ഥയാണത്. സംസ്‌കാരം അതിന്റെ മേമ്പൊടി മാത്രമാണ്. ഈ കാര്യം തിരിച്ചറിഞ്ഞ് രാഷ്ട്രീയത്തേയും സംസ്കാരത്തേയും കൂട്ടിയിണക്കുന്ന ദ്വിമുഖമായ ഒരു പ്രതിരോധ – പ്രത്യാക്രമണ പദ്ധതിക്ക് രൂപം നൽകാൻ പ്രാപ്തമായ ഒരു ഫാസിസ്റ്റുവിരുദ്ധ ഐക്യമുന്നണിക്ക് രൂപംനൽകേണ്ടതുണ്ട് നാം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 + 9 =

Most Popular