മുസ്ലീങ്ങള്‍, ഇടതുപക്ഷം, പ്രതിപക്ഷ കക്ഷികള്‍, ബുദ്ധിജീവികള്‍, സെക്കുലറിസ്റ്റുകള്‍, ജനാധിപത്യവാദികള്‍ എന്നിവരെ പ്രതിനായകരായും രാജ്യദ്രോഹികളായും ചിത്രീകരിച്ചുകൊണ്ടേയിരിക്കുക എന്നതാണ് നവഫാസിസ്റ്റ് കാലത്തെ ഇന്ത്യന്‍ പ്രൊപ്പഗൻഡ സിനിമകളുടെ പൊതു അജൻഡ. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുകയും മതവെറി പ്രചരിപ്പിക്കുകയും ചരിത്രത്തെ മാറ്റിയെഴുതുകയും ചരിത്രത്തെ നോക്കിക്കാണുന്ന രീതിയെ തകിടംമറിക്കുകയും ചെയ്യുക എന്നതും ഇവയുടെ പൊതുരീതി ആണ്. ഹിന്ദി സിനിമയുടെ അടിസ്ഥാന ഗുണങ്ങളിലൊന്നായ വിനോദമൂല്യം ഒട്ടും ഇല്ലാതാവുകയും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണവണ്ടിയായി അത് മാറിത്തീരുകയും ചെയ്തിരിക്കുന്നു.
ഇപ്പോഴത്തെ പ്രൊപ്പഗൻഡ സിനിമകളെ ബോളിവുഡ് വിരുദ്ധ (ആന്റി ബോളിവുഡ്) സിനിമകള്‍ എന്നും വിളിക്കാം. പ്രണയം, കൊറിയോഗ്രാഫ് ചെയ്ത ഗാനനൃത്ത രംഗങ്ങള്‍, ഗ്ലാമര്‍, ഹാസ്യം എന്നിവയൊന്നും ഇത്തരം സിനിമകളില്‍ ഉണ്ടാവാറില്ല. സിനിമാമേഖലയിലുള്ളവര്‍ക്ക് പൊതുവേ പരിചയമില്ലാത്തവരും മികവു കുറവുള്ളവരുമാണ് ഇതില്‍ പ്രവര്‍ത്തിക്കുന്ന പലരും. അവരുടെ തള്ളിക്കയറ്റത്തില്‍ നിലവിലുള്ള സൂപ്പര്‍ സ്റ്റാറുകളടക്കം പകച്ചുനില്‍ക്കുകയാണിപ്പോള്‍.
നാസി കാലഘട്ടത്തിലെ ഹിറ്റ്‌ലര്‍ക്കനുകൂലമായെടുത്ത സിനിമകളിലെന്നതുപോലെ മതവെറിയും തങ്ങള്‍ക്കിഷ്ടമില്ലാത്തവരോടുള്ള വൈരാഗ്യവും തുറന്നു പ്രകടിപ്പിക്കുകയും പ്രദര്‍ശിപ്പിക്കുകയും അതില്‍ അഭിമാനംകൊള്ളുകയും ചെയ്യുന്നവയാണ് ഇന്ത്യയില്‍ കുറച്ചു കാലമായി സജീവമായ പ്രൊപ്പഗഗൻഡ സിനിമകള്‍. യാതൊരറപ്പുമില്ലാതെ വെറുപ്പ് പ്രസരിപ്പിക്കുന്ന ഈ സിനിമകള്‍, രാഷ്ട്രത്തിന്റെ പൊതുമനസ്സാക്ഷിയെ തിരുത്താനാവാത്തവണ്ണം ദുഷ്‌പ്രേരണകളാലും ദുസ്സ്വാധീനങ്ങളാലും നിറച്ചിരിക്കുന്നു.
പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും ബിജെപി, ആര്‍എസ്എസ് നേതാക്കളും പരസ്യമായി ഈ സിനിമകളുടെ പ്രദര്‍ശനങ്ങള്‍ക്കെത്തുകയും അവയെ വാഴ്ത്തിപ്പറയുകയും ചെയ്യുന്നു. ഈ സിനിമകളെല്ലാം ഗംഭീരമാണ്, സത്യമാണ്, വാസ്തവമാണ്, കാണൂ കാണൂ എന്നാണവര്‍ പറയുന്നത്. നികുതിയിളവുകള്‍, ദേശീയ അവാര്‍ഡുകള്‍ എന്നിവയെല്ലാം കോരിച്ചൊരിഞ്ഞ് ഇവയെ പതിന്മടങ്ങ് പ്രോത്സാഹിപ്പിക്കുന്നു.
ഗുജറാത്തിലെ ഒരു സിനിമാശാലയില്‍ ഛാവ(2025) കണ്ട പ്രേക്ഷകന്‍, തിരശ്ശീല കീറിപ്പറിച്ചു. ഔറംഗസേബ്, ഛത്രപതി സംഭാജിയോട് ചെയ്ത ക്രൂരതകള്‍ സഹിക്കാതെയാണത്രെ അയാളങ്ങനെ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ എന്തൊക്കെയാണ് അക്കാലത്ത് പ്രചരിച്ചത്! കുട്ടികളടക്കം നിറയെ ആളുകള്‍ ഛാവ കണ്ടുകഴിഞ്ഞയുടനെ മുദ്രാവാക്യങ്ങളുയര്‍ത്തുകയും കരയുകയും ബഹളംവെക്കുകയും ഒക്കെ ചെയ്യുന്നു. 136 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ഇതില്‍ അവസാനത്തെ നാല്പതു മിനിറ്റും ഔറംഗസേബ്, ഛത്രപതി സംഭാജിയോട് ചെയ്ത ക്രൂരതകള്‍ വിശദീകരിക്കാനാണ് ചെലവഴിച്ചിരിക്കുന്നത്.
നല്ല ഹിന്ദു, ചീത്ത മുസ്ലീം എന്ന വിരുദ്ധ ദ്വന്ദ്വം സൃഷ്ടിക്കുകയാണ് മറ്റു സമാന സിനിമകളെന്നതു പോലെ ഛാവയും. ഔറംഗസേബ്, രജപുത്ത് വിഭാഗത്തിന്റെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയത്, മുഗള്‍ രാജാക്കന്മാരില്‍ ഏറ്റവുമധികം ഹിന്ദു മന്‍സബ്ദാറുമാര്‍ (33 ശതമാനം) ഉണ്ടായിരുന്നത് അക്കാലത്തായിരുന്നു, രണ്ടു പ്രധാന പ്രവിശ്യകളുടെ ദിവാന്മാര്‍ ഹിന്ദുക്കളായിരുന്നു, ചില ക്ഷേത്രങ്ങള്‍ സംരക്ഷിക്കുകയും ചെയ്തിരുന്നു എന്നീ ചരിത്രവസ്തുതകളൊന്നും ഈ സിനിമയിലില്ല.
ചരിത്രത്തെ അതിന്റെ സങ്കീര്‍ണതകളും വൈരുദ്ധ്യങ്ങളും ബോധ്യപ്പെട്ടുകൊണ്ട് ആഴത്തില്‍ മനസ്സിലാക്കുന്നതിനുള്ള സാഹചര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം സിനിമകള്‍ നഷ്ടപ്പെടുത്തുന്നത്. അതാണ്, നാഗ്പൂരിലടക്കം പലയിടത്തും വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടത്. ചരിത്ര പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതുകയും വാട്‌സാപ്പ് ഫോര്‍വേഡുകളിലൂടെ ജനങ്ങള്‍ ചരിത്രം വായിക്കുകയും ചെയ്യുന്ന വല്ലാത്തൊരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
2000ത്തിലെ ആദ്യ ദശകത്തില്‍, കറാച്ചിയിലെ ല്യാരി എന്ന അധോലോക വാഴ്ച നിലനില്ക്കുന്ന ഉപനഗരത്തിലാണ് ദുരന്ധര്‍ ഒന്നിന്റെ കഥ നടക്കുന്നത്. ബലൂചിസ്ഥാനില്‍ നിന്നുള്ള അധോലോക നായകരാണ് അവിടത്തെ കുറ്റകൃത്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ പ്രഭുക്കള്‍. ഇവിടേയ്ക്കാണ്, ഹംസ അലി മസാരി എന്ന പേര് സ്വീകരിച്ചുകൊണ്ട് രണ്‍വീര്‍ സിങ് അവതരിപ്പിക്കുന്ന ഇന്ത്യന്‍ ചാരന്‍ എത്തുന്നത്. ഈ കഥാപാത്രത്തിന്റെ ശരിയായ പേര് ജസ്‌കിറത്ത് സിംഹ് രങ്കി എന്നാണ്. മാത്രമല്ല, ഇയാള്‍ ഇന്ത്യയിലെ ജയിലില്‍ വധശിക്ഷ കാത്തുകിടക്കുകയാണു താനും. അയാള്‍ ശിക്ഷിക്കപ്പെട്ടത് ഏതു കുറ്റകൃത്യത്തിനാണെന്നു വ്യക്തമാക്കുന്നില്ല.
മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന ആനന്ദിന്റെ നോവലില്‍ ഇതുപോലുള്ള കഥാപാത്രങ്ങളുണ്ട്. ഭരണകൂടം നിര്‍മിക്കുന്ന വ്യാജ സുരക്ഷാ പദ്ധതിയിലെ അപകടകരമായ മേഖലകളിലും നഗരത്തിലെ ലഹളകളിലും ഇവരെ വിന്യസിക്കുന്നു. ഡീപ്പ് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങളാണിതെല്ലാം. ഇതിനെയാണ് ദുരന്ധര്‍ മഹത്വവത്കരിക്കുന്നത്.
മരണം ഉറപ്പായ ആളെ, പാക്കിസ്താനിലെ അധോലോകപ്പോരുകളിലേയ്ക്ക് നുഴഞ്ഞുകയറ്റി രാജ്യതാല്പര്യം സംരക്ഷിക്കുന്ന തരം കഥാഗതിയാണ് ദുരന്ധറിലുള്ളത്. വിമാനം റാഞ്ചി ഭീകരരെ മോചിപ്പിച്ചത്, മുംബൈ ഭീകരാക്രമണം, ഇന്ത്യയിലെ കള്ളനോട്ട് വ്യാപനം, പാര്‍ലമെന്റ് ആക്രമണം എന്നീ യഥാര്‍ത്ഥ സംഭവങ്ങളെ ഭാവനയുമായി കൂട്ടിക്കുഴച്ചാണ് ദുരന്ധറിന്റെ ഇതിവൃത്തം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ മുഖ്യ ഇന്റലിജന്‍സ് ഉപദേശകനായി പ്രവര്‍ത്തിക്കുന്ന അജയ് സന്യാല്‍ ആണ് ഈ ഓപ്പറേഷനെല്ലാം നടത്തുന്നത്. തന്റെ സഹായികളിലൊരാളോട് ചില ഘട്ടത്തില്‍ അയാള്‍ പറയുന്നുണ്ട്: ‘‘നമുക്കു പറ്റിയ സര്‍ക്കാരല്ല ഇപ്പോഴുള്ളത്, പക്ഷേ അത്തരമൊന്ന് വരിക തന്നെ ചെയ്യും, അപ്പോള്‍ ഇതെല്ലാം ഗുണമായിത്തീരും.’’ എന്‍ഡിഎ ഭരണം കേന്ദ്രത്തിലും യുപിയിലും വരുന്നതിനു മുമ്പുള്ള ഗവൺമെന്റുകളെ സ്ഥിരമായി മോശമാക്കി ചിത്രീകരിക്കുന്ന ഇപ്പോഴത്തെ ഭരണക്കാരുടെ പ്രചാരണ തന്ത്രമാണ് ദുരന്ധര്‍ എന്നതിന് മറ്റു തെളിവുകളൊന്നും തന്നെ ആവശ്യമില്ല.
ദുരന്ധര്‍: പ്രതികാരം എന്ന രണ്ടാം ഭാഗം മാർച്ച് മാസം പ്രദര്‍ശനമാരംഭിച്ചു. രാഷ്ട്രം അല്ലെങ്കില്‍ രാജ്യം എന്നത് ഭരണകക്ഷി(സംഘപരിവാര്‍) എന്നതു മാത്രമാണെന്ന വാദഗതിയാണ് ഈ സിനിമ മുന്നോട്ടുവെക്കുന്നത്. യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്‍ എന്നുവെച്ചാല്‍, ഭരണകക്ഷിയ്ക്കു വേണ്ടി അക്രമങ്ങളിലേര്‍പ്പെടാന്‍ തയ്യാറുള്ളയാള്‍ എന്നാണ് ദുരന്ധര്‍-പ്രതികാരത്തിന്റെ നിര്‍വചനം. പാക്കിസ്താനില്‍ നിന്നുണ്ടാക്കുന്ന കള്ളനോട്ടുകളെ നിര്‍വീര്യമാക്കാനായിരുന്നു ഇന്ത്യയിലെ നോട്ടുനിരോധനം എന്നാണ് സിനിമ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. കള്ളനോട്ടോ കള്ളപ്പണമോ ഭീകരതയോ ഇല്ലാതാക്കാന്‍ നിരോധനംകൊണ്ട് സാധിച്ചില്ല എന്ന് പില്‍ക്കാല ചരിത്രം തെളിയിച്ചത് ഈ സിനിമ കണക്കിലെടുക്കുന്നേയില്ല. ബലിദാന്‍ പരംധര്‍മ് (ജീവത്യാഗമാണ് പരമോന്നതമായ ധാര്‍മികോത്തരവാദിത്വം) എന്ന മുദ്രാവാക്യമാണ് ദുരന്ധര്‍- : പ്രതികാരം ആശയവത്കരിക്കുന്നത്. അജയ് സന്യാല്‍(ആര്‍ മാധവന്‍) ജസ്‌കിറാത്തും ഹംസയുമായ രണ്‍വീര്‍ സിങ്ങിനോട് പറയുന്നതിങ്ങനെ: ‘‘നമ്മള്‍ ആണുങ്ങള്‍ പോരാടേണ്ടവരാണ്. സ്വപ്‌നങ്ങള്‍ക്കു വേണ്ടിയും അവകാശങ്ങള്‍ക്കു വേണ്ടിയും കുടുംബത്തിനു വേണ്ടിയും! നീതി, സ്വാതന്ത്ര്യം, തുല്യത, ഐക്യദാര്‍ഢ്യം എന്നിവ ഉറപ്പുവരുത്തുന്ന ഒരു ജനാധിപത്യ റിപ്പബ്ലിക്കിനു പകരം, രക്തരൂഷിതമായ അക്രമത്തിലൂടെ രാജ്യത്തെ ‘ശത്രു’ക്കളില്‍ നിന്ന് രക്ഷിച്ചെടുക്കലാണ് രാഷ്ട്രം എന്നാണ് പ്രസ്താവിക്കുന്നത്.
യുദ്ധം, ഭീകരത, വര്‍ഗീയാക്രമണങ്ങള്‍ എന്നീ പ്രതിഭാസങ്ങളെല്ലാം ഫാസിസത്തിന്റെ വളര്‍ച്ചയ്ക്കു വേണ്ടി കാലാകാലങ്ങളില്‍ നിര്‍മിക്കപ്പെടുന്നതും പ്രയോജനപ്പെടുത്തപ്പെടുന്നവയുമാണ്. അധീശത്വ സിനിമ ഇക്കാര്യങ്ങള്‍ ദൃശ്യവത്കരിക്കുമ്പോള്‍, അതിലെല്ലാം ഫാസിസ്റ്റനുകൂല സമീപനം കാണാന്‍ കഴിയും. കീര്‍ത്തിചക്രയിലെ സമീപനം തന്നെയാണ് റോജ(1992), ഉറി ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്(2019), കശ്മീര്‍ ഫയല്‍സ്(2022) എന്നീ സിനിമകളിലുമുള്ളത്. യുദ്ധവും യുദ്ധോത്സുകതയും ആണ്‍ശരീരങ്ങളുടെ അധികാര-മഹത്വവത്കരണങ്ങളായാണ് വലതുപക്ഷ സിനിമകളില്‍ അവതരിപ്പിക്കപ്പെടാറുള്ളത്.
‘ദേശീയസ്വത്വവും സാംസ്‌കാരികഭൂതകാലവും തമ്മിലുള്ള ബന്ധം ഭൂരിപക്ഷത്തിന്റെ, ഭൂരിപക്ഷ മതത്തിന്റെ സംസ്‌കാരത്തെ രാജ്യത്തിന്റെയാകെ സംസ്‌കാരമായി സാമാന്യവല്‍ക്കരിക്കുന്നു. ഭൂരിപക്ഷത്തിന്റെ പാരമ്പര്യങ്ങളില്‍നിന്നും ‘സംസ്‌കൃതരുടെ’ ഗണത്തില്‍നിന്നുമാണ് ദേശീയവിഗ്രഹങ്ങള്‍ വാര്‍ത്തെടുക്കപ്പെടുന്നത്. സവര്‍ണ്ണരുടെ മതപുസ്തകത്തില്‍നിന്നും ക്ലാസിക്കല്‍ കലകളില്‍നിന്നുമാണ് ഭാരതത്തിന്റെ ജനപ്രീതിയാര്‍ജ്ജിച്ച പ്രതീകങ്ങള്‍ മിക്കപ്പോഴും രൂപംകൊള്ളുന്നത്. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ സാംസ്‌കാരികാനുഭവങ്ങളെ അത്തരം സ്വത്വനിര്‍മിതി നിരാകരിക്കുന്നു. ഏകശിലാരൂപമായ സാംസ്‌കാരിക സ്വത്വവീക്ഷണം അങ്ങനെ ഉടലെടുക്കുന്നു’ എന്ന കെ എന്‍ പണിക്കരുടെ നിരീക്ഷണത്തെ പിന്‍പറ്റിക്കൊണ്ട് കെ പി ജയകുമാര്‍ എഴുതുന്നു:
സാംസ്‌കാരിക ഭൂതകാലത്തെ ‘ഹിന്ദു’ എന്നുവിളിച്ച് കൈയടക്കുകയും മറ്റെല്ലാ സാമുദായികസ്വത്വങ്ങള്‍ക്കും അപരത്വം കല്‍പ്പിക്കുകയും ദേശവിരുദ്ധമെന്നുപറഞ്ഞ് പുറന്തള്ളുകയുമാണ് ഹിന്ദുദേശീയതയുടെ കര്‍മപദ്ധതി. ദേശീയതയും ദേശസ്നേഹവും അങ്ങനെ അതിവൈകാരികവും വംശീയവുമാകുന്നു. ഈ ആശയനിര്‍മിതിയിലും വ്യാപനത്തിലും മാധ്യമങ്ങളും ചലച്ചിത്രങ്ങളും നിസാരമല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ചരിത്ര സന്ദര്‍ഭങ്ങളെ വ്യാഖ്യാനിച്ചും പ്രാദേശിക യോദ്ധാക്കളെയും നായകന്‍മാരെയും പുനരാനയിച്ചും ഹിന്ദുവീര ഗാഥകള്‍ ബോളിവുഡില്‍ നിന്ന് ആവര്‍ത്തിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്നു. തീവ്രദേശീയതയുടെ പാഠങ്ങള്‍ ആലേഖനം ചെയ്ത താരശരീരങ്ങള്‍ ഹിന്ദുത്വദേശീയതയുടെ ജനകീയവിനിമയ മാധ്യമങ്ങളായി മാറുന്നു. ഭരണകൂടത്തിന്റെ അശ്ലീലമായ സമഗ്രാധികാരത്തെ മറച്ചുപിടിക്കുന്ന, കാലത്തിന്റെ തീവ്രാനുഭവങ്ങളെ ഒളിച്ചുകടത്തുന്ന കാഴ്ചകളാണ് പുരാണ-വീര കഥാഖ്യാനങ്ങള്‍ സാധ്യമാക്കിയത്. വര്‍ത്തമാന സാമൂഹ്യാനുഭവങ്ങള്‍ക്ക് പകരമായി അതീത ഭൂതകാലത്തെ സങ്കല്‍പ്പിക്കുന്നു. ഈ അതീത മൂല്യബോധം സമകാലിക സമൂഹത്തിന്റെ അടിയന്തര സദാചാര മൂല്യമായി പ്രക്ഷേപണം ചെയ്യുന്നു. ഭക്തിയും ആത്മീയതയും ആദേശം ചെയ്ത വീരചരിതങ്ങളിലേക്കുള്ള മതാത്മകമായ ഇടങ്ങളിലാണ് തീവ്രദേശീയതയുടെ പാഠങ്ങള്‍ വിനിമയം ചെയ്യുന്നത്. ബാജിറാവു മസ്താനി (2015), പത്മാവത് (2015), മണികര്‍ണിക (2019), പാനിപ്പത്ത് (2019), 83 (2021), കാശ്മീര്‍ ഫയല്‍സ് (2022), ആര്‍ ആര്‍ ആര്‍ (2022) തുടങ്ങിയ ചലച്ചിത്രങ്ങള്‍ സമകാലിക തീവ്രദേശീയതയുടെ പതാകവാഹകരായി. രാമായണത്തെ അവലംബമാക്കി തൻഹാജി നിർമിച്ച് ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് 2023 ൽ പ്രദര്‍ശനത്തിനെത്തുമെന്നാണ് കേട്ടിരുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന് 500 കോടിരൂപയാണ് മുതല്‍മുടക്ക്. കല്‍പ്പിത കഥകളെ പുതിയ കാലത്തിനനുരൂപമായി കൈയടക്കുന്നതിലൂടെ ചരിത്രത്തെ മറച്ചുപിടിയ്ക്കാന്‍ ചലച്ചിത്രങ്ങള്‍ക്ക് കഴിയും. അതീതകാല സമൂഹത്തെയും അതിന്റെ തുടര്‍ച്ചയായ നവദേശ-രാഷ്ട്രത്തെയുമാണ് ചലച്ചിത്രങ്ങള്‍ ഭാവനചെയ്തത്. പൊതുവായ ഭൂതകാലമുള്ള ഒറ്റസമൂഹമെന്ന സങ്കല്പമാണ് ആഖ്യാനങ്ങളില്‍ നിറയുന്നത്. വരേണ്യവര്‍ഗത്തിന്റെ മൂല്യബോധവും ലോകവീക്ഷണവും സമൂഹത്തിലാകെ സ്വീകാര്യമാക്കുന്നതിലൂടെ ഒരാദര്‍ശ ഹിന്ദുദേശം സങ്കല്‍പ്പിക്കപ്പെടുന്നു.
മതമൈത്രിയും സമാധാനവും കാത്തുസൂക്ഷിക്കുന്ന, ആധുനികവും പുരോഗമനപരവുമായ പരിഷ്‌കൃത ജീവിതമാണ് കേരളത്തിലുള്ളത്. ലോകത്തെ ഏതു പ്രദേശത്തോടും താരതമ്യം ചെയ്യാവുന്ന വിധത്തില്‍ സമകാലികമായ ആശയങ്ങള്‍ നാം പരിചയപ്പെടുകയും മികച്ച ജീവിത നിലവാരം ആര്‍ജിച്ചടുക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ ഭരണപരവും ആശയപരവുമായ മേല്‍ക്കോയ്മ കൈവരിച്ചിട്ടുള്ള നവഫാസിസ്റ്റ് ശക്തികള്‍ക്ക് ഇതിനോട് പൊരുത്തപ്പെടാനാവുന്നില്ല. അതുകൊണ്ടാണ് കേരള സ്റ്റോറി എന്ന പേരില്‍ കേരളത്തെ ബീഭത്സമാംവിധം അപകീര്‍ത്തിപ്പെടുത്തുന്ന സിനിമാപരമ്പര അവരുടെ ഒത്താശയോടെ ഹിന്ദുത്വ ആശയക്കാര്‍ പടച്ചുവിടുന്നത്. ഒരു സമുദായത്തെയാകെയും ഒരു ഭാഷാസംസ്ഥാനത്തെയാകെയും താറടിക്കുകയും മനുഷ്യവിരുദ്ധരായി ചിത്രീകരിക്കുകയും തുടർച്ചയായി തരംതാഴ്ത്തുകയും ചെയ്യുക എന്നതാണ് കേരള സ്റ്റോറി എന്ന തുടരൻ സിനിമകളുടെ പ്രധാന ഉദ്ദേശ്യലക്ഷ്യം.
കാമാഖ്യ നാരായൺ സിംഹ് സംവിധാനം ചെയ്ത കേരള സ്റ്റോറി രണ്ട് നിമിച്ചിരിക്കുന്നത് ഒന്നാം ഭാഗം നിര്‍മിച്ച വിപുൽ അമൃത് ലാൽ ഷാ തന്നെയാണ്. മൂന്നു ലക്ഷ്യങ്ങൾക്കു നേര്‍ക്കാണ് ഈ ആഭാസസിനിമ യുദ്ധവെറി പ്രഖ്യാപിച്ചിരിക്കുന്നത്. മുസ്ലീങ്ങൾ, മിശ്രവിവാഹങ്ങൾ, മതപരിവർത്തനത്തിനുള്ള അവകാശം എന്നിവയാണവ. ഖസ്വ എ ഹിന്ദ് എന്നു പേരിട്ട ഒരു പദ്ധതിപ്രകാരം, ഹിന്ദു യുവതികളെ വിവാഹത്തിനും നിർബന്ധിത മതപരിവർത്തനത്തിനും നിർബന്ധിതമായി വശംവദരാക്കി, ഗർഭം ധരിപ്പിച്ച് രാജ്യത്ത് മുസ്ലിം ജനസംഖ്യ വർദ്ധിപ്പിക്കുകയാണ് കുറച്ചാളുകളുടെ പരിപാടി എന്നാണ് കേരള സ്റ്റോറി രണ്ട് പറയുന്നത്. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയിൽ മുസ്ലീങ്ങൾ ഭൂരിപക്ഷമാകുമെന്നും പിന്നെ ഇവിടെ ശരീഅത്ത് നിയമമായിരിക്കും പ്രാവർത്തികമാവുകയെന്നും അവര്‍ കാണികളെ പേടിപ്പിക്കുന്നു.
കേരള സ്റ്റോറി രണ്ടിന്റെ കഥ ഇപ്രകാരമാണ്: കൊച്ചിയിലെ സുരേഖയെ, ലിബറൽ മാധ്യമ പ്രവർത്തകനായ സലിം ഒരു ലിവ് ഇൻ ബന്ധത്തിനു ക്ഷണിക്കുന്നു. മതംമാറ്റുകയില്ലെന്നും ഹിജാബ് ധരിപ്പിക്കില്ലെന്നുമുള്ള ‘പുരോഗമന’ വാഗ്ദാനങ്ങൾ നടത്തിയാണ് സലിം അവളെ വരുതിയിലാക്കുന്നത്. എന്നാൽ, ഈ സിനിമയിലെ മറ്റെല്ലാ മുസ്ലീം കഥാപാത്രങ്ങളെയും പോലെ സലീമും ഒരു വഞ്ചകനും വ്യാപകമായി വല വിരിച്ചിട്ടുള്ള ഒരു ഗൂഢാലോചനയിലെ പങ്കാളിയുമാണ്. ജോധ്പൂറിലെ നർത്തകിയായ ദിവ്യയെ പിടികൂടുന്നത് ഭർത്താവ് റശീദാണ്. അവളെ മാതാപിതാക്കളിൽ നിന്നകറ്റി ക്രൂരരായ കുറെയാളുകളുള്ള ഒരു കെട്ടിടത്തിലെത്തിക്കുന്നു. അഞ്ചോ ആറോ കുട്ടികളെ അവളുടെ ഗർഭപാത്രത്തിൽ നിറയ്ക്കണമെന്നാണ് റശീദിന്റെ ഉമ്മ അവൾക്കു മുമ്പിൽ വെച്ചവനോട് പറയുന്നത്. ഗ്വാളിയോറിലെ ജാവലിൻ കളിക്കാരിയായ നേഹയുടെ വിധിയാണ് മറ്റൊന്ന്. വിവാഹം കഴിച്ചതിനു ശേഷം ഭർത്താവ് ഫൈസാൻ അവളെ ലൈംഗികത്തൊഴിലിനായി വിൽക്കുന്നു. നിരവധി ആളുകളാണ് അവളെ ബലാത്സംഗം ചെയ്യുന്നത്. ഇവർക്കെല്ലാം മുസ്ലീം പേരുകൾ നൽകുന്നുണ്ട്. എല്ലാവരെയും വാക്കുകൾ കൊണ്ടധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നുണ്ട്. മലയാളിയായ സുരേഖയെ സലീമും മറ്റു ചില മുസ്ലീം വനിതകളും ചേർന്ന് ബലം പ്രയോഗിച്ച് ബീഫ് തീറ്റിക്കുന്ന ബീഭത്സ ദൃശ്യമാണ് ചിത്രത്തിന്റെ ട്രെയിലറായി യുട്യൂബിൽ ഓടിച്ചിരുന്നത്.
ഹിന്ദു വനിതകളുടെ മാതാപിതാക്കളെല്ലാവരും നിസ്സഹായരാണ്. ആയിരം വർഷമായി വിഭജിക്കപ്പെട്ട ഹിന്ദു സമൂഹമാണ് ഈ ദുർഗതിയ്ക്ക് കാരണം എന്നാണ് ഒരു കഥാപാത്രം പറയുന്നത്. ജാതി ഇല്ലാതാക്കി എല്ലാ ഹിന്ദുക്കളും ഒന്നിക്കണമെന്ന പുരോഗമനനാട്യ മുദ്രാവാക്യമായി ഇത് അവതരിപ്പിക്കപ്പെടുന്നു. കേരളമെമ്പാടും ആർഎസ്എസ് ഹിന്ദു ഏകതാ സമ്മേളനങ്ങൾ നടത്തി ഇതേ കാര്യമാണ് പൊതുവേദികളിൽ ഉന്നയിക്കുന്നത്. തിരുനാവായയില്‍ ഈയിടെ നടന്ന കേരള കുംഭമേളയിലും ഇത്തരം പ്രസംഗങ്ങൾ ഉണ്ടായിരുന്നു.
ഹിന്ദു വീടുകളെല്ലാം വെളിച്ചവും സ്നേഹവും ചിരിയും നിറഞ്ഞവയായും മുസ്ലീം വീടുകൾ ഇരുണ്ടതും ഇടുങ്ങിയവയുമായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. മതം മാറ്റം മറന്നേയ്ക്കൂ, അവരുടെ യഥാർത്ഥ കാഴ്ചപ്പാട് മറന്നേയ്ക്കൂ എന്ന ആഹ്വാനത്തോടെ ബുൾഡോസർ മുസ്ലീം വീടുകളെ തുടച്ചുനീക്കുകയും ഹർ ഹർ മഹാദേവ് പശ്ചാത്തലത്തിൽ കേൾക്കുകയും ചെയ്യുന്നു.
പരിശുദ്ധ റമദാൻ മാസത്തിൽ റിലീസ് ചെയ്യുകയും കോടതിയിൽ വിജയിച്ചു മുന്നേറുകയും ചെയ്തുകൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്ന കേരള സ്റ്റോറി രണ്ട്, കേരളത്തിലും ഇന്ത്യയിലാകെയും മുസ്ലീങ്ങൾക്കു നേരെ സംശയം, വെറുപ്പ്, വംശവെറി എന്നിവ ഉത്പാദിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതു തന്നെയാണ്.വാസ്തവങ്ങളുടെ ദുർവ്യാഖ്യാനങ്ങൾ, അവാസ്തവങ്ങൾ, അർദ്ധസത്യങ്ങൾ എന്നിവ ഭാവനയുമായി കൂട്ടിക്കുഴച്ചാണ് ഹിന്ദുത്വ പ്രൊപ്പഗൻഡ സിനിമകളുടെ കഥ മെനഞ്ഞെടുക്കുന്നത്. ഇവിടെ ഭാവനയെ നുണ എന്നതിനു പുറമെ വെറുപ്പ് എന്നും വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.
രാജ്യത്തെമ്പാടും നടക്കുന്നതാണ്, പക്ഷേ ഞങ്ങൾ കേരള സ്റ്റോറി എന്ന് പേരിടുന്നു എന്നാണ് ദില്ലിയിൽ നടത്തിയ പത്രസമ്മേളനത്തിൽ നിർമാതാക്കൾ പറഞ്ഞത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ, എന്തുമാത്രം വലിയ കുറ്റകൃത്യമാണ് ഇക്കൂട്ടർ ചെയ്യുന്നതെന്നു നോക്കൂ.
കോടതി സിംഗിൾ ബെഞ്ച് ഈ സിനിമ പതിനഞ്ചു ദിവസം നീട്ടി റിലീസ് ചെയ്താൽ മതിയെന്നു പറഞ്ഞെങ്കിലും ഡിവിഷൻ ബെഞ്ച് മിന്നൽ വേഗത്തിൽ ആ വിലക്ക് നീക്കി. ഇന്ത്യയിലും വിദേശത്താകെയും സിനിമ വ്യാപകമായി പ്രദർശിപ്പിച്ചു തുടങ്ങി. ബീഫ് എന്ന് പേരുണ്ടെന്നതിനാല്‍ മാത്രം, കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്ന് ഒരു സ്പാനിഷ് ചിത്രം നീക്കാന്‍ ആവശ്യപ്പെട്ടവരാണ് യൂണിയന്‍ സര്‍ക്കാര്‍ എന്നതാലോചിക്കുമ്പോഴാണ് ഈ സംവിധാനങ്ങളുടെയെല്ലാം പരിഹാസ്യത നമുക്കു ബോധ്യപ്പെടുക.
ലോകത്തെമ്പാടുമുള്ള ജനങ്ങൾ എത്ര മോശമായാണ് കേരളത്തെ കാണുകയും മനസ്സിലാക്കുകയും ചെയ്യുക എന്നാലോചിച്ചു നോക്കൂ. പ്രസിദ്ധ യാത്രാ വ്ലോഗർ ആയ സുജിത് ഭക്തൻ ഫിജി എന്ന ചെറുരാഷ്ട്രത്തിലെ സിനിമാശാലയ്ക്കു മുന്നിൽ കേരള സ്റ്റോറി രണ്ടിന്റെ പോസ്റ്റർ കണ്ട് രോഷാകുലനാകുന്നത് നാം സാമൂഹ്യ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം കണ്ടു. മതത്തിന്റെ പേരിലുള്ള മർദ്ദനം നടത്തുമ്പോഴും പുലഭ്യം പറയുമ്പോഴും താജ് മഹൽ പശ്ചാത്തലത്തിൽ കാണിക്കുന്നത് എന്തുമാത്രം ദുരുദ്ദേശ്യപരമാണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. ഇന്ത്യയുടെ മാപ്പ് പശ്ചാത്തലത്തിൽ കാണിച്ചുകൊണ്ടാണ് ഇന്ത്യ 25 വർഷത്തിനകം മുസ്ലീം ഭൂരിപക്ഷ രാജ്യമായി മാറും എന്നു പറയുന്നത്.
കോടതികളും യൂണിയന്‍ സര്‍ക്കാരും കേരള സര്‍ക്കാരും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണമാണ് കേരള സ്റ്റോറി എന്ന സിനിമാ പരമ്പരയുടെ അടിസ്ഥാന പ്രമേയം. ജനാധിപത്യം, ദേശാഭിമാനം, സ്വാതന്ത്ര്യബോധം എന്നിവകൊണ്ട് ജ്വലിച്ചുനില്‍ക്കുന്ന കേരളീയ മനസ്സിന്റെ സാമൂഹിക അബോധത്തില്‍ മുസ്ലീമിനെ സംശയത്തോടെയും അപരത്വത്തോടെയും കാണുന്ന മനോഭാവം പ്രബലമാക്കുക എന്നതാണ് ലവ് ജിഹാദ് ആരോപണത്തിന്റെ കൃത്യമായ ഉദ്ദേശ്യം.
സാധാരണയായി നാട്ടില്‍ നടക്കുന്ന അനവധി പ്രണയങ്ങളെയാണ് ഈ ലവ് ജിഹാദ് പ്രചാരകര്‍ സംശയത്തിന്റെ നിഴലിലേക്കും അതുവഴി വംശഹത്യയിലേക്കും നയിക്കുന്നത്. മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നീ മൂന്നു പ്രഖ്യാപിത ശത്രുക്കള്‍ക്കു പുറമെ കമിതാക്കള്‍, മിശ്രവിവാഹിതര്‍, മതം മാറിയവര്‍ എന്നിവരെക്കൂടി ഇരകളാക്കി വംശഹത്യക്കു വിധേയമാക്കാനുള്ള സംഘപരിവാര്‍ പദ്ധതിക്ക് ചൂട്ടുപിടിക്കാന്‍ പത്രങ്ങളും ചാനലുകളും നിര്‍മ്മിത പൊതുബോധവും സമുദായസംഘടനകളും തയ്യാറായി എന്നതാണ് കാര്യങ്ങളെ കൂടുതല്‍ ഗൗരവതരവും നിയന്ത്രണാതീതവുമായ നിലയിലേക്ക് നയിച്ചത്.
പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്‌കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ ഈ അപരവത്കരണ പ്രയോഗത്തിന്റെ മുഖ്യ വേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. സിനിമയിലും തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെ ഈ വിഷവ്യാപനം നടത്തിക്കൊണ്ടേയിരിക്കാനാണ് തീവ്ര വലതുപക്ഷം പരിശ്രമിക്കുന്നത്.
കലാപത്തിന്റെയും വെറുപ്പിന്റെയും അക്രമത്തിന്റെയും സംസ്കാര(രാഹിത്യ)ത്തെ കേരളത്തില്‍ വ്യാപകമാക്കാനുള്ള സാമൂഹ്യവിരുദ്ധ ഗൂഢാലോചനയാണ് കേരള സ്‌റ്റോറി ഒന്നിനും രണ്ടിനും പിന്നിലുണ്ടായിരുന്നത്. കേരള സ്‌റ്റോറി ഒന്നിന്റെ ട്രെയിലറില്‍ പറഞ്ഞത് മുപ്പത്തിരണ്ടായിരം പെണ്‍കുട്ടികളെ കേരളത്തില്‍ മതപരിവര്‍ത്തനം നടത്തി ഐസ്-ഐഎസില്‍ ചേര്‍ത്ത് സിറിയയിലും യെമനിലും എത്തിച്ചിട്ടുണ്ടെന്നൊക്കെയാണ്. പിന്നീട്, വ്യാപകമായ എതിര്‍പ്പ് സകലരും ഉന്നയിച്ചതിനെ തുടര്‍ന്ന് മുപ്പത്തിരണ്ടായിരം എന്നത് മൂന്നാക്കി കുറച്ചു.
കമ്യൂണിസവും മതേതരത്വവും പഠിപ്പിച്ച സമയത്ത്, ഹിന്ദുത്വത്തെക്കുറിച്ചും അതിന്റെ മഹത്വത്തെക്കുറിച്ചുമായിരുന്നു അച്ഛനമ്മമാര്‍ പെണ്‍കുട്ടികളെ പഠിപ്പിക്കേണ്ടത് എന്നാണ് കേരള സ്റ്റോറി ഒന്ന് എന്ന സിനിമയുടെ സംവിധായകന്‍ മുന്നോട്ടുവെച്ച വാദം. അല്ലെങ്കില്‍ അവര്‍ ‘ലവ് ജിഹാദ്’ കെണിയില്‍ പെടുമത്രെ. ‘ദൈവത്തിന്റെ സ്വന്തം നാട് ഒരു ടൈം ബോംബിന് മുകളിലാണ്; അതിനെ രക്ഷിയ്ക്കൂ’ എന്നൊക്കെയായിരുന്നു അതിലെ ചില സംഭാഷണങ്ങള്‍! ഉത്തരേന്ത്യക്കാരുടെ കണ്ണില്‍ കേരളത്തെ നികൃഷ്ടമായി അവതരിപ്പിക്കാനും കുറ്റവിചാരണ ചെയ്യാനുമാണ് വ്യക്തമായി തന്നെ ഉദ്ദേശിച്ചിരുന്നത്.
പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരുമടക്കമുള്ള യൂണിയന്‍ സര്‍ക്കാരും മധ്യപ്രദേശ്, ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളും കേരള സ്‌റ്റോറി ഒന്നിന് അനുകൂലമായി രംഗത്തു വന്നിരുന്നു. ഈ സംസ്ഥാനങ്ങളില്‍ നികുതിയിളവ് അടക്കമുള്ള ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. തമിഴ്‌നാട്ടില്‍ പക്ഷേ കേരള സ്റ്റോറി ഒന്ന് പ്രദര്‍ശിപ്പിച്ചില്ല. കേരളത്തില്‍ തണുത്ത പ്രതികരണമാണുണ്ടായത്. എന്നാല്‍ ലോകവ്യാപക വാണിജ്യത്തിലൂടെ ചിത്രത്തിന് മുന്നൂറിലധികം കോടി രൂപയുടെ വരവുണ്ടായി. ദേശീയ അവാര്‍ഡുകള്‍ ഈ തരംതാണ സിനിമയ്ക്കുമേല്‍ കോരിച്ചൊരിയപ്പെട്ടു.
ആഭാസവും വിദ്വേഷവും വംശഹത്യാവാദവും കൂട്ടിക്കലര്‍ത്തിയ ഈ സിനിമയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവുമാദ്യം രംഗത്തു വന്നത്. അദ്ദേഹത്തിന്റെ അതിശക്തമായ പ്രസ്താവന ഇപ്രകാരമാണ് അവസാനിച്ചത്: ‘‘ഈ വിദ്വേഷ പ്രചാരണങ്ങളെ അവജ്ഞയോടെ തള്ളുന്നതിനൊപ്പം വസ്തുതകളെയും, മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളെ ശക്തമായി ഉയർത്തിപ്പിടിക്കണം. കേരളം നമ്മുടെ അഭിമാനമാണ്. നുണകൾക്കെതിരെ സത്യം ജയിക്കണം. അതിനായി നാം ഒരുമിച്ച് നിലകൊള്ളണം…’’
സിനിമയില്‍ നിന്ന് വെറുപ്പിനെ
മാറ്റിനിര്‍ത്തുക
ഇതൊന്നും സാമാന്യേന നടക്കുന്ന അപ്രധാന സംഭവങ്ങളാണെന്ന് കരുതേണ്ടതില്ല. ഇന്ത്യന്‍ സിനിമയെ വിദ്വേഷ പ്രചരണത്തിന്റെയും നുണകളുടെയും അര്‍ദ്ധ സത്യങ്ങളുടെയും കൂട്ടിക്കുഴയ്-ക്കലുകളുടെയും കളിസ്ഥലമാക്കി സംഘപരിവാര്‍ മാറ്റിക്കഴിഞ്ഞു. ഉര്‍ദു എന്ന അതിമനോഹരമായ ഭാഷയുടെ കാല്പനികതയും സൗന്ദര്യാഹ്ലാദങ്ങളുമാണ് ഹിന്ദി സിനിമയെ കഴിഞ്ഞ നൂറു കൊല്ലത്തിലധികം കാലംകൊണ്ട് ലോകത്തിന്റെ നെറുകയിലെത്തിച്ചത്. അതിനെ നിര്‍മാര്‍ജനം ചെയ്യുക എന്ന ബുള്‍ഡോസര്‍ രാജാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ ജനാധിപത്യ- മതനിരപേക്ഷ- ഭരണഘടനാധിഷ്ഠിത രാഷ്ട്ര നിര്‍മാണപ്രക്രിയയ്‌ക്കെതിരായ ദുഷിച്ച പ്രചരണങ്ങളാണ് ഈ പ്രൊപ്പഗൻഡ സിനിമകളെല്ലാം എന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ത്യന്‍ സിനിമയിലെ ഫാസിസ്റ്റ് അധിനിവേശം എന്നു പറയുന്നത് സിനിമയെമാത്രം ബാധിക്കുന്ന ഒരു ‘പരിമിത’പ്രശ്‌നമല്ലെന്നും ഇന്ത്യയെ തന്നെ ഇല്ലാതാക്കിയേക്കാവുന്ന ഗുരുതരപ്രശ്‌നമാണെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. പൊതുബോധത്തെ നിര്‍ണയിക്കാന്‍ കഴിവുള്ള ഏറ്റവും ജനപ്രിയമായ മാധ്യമമാണ് സിനിമ എന്നെല്ലാവര്‍ക്കും അറിയാം. യഥാര്‍ത്ഥ സംഭവങ്ങളും കല്പിത കഥകളും അര്‍ദ്ധസത്യങ്ങളും നുണകള്‍ തന്നെയും കൂട്ടിക്കുഴയ്-ക്കുകയെന്നത് സിനിമയില്‍ പുതിയ കാര്യമല്ല. സിനിമയോട് പൊതുവെയും ഇത്തരം സിനിമകളോട് പ്രത്യേകിച്ചും വിമര്‍ശനാത്മകവും ചരിത്രബോധ്യത്തെ അടിസ്ഥാനപ്പെടുത്തിയതും ജനാധിപത്യ അവബോധത്തോടുകൂടിയതുമായ സമീപനം കാണികളും അല്ലാത്തവരുമായവര്‍ക്കിടയില്‍ വ്യാപിപ്പിക്കുക എന്നതു മാത്രമേ ഈ വിഷമസന്ധിയിലും നമുക്ക് ചെയ്യാനാവുന്ന കാര്യമായുള്ളൂ. അതെത്രമേല്‍ ദുഷ്‌കരമാണെങ്കിലും നിര്‍വഹിക്കാതെ നിവൃത്തിയില്ല. l



