കമ്യൂണിസ്റ്റുകാർ നിരന്തരം വേട്ടയാടപ്പെടുന്നു; ആക്രമിക്കപ്പെടുന്നു. എന്തുകൊണ്ടെന്നോ? കമ്യൂണിസ്റ്റുകാർ പ്രവർത്തിക്കുന്നത് തൊഴിലാളികളുടെയും, അടിച്ചമർത്തപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുടെയും നന്മയ്‌ക്കും ക്ഷേമത്തിനുംവേണ്ടിയാണ്, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് എന്നതുകൊണ്ടാണത്. ഭരണവർഗങ്ങളെ സംബന്ധിച്ചിടത്തോളം അധ്വാനിക്കുന്നവന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ, ജനക്ഷേമം ഉറപ്പാക്കപ്പെടുമ്പോൾ സ്വാഭാവികമായും സന്പദ്‌ഘടനയുടെ സന്തുലിതാവസ്ഥ ഭരണവർഗത്തിനെതിരാകും. ജനങ്ങൾക്കുണ്ടാകുന്ന നേട്ടത്തിനാനുപാതികമായി ഭരണവർഗത്തിന്, മൂലധനത്തിന് നഷ്ടം സംഭവിക്കും. തങ്ങൾക്ക് ലഭിക്കുന്ന ലാഭത്തിൽ ചെറിയൊരു കുറവുണ്ടാകുന്നതുപോലും മൂലധനശക്തികൾ സഹിക്കില്ല. അതുകൊണ്ട് തങ്ങളുടെ ലാഭത്തിൽ കുറവുണ്ടാക്കുന്ന, തങ്ങളുടെ ലാഭത്തിലെ ചെറുതെങ്കിലുമൊരുഭാഗം തൊഴിലാളികൾക്കായി കണക്കുപറഞ്ഞ് വാങ്ങുന്നതിന് നേതൃത്വം നൽകുന്ന ശക്തിയെ മൂലധനത്തിന്റെ വക്താക്കൾ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കും; വേട്ടയാടിക്കൊണ്ടിരിക്കും. ഇതാണ് ചരിത്രം നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്ന വസ്‌തുത.
1917ലെ വിപ്ലവത്തിലൂടെ സോവിയറ്റ് യൂണിയൻ നിലവിൽവന്നതോടെ തൊഴിലാളിവർഗത്തിന്റെ ഭരണം സാധ്യമാണെന്നുവന്നു. ലോകത്തിന്റെ ഒരുഭാഗത്ത് ചൂഷണരഹിതമായ, അധ്വാനിക്കുന്നവന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന ഒരു ഭരണം നിലവിൽവന്നതോടെ ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള തൊഴിലാളികളുടെ, ജനസാമാന്യത്തിന്റെ പ്രതീക്ഷകൾ വർധിച്ചു. തങ്ങൾക്കും ഇത് സാധ്യമാണെന്നുവന്നതോടെ സമരങ്ങളുടെ വേലിയേറ്റവും കമ്യൂണിസ്റ്റു മുന്നേറ്റവുമുണ്ടായി. ഈ മുന്നേറ്റത്തെ മർദനോപകരണമെന്ന നിലയിലുള്ള ഭരണകൂടത്തിന്റെ ദൗത്യത്തെ ഉപയോഗിച്ചുമാത്രം അടിച്ചമർത്താനാകാതായി. മാത്രമല്ല ഈ പശ്ചാത്തലത്തിൽ കമ്യൂണിസ്റ്റു പാർട്ടികളുടെയും പുരോഗമനശക്തികളുടെയും ജനസ്വാധീനം വർധിച്ചതോടെ രണ്ടാം ലോക യുദ്ധാനന്തരം കിഴക്കൻ യൂറോപ്പിനൊപ്പം കൊറിയയിലും വിയറ്റ്നാമിലും ചെെനയിലുമെല്ലാം കമ്യൂണിസ്റ്റ് – തൊഴിലാളി പാർട്ടികളുടെ നേതൃത്വത്തിലുള്ള ഭരണകൂടങ്ങൾ നിലവിൽ വന്നു; അതിനൊപ്പം വികസിത മുതലാളിത്ത രാജ്യങ്ങളിൽ പാർലമെന്ററി ഡമോക്രസിയുടെ പരിധിക്കുള്ളിൽ നിന്നു തന്നെ കമ്യൂണിസ്റ്റുകാർ അധികാരത്തിലെത്തുമോയെന്ന അങ്കലാപ്പും ബൂർഷ്വാസിക്കുണ്ടായി. ഫ്രാൻസിലും ഇറ്റലിയിലും യുദ്ധാനന്തരം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റു പാർട്ടികൾക്കുണ്ടായ മുന്നേറ്റം അത്തരമൊരു സാധ്യതയെക്കുറിച്ചുള്ള ചർച്ചയുണ്ടാകുന്നതിനുമിടയാക്കി.
അടിച്ചമർത്തലുകൊണ്ടു മാത്രം ഇതിനു പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷ മുതലാളിത്തത്തിന്റെ തലതൊട്ടപ്പന്മാർക്കില്ലാതായി. കമ്യൂണിസ്റ്റു മുന്നേറ്റത്തെ തകർക്കുന്നതിന് ഭരണവർഗം ദ്വിമുഖമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ഒരുവശത്ത് ഗ്രീസിലും സ്പെയിനിലും പോർച്ചുഗലിലും ഫാസിസ്റ്റ് സേ-്വച്ഛാധിപത്യവാഴ്ചകൾക്ക് ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരെന്നറിയപ്പെടുന്ന അമേരിക്കയും ബ്രിട്ടനുമുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഭരണാധികാരികൾ സർവവിധ ഒത്താശയും ചെയ്യുന്നതാണ് നാം കണ്ടത്. ഇതിൽ സ്പെയിനിലും പോർച്ചുഗലിലും യുദ്ധകാലത്തുതന്നെ ഫാസിസ്റ്റ് സേ-്വച്ഛാധിപത്യ ഭരണം നിലവിൽ വന്നെങ്കിൽ ഗ്രീസിൽ യുദ്ധാനന്തരം ജനാധിപത്യ കശാപ്പിലൂടെയാണ് സെെനിക സേ-്വച്ഛാധിപത്യ വാഴ്ച വന്നത്.
സാർവത്രിക വോട്ടവകാശവും ട്രേഡ് യൂണിയൻ സ്വാതന്ത്ര്യവും നിലനിന്നിരുന്ന യൂറോപ്പിലെ വികസിത മുതലാളിത്തരാജ്യങ്ങളിൽ തൊഴിലാളികൾക്ക് മെച്ചപ്പെട്ട കൂലിയും തൊഴിലവകാശങ്ങളും അംഗീകരിച്ചുകൊടുത്തുകൊണ്ട്, ജനക്ഷേമത്തെ ആധാരമാക്കിയുള്ള ഭരണം‐ ക്ഷേമസന്പദ്‌ഘടനയും ക്ഷേമഭരണസംവിധാനവും എന്ന സങ്കൽപനം മുതലാളിത്തത്തിൻ കീഴിൽ സാധ്യമാണെന്ന വ്യാമോഹം സൃഷ്ടിച്ചുകൊണ്ട്‐ നടപ്പാക്കിക്കൊണ്ട് കമ്യൂണിസ്റ്റു തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ ദുർബലപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. പിന്നെന്തിന് സോവിയറ്റ് മാതൃകയിലുള്ള ഏകകക്ഷിവാഴ്‌ചയിലേക്ക് പോകണമെന്ന ചർച്ചകളിലൂടെ, മുതലാളിത്തത്തിനുള്ളിൽതന്നെ തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന പ്രതീതി നിർമിച്ചുകൊണ്ടാണ് യൂറോപ്പിൽ കരുത്താർജിച്ചുകൊണ്ടിരുന്ന കമ്യൂണിസ്റ്റു പാർട്ടികളെയും ട്രേഡ് യൂണിയനുകളെയും പ്രത്യയശാസ്‌ത്രപരമായിത്തന്നെ ശിഥിലീകരിച്ചത്.
അമേരിക്കയിലാകട്ടെ, ചുവപ്പുഭീതി (Red Scar) പരത്തിയും മറുവശത്ത് ട്രേഡ് യൂണിയനുകളുടെയും കമ്യൂണിസ്റ്റു പാർട്ടിയുടെയും പ്രവർത്തനസ്വാതന്ത്ര്യം നിഷേധിച്ചും അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുവരുന്നവരെ മക്കാർത്തിയിസമെന്നറിയപ്പെടുന്ന ഭരണകൂട ഭീകരതയിലൂടെ അടിച്ചമർത്തിയും മൂലധനതാൽപര്യം സംരക്ഷിക്കാൻ ശ്രമിച്ചു; അതേസമയം മറുവശത്ത് ന്യൂഡീൽ എന്ന ക്ഷേമപദ്ധതിയുടെ ചൂണ്ടയിൽ കൊളുത്തി തൊഴിലാളിവർഗത്തെ പ്രത്യയശാസ്‌ത്രപരമായി കീഴ്‌പ്പെടുത്തുകയും ചെയ്‌തു. മുതലാളിമാർക്ക് ലാഭത്തിൽ വലിയ കുറവുണ്ടാകാതിരിക്കാൻ വേണ്ട അധിക സന്പത്ത് നിയൊ കൊളോണിയലിസത്തിലൂടെ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും രാജ്യങ്ങളെ കൊള്ളയടിച്ച് സമാഹരിക്കുകയും ചെയ്തു.
എന്നാൽ പുതുതായി സ്വാതന്ത്ര്യം നേടുകയും ജനാധിപത്യം ശക്തിപ്പെടുകയും ചെയ്‌ത അവികസിത, വികസ്വരരാജ്യങ്ങളിൽ (മൂന്നാംലോക രാജ്യങ്ങളിൽ) ചെറുത്തുനിൽപ്പുയർന്നുവന്നത് വികസിത മുതലാളിത്തരാജ്യങ്ങളിലെ ഭരണകൂടങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. അത്തരം ചെറുത്തുനിൽപ്പുകളെ മുളയിലേ നുള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം ലാഭതാൽപര്യത്തിന്, അത്യാർത്തിക്ക് പരിഹാരം കാണാനാണ് സാമ്രാജ്യത്വശക്തികൾ മുന്നോട്ടുവന്നത്. 1953ൽ ഇറാനിൽ മൊസാദേഖിന്റെ ഭരണത്തെയും 1954ൽ ഗ്വാട്ടിമാലയിൽ ജേക്കബ് അർബൻസിന്റെ ഭരണത്തെയും സൈനിക അട്ടിമറികളിലൂടെ പുറത്താക്കിയതിനെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. 1972 സെപ്‌തംബറിൽ ചിലിയിലും ഇതുതന്നെ ആവർത്തിച്ചു. ഈ രാജ്യങ്ങളിലെല്ലാം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകൾ അമേരിക്കൻ ബഹുരാഷ്‌ട്ര കന്പനികളുടെ അതാതിടത്തെ സ്ഥാപനങ്ങൾ ദേശസാത്‌കരിക്കുകയും ഭൂപരിഷ്‌കരണം നടപ്പാക്കുകയും ചെയ്‌തതാണ് അമേരിക്കൻ ഭരണാധികാരികളെയും കോർപ്പറേറ്റുകളെയും പ്രകോപിപ്പിച്ചത്. ഈ അട്ടിമറികളെത്തുടർന്നെല്ലാം, ഇടതുപക്ഷക്കാരായ ഭരണാധികാരികൾ നേരിട്ടത് ഭീകരമായ ആക്രമണങ്ങളായിരുന്നു. കമ്യൂണിസ്റ്റുകാരും ട്രേഡ് യൂണിയൻ പ്രവർത്തകരുമുൾപ്പെടെ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇൻഡൊനേഷ്യയിലാകട്ടെ, കമ്യൂണിസ്റ്റു പാർട്ടി അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്നു കണ്ടതോടെ സൈനിക അട്ടിമറി നടത്തുകയും സിഐഎയുടെ നിർദേശപ്രകാരം 20 ലക്ഷത്തോളം കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്യുകയും ലക്ഷക്കണക്കിനാളുകളെ കൽത്തുറുങ്കിലടച്ച് കൊല്ലാക്കൊല ചെയ്യുകയുമുണ്ടായി. ഇതെല്ലാം കാണിക്കുന്നത് സ്വന്തം ലാഭതാൽപര്യത്തിനപ്പുറം മുതലാളിത്തം ജനാധിപത്യത്തിന് ഇടംനൽകാറില്ലെന്നതാണ്.
ഇന്ത്യയിലേക്കു വന്നാൽ, 1957ൽ കേരളത്തിൽ ഇ എം എസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റു പാർട്ടിയുടെ മന്ത്രിസഭ അധികാരത്തിലെത്തി. കുടിയൊഴിപ്പിക്കൽ നിരോധനം, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണം തുടങ്ങിയവ നടപ്പാക്കിയതോടെ ഭൂപ്രഭുക്കളുടെയും വിദ്യാഭ്യാസരംഗം കൈപ്പിടിയിലാക്കിയിരുന്ന സമുദായസംഘടനകളടക്കമുള്ളവയുടെയും ലാഭതാൽപര്യത്തിന് ഭംഗം നേരിട്ടു. അതേസമയം കമ്യൂണിസ്റ്റു പാർട്ടി തലപൊക്കുന്നത് ഒരു രാജ്യത്തെന്നല്ല, ഒരു സംസ്ഥാനത്തോ അതിലും താഴെയുള്ള ഭരണസംവിധാനത്തിലോ ആയാൽപോലും അടിച്ചമർത്താനും തകർക്കാനും മുന്നിട്ടിറങ്ങിയ ആഗോള മുതലാളിത്തത്തിന്റെ മേധാവിയായി പ്രവർത്തിച്ചുതുടങ്ങിയ അമേരിക്കയും സിഐഎയും കേരളത്തിലെ ഇടതുപക്ഷ മുന്നേറ്റത്തെ തകർക്കാനായി ഈ ജാതി‐മത സംഘടനകളുടെയും ഭൂപ്രഭുക്കളുടെയും ‘സഹായ’ത്തിനായി എത്തി. കേരളത്തിലെ കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിക്കാൻ സിഐഎ ഇടപെട്ടുവെന്നും സാമുദായികസംഘടനാ നേതാക്കളും മാധ്യമങ്ങളും ഉൾപ്പെടെ കമ്യൂണിസ്റ്റുവിരുദ്ധ ശക്തികളും കോൺഗ്രസും സിഐഎയിൽനിന്ന് പണം പറ്റിയിട്ടുണ്ടെന്നും അക്കാലത്തെ അമേരിക്കൻ അംബാസിഡർ പാട്രിക് എ മൊയ്‌നിഹാൻ തന്റെ ഓർമക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് നിരവധി പത്രങ്ങൾ (അതിനു മുൻപോ പിന്നീടോ അവയൊന്നും നിലവിലുണ്ടായിരുന്നതുപോലുമില്ല) നിലവിൽ വന്നതുതന്നെ കമ്യൂണിസ്റ്റു വിരുദ്ധ പ്രചാരണം ലക്ഷ്യമിട്ടായിരുന്നു. അവയ്‌ക്കെല്ലാം ഫണ്ട് ലഭിച്ചതാകട്ടെ സിഐഎയിൽനിന്നുമായിരുന്നുവെന്ന കാര്യം നാം ഓർക്കുന്നതും നന്നായിരിക്കും.
സിഐഎയുടെ ഫണ്ടും ജാതി–മതസംഘടനകളുടെ കൈക്കരുത്തും ആൾബലവും കൊണ്ടാണ് കോൺഗ്രസ് പ്രസിഡന്റ് ഇന്ദിരാഗാന്ധി കേരളത്തിൽ തന്പടിച്ച് നടത്തിയ ‘വിമോചനസമരം’ വിജയിപ്പിച്ചത്. ഇ എം എസ് സർക്കാരിനെ അട്ടിമറിക്കുക മാത്രമല്ല അന്ന് സാമ്രാജ്യത്വ ഏജന്റുമാരും പിന്തിരിപ്പൻ ശക്തികളും ചെയ്‌തത്, മറിച്ച് കേരളത്തിൽ ശക്തിപ്പെട്ടിരുന്ന ഇടതുപക്ഷാടിത്തറയിൽ വിള്ളലുണ്ടാക്കുകയും വലതുപക്ഷത്തേക്കുള്ള ചുവടുമാറ്റത്തിനു തുടക്കംകുറിക്കുകയുമാണുണ്ടായത്. എന്നിട്ടും 1967 ആയപ്പോൾ കമ്യൂണിസ്റ്റു നേതൃത്വത്തിലുള്ള ഐക്യമുന്നണി അധികാരത്തിലെത്തി. അതു തടയാൻ ജാതി‐മത ശക്തികൾക്കോ അമേരിക്കയിൽ നിന്നുള്ള പണമൊഴുക്കിനോ കഴിഞ്ഞില്ല. വിമോചനസമരാനന്തരം പിന്തിരിപ്പന്മാർക്ക് അധികാരം പിടിച്ചെടുക്കാൻ കഴിഞ്ഞെങ്കിലും അത് നിലനിർത്താനാകാതെ ആന്തരിക വൈരുധ്യത്തിൽപെട്ട് തകർന്നതാണ് ചരിത്രം. എന്നിരുന്നാലും അധികാരത്തിലിരുന്ന ഹ്രസ്വകാലത്തിനുള്ളിൽ മുക്കൂട്ടുമുന്നണി സർക്കാർ ഭൂപരിഷ്‌കരണനിയമത്തിലും വിദ്യാഭ്യാസ പരിഷ്കരണ നിയമത്തിലും വെള്ളംചേർത്ത് മൂലധനതാൽപര്യം സംരക്ഷിച്ച കാര്യവും ഓർക്കേണ്ടതുണ്ട്.
1967 മുതലിങ്ങോട്ട് ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണം നിലവിൽവന്നപ്പോഴെല്ലാം മാധ്യമ പിന്തുണയോടെ അവയ്‌ക്കെതിരെ, സർക്കാരിനും പാർട്ടിക്കും നേതാക്കൾക്കുമെതിരെ, വ്യാജ പ്രചരണങ്ങൾ അഴിച്ചുവിടാനും അപകീർത്തിപ്പെടുത്താനും ആക്രമിക്കാനുമുള്ള ശ്രമങ്ങളും പതിവായിരുന്നു. അപ്പോഴെല്ലാം മൂലധനശക്തികളെ സംബന്ധിച്ചിടത്തോളം അഞ്ചുവർഷം കൂടുമ്പോഴുള്ള ഭരണമാറ്റത്തിലൂടെ തങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാൻ അവസരം ലഭിക്കുമെന്നതായിരുന്നു പ്രതീക്ഷ. ഓരോ എൽഡിഎഫ് ഭരണത്തിലും നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ മരവിപ്പിച്ചും സേവനമേഖലയിലെ മുന്നേറ്റങ്ങളെയും പൊതുമേഖലയുടെ വികാസത്തെയും തകർത്തും വലതുപക്ഷം ജനങ്ങളോട് പകവീട്ടുകയായിരുന്നു.
2021ൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചത് ഈ വലതുപക്ഷശക്തികളെ ഞെട്ടിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ എൽഡിഎഫിനെതിരെ പൊതുവിലും അതിനു നേതൃത്വം നൽകിയ അന്നത്തെ മുഖ്യമന്ത്രി പിണറായിക്കെതിരെ പ്രത്യേകിച്ചും ആക്രമണം അഴിച്ചുവിടുകയാണുണ്ടായത്. 2021ൽ തുടർഭരണം ഉണ്ടായതുതന്നെ പിണറായി വിജയനും എൽഡിഎഫ് സർക്കാരിനുമെതിരായ കടുത്ത കടന്നാക്രമണങ്ങളെ നേരിട്ടുകൊണ്ടാണ്. മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും നുണപ്രചരണങ്ങളെ നേരിട്ടുകൊണ്ടും കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരന്തരാക്രമണങ്ങളെ അതിജീവിച്ചുമാണ് 2021ൽ ചരിത്രത്തിലാദ്യമായി എൽഡിഎഫിന്റെ തുടർഭരണം ഉണ്ടാകുന്നത്. അതുകൊണ്ടാണ് പിണറായി വിജയനെതിരെ ഏറ്റവും നികൃഷ്ടമായ മാധ്യമാക്രമണവും ഒപ്പം കേന്ദ്ര ഏജൻസികളുടെ വേട്ടയാടലും കൂടുതൽ രൂക്ഷമായി തുടർന്നത്.
പിണറായിക്കെതിരെയുള്ള മാധ്യമവേട്ടയാടൽ ആരംഭിക്കുന്നത് അദ്ദേഹം സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായതുമുതലാണ്. അതിനുമുന്പ് അദ്ദേഹം സംസ്ഥാന വൈദ്യുതിമന്ത്രിയായിരിക്കെ മികച്ച ഭരണാധികാരിയെന്ന് വാഴ്‌ത്തുകയും മന്ത്രിസ്ഥാനം രാജിവെച്ച് അദ്ദേഹം പാർട്ടി സെക്രട്ടറിയായതിലൂടെ സംസ്ഥാനത്തിന് മികച്ചൊരു ഭരണാധികാരിയെയാണ് നഷ്ടമായതെന്ന് മുഖപ്രസംഗമെഴുതുകയും ചെയ്ത മനോരമയും മാതൃഭൂമിയും തന്നെയാണ് ഈ പിണറായിവിരുദ്ധ വേട്ടയാടലിന്റെ മുൻനിരയിൽ നിന്നത്. ശക്തനും ധിഷണാശാലിയുമായ ഒരാൾ പാർട്ടി സെക്രട്ടറിയുടെ സ്ഥാനത്ത് എത്തുന്നതിലുള്ള അപടംമണത്ത ഭരണവർഗത്തിന്റെ വേട്ടപ്പട്ടികളായി മാധ്യമങ്ങൾ രംഗപ്രവേശം ചെയ്‌തുവെന്നതാണ് സത്യം. എല്ലാക്കാലത്തും കമ്യൂണിസ്റ്റ് നേതൃനിരയിലെത്തുന്നവരെല്ലാം ഭരണവർഗത്തിന്റെ വേട്ടയാടലുകൾക്ക് വിധേയമായിട്ടുണ്ടെന്നത് ചരിത്രമാണ്.
പിണറായിക്കെതിരെ അദ്ദേഹം പാർട്ടി സെക്രട്ടറിയായ ഉടൻ ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചെങ്കിലും അത് പലവട്ടം ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും ഭരണകാലത്ത് സംസ്ഥാന വിജിലൻസ് പരിശോധിച്ച് കഴന്പില്ലെന്നു കണ്ട് തള്ളിക്കളഞ്ഞു എന്നിട്ടും 2006ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്പായി ഉമ്മൻചാണ്ടി കേസ് സിബിഐയ്‌ക്ക് വിട്ടു. യുപിഎ ഭരണകാലത്ത്, മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കെ (മുല്ലപ്പള്ളിക്കായിരുന്നു അന്ന് സിബിഐയുടെ ചുമതല) പിണറായിക്കെതിരെ കേസെടുക്കാൻ വേണ്ട തെളിവില്ലെന്നു കണ്ട് ആദ്യം റഫർ ചെയ്-തിരുന്നെങ്കിലും കടുത്ത രാഷ്‌ട്രീയ സമ്മർദത്തെത്തുടർന്ന് സിബിഐ കേസ് ഏറ്റെടുക്കുകയാണുണ്ടായത്.
നീണ്ടകാലം അന്വേഷിച്ചിട്ടും പിണറായിയെ വിചാരണചെയ്യാൻ വേണ്ട തെളിവുകളൊന്നും സിബിഐയുടെ കുറ്റപത്രത്തിൽ ഇല്ലെന്നു തെളിഞ്ഞതോടെ വിചാരണ കൂടാതെതന്നെ സിബിഐ കോടതി ആ കുറ്റപത്രം തള്ളിക്കളയുകയാണുണ്ടായത്. ഒരുമാസത്തോളം നീണ്ട കോടതിവ്യവഹാരത്തിനും രേഖകളുടെ പരിശോധനയ്ക്കും ശേഷമാണ് സിബിഐ കോടതി കുറ്റപത്രം തള്ളിക്കളയുന്നതായി വിധി പ്രസ്‌താവം നടത്തിയത്. അപ്പീലു പോകാൻ സിബിഐ തയ്യാറാകാതിരുന്നിട്ടും രാഷ്‌ട്രീയ സമ്മർദത്തെത്തുടർന്ന് ഹൈക്കോടതിയിൽ സിബിഐ അപ്പീൽ നൽകുകയാണുണ്ടായത്. ഹൈക്കോടതിയും ഈ കേസിൽ പിണറായിക്കെതിരെ കേസുമായി മുന്നോട്ടുപോകാൻ വേണ്ട തെളിവില്ലെന്നു പ്രസ്‌താവിച്ച് കുറ്റപത്രം ഭാഗികമായി റദ്ദാക്കുകയായിരുന്നു. കൂടുതൽ പരിശോധനയും വിചാരണയും നേരിടേണ്ടത് ആവശ്യമാണെന്ന് കോടതി കണ്ടെത്തിയതാകട്ടെ എ കെ ആന്റണി മുഖ്യമന്ത്രിയും ജി കാർത്തികേയൻ വൈദ്യുതിമന്ത്രിയുമായിരിക്കെ വൈദ്യുതിവകുപ്പിലും ബോർഡിലുമുണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെയാണ്. ഹൈക്കോടതിയും പിണറായിയെ കുറ്റവിമുക്തനാക്കിയിട്ടും മാധ്യമങ്ങളും വലതുപക്ഷ രാഷ്‌ട്രീയക്കാരും അവിടംകൊണ്ട് അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെ അപ്പീൽ സുപ്രീംകോടതിയിലെത്തി. പക്ഷേ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും സുപ്രീംകോടതി ആവശ്യപ്പെട്ട പുതിയ തെളിവുകൾ ഹാജരാക്കാനില്ലാതെ സിബിഐ കേസ് അനന്തമായി നീട്ടിവയ്‌പിക്കുകയാണ്. നിലവിൽ പിണറായി വിജയനെതിരെ ഒരു കോടതിയിലും ഒരു കേസും ഇല്ലെങ്കിലും അദ്ദേഹത്തെ കുറ്റക്കാരനായി ചിത്രീകരിച്ചുകൊണ്ടുള്ള വേട്ടയാടൽ തുടരുകയാണ്.
ലാവ്‌ലിൻ കേസിന്റെ പുതിയൊരു പതിപ്പാണ് പിണറായി വിജയന്റെ മകൾ വീണയിലൂടെ പിണറായിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള സിഎംആർഎൽ‐എക്‌സാലോജിക് കേസ്. സിഎംആർഎൽ എന്ന കന്പനി നടത്തുന്ന നികുതിവെട്ടിപ്പ് അന്വേഷിച്ചുള്ള ആദായനികുതിവകുപ്പിന്റെ ഇന്റെറിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിലാണ് കേസിനാധാരമായ ആദ്യ പരാമർശം വരുന്നത്. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് എന്ന, ബാംഗ്ലൂർ ആസ്ഥാനമായ കന്പനി കരാർപ്രകാരം സോഫ‍്റ്റ്വെയർ സേവനം നൽകിയതിനുള്ള പ്രതിഫലമായി 1.78 കോടി രൂപ വാങ്ങിയത് സേവനം നൽകാതെയാണെന്നാണ് ഇന്റെറിം സെറ്റിൽമെന്റ് ബോർഡിന്റെ ‘വാദം’. എന്നാൽ സേവനം നൽകിയിട്ടില്ലായെന്ന പരാതി സിഎംആർഎൽ കന്പനിക്കില്ല. എന്നിട്ടും അതൊരു കേസാക്കിയ ഇൻകംടാക്‌സ് വകുപ്പ് യാതൊരു കാരണവുംകൂടാതെ പിണറായി വിജയന്റെ മകളാണ് വീണയെന്നുംകൂടി റിപ്പോർട്ടിൽ എഴുതിച്ചേർത്തത് സംശയാസ്‌പദമാണ്. മാത്രമല്ല, ആ റിപ്പോർട്ടിൽ തന്നെ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളും ചില മാധ്യമസ്ഥാപനങ്ങളും ആരാധനാലയങ്ങളും കോടിക്കണക്കിന് രൂപ സിഎംആർഎൽ കന്പനിയിൽനിന്ന് നിയമവിരുദ്ധമായി കൈപ്പറ്റിയതായും കണ്ടെത്തി. ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം കൈപ്പറ്റിയതായി സമ്മതിച്ചിട്ടുമുണ്ട്. എന്നിട്ടും കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആ വഴിക്ക് തിരിയുന്നില്ലായെന്നതുതന്നെ പിണറായി വിജയൻ എന്ന സിപിഐ എം നേതാവിനെ കള്ളക്കേസിൽ കുടുക്കി പാർട്ടിയെത്തന്നെ തകർക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തമാകുന്നു.
ഒന്നും രണ്ടും പിണറായി സർക്കാരുകൾ നടപ്പാക്കിയ ക്ഷേമ‐വികസനപ്രവർത്തനങ്ങൾ മൂലധനശക്തികൾക്ക് വലിയ നഷ്ടമുണ്ടാക്കിയതാണ്. സർക്കാർ ആശുപത്രികളുടെയും സർക്കാർ സ്‌കൂളുകളുടെയും പ്രവർത്തനം മികച്ചതാക്കിയതിലൂടെ ഈ രംഗങ്ങളിലെ സ്വകാര്യ മൂലധനതാൽപര്യങ്ങൾക്കാണ് ക്ഷതമേറ്റത്. പൊതുമേഖലയുടെ മികച്ച പ്രവർത്തനവും പശ്ചാത്തലസൗകര്യങ്ങൾ വികസിപ്പിച്ചതും മൂലധനതാൽപര്യത്തിനുസരിച്ച് നിലപാട് സ്വീകരിക്കുന്ന വലതുപക്ഷരാഷ്‌ട്രീയത്തിന്റെ അടിവേരറുക്കുമെന്നു കണ്ടാണ് സിപിഐ എമ്മിനെ പ്രത്യേകിച്ചും അതിന്റെ നേതൃനിരയിൽ നിൽക്കുന്ന പിണറായി വിജയനെ വേട്ടയാടുന്നത്. വലതുപക്ഷമാധ്യമങ്ങളും കേന്ദ്ര ഏജൻസികളും അതിൽ മത്സരിക്കുകയാണ്. അധികാരത്തിൽനിന്നു പുറത്താക്കിയിട്ടും അവിടം കൊണ്ടവസാനിപ്പിക്കാതെ പാർട്ടിയെ സന്പൂർണമായി തകർക്കുകയെന്ന ലക്ഷ്യംവെച്ചാണ് ഈ വേട്ടയാടൽ തുടരുന്നത്. l



