Monday, June 8, 2026

ad

Homeആമുഖംആമുഖം

ആമുഖം

‘‘യൂറോപ്പിനെ ഒരു ഭൂതം വേട്ടയാടുകയാണ് – കമ്യൂണിസമെന്ന ഭൂതം. ഈ ബാധയൊഴിപ്പിക്കുന്നതിനായി പഴയ യൂറോപ്പിലെ എല്ലാ ശക്തികളും ഒരു വിശുദ്ധ സഖ്യത്തിൽ ഒത്തുചേർന്നിരിക്കുകയാണ്’’. 178 വർഷത്തിനുമുൻപ് മാർക്സും എംഗത്സും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ കുറിച്ചിട്ട വാക്കുകളാണിത്. ഈ വാക്കുകളോടെയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങുന്നത്. അന്ന് കമ്യൂണിസം എന്ന ആശയം രൂപപ്പെട്ടുവരുന്നതേയുണ്ടായിരുന്നുള്ളൂ. ഭരണകൂടത്തെയും ബൂർഷ്വാസിയെയും ചോദ്യംചെയ്യുകയും അധ്വാനിക്കുന്നവരുടെ അവകാശങ്ങൾക്കായി പൊരുതുകയും ചെയ്യുന്നവരെ മൂലധനത്തിന്റെ വക്താക്കൾ വിശേഷിപ്പിച്ചത് കമ്യൂണിസ്റ്റുകാർ എന്നായിരുന്നു. ബിസ്-മാർക്കിന്റെ പ്രഷ്യയിൽ കമ്യൂണിസത്തെ മുളയിലേനുള്ളിക്കളയാൻ നീക്കം നടന്നത് 1852ലാണ്. കമ്യൂണിസ്റ്റ് ലീഗ് എന്ന സംഘടനയിലെ 11 അംഗങ്ങളെ വിചാരണ ചെയ്യാൻ പ്രഷ്യൻ ഗവൺമെന്റ് കൊളോൺ കമ്യൂണിസ്റ്റ് ഗൂഢാലോചന കേസ് ചുമത്തുകയാണുണ്ടായത്. എന്നാൽ കൊളോൺ വിചാരണയോടെ കമ്യൂണിസം എന്ന ആശയം ഇല്ലാതായില്ല.

1847ൽ രൂപംകൊണ്ട കമ്യൂണിസ്റ്റ് ലീഗ് 1852 ൽ പിരിച്ചുവിടപ്പെട്ടെങ്കിലും 1864ൽ കൂടുതൽ പങ്കാളിത്തത്തോടെ, കൂടുതൽ വിപുലമായി ഒന്നാം ഇന്റർനാഷണൽ സംഘടിപ്പിക്കപ്പെടുകയാണുണ്ടായത്. പാരീസ് കമ്യൂണിനെ തുടർന്നുനടന്ന കമ്യൂണിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിൽ ആ സംഘടനയും പിരിച്ചുവിടപ്പെട്ടു. എന്നാൽ പിന്നീട് രണ്ടും മൂന്നും ഇന്റർനാഷണലുകളിലൂടെ ലോകത്തിന്റെ മുക്കിലുംമൂലയിലുംവരെ കമ്യൂണിസം എന്ന ആശയവും പ്രസ്ഥാനവും വേരുപിടിച്ചുവളർന്നു. അതിനെ തകർക്കാൻ സാമ്രാജ്യത്വവും പിണിയാളുകളും എത്രയെത്ര കൂട്ടക്കൊലകൾ നടത്തി. ചിലിയിൽ, ഇൻഡൊനേഷ്യയിൽ, ഇറാനിൽ അങ്ങനെ പലേടത്തും. സോവിയറ്റ് യൂണിയൻ തന്നെ തകർക്കപ്പെട്ടു. അതോടെ ലോകത്താകെയുള്ള പിന്തിരിപ്പന്മാർ ആർത്തട്ടഹസിച്ചത് കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും കഥ കഴിഞ്ഞുവെന്നാണ്. ഇനി മുതലാളിത്തം മാത്രം. മറ്റൊരു ബദലില്ലത്രേ. പക്ഷേ, സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും വിത്തുകൾ വീണ്ടും മുളപൊട്ടിവളരുന്നുവെന്നതാണ് സത്യം. അടിച്ചമർത്തലും ചൂഷണവും നിലനിൽക്കുന്നിടത്തെല്ലാം അത് ശക്തമായി ഉയർന്നുവരികതന്നെ ചെയ്യും.

ഇന്ത്യയിൽ കമ്യൂണിസ്റ്റ് ആശയത്തിന്റെ, പ്രസ്ഥാനത്തിന്റെ വരവറിയുന്നതുതന്നെ ബ്രിട്ടീഷുകാർ ചുമത്തിയ ഗൂഢാലോചന കേസുകളിലൂടെയാണ്. പെഷവാർ, കാൺപൂർ, മീററ്റ് എന്നിങ്ങനെ ഗൂഢാലോചന കേസുകൾ നിരവധി. കൊളോണിയൽ കാലത്തും പിന്നീട് സ്വാതന്ത്ര്യാനന്തരവും കൂട്ടക്കൊലകളും കള്ളക്കേസുകളും കൊണ്ടാണ് കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ ഭരണവർഗം നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. 1960 കളുടെ ഒടുവിൽ ഈ കേരളത്തിൽ തന്നെ എ കെ ആന്റണിയെപ്പോലുള്ള അന്നത്തെ യുവ കോൺഗ്രസുകാരുടെ കൊലവിളി മുദ്രാവാക്യം ‘‘ഞങ്ങൾ ഇൻഡൊനേഷ്യ ഇവിടെയും ആവർത്തിക്കു’’മെന്നായിരുന്നല്ലോ. എന്നിട്ട് നടന്നോ? ഇനിയും ഭരണവർഗം അത്തരം കടുംകെെകൾക്കു ശ്രമിക്കുമെന്നുമറിയാം. ഭരണവർഗത്തിന്റെ ഇത്തരം എല്ലാ നീക്കങ്ങൾക്കും അവരുടെ മർദനോപകരണങ്ങൾക്കൊപ്പം എക്കാലത്തും എവിടെയും പെട്ടിപ്പാട്ടു സംഘമായി ബൂർഷ്വാമാധ്യമങ്ങളും ഉണ്ടായിരുന്നുവെന്നതും ചരിത്രം.

ഇപ്പോൾ കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നതും കഴിഞ്ഞ നിരവധി ദശകങ്ങളായി ഇവിടെ നടന്നുകൊണ്ടിരുന്നതും സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെയുള്ള രാഷ്ട്രീയ വേട്ടയാണെന്നറിയാൻ പാഴൂർ പടിക്കൽ വരെ പോകണമെന്നില്ല. പാർട്ടിയുടെ നേതൃനിരയിൽ മുന്നിൽ നിൽക്കുന്നവരെ ഒറ്റതിരിഞ്ഞാക്രമിക്കാനുള്ള നീക്കങ്ങൾ, അതിനുള്ള വ്യഗ്രത ഭരണവർഗത്തിന്റെ, അവരുടെ മാധ്യമങ്ങളുടെ സ്ഥിരം ശെെലിയും അജൻഡയുമാണ്. ആ അജൻഡയുടെ തുടർച്ച തന്നെയാണ്, കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെക്കാലമായി സഖാവ് പിണറായി വിജയനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെയും മാധ്യമ കൂലിപ്പട്ടാളത്തിന്റെയും വേട്ടയാടലുകളുമെന്ന് തിരിച്ചറിയുന്നവരാണ് കേരളത്തിലെയും, ഇന്ത്യയിലെയുമെന്നല്ല ലോകത്തെവിടെയുമുള്ള കമ്യൂണിസ്റ്റുകാർ. അതുകൊണ്ട് സിബിഐയുടെയും ഇ ഡിയുടെയും മറ്റു ഭരണകൂട മർദനോപകരണങ്ങളുടെയും വിരട്ടലുകൾക്കും ഉമ്മാക്കികൾക്കും മുന്നിൽ കമ്യൂണിസ്റ്റുകാരെ മുട്ടുമടക്കിക്കാമെന്നത് മൂലധനത്തിന്റെ വ്യാമോഹം മാത്രമാണ്. എല്ലാ തിരിച്ചടികളെയും അടിച്ചമർത്തലുകളെയും വ്യാജപ്രചരണങ്ങളെയും ഈ പ്രസ്ഥാനം അതിജീവിക്കുക തന്നെ ചെയ്യും.

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സിപിഐ എം വിരുദ്ധ വേട്ടകളുടെ, കേന്ദ്ര അനേ-്വഷണ ഏജൻസികളുടെയും ഭരണവർഗ മാധ്യമങ്ങളുടെയും ആസൂത്രിത നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ഇ ഡിയുടെ രാഷ്ട്രീയ വേട്ടകളിലേക്ക് വെളിച്ചംവീശുന്നതാണ്, മാധ്യമ നുണകളുടെ കള്ളിപൊളിക്കുന്നതാണ് ഈ ലക്കം കവർസ്റ്റോറി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനു പുറമെ ഡോ. ടി എം തോമസ് ഐസക്, എം ബി രാജേഷ്, കെ എസ് അരുൺകുമാർ, പി എം മനോജ്, ജോർജ് ജോസഫ്, ഹർഷ് വി രാജ് എന്നിവർ എഴുതുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six − 4 =

Most Popular