Monday, June 8, 2026

ad

Homeകവര്‍സ്റ്റോറിഇ ഡിയെ 
ചെറുക്കുകതന്നെ ചെയ്യും

ഇ ഡിയെ 
ചെറുക്കുകതന്നെ ചെയ്യും

ഡോ. ടി എം തോമസ് ഐസക്

തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽവന്ന രാഹുൽ ഗാന്ധി കണ്ണൂരിൽവച്ച് ചോദിച്ച ചോദ്യം ഇതായിരുന്നു: “ഇപ്പോൾ രണ്ടു മുഖ്യമന്ത്രിമാർ ജയിലിലാണ്. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റു ചെയ്യുന്നില്ല?” ഇന്ത്യാ മുന്നണിയുടെ നേതാവാണ് രാഹുൽ. ജയിലിൽ കിടന്നിരുന്ന രണ്ടു മുഖ്യമന്ത്രിമാരിൽ കെജ്-രിവാളിനെതിരെ ആരോപണം ഉന്നയിക്കുകയും, അറസ്റ്റ് ആഘോഷിക്കുകയും ചെയ്ത പാർട്ടിയാണ് രാഹുലിന്റേത്. കേരളത്തിൽ വരുമ്പോൾ അദ്ദേഹത്തിന്റെ മനഃപ്രയാസം പിണറായി വിജയനെ എന്തുകൊണ്ട് അതുപോലെ അറസ്റ്റ് ചെയ്യുന്നില്ല എന്നുള്ളതാണ്.

ഇതിന്റെ നേർവിപരീതമാണ്, നാഷണൽ ഹെറാൾഡ് കേസിൽ ഏതാണ്ട് 1000 കോടി രൂപയുടെ തട്ടിപ്പെന്ന പേരിൽ സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പ്രതി ചേർത്തപ്പോൾ സിപിഐ എം സ്വീകരിച്ച സമീപനം.

കാരണം, ബിജെപിയുടെ രാഷ്ട്രീയ ഉപകരണമായി ഇ ഡി അധഃപതിച്ചിരിക്കുകയാണെന്നുള്ള തിരിച്ചറിവ് ഞങ്ങൾക്കുണ്ട്. രാഹുൽ ഗാന്ധിക്ക് ഇ ഡി തനിക്കുനേരെ വരുമ്പോൾ മാത്രമേ വേവലാതിയുള്ളൂ. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇ ഡി എടുത്ത കേസുകളുടെ എണ്ണം 5892 ആണ്. ഇതിൽ ഇതുവരെ 8 കേസുകളിലായി വെറും 15 പേരെ മാത്രമാണ് കോടതി ശിക്ഷിച്ചത്. അതായത്, 0.13% ശിക്ഷാനിരക്ക്. രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്തുക എന്നതാണ് ഇ ഡിയുടെ ലക്ഷ്യം. അങ്ങനെ ഭയപ്പെട്ട് ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളുടെ എണ്ണം വളരെ വലുതാണ്.

ഇ ഡി പേടിയില്ല
കഴിഞ്ഞ ഏഴുവർഷമായി ഇ ഡി എന്റെ പിന്നാലെ കൂടിയിട്ട്. കിഫ്ബി വഴി ഒരുലക്ഷം കോടി രൂപയല്ലേ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്. ഇത്രയും പണം ചെലവാക്കുമ്പോൾ എന്തെങ്കിലും അഴിമതി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഡൽഹിയിലെ ബിജെപിക്കാർ. വീശിയൊന്ന് തപ്പിയാൽ പിടിക്കാൻ കഴിയുമെന്ന മോഹവുമായാണ് അവർ കിഫ്ബിക്ക് നേരെ ഇ ഡിയെ കയറൂരി വിട്ടത്.

ഇ ഡി അയച്ച സമൻസുകൾ ലളിതമായ ഒരു ചോദ്യത്തിനു മുന്നിൽ മുടങ്ങി. “എന്ത് അന്വേഷിക്കാനാണ് എന്നെ വിളിക്കുന്നത്?” ഇ ഡിക്ക് ഉത്തരമുണ്ടായില്ല. പൗരാവകാശം സംരക്ഷിക്കുന്നതിൽ ബഹുമാനപ്പെട്ട കോടതി ഉറച്ച നിലപാടെടുത്തു. അങ്ങനെ കിഫ്ബി ഇ ഡി സമൻസിന്റെ കഥ ഏഴാം വർഷത്തിലേക്കു കടന്നിരിക്കുകയാണ്. കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയിട്ടുണ്ട്. പുതിയ സർക്കാർ തീരുമാനമെടുക്കട്ടെ. അതിന് എന്റെ വക്കീൽ അവധി ചോദിച്ചിരിക്കുകയാണ്.

ചില അരാഷ്ട്രീയ ശുദ്ധാത്മാക്കൾ
എന്നോട് ചില ശുദ്ധാത്മാക്കൾ ചോദിച്ചിട്ടുണ്ട്: ‘ഒന്ന് ഹാജരായി മറുപടി പറഞ്ഞാൽ തീരുവുന്നതല്ലേയുള്ളൂ. എന്തുകൊണ്ട് നിങ്ങൾ ഇത്ര നിഷേധനിലപാട് സ്വീകരിക്കുന്നു?’

ഉത്തരം ലളിതമാണ്: ലക്ഷ്യം ഞാൻ അല്ല. കിഫ്ബിയുടെ വൈസ് ചെയർമാൻ മാത്രമായിരുന്നല്ലോ ഞാൻ. ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു. എന്നെ ഇ ഡി ആപ്പീസിൽ കയറ്റിയാൽ അടുത്ത ഇര പിണറായി വിജയൻ തന്നെ. അതാണ് ലക്ഷ്യം-. അന്നും ഇന്നും. ബിജെപിയുടെ ഈ രാഷ്ട്രീയത്തെക്കുറിച്ച് നല്ല തിരിച്ചറിവുള്ളതുകൊണ്ടാണ് ഞാൻ ഇ ഡിക്ക് വഴങ്ങാത്തത്.

വീണയുടെ കേസിൽ ഇന്ന് ഇ ഡി ഒരു റെയ്ഡ് അല്ലേ നടത്തിയുള്ളൂ. അതിനോട് അങ്ങ് സഹകരിച്ചാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂവെന്ന് പ്രഗത്ഭരായ ചില ശുദ്ധാത്മാക്കൾ പറയുന്നത് കേൾക്കുമ്പോൾ ബിജെപിയെക്കുറിച്ച് ഇത്രയേറെ അരാഷ്ട്രീയ വിസ്മയമാണല്ലോ ഇവരുടേതെന്ന് ചിന്തിച്ചുപോകുന്നു.

മൗനിബാബയായ മുഖ്യമന്ത്രി സതീശൻ
ഏതായാലും രാഹുൽ ഗാന്ധി റെയ്ഡിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രസ്താവന ഇറക്കിയിട്ടില്ല. അത്രയും ആശ്വാസം. പക്ഷേ, പത്തിലേറെ പ്രാവശ്യമാണ് കേരളത്തിലെ മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രി വി ഡി സതീശനോട് റെയ്ഡ് സംബന്ധിച്ച അഭിപ്രായം ചോദിക്കുന്നത്. എന്നാൽ അദ്ദേഹം മൗനംഭജിക്കാൻ തയ്യാറല്ല. മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന നിലയിലാണ് അദ്ദേഹം.

വീണ തൈക്കണ്ടിയിലിന്റെ എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി സേവന കരാറിന്റെ അടിസ്ഥാനത്തിൽ 1.72 കോടി രൂപ ശശിധരൻ കർത്തയുടെ സിഎംആർഎൽ കമ്പനിയിൽ നിന്ന് വാങ്ങിയത് അഴിമതിയാണ് എന്നാണല്ലോ ഇ ഡിയുടെ വാദം. എല്ലാവിധ നിയമനടപടികളും അനുവർത്തിച്ച് നികുതിയുമടച്ച് വാങ്ങിയ പണം അഴിമതിയാണെങ്കിൽ ഒരു രേഖയുമില്ലാതെ ഇതേ കർത്തയിൽ നിന്നും പണം വാങ്ങിയ രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇന്ന് ക്യാബിനറ്റിലുണ്ട്. രണ്ടു പേരും തങ്ങൾ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുമുണ്ട്. പിന്നെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞുമാണ് പണം കൈപ്പറ്റിയ മറ്റു രണ്ടു പേർ. അവർ ഇന്ന് നമ്മോടൊപ്പമില്ല. എന്നാൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ മന്ത്രിയും, ഉമ്മൻ ചാണ്ടിയുടെ മകൻ എംഎൽഎയുമാണ്.

ഇ ഡിയുടെ റെയ്ഡിനെ സ്വാഗതം ചെയ്താൽ നാളെ ഇ ഡി തന്റെ മന്ത്രിമാർക്കെതിരായി തിരിഞ്ഞാൽ എന്തു പ്രതികരിക്കും സതീശൻ? ഈയൊരു വിഷമസന്ധിയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ. അവസാനം ഒരു പത്രസമ്മേളനത്തിൽ അദ്ദേഹം മൊഴിഞ്ഞത് ഇങ്ങനെയാണ്: “കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ സംസ്ഥാന സർക്കാരിന് യാതൊരു റോളുമില്ല. ഇ ഡി എങ്ങനെ അന്വേഷണം നടത്തണമെന്നു പറയാൻ സർക്കാരിന് അവകാശമില്ല.”

എക്സാലോജിക് സൊല്യൂഷൻസ് കമ്പനി
തിരുവനന്തപുരം ടെക്നോപാർക്കിൽ ഒറാക്കിൾ അടക്കമുള്ള ഐടി കമ്പനികളിൽ എംപ്ലോയി ആയിരുന്നു വീണ. ഈ പരിചയത്തിന്റെ അടിസ്ഥാനത്തിൽ അവർ 2014-ൽ ബാംഗ്ലൂരിൽ ആരംഭിച്ച ചെറിയൊരു ഐടി സ്ഥാപനമാണ് എക്സാലോജിക് സൊല്യൂഷൻസ്. വേണമെങ്കിൽ ഒരു സ്റ്റാർട്ടപ്പ് എന്നു വിളിക്കാം. കമ്പനികൾക്ക് ആവശ്യമായ സോഫ്റ്റ്-വെയർ തയ്യാറാക്കുക, ഉപദേശങ്ങൾ നൽകുക, അവയുടെ ഐടി സോഫ്റ്റ്-വെയർ സംവിധാനങ്ങൾക്ക് തുടർ സേവനം നൽകുക എന്നിവയായിരുന്നു കമ്പനിയുടെ പ്രധാന ജോലികൾ.

ഇത്തരത്തിൽ സേവനദാതാവായി ബന്ധപ്പെട്ടിട്ടുള്ള പല സ്ഥാപനങ്ങളിൽ ഒന്നാണ് സിഎംആർഎൽ. ആന്വൽ മെയിന്റനൻസ് കോൺട്രാക്ട് അടിസ്ഥാനത്തിലോ റീടെയ്നർഷിപ്പ് അടിസ്ഥാനത്തിലോ ഐടി സേവനങ്ങൾ വാങ്ങുന്നത് വ്യവസായത്തിൽ സർവസാധാരണമാണ്. കോവിഡ് ലോക്ഡൗൺ വന്നതോടെ കമ്പനിയുടെ പ്രവർത്തനം മന്ദീഭവിച്ചു. വീണ തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റി. 2023 ജനുവരിയിൽ നിയമപ്രകാരം കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു.

സിഎംആർഎല്ലിലെ ആദായനികുതി റെയ്ഡ്
വിവാദത്തിന്റെ തുടക്കം സിഎംആർഎൽ കമ്പനിക്കെതിരെ ആദായനികുതി വകുപ്പ് 2019-ൽ നടത്തിയ പരിശോധനയാണ്. കമ്പനി ചെലവ് പെരുപ്പിച്ചുകാട്ടി നികുതി ബാധ്യത ഒഴിവാക്കിയെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ ആക്ഷേപം. ആകെ 135.4 കോടി രൂപയുടെ ചെലവുകളാണ് ചോദ്യം ചെയ്യപ്പെട്ടത്. എന്നാൽ അതിൽ വെറും 1.72 കോടി രൂപ മാത്രമാണ് എക്സാലോജിക് കമ്പനിക്ക് നൽകിയ സർവീസ് ചാർജ്. ബാക്കി 134 കോടിയിലേറെ രൂപ മുഖ്യമായും ബിസിനസ് പ്രൊമോഷനു വേണ്ടി പല രാഷ്ട്രീയ നേതാക്കൾക്കും മാദ്ധ്യമങ്ങൾക്കും കമ്പനി ചെലവാക്കിയ പണമാണ്.

എന്നിട്ടും, രാഷ്ട്രീയ–മാധ്യമ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിക്കപ്പെട്ടത് വീണ തൈക്കണ്ടിയിലിന്റെയും അവരുടെ കമ്പനിയായ എക്സാലോജിക്കിന്റെയും മേലായിരുന്നു. അതാണ് ഈ കേസിന്റെ രാഷ്ട്രീയ സ്വഭാവം. സിഎംആർഎൽ കമ്പനി തന്നെ ആദ്യം മുതൽ പറഞ്ഞത്, എക്സാലോജിക്കിന് നൽകിയ 1.72 കോടി രൂപ സേവനത്തിനുള്ള നിയമാനുസൃത പ്രതിഫലമാണെന്നാണ്.

മനോരമയുടെ മാസപ്പടി പ്രതീതി നിർമാണം
2023 ആഗസ്തിലാണ് എഎംസി കരാറിന്റെ ഭാഗമായി എക്സാലോജിക്കിന് ലഭിച്ച പണം മാസപ്പടിയാണ് എന്ന വ്യാജ വാർത്തയുമായി മനോരമ പത്രം രംഗത്ത് വരുന്നത്…

ബാങ്കിങ് റൂട്ടിലൂടെയാണ് പണം കൈമാറിയത്. റ്റി.ഡി.എസ് പിടിച്ചിരുന്നു. ജി.എസ്.ടി അടച്ചിരുന്നു. പിന്നീട് ഐ.ജി.എസ്.ടി അടച്ചതിന്റെ രേഖകളും പുറത്തുവന്നു. അങ്ങനെ വന്നപ്പോൾ “കള്ളപ്പണം”, “രഹസ്യ ഇടപാട്”, “മാസപ്പടി” എന്നീ ആദ്യ ആരോപണങ്ങൾ തന്നെ തകർന്നു. കാരണം, കള്ളപ്പണം ആരും ബാങ്കു വഴി, ഓഡിറ്റ് രേഖകളിൽ ഉൾപ്പെടുത്തി, നികുതി അടച്ച് കൈമാറില്ലല്ലോ. കണക്ക് എഴുതി, ഓഡിറ്റ് പരിശോധനയ്ക്ക് വിധേയമാക്കി, നികുതിയുമടച്ച് കെെക്കൂലി ആരും നൽകില്ലല്ലോ?

ഈ കേസിൽ “മാസപ്പടി” എന്ന പദം തന്നെ മാധ്യമ നിർമിതിയാണ്. മലയാള മനോരമ അടക്കമുള്ള മാധ്യമങ്ങളാണ് ഈ പദം പ്രചരിപ്പിച്ചത്. തുടർന്ന് പ്രതിപക്ഷവും മറ്റു ചാനലുകളും അത് രാഷ്ട്രീയ ആയുധമാക്കി.

മാറുന്ന ഗോൾപോസ്റ്റുകൾ
ആരോപണങ്ങളുടെ സ്വഭാവം തന്നെ തുടർച്ചയായി മാറിക്കൊണ്ടിരുന്നതും ശ്രദ്ധേയമാണ്. ആദ്യം “ബാങ്ക് വഴിയല്ല ഇടപാട്” എന്നായിരുന്നു ആരോപണം. ബാങ്ക് രേഖകൾ വന്നപ്പോൾ “ജി.എസ്.ടി അടച്ചില്ല” എന്ന ആരോപണമായി. ജി.എസ്.ടി രേഖകൾ പുറത്തുവന്നപ്പോൾ “സംസ്ഥാന ജി.എസ്.ടി ഇല്ല” എന്നായി. ധനവകുപ്പ് അത് നിഷേധിച്ചതോടെ “കരാർ ഇല്ലാതെ പണം വാങ്ങി” എന്ന പുതിയ ആരോപണം ഉയർന്നു.

ഓരോ ആരോപണവും തകരുമ്പോൾ മുൻപ് പറഞ്ഞതെല്ലാം മറന്ന് പുതിയ കഥകൾ സൃഷ്ടിക്കുന്ന സമീപനമാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിച്ചത്.

സെറ്റിൽമെന്റ് ബോർഡിന്റെ വിധി ഇല്ലേ?
ഈ കേസിന്റെ മറ്റൊരു പ്രധാന ഘടകം Income Tax Interim Settlement Board-ന്റെ ഉത്തരവാണ്. എന്നാൽ ആ ഉത്തരവിന്റെ നിയമപരമായ സ്വഭാവം തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം, ആരോപണ വിധേയരായ വീണയെയോ എക്സാലോജിക്കിനെയോ നേരിട്ടു കേൾക്കാതെയാണ് ആ സമിതി തീരുമാനത്തിലെത്തിയത്.

ഒരു അർദ്ധ ജുഡീഷ്യൽ ബോഡി ചെയ്യേണ്ട അടിസ്ഥാന നടപടികൾ പോലും പാലിച്ചില്ല. അതിലുപരി, സിഎംആർഎൽ കമ്പനിയുടെ മാനേജിങ് ഡയറക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നൽകിയ തിരുത്തൽ അഫിഡവിറ്റിൽ നിയമവിരുദ്ധമായ പണക്കെെമാറ്റം എന്ന ആക്ഷേപം പൂർണ്ണമായും നിഷേധിച്ചിരുന്നു. പരിശോധനയ്-ക്കിടെ leading questions ചോദിച്ചാണ് ചില ജീവനക്കാരിൽ നിന്ന് തെറ്റായ മൊഴികൾ എടുത്തതെന്നും അവർ പറഞ്ഞു. എന്നാൽ ഈ തിരുത്തൽ അഫിഡവിറ്റ് (retraction affidavit) പരിഗണിക്കപ്പെട്ടില്ല.

പി വി, ആർസി, ഒസി, കെ കെ, ഐ കെ?
തുടർന്ന് ചർച്ചകൾ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയ മറ്റുചില രേഖകളിലേക്കും അവിടെ പണമിടപാടുമായി കണ്ടെത്തിയ ചുരുക്കെഴുത്തുകളിലേക്കും നീങ്ങി. “പി വി”, “ആർസി”, “ഒസി”, “കെ കെ”, “ഐ കെ” എന്നിങ്ങനെ എഴുതിയിരുന്നുവെന്നാണ് ആദായനികുതി വകുപ്പ് പറഞ്ഞത്. എന്നാൽ ആ രേഖകൾ ഇന്നുവരെ പൊതുജനങ്ങൾ കണ്ടിട്ടില്ല. ഇന്ത്യയിലെ നീതിന്യായ സംഹിതയുടെ അടിസ്ഥാനത്തിൽ ഇവ എത്രമാത്രം തെളിവായി സ്വീകരിക്കാനാവുമെന്നതിലും സംശയമുണ്ട്.

അതിലും പ്രധാനമായിട്ടുള്ളത് ആ initial-കളിൽ നിന്ന് “PV” മാത്രം തിരഞ്ഞെടുത്ത് അത് പിണറായി വിജയനാണെന്ന് പറയുകയും, അതേ രേഖകളിൽ വന്ന “RC”, “OC”, “KK”, “IK” എന്നിവയെക്കുറിച്ച് മൗനംപാലിക്കുകയും ചെയ്തതാണ്. ഇതിനെ കോടതികളും ചോദ്യം ചെയ്തിട്ടുണ്ട്. ഒരേ രേഖയിൽ നിന്നൊരു ഭാഗം മാത്രം എടുത്ത് selective അന്വേഷണം നടത്താൻ സാധിക്കില്ലെന്നത് ഇന്ത്യൻ തെളിവ് നിയമത്തിന്റെ അടിസ്ഥാന തത്വമാണ്.

പിന്നീട് ചില രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ സിഎംആർഎല്ലി-ൽ നിന്ന് സംഭാവന സ്വീകരിച്ചതായി സമ്മതിക്കുകയും ചെയ്തു. പിണറായി വിജയൻ “പി വി” എന്ന പരാമർശം തന്നെക്കുറിച്ചല്ലായെന്നും പണം സ്വീകരിച്ചിട്ടില്ലായെന്നും നിസ്സംശയം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മറ്റുള്ളവരെക്കുറിച്ച് മാധ്യമങ്ങൾക്കും യുഡിഎഫിനും ബിജെപിക്കും ഒരു താൽപര്യവുമില്ല. അവരിൽ ചിലർ ഇപ്പോൾ മന്ത്രിമാരായി വിലസുന്നു.

തുടർ പ്രകമ്പനങ്ങൾ
ROC (Registrar of Companies) റിപ്പോർട്ടിനെ ചുറ്റിപ്പറ്റിയും വിവാദം ഉയർന്നു. കോവിഡ് ലോക്ഡൗൺ സമയത്ത് ബംഗ്ലൂരിലെ ഓഫീസ് പ്രവർത്തിച്ചില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകപ്പെട്ടു. തുടർന്ന് ROC വിശദീകരണം തേടി. എന്നാൽ ആ സമയത്ത് രാജ്യത്തെ ഭൂരിഭാഗം ഓഫീസുകളും അടഞ്ഞുകിടക്കുകയായിരുന്നുവെന്നതാണ് ലളിതമായ ഉത്തരം.

പിന്നീട് selective leaking വഴി ROC റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ മാത്രം മാധ്യമങ്ങളിൽ എത്തി. റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവന്നില്ല. അതിന്റെ ആധികാരികതയെക്കുറിച്ചും സംശയങ്ങൾ ഉയർന്നു. ബംഗ്ലൂരു, ചെന്നെെ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ ROC-കൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കെ, ഒരു പഴയ റിപ്പോർട്ട് മാത്രം പ്രത്യേകിച്ച് ചില ചാനലുകളിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ “ബ്രേക്കിങ് ന്യൂസ്” ആക്കി.

പിന്നീടാണ് SFIO എന്ന ‘ഗൗരവമായ കോർപ്പറേറ്റ് സാമ്പത്തിക കുറ്റങ്ങളുടെ അന്വേഷണ ഏജൻസി’യുടെ രംഗപ്രവേശനം. 2024-ൽ കേന്ദ്ര സർക്കാർ കേസ് അവർക്ക് കൈമാറി. 2025-ൽ എസ്എഫ്ഐഒ എറണാകുളം സെഷൻസ് കോടതിയിൽ കേസ് ചാർജ് ചെയ്തു. ഇതിന്മേലുള്ള നടപടികൾ ഡൽഹി/കേരള ഹൈക്കോടതികൾ ജൂലൈ ആദ്യവാരം സ്റ്റേ ചെയ്തു.

കേസ് എസ്എഫ്ഐഒയുടെ അന്വേഷണത്തിലിരിക്കെ (റിപ്പോർട്ട് സമർപ്പിക്കും മുമ്പ്) സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് ഇ ഡി സമൻസ് നൽകി. ഇതിനെ സിഎംആർഎൽ ഉദ്യോഗസ്ഥർ കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഇത് തീർപ്പാക്കിയ കോടതി ഇ ഡി അന്വേഷണം ആകാമെന്ന നിലപാടെടുത്തു. തുടർന്ന് ഇ ഡി സമൻസ് ഉൾപ്പെടെയുള്ള പ്രാരംഭ അന്വേഷണ നടപടികൾ ഒഴിവാക്കി മാധ്യമശ്രദ്ധ പിടിച്ചുപറ്റാൻ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ കുടുംബവീട്ടിലും ഉൾപ്പെടെ വ്യാപക റെയ്ഡ് നടത്തി.

ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സിഎംആർഎൽ ഡിവിഷൻ ബഞ്ചിൽ അപ്പീൽ കൊടുത്തിരിക്കുകയാണ്. ഇഡിയുടെ അനാവശ്യ തിടുക്കം രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നു വ്യക്തമാണ്. അന്വേഷണം ആകാമെന്ന തീരുമാനം വന്നയുടൻ അപ്പീലിനുള്ള സമയപഴുത് അടച്ചുകൊണ്ട് റെയ്ഡ് നടത്തുകയാണ് ഇ ഡി ചെയ്തത്.

എന്നാൽ നാല് കേന്ദ്ര ഏജൻസികൾ (Income Tax, ROC, SFIO, ED) രണ്ടു വർഷത്തിലേറെയായി അന്വേഷിച്ചിട്ടും യാതൊരു വ്യക്തമായ കുറ്റകൃത്യവും തെളിയിക്കാനായിട്ടില്ല. ഇപ്പോൾ റെയ്ഡിലൂടെ ബാങ്ക് പാസ്ബുക്കും ചില സ്റ്റേറ്റ്മെന്റുകളും കിട്ടിയെന്നാണ് പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതൊന്നും റെയ്ഡ് നടത്തി പിടിച്ചെടുക്കേണ്ട രേഖകളല്ല. ബാങ്കിന് മെയിൽ അയച്ചാൽ കിട്ടുമല്ലോ.

പിണറായി വേട്ട
ഇതെല്ലാം ചേർന്ന് നോക്കുമ്പോൾ, ഈ കേസ് ഒരു സാധാരണ സാമ്പത്തിക തർക്കത്തിൽ നിന്ന് രാഷ്ട്രീയ ആയുധമായി മാറിയ പ്രക്രിയയാണ് കാണാൻ കഴിയുന്നത്. 2006-ലെ ലാവ്-ലിൻ കേസ് മുതൽ, ഓരോ തിരഞ്ഞെടുപ്പിലും സഖാവ് പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളും മാധ്യമ പ്രചാരണങ്ങളും കേരളം കണ്ടിട്ടുണ്ട്.

സ്വർണക്കടത്ത് മുതൽ “ബിരിയാണിച്ചെമ്പ്” വരെ നീണ്ടുനിന്ന ആ വലതുപക്ഷ രാഷ്ട്രീയ-–മാധ്യമ കൂട്ടുകെട്ട് നടത്തുന്ന വ്യാജപ്രചരണത്തിന്റെ പുതിയ രൂപമാണ് “മാസപ്പടി” വിവാദം. രാജ്യത്തുടനീളം ഇ ഡി, സിബിഐ വേട്ടയാടലിനെതിരെ സംസാരിക്കുന്ന കോൺഗ്രസ് നേതാക്കൾ തന്നെ കേരളത്തിൽ ഈ ഏജൻസികളെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ രാഷ്ട്രീയ ഇരട്ടത്താപ്പാണ്.

ഇതുവരെ ഉണ്ടായ എല്ലാ അന്വേഷണങ്ങളിലും, ആരോപണങ്ങൾ തുടർച്ചയായി മാറുകയും ഓരോ ആരോപണവും തെളിവുകളുടെ അടിസ്ഥാനത്തിൽ തകരുകയും ചെയ്തിട്ടുണ്ട്. സേവനം നൽകിയെന്നതും, ബാങ്കുവഴി പണം ലഭിച്ചതും, നികുതി അടച്ചതും, audit trail ഉണ്ടായിരുന്നതും, കമ്പനി രേഖകളിൽ ഇടപാട് ഉൾപ്പെടുത്തിയതും എല്ലാം അംഗീകരിക്കപ്പെട്ട കാര്യങ്ങളാണ്. എന്നിട്ടും ഒരു സ്ത്രീ സംരംഭകയെ അവരുടെ പിതാവ് സിപിഐ എം നേതാവായതു കൊണ്ടു മാത്രം നിരന്തരമായി വേട്ടയാടുന്ന അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം
ദശലക്ഷക്കണക്കിന് കോടികളുടെ യഥാർത്ഥ സാമ്പത്തിക അഴിമതികൾ നടക്കുന്ന രാജ്യത്ത്, 1.72 കോടി രൂപയുടെ നിയമാനുസൃത സേവന ഇടപാടിനെ “ദേശീയ അഴിമതി” എന്ന പോലെ ചിത്രീകരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ മാധ്യമ നിർമിതിയാണ്. ഇത്തരം വേട്ടയാടലുകൾക്കെതിരെ നീതിയുടെ പക്ഷത്ത് നിൽക്കുന്ന മനുഷ്യർ കീഴടങ്ങാൻ മനസ്സില്ലായെന്ന് മുഷ്ടിചുരുട്ടും. കേരളമെമ്പാടും ഇന്ന് പ്രതിഷേധം ഉയരുകയാണ്.

ഇത്തരത്തിൽ നേതാക്കൾക്കെതിരെ അതിക്രമം ഇ ഡി അഴിച്ചുവിടുമ്പോൾ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നുള്ളത് സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ചോദ്യം ചെയ്യാൻ ഇ ഡി വിളിച്ചപ്പോഴുള്ള അനുഭവങ്ങളിൽ നിന്നു വ്യക്തമാണ്. എന്തെല്ലാം അതിക്രമങ്ങളാണ് രാജ്യത്തെമ്പാടും അന്ന് കോൺഗ്രസ് പ്രവർത്തകർ അഴിച്ചുവിട്ടത്. അങ്ങനെയൊന്ന് ഉണ്ടായാൽ അതിനെ നിയന്ത്രിക്കാനുള്ള ഒരു പൊലീസ് സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. തികച്ചും സമാധാനപരമായ പ്രതിഷേധം ആയിരുന്നു. അതിനിടയിൽ വികാരാവേശത്താൽ കുറച്ചുപേർ കുറച്ചുനേരത്തേക്ക് സംഘർഷം സൃഷ്ടിച്ചു എന്നത് വസ്തുതയാണ്. അതിനെ പർവ്വതീകരിച്ച് വധശ്രമമായി വ്യാഖ്യാനിച്ച് കേസെടുത്ത് സഖാക്കളെ വേട്ടയാടുകയാണ്. ഇതിലൊന്നും ഭയപ്പെടുന്നവരല്ല ഞങ്ങൾ.

പ്രതിഷേധത്തിലൂടെ ഇ ഡിയെ ഭയപ്പെടുത്തി കേസ് പിൻവലിപ്പിക്കാമെന്ന തെറ്റിദ്ധാരണയും ഞങ്ങൾക്കില്ല. മറിച്ച്, രാഷ്ട്രീയ ചെറുത്തുനിൽപ്പിന്റെ ഭാഗമാണത്. ജനങ്ങളെ രാഷ്ട്രീയമായി അണിനിരത്തും. അത് എതിർ രാഷ്ട്രീയകക്ഷികളെ മുഴുവൻ അടിച്ചമർത്താനുള്ള നിയോഫാസിസ്റ്റ് ശക്തികളുടെ നീക്കങ്ങൾക്കെതിരായ ചെറുത്തുനിൽപ്പാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + fourteen =

Most Popular