ഇപ്പോൾ നാം കാണുന്ന ഇഡിയുടെ രൂപീകരണം 1956 ലാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സിന് (DoEA)കീഴിൽ അന്ന് നിലവിലുണ്ടായിരുന്ന വിദേശ വിനിമയ നിയന്ത്രണ ചട്ടത്തിന്റെ(FERA)ലംഘനം അന്വേഷിക്കാനുള്ള ചെറിയൊരു എൻഫോഴ്‌സ്-മെന്റ് യൂണിറ്റായിട്ടാണ് തുടക്കം. തൊട്ടടുത്ത വർഷം ഇ ഡിയെ ഡിപാർട്ട്മെന്റ് ഓഫ് റവന്യൂവിന്റെ കീഴിലാക്കി. നാല് വർഷത്തിനുശേഷം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന് കീഴിലേക്ക് മാറ്റി. 1977 വരെ അങ്ങനെ തുടർന്നു. പിന്നീട് വീണ്ടും ഡിപാർട്ട്മെന്റ് ഓഫ് റവന്യൂവിന് കീഴിലാക്കി. സമ്പദ്-വ്യവസ്ഥ ഉദാരവൽക്കരിക്കുന്നതിന്റെ ഭാഗമായ നിയമപരിഷ്കാരങ്ങളുടെ ചുവടുപിടിച്ച് 1999ൽ വിദേശവിനിമയ നിയന്ത്രണ ചട്ടം (ഫെറ) റദ്ദാക്കുകയും 2000ത്തിൽ വിദേശവിനിമയ ചട്ടം (ഫെമ) നിലവിൽ വരികയും ചെയ്തു.
ദംഷ്ട്ര മുളച്ച ഇ ഡി
എന്നാൽ, 2002 ൽ പാസ്സാക്കിയ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (PMLA) നിലവിൽ വന്നതോടെയാണ് സാധാരണ സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന ഏജൻസി എന്നതിനപ്പുറം രാഷ്ട്രീയമായ ദംഷ്ട്രകളും നഖവും മുളച്ച ഒരു ഏജൻസിയായി ഇ ഡിക്ക് ഭാവപ്പകർച്ചയുണ്ടാകുന്നത്. മറ്റു ക്രിമിനൽ നിയമങ്ങളിൽ നിന്ന് PMLAക്ക് കാതലായ ചില വ്യത്യാസങ്ങളുണ്ട്. ഉദാഹരണത്തിന്, ECIRന്റെ കോപ്പി പ്രതിക്ക് നൽകാൻ വ്യവസ്ഥയില്ല. മറ്റേതൊരു കേസിലും പ്രതിക്ക് FIRന്റെ കോപ്പി ലഭിക്കും. സ്വയം പ്രതിരോധിക്കാൻ അത് സഹായകരവുമാകും. PMLAയിൽ കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ടത് കുറ്റാരോപിതന്റെ ഉത്തരവാദിത്തമാണ്. മറ്റ് കേസുകളിൽ കുറ്റം തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ഉത്തരവാദിത്തവും. മറ്റ് ഏജൻസികളുടെ മുമ്പിൽ നൽകുന്ന മൊഴി കോടതിയിൽ നിലനിൽക്കുകയോ കുറ്റസമ്മതമായി കണക്കാക്കുകയോ ചെയ്യില്ല. എന്നാൽ ഇ ഡിക്ക് മുമ്പിൽ മേൽനിയമപ്രകാരമുള്ള മൊഴി കോടതിയിൽ നിഷേധിക്കാനാവില്ല. അതായത് ഇ ഡിക്കു മുമ്പിൽ നൽകുന്ന സ്വന്തം മൊഴി തന്നെ പ്രതിചേർക്കപ്പെട്ടയാൾക്ക് എതിരായി ഉപയോഗിക്കാനാവും. ഏതു വിധേനയും സമ്മർദ്ദത്തിലാക്കിയും പീഡിപ്പിച്ചും ഒരു മൊഴി വാങ്ങിയെടുത്താൻ ഏജൻസിക്ക് അത് കോടതിയിൽ തങ്ങൾക്ക് അനുകൂലമായ തെളിവാക്കി മാറ്റാം. 2018 ൽ മോദി സർക്കാർ ധനകാര്യ ബില്ലിലുടെ PMLAയിൽ ഒളിച്ചു കടത്തിയ ഭേദഗതികൾ PMLAയെ ലക്ഷണമൊത്ത ഒരു കരിനിയമവും ഭരണകൂടത്തിന്റെ ക്രൂരമായ ഒരായുധവുമാക്കി മാറ്റി.
എവിടേയും റെയ്ഡ് നടത്താനും ആരേയും ചോദ്യംചെയ്യാനും പ്രതികളാക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനും അറസ്റ്റുചെയ്യാനുമുള്ള അധികാരം ഇ ഡിക്ക് ഈ നിയമ ഭേദഗതിയിലൂടെ ലഭിച്ചു. അറസ്‌റ്റുചെയ്താലാവട്ടെ ജാമ്യം ലഭിക്കുകയുമില്ല. ജാമ്യവ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കി. മോദി സർക്കാരുകൾ രാഷ്ട്രീയ എതിരാളികളെ തകർക്കാനും സർക്കാരുകളെ അട്ടിമറിക്കാനും ജനപ്രതിനിധികളെ കാലുമാറ്റാനും ബിജെപിക്ക് ഫണ്ടു സമാഹരിക്കാനും തങ്ങളുടെ ചങ്ങാതിമാരായ കോർപ്പറേറ്റുകളെ വഴിവിട്ട് സഹായിക്കാനും ഈ കരിനിയമം വഴി ആയുധവൽക്കരിക്കപ്പെട്ട ഇ ഡിയെ നഗ്‌നമായി ദുരുപയോഗിക്കുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മോദി ഭരണത്തിൽ എല്ലാ അന്വേഷണ ഏജൻസികളെയും വിശ്വാസ്യതക്ക് ശോഷണമുണ്ടായി. വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതിലൂടെ ഇന്ന് തരിമ്പും വിശ്വാസ്യത അവശേഷിക്കാത്ത ഒരു ഏജൻസിയായി ഇ ഡി സമ്പൂർണ്ണമായി അധഃപതിച്ചു കഴിഞ്ഞു.
പ്രതിപക്ഷത്തിനെതിരായ വാൾ
ഇ ഡി അന്വേഷണം പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ മാത്രമാണ് ലക്ഷ്യംവെക്കുന്നത് എന്നത് ഇന്ന് വെറുമൊരു ആരോപണമല്ല. കണക്കുകൾ അനിഷേധ്യമായ തെളിവുകളായി നമ്മുടെ മുന്നിലുണ്ട്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 42 ഉം രണ്ടാം മോദി സർക്കാരിന്റെ കാലത്ത് 138 ഉം നേതാക്കളെ ഇ ഡി കേസിൽ കുടുക്കിയതിൽ മഹാഭൂരിപക്ഷവും പ്രതിപക്ഷപാർട്ടികളിൽ പെട്ടവരായിരുന്നു എന്നു മാത്രമല്ല, ബിജെപിയിലുൾപ്പെട്ട ഒരാൾപോലും അതിലുണ്ടായിരുന്നതുമില്ല! 2025 മാർച്ചിൽ പാർലമെന്റിൽ നൽകിയ ഒരു മറുപടിയിൽ പറഞ്ഞത് നിലവിലുള്ളവരും മുമ്പുണ്ടായിരുന്നവരുമായ എംപി, എംഎൽഎമാർ ഉൾപ്പെടെ 193 പേർക്കെതിരെ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്തിട്ടുണ്ട് എന്നാണ്. ഇതിൽ ബഹുഭൂരിപക്ഷവും 2019 നു ശേഷം രജിസ്റ്റർ ചെയ്ത കേസുകളാണ്. ഈ 193 പേരിൽ കേവലം രണ്ടു പേർ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ബാക്കിയുള്ളവരെ സംബന്ധിച്ച് ഇ ഡിയുടെ വേട്ടയാടലുകൾതന്നെയാണ് ശിക്ഷ. മാസങ്ങളും ഒരുപക്ഷേ വർഷങ്ങളും ജയിലിൽ കിടന്നിട്ടുണ്ടാകും. അപ്പോഴേക്കും ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ സൽപ്പേരിനും സ്വത്തിനും ആരോഗ്യത്തിനുമെല്ലാം അപരിഹാര്യമായ നഷ്ടങ്ങളും സംഭവിക്കുന്നു എന്നതാണ് ക്രൂരമായ വസ്തുത. 2026 ഫെബ്രുവരി 3 ന് പാർലമെന്റിൽ നൽകിയ മറ്റൊരു മറുപടിയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇതുവരെ എടുത്ത കേസുകൾ 8391 ആണെന്നും ഇതിൽ കേവലം 55 കേസുകളിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത് എന്നും പറയുന്നു. ആകെയുള്ള 8391 കേസുകളിൽ 5158 കേസുകളും 2020–-21നും 2024–-25(ഡിസംബർ വരെ)നും ഇടയ്-ക്ക് രജിസ്റ്റർ ചെയ്തവയാണ്.ഈ 5158 പേരിൽ ശിക്ഷിക്കപ്പെട്ടത് വെറും 43എണ്ണവും. ഏജൻസിക്കനുകൂലമായ ഏറ്റവും കർക്കശമായ നിയമവ്യവസ്ഥകളുണ്ടായിട്ടും പരിതാപകരമായ വിധത്തിൽ താഴ്‌ന്ന ശിക്ഷാനിരക്ക്, ഇ ഡി എത്രത്തോളം രാഷ്ട്രീയ വേട്ടയ്-ക്ക് ദുരുപയോഗിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ്.
രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം ഇ ഡി കേസുകളാൽ വേട്ടയാടപ്പെടുന്നവരാണ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, യുപി മുൻ മുഖ്യമന്ത്രിയും എസ് പി നേതാവുമായ അഖിലേഷ് യാദവ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള, ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ, മുൻ കേന്ദ്ര ആഭ്യന്തര, ധനമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് പി ചിദംബരം, ഇപ്പോഴത്തെ കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ, മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്-രിവാൾ എന്നിവരൊക്കെ ഇ ഡിയാൽ വേട്ടയാടപ്പെട്ട പ്രമുഖരിൽ ചിലർ മാത്രമാണ്. ഇ ഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബിജെപി യിലേക്ക് കാലുമാറ്റിയവരിൽ അശോക് ചവാൻ, മുൻ കോൺഗ്രസ് നേതാവായ ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, കോൺഗ്രസ് വിട്ട് തൃണമൂലിൽ മമതയുടെ വലംകയ്യായിരുന്ന ഇപ്പോഴത്തെ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി തുടങ്ങി അനേകം പേരുണ്ട്. ഇ ഡി വഴി ബിജെപി സഖ്യകക്ഷികളായി മാറിയവരിൽ അന്തരിച്ച എൻ സി പി നേതാവ് അജിത് പവാറും ടിഡി പി നേതാവ് ചന്ദ്രബാബു നായിഡുവുമുണ്ട് വൈ എസ് ആർ നേതാവ് ജഗ്‌മോഹൻ റെഡ്ഡിയും തലയ്-ക്കുമുകളിൽ തൂങ്ങുന്ന ഇ ഡി വാളിനെ ഭയന്ന് ബിജെപിയോട് സമരസപ്പെട്ടുപോകുന്നു. വഴങ്ങിയവരുടെയെല്ലാം കേസുകളിൽ ഇ ഡി പിന്നീട് അനങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇ ഡിയെ തുടലൂരിവിട്ട് ബിജെപിയിലെത്തിച്ച പ്രമുഖരിൽ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടേയും അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മയുടേയും കഥ യജമാനന്റെ ആജ്ഞകൾക്കനുസരിച്ച് കുരയ്ക്കുകയും വാലാട്ടുകയും ചെയ്യുന്ന ഇ ഡിയുടെ ശ്വാനപ്രകൃതം പൂർണ്ണമായും അനാവരണം ചെയ്യുന്നതാണ്. 7000 കോടി രൂപയുടെ ശാരദ ചിറ്റ് ഫണ്ട് കേസിൽ ഹിമന്ത പ്രതിയായെങ്കിലും ബിജെപിയിലെത്തിയതോടെ ഇ ഡി അന്വേഷണം നിലച്ചു. ഇ ഡിയുടെ യജമാനനാവട്ടെ, ഹിമന്തക്ക് സ്ഥാനക്കയറ്റം നൽകി മുഖ്യമന്ത്രിയുമാക്കി. പണം കെട്ടുകെട്ടായി കയ്യിൽ വാങ്ങുന്നത് കാമറയിൽ കുടുങ്ങിയ സുവേന്ദു അധികാരിയും ഇ ഡിയുടെ ചോദ്യംചെയ്യൽ നേരിട്ടിരുന്നു. ഹിമന്തയുടെ വഴിയിൽ സുവേന്ദുവും ബിജെപിയിലെത്തി. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന ചൊല്ല് സുവേന്ദുവിന്റെ കാര്യത്തിലും ശരിയായി. ഇ ഡിയിൽ നിന്ന് രക്ഷയും ഒപ്പം മുഖ്യമന്ത്രിസ്ഥാനവും കിട്ടി. ഇരുവരുടേയും മുന്നിൽ ഒരിക്കൽ അവരെ ഭയപ്പെടുത്തിയ ഇ ഡി അനുസരണയോടെ വാലാട്ടി നിന്നു. വഴങ്ങാതിരുന്നവരെല്ലാം ജയിലിലുമായി. സിബിഐ രജിസ്റ്റർ ചെയ്ത ഡൽഹി മദ്യനയ കേസിൽ കെജ്-രിവാളിനെയും സിസോദിയയേയും മാസങ്ങളോളം ജയിലിലടച്ചത്, അയാൾ ആദ്യം പ്രതിയാക്കിയ ഒരു വ്യവസായിയെ ജയിലിലടച്ച് , ആദ്യം നൽകിയ മൊഴി തിരുത്തിച്ച് മാപ്പുസാക്ഷിയാക്കി കേജ്-രിവാളിനെതിരായ മൊഴി വാങ്ങിയതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇ ഡി കേസുകളിൽ ചിദംബരവും ശിവകുമാറും നൂറു ദിവസത്തിലധികം ജയിലിൽ അടയ്ക്കപ്പെട്ടു.
തിരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിൽ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ച് പ്രത്യേക റെയ്ഡുകൾ നടക്കുക പതിവാണ്. ഈ തിരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടു മാസം ബംഗാളിൽ ഇരുപത് ഇ ഡി റെയ്ഡുകളാണ് നടന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. ബംഗാളിൽ തൃണമൂലിനായി പ്രവർത്തിച്ച പൊളിറ്റിക്കൽ കൺസൾട്ടൻസിയായ ഐ പാക്കിന്റെ ഡയറക്ടർ പ്രതീക് ജെയിനിന്റെ വീട്ടിൽ ഇ ഡി റെയ്ഡുണ്ടായി. മറ്റൊരു ഡയറക്ടർ വിനേഷ് ചന്ദാലിനെ അറസ്റ്റുചെയ്തു. തമിഴ്നാട്ടിൽ ടാസ്‌മാക്കുമായി ബന്ധപ്പെട്ട റെയ്ഡുകൾ തിരഞ്ഞെടുപ്പിനുമുമ്പ് നടത്തി. പഞ്ചാബിൽ പത്തിടങ്ങളിൽ റെയ്ഡ് നടത്തി. ഈ റെയ്ഡുകളിലൂടെ എതിരാളികളെ ദുർബ്ബലപ്പെടുത്തലാണ് ലക്ഷ്യം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
കോടതികളുടെ രൂക്ഷവിമർശനം
ഇ ഡിക്കെതിരായ വിമർശനം പ്രതിപക്ഷത്തുനിന്നു മാത്രമല്ല ഉയരുന്നത്. സുപ്രീം കോടതി ഉൾപ്പെടെയുള്ള നീതിപീഠങ്ങൾ പലപ്പോഴും ഇ ഡിയുടെ നിയമവിരുദ്ധ നടപടികൾക്കും നടപടിക്രമ ലംഘനങ്ങൾക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. ഒരു നിയമ പ്രസിദ്ധീകരണം നടത്തിയ പഠനമനുസരിച്ച് 2021–-25ൽ 20 പി എം എൽ എ കേസുകളിലാണ് കോടതികളിൽ നിന്ന് ഇ ഡിക്ക് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. നിയമവിരുദ്ധമായ അറസ്റ്റുകൾ, മനുഷ്യത്വരഹിതമായ ചോദ്യംചെയ്യലുകൾ, നടപടിക്രമങ്ങളുടെ ലംഘനം എന്നിവയുടെ പേരിലായിരുന്നു ഈ വിമർശനങ്ങളത്രയും. ഇ ഡിയുടെ അധികാരങ്ങൾ ചോദ്യംചെയ്ത 2022 ലെ വിജയ് മദൻലാൽ ചൗധരി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ഇ ഡിയുടെ അധികാരങ്ങൾ കോടതി ശരിവെച്ചുവെങ്കിലും അധികം വൈകാതെ മറ്റൊരു കേസിൽ കോടതി അമിതമായ അധികാരപ്രയോഗത്തിന് ലക്ഷ്മണരേഖ വരച്ചു. 2023 ലെ പങ്കജ് ബൻസൽ vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, ഇ ഡി ഒരാളെ അറസ്സു ചെയ്യുമ്പോൾ കാരണം രേഖാമൂലം നൽകണം എന്ന് വിധിക്കുകയുണ്ടായി. ശിക്ഷവിധിക്കാൻ അധികാരമുള്ള ജഡ്‌ജിയല്ല അന്വേഷണ ഏജൻസി മാത്രമാണ് ഇ ഡി എന്നും കോടതി ഓർമിപ്പിച്ചു. 2025 മാർച്ച് 22 ന് തമിഴ്‌നാട് സർക്കാരിന്റെ മദ്യവിതരണ ശൃംഖലയായ ടാസ്-മാക്കുമായി ബന്ധപ്പെട്ട കേസിൽ കോടതി രൂക്ഷമായ ഭാഷയിൽ നിരീക്ഷിച്ചത് “ഇ ഡി എല്ലാ അതിരുകളും ലംഘിക്കുന്നു’ എന്നായിരുന്നു. ഇ ഡിയുടെ അധികാരങ്ങൾ ശരിവെച്ച വിധിക്കെതിരായ റിവ്യൂഹർജിയിൽ വാദംകേൾക്കെ സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ സൂര്യകാന്തും ഉജ്ജ്വൽ ഭുയാനും കോടീശ്വർ സിങ്ങും അടങ്ങിയ ബെഞ്ച് കടുത്ത പ്രയോഗമാണ് ഇ ഡിക്കെതിരെ നടത്തിയത്. ‘‘ഇ ഡി ക്രിമിനലുകളെ പോലെ പ്രവർത്തിക്കരുത്. കർശനമായും നിയമത്തിന്റെ നാലതിരുകൾക്കുള്ളിൽ നിന്ന് മാത്രം പ്രവർത്തിക്കണ’’മെന്ന് കോടതി ശാസന നൽകി. ഇ ഡിയുടെ വളരെ കുറഞ്ഞ ശിക്ഷാനിരക്കിനെ കോടതി വിമർശിച്ചു. പ്രതികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതിൽ കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. അഞ്ചാറു വർഷം ജയിലിൽ കഴിഞ്ഞ ശേഷം പിന്നീട് നിരപരാധിയെന്നുകണ്ട് മോചിതനാവുമ്പോൾ ആരാണ് ഉത്തരവാദിയെന്ന് സുപ്രീം കോടതി ചോദിച്ചു. നിയമം പാലിക്കുന്ന ഏജൻസികളെയും നിയമലംഘകരായ ഏജൻസികളെയും വേർതിരിച്ചുകാണണമെന്നും കോടതി പറഞ്ഞു. ഒരു സിറ്റിങ് എം എൽ എയെ അറസ്റ്റുചെയ്ത നടപടി നിയമവിരുദ്ധമാണ് എന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധിച്ചത് 2024 സെപ്തംബറിലായിരുന്നു. ഇതേ കേസിൽ പ്രതിയെ ഒരു രാത്രി മുഴുവൻ ഉറങ്ങാൻ അനുവദിക്കാതെ 15 മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്ത നടപടിയെ മനുഷ്യത്വരഹിതം എന്നാണ് കോടതി വിശേഷിപ്പിച്ചത്. ബോംബെ ഹൈക്കോടതി മറ്റൊരു കേസിൽ അടിസ്ഥാന മനുഷ്യാവകാശങ്ങൾ മാനിക്കാൻ ഇ ഡി തയ്യാറാവണമെന്ന് മുന്നറിയിപ്പു നൽകി. മനുഷ്യാവകാശങ്ങളും നിയമവും പാലിച്ചുകൊണ്ടുള്ള അറസ്റ്റിന് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനും കോടതി ആവശ്യപ്പെട്ടു. 2024ൽ ഡൽഹി പിഎംഎൽഎ പ്രത്യേക കോടതി ഇ ഡിക്ക് ഇല്ലാത്ത അധികാരങ്ങൾ അന്യായമായി സ്വയം പ്രയോഗിക്കാനാവില്ല എന്ന് താക്കീത് നൽകി. 2025 മെയിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗേൽ ഉൾപ്പെട്ട കേസിന്റെ ജാമ്യഹർജിയിൽ വാദംകേൾക്കെ കോടതി പറഞ്ഞത് നിങ്ങൾ “ഒരു തെളിവുമില്ലാതെ ആരോപണങ്ങൾമാത്രം ഉന്നയിക്കുന്നു’ എന്നായിരുന്നു. സത്യസന്ധവും സുതാര്യവുമായ രീതിയിൽ പ്രവർത്തിക്കാനും കളങ്കമില്ലാത്ത നീതിബോധം പുലർത്താനും’ കോടതി ഉപദേശിച്ചു. വേറൊരു കേസിൽ ഇ ഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി.രാജുവിന് ഇ ഡിയുടെ വിശ്വാസ്യതയില്ലാത്ത കൗണ്ടർ അഫിഡവിറ്റിന്റെ ഉത്തരവാദിത്തം കോടതിയിൽ കയ്യൊഴിയേണ്ടി വന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
ബിജെപിയുടെ ഹഫ്‌ത പിരിവ്
രാഷ്ട്രീയ എതിരാളികളെ തകർക്കാൻ മാത്രമല്ല ബിജെപിക്ക് ഫണ്ടു പിരിക്കാനും മോദി സർക്കാർ ഇ ഡി, ആദായ നികുതി വകുപ്പ് എന്നിവയെ ഉപയോഗിക്കുന്നതു കാണാം. ബിജെപിക്ക് ഇലക്ടറൽ ബോണ്ടുവഴി ആകെ ലഭിച്ച സംഭാവന 6060 കോടി രൂപയാണ്. ഇതിൽ 2471 കോടി രൂപയും നൽകിയത് ഇ ഡി, ഐ ടി റെയ്ഡുകൾ നേരിട്ട കമ്പനികളാണ്. റെയ്ഡ് നേരിട്ട 41 ബിസിനസ് സ്ഥാപനങ്ങളാണ് ബിജെപിക്ക് വൻ തുകകൾ സംഭാവന ചെയ്തത്. സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയ്-മിങ്ങ് എന്ന കമ്പനി 2023 നവംബർ, ഡിസംബർ മാസങ്ങളിലെ ഇ ഡി, ഐ ടി റെയ്ഡുകൾക്കു ശേഷം മാത്രം ഇലക്ടറൽ ബോണ്ടിലൂടെ ബിജെപിക്ക് നൽകിയത് 60 കോടി രൂപയാണ്. ജിൻഡാൽ സ്റ്റീൽ പവറിൽ ഇ ഡി റെയ്ഡ് നടന്നത് 2022 ഏപ്രിലിൽ. അടുത്ത ഒരു വർഷത്തിൽ അവർ ബിജെപിക്ക് ഇലക്ടറൽ ബോണ്ടിലൂടെ നൽകിയ സംഭാവന 123 കോടി രൂപയായിരുന്നു. ഇ ഡി റെയ്ഡിനുശേഷം അരബിന്ദോ ഫാർമ, ഇലക്ടറൽ ബോണ്ടിലുടെ നൽകിയത് 5 കോടി രൂപയാണ്. വേദാന്ത, മേഘ എഞ്ചിനീയറിങ്ങ് തുടങ്ങിയവയെല്ലാം ഇ ഡി റെയ്ഡിനുശേഷം ബോണ്ടിലൂടെ ബിജെപിക്ക് സംഭാവന നൽകിയവരാണ്. സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയും മറ്റും സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് പരമോന്നത കോടതി ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുകയും സംഭാവന നൽകിയവരുടെ എല്ലാ വിവരങ്ങളും പുറത്തുവിടാൻ എസ് ബിഐയോട് ഉത്തരവിടുകയും ചെയ്തപ്പോഴാണ് ഇ ഡി റെയ്ഡുകൾ ഉപയോഗിച്ച് എങ്ങനെയാണ് ബി ജെ പി ഗുണ്ടാപ്പിരിവ് നടത്തുന്നത് എന്ന കാര്യം പുറത്തായത്. അതുവരെ ബോണ്ട് വാങ്ങുന്നവരുടെ വിവരങ്ങൾ രഹസ്യമായിരുന്നു. പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ഇതിനെ വിശേഷിപ്പിക്കുന്നത് ഹഫ്‌ത അഥവാ ഗുണ്ടാപ്പണം എന്നാണ്. സിനിമകളിലൊക്കെ ബോംബെയിലെ അധോലോക നായകർ ഗുണ്ടകളെ വിട്ട് വഴിയോര കച്ചവടക്കാരിൽ നിന്നും മറ്റും ഹഫ്ത പിരിക്കുന്നതിന്റെ മറ്റൊരു രൂപമാണ് ബിജെപി ഇ ഡിയെ ഉപയോഗിച്ച് ചെയ്യുന്നതും. ഇ ഡിയെ Extortion Department എന്ന് പരിഹാസത്തോടെ പലരും വിശേഷിപ്പിക്കുന്നതും ഇതുകൊണ്ടാണ്. Extortion എന്നാൽ കൊള്ള, പിടിച്ചുപറി എന്നൊക്കെയാണ് അർത്ഥം.
“എമ്പ്രാനൽപ്പം കട്ടുഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും’ എന്നാണല്ലോ കുഞ്ചൻ നമ്പ്യാർ പാടിയിട്ടുള്ളത്. ഇ ഡിയെ രാഷ്ട്രീയ യജമാനൻമാർ കൊള്ളക്ക് ദുരുപയോഗിക്കുമ്പോൾ ഇ ഡി ഉദ്യോഗസ്ഥരും മോശമാവരുതല്ലോ. അവർ ബിസിനസുകാരേയും ഉദ്യോഗസ്ഥരേയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വൻതുകകൾ കൈക്കൂലി വാങ്ങുന്നതും പതിവായിരിക്കുന്നു. ചിലരൊക്കെ മറ്റു അന്വേഷണ എജൻസികളുടെ പിടിയിലായി. ചിലർക്കെതിരെ നടപടിയെടുക്കാൻ ഇ ഡി തന്നെ നിർബന്ധിതമായി. ഭുവനേശ്വറിൽ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ രഘുവംശി, ഒരു ബിസിനസുകാരനെ ഭീഷണിപ്പെടുത്തി കൈക്കൂലിയുടെ ആദ്യ ഗഡുവായ 20 ലക്ഷം വാങ്ങുന്നതിനിടയിൽ സിബിഐയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ മറ്റൊരു ഇ ഡി ഓഫീസറെ ഒരു സർക്കാർ ഉദ്യോഗസ്ഥനിൽനിന്ന് വൻതുക കൈക്കൂലി കൈപ്പറ്റുമ്പോൾ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തതും വലിയ വാർത്തയായിരുന്നു. കേരളത്തിൽ 2020 ൽ സ്വർണ്ണക്കടത്ത് കേസന്വേഷണത്തിന് നേതൃത്വം കൊടുക്കുകയും ഉള്ളതും ഇല്ലാത്തതുമായ കഥകൾ മൊഴികളെന്ന വ്യാജേന മാധ്യമങ്ങൾക്ക് ദിനംപ്രതി ചോർത്തി നൽകുകയും ചെയ്ത ഉന്നത ഇ ഡി ഉദ്യോഗസ്ഥന്റെ സ്ഥിതിയും വ്യത്യസ്തമല്ല. നിരവധി ഗുരുതര പരാതികളുയർന്നതിനാൽ അയാളെ ആദ്യം ശ്രീനഗറിലേക്ക് മാറ്റുകയും പിന്നീട് നിർബന്ധിത വിരമിക്കൽ നൽകുകയുമായിരുന്നു.
ശിങ്കിടി മുതലാളിമാരുടെ സ്വകാര്യസേന
സ്വന്തം ഫണ്ടു സമാഹരണത്തിനു മാത്രമല്ല, തങ്ങളുടെ ശിങ്കിടികളായ (cronies) വൻകിട കോർപ്പറേറ്റുകളുടെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കാനും എതിരാളികളെ ഒതുക്കാനും ഇ ഡിയുടെ സേവനം ലഭ്യമാണ്. നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുഖേന ജേപി ഗ്രൂപ്പ് സ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതു സംബന്ധിച്ച് അദാനി-–വേദാന്ത തർക്കം മുറുകി. ഇ ഡി രംഗത്തിറങ്ങി വേദാന്തയിൽ റെയ്ഡ് നടത്തി. അദാനി ജേപി ഗ്രൂപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇതിലേറ്റവും ഞെട്ടിക്കുന്നതായിരുന്നു അഹമ്മദ് ബുഹാരിയെന്ന ബിസിനസുകാരന്റെ സ്ഥിതി. രാമചന്ദ്രഗുഹ ഇതിനെക്കുറിച്ച് എഴുതിയിരുന്നു. ബുഹാരിക്ക് സ്വന്തമായി ഒരു കൽക്കരി കമ്പനിയും 1200 മെഗാവാട്ട് വൈദ്യുതി പ്ലാന്റുമുണ്ടായിരുന്നു. 2022 മാർച്ച് 4 ന് ഇ ഡി അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ റെയ്ഡ് നടത്തി. അദ്ദേഹത്തെ അറസ്റ്റുചെയ്തു. ആ ബിസിനസുകാരൻ ജാമ്യം കിട്ടാതെ ജയിലിൽ കഴിഞ്ഞത് രണ്ട് കൊല്ലവും ഏഴു മാസവുമാണ്. ഇതിനിടയിൽ കമ്പനി നഷ്ടത്തിലായി. കടം തിരിച്ചടയ്ക്കാനാവാതെ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടു. കൽക്കരി കമ്പനിയും 1200 മെഗാവാട്ട് വൈദ്യുത നിലയവും അദാനി കയ്യടക്കുകയും ചെയ്തു! 2026 മെയിൽ കോടതി ബുഹാരിക്കെതിരായ കേസ് വിചാരണക്കെടുക്കാൻ പോലും തെളിവില്ലെന്നുകണ്ട് വെറുതെവിട്ടു!! പക്ഷേ അപ്പോഴേക്കും അദ്ദേഹം ആയുഷ്കാലം കൊണ്ട് പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം അദാനി കൈവശപ്പെടുത്തിക്കഴിഞ്ഞിരുന്നു.
ജീവികെയുടെ ഉടമസ്ഥതയിൽനിന്ന് മുംബൈ വിമാനത്താവളവും എൻഡിടിവിയും അദാനിയുടെ കയ്യിലെത്തിയതും ഏറെക്കുറെ സമാനമായ രീതിയിലായിരുന്നു. ആദ്യം ഇ ഡിയും മറ്റും അവർക്കെതിരെ റെയ്ഡും കേസുമായി രംഗത്തെത്തി. പിന്നാലെ രണ്ടും അദാനിയുടെ കയ്യിലെത്തി. വേറെയും നിരവധി ഉദാഹരണങ്ങളുണ്ട്. ഇനിയുമേറെ ഉദാഹരണങ്ങൾ നമ്മുടെ കൺമുന്നിൽ കാണാനിരിക്കുന്നു. ഒഡീഷ മുതൽ കേരളം വരെയുള്ള ധാതുമണൽ സമ്പത്ത് ലക്ഷ്യംവെച്ചുകൊണ്ടുള്ള സംയുക്ത അണിയറ നീക്കങ്ങൾ പലതും നടന്നു കൊണ്ടിരിക്കുന്നു. ഇ ഡിയും യജമാനൻമാരുമൊക്കെ കളിക്കുന്നത് വമ്പൻ സ്രാവുകൾക്കുവേണ്ടിയാണ്. ചെറുമീനുകളെ വമ്പൻ സ്രാവുകൾക്ക് ഭക്ഷണമാക്കുന്ന ജോലിയും കൂടിയാണ് അവർ ചെയ്യുന്നത്.
ഒരു ഫാസിസ്‌റ്റ് അമിതാധികാര ഭരണകൂടത്തിനു കീഴിൽ എങ്ങനെയാണ് ഭരണഘടനയും സ്ഥാപനങ്ങളുമെല്ലാം അട്ടിമറിക്കപ്പെടുന്നത് എന്ന് നാം ദൈനംദിനമെന്നോണം കണ്ടുകൊണ്ടിരിക്കുകയാണ്. പാർലമെന്റും ജനഹിതവും ജനാധിപത്യവും തന്നെ കോർപ്പറേറ്റ്-–ഹിന്ദുത്വ സഖ്യത്തിന്റെ കയ്യിലെ കളിപ്പാട്ടമായിരിക്കുന്നു. തിരഞ്ഞെടുപ്പിനുമുമ്പ് റെയ്ഡും കേസുമായി എതിരാളികളെ കൂറുമാറ്റുകയും ദുർബലരാക്കുകയും ചെയ്യും. എന്നിട്ടും ഭൂരിപക്ഷമായില്ലെങ്കിൽ ജയിച്ചവരെ വിലക്കെടുക്കും. വഴങ്ങിയില്ലെങ്കിൽ വീണ്ടും ഏജൻസികൾ വാതിലിൽ മുട്ടും. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തിരഞ്ഞെടുപ്പു കമ്മീഷൻ വരെയുള്ള സ്ഥാപനങ്ങളുടെയെല്ലാം വിശ്വാസ്യതക്കുനേരെ ഗുരുതരമായ ചോദ്യങ്ങൾ നിരന്തരം ഉയരുന്നു. ജുഡീഷ്യറിയും അപചയത്തിൽ പിന്നിലല്ല. ഇത്തരമൊരു സാഹചര്യത്തിൽ എക്കാലത്തും ഭരണകൂടത്തിന്റെ ചൊൽപ്പടിക്കു നിൽക്കുന്ന അന്വേഷണ ഏജൻസികളുടെ കാര്യം പറയാനില്ലല്ലോ. ഇന്ത്യ ഇന്ന് എത്തിച്ചേർന്നിരിക്കുന്ന ഭീതിദമായ സാഹചര്യത്തെയാണ് ഇതെല്ലാം പ്രതിഫലിപ്പിക്കുന്നത്. വിശ്വാസ്യതയുടെ കണികപോലും ബാക്കിയില്ലാത്ത ഇ ഡിയിൽ കാണാനാവുക തിരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം വാഴുന്ന ഇന്ത്യയുടെ പ്രതിരൂപമാണ്. l



