Monday, June 8, 2026

ad

Homeകവര്‍സ്റ്റോറിഎന്തടിസ്ഥാനത്തിലാണ് 
ഇ ഡി റെയ്ഡ് നടത്തിയത്?

എന്തടിസ്ഥാനത്തിലാണ് 
ഇ ഡി റെയ്ഡ് നടത്തിയത്?

അഡ്വ. കെ എസ് അരുൺകുമാർ

രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയമവിരുദ്ധമായി ഉപയോഗിക്കുന്ന നിരവധി സംഭവങ്ങളാണ് സമകാലിക ഇന്ത്യയിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. സിപിഐ എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീടുകളിൽ പരിശോധന നടത്തുന്നു, പിണറായി വിജയനെ ഇ ഡി ചോദ്യം ചെയ്യുന്നു എന്ന വാർത്ത മെയ് 27 ന് രാവിലെ മാധ്യമങ്ങൾ ബ്രേക്ക് ചെയ്തു. ഹൈക്കോടതി ഉത്തരവുപ്രകാരമാണ് പരിശോധന നടത്തുന്നത് എന്ന രൂപത്തിലാണ് വാർത്ത പ്രചരിപ്പിക്കപ്പെട്ടത്.

ഇ ഡി പോലുള്ള ഒരു അന്വേഷണ ഏജൻസിക്ക്, രണ്ടു കമ്പനികൾ തമ്മിൽ കരാർപ്രകാരം നൽകിയ സേവനങ്ങളും അതിന് ബാങ്ക് വഴി നൽകിയ പ്രതിഫലവുമായി ബന്ധപ്പെട്ടുകൊണ്ട് അനേ-്വഷണം നടത്താൻ എന്താണ് അധികാരം എന്ന ചോദ്യം വളരെ പ്രസക്തമാണ്. സെലക്ടീവ് പ്രോസിക്യൂഷൻ നടത്തി പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും തകർക്കാനും ജനങ്ങളെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനുമുള്ള തന്ത്രം. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിത്. എന്തുകൊണ്ട് പിണറായി വിജയനെ ഇ ഡി ചോദ്യം ചെയ്യുന്നില്ല, അദ്ദേഹത്തിന്റെ വീട്ടിൽ ഇ ഡി പരിശോധന നടത്തുന്നില്ല എന്ന് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ നിരന്തരം പ്രസംഗിച്ചത് രാഹുൽഗാന്ധിയാണ്. മുഖ്യമന്ത്രി വി ഡി സതീശനും പ്രധാനമന്ത്രിയും തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതിന്റെ പിറ്റേദിവസമാണ് പിണറായിയുടെ വീട്ടിൽ ഇഡി എത്തിയത് എന്നുള്ളത് സംശയകരമാണ്.

2019 ജനുവരി 25നാണ് ആദായ നികുതി വകുപ്പ് കൊച്ചിയിലെ സി എം ആർ എൽ കമ്പനിയുടെ ഹെഡ് ഓഫീസിൽ പരിശോധന നടത്തിയത്. 2013 മുതൽ 2019 വരെ സിഎംആർഎൽ കമ്പനി ആദായനികുതി നൽകിയതുമായി ബന്ധപ്പെട്ട കണക്കുകളിലെ പൊരുത്തക്കേട് ആദായനികുതി വകുപ്പ് കണ്ടെത്തി. കൂടാതെ വിവിധ ഘട്ടങ്ങളിൽ സിഎംആർഎൽ വിവിധ രാഷ്ട്രീയ കക്ഷികൾക്കും മാധ്യമപ്രവർത്തകർക്കും മതമേലധ്യക്ഷന്മാർക്കും അമ്പലങ്ങൾക്കും പള്ളികൾക്കും പണം നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെട്ട ഒരു ഡയറിയും കണ്ടെത്തി. 135.4 കോടി രൂപ സിഎംആർഎൽ വിവിധഘട്ടങ്ങളിൽ മേൽപ്പറഞ്ഞവർക്ക് നൽകിയിട്ടുണ്ട് എന്ന് ഈ ഡയറിയിൽനിന്നും കണ്ടെത്തിയെന്നാണ് ആദായനികുതി വകുപ്പ് അവകാശപ്പെടുന്നത്. തുടർന്ന് ആദായനികുതി വകുപ്പിന്റെ ഇന്റെറിം സെറ്റിൽമെന്റ്- ബോർഡ് മുമ്പാകെ സിഎംആർഎൽ കമ്പനി അപ്പീൽ കൊടുത്തു. ആദായ നികുതിയുമായി ബന്ധപ്പെട്ട കണക്കുകളിലെ പൊരുത്തക്കേട് പരിഹരിക്കാനുള്ള ഹർജി ഇന്റെറിം സെറ്റിൽമെന്റ് ബോർഡ് 2023 ജൂൺ 16ന് തീർപ്പാക്കി. ബോർഡിന്റെ സെറ്റിൽമെന്റ് ഉത്തരവിൽ കമ്പനിയും ആദായനികുതി വകുപ്പും തമ്മിൽ ആദായനികുതി അടച്ചതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള എല്ലാവിധ തർക്കങ്ങളിലും തീർപ്പ് കല്പിക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. ഇന്റെറിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവ് കമ്പനി നിയമപ്രകാരമുള്ള ഒരു സെറ്റിൽമെന്റ് ഉത്തരവാണ് എന്നതുകൊണ്ടുതന്നെ ഈ ഉത്തരവ് മറ്റൊരു കേസിലും പ്രൊസീഡിങ്-സിലും ഉപയോഗിക്കാൻ പാടില്ല എന്നുള്ളത് കമ്പനികാര്യ നിയമത്തിന്റെ ഭാഗമാണ്. ഉത്തരവിൽ എക്സാലോജിക് കമ്പനിക്കെതിരെ ചില പരാമർശങ്ങളുണ്ടെങ്കിലും എക്സാലോജിക് കമ്പനിക്ക് സമൻസ് അയയ്-ക്കുകയോ കമ്പനി ഉടമകളെ കേൾക്കുകയോ ഏതെങ്കിലും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നുള്ളത് ആ ഉത്തരവിലെ ഏറ്റവും വലിയ ന്യൂനതയും സാമൂഹ്യനീതിയുടെ ലംഘനവും ആണ്.

തുടർന്ന് ബിജെപി നേതാവ് ഷോൺ ജോർജ് മേൽ വിഷയത്തിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു മുമ്പാകെ ഒരു പരാതിയും കേരള ഹൈക്കോടതി മുമ്പാകെ റിട്ട് പെറ്റീഷനും ( WPC No. 42092/2023) ഫയൽ ചെയ്തു. 2024 ജനുവരി 12ന് കമ്പനി നിയമത്തിലെ വകുപ്പ് 210 (1) ( c) പ്രകാരം കമ്പനി കാര്യമന്ത്രാലയം ഒരു അന്വേഷണത്തിന് ഉത്തരവിട്ടു. 18 ദിവസങ്ങൾക്കുശേഷം 2024 ജനുവരി 30ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ-്ഐഒ) വഴി കമ്പനി നിയമത്തിന്റെ വകുപ്പ് 212 (1) (a) ( c) പ്രകാരം കമ്പനികാര്യ മന്ത്രാലയം മറ്റൊരു അന്വേഷണ ഉത്തരവും പുറപ്പെടുവിച്ചു. കമ്പനി നിയമത്തിന്റെ വകുപ്പുകൾ പ്രകാരം ഒരു കമ്പനിയും ആദായനികുതി വകുപ്പും തമ്മിൽ ആദായനികുതി അടച്ചതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള തർക്കങ്ങൾ ഇന്റെറിം സെറ്റിൽമെന്റ് ബോർഡ് തീർപ്പാക്കിക്കഴിഞ്ഞാൽ അത് മറ്റൊരു കേസിന്റെയോ പ്രൊസീഡിങ്സിന്റെയോ പരാതിയുടെയോ ഭാഗമാക്കി മാറ്റാൻ പാടില്ല. ഇന്റെറിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനി കാര്യവകുപ്പും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും പ്രത്യേക അന്വേഷണങ്ങൾ ആരംഭിച്ചതിനെ ചോദ്യംചെയ്തുകൊണ്ട് സിഎംആർഎൽ കമ്പനി ഡൽഹി ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു. ഡൽഹി ഹൈക്കോടതി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഒാഫീസ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്റ്റേ ചെയ്യുകയും തൽസ്ഥിതി തുടരാൻ അന്വേഷണ ഏജൻസിയോട് നിർദ്ദേശിക്കുകയും ചെയ്തു. മേൽ നിർദ്ദേശം നിലനിൽക്കെ അന്വേഷണ ഏജൻസി കൊച്ചിയിലെ പ്രത്യേക കോടതിയിൽ അന്വേഷണ റിപ്പോർട്ട് (Complaint) സമർപ്പിക്കുകയായിരുന്നു. തുടർന്ന് ഡൽഹി ഹൈക്കോടതി എഫ്എസ്ഐഒ അന്വേഷണത്തിന്റെ തുടർനടപടികൾ വീണ്ടും നിർത്തിവയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. പിന്നീട് എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ടിന്മേൽ വിചാരണ കോടതി കോഗ്നിസൻസ് ആരംഭിക്കുന്നത് കേരള ഹൈക്കോടതിയും തടഞ്ഞു. അതായത്, ഒരു കമ്പനിയും ആദായനികുതി വകുപ്പും തമ്മിലുള്ള ആദായ നികുതി റിട്ടേൺ അടച്ചതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ സെറ്റിൽമെന്റ്- ബോർഡിനു മുമ്പാകെ തീർപ്പു കൽപ്പിച്ചിട്ടും കമ്പനികാര്യവകുപ്പിലെ രണ്ടു വകുപ്പുകൾ പ്രകാരം തുടർനടപടികൾ സ്വീകരിച്ച നടപടികളെ ഡൽഹി ഹൈക്കോടതിയും തുടർന്ന് കേരള ഹൈക്കോടതിയും സ്റ്റേ ചെയ്തിരിക്കുകയാണ്.

ഇതിനിടയിലാണ് എസ്എഫ്ഐഒ യുടെ നിർദ്ദേശപ്രകാരം ഒരു കേസ് ഇ ഡി രജിസ്റ്റർ ചെയ്തു എന്ന് മാധ്യമങ്ങളിൽ വാർത്ത വന്നത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടുകൊണ്ട് സിഎംആർഎൽ കമ്പനിക്കും നാല് ഉദ്യോഗസ്ഥർക്കും സമൻസ് അയക്കുകയും ചെയ്തു. വിവിധ വാദങ്ങൾ ഉയർത്തിക്കൊണ്ട് സിഎംആർഎൽ ഈ സമൻസിനെ കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്യുകയും 2024 ഏപ്രിൽ 12 ന് ഹൈക്കോടതി ഇ ഡി നടപടികൾ താൽക്കാലികമായി സ്റ്റേ ചെയ്യുകയും ചെയ്തു. തങ്ങൾക്ക് യാതൊരുവിധ നിയമപരമായ അധികാരവുമില്ലാത്ത കേസിൽ ഇ ഡി സമൻസ് അയച്ച് ബുദ്ധിമുട്ടിക്കുകയാണ് എന്നതായിരുന്നു സിഎംആർഎല്ലിന്റെ പ്രധാനപ്പെട്ട വാദം. രണ്ടു വർഷങ്ങൾക്കുz ശേഷം 2026 മെയ് 26 ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് റിട്ട് പെറ്റീഷനിൽ തീർപ്പ് കൽപ്പിക്കുകയും സമൻസ് അയച്ച് ചോദ്യം ചെയ്യുന്നതിൽ നിയമവിരുദ്ധതയില്ല എന്ന് കണ്ടെത്തി സിഎംആർഎല്ലിന്റെ ഹർജി തള്ളുകയും ചെയ്തു. ഇന്റെറിം സെറ്റിൽമെന്റ് ബോർഡ് തീർപ്പു കൽപ്പിച്ച ഒരു ഉത്തരവിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ ഇഡി പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസിക്ക് കമ്പനി നിയമപ്രകാരമുള്ള വിഷയങ്ങളിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കഴിയുമോ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്.

135.4 കോടി രൂപയുടെ പണംകൈമാറ്റവുമായി ബന്ധപ്പെട്ടു കൊണ്ട് ആദായനികുതി വകുപ്പ് സിഎംആർഎല്ലിൽ നിന്നും കണ്ടെടുത്ത ഡയറിയെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഇ ഡി അന്വേഷണം നടത്തുന്നതെങ്കിൽ ഡയറിയിലെ പേര് തങ്ങളുടെതാണെന്നും ‘തങ്ങൾ പണം വാങ്ങിച്ചു’ എന്നും സമ്മതിച്ച രമേശ് ചെന്നിത്തലയെയും കുഞ്ഞാലിക്കുട്ടിയെയും ചോദ്യംചെയ്യുവാനോ അവരുടെ വീടുകൾ റെയ്-ഡ് ചെയ്യുവാനോ എന്തുകൊണ്ടാണ് ഇ ഡി തയ്യാറാകാത്തത്? ഡയറിയിൽ പേരുള്ള രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഇന്ന് കേരളത്തിലെ മന്ത്രിമാരാണ്.

കരാർ പ്രകാരം ചെയ്ത സേവനത്തിന് ബാങ്കുവഴി ജി എസ് ടി യും ഐജിഎസ്ടി യും ആദായനികുതിയും അടച്ച് അഞ്ചു വർഷം കൊണ്ട് 1. 72 കോടി രൂപ (60 മാസ കാലയളവിൽ ) പ്രതിഫലമായി വാങ്ങിയ എക്‌സാലോജിക് കമ്പനിയെ മാത്രം കേന്ദ്രീകരിക്കാൻ അന്വേഷണം ഇഡി തയ്യാറാകുന്നത് എന്തുകൊണ്ടാണ്? ഏതെങ്കിലും തരത്തിൽ സി എം ആർ എല്ലും എക്സാലോജിക് കമ്പനിയും തമ്മിലുള്ള കരാറിന്റെ ഭാഗമായി ഗവൺമെന്റിൽ നിന്നോ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഓഫീസിൽനിന്നോ എന്തെങ്കിലും നിയമവിരുദ്ധമായ നേട്ടം സിഎംആർഎൽ കമ്പനിക്ക് ഉണ്ടാക്കാൻ കഴിഞ്ഞോ? ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ട് മാത്യു കുഴൽനാടൻ വിജിലൻസ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹർജി നൽകി അന്വേഷണം ആവശ്യപ്പെട്ടപ്പോൾ ഒരു തെളിവും ഇല്ല എന്നു കണ്ടെത്തി കോടതി ഹർജികൾ തള്ളിക്കളഞ്ഞത് നമ്മുടെ മുന്നിൽ ഉണ്ട്. ഇതിൽ നിന്നുതന്നെ രണ്ടു കമ്പനികൾ തമ്മിലുള്ള നിയമപരമായ കരാറിൽ ഗവൺമെന്റിനോ ഭരണസംവിധാനത്തിനോ യാതൊരു ഉത്തരവാദിത്വമോ ബാധ്യതയോ ഇല്ല എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഈ കേസിൽ യാതൊരു തെളിവുമില്ലാതെ ഇ ഡിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ അന്വേഷണ പ്രഹസനം നടത്തുന്നത് പിണറായി വിജയനെയും കുടുംബത്തെയും ആക്രമിച്ച് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ വേണ്ടിയാണ്.

പി എം എൽ എ നിയമപ്രകാരം ഏതെങ്കിലും ഒരു ഷെഡ്യൂൾഡ് കുറ്റകൃത്യത്തിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കപ്പെട്ടു എന്ന പരാതി ഉണ്ടെങ്കിൽ മാത്രമേ ഇ ഡിക്ക് കേസ് അന്വേഷിക്കാൻ കഴിയു. ആദ്യം ഒരു കുറ്റകൃത്യം നടക്കണം. ആ കുറ്റകൃത്യത്തിന്റെ പരിണിതഫലമായി ഒരു പ്രൊസീഡ്സ് ഓഫ് ക്രൈം (Proceedട of Crime) എന്ന നിലയിൽ കള്ളപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇ ഡിക്ക് അന്വേഷിക്കാം. സിഎംആർഎൽ കമ്പനിയും ആദായ നികുതി വകുപ്പും തമ്മിലുള്ള ആദായനികുതി റിട്ടേണുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരു പ്രഡിക്കേറ്റ് ഓഫൻസ് ഇല്ലെന്നിരിക്കെ, ഇ ഡി കേസ് രജിസ്റ്റർ ചെയ്യുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തത് നിയമപരമല്ല. അതായത് പ്രഡിക്കേറ്റ് കുറ്റകൃത്യം ഇല്ലാതെ ഇ ഡി നേരിട്ടാണ് സി എം ആർ എല്ലും എക്സാലോജിക്കുമായി ബന്ധപ്പെട്ടുള്ള കേസിൽ തുടർനടപടികൾ സ്വീകരിച്ചിരിക്കുന്നത്.

സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ച നടപടിയുമായി ഇ ഡി യ്ക്കുമുന്നോട്ടുപോകാം എന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയതിന്റെ പിറ്റേ ദിവസമാണ് യാതൊരു സമൻസും നൽകാതെ പിണറായി വിജയന്റെ വീട്ടിൽ ഇ ഡി പരിശോധന നടത്തിയത്. ഈ കേസിൽ ഉൾപ്പെടെ ഒരു പ്രഡിക്കേറ്റ് ഒഫൻസ് എന്ന നിലയിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യം അല്ലാതെ ഇഡി നേരിട്ട് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം പ്രഖ്യാപിക്കുന്നത് അടുത്തകാലത്ത് നാം നിരവധി കണ്ടു. അന്വേഷണത്തിനിടെ നിയമത്തിലെ മറ്റു വ്യവസ്ഥകളുടെ ലംഘനങ്ങൾ കണ്ടെത്തിയാൽ ഉചിതമായ അന്വേഷണ ഏജൻസിയെ അറിയിക്കുകയാണ് ഇഡി ചെയ്യേണ്ടതെന്നും തങ്ങൾക്ക് അധികാരമില്ലാത്ത മേഖലകളിൽ സ്വയം അന്വേഷണം നടത്തരുത് എന്നും ഉള്ള മദ്രാസ് ഹൈക്കോടതിയുടെ വിധിന്യായം പുറത്തുവന്നിട്ട് അധികനാളായിട്ടില്ല.

കളളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ വിനിമയത്തിലെ ക്രമക്കേടുകൾ തുടങ്ങിയ ഗുരുതര സാമ്പത്തിക കുറ്റങ്ങൾ ആരോപിച്ച്, ഇ ഡി ഏതാനും വർഷങ്ങളായി നൂറുകണക്കിന് കേസുകൾ എല്ലാ വർഷവും രജിസ്‌റ്റർ ചെയ്യുന്നുണ്ടെങ്കിലും അവയിൽ ശിക്ഷാനിരക്ക് വളരെ കുറവാണെന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ആകെ ഒരു ശതമാനത്തിൽ താഴെ കേസുകളിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്ത് കള്ളപ്പണം എന്ന് ആരോപിച്ച് ഇ ഡി പണം പിടിച്ചെടുത്ത കേസുകളിൽ ഉൾപ്പെട്ട പണത്തിന്റെ ഒരു ശതമാനം പണം പോലും കള്ളപ്പണം ആണെന്ന് തെളിയിക്കാൻ ഇ ഡിക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും തെളിവില്ലാതെ കെട്ടിച്ചമയ്ക്കുന്ന ഇ ഡി കേസുകളിൽ ഭൂരിഭാഗം കേസുകളും വിചാരണ തുടങ്ങാൻ ഏറെക്കാലം വൈകുന്നുണ്ട്. ഇക്കാര്യത്തിൽ ഇഡിയുടെ വീഴ്ചയെ സുപ്രീം കോടതിയും പല ഹൈക്കോടതികളും വിമർശിച്ചിട്ടുണ്ട്. 2014ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയശേഷം ഇ ഡി രജിസ്‌റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം പലമടങ്ങ് വർധിച്ചെങ്കിലും പലതും ബിജെപിക്കും ഇടനിലക്കാർക്കും പണവും മറ്റു നേട്ടങ്ങളുമുണ്ടാക്കാനുള്ളവയാണ് എന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊച്ചിയിൽ ഇ ഡി ഉന്നത ഉദ്യോഗസ്ഥനടക്കം പ്രതിയായ പുതിയ അഴിമതിക്കേസ്. കഴിഞ്ഞ 10 വർഷത്തിനിടെ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇ ഡി എടുത്ത 193 കേസുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടതെന്ന് രണ്ടുമാസം മുമ്പ് രാജ്യസഭയിൽ സിപിഐ എം അംഗം എ എ റഹിമിന്റെ ചോദ്യത്തിനു നൽകിയ മറുപടിയിൽ സർക്കാർ സമ്മതിച്ചിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് നൽകിയ ഭൂരിഭാഗം കോർപ്പറേറ്റ് സ്ഥാപനങ്ങളും ഇഡിയുടെയും സിബിഐയുടെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണ പരിധിയിൽ ഉണ്ടായിരുന്നു എന്നത് ഏവരെയും അത്ഭുതപ്പെടുത്തിയതാണ്. ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് നൽകിയതോടെ ഈ സ്ഥാപനങ്ങൾക്കുമേലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ എല്ലാ അന്വേഷണങ്ങളും മരവിപ്പിക്കപ്പെട്ടു.

അന്വേഷണ ഏജൻസിയെന്ന നിലയിൽ ഓരോ ദിവസവും വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഇ ഡി. പ്രതിപക്ഷത്തെ വേട്ടയാടാനും രാഷ്ട്രീയ ലക്ഷ്യ പൂർത്തീകരണത്തിനുമായി കേന്ദ്ര ഗവൺമെന്റ് ഇഡിയെ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന പരിശോധനയും കള്ളപ്രചരണങ്ങളും. തങ്ങൾക്ക് യാതൊരു അധികാരവുമില്ലാത്ത വിഷയത്തിൽ രാഷ്ട്രീയ ലക്ഷ്യ പൂർത്തീകരണത്തിനായി ഇഡി ഇറങ്ങിത്തിരിച്ചിരിക്കുന്നത് ബിജെപിയുടെയും കോൺഗ്രസിന്റെയും ഒത്താശയോടെയും ആശീർവാദത്തോടെയുമാണ്. ഇത്തരത്തിലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണ മാമാങ്കങ്ങൾ കഴിഞ്ഞ പത്തുവർഷമായി കേരളത്തിൽ തുടരുന്നതാണ്. ആ ഘട്ടങ്ങളിലെല്ലാം തലയിൽ തുണിയിട്ട് ലജ്ജിച്ചു തലതാഴ്ത്തി ഇ ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കേരളത്തിൽ നിന്നും മടങ്ങിപ്പോയതു നാം കണ്ടതാണ്. ഇപ്പോൾ നടക്കുന്ന ഈ അന്വേഷണ പ്രഹസനങ്ങളുടെയും ഫലം മറ്റൊന്നാകില്ല, തീർച്ച. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 2 =

Most Popular