Monday, June 8, 2026

ad

Homeകവര്‍സ്റ്റോറിപിണറായി വിജയനെതിരായ 
രാഷ്ട്രീയവേട്ട

പിണറായി വിജയനെതിരായ 
രാഷ്ട്രീയവേട്ട

പി എം മനോജ്

കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ചരിത്രം ശക്തമായ രാഷ്ട്രീയ ഏറ്റുമുട്ടലുകളുടേതുകൂടിയാണ്. മുഖ്യമന്ത്രിമാർ, മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ – എന്നിവരാരും വിമർശനങ്ങൾക്ക് അതീതരായിരുന്നിട്ടില്ല. അത് ഉദാത്തമായ ജനാധിപത്യ രാഷ്ട്രീയത്തിന്റെ സ്വാഭാവിക ഘടകവുമാണ്. എന്നാൽ, രാഷ്ട്രീയ വിമർശനവും സംഘടിത രാഷ്ട്രീയ വേട്ടയും ഒന്നല്ല. ഒരു സർക്കാരിന്റെ നയങ്ങളെ എതിർക്കുന്നതും ഒരു നേതാവിന്റെ തീരുമാനങ്ങളെ ചോദ്യംചെയ്യുന്നതും ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ് എന്നുതന്നെ പറയാം. എന്നാൽ, വർഷങ്ങളോളം ഒരു വ്യക്തിയെ യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളുടെയും സംശയങ്ങളുടെയും മാധ്യമ വിചാരണകളുടെയും സ്ഥിരം കേന്ദ്രമാക്കി, അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസ്യതയെയും ജീവിതത്തെയും തന്നെ പ്രധാന ലക്ഷ്യമാക്കി നിരന്തരമായ ആക്രമണം നടത്തുന്നത് മറ്റൊരു രാഷ്ട്രീയ പ്രക്രിയയാണ്.

സമകാലിക കേരള രാഷ്ട്രീയം പരിശോധിക്കുമ്പോൾ ഈ വ്യത്യാസം ഏറ്റവും വ്യക്തമായി കാണുന്നത് പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള നിരന്തര ആക്രമണങ്ങളിലാണ്. അദ്ദേഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റപ്പെട്ട വിവാദങ്ങളുടെ നിരയായിമാത്രം വായിക്കുന്നത് അപൂർണ രാഷ്ട്രീയ വായനയാകും. ആരോപണങ്ങളുടെ വിഷയങ്ങൾ മാറ്റിമാറ്റി പരീക്ഷിക്കുമ്പോഴും ആക്രമണത്തിന്റെ അടിസ്ഥാന രീതിശാസ്ത്രം ഏറെക്കുറെ ഒരേപോലെ തുടരുന്നുണ്ട്. പിണറായി വിജയനെതിരായ ആക്രമണങ്ങളുടെ ചരിത്രം അദ്ദേഹം മുഖ്യമന്ത്രിയായശേഷം ആരംഭിച്ചതല്ല. സിപിഐഎമ്മിന്റെ പ്രാദേശിക സംഘാടകനായിരുന്ന കാലം മുതൽ ദേശീയ ശ്രദ്ധ നേടിയ നേതാവായി ഉയർന്നുവന്ന ഘട്ടംവരെയും നീളുന്നതാണത്. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ ഭരണകൂട പീഡനത്തിന്റെ ഇരയായ രാഷ്ട്രീയ പ്രവർത്തകനിൽനിന്ന് ദേശീയതലത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രധാന മുഖങ്ങളിലൊരാളായി മാറിയതുവരെ, വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത രൂപങ്ങളിലാണ് ആക്രമണങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.

രാഷ്ട്രീയ വിയോജിപ്പുകളുടെ സാധാരണ പരിധി പലപ്പോഴും മറികടക്കപ്പെട്ടു. സംഘടനാപരവും ഭരണപരവുമായ തീരുമാനങ്ങൾ വ്യക്തിപരമായ അഴിമതിയുടെ കഥകളാക്കി വക്രീകരിക്കപ്പെട്ടു. സാധാരണ മനുഷ്യർക്കുണ്ടാകാവുന്ന അബദ്ധങ്ങൾപോലും അസാധാരണ രാഷ്ട്രീയ വിവാദങ്ങളാക്കി വികസിപ്പിക്കപ്പെട്ടു. ചികിത്സ പോലുള്ള വ്യക്തിപരമായ വിഷയങ്ങൾ വരെ പൊതുവേദിയിലെ ആക്ഷേപഭാഷയുടെ ഭാഗമാക്കി. പൊതുരാഷ്ട്രീയത്തിൽ സജീവമല്ലാത്ത കുടുംബാംഗങ്ങൾക്കു നേരെയും ആരോപണങ്ങളും അപവാദങ്ങളും ഉയർത്തി. ഈ പ്രക്രിയയിൽ ചില മാധ്യമവിഭാഗങ്ങളുടെ പങ്കും പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നതാണ്. വാർത്തയും രാഷ്ട്രീയ പ്രചാരണവും തമ്മിലുള്ള അതിർത്തി പല ഘട്ടങ്ങളിലും വിസ്മരിക്കപ്പെടുകയാണ്. പ്രധാന ചോദ്യം ആരോപണങ്ങൾ ഉയരുന്നുണ്ടോ എന്നതല്ല; ആരോപണങ്ങൾ എങ്ങനെയാണ് നിർമ്മിക്കപ്പെടുന്നത്, പ്രചരിപ്പിക്കപ്പെടുന്നത്, രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നത് എന്നതാണ്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളത്തിലുയർന്നുവരുന്ന രാഷ്ട്രീയ വിവാദങ്ങളെ നിരത്തി നോക്കുമ്പോൾ ശ്രദ്ധേയമായി കാണപ്പെടുന്ന ഒരു സ്ഥിരമായ മാതൃകയുണ്ട്. ആദ്യം ഒരു വലിയ ആരോപണം ഉയരും. പിന്നാലെ അതിവേഗത്തിൽ ശക്തമായ മാധ്യമ പ്രചരണം രൂപപ്പെടും. അന്വേഷണത്തിന്റെ നിയമപരമായ ഗതി സ്വാഭാവികമായി മുന്നോട്ടുപോകുന്നതിനു മുമ്പുതന്നെ പൊതുസമൂഹത്തിൽ രാഷ്ട്രീയ വിധിന്യായങ്ങൾ പ്രഖ്യാപിക്കപ്പെടും. “രാഷ്ട്രീയ അന്ത്യം”, “അനിവാര്യ രാജി”, “അവസാന അധ്യായം” തുടങ്ങിയ പ്രയോഗങ്ങൾ വാർത്താ–രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലേക്ക് എത്തും. അന്വേഷണം എന്ന നിയമപരമായ പ്രക്രിയ പലപ്പോഴും രണ്ടാം സ്ഥാനത്തേക്ക് നീങ്ങുകയും ആരോപണം തന്നെ രാഷ്ട്രീയ യാഥാർത്ഥ്യമായി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ദിവസങ്ങളോളം, മാസങ്ങളോളം, ചിലപ്പോൾ വർഷങ്ങളോളം ഒരു ആരോപണം പൊതുബോധത്തിന്റെ കേന്ദ്രത്തിൽ നിലനിർത്തപ്പെടുന്നു. പിന്നീട് നിയമപരമായ പുരോഗതി ആദ്യകാല രാഷ്ട്രീയ ബഹളത്തിന്റെ തീവ്രതയോട് പൊരുത്തപ്പെടാതെ വരുമ്പോൾ, രാഷ്ട്രീയ ചർച്ച പുതിയ ആരോപണങ്ങളിലേക്ക് മാറുന്നു.

കേരള രാഷ്ട്രീയത്തിൽ ഒരു തലമുറയുടെ രാഷ്ട്രീയ ഓർമയുടെ ഭാഗമായ ലാവ്ലിൻ കേസ് ഈ രീതിശാസ്ത്രത്തിന്റെ പ്രധാന ഉദാഹരണമാണ്. അതുപോലെ മണിമാളിക പണിതു എന്ന പ്രചാരണം, സിംഗപ്പൂരിൽ ഭാര്യയുടെ പേരിൽ കമ്പനി, കണ്ണൂരിൽ ഹോട്ടൽ എന്നിങ്ങനെയുള്ള പ്രചാരണങ്ങൾ, സ്വർണക്കടത്ത് വിവാദം, ലൈഫ് മിഷൻ വിവാദം-. എന്നിങ്ങനെ അത് അനന്തമായി നീളുകയാണ്. ഏതെങ്കിലും ഒന്നിൽ തരിമ്പെങ്കിലും വസ്തുതയുണ്ടോ? അതിന്റെ പരിശോധനാഫലം മാത്രം പ്രസിദ്ധീകരിക്കപ്പെടാറില്ല. ഇപ്പോൾ എക്സാലോജിക്–സി.എം.ആർ‍.എൽ വിഷയത്തെ ചുറ്റിപ്പറ്റിയുണ്ടായ രാഷ്ട്രീയ–മാധ്യമ അന്തരീക്ഷത്തിലും സമാനമായ പ്രവണതകൾ കാണാനാവും.

സ്വർണക്കടത്ത് വിവാദത്തിന്റെ കാലത്ത് സർക്കാർ തകർച്ചയുടെ അരികിലെത്തിയെന്ന തരത്തിലുള്ള പൊതുബോധം സൃഷ്ടിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ്-തന്നെ കേന്ദ്രകഥാപാത്രമാക്കിയ മാധ്യമ-രാഷ്ട്രീയ ഭാഷ ആ കാലഘട്ടത്തെ നിർവചിച്ചു. വർഷങ്ങളോളം നീണ്ട അന്വേഷണങ്ങളുടെയും നിയമനടപടികളുടെയും അവസാനം അടിസ്ഥാന ചോദ്യം നിലനിൽക്കുന്നു: ആദ്യഘട്ടത്തിൽ അവതരിപ്പിക്കപ്പെട്ട ആരോപണങ്ങളുടെ അതേ രാഷ്ട്രീയ തീവ്രതയിൽ അവയുടെ നിയമപരമായ സാധുത എവിടെയെങ്കിലും സ്ഥാപിക്കപ്പെട്ടിട്ടുണ്ടോ? ഇവിടെയാണ് മാധ്യമനിർമിത പൊതുബോധവും നിയമയാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം ചർച്ചാവിഷയമാകുന്നത്.

കഴിഞ്ഞ ഒരു ദശകത്തിനിടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിച്ച വിഷയങ്ങളിലൊന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രവർത്തനരീതി. എൻഫോഴ്‌സ-്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ആദായനികുതി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ നിയമപരമായ അധികാരത്തെക്കുറിച്ചല്ല ഇവിടെ സൂചിപ്പിക്കുന്നത്. ആ അധികാരത്തിന്റെ രാഷ്ട്രീയ ഉപയോഗത്തെക്കുറിച്ചാണ്. ഏത് കേസിന് എപ്പോൾ അസാധാരണ രാഷ്ട്രീയ പ്രാധാന്യം ലഭിക്കുന്നു, തിരഞ്ഞെടുപ്പ് ഘട്ടങ്ങളുമായോ നിർണായക രാഷ്ട്രീയ ഏറ്റുമുട്ടലുകളുമായോ ചില നടപടികൾക്ക് കാണുന്ന സമയസാമ്യം എത്രത്തോളം യാദൃച്‌ഛികമാണ്, അന്വേഷണത്തിന്റെ നിയമപരമായ ഗതിയേക്കാൾ വസ്തുതയ്ക്കു നിരക്കാത്ത രാഷ്ട്രീയ ആരോപണങ്ങൾ എന്തുകൊണ്ട് മുൻനിര ചർച്ചയാകുന്നു എന്നതൊന്നും പരിശോധിക്കാതെ മൂല്യവത്തായ ചർച്ച പുരോഗമിക്കില്ല.

സിപിഐഎം വർഷങ്ങളായി ഉന്നയിക്കുന്ന പ്രധാന വിഷയവും ഇതുതന്നെയാണ്. അന്വേഷണം വേണമോ വേണ്ടയോ എന്നതല്ല പ്രശ്നം. ജനാധിപത്യ സംവിധാനത്തിൽ നിയമപരമായ അന്വേഷണങ്ങൾ സ്വാഭാവികതയാണ്. ആ അന്വേഷണം നിയമപരമായ ഉപാധി എന്നതിൽ നിന്ന് രാഷ്ട്രീയ ആയുധമായി രൂപാന്തരപ്പെടുമ്പോഴാണ് വിമർശനവും എതിർപ്പും ഉയരുന്നത്. ഒരു അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത അതിന്റെ നിയമപരമായ അധികാരത്തിൽ മാത്രമല്ല നിൽക്കുന്നത്. പക്ഷപാത രാഹിത്യത്തിലും നീതിബോധത്തിലും അതിലൂടെ ഉണ്ടാകുന്ന വിശ്വാസ്യതയിലുമാണ് അതിന്റെ അടിത്തറ.

കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ ചർച്ചയ്ക്ക് കൂടുതൽ പ്രസക്തിയുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ കഴിയാത്ത ഘട്ടങ്ങളിലാണ് ആരോപണം–ഏജൻസി–മാധ്യമ വിചാരണ എന്ന ഒരു രാഷ്ട്രീയ ത്രികോണം പ്രവർത്തനക്ഷമമാകുന്നത്. ആരോപണങ്ങൾ ഉയരുന്നു, അതിന് അതിശക്തമായ മാധ്യമ ആവർത്തനം ലഭിക്കുന്നു, കേന്ദ്ര ഏജൻസികളുടെ ഇടപെടൽ അതിന് പുതിയ രാഷ്ട്രീയ ഊർജം നൽകുന്നു, പിന്നീടത് നിയമപരമായ പ്രക്രിയയേക്കാൾ വലുതായ രാഷ്ട്രീയ നരേറ്റീവായി വളരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളിലായി കേരളത്തിലെ രാഷ്ട്രീയ വിവാദങ്ങളെ പിന്തുടർന്നവർക്ക് ഈ പാറ്റേൺ അപരിചിതമല്ല. 2006 ൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖാപിച്ച ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ പൊടുന്നനെ ഔട്ട് ഓഫ് അജൻഡയായി കൊണ്ടുവന്ന ലാവ്-ലിൻ കേസ് സിബിഐക്ക് വിട്ടത് അന്നത്തെ ഉമ്മൻചാണ്ടി സർക്കാരാണ്. സംസ്ഥാന വിജിലൻസ് അന്വേഷിച്ചു നൽകിയ റിപ്പോർട്ട് തങ്ങൾ ഉദ്ദേശിച്ച നിലയിൽ അല്ല എന്നുവന്നപ്പോൾ ആ റിപ്പോർട്ടിനെയും അത് സമർപ്പിച്ച വിജിലൻസ് മേധാവിയെയും തള്ളിക്കളഞ്ഞുകൊണ്ടാണ്, പിണറായി വിജയനെ തിരഞ്ഞെടുപ്പ് രംഗത്തു നിന്നു പോലും മാറ്റിനിർത്തുക എന്ന ഉദ്ദേശ്യത്തോടെ ആ അസാധാരണ നടപടിയുണ്ടായത്. ഒരു പത്രം സംശയം ഉന്നയിച്ചതുകൊണ്ടാണ് അത് ചെയ്തത് എന്ന വികലന്യായമാണ് പിന്നീട് അതു സംബന്ധിച്ച വിശദീകരണത്തിൽ ഉമ്മൻചാണ്ടി പറഞ്ഞത് എന്നും ഓർക്കണം.

ഇവിടെ നിർണായകമായ കാര്യം മറ്റൊന്നാണ്. ആരോപണങ്ങളുടെ രാഷ്ട്രീയ മൂല്യം പലപ്പോഴും അവയുടെ നിയമപരമായ അന്തിമഫലത്തിൽ അല്ല, പൊതുബോധത്തിൽ സൃഷ്ടിക്കുന്ന ദീർഘകാല പ്രതിഛായയിലാണ്. ഒരു കേസ് ഒടുവിൽ കോടതിയിൽ എന്തു നിലയിലേക്കാണ് എത്തുന്നത് എന്നതിനെക്കാൾ, വർഷങ്ങളോളം വ്യക്തിയുടെ പേരിനൊപ്പം സംശയത്തിന്റെ നിഴൽ ചേർത്തുനിർത്താൻ കഴിയുന്നുണ്ടോ എന്നതാണ് രാഷ്ട്രീയ പ്രചരണത്തിന്റെ പ്രധാന ലക്ഷ്യം. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ പല സംസ്ഥാനങ്ങളിലുമായി കണ്ടുവരുന്ന പ്രവണതയുടെ കേരള രൂപമാണ് ഇതെന്ന് ഇടതുപക്ഷം കാണുന്നു.

എന്തുകൊണ്ട് 
പിണറായി വിജയൻ?
പിണറായി വിജയനെ ചുറ്റിപ്പറ്റിയുള്ള ആരോപണ രാഷ്ട്രീയത്തിന് അസാധാരണമായ തീവ്രത ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഒരു വ്യക്തിയുടെ സ്വഭാവത്തിലോ രാഷ്ട്രീയ ശൈലിയിലോ നോക്കി മാത്രം വിശദീകരിക്കാൻ കഴിയില്ല. അതിന് വലിയ രാഷ്ട്രീയ പശ്ചാത്തലമുണ്ട്.

ഏറ്റവും വലിയ രാഷ്ട്രീയ തടസ്സമായി കാണപ്പെടുന്ന വ്യക്തിയാണ് ഏറ്റവും ശക്തമായ ആക്രമണത്തിന്റെ ലക്ഷ്യമാകുന്നത്. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള പിണറായി വിജയന്റെ സാന്നിധ്യം യു ഡി എഫിന്റെ സാധ്യതകളെ ഇല്ലാതാക്കാൻ കരുത്തുള്ളതാണ് എന്ന ബോധ്യമാണ് അക്കാലത്ത് വ്യക്ത്യധിഷ്ഠിത ആക്രമണങ്ങളിലേക്ക് തിരിയാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്. ഒപ്പംതന്നെ, കേരളത്തിൽ ബിജെപിയുടെ രാഷ്ട്രീയ വളർച്ചയുടെ മുന്നിൽ ഏറ്റവും വലിയ തടസ്സമായി നിലകൊള്ളുന്നത് സിപിഐഎം നയിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ മുഖം പിണറായി വിജയനാണു താനും.

ദേശീയ തലത്തിൽ സംഘപരിവാർ രാഷ്ട്രീയത്തിനും കേന്ദ്രീകൃത ഭരണ മാതൃകകൾക്കും നവലിബറൽ സാമ്പത്തിക–രാഷ്ട്രീയ അജൻഡകൾക്കും വ്യക്തമായ പ്രത്യയശാസ്ത്ര എതിർധ്രുവമായി സ്വയം അവതരിപ്പിച്ച സംസ്ഥാന സർക്കാരാണ് കേരളത്തിൽ 2016 മുതൽ നിലനിന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട്, ഫെഡറൽ അവകാശങ്ങളുമായി സംബന്ധിച്ചുള്ള തുറന്ന ഏറ്റുമുട്ടൽ, ഗവർണർ വിഷയത്തിൽ കേന്ദ്രവുമായി ഉണ്ടായ സംഘർഷം, ക്ഷേമ–വികസന രാഷ്ട്രീയത്തിന്റെ ബദൽ മാതൃക അവതരിപ്പിക്കാനുള്ള ശ്രമം – ഇവയെല്ലാം ചേർന്നാണ് പിണറായി സർക്കാർ ദേശീയ രാഷ്ട്രീയ ചർച്ചകളിൽ പ്രത്യേക സ്ഥാനം നേടിയത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഈ രാഷ്ട്രീയ യാഥാർത്ഥ്യം കൂടുതൽ വ്യക്തമായി. കേരളത്തിന്റെ പതിറ്റാണ്ടുകളായുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തെ മറികടന്ന് ഇടതുപക്ഷ വിജയത്തിന് തുടർഭരണം ലഭിച്ചതിനുശേഷം, സർക്കാരിനെ നേരിട്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ പ്രതിരോധിക്കുന്നതിനു പുറമെ മറ്റൊരു ആക്രമണരേഖയും കൂടുതൽ ശക്തമായി.

ഈ പശ്ചാത്തലത്തിൽ, പിണറായി വിജയനെതിരായ ആരോപണ രാഷ്ട്രീയം ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പ്രശ്നമായി മാത്രം കാണാൻ കഴിയില്ല. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ മാതൃകയുടെ വിശ്വാസ്യതയെ ഇല്ലാതാക്കാനുള്ള വിപുലമായ രാഷ്ട്രീയപദ്ധതിയുടെ ഭാഗമായാണ് അത് വായിക്കപ്പെടേണ്ടത്.

ഇപ്പോഴത്തെ എക്സാലോജിക്–സി.എം.ആർ‍.എൽ വിവാദവും ഈ വലിയ രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നു വേറിട്ട് നിൽക്കുന്നതല്ല. കാരണം, ഇവിടെ ഉയരുന്ന ചർച്ചകളിൽ നിയമപരമായ ചോദ്യങ്ങളേക്കാൾ രാഷ്ട്രീയ നിഗമനങ്ങളാണ് പലപ്പോഴും മുൻപന്തിയിലുള്ളത്.

അന്വേഷണം, ആരോപണം, കുറ്റകൃത്യം സംഭവിച്ചതായി സ്ഥാപിക്കൽ- ഈ മൂന്നിനുമിടയിലെ അടിസ്ഥാന വ്യത്യാസംതന്നെ പലപ്പോഴും ചർച്ചയിൽ അപ്രത്യക്ഷമാകുന്നു. ഒരു സ്വകാര്യ ഐ.ടി സ്ഥാപനവും മറ്റൊരു സ്ഥാപനവും തമ്മിലുള്ള നിയമപരമായ കരാർ, നിർവചിക്കപ്പെട്ട സേവനം, ബാങ്കു വഴിയുള്ള സാമ്പത്തിക ഇടപാട്, നികുതി രേഖകൾ, ഇൻവോയിസുകൾ, അക്കൗണ്ടിംഗ് രേഖകൾ എന്നിവയുള്ള ഒരു ഇടപാട്, “രാഷ്ട്രീയ നേതാവിന്റെ കുടുംബാംഗം ഉൾപ്പെട്ടിരിക്കുന്നു” എന്ന ഒറ്റ ഘടകത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കുറ്റകരമെന്ന് പ്രഖ്യാപിക്കാനാകുമോ? നിയമപരമായി നടന്ന ഒരു ഇടപാട് തട്ടിപ്പാണെന്ന് സ്ഥാപിക്കാൻ നിർണായകമായ ചില അടിസ്ഥാന വിവരങ്ങൾ വേണ്ടതുണ്ട്. കരാർ വ്യാജമാണോ? പണം നിയമവിരുദ്ധമായ ഉറവിടത്തിൽ നിന്നാണോ വന്നത്? നികുതി വെട്ടിപ്പോ സാമ്പത്തിക ക്രമക്കേടുകളോ തെളിഞ്ഞിട്ടുണ്ടോ? സേവനം ലഭിച്ച സ്ഥാപനം തന്നെ സേവനം ലഭിച്ചില്ലെന്ന് പറഞ്ഞിട്ടുണ്ടോ? ഈ ചോദ്യങ്ങൾക്ക് നേരിട്ട് വ്യക്തമായ ഉത്തരങ്ങൾ ഇല്ലാതെ “പ്രതിഫലം അസാധാരണമാണ്”, “സംശയം തോന്നുന്നു”, “ഇത് സാധാരണ ബിസിനസ് ഇടപാടായി തോന്നുന്നില്ല” എന്ന രീതിയിലുള്ള രാഷ്ട്രീയ അഭിപ്രായങ്ങൾ നിയമപരമായ നിഗമനത്തിനോ യുക്തിഭദ്രമായ വിലയിരുത്തലിനോ മതിയാകില്ല. ഐ.ടി കൺസൾട്ടൻസി, ഡിജിറ്റൽ സപ്പോർട്ട്, ദീർഘകാല സാങ്കേതിക പരിപാലന സേവനങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രതിഫല ഘടനകളെക്കുറിച്ചുള്ള അടിസ്ഥാന വ്യവസായ യാഥാർത്ഥ്യങ്ങൾ പൊതുചർച്ചയിൽ സാധാരണ ഉണ്ടാകാത്തതാണ്. വ്യാപാര–സാങ്കേതിക മേഖലകളുടെ സങ്കീർണതയെ രാഷ്ട്രീയ ദുരാരോപണങ്ങളിലേക്ക് ചുരുക്കുന്ന പ്രവണതയാണ് ഇവിടെ കൂടുതൽ ദൃശ്യമാകുന്നത്.

ഇവിടെ ‘കള്ളപ്പണം’ എന്ന പ്രയോഗത്തിന്റെ നിയമപരമായ അർത്ഥവും പ്രധാനമാണ്. PMLA നിയമപ്രകാരം ഏതെങ്കിലും അടിസ്ഥാന കുറ്റകൃത്യത്തിൽ നിന്ന് ഉണ്ടായ “proceeds of crime” എന്ന ഘടകം തെളിയിക്കപ്പെടാതെ കള്ളപ്പണ ആരോപണത്തിന് നിയമപരമായ അടിത്തറയില്ല. അതില്ലാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്ന കേന്ദ്ര ഏജൻസിയുടെ രംഗപ്രവേശത്തിന് സാധുത എന്ത്? രാജ്യത്താകെ കേന്ദ്ര ഭരണാധികാരികൾ ഇത്തരം ഏജൻസികളെ വെച്ചു നടത്തുന്ന രാഷ്ട്രീയ വേട്ടയാണിതെന്ന് പറയാൻ നിഷ്-പക്ഷത അവകാശപ്പെടുന്ന പല കേന്ദ്രങ്ങളും മടിച്ചുനിൽക്കുന്നതിൽ നിന്നാണ് ഇടതുപക്ഷത്തിനെതിരായ രാഷ്ട്രീയ കുയുക്തികൾ എങ്ങനെ സമൂഹത്തെതന്നെ ബാധിക്കുന്നു എന്ന് മനസ്സിലാക്കേണ്ടത്.

അതേസമയം, വിഷയത്തിന്റെ മറ്റൊരു തലമാണ് രാഷ്ട്രീയവും–ഭരണപരവുമായ പ്രതികരണങ്ങൾ. മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ മണിക്കൂറുകളോളം കേന്ദ്ര ഏജൻസിയുടെ നടപടി ഉണ്ടാവുകയും പ്രതിഷേധങ്ങളും രാഷ്ട്രീയ സംഘർഷാവസ്ഥയും രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിൽ സംസ്ഥാന ഭരണസംവിധാനങ്ങളുടെ മുൻകരുതലും ഇടപെടലും എത്രത്തോളം പര്യാപ്തമായിരുന്നു എന്ന ചോദ്യവും സ്വാഭാവികമായും ഉയർന്നുവരുന്നു.

ഇപ്പോൾ പിണറായി വിജയന്റെ വസതികളിൽ ഇ ഡി നടത്തിയ അസാധാരണവും അസ്വാഭാവികവുമായ പരിശോധനയ്ക്കു പിന്നാലെ ദേശീയ പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ കേരള രാഷ്ട്രീയത്തിന്റെ പരിമിത ചട്ടക്കൂടിനുള്ളിൽമാത്രം വായിക്കാനാവില്ല. തമിഴ്നാട്ടിലെ ഡിഎംകെ, ഡൽഹിയിലെ ആം ആദ്മി പാർട്ടി, ബിഹാറിലെ ആർജെഡി തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ രാഷ്ട്രീയ ശക്തികൾ നടത്തിയ പ്രതികരണങ്ങളിൽ വ്യക്തമായ രാഷ്ട്രീയ പൊതുരേഖ കാണാനാകും: കേന്ദ്ര അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയ ഉപയോഗം ഇന്ത്യൻ ഫെഡറൽ രാഷ്ട്രീയത്തിന്റെ ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുന്നു എന്ന നിലപാട്.

തമിഴ്നാട് മുൻമുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രതികരണം ഈ പശ്ചാത്തലത്തിൽ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അദ്ദേഹത്തിന്റെ വിമർശനം കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ഉപയോഗത്തെക്കുറിച്ചുള്ള പൊതുവായ ആശങ്കയിൽ ഒതുങ്ങുന്നില്ല; കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ആവർത്തിക്കപ്പെട്ട കോൺഗ്രസ് സമീപനത്തെയും അത് സ്പർശിക്കുന്നു. “എന്തുകൊണ്ട് പിണറായി വിജയനെതിരെ കേന്ദ്ര ഏജൻസികൾ വരാത്തത്?” എന്ന ചോദ്യം നിരന്തരം ഉയർത്തിക്കൊണ്ടിരുന്ന കോൺഗ്രസിന്റെ രാഷ്ട്രീയ സത്യസന്ധതയില്ലായ്മ ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ വെളിച്ചത്തിൽ നാം കാണേണ്ടതുണ്ടെന്ന സൂചനയാണ് അതിലുള്ളത്.

അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം രാഷ്ട്രീയമായി കൂടുതൽ നേരിട്ടുള്ളതായിരുന്നു. സംസ്ഥാനതല പ്രതിപക്ഷ ശക്തികളെ ദുർബലപ്പെടുത്താൻ ബിജെപി കേന്ദ്ര അനേ-്വഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണം അദ്ദേഹം തുറന്നുപറഞ്ഞു. അതോടൊപ്പം, കോൺഗ്രസ് ദീർഘകാലമായി ഉയർത്തിയിരുന്ന “നടപടി ഇല്ല” എന്ന രാഷ്ട്രീയ ആരോപണത്തിനും പിന്നീടുണ്ടായ നടപടികൾക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ചുള്ള സംശയവും അദ്ദേഹം ഉന്നയിച്ചു. ഈ പ്രതികരണങ്ങളെ വ്യക്തിഗത ഐക്യദാർഢ്യ പ്രസ്താവനകളായി മാത്രം കാണുന്നത് അപര്യാപ്തമാണ്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾ ഇവിടെ പ്രതിരോധിക്കുന്നത് ഒരു വ്യക്തിയേയോ ഒരു പാർട്ടിയേയോ മാത്രമല്ല; കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ഉപയോഗം, സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന കേന്ദ്രീകൃത അധികാര രാഷ്ട്രീയം, അന്വേഷണ സ്ഥാപനങ്ങളുടെ വിശ്വാസ്യത എന്നീ വലിയ ദേശീയ ചോദ്യങ്ങളെയാണ്.

ഇവിടെയാണ് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചുള്ള വിമർശനം കൂടുതൽ ശക്തമാകുന്നത്. ദേശീയതലത്തിൽ, ബിജെപി സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന വാദം ശക്തമായി ഉന്നയിക്കുന്ന അതേ കോൺഗ്രസ്, കേരളത്തിൽ പക്ഷേ, “എന്തുകൊണ്ട് പിണറായി വിജയനെതിരെ നടപടി ഇല്ല?” എന്ന ചോദ്യത്തെ പ്രധാന രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു. ഒരു വശത്ത് കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ഉപയോഗത്തെ വിമർശിക്കുകയും മറുവശത്ത് അതേ രാഷ്ട്രീയ വേട്ടയ്ക്ക് കേരളത്തിൽ ന്യായീകരണാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ സമീപനം കോൺഗ്രസിന്റെ ഇരട്ടത്താപ്പായി ചുരുക്കിക്കാണേണ്ടതല്ല. ദേശീയ രാഷ്ട്രീയത്തിൽ ബിജെപി വിരുദ്ധ നിലപാടും കേരള രാഷ്ട്രീയത്തിൽ സിപിഐഎം വിരുദ്ധ നിലപാടും തമ്മിലുള്ള സംഘർഷമാണ് ഈ വിഷയത്തിൽ കോൺഗ്രസിന്റെ സമീപനത്തെ നിർണ്ണയിക്കുന്നതെന്ന വിമർശനവും പൂർണ്ണമായും ശരിയല്ല. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനു അമിതാധികാര പ്രയോഗത്തിന്റെ സീമാതീത സാധ്യതകൾക്കുമുള്ള വഴി വെട്ടിത്തെളിച്ചതു കോൺഗ്രസ് ആണ്. ആയകാലത്ത് അതിന്റെ പ്രയോജനം ആവോളം ഭുജിച്ച കോൺഗ്രസ് ഇപ്പോൾ അതെല്ലാം സ്വയം ഏറ്റുവാങ്ങേണ്ടിവരുമ്പോൾപോലും മറ്റുള്ളവർ അത്തരം അനീതി അനുഭവിക്കുന്നത് കണ്ട് സംതൃപ്തി അടയാനാണ് തയാറാകുന്നത്.

ഇവിടെ ഒരു അടിസ്ഥാന രാഷ്ട്രീയ ചോദ്യത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. പിണറായി വിജയൻ ഇത്രയും വർഷങ്ങളായി ആരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും മാധ്യമ ആക്രമണങ്ങളുടെയും കേന്ദ്രത്തിൽ നിലകൊണ്ടിട്ടും, എന്തുകൊണ്ടാണ് അദ്ദേഹവും സിപിഐഎമ്മും കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി തുടരുന്നത്? കേരളത്തിലെ വോട്ടർമാർ ഈ ആരോപണങ്ങൾ കേൾക്കുകയും മാധ്യമചർച്ചകൾ കാണുകയും ചെയ്യുന്നില്ലെന്ന് പറയാനാവില്ല. പക്ഷേ, ആരോപണം ഉയരുന്നതും കുറ്റം തെളിയുന്നതും രണ്ടും രണ്ടാണെന്ന രാഷ്ട്രീയവും നിയമപരവുമായ അടിസ്ഥാന വ്യത്യാസം കേരള സമൂഹം പൊതുവേ തിരിച്ചറിയുന്നുണ്ട്. ഒരു രാഷ്ട്രീയ നേതാവിനെതിരായ ആരോപണങ്ങളുടെ എണ്ണം, അതിന്റെ മാധ്യമ തീവ്രത, സോഷ്യൽ മീഡിയയിലെ ആവർത്തനം എന്നിവ സ്വതവേ നിയമപരമായ സത്യമായി മാറുന്നില്ലെന്ന ബോധം കേരള രാഷ്ട്രീയത്തിൽ ഇപ്പോഴും പൂർണമായി ഇല്ലാതായിട്ടില്ല. അതുകൊണ്ടാണ്, ഇ ഡി നടപടികൾ നടക്കുമ്പോൾതന്നെ ജനങ്ങൾ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി തെരുവുകളിലേക്ക് പ്രവഹിച്ചത്. മുഖ്യമന്ത്രി വി ഡി സതീശന് ഒരു വാക്ക് മിണ്ടാനാവാതെ ഭാവാഭിനയത്തിലൂടെ പ്രതികരിക്കേണ്ടിവന്നതിന്റെ പൊരുളും അതു തന്നെയാണ്.

കേരളത്തിൽ ആരോപണ രാഷ്ട്രീയത്തിന്റെ തുടർച്ചയും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ യാഥാർത്ഥ്യവും തമ്മിൽ പലപ്പോഴും പ്രകടമായ അകലം കാണപ്പെടുന്നു. മാധ്യമ സ്റ്റുഡിയോകളിൽ നിർമിക്കപ്പെടുന്ന രാഷ്ട്രീയ അന്തരീക്ഷം വോട്ടുബൂത്തിലെ അന്തിമ വിധിയായി സ്വയം മാറുന്നില്ല. കേരള രാഷ്ട്രീയത്തിന്റെ പ്രത്യേകതകളിലൊന്നായി ഇതിനെ കാണാം.

പിണറായി വിജയനെതിരായ ആരോപണങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഈ ഘടകം അവഗണിക്കാൻ കഴിയില്ല. ഓരോ വിവാദവും അതത് കാലഘട്ടത്തിൽ അസാധാരണ രാഷ്ട്രീയ നിർണായകത്വമുള്ള സംഭവമായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തലത്തിൽ കേരള സമൂഹം നടത്തിയ വിലയിരുത്തൽ പലപ്പോഴും വേറിട്ടതായിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സ്വർണക്കടത്ത്, ബിരിയാണിച്ചെമ്പിലെ സ്വർണ്ണം, ലൈഫ് മിഷൻ, സ്-പ്രിംഗ്ലർ തുടങ്ങിയ കഥകൾ നിറഞ്ഞാടിയിട്ടും പിണറായി വിജയൻ നയിച്ച എൽഡിഎഫിനെ കൂടുതൽ തിളക്കത്തോടെ തുടർഭരണം ഏൽപ്പിച്ചവരാണ് കേരളത്തിലെ ജനങ്ങൾ. ആ “അപകടം” തിരിച്ചറിഞ്ഞാണ് യു ഡി എഫും ബിജെപിയും 2026 ലെ തിരഞ്ഞെടുപ്പ് തന്ത്രം രൂപപ്പെടുത്തിയതെന്നും അതിന്റെ ഉള്ളറകളും ഫലപ്രാപ്തിയും എന്തൊക്കെയെന്നതും മറ്റൊരു വിഷയമാണ്.

ആരോപണങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കരുതെന്നോ അന്വേഷണം വേണ്ടെന്നോ ഉള്ള വാദം ഇടതുപക്ഷം ഉന്നയിക്കുന്നില്ല. മറിച്ച്, ജനാധിപത്യ രാഷ്ട്രീയത്തിൽ ആരോപണങ്ങളുടെ പരിശോധന നിയമപരമായ മാനദണ്ഡങ്ങളിലൂടെയാകണമോ, മാധ്യമ–രാഷ്ട്രീയ ആവേശത്തിലൂടെയാകണമോ എന്ന വലിയ ചോദ്യത്തിലേക്കാണ് ഈ സംഭവങ്ങളാകെ വിരൽചൂണ്ടുന്നത്.

അതിനാൽ, പിണറായി വിജയനെതിരായ നേരിട്ടുള്ള നീക്കങ്ങളെ ഒരു വ്യക്തിക്കെതിരായ ആരോപണങ്ങളുടെ ചരിത്രമായി മാത്രം വായിക്കുന്നത് ശരിയായ രീതിയല്ല. ഏറ്റുമുട്ടുന്നത് വ്യത്യസ്ത രാഷ്ട്രീയ പദ്ധതികളും വ്യത്യസ്ത സാമൂഹ്യ–രാഷ്ട്രീയ ദിശകളുമാണ്. കേരളത്തിലെ ഇടതുപക്ഷ ഭരണ മാതൃക, ക്ഷേമ–വികസന രാഷ്ട്രീയത്തിന്റെ അവകാശവാദങ്ങൾ, ഫെഡറൽ അവകാശങ്ങളെക്കുറിച്ചുള്ള നിലപാടുകൾ, സംഘപരിവാർ രാഷ്ട്രീയത്തോടുള്ള ഏറ്റുമുട്ടൽ, ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷം സ്വയം നിർവചിക്കുന്ന പ്രത്യയശാസ്ത്ര സ്ഥാനം എന്നിവയെല്ലാം ചേർന്നാണ് ഈ സംഘർഷത്തിന്റെ വലിയ പശ്ചാത്തലം രൂപപ്പെടുന്നത്. അത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനുള്ള ശ്രമമായും, സംസ്ഥാനത്തിന്റെ രാഷ്ട്രീയ ദിശയെ പുനർനിർവചിക്കാനുള്ള വലിയ രാഷ്ട്രീയ മത്സരത്തിന്റെ ഭാഗമായും മാറുന്നു.

ആരോപണം–മാധ്യമം–ഏജൻസി–രാഷ്ട്രീയ മത്സരം എന്നിവ പരസ്പരം ബന്ധിപ്പിച്ച ഒരു വിശാല രാഷ്ട്രീയ പ്രക്രിയയാണ് അതിനെ വായിക്കേണ്ടത്. ആ വായന ഇല്ലാതെ കേരള രാഷ്ട്രീയത്തിന്റെ സമീപകാല ചരിത്രത്തെ പൂർണമായി മനസ്സിലാക്കുക പ്രയാസകരമായിരിക്കും. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + 11 =

Most Popular