ഇന്ത്യയ്ക്കുള്ളിലും പുറത്തും നമ്മുടെ രാജ്യത്തുത്ഭവിക്കുന്ന കള്ളപ്പണ നിക്ഷേപം ഉണ്ട് എന്നത് അനിഷേധ്യമായ വസ്തുതയാണ്. നമ്മുടെ ജി ഡി പി യുടെ 25% മുതൽ 80% വരെയുണ്ട് എന്നാണ് വിവിധ പഠനങ്ങളുടെ അനുമാനങ്ങൾ. വിദേശ രാജ്യങ്ങളിലുള്ള കള്ളപ്പണം ഇന്ത്യയിലെത്തിച്ച് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ 15 ലക്ഷം രൂപ നിക്ഷേപം നൽകുമെന്ന 2014 – ലെ ബിജെപിയുടെ പ്രഖ്യാപനം ജലരേഖയായി അവശേഷിക്കുമ്പോൾതന്നെ എൻഫോഴ്സ്-മെന്റ് ഏജൻസികൾ തിരക്കിലാണ്, രാഷ്ട്രീയ പകപോക്കലിന്റെ തിരക്ക്. അരവിന്ദ് കെജ്-രിവാളിന്റെ കേസ് ഒരുദാഹരണംമാത്രം.
അൽപം ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയുന്നത്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ തോതിൽ നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്നും അത് കാര്യക്ഷമമായി തടയാൻ ഇന്ത്യൻ നികുതിഭരണസംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെന്നുമുള്ള തിരിച്ചറിവ് ഭരണകൂടത്തിന് സ്വാതന്ത്ര്യാനന്തര കാലത്തെ ആദ്യ രണ്ട് ദശകങ്ങളിൽ തന്നെ ഉണ്ടായിക്കഴിഞ്ഞിരുന്നു എന്നതാണ്.
ഈ തിരിച്ചറിവിൽ നിന്നാണ് 1970-ൽ ഇന്ദിരാഗാന്ധി സർക്കാർ ജസ്റ്റിസ് കെ.എൻ. വാഞ്ചു കമ്മീഷനെ ഇതുസംബന്ധിച്ച് പഠിക്കാൻ നിയോഗിക്കുന്നത്. ഗൗരവമേറിയ പഠനങ്ങൾക്കൊടുവിൽ, നികുതിവെട്ടിപ്പ് തടയുന്നതിനായി ജസ്റ്റിസ് കെ.എൻ. വാഞ്ചു കമ്മീഷൻ അനവധി ശുപാർശകൾ സർക്കാരിന് സമർപ്പിച്ചു.
നികുതിവെട്ടിപ്പ് തടയാൻ ഉയർന്ന നികുതി നിരക്കുകൾ കുറയ്ക്കുക എന്നതായിരുന്നു അതിലെ പ്രധാന ശുപാർശകളിൽ ഒന്ന്. എന്നാൽ ഏതാണ്ട് അഞ്ചു വർഷത്തോളം ഇന്ദിരാഗാന്ധി സർക്കാർ ഇതിന്മേൽ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതുമൂലം കള്ളക്കടത്തും കരിഞ്ചന്തയും ഇന്ത്യൻ നഗരങ്ങളിൽ നിർബാധം അരങ്ങേറി. നികുതി വെട്ടിച്ച്, ഭരണകൂടത്തിന്റെ ഇഷ്ടക്കാരായ മുതലാളിമാർ കൂടുതൽ സമ്പന്നരായി മാറി. അതേ സമയം രാജ്യത്ത് ദാരിദ്ര്യം അങ്ങേയറ്റം വർധിക്കുകയും ചെയ്തു. ഈ അസമത്വം തന്റെ സർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് 1975, ജൂൺ 25 – ന് ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.
പൂഴ്‌ത്തിവെപ്പ്, കരിഞ്ചന്ത, കള്ളക്കടത്ത്, നികുതിവെട്ടിപ്പ് എന്നിവ തടയുക എന്നതായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം ഇന്ദിരാഗാന്ധി മുന്നോട്ടുവെച്ച ‘ഇരുപതിന പരിപാടി’യുടെ പ്രധാന കാതൽ. പക്ഷേ, നടന്നതാകട്ടെ, ദശാബ്ദങ്ങളായി നികുതിവെട്ടിപ്പ് ഒരു കലയാക്കി മാറ്റിയ സമ്പന്നർക്കായി ഒരു ‘അംനസ്റ്റി സ്കീം’ (Amnesty Scheme/നികുതി ഇളവ് പദ്ധതി) പ്രഖ്യാപിക്കപ്പെട്ടുവെന്നതാണ്. മുൻപ് നികുതി വെട്ടിച്ച പണം, നിയമപരമായ വഴിയിലൂടെ നികുതിയടച്ച് സ്വന്തമാക്കാൻ വെളിപ്പെടുത്തലിന് അനുമതി നൽകുന്ന ഒരു പദ്ധതിയായിരുന്നു ഇത്. ജീവിതത്തിൽ ഒരുതവണമാത്രം നികുതിവെട്ടിപ്പുനടത്തിയവരോട് ഭരണകൂടം സ്വമേധയാ ക്ഷമിക്കുന്ന ഒരു ആശയമായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്നത്.
ഒരു തവണയെന്നത് പിന്നീട് പല തവണയായി
ഇതിലെല്ലാമുപരി ഒരു നിയമ ഭേദഗതി 1976 – ലെ ധനകാര്യ ബില്ലിൽ കൊണ്ടുവന്നു. ഒരു തവണത്തേക്ക് കണ്ടുപിടിക്കപ്പെട്ടതും അല്ലാത്തതുമായ കണക്കിൽപ്പെടാത്ത സമ്പാദ്യം വെളിപ്പെടുത്താനുള്ള സ്ഥിരം അവസരമായിരുന്നു അത്.
അതിൻപ്രകാരം സഹകരിക്കുന്നവരെ പ്രോസിക്യൂഷൻ /പിഴ / പലിശ എന്നീ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനായി 1961-ലെ ആദായനികുതി നിയമത്തിൽ സുപ്രധാനമായ ഒരു ഭേദഗതി വരുത്തി. ആ നിയമത്തിൽ ‘ചാപ്റ്റർ 19 XIX – A’ ഉൾപ്പെടുത്തിയത് ഈ ഭേദഗതിയിലൂടെയാണ്. ഇപ്രകാരമാണ് ‘ഇൻകം ടാക്സ് സെറ്റിൽമെന്റ് കമ്മീഷൻ’ നിലവിൽ വന്നത്.
ആദായനികുതി വകുപ്പിന്റെ പരിശോധനകൾക്ക് വിധേയരായ നിരവധി ആളുകൾ ഈ ആനുകൂല്യം പിന്നീട് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
പല കാരണങ്ങളാലുമാവാം – രണ്ടാം എൻഡിഎ സർക്കാർ 2021 ഫെബ്രുവരി 1, മുതൽ പ്രാബല്യത്തിൽ വരുംവിധം സെറ്റിൽമെന്റ് കമ്മീഷൻ എന്ന സംവിധാനം അവസാനിപ്പിക്കാൻ തിരുമാനിച്ചത്. കമ്മീഷന്റെ വിവിധ ബെഞ്ചുകളിൽ നിലനിന്നിരുന്ന കേസുകൾ വിവിധ നഗരങ്ങളിൽ മൂന്ന് ആദായ നികുതി ചീഫ് കമ്മീഷണർമാർ അടങ്ങിയ ഇടക്കാല സംവിധാനങ്ങളെ ഏൽപ്പിച്ചു. ഈ സംവിധാനങ്ങളാണ് Interim Settlement Board -കൾ. ഇവ നൽകുന്ന ഉത്തരവുകൾ മുൻ സെറ്റിൽമെന്റ് കമ്മീഷനുകളുടേതുപോലെതന്നെ അന്തിമവും അവയിൽ തീർപ്പാക്കപ്പെട്ട വിഷയങ്ങൾ മറ്റു കേന്ദ്ര നിയമങ്ങൾപ്രകാരം അന്വേഷണവിധേയമാക്കാൻ പാടുള്ളതുമല്ല [245 –ാം വകുപ്പ് ].
ഇപ്രകാരം ഒരു സെറ്റിൽമെന്റ് അപേക്ഷയാണ് CMRL എന്ന കരിമണൽ ഖനന വ്യവസായ കമ്പനി അവരുടെമേൽ 25.01.2019 നുണ്ടായ ആദായ നികുതി പരിശോധനയെ [132 –ാം വകുപ്പ് പ്രകാരമുള്ള] തുടർന്നുണ്ടായ നികുതി നിർണയ പ്രക്രിയ നടന്നുവരവെ സമർപ്പിച്ചത്.
135 കോടി രൂപയോളം ക്യാഷ് ചെലവുണ്ടായെന്നും അതിന് ഉപോൽബലകമായ തെളിവുകൾ ഇല്ലാത്തതിനാൽ ആ തുകയ്ക്ക് നികുതി അടയ്ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുമാണ് സിഎംആർഎൽ കമ്പനിയും ഡയറക്ടർമാരും സെറ്റിൽമെന്റ് അപേക്ഷ നൽകിയത്. ആദായ നികുതി നിയമം, 1961-ലെ 132–ാം വകുപ്പ് പ്രകാരമുള്ള പരിശോധനയിൽ കണ്ടെടുത്ത രേഖകളിൽ ചില രാഷ്ട്രീയ നേതാക്കളുടെ പേരുണ്ടെന്നും അവയുടെ വിശദീകരണം പരിശോധനയുടെ ഭാഗമായി രേഖപ്പെടുത്തിയ സത്യപ്രസ്താവനയിലുണ്ടെന്നും ആദായ നികുതി വകുപ്പ് സെറ്റിൽമെന്റ് ബോർഡിന് റിപ്പോർട്ട് ചെയ്തു. എന്നാൽ ,സിഎംആർഎൽ ഇന്ററിം സെറ്റിൽമെന്റ് ബോർഡ് മുൻപാകെ ഇത് നിഷേധിക്കുകയും ക്യാഷ് ചെലവുകളായതിനാൽ അവ തെളിയിക്കാൻ കഴിയുന്നില്ലെന്നുമാണ് സത്യവാങ്മൂലം നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ എകദേശം 135 കോടി രൂപ അധിക വരുമാനമായി സെറ്റിൽമെന്റ് അപേക്ഷയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
എന്നാൽ, ആദായ നികുതി വകുപ്പ് കമ്മീഷണർ ഇന്റെറിം സെറ്റിൽമെന്റ് ബോർഡിനു മുൻപാകെ സമർപ്പിച്ച റിപ്പോർട്ടിൽ ടി. വീണ എന്ന വ്യക്തിക്കും അവർ ഏക ഡയറക്ടറായുള്ള എക്സാലോജിക് കമ്പനിക്കും കരാർപ്രകാരം ബാങ്ക് വഴി സ്രോതസ്സിൽ ആദായ നികുതി കിഴിവ് നടത്തി, ജി.എസ്.ടി.യും അടച്ചുനൽകിയ 1.72 കോടി രൂപ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഈ തുകയ്ക്ക് എക്സാലോജിക്കും, ടി. വീണയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത് നികുതി അടച്ചിട്ടുണ്ട്.
ഉഭയകക്ഷി കരാറിലേർപ്പെട്ട സിഎംആർഎൽ കമ്പനിയും എക്സാലോജിക് കമ്പനിയും തമ്മിൽ ബാങ്കുവഴി നടന്ന ഇടപാടാണ് മേൽപ്പറഞ്ഞത്.
സിഎംആർഎൽ ഉദ്യോഗസ്ഥർ ആദായ നികുതി വകുപ്പിന്റെ പരിശോധനാവേളയിൽ നൽകിയ സത്യപ്രസ്താവനയിൽ ടി.വീണയും കമ്പനിയും നൽകിയ സേവനങ്ങളെക്കുറിച്ച് അറിയില്ല എന്ന് പറഞ്ഞു എന്നതാണ് ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിലെ പരാമർശം. സിഎംആർഎൽ കമ്പനിയിലെ ജീവനക്കാരും എം.ഡി.യും നൽകിയ ഈ പ്രസ്താവന പിന്നീട് പിൻവലിച്ചതായി കാണുന്നുണ്ട്. തന്റെ കമ്പനിയിലെ ഉദ്യോഗസ്ഥനോട് ആദായനികുതി ഉദ്യോഗസ്ഥർ പരിശോധനാവേളയിൽ അവർക്ക് ലഭിക്കേണ്ട തരത്തിലുളള ചില നിക്ഷിപ്തലക്ഷ്യത്തോടെ ചോദ്യങ്ങൾ ചോദിച്ചുവെന്നും അത്തരം ചോദ്യങ്ങൾക്കുളള ഉത്തരങ്ങളെ തെറ്റായ രൂപത്തിൽ വ്യാഖ്യാനിച്ചുവെന്നും സിഎംആർഎൽ കമ്പനി ഇന്റെറിം സെറ്റിൽമെന്റ് ബോർഡ് മുമ്പാകെ സത്യപ്രസ്താവനയും നടത്തിയിട്ടുണ്ട്.
ഇതേ ഉത്തരവിന്റെ 19–ാം പേജിൽ തന്റെ കമ്പനിയിലെ ഉദ്യോഗസ്ഥനായ സുരേഷ് കുമാറിന് തന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ധനക്രയവിക്രയങ്ങളുടെ ചുമതല മാത്രമാണ് ഉണ്ടായിരുന്നതെന്നും, കടലാസുകളിൽ എഴുതിയിരിക്കുന്ന ചുരുക്കെഴുത്തുകളെപ്പറ്റി അദ്ദേഹം അജ്ഞനാണെന്നും സി എം ആർ എൽ കമ്പനി മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത മൊഴി നൽകിയതായി പറയുന്നു. കടലാസുകളിലുളള ചുരുക്കെഴുത്തുകൾ കമ്പനിയുടെ സ്ഥിരമായ ബിസിനസ് ഇടപാടുകാരാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ സിഎംആർഎൽ ന്റെ എതിർവാദങ്ങൾ തള്ളിയും ടി.വീണയ്ക്കും എക്സാലോജിക്കിനും തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഒരവസരം നൽകുക എന്ന സ്വാഭാവിക നീതി സംബന്ധിച്ച തത്ത്വം നിഷേധിച്ചുകൊണ്ടും ഇന്റെറിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിറക്കി. എക്‌സാലോജിക് കമ്പനി ഡയറക്ടർ ആയ ടിവീണ, പിണറായി വിജയന്റെ മകളാണ് എന്ന പരാമർശം കൂടി ഉത്തരവിൽ എഴുതിച്ചേർത്തിട്ടുമുണ്ട്. ഇത് ക്വാസി – ജൂഡീഷ്യൽ സ്വഭാവമുള്ള ബോർഡിന്റെ ഭാഗത്തു നിന്നുമുണ്ടായ അനൗചിത്യമാണ് എന്നു പറയാതെ വയ്യ. വീണയ്ക്ക് ഈ വിഷയത്തിൽ പറയാനുള്ളത് നോട്ടീസ് നൽകി വിളിച്ചു വരുത്തി കേൾക്കാൻ തയ്യാറാകാതെ അവരെ സംശയത്തിന്റെ നിഴലിൽ നിർത്താനും പ്രമുഖ രാഷ്ട്രീയ നേതാവായ അവരുടെ പിതാവിനെ രാഷ്ട്രീയ പ്രതിയോഗികൾക്ക് ആക്രമിക്കാൻ അവസരം നൽകാനുമാണ് ഈ പരാമർശമെന്നു വ്യക്തം.
സിഎംആർഎൽ കമ്പനി ഏതെങ്കിലും തരത്തിൽ നികുതി അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയെന്നതാണ് പ്രാഥമിക ആക്ഷേപമെങ്കിൽ സിഎംആർഎൽകമ്പനിയുമായി, നികുതി അടച്ച് കരാർ പ്രകാരം ഇടപാട് നടത്തിയ ടി.വീണയും എക്സാലോജിക്കും എങ്ങനെ ഉത്തരവാദികളാകും? ഇതിലൊന്നും കക്ഷിയല്ലാത്ത പിണറായി വിജയന്റെ പേര് ഒരു ക്വാസി – ജുഡീഷ്യൽ ഉത്തരവിലേക്ക് എഴുതിച്ചേർത്തത് ഒരു അധിക വായനയും, അതിലുപരി രാഷ്ട്രീയ ദുഷ്ടലാക്കോടെ ഉളളതുമാണ് എന്നുപറയാതിരിക്കാനാവില്ല.
എന്നാൽ സിഎംആർഎൽ വ്യവഹാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി എതിർപ്പ് നിലനിർത്തിക്കൊണ്ട് ഇതിനും നികുതി അടച്ചു. ടി.വീണയും എക്സാലോജിക്കും ഇതിൻമേൽ ഇതിനകം അടച്ച നികുതി നിലനിൽക്കെത്തന്നെ ഇരട്ടനികുതിയാണ് ഇവിടെ ലഭിച്ചിരിക്കുന്നത് എന്ന വസ്തുതയും കാണാതിരുന്നുകൂടാ.
പാർലമെന്റ് പാസ്സാക്കിയ നിയമത്തിലെ വിലക്ക് ലംഘിച്ചുകൊണ്ട് സിഎംആർഎല്ലിനും ഡയറക്ടർമാർക്കും ഉദ്യോഗസ്ഥർക്കും ടി വീണയ്ക്കും എക്സാലോജിക്കിനുമെതിരെ SFIO അന്വേഷണവും പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചിട്ട് മൂന്നു വർഷത്തിലധികമായി. ആദ്യം ഇൻകംടാക്‌സും, പിന്നീട് രജിസ്ട്രാർ ഓഫ് കമ്പനീസും, അതിനുശേഷം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷനും ഏറ്റവും ഒടുവിൽ ഇ ഡിയും ഇതേ കേസ് പല മാർഗങ്ങളിലൂടെ അന്വേഷിക്കുകയാണ്.
പിഴ തീർപ്പാക്കി ശിക്ഷവിധിച്ച് അന്തിമമായി അവസാനിപ്പിച്ച ഒരു കേസ് വീണ്ടും അന്വേഷിക്കുന്നതിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ഡൽഹി/കേരള ഹൈക്കോടതികളുടെ സ്റ്റേ നിലനിൽക്കെ ഇ ഡി യുടെ തിടുക്കപ്പെട്ട നടപടികൾ രാഷ്ട്രീയ വേട്ടയാടലിന്റെ പുതിയ ഒരു പോർമുഖം തുറക്കുകയാണ്. പല അന്വേഷണ പ്രഹസനങ്ങളെയും അതിജീവിച്ച പിണറായി വിജയനെ നേരിട്ടല്ലെങ്കിൽ, മകളെ ആയുധമാക്കി തരംതാണ രാഷ്ട്രീയത്തിന്റെ ചട്ടുകങ്ങൾ ആകുകയാണ് അന്വേഷണ ഏജൻസികൾ എന്നത് നിസ്തർക്കമാണ്. l



