ഒരു കുറ്റകൃത്യം, അത് ക്രിമിനൽ സ്വഭാവമുള്ളതോ, സാമ്പത്തിക ക്രമക്കേടോ എന്തുമാകട്ടെ ഒരു സമയം ഒരു അന്വേഷണ ഏജൻസി മാത്രം അന്വേഷിക്കുക എന്നതാണ് ഇൻവെസ്റ്റിഗേഷൻ സംബന്ധിച്ച നടപടികളുടെ പ്രാഥമികമായ അടിസ്ഥാനം. ഒരു കേസ് ഒരേ സമയം ക്രൈംബ്രാഞ്ചും സി ബി ഐയും അന്വേഷിക്കുന്ന സ്ഥിതിയുണ്ടാവുക എന്നതിന്റെ ലക്ഷ്യം നീതിനിർവഹണം ഉറപ്പാക്കുക എന്നതായിരിക്കില്ല. അതിന്റെ ലക്ഷ്യം ഭരണകൂടം ലക്ഷ്യമിടുന്ന വ്യക്തികളെ, അല്ലെങ്കിൽ സ്ഥാപനങ്ങളെ ആസൂത്രിതമായി പ്രതിക്കൂട്ടിലേക്കെത്തിക്കുക എന്നതുമാത്രമായിരിക്കും. അവിടെ പ്രതികൾ ശിക്ഷിക്കപ്പെടണം എന്ന നിർബന്ധബുദ്ധി അന്വേഷണ ഏജൻസികൾക്കില്ല; മറിച്ച്, ചില പ്രത്യേക സാഹചര്യങ്ങളിൽ കുറച്ചുകാലത്തേക്ക് പ്രതികൾ എന്നു വിവക്ഷിക്കപ്പെടുന്നവരെ സംശയത്തിന്റെ നിഴലിൽ നിർത്തുക, അല്ലെങ്കിൽ പൊതുമധ്യത്തിൽ ചില പുകമറ സൃഷ്ടിക്കുക എന്നതു മാത്രമാണ്. അതുകൊണ്ട് ഇത്തരം കേസുകൾ ചില ഘട്ടങ്ങളിൽ പ്രായേണ തണുത്ത മട്ടിലാകുമ്പോൾ തിരഞ്ഞെടുപ്പുപോലുള്ള ഘട്ടങ്ങളിൽ ആളിക്കത്തുന്നതും കാണാം.
സമീപകാലത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ മുന്പൊരിക്കലുമില്ലാത്ത വിധത്തിൽ പൊതുസമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്. കാരണം, മേല്പറഞ്ഞ വിധത്തിൽ ഭരണകൂടത്തെ എതിർക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും രാഷ്ട്രീയനേതാക്കളെയും സംശയത്തിന്റെ പ്രതിപ്പട്ടികയിൽ കയറ്റിനിർത്തി യജമാനന്മാർക്കുവേണ്ടി വാലാട്ടുന്ന പട്ടികളായി ഈ ഏജൻസികൾ മാറിയിരിയ്ക്കുന്നു എന്നതാണ്. ഇത്തരം ഏജൻസികളിലെ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്ന സംഭവങ്ങളുണ്ടാകുമ്പോൾ രണ്ടു പക്ഷം ഉണ്ടാവുന്നത് സ്വാഭാവികവുമാണ്. പക്ഷേ, ജനങ്ങളുടെ നികുതിപ്പണംകൊണ്ട് ഉണ്ട് ഉറങ്ങിക്കഴിയുന്ന ഈ ഉദ്യോഗസ്ഥവൃന്ദം ഭരണകൂടത്തിന് വേണ്ടി എന്തു വിടുപണിയും ചെയ്തുകൊടുക്കുമ്പോൾ അത്തരം അധമന്മാർക്കുനേരെ ജനരോഷം ഉണ്ടാവുന്നതും സ്വാഭാവികമാണ്.
എക്‌സാലോജിക്, സിഎംആർഎൽ എന്നീ രണ്ടു കമ്പനികൾ തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ കാര്യത്തിൽ അനധികൃതമായി ചില ഇടപാടുകൾ നടന്നു എന്ന ആരോപണത്തിന്മേൽ നടക്കുന്നതും ഇത്തരം ആസൂത്രിതവും ജുഗുപ്സാവഹവുമായ നീക്കങ്ങളാണ് എന്ന സംശയമുയർന്നാൽ അതിനെ തള്ളിക്കളയാനാവില്ല. മാധ്യമകുറ്റവിചാരണ നടത്തി വ്യക്തികളെ അപഹസിക്കുന്നതാണോ നീതിനിർവഹണം എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. ‘മൾട്ടിപ്പിൾ ഇൻവെസ്റ്റിഗേഷൻ ഏജൻസി സിൻഡ്രോമിന്റെ’ ലക്ഷ്യവും മറ്റൊന്നല്ല എന്നത് നിരവധി കേസുകളിൽ നടന്ന അന്വേഷണത്തിന്റെ നാൾവഴികളിൽനിന്നും വ്യക്തമാവുന്നുണ്ട്. ഏതെങ്കിലും വ്യക്തി നിയമവിരുദ്ധമായി എന്തെങ്കിലും പ്രവൃത്തി ചെയ്താൽ അന്വേഷിക്കണം; കുറ്റകൃത്യം തെളിഞ്ഞാൽ ശിക്ഷിക്കപ്പെടണം. ദൗർഭാഗ്യവശാൽ, കഴിഞ്ഞ ഒരു ദശകത്തിലേറെയായി കേന്ദ്ര അന്വേഷണ ഏജൻസികൾ ബി ജെ പി യെ അധികാരത്തിൽ വാഴിക്കുന്നതിനും എതിർശബ്ദങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ടി വിയർപ്പൊഴുക്കി അധ്വാനിക്കുകയാണ്. നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയെങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻപോലും സി ബി ഐ, ഇ ഡി തുടങ്ങിയ ഏജൻസികളിലില്ല എന്നത് രാജ്യത്തിന്റെ തന്നെ ദുര്യോഗമായി മാറിയിരിക്കുകയാണ്.
ഇത്തരം അന്വേഷണ ഏജൻസികളിൽ ബഹുഭൂരിപക്ഷവും കോൺഗ്രസ്സ് ഭരണത്തിലിരിക്കുമ്പോൾ രൂപീകൃതമായവയാണ്. എന്നാൽ അവയെക്കൊണ്ട് തങ്ങളുടെ താല്പര്യങ്ങൾക്കുവേണ്ടി എങ്ങനെയെല്ലാം വിടുപണി ചെയ്യിക്കാം എന്ന് ഗവേഷണം നടത്തി കണ്ടെത്തി എന്നതാണ് സംഘപരിവാർ നേതൃത്വത്തിന്റെ ‘മിടുക്ക്’. തൊണ്ണൂറുകളിൽ ഇന്ത്യയിലെ ഓഹരി വിപണിയിൽ നടന്ന കുംഭകോണങ്ങളുടെ പശ്ചാത്തലത്തിൽ വിപുലമായ മാനങ്ങളുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രത്യേകമായി അന്വേഷിക്കാൻ രൂപീകൃതമായ ഏജൻസിയാണ് ‘സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേറ്റിങ് ഓഫീസ്’ അഥവാ എസ് എഫ് ഐ ഒ. ഓഹരി കുംഭകോണങ്ങളെക്കുറിച്ച് പഠിച്ച നരേഷ് ചന്ദ്ര കമ്മിറ്റിയുടെ ശുപാർശകൾപ്രകാരം 2003 ൽ വാജ്‌പേയി ഭരണകാലത്താണ് ഇത് രൂപീകൃതമായത്. എന്നാൽ 2013 വരെ നിയമപരമായ കാര്യമായ പിന്തുണ ഈ സ്ഥാപനത്തിനുണ്ടായിരുന്നില്ല. 2013 ൽ കമ്പനി നിയമത്തിന്റെ 211 –ാം വകുപ്പു പ്രകാരം വിപുലമായ അധികാരങ്ങൾ എസ്എഫ്ഐഒയിൽ നിക്ഷിപ്തമായി. മൻമോഹൻ സിങ്ങിന്റെ ഭരണകാലത്താണ് ഇതുണ്ടായതെങ്കിലും നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇതിനെ പ്രതിപക്ഷത്തെ തകർക്കുന്നത്തിനുള്ള നല്ലൊരു വടിയായി രൂപപ്പെടുത്തുകയായിരുന്നു.
ദുരുപയോഗം ചെയ്യുന്ന മോദി ഭരണം
കമ്പനികാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന നാല് വിവിധ ഏജൻസികളിൽ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസിയാണ് എസ്എഫ്ഐഒ. കമ്പനികാര്യ രജിസ്‌ട്രാർ ഓഫിസ്, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി (എൻഎഫ്ആർഎ), കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ( സി സി ഐ ) തുടങ്ങിയവയാണ് മറ്റ് ഏജൻസികൾ. സാമ്പത്തികമായ തട്ടിപ്പുകളും വെട്ടിപ്പുകളും അന്വേഷിക്കുന്നതിന് നിയമപരമായി കൂടുതൽ പല്ലും നഖവും ലഭ്യമായ ഏജൻസി എന്ന നിലയിൽ കേന്ദ്ര സർക്കാർ എസ് എഫ് ഐ ഒയെ വല്ലാതെ ദുരുപയോഗം ചെയ്യുന്നതിന്റെ നിരവധി തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്ന മറ്റ് ഏജൻസികളായ സി ബി ഐ, പേഴ്-സണൽ മന്ത്രാലയത്തിന്റെ കീഴിലും, ഇ.ഡി ധനമന്ത്രാലയത്തിന്റെ കീഴിലുമാണ് പ്രവർത്തിക്കുന്നത്.
വിപുലമായ അധികാരങ്ങൾ ലഭ്യമായ 2013– -14 സാമ്പത്തിക വർഷത്തിൽ 80 കേസുകളാണ് എസ്എഫ്ഐഒ രജിസ്റ്റർ ചെയ്തത്. തൊട്ടടുത്ത വർഷം ഇത് 70 ലേക്ക് താഴ്ന്നു. എന്നാൽ 2015–-18 കാലയളവിൽ 225 ബിസിനസ് സ്ഥാപനങ്ങളുടെ പേരിൽ എസ്എഫ്ഐഒ അന്വേഷണം നടത്തുകയുണ്ടായി. അതായത് നരേന്ദ്ര മോദി ഭരണത്തിന് കീഴിൽ രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽ കുടുക്കുന്നതിനു പുറമെ നിരവധി മികച്ച കമ്പനികൾ ചുളുവിലയ്ക്ക് അദാനിയുടെ കൈകളിൽ എത്തിക്കുന്നതിനും എസ്എഫ്ഐഒ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ചതിന്റെ കൃത്യമായ ദൃഷ്ടാന്തങ്ങൾ നമുക്കു മുന്നിലുണ്ട്. 81,360 കോടി രൂപ മുടക്കി 2022 ൽ അദാനി ഗ്രൂപ്പ് അംബുജ സിമന്റ് സ്വന്തമാക്കിയത് മുതലുള്ള നിരവധി കമ്പനികളുടെ വില്പനകളിൽ ആദായ നികുതി വകുപ്പ്, ഇ ഡി, സി ബി ഐ എന്നിവയടക്കമുള്ള ഏജൻസികൾ വഹിച്ച ദുരൂഹമായ ഇടപെടലുകൾ മുഖ്യധാരാ മാധ്യമങ്ങളിലൂടെ അല്ലെങ്കിലും പൊതുസമൂഹത്തിന്റെ മുന്നിലുണ്ട്. 2022 വരെ ഒരു ചാക്ക് സിമന്റുപോലും ഉല്പാദിപ്പിക്കാത്ത, സ്വന്തമായി ഒരു സിമന്റ് പ്ലാന്റു പോലുമില്ലാതിരുന്ന അദാനി ഗ്രൂപ്പ് 16 ശതമാനം വിപണി വിഹിതവുമായി ഇന്ന് ഇന്ത്യൻ സിമന്റ് വിപണിയിൽ രണ്ടാം സ്ഥാനത്താണ്. 26 .2 ശതമാനം മാർക്കറ്റ് ഷെയറുമായി അൾട്രാ ടെക്ക് മാത്രമാണ് അദാനിക്കുമുകളിലുള്ളത്. ഇത് ഒരു ഉദാഹരണം മാത്രം. ഇതുപോലെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അദാനി കൈവശപ്പെടുത്തിയ മുൻനിര കമ്പനികൾ എണ്ണമറ്റവയാണ്. നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ ആദായ നികുതി വകുപ്പോ, ഇ ഡിയോ ഒറ്റയ്ക്കോ സംയുക്തമായോ അന്വേഷണം നടത്തുന്നു. റെയ്ഡുകളും ചോദ്യംചെയ്യലും മറ്റുമായി കമ്പനി മേധാവികളെയും കുടുംബാംഗങ്ങളെയും കൊല്ലാക്കൊല ചെയ്യുന്നു. ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു. കമ്പനിക്ക് ഒരു വിധത്തിലും പ്രവർത്തിക്കാനാകാത്ത സാഹചര്യം അന്വേഷണ ഏജൻസികൾ സൃഷ്ടിക്കുന്നു. ഈ ഘട്ടത്തിലാണ് അദാനിയുടെ ‘മാസ്സ് എൻട്രി’. ഗത്യന്തരമില്ലാത്ത അവസ്ഥയിൽ അദാനി നിശ്ചയിക്കുന്ന വിലയ്ക്ക് കമ്പനി വിൽക്കാൻ കമ്പനി മേധാവികൾ നിർബന്ധിതരാകുന്നു. കഴിഞ്ഞ ഒന്നര ദശകത്തിനിടയിൽ നിരവധി കമ്പനികൾ –മാധ്യമ സ്ഥാപനങ്ങൾ അടക്കം അദാനി ഗ്രൂപ്പിന്റെ കൈവശമെത്തിയിട്ടുണ്ട്. ഇത്തരത്തിൽ രാഷ്ട്രീയ രംഗത്തെയും സാമ്പത്തിക ലോകത്തെയും ഫ്രോഡ് വേലകൾകൊണ്ട് നിയന്ത്രണവിധേയമാക്കുന്നതിനുള്ള സംഘപരിവാരത്തിന്റെ ഗൂഢപദ്ധതികൾക്കുള്ള ഉപകരണങ്ങളാണ് നിലവിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ.
വളരെ വിപുലമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന വമ്പൻ സാമ്പത്തിക ക്രമക്കേടുകൾ മാത്രമാണ് എസ്എഫ്ഐഒ അന്വേഷിക്കാറുള്ളത്. ഓഹരി വിപണിയിൽ നടന്ന ആയിരക്കണക്കിന് കോടി രൂപയുടെ കുംഭകോണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ പ്രമാദമായ കേസുകൾ മാത്രം എസ് എഫ് ഐ ഒയെ ഏല്പിക്കുക എന്ന രീതി അനുവർത്തിച്ചു പോന്നത്. എന്നാൽ മോദി ഭരണത്തിൽ ഏതാനും ലക്ഷങ്ങളുടെ ആരോപണങ്ങൾ പോലും എസ്എഫ്ഐഒയുടെ റഡാറിലേക്ക് കടന്നു വന്നു. എക്‌സാലോജിക് – സിഎംആർഎൽ കേസ് അതിന് ഉദാഹരണമാണ്. ഈ കേസിൽ എസ്എഫ്ഐഒ തന്നെ കണക്കാക്കിയിരിക്കുന്ന ക്രമക്കേട് 2 .78 കോടി രൂപ മാത്രമാണ്. എന്നാൽ 15 വർഷത്തിനിടയിൽ പല വ്യക്തികൾക്കുമായി 182 കോടി രൂപ സിഎംആർഎൽ കൈമാറിയിട്ടുണ്ടെന്ന് എസ്എഫ്ഐഒ പറയുന്നു. അത്ര വിപുലവും സാമൂഹ്യ പ്രാധാന്യവുമുള്ള കേസെന്ന് പറയുമ്പോഴും അന്വേഷണം ചെന്നെത്തുന്നത് വീണ ടിയിലേക്കും സിഎംആർഎൽ ഉടമകളിലേക്കും മാത്രമാണ് എന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. നേരിട്ട് പണമായി സി എം ആർ എല്ലിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് സമ്മതിച്ച രാഷ്ട്രീയ നേതാക്കളിലേക്കു പോലും അന്വേഷണത്തിന്റെ ദിശ നീങ്ങുന്നില്ല എന്നതുതന്നെ കേസിന്റെ പിന്നിലെ നിഗൂഢ രാഷ്ട്രീയദൗത്യം വ്യക്തമാക്കുന്നതാണ്. മാധ്യമ സ്ഥാപനങ്ങൾക്കും പണം ലഭിച്ചുവെന്ന റിപ്പോർട്ടുകൾ മാധ്യമ നൈതികതയെ തന്നെ തുലാസിലാക്കുന്നുണ്ട്. ലാവ്‌ലിൻ കേസും സിഎംആർഎൽ– – എക്‌സാലോജിക് കേസുമെല്ലാം ഇടതുപക്ഷ രാഷ്ട്രീയം സംശുദ്ധമല്ലാത്ത ഒന്നാണ് എന്ന് വരുത്തിത്തീർക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിട്ടുള്ളതാണെന്നു വ്യക്തമാണ്. ഇന്ത്യയിലെ ഇടതുപക്ഷത്തിന് നിർണായകമായ നേതൃത്വം നൽകുന്ന വ്യക്തിയെ വ്യക്തിഹത്യ നടത്തി അതിലൂടെ ഇടതുപക്ഷത്തെ പ്രത്യേകിച്ച്, സി പി ഐ എമ്മിനെ ഇല്ലായ്മചെയ്യുക എന്ന ദൗത്യമാണ് വലതുപക്ഷ മാധ്യമങ്ങളുടെ ഒത്താശയിൽ ഭരണകൂടവും കോൺഗ്രസും ചേർന്ന് നിർവഹിച്ചുപോരുന്നത്. ബദൽ ആശയങ്ങളെ, സമീപനങ്ങളെ എതിർക്കുവാൻ കെല്പില്ലാതെ വരുന്നതോടെ വ്യക്തികളിലേക്ക് വിരൽചൂണ്ടുക എന്നത് വലതുപക്ഷത്തിന്റെ ഹീനതന്ത്രമാണ്. ചരിത്രത്തിൽ അതിന് നിരവധി ഉദാഹരണങ്ങൾ കാണാം; ആന്ധ്ര അരി കുംഭകോണം മുതൽ നിരവധി.
കുറ്റകൃത്യത്തിൽ വ്യക്തതയില്ല
വാസ്തവത്തിൽ എസ് എഫ് ഐ ഒ, ഇ ഡി തുടങ്ങിയ അന്വേഷണ ഏജൻസികളെല്ലാം തന്നെ കുറ്റകൃത്യം എന്താണെന്ന് പ്രാഥമികമായി വ്യക്തമാക്കാതെയാണ് റെയ്ഡ് ഉൾപ്പടെയുള്ള അന്വേഷണ പ്രഹസനത്തിലേക്ക് കടന്നിരിക്കുന്നത്. ഇ ഡി, കേസിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെയാണ് വ്യക്തികൾക്ക് ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുകൊണ്ട് നോട്ടീസുകൾ നൽകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ എന്തടിസ്ഥാനത്തിലാണ് ഒരാൾ അന്വേഷണ ഏജൻസികൾക്കുമുന്നിൽ ഹാജരാകേണ്ടത് ? രാഷ്ട്രീയമായ പുകമറ സൃഷ്ടിക്കുക എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്നത് വ്യക്തമാണ്.
സമാനമായ രീതിയിൽ കിഫ്ബിയുമായി ബന്ധപ്പെട്ട കേസിൽ ഡോ. തോമസ് ഐസക്കിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിന് ഇ ഡി കിണഞ്ഞുപരിശ്രമിച്ചത് മറന്നുപോകരുത്. സ്വാഭാവികമായും ഒരു നോട്ടീസ് ലഭിച്ചാൽ ആരായാലും ഹാജരായേക്കാമെന്ന് കരുതും. അതിലൂടെ സൃഷ്ടിക്കപ്പെടുന്ന വാർത്താപ്രളയം തന്നെയാണ് അതിലെ രാഷ്ട്രീയ പ്രാധാന്യം. ‘തോമസ് ഐസക്കിനെ നിർത്തിപൊരിച്ച് ഇ ഡി’, ‘ചോദ്യമുനയിൽ കുഴങ്ങി ഐസക്’ എന്ന് തുടങ്ങിയ തലക്കെട്ടുകളോടുകൂടിയ മാധ്യമ വാർത്താസൃഷ്ടി മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ കൃത്യമായ നിയമ വൈദഗ്-ധ്യത്തോടെ എന്ത് അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത് എന്ന കാര്യം ഉന്നയിച്ച് ഡോ. ഐസക് കോടതിയെ സമീപിച്ചതോടെ ഇ ഡിക്ക് അടിപതറി. പിന്നീട് ഐസക്കിനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി അവർക്ക് രംഗത്തുവരാൻ കഴിഞ്ഞില്ല. ഇതേ രീതിയിൽ കൃത്യമായ നിയമവഴികളിൽ ഇ ഡി, എസ്എഫ്ഐഒ കേസുകളെ നേരിടുക എന്നത് പ്രധാനമാണ്.
എസ്എഫ്ഐഒ കേസ് നിലവിൽ ഏതാണ്ട് ശൂന്യമായ നിലയിലാണ്. ഇത്തരത്തിലുള്ള രണ്ടു കമ്പനികൾ തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലുള്ള കൈമാറ്റത്തിൽ എസ്എഫ്ഐഒ എന്ന സ്ഥാപനത്തിന് അന്വേഷണവുമായി മുന്നോട്ടു പോകാൻ കഴിയുമോ എന്നതു പോലും സംശയാസ്പദമാണ്. സ്വന്തം നിലയിൽ ഒരു കേസിൽ അന്വേഷണം നടത്തുന്നതിനുള്ള ഒരു അധികാരവും എസ്എഫ്ഐഒയ്ക്ക് നിയമപ്രകാരം ലഭിക്കുന്നില്ല. സങ്കീർണ്ണമായ കോർപ്പറേറ്റ് തട്ടിപ്പ‍് കേസുകളുടെ അന്വേഷണവും പ്രോസിക്യൂഷനുമാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് എസ്എഫ് ഐ ഒ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്. മാത്രവുമല്ല, വ്യക്തികൾ ഉൾപ്പെടുന്ന തട്ടിപ്പ് കേസുകളോ, ക്രിമിനൽ കേസുകളോ ഈ ഏജൻസി അന്വേഷിക്കാറില്ലെന്നും അതിൽ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് വലിയ പൊതുപ്രാധാന്യം സൃഷ്ടിക്കുന്ന അത്രമേൽ വിപുലവും സങ്കീർണവുമായ എന്ത് കുറ്റകൃത്യമാണ് സിഎംആർഎൽ -എക്‌സാലോജിക് കേസിൽ എസ്എഫ്ഐ ഒ അന്വേഷിക്കുന്നത് എന്നത് വ്യക്തമാക്കേണ്ടതുണ്ട്. ഈ കേസിൽ അന്വേഷണം നടത്താൻ തക്ക ഒരധികാരവും ഈ ഏജൻസിക്ക് കമ്പനി നിയമത്തിന്റെ 212–ാം വകുപ്പ് പ്രകാരം ലഭ്യമാകുന്നില്ല. ഡോ. ഐസക്കിന്റെ കേസിലെപ്പോലെ ഏജൻസിയുടെ നിയമപരമായ അധികാരം ഈ കേസിൽ ചോദ്യംചെയ്യപ്പെടേണ്ട ഒന്നാണ്. തങ്ങൾക്കില്ലാത്ത അധികാരം അന്വേഷണ ഏജൻസികൾ ഇത്തരം കേസുകളുടെ അന്വേഷണത്തിൽ പ്രയോഗിക്കുന്നതു കാണാം. തങ്ങൾക്ക് എന്തോ പരമമായ അധികാരങ്ങളുണ്ട് എന്ന പ്രതീതി സൃഷ്ടിച്ച് ചെയ്തുകൂട്ടിയ നിരവധി സംഭവങ്ങളുണ്ട്. സുപ്രീം കോടതി ഉൾപ്പെടെയുള്ള കോടതികളിൽ നിന്ന് പലപ്പോഴും ഇതിന് കൊട്ടുകിട്ടിയിട്ടുമുണ്ട്. എന്നാൽ ജനങ്ങളുടെ നിയമപരമായ അജ്ഞത കാര്യമായി പ്രയോജനപ്പെടുത്തിയാണ് ഈ ഏജൻസികൾ ഇല്ലാത്ത അധികാരപ്രയോഗം നടത്തുന്നത്. തങ്ങൾക്ക് ആരെയും ചോദ്യംചെയ്യാൻ വിളിപ്പിക്കാം എന്ന ഒരു പൊതുധാരണ ഇവർ മാധ്യമ സഹായത്തോടെ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതുമുതലെടുത്താണ് നോട്ടീസ് അയക്കുന്നതുപോലുള്ള പ്രഹസനങ്ങൾ നടത്തുന്നത്. ഡോ. ഐസക്കിന്റെ കേസിൽ ഇത് പൊളിച്ചടുക്കപ്പെട്ടു.
ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന പുകമറയ്ക്കുള്ളിൽപെട്ട് ‘ചില കാര്യങ്ങളുണ്ടാകാം’ എന്ന് ലളിത യുക്തിയിൽ ചിന്തിക്കുന്ന ആളുകൾ ധാരാളമുണ്ടാകാം. കവി സച്ചിദാനന്ദനെപ്പോലുള്ള ചിലരുടെ, ‘മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ ഭയപെടുന്നതെന്തിന്’ എന്ന തരത്തിലുള്ള അത്ര നിർമലമല്ലാത്ത ചോദ്യങ്ങളിൽ കുരുങ്ങുന്നവരുമുണ്ടാകാം. ഇടതുപക്ഷ പ്രസ്ഥാനത്തെ തകർക്കുക എന്നതാണ് ഇതിന്റെയെല്ലാം പിന്നിലുള്ള അജൻഡ. വ്യക്തികേന്ദ്രീകൃതമായ ആക്രമണങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ നടത്തുന്ന നിഗൂഢ നീക്കങ്ങളെ ചെറുക്കുക എന്നത് ഒരു സഖാവിന്റെ, ഒരു പോരാളിയുടെ ചരിത്രപരമായ ദൗത്യംകൂടിയാണ്. l



