ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടക്കുന്ന കാലമാണിപ്പോൾ. കൊല്ലവർഷത്തിൽ ധനുമാസം മുതൽ മഴക്കാലത്തിന്റെ ആരംഭംവരെ തുടർച്ചയായി ഉത്സവങ്ങളാണ്. പരീക്ഷകൾ കഴിഞ്ഞ് വേനലവധിക്ക് സ്കൂൾ പൂട്ടുന്നതും ഇതേ കാലത്താണ്. കേരളത്തിൽ അസംബ്ലി പാർലമെന്റ് തിരഞ്ഞെടുപ്പുകൾ നടക്കുന്നതും ഇതേ കാലത്താണ്. ഇവ തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിക്കാം. ക്ഷേത്രപ്പറമ്പുകളിലേക്ക് ജനങ്ങൾ ഒഴുകിയെത്തുന്നത് ഈ സമയത്താണ്. മഴക്കാലത്ത് ക്ഷേത്രങ്ങളിലെ വരവ് കുറയും. തൃക്കാക്കരയപ്പനെ മാറ്റിനിർത്തിയാൽ ഓണം ഒരു ക്ഷേത്രോത്സവമല്ലല്ലോ! ക്ഷേത്രപ്പറമ്പുകളിൽ ആൾ കൂടുമ്പോൾ അവിടെ കുട്ടികളുമെത്തും – തൊഴാനല്ല കളിക്കാൻ; കുളങ്ങളിൽ കുളിക്കാൻ. അത്തരം കുട്ടികളെ സംഘടിപ്പിച്ച് കിളിത്തട്ടും കബഡിയും ഖോ ഖോയും കളിപ്പിക്കുകയും പുരാണ കഥകൾ പറഞ്ഞുകൊടുക്കുകയും കീർത്തനങ്ങൾ ചൊല്ലിക്കുകയും ചെയ്താൽ രക്ഷിതാക്കൾക്കും സന്തോഷമായി. ക്രമേണ അവരെ ഉത്സവങ്ങൾ നടത്തുന്നതിൽ പങ്കാളികളാക്കാം; പൊളിഞ്ഞുപോയ ക്ഷേത്രങ്ങൾ പുനരുദ്ധരിക്കാം; ക്ഷേത്രസംരക്ഷണ സമിതികൾ ഉണ്ടാക്കാം; കേരളത്തിൽ ആർഎസ്എസ് വളർന്നുവന്നത് ഇങ്ങനെയാണ്.
കേരളത്തിലെ ക്ഷേത്രങ്ങൾ പലവിധമാണ്; സർപ്പക്കാവുകളുണ്ട്; തറവാടുകളിലെ പരദേവതാലയങ്ങളുണ്ട്; കാവുകളുണ്ട്; തറകളുണ്ട്; ഇവ കൂടാതെ വൈഷ്‌ണവ–ശിവക്ഷേത്രങ്ങളുണ്ട്. എല്ലാ ജാതി വിഭാഗങ്ങൾക്കും അവരുടേതായ ദേവാലയങ്ങളുണ്ട്. മിക്കവാറും വീടുകളിൽ പൂജാമുറികളും ചിലയിടങ്ങളിൽ തുളസിത്തറകളുമുണ്ട്. മലയാളികൾ ആരാധന നടത്തുന്നതിനോ ഉത്സവങ്ങൾ നടത്തുന്നതിനോ ഏതെങ്കിലും വ്യവസ്ഥാപിത രീതികൾ പിന്തുടരുന്നില്ല; ആർത്തവമുള്ള സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതു വിലക്കിയ ശബരിമലയും സ്ത്രീകൾ താലമേന്തുന്നത് മാറുമറയ്ക്കാതെ വേണം എന്നു നിഷ്‌കർഷിച്ച മണിമലർക്കാവും കേരളത്തിലെ ക്ഷേത്ര വ്യവസ്ഥയുടെ ഭാഗമാണ്. ഇതെല്ലാം കേരളത്തിലെ ജാതിക്രമം സൃഷ്ടിച്ച സാമൂഹ്യവും ലൈംഗികവുമായ ഉച്ചനീചത്വത്തിന്റെ തെളിവുകളുമാണ്.
ബ്രാഹ്മണ സവർണ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങൾ തിരുവിതാംകൂറിൽ എല്ലാ ജാതി വിഭാഗങ്ങൾക്കുമായി തുറന്നുകൊടുത്തത് 1936 ലാണ്. പിന്നീട് ക്ഷേത്ര പ്രവേശനത്തിനുള്ള സമരം കൊച്ചിയിലും മലബാറിലും ശക്തിപ്പെട്ടു. 1948–50 കാലത്തോടെ കേരളത്തിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും എല്ലാവർക്കും പ്രവേശിക്കാമെന്നായി. ക്ഷേത്രപ്രവേശനത്തിന്റെ പൂർത്തിയാകാതെ പോയ കടമകളാണ് ശബരിമലപോലുള്ള ചില ക്ഷേത്രങ്ങളിൽ പിന്നീടു കണ്ടത്. അതെന്തായാലും, ജാതിബദ്ധമായ ക്ഷേത്രങ്ങൾക്കുപകരം പൊതുദേവാലയങ്ങൾ എന്ന ആശയം വളർന്നുവന്നു. ഭരണഘടനാബദ്ധമായ ഗവൺമെന്റിനുകീഴിൽ ദേവസ്വം ഭരണത്തിന് ബോർഡുകളും ഒരു വകുപ്പും ഉണ്ടായതോടെ പൊതുദേവാലയങ്ങൾ എന്ന ആശയവും ശക്തിപ്പെട്ടു. ജാതിബദ്ധമായ ദേവാലയങ്ങളിൽപോലും മറ്റുള്ളവരെ പ്രവേശിപ്പിക്കുന്നത് സാധാരണമായി.
ക്ഷേത്രങ്ങൾ സാധാരണയായി ആരാധനാമൂർത്തികളുടെ പേരിലാണ് അറിയപ്പെടുക, ഭക്തരുടെ പേരിലല്ല. ശബരിമല അയ്യപ്പൻ, ഗുരുവായൂരപ്പൻ, പത്മനാഭസ്വാമി, തൃക്കാക്കരയപ്പൻ, കൊടുങ്ങല്ലൂരമ്മ, ചോറ്റാനിക്കര ഭഗവതി തുടങ്ങിയവ ഉദാഹരണങ്ങളാണ്. അവ ദേവസന്നിധാനങ്ങളായതുകൊണ്ട് ദേവതയുടെ പേരിലുള്ള കോർപ്പറേറ്റ് സ്വഭാവമുള്ള ഭരണസംവിധാനമാണ് നിലവിലുള്ളത്. മുമ്പ് ഭക്തരും ജാതീയമായി വേർതിരിക്കപ്പെട്ടതുകൊണ്ട് അവർക്ക് ഒരു ഏകീകൃത സ്വഭാവമില്ലായിരുന്നു. പിന്നീട് പൊതുദേവാലയങ്ങളായി മാറിയപ്പോൾ ഭക്തരായ ആർക്കും അവിടെ ദർശനം നടത്താമെന്നായി; അത് ക്ഷേത്രങ്ങളുടെ ചില പൊതു രീതികൾ അംഗീകരിക്കുന്ന ആർക്കുമാകാം. ഈ രീതികളിൽ മാറ്റം വരുത്താൻ കോർപ്പറേറ്റ് ഭരണസംവിധാനങ്ങൾക്കു സാധ്യവുമാണ്. ഏതെങ്കിലും ക്ഷേത്രത്തിൽ പോകാൻ പ്രയാസമുണ്ടെങ്കിൽ മറ്റുക്ഷേത്രങ്ങളിൽ പോകാം. ക്ഷേത്രങ്ങളിൽ പോകാതെ സ്വന്തം പൂജാമുറികളിലോ തറവാട്ടു ക്ഷേത്രങ്ങളിലോ ആരാധന നടത്തുകയുമാവാം. ഇത്തരം ദൈവാരാധനയിൽ താല്പര്യമില്ലാത്തവർക്ക് അങ്ങനെയും ചെയ്യാം; അല്ലെങ്കിൽ മറ്റുമതങ്ങളിൽ ചേരാം.
ഇവിടെയാണ് ഹിന്ദു എന്ന പദത്തിന് പ്രാധാന്യം വരുന്നത്. ഹിന്ദുക്കൾ എന്നത് ഇന്ത്യൻ ജനതയ്ക്ക് പരദേശികൾ പൊതുവെ വിളിച്ച പേരാണ്. അതിൽ നിരവധി ദേവതകളും വിശ്വാസങ്ങളും വിശ്വാസസംഹിതകളും ഉണ്ടായിരുന്നു. ഇസ്ലാമിക പണ്ഡിതന്മാർ പൊതുവിൽ കുഫ്രാക്കൾ എന്നും ധിമ്മികൾ എന്നും വിളിച്ച ഇവരെ ബഹുദൈവ വിശ്വാസികളായ ഒരു ജനതയാക്കി മാറ്റിയത് ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകളാണ്. അവരിൽ സവർണരുടെ വൈദിക പാരമ്പര്യത്തെ ആര്യവംശീയ പാരമ്പര്യമായി ചിത്രീകരിച്ചതും മാക്സ് മുള്ളർ അടക്കമുള്ള യൂറോപ്യൻ പണ്ഡിതരാണ്. പിന്നീട് വളർന്നുവന്ന ഇന്ത്യൻ മധ്യവർഗ ബുദ്ധിജീവികളിൽ ഒരു വിഭാഗം ആര്യവംശീയ പാരമ്പര്യത്തെ അഭംഗുരമായ ഇന്ത്യൻ സാംസ്കാരിക പാരമ്പര്യമായി ചിത്രീകരിക്കുകയും അതിന്റെ അടിത്തറയായി ഹിന്ദുധർമ്മം എന്നു വിളിച്ച ഹിന്ദുമതത്തെ സ്ഥാപിക്കുകയും ചെയ്തു. ഇത്തരത്തിൽ വിഭാവനം ചെയ്യപ്പെട്ട കോർ പ്പറേറ്റ്സ്വഭാവമുള്ള മതത്തിന് സെമിറ്റിക് മതങ്ങളെപ്പോലെ ഒരു അടിസ്ഥാനദേവതയോ പ്രവാചകനോ നിയമസംഹിതയോ ഇല്ലാതിരുന്നതുകൊണ്ട് വർണജാതിക്രമത്തിന്റെ നിയമസംഹിതകളായ സ്മൃതികളും ധർമശാസ്ത്രങ്ങളും ആധാരഗ്രന്ഥങ്ങളായി. ഋഷിമാർ പ്രവാചകരായി. ക്ഷേത്രങ്ങൾ അടിസ്ഥാനവിശുദ്ധ സ്ഥാനങ്ങളായി. പുതിയ ആശയസംഹിതകളുടെയും വിശുദ്ധ സ്ഥാനങ്ങളുടെയും കാവൽ ഭടന്മാരായി ആർ എസ് എസ് വളർന്നുവന്നു.
കേരളത്തിലെ സവർണ ക്ഷേത്രങ്ങൾ ദേവസ്വങ്ങളുടെ കയ്യിലായിരുന്നതുകൊണ്ട് ഭരണാധികാരത്തിന്റെ പിൻബലമില്ലാതെ കടന്നുചെല്ലാൻ പ്രയാസമായിരുന്നു . തിരുവിതാംകൂറിൽ സർ സിപിയുടെ കാലത്ത് അതിനുള്ള ശ്രമങ്ങൾ നടത്തിയതായി സൂചനകളുണ്ട്. എന്നാൽ നാടുവാഴികളുടെയോ ഭൂവുടമ വർഗത്തിന്റെയോ സംരക്ഷണമില്ലാതെ തകർന്നു തുടങ്ങിയ ക്ഷേത്രങ്ങൾ സംരക്ഷിക്കുന്നതിനും ഉത്സവങ്ങളും അനുഷ്ഠാനങ്ങളും നടത്തുന്നതിനും ആർഎസ്എസ് മുൻകയ്യെടുത്തു. ക്ഷേത്ര പരികർമ്മികളെ സംഘടിപ്പിച്ച് അവരുടെ ഉപജീവനം ഉറപ്പുവരുത്തുന്നതിനും ശ്രമിച്ചു. വർണജാതിക്രമത്തിൽതന്നെ പാർശ്വവൽക്കരിക്കപ്പെട്ട അരയർ, വിശ്വകർമ്മജർ, വാണിയർ, ചാലിയർ തുടങ്ങിയ ജനവിഭാഗങ്ങളുടെ ദേവാലയ നിർമാണത്തിനും ആചാരവിശ്വാസങ്ങളുടെ സംരക്ഷണത്തിനും മുൻകയ്യെടുത്തു. സവർണരുടെയിടയിൽ ക്ഷേത്രസംരക്ഷണവും ആചാര സംരക്ഷണവുമായിരുന്നെങ്കിൽ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയിടയിൽ മതപരിവർത്തനത്തോടുള്ള എതിർപ്പും അന്യമതങ്ങളോടുള്ള ശത്രുതയും പ്രകടമായി. എല്ലാ ക്ഷേത്രങ്ങളും ഹിന്ദുക്കളുടെ മാത്രം ആരാധനാലയങ്ങളായി. അഹിന്ദുക്കൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ബോർഡുകൾ എല്ലാക്ഷേത്രങ്ങളിലും സ്ഥാപിക്കപ്പെട്ടു. ക്ഷേത്രക്കുളങ്ങളിൽ മറ്റുള്ളവർ കുളിക്കുന്നതുപോലും നിഷേധിക്കപ്പെട്ടു. ഉത്സവങ്ങൾ, പൊതു ഉത്സവങ്ങൾ എന്ന നിലയിൽ നിന്നുമാറി ഹിന്ദു ഉത്സവങ്ങളായി. പ്രത്യേകിച്ച് ആർഎസ്എസ് ആഭിമുഖ്യമില്ലാത്ത ക്ഷേത്ര ഭരണസമിതികളും ഈ മാറ്റങ്ങളെ അംഗീകരിച്ചു.
ഒന്നുകൂടി ശ്രദ്ധിക്കേണ്ട ഒരു കാര്യം, കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങൾ നടന്നത് വൈക്കം, ഗുരുവായൂർ എന്നിവ പോലുള്ള പ്രമുഖ സവർണക്ഷേത്രങ്ങളുടെ പരിസരത്തിലാണ്; എന്നാൽ വർഗീയ കലാപങ്ങൾ നടന്നത് അവിടെയല്ല. ബേപ്പൂർ – നടുവട്ടം പ്രദേശങ്ങളിലെ കലാപം നടന്നത് തീരപ്രദേശത്തെ കാവുകളെയും പള്ളികളെയും കേന്ദ്രീകരിച്ചാണ്. പൊന്നാനിയിലെ ഹിന്ദു സംരക്ഷണ സമിതിയുണ്ടായത് അവിടെ മുസ്ലീം മതപരിവർത്തനത്തിനെതിരായാണ്. കെ.കേളപ്പന്റെ നേതൃത്വത്തിൽ 1969 ൽ നടന്ന അങ്ങാടിപ്പുറം സമരമാണ് താരതമ്യേന വലിയ ക്ഷേത്രത്തിൽ നടന്നത്. തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട തിരുവങ്ങാട് ക്ഷേത്രവും വലിയ ക്ഷേത്രങ്ങളുടെ ലിസ്റ്റിൽ പെടില്ല. മാറാട് നടന്ന കലാപങ്ങളും അരയരുടെ ക്ഷേത്രവും തൊട്ടടുത്തുള്ള മുസ്ലിം പള്ളിയും രണ്ടു ജനവിഭാഗങ്ങളും തമ്മിലുള്ള തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് നടന്നത്. ഒരു വലിയ ക്ഷേത്രത്തിന്റെ പ്രശ്നത്തിൽ ആർഎസ്എസ് ഇടപെടുന്നത് ശബരിമലയിലായിരിക്കും.
ആർഎസ്എസിന്റെ പ്രവർത്തനത്തിന്റെ മറ്റൊരു സവിശേഷതയാണ് ഇതു കാണിക്കുന്നത്. താരതമ്യേന ദുർബലമായ ജനവിഭാഗങ്ങളുടെ ഇടയിലാണ് ആർഎസ്എസ് ഹിന്ദുത്വ രാഷ്ട്രീയം കൃത്യമായി പ്രചരിപ്പിച്ചത്. മധ്യവർഗത്തിനിടയിൽ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ആധ്യാത്മികതയുടെയും വക്താക്കളായി അവതരിച്ചപ്പോൾ സാധാരണ ജനങ്ങളുടെയിടയിൽ ക്ഷേത്രസംസ്‌കാരവും ആചാരബദ്ധതയും അന്യമത വിരോധവും സെക്കുലർ കമ്യൂണിസ്റ്റ് വിരോധവും കുത്തിനിറയ്ക്കുന്ന ജോലിയാണ് ആർഎസ്എസ് നിർവഹിച്ചത്. ഇവ രണ്ടും പരസ്പരം ബന്ധപ്പെടുത്താനും അവർക്ക് ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല. ആർഎസ്എസ് ശാഖകളുടെ വ്യാപനവും ഈ പശ്ചാത്തലത്തിലാണ് നടന്നത്.
1980കളോടെ ആർഎസ്എസിന്റെ പ്രവർത്തനം ബിജെപിയിലൂടെ പ്രകടമായ മതരാഷ്ട്രീയത്തിലേക്കു തിരിഞ്ഞു. താഴെത്തട്ടിൽ ദുർബല വിഭാഗങ്ങളെയും ക്ഷേത്രങ്ങളെയും കേന്ദ്രീകരിച്ചുള്ള വർഗീയ സംഘർഷങ്ങളിൽ മാത്രമായിരുന്നില്ല അവരുടെ ശ്രദ്ധ; ഇന്ത്യൻ ജനതയെ മുഴുവൻ സ്വാധീനിക്കാൻ കഴിയുന്നതും അതേസമയം അവരുടെ സാംസ്കാരിക രാഷ്ട്രീയത്തെ മുഴുവൻ സന്നിവേശിപ്പിക്കാൻ കഴിയുന്നതുമായ ഒരു ഇടനാഴി അവർക്കാവശ്യമായിരുന്നു. ഇതിനാണ് അയോദ്ധ്യയിലെ ബാബറി മസ്ജിദ്, വാരണസിയിലെ ഗ്യാൻവാപി പള്ളി, മഥുരയിലെ ഷാഹി ഈദ് ഗാഹ് എന്നിവ ഹിന്ദുക്ഷേത്രങ്ങൾ പൊളിച്ചുനിർമിച്ചതാണെന്നും അവ ഹിന്ദുക്കൾക്ക് (പൊളിച്ച ക്ഷേത്രങ്ങളിലെ ഭക്തർക്കല്ല ) തിരികെ നൽകണമെന്നുമുള്ള ആവശ്യം വിശ്വഹിന്ദു പരിഷത്ത് ഉന്നയിച്ചത്. ഇതുണ്ടാക്കിയ പ്രത്യാഘാതങ്ങൾ ഏവർക്കും അറിയുന്നതുകൊണ്ട് ഇവിടെ വിശദീകരിക്കുന്നില്ല. രണ്ട് കാര്യങ്ങൾ ഇവിടെ പ്രസക്തമാണ്: ഇവിടെ രണ്ട് ക്ഷേത്രങ്ങൾ, അയോദ്ധ്യയും മഥുരയും, ഇതിഹാസപുരാണ പാരമ്പര്യങ്ങളുമായി നേരിട്ടുബന്ധപ്പെട്ടവയാണ്. അവ മുസ്ലീങ്ങളുടെ ക്ഷേത്രധ്വംസനത്തിന് വിധേയമായെന്ന് വാദിക്കപ്പെടുന്നു. ഗ്യാൻവാപി ശിവക്ഷേത്രം പൊളിച്ചതാന്നെന്നും പറയുന്നു. അതായത്, ഹിന്ദുമതം ശിവവിഷ്ണുഭക്തിയിൽ കേന്ദീകരിച്ച ക്ഷേത്രമതമാണെന്നും അതിനെ തകർത്താണ് മുസ്ലീം ഭരണാധികാരികൾ വളർന്നതെന്നും വാദിക്കുന്നതോടെ ഏറെ ഘോഷിക്കപ്പെടുന്ന സാംസ്കാരിക പാരമ്പര്യത്തിന്റെ അടിത്തറതന്നെ ക്ഷേത്രങ്ങളായിമാറുന്നു. ദുർബല വിഭാഗങ്ങളുടെ ക്ഷേത്രങ്ങൾ മാത്രമല്ല, മൊത്തം ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ ചൊൽപടിയിലേക്കു നീങ്ങുന്നു. പുതിയ മതരാഷ്ട്രീയത്തിന്റെ നെടുംതൂണുകളായി അവ മാറുന്നു.
ഇതോടെ ആദ്യകാലത്തെ ക്ഷേത്രസംരക്ഷണ രാഷ്ട്രീയം തലകുത്തനെ നിൽക്കുകയാണ്. മുമ്പ് നിലവിലുണ്ടായിരുന്ന ക്ഷേത്രങ്ങളെയും ആരാധനാ രീതികളെയും സംരക്ഷിക്കാനാണ് ആർഎസ്എസ് ശ്രമിച്ചതെങ്കിൽ ഇപ്പോൾ അതേ ക്ഷേത്രങ്ങളെ ഹിന്ദുമത രാഷ്ട്രീയത്തിന്റെ കളരികളാക്കാനാണ് നീക്കം. അതിന്റെ അടിസ്ഥാനത്തിൽ ദുർബല വിഭാഗങ്ങളുടെ എല്ലാ ക്ഷേത്രങ്ങളും ഗണപതി, സുബ്രഹ്മണ്യൻ, ഹനുമാൻ, സീത, ലക്ഷ്മി, ദുർഗ, കാളി മുതലായ ഇതിഹാസപുരാണ കഥാപാത്രങ്ങളുടെ ആരാധനാലയങ്ങളായി മാറുന്നു. ഇവരുടെ കൂട്ടത്തിൽ നവോത്ഥാന നായകനായ നാരായണഗുരുവും ആൾശെദവമായ സത്യസായിബാബയും ആരാധിക്കപ്പെടുന്നു. പുതിയ ദൈവങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ പുതിയ ഉത്സവങ്ങളും ആരാധനാരീതികളും വരെ പ്രത്യക്ഷപ്പെടുന്നു. തിരുനാവായയിൽ നടന്ന “മഹാമാഘ’ ഉത്സവത്തിലെ നിളാ ആരതി ഉദാഹരണമാണ്. ഇപ്പോൾ കേരളത്തിലെ ഉത്സവങ്ങളിലുടനീളം നടത്തപ്പെടുന്ന മഹായാഗങ്ങൾ മറ്റൊരുദാഹരണമാണ്. ജനങ്ങളുടെ വിശ്രമവേളകളും കുട്ടികളുടെ വേനലവധിക്കാലവും എല്ലാം ഇത്തരം ചടങ്ങുകളിലും കലാരൂപങ്ങളിലും തളച്ചിടപ്പെടുമ്പോൾ ഹിന്ദുമത രാഷ്ട്രീയത്തിനു പൂർണമായി വിധേയരായ, ഇന്ത്യാ ചരിത്രത്തെക്കുറിച്ച് പൂർണമായും അജ്ഞരായ ഒരു സമൂഹമാണ് വളർന്നുവരുന്നത്.
ഈ സമൂഹത്തിന്റെ പൊതുസ്വഭാവം താഴെ പറയുംപ്രകാരമാണ്: ആചാരബദ്ധതയും സമൂഹത്തിലെ രക്ഷാധികാരി വിഭാഗത്തോടുള്ള പൂർണമായ അനുസരണയും, അന്യമതവിഭാഗങ്ങളോടും മറ്റു രാഷ്ട്രീയ നിലപാടുകൾ ഉൾക്കൊള്ളുന്നവരോടുമുള്ള ശത്രുത, ചരിത്രത്തിന്റെ മിത്തുവൽക്കരണം, സാങ്കേതികവിദ്യകളും കപടശാസ്ത്രവും അന്ധവിശ്വാസങ്ങളും ഒന്നിച്ചുകൊണ്ടുപോകാനുള്ള പ്രവണത, ആചാരബദ്ധമായ ജാതീയതയും പുരുഷമേധാവിത്വവും, ഇവയെല്ലാം പൂർണമായി ഉൾക്കൊണ്ടുള്ള ഹിന്ദുത്വ രാഷ്ട്രീയബോധം അതായത് ഔപചാരികമായി ആർ എസ് എസ്. ബൂർഷ്വാ ജനാധിപത്യത്തെ അംഗീകരിക്കുന്നിടത്തോളം കാലംമാത്രം നിലനിൽക്കുന്ന ജനാധിപത്യ സങ്കല്പമുള്ള ഒരു ജനസമൂഹമാണ് വളർന്നു വരുന്നത്.
ഇതിനെ ഒരുമിച്ചുനിർത്തുന്നതിൽ ക്ഷേത്ര സംസ്കാരവും ഉത്സവങ്ങളും മതപ്രഭാഷണങ്ങളും ഭക്തി സീരിയലുകളും പുസ്തകങ്ങളുമെല്ലാം പ്രധാന പങ്കുവഹിക്കുന്നുണ്ട്. സമൂഹത്തിലെ താഴെ തട്ടിലുള്ളവരും ഇടത്തരക്കാരും ഈ പ്രചരണത്തിന്റെ ഇരകളാണെന്ന വസ്തുത മറന്നുകൂടാ. ആർഎസ്എസ് കേരളത്തിൽ വളർന്നുവന്നത് അവരിൽനിന്നാണ്. ഇന്നും കേരളത്തിൽ ഹിന്ദുത്വത്തിന്റെ ഏറ്റവും ശക്തമായ അടിത്തറയും അവരാണ്. ഇന്ന് കേരളത്തിൽ ക്ഷേത്ര ദർശനം നടത്തുന്നവരിൽ നല്ലൊരു ശതമാനം സാധാരണ വിശ്വാസികളാണ്. അവരുടെ ഇടയിൽ ഹിന്ദുത്വ മത രാഷ്ട്രീയക്കാർ ധാരാളമുണ്ടെന്നതും അവർ നിരന്തരമായി സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നുണ്ടെന്നും മറന്നുകൂടാ. തീർത്ഥാടന യാത്രകൾ രാഷ്ട്രീയ പ്രചരണയാത്രകൾ കൂടിയാകാം.
ക്ഷേത്രങ്ങളുടെമേലുള്ള ആർഎസ്എസ് ആധിപത്യത്തിനെതിരെ എന്തു ചെയ്യാൻ കഴിയുമെന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. ആർഎസ്എസ് പ്രചരിപ്പിക്കുന്ന ഹിന്ദുമത രാഷ്ട്രീയത്തിനെതിരായ ശക്തമായ പ്രചരണമാണ് ഏറ്റവും പ്രധാന മാർഗം. ഒരു ക്ഷേത്രത്തിന്റെ ഭരണസമിതികളിലും ആചാരാനുഷ്ഠാന രൂപങ്ങളിലും നിയന്ത്രണമേർപ്പെടുത്തിയാണ് ആർഎസ്എസ് ഇതു സാധിക്കുന്നത്. ക്ഷേത്രപ്രവേശനമുന്നേറ്റത്തിലൂടെ വളർന്നുവന്ന ആശയം പൊതുദേവാലയങ്ങളുടേതാണ് എന്ന് ഓർമ്മിക്കേണ്ടതാണ്. ഒരു ക്ഷേത്രത്തിൽ കടന്നുവരുന്ന സന്ദർശകരും ഭക്തരും ആരായാലും അവർക്കു വേണ്ട സൗകര്യങ്ങളൊരുക്കുക എന്നതാണ് ക്ഷേത്രഭരണ സമിതികളുടെ കടമ. ഉത്സവപ്പറമ്പുകളിലും കൂത്തമ്പലങ്ങളിലും മണ്ഡപങ്ങളിലും നിലനിന്നിരുന്ന എല്ലാവിധത്തിലുള്ള അയിത്തവും ഇല്ലാതാക്കുക എന്നത് ഇതിന്റെ ഭാഗമാകും. ഇതിനുതകുന്ന വിധത്തിൽ ക്ഷേത്ര സമ്പ്രദായങ്ങളിൽ മാറ്റംവരുത്താനുള്ള സ്വാതന്ത്ര്യം ഭക്തർക്കും ഭരണസമിതികൾക്കുമുണ്ട്.
ശബരിമല കേസ് സുപ്രീം കോടതിയിൽ വീണ്ടും വന്നതിന്റെ ഭാഗമായി കോടതി നടത്തിയ ഒരു നിരീക്ഷണം ഏറെ പ്രധാനമാണ്. ഓരോ ക്ഷേത്രത്തിനും അതിന്റേതായ സമ്പ്രദായമുണ്ടെന്നും അതു പാലിക്കാത്തവർക്ക് അവിടെ പോകേണ്ട കാര്യമില്ലെന്നുമാണ് കോടതി നിരീക്ഷണം. സമ്പ്രദായങ്ങൾ വളർന്നുവന്നത് വർണജാതിബദ്ധമായ ആചാരാനുഷ്ഠാനക്രമങ്ങൾ അനുസരിച്ചാണ് എന്ന വസ്തുത മറന്നുകൂടാ. മതനിരപേക്ഷവും സാമൂഹ്യ നീതിയിലധിഷ്ഠിതവുമായ ഭരണഘടന നിലനിൽക്കുന്ന സാഹചര്യത്തിൽ അതിനനുസരിച്ചുള്ള സമ്പ്രദായങ്ങൾ ക്ഷേത്രങ്ങളിൽ നിലനിൽക്കണമെന്ന് അനുശാസിക്കാൻ കോടതികൾക്ക് കഴിയും. പൊതുദേവാലയങ്ങളിൽ ഭക്തർക്കുതന്നെയാണ് പ്രാധാന്യം. ആചാരത്തിന്റെ പേരിൽ ഭക്തരുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു ഭരണസമിതിക്കുമില്ല. ക്ഷേത്ര പ്രവേശനപ്രസ്ഥാനം കേരള ജനതയ്ക്കു നൽകിയ സന്ദേശം ഇതാണ്. ഇതിനെ ഹിന്ദുമത രാഷ്ട്രീയ താല്പര്യങ്ങൾക്കുവേണ്ടി കവർന്നെടുക്കാനാണ് ആർഎസ്എസ് ഇപ്പോൾ ശ്രമിക്കുന്നത്. l



