Friday, April 24, 2026

ad

Homeകവര്‍സ്റ്റോറിസഹകരണ മേഖലയിലേക്കുള്ള ആർഎസ്എസിന്റെ 
നുഴഞ്ഞുകയറ്റം

സഹകരണ മേഖലയിലേക്കുള്ള ആർഎസ്എസിന്റെ 
നുഴഞ്ഞുകയറ്റം

ഡോ. ടി എം തോമസ് ഐസക്

കേരള സമൂഹത്തിന്റെ ഒരു അടിസ്ഥാന സവിശേഷത ജാതി-–മത ചിന്തകൾക്കതീതമായി ബഹുജനങ്ങൾ പങ്കാളികളാവുന്ന പൊതു ഇടങ്ങളുടെ ബാഹുല്യമാണ്. ഏറ്റവും പ്രസിദ്ധം ലൈബ്രറികൾ തന്നെ. ഇന്ത്യയിൽ ഒരു ലക്ഷം ജനസംഖ്യയ്ക്ക് 3 –- 4 ലൈബ്രറികൾ വീതം ഉള്ളപ്പോൾ കേരളത്തിൽ 18 -– 24 ലൈബ്രറികൾ വീതമുണ്ട്. കേരളത്തിലെ ജനകീയ ശാസ്ത്ര പ്രസ്ഥാന ശൃംഖലയാണ് ഇന്ത്യയിലേക്കും വെച്ച് ഏറ്റവും വലുത്. ഒരു ലക്ഷം ജനസംഖ്യക്ക് 907 രജിസ്റ്റേർഡ് സന്നദ്ധ സംഘടനകൾ കേരളത്തിലുണ്ട്. ഇതിൽ 20% സാംസ്‌കാരിക–കായിക ക്ലബ്ബുകളാണ്.

ഇത്തരം പൊതു ഇടങ്ങളിൽ ഏറ്റവും പ്രധാനമായിട്ടുള്ള ഒന്നാണ് സഹകരണ മേഖല. ഇന്ത്യയിലെ ജനസംഖ്യയിൽ ഒരു ലക്ഷം പേരിൽ 21,670 സഹകരണ സംഘം അംഗങ്ങളാണുള്ളത്. എന്നാൽ കേരളത്തിലാകട്ടെ ഒരു ലക്ഷം ജനസംഖ്യയ്ക്ക് 1.66 ലക്ഷം സഹകരണ സംഘം അംഗങ്ങളുണ്ട്. ഒരാൾ സാധാരണ ഗതിയിൽ ഒന്നിലേറെ സംഘങ്ങളിൽ അംഗങ്ങളാണ് എന്നർത്ഥം. ദേശീയ ശരാശരിയുടെ 7 –- 8 മടങ്ങാണ് കേരളത്തിലെ സഹകരണ മേഖലയുടെ സാന്ദ്രത. 23000 സഹകരണ സംഘങ്ങൾ കേരളത്തിലുണ്ട്.

എല്ലാ ജാതി–മതസ്ഥരും പങ്കാളികളാകുന്ന മതേതര ഇടങ്ങൾ തകർത്തുകൊണ്ടല്ലാതെ ഹിന്ദുത്വ വർഗ്ഗീയ ശക്തികൾക്ക് കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് സഹകരണ മേഖലയിൽ ആധിപത്യം സ്ഥാപിക്കുകയെന്നത് ആർഎസ്എസിന്റെ തന്ത്രപരമായ ഒരു ലക്ഷ്യമായി മാറുന്നത്.

സഹകരണമേഖലയിലേക്കുള്ള 
കേന്ദ്രത്തിന്റെ കടന്നുകയറ്റം
ബിജെപി സർക്കാരിന്റെ ആദ്യ ഊഴത്തിൽ കേന്ദ്ര സർക്കാർ സഹകരണ മേഖലയെ പൊതുവിൽ അവഗണിക്കുകയാണ് ചെയ്തത്. നിയോലിബറൽ സമീപനത്തിന്റെ ഉദാഹരണമായിട്ട് പലരും ഇതിനെ അന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ, രണ്ടാം ബിജെപി സർക്കാർ നിലപാടാകെ തിരുത്തി. രാജ്യത്തെ സഹകരണ മേഖലയെ മുഴുവൻ കേന്ദ്ര സർക്കാരിന്റെ കീഴിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിച്ചു. കേരളത്തിലെ സഹകരണ മേഖലയെ ചൊൽപ്പടിയിൽ നിർത്താൻ കഴിഞ്ഞാൽ ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനാകുമെന്ന മോഹമായിരുന്നു ഇതിനു പിന്നിലെ പ്രധാന ചേതോവികാരം.

സഹകരണ മേഖലയിലെ കേന്ദ്രീകരണത്തിന് തുടക്കംകുറിച്ചത് കോൺഗ്രസ്സാണ് എന്നത് നിഷേധിക്കാനാവില്ല. 2011- ൽ കോൺഗ്രസ് സർക്കാർ സഹകരണ മേഖലയിൽ കേന്ദ്ര സർക്കാരിന്റെ അധികാരങ്ങൾ വിപുലപ്പെടുത്തിക്കൊണ്ടുള്ള 97-–ാം ഭരണഘടനാ ഭേദഗതി പാസ്സാക്കി. ഇത് ഗുജറാത്ത് ഹൈക്കോടതിയിൽ ചോദ്യംചെയ്യപ്പെട്ടു. ഗുജറാത്ത് ഹൈക്കോടതി കേന്ദ്ര സർക്കാരിന് സംസ്ഥാന സഹകരണ സംഘങ്ങളിൽ ഇടപെടാൻ അവകാശമില്ല എന്നു വിധിച്ചു. അന്തർസംസ്ഥാന സഹകരണ സംഘങ്ങളിൽ മാത്രമേ കേന്ദ്രത്തിന് ഇടപെടാൻ അവകാശമുള്ളൂ എന്ന് ഗുജറാത്ത് ഹെെക്കോടതി വ്യക്തമാക്കി. ബിജെപി ഭരണകാലത്ത് സുപ്രീംകോടതി ഇത് ശരിവെയ്ക്കുകയും ചെയ്തു. അതുകൊണ്ട് സംസ്ഥാന നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങളിൽ ഇടപെടുന്നതിന് ബിജെപിക്ക് ഒരു കേന്ദ്ര മന്ത്രാലയം ആവശ്യമായിവന്നു. നേരിട്ട് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ വളഞ്ഞ വഴിയിലൂടെ ചെയ്യാൻ അത് അവരെ സഹായിക്കും.

ഇന്ത്യയിലെ പ്രഥമ സഹകരണമന്ത്രിയായുള്ള അമിത് ഷായുടെ സ്ഥാനാരോഹണം ഒട്ടനവധി ചോദ്യങ്ങൾ ഉയർത്തുന്നു. സഹകരണമേഖല സംസ്ഥാന വിഷയമാണ്. കേന്ദ്രത്തിനു കീഴിൽ നേരിട്ടുവരുന്നത് അന്തർസംസ്ഥാന സഹകരണ സംഘങ്ങൾ മാത്രമാണ്. സഹകരണ നിയമത്തിൽ 2002-ൽ വരുത്തിയ ഭേദഗതിയിലൂടെ സ്ഥാപിതമായ ഇത്തരം സംഘങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ഒരു കേന്ദ്രമന്ത്രാലയത്തിന്റെ ആവശ്യമില്ല. സാധാരണഗതിയിൽ കാർഷിക മേഖലയുടെ അനുബന്ധമായാണ് സഹകരണമേഖല കണക്കാപ്പെടുന്നത്. എന്നാൽ, കൃഷിമന്ത്രിയ്ക്ക് ഇതിന്റെ അധികച്ചുമതല നൽകുന്നതിനുപകരം ആഭ്യന്തരമന്ത്രിയ്ക്കു പുതിയ സഹകരണമന്ത്രാലയത്തിന്റെ ചുമതല നൽകിയിരിക്കുകയാണ്.

എന്തുകൊണ്ട് അമിത് ഷാ?
അമിത് ഷായെത്തന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണമന്ത്രിയാക്കിയത് യാദൃച്ഛികമല്ല. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽനിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരൻ. അമൂൽ കുര്യനെ പാൽ സഹകരണ മേഖലയിൽ നിന്നും പുകച്ചുപുറത്തുചാടിച്ചതിന്റെ പിന്നിലും ബിജെപിയുടെ കരങ്ങളുണ്ടായിരുന്നു. നിരീശ്വരവാദിയായ അദ്ദേഹത്തെ മതപരിവർത്തനത്തിന് ഒത്താശ ചെയ്യുന്നയാളെന്ന് ആക്ഷേപിക്കാനും മടിയുണ്ടായില്ല. ഗുജറാത്തിലെയും രാജ്യത്തെയും ധവളവിപ്ലവത്തിന്റെ നായകന് ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും തൊട്ടടുത്തൊരു പട്ടണത്തിൽത്തന്നെ ഉണ്ടായിരുന്നിട്ടും മോദി തയ്യാറായില്ല എന്നതിൽനിന്നും എത്രമാത്രമായിരുന്നു വൈരാഗ്യമെന്ന് ഊഹിക്കാം. ഗുജറാത്തിലെ സഹകരണ മേഖല ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയാണ്.

ഇതുപോലെ ഇന്ത്യയിലെ സഹകരണ മേഖല തങ്ങളുടെ വരുതിയിലാക്കാനുള്ള വലിയൊരു അജൻഡയിലെ നിർണായക കണ്ണിയാണ് പുതിയ മന്ത്രാലയത്തിന്റെ രൂപീകരണം. 2002-ൽ വാജ്പേയി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് അന്തർസംസ്ഥാന സഹകരണ സംഘങ്ങൾക്കുള്ള നിയമം പാസ്സാക്കിയത്. അതോടെ സംസ്ഥാന സഹകരണ രജിസ്ട്രാർമാരുടെ പുറത്ത് സഹകരണ സംഘങ്ങൾ സ്ഥാപിക്കാമെന്നായി. 2014ൽ കമ്പനി ആക്ടുപ്രകാരമുള്ള നിധികൾക്കു നിധി ചട്ടങ്ങൾക്കു രൂപം നൽകി. ഈ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നു കേരളത്തിൽ ‘ഹിന്ദു ബാങ്ക്’ എന്ന വിളിപ്പേരിൽ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഇന്നിപ്പോൾ കേന്ദ്ര സഹകരണമന്ത്രാലയവും ആരംഭിച്ചിരിക്കുന്നു. ഇവയൊക്കെ കൂട്ടിവായിക്കേണ്ടതുണ്ട്.

കേന്ദ്രസഹകരണ മന്ത്രാലയത്തിന് കേരളത്തിലെ സഹകരണ സംഘങ്ങളെ പിടിച്ചെടുക്കാനൊന്നും കഴിയില്ല. കേരളത്തിലെ സഹകരണ സംഘങ്ങൾ നിയമസഭ പാസ്സാക്കിയ നിയമമനുസരിച്ച് സഹകരണ രജിസ്ട്രാറുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. കേന്ദ്രത്തിലിരുന്ന് കേരളത്തിലെ സഹകരണ സംഘങ്ങൾക്ക് ഉത്തരവു കൊടുക്കാനാവില്ല. പക്ഷേ പുതിയ “നിധികൾക്കും” മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്കും വലിയ പ്രോത്സാഹനം നൽകുവാൻ കഴിയും.

റിസർവ് ബാങ്കിന്റെ ഇടങ്കോൽ
മേല്പറഞ്ഞ നടപടികൾകൊണ്ടുമാത്രം, നൂറ്റാണ്ടിന്റെ പഴക്കമുള്ള കേരളത്തിലെ ജനകീയ സഹകരണ സംഘങ്ങളെ തകർക്കാനാവില്ല. അതിന് കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്താൻ പോകുന്നത് റിസർവ് ബാങ്കിനെയാണ്. അർബൻ ബാങ്കുകളുടെ കാര്യത്തിൽ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ റിസർവ്വ് ബാങ്കിനു കൈമാറിക്കൊണ്ട് 2020 സെപ്തംബറിൽ പാർലമെന്റ് നിയമം പാസ്സാക്കി. അത് പ്രാഥമിക സഹകരണ ബാങ്കുകൾക്കു ബാധകമാക്കുന്നതിന് ഒരു പ്രത്യേക നോട്ടിഫിക്കേഷൻ മതിയാകും. അതിലൂടെ വൈദ്യനാഥൻ കമ്മിറ്റി നിർദേശിച്ചതും നമ്മൾ തിരസ്കരിച്ചതുമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കാനാകും.

നമ്മുടെ വായ്പാ സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നതിനെ നിരോധിക്കാനാവും. അങ്ങനെ വന്നുകഴിഞ്ഞാൽ പിന്നെ നമ്മുടെ പ്രാഥമിക കാർഷിക സഹകരണ ബാങ്കുകൾക്ക് പേരുമാത്രമല്ല നഷ്ടപ്പെടുക. ചെക്കുകൾ ഉപയോഗിച്ച് പണമിടപാട് നടത്താനും കഴിയില്ല. വിത്ഡ്രോവൽ സ്ലിപ്പേ പറ്റൂ. തീർന്നില്ല, പൊതുജനങ്ങളിൽനിന്ന് ഡെപ്പോസിറ്റ് സ്വീകരിക്കാൻ കഴിയില്ല; വോട്ടവകാശമുള്ള എ ക്ലാസ് അംഗങ്ങളിൽ നിന്നുമാത്രമേ കഴിയൂ. ഏതാണ്ട് 60,000 കോടി രൂപ ഇത്തരത്തിൽ ഡെപ്പോസിറ്റുകളായി ഇപ്പോഴുണ്ടെന്നാണ് കണക്ക്. കേരള ബാങ്കിൽ മിറർ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അതു നിരോധിക്കപ്പെടും. ഇങ്ങനെ കേരളത്തിലെ സഹകരണ വായ്പാ മേഖലയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

അതോടെ അമിത് ഷായുടെ ചൊൽപ്പടിക്കു നിൽക്കുന്ന മൾട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകൾക്കും അവയുടെ അനുബന്ധ സ്ഥാപനങ്ങൾക്കും മുൻപന്തിയിലേയ്ക്കു വരാനാകും. വായ്പാ സഹകരണ സംഘങ്ങൾ തങ്ങളുടെ വരുതിയിലായാൽ പിന്നെ ബാക്കിയുള്ളവയെ കീഴ്പ്പെടുത്താൻ പ്രയാസമുണ്ടാവില്ലായെന്നായിരിക്കും ബിജെപിയുടെ കണക്കുകൂട്ടൽ. അങ്ങനെ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന ഒരു ദുഷ്ടപദ്ധതിക്കാണ് അവർ രൂപം നൽകിയിരിക്കുന്നതെന്നുവേണം ചിന്തിക്കാൻ.

കേന്ദ്ര മന്ത്രാലയത്തിന്റെ 
പുതിയ നീക്കങ്ങൾ
കേന്ദ്രാവിഷ്കൃത പദ്ധതികൾ സഹകരണമേഖലകളിൽ പുതിയതായി ആരംഭിച്ചു. അതിൽ പ്രധാനം 1.25 ലക്ഷം കോടി രൂപയുടെ ഗോഡൗൺ പദ്ധതിയാണ്. പിന്നെ, 15,000 കോടി രൂപയുടെ സഹകരണ സ്റ്റാർട്ടപ്പുകൾക്ക് വേണ്ടിയുള്ള വെർച്വൽ ക്യാപ്പിറ്റൽ ഫണ്ടാണ്. 6,865 കോടി രൂപയുടെ FPO സ്‌കീമുമുണ്ട്. ഇതിൽനിന്നെല്ലാം പണം കിട്ടണമെങ്കിൽ കേന്ദ്രത്തിന്റെ നിബന്ധനകൾ അംഗീകരിക്കണം. അതുപോലെ നബാർഡ് അടക്കം ദേശീയതലത്തിൽ രൂപീകരിക്കുന്ന ഫെഡറേഷനുകളിൽനിന്ന് പണം കിട്ടണമെങ്കിലും കേന്ദ്ര നയങ്ങൾ അംഗീകരിക്കണം.

ഭരണഘടനാ വ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് നിയമ ഭേദഗതികൾ പലതും കൊണ്ടുവന്നിട്ടുണ്ട്. ബഹു സംസ്ഥാന സഹകരണ സംഘങ്ങൾ തുടങ്ങുന്നതിന് NOC വേണമെന്ന് കേരള സർക്കാർ മുന്നോട്ടുവെച്ച നിബന്ധനകൾ മറികടക്കാൻ നിയമ ഭേദഗതി കൊണ്ടുവന്നു. അർബൻ ബാങ്കുകളെ കൂടുതൽ ചൊൽപ്പടിക്കു നിർത്താൻ ബാങ്കിങ് റെഗുലേഷൻ ആക്റ്റ് ഭേദഗതി ചെയ്തു. ഇന്നിപ്പോൾ പുതിയ ദേശീയ സഹകരണ നയം നിലവിൽവന്നു. അതുപ്രകാരം ഏകീകൃത ബൈലോ, പൊതു സോഫ്ട്‍വെയർ, എല്ലാ മേഖലകളിലും ദേശീയ ഫെഡറേഷനുകൾ തുടങ്ങിയവ കൊണ്ടുവരാനാണ് ശ്രമം.

പിന്നിൽ ആർഎസ്എസ്
ആരാണ് പിന്നിൽ? നിയോലിബറൽ സാമ്പത്തിക നയങ്ങളുടെ പശ്ചാത്തലത്തിൽ അവഗണിക്കപ്പെട്ടുതുടങ്ങിയ സഹകരണമേഖലയിൽ ഇതുപോലുള്ള കേന്ദ്ര ഇടപെടൽ നടക്കുന്നതിനു പിന്നിൽ ആർഎസ്എസിന്റെ സഹകാർ ഭാരതിയാണ്. ആഗോള സഹകരണ പ്രസ്ഥാനത്തിന്റെ തത്ത്വങ്ങൾ അവർക്ക് പോരാ. അതിനപ്പുറം “മൂല്യബോധം” ഉള്ള സംഘങ്ങൾ വേണം. അത് സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കം മുതലുള്ള സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളോ, സ്വതന്ത്ര ഇന്ത്യ അംഗീകരിച്ച വികസന കാഴ്ചപ്പാടോ പോരാ. ദീൻ ദയാൽ ഉപാധ്യായയുടെ “ഇന്റഗ്രൽ ഹ്യൂമനിസം” തന്നെയാവണം. നിശ്ചയമായും, ഹിന്ദുത്വ വർഗീയതയ്ക്കുള്ള മുഖംമൂടി മാത്രമാണിത്.

കേരളത്തിലെ മതനിരപേക്ഷതയുടെ അടിസ്ഥാനം ഇത്തരത്തിൽ സഹകരണമേഖലപോലെ നിലവിലുള്ള പൊതുവിടങ്ങളുടെ ശക്തിയാണെന്ന് തുടക്കത്തിൽതന്നെ പറഞ്ഞുവല്ലോ? ഇത് തകർക്കാതെ കേരളം പോലുള്ള സംസ്ഥാനത്ത് കടന്നുകയറാനാവില്ല എന്ന് അവർ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ അതിനെ തകർക്കുവാൻ സഹകരണ മേഖലയിൽ പ്രത്യേക പദ്ധതി തന്നെ അവർ ആവിഷ്കരിച്ചിട്ടുണ്ട്.

• കേരളത്തിൽ ബഹുസംസ്ഥാന സഹകരണ സംഘങ്ങൾ പ്രോത്സാഹിപ്പിക്കുക. ഇപ്പോൾ തന്നെ 100 സംഘങ്ങൾ കേരളത്തിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഇവയിൽ 51 എണ്ണം കാർഷിക മേഖലയിലാണ്. 15 എണ്ണം കാർഷിക സംസ്കരണ മേഖലയിലും. ഇവയ്ക്കുപുറമെ മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സംഘങ്ങളുടെ ബ്രാഞ്ചുകളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. 850 ൽ പരം “നിധി”കൾ ഉണ്ടെന്നാണ് ഒരു കണക്ക്. ഇവയിൽ കേരളത്തിലെ പരമ്പരാഗത “നിധികളും” ഉൾപ്പെടാം. ആർഎസ്എസിന്റെ നിയന്ത്രണത്തിലുള്ളവയുടെ പ്രത്യേക കണക്കുകൾ ലഭ്യമല്ല.

• ഹിന്ദുനിധി കമ്പനികളെ മൾട്ടിസ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ വലയത്തിൽ കൊണ്ടുവരുന്നതിനാണ് പുതിയ കേന്ദ്രമന്ത്രാലയത്തിന്റെ ശ്രമം. ‘ഹിന്ദു ബാങ്കു’കൾക്ക് ധനസഹായം നൽകുന്നതിന് ഒരു കേന്ദ്ര മൾട്ടിസ്റ്റേറ്റ് സഹകരണ ബാങ്കു തന്നെ ആരംഭിച്ചുകൂടായ്കയുമില്ല. ഇത്തരത്തിൽ 870 നിധി കമ്പനികൾ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അതിന്റെ മുഖ്യസംഘാടകരിൽ ഒരാൾ അവകാശപ്പെട്ടത്.

• ലഘുസമ്പാദ്യ വായ്പയ്ക്കുവേണ്ടി 2011-ൽ ആരംഭിച്ച അക്ഷയശ്രീ. കേരളത്തിൽ കുടുംബശ്രീ ശക്തമായതുകൊണ്ട് സമാന്തരമായി അക്ഷയശ്രീയ്ക്ക് വളരുക പ്രയാസമാണ്. അതുകൊണ്ട് കുടുംബശ്രീ യൂണിറ്റുകളെ തന്നെ അക്ഷയശ്രീ യൂണിറ്റുകളായി പ്രവർത്തിപ്പിക്കാനാണ് പലസ്ഥലത്തും ശ്രമം. കുടുംബശ്രീ യൂണിറ്റായി പ്രവർത്തിക്കുമ്പോൾ തന്നെ അക്ഷയശ്രീ മിനിട്സ്, അക്കൗണ്ടുകൾ പ്രത്യേകം സൂക്ഷിച്ചാൽ വായ്പകൾ സുലഭമായി ലഭ്യമാവും. 2 ലക്ഷത്തോളം അംഗങ്ങളുള്ള 7300 –- 7800 അക്ഷയശ്രീ സ്വയം സഹായ സംഘങ്ങളും ഉണ്ട്.

• കേന്ദ്ര പിന്തുണയോടെ FPO കൾ ആരംഭിക്കുവാനുള്ള തീവ്രശ്രമം മറ്റൊന്നാണ്. 10,000 FPO കൾ രൂപീകരിക്കുന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായി ക്ലസ്റ്റർബേസ്‌ഡ് സഹകരണ സംഘങ്ങളായാണ് ഇവർ പ്രവർത്തിക്കുന്നത്. ഭാരത് അഗ്രോ പ്രോസസിങ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ്സ് ആണ് ഇവയിൽ പ്രധാനം. ഒരു FPO ക്കു 35 ലക്ഷം രൂപവരെ സഹായധനമുണ്ട്. ഇവ ബഹു സംസ്ഥാന സഹകരണ സംഘങ്ങളായി കൂടി രജിസ്റ്റർ ചെയ്യപ്പെടുന്നു.

• ബ്രാൻഡഡ് സൂപ്പർമാർക്കറ്റുകളാണ് മറ്റൊരു ഇടപെടൽ കേന്ദ്രം. ഒരു പഞ്ചായത്തിൽ ഒന്നുവെച്ച് 1500 എണ്ണമാണ് ലക്ഷ്യം. ബ്ലോക്കിന് ഒന്നു വച്ച് 140 ഹൈപ്പർ മാർക്കറ്റുകളും ഉണ്ട്. CAA വിരുദ്ധ സമരകാലത്ത് കച്ചവടമേഖലയിലെ മുസ്ലീങ്ങളുടെ ആധിപത്യത്തിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് ഇവയ്ക്ക് തുടക്കംകുറിച്ചത്.

• ആദിവാസി മേഖലകളിൽ പ്രത്യേക സ്കീമുകളും ആവിഷ്കരിച്ചിട്ടുണ്ട്.

• ഇതിനൊക്കെ നേതൃത്വം നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച ആളുകളെയും നിയോഗിക്കുന്നു. സംഘപരിവാറിന്റെ ഭാഗമായ സഹകാർ ഭാരതി ആണ് പരിശീലനങ്ങളും മറ്റും സംഘടിപ്പിക്കുന്നത്.

ഈ നീക്കങ്ങൾക്കെതിരായ ചെറുത്തുനിൽപ്പ് സുപ്രധാനമാണ്. സഹകരണ മേഖലയിലെ ക്രമക്കേടുകൾ പൂർണ്ണമായും ഇല്ലായ്‌മചെയ്ത് നിക്ഷേപകരുടെ വിശ്വാസമാർജ്ജിക്കുന്നതിനു യോജിച്ച പ്രചാരണം വേണം. രാഷ്ട്രീയ പരിഗണനകൾക്കതീതമായി എല്ലാ സഹകാരികളും മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ കുത്സിത നീക്കങ്ങൾക്കുമെതിരെ ഒന്നിച്ചു നിൽക്കണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + 9 =

Most Popular