ആർഎസ്എസ് എന്ന ഫാസിസ്റ്റ് ഭീകരസംഘടന യഥാർഥത്തിൽ നമ്മുടെ കാഴ്ചയ്ക്കും അറിവിനും അപ്പുറമാണ് നിൽക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ അത് പല ഘട്ടങ്ങളിലായി അത്ഭുതകരമായ വേഗത്തിലാണ് ഉയർന്നുവരുന്നത്. നമുക്കിടയിലേക്ക് അത് കൃത്യമായ നുഴഞ്ഞുകയറ്റമാണ് നടത്തുന്നത്. ആർഎസ്എസിനെയെന്നല്ല, ഏതു ഫാസിസ്റ്റ് സംഘടനയെയും ചെറുത്തുതോൽപ്പിക്കാൻ അതിന്റെ നാനാവിധത്തിലുള്ള പ്രവർത്തനശെെലിയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നത് പ്രധാനമാണ്. അതിനായുള്ള ശ്രമമാണ് ചിന്ത വാരികയുടെ ഈ ലക്കത്തിൽ നടത്തുന്നത്. ഡോ. ടി എം തോമസ് ഐസക്, കെ എൻ ഗണേശ്, രതീഷ് കൃഷ്ണൻ, അഭിരാമി ഇ, ജി പി രാമചന്ദ്രൻ, കെ ജയദേവൻ എന്നിവരാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്.
ഇന്ത്യൻ ജനാധിപത്യത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന, അതിന്റെ അടിവേര് തകർക്കുന്നതാണ് ആർഎസ്എസിന്റെ പ്രവർത്തനം. നൂറിലേറെ ഉപസംഘടനകളിലൂടെയാണ് അത് പ്രവർത്തിക്കുന്നത്. അതിന്റെ രാഷ്ട്രീയ മുഖം മാത്രമാണ് ബിജെപി. 1996ൽ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ആദ്യ ആർഎസ്എസുകാരനായ, ബിജെപി നേതാവായ എ ബി വാജ്പേയി ആ സംഘടനയുടെ സൗമ്യ മുഖമായാണ് അറിയപ്പെടുന്നത്. എന്നാൽ യാഥാർഥ്യം അതിനപ്പുറമാണ്. വാജ്പേയി ഒരു ഘട്ടത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതുകൊണ്ട് ആർഎസ്എസ് അജൻഡ നടപ്പാക്കാനായില്ലെന്നാണ്. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള, കേവല ഭൂരിപക്ഷം പോലുമല്ല, വമ്പിച്ച ഭൂരിപക്ഷം നേടാനുള്ള നാനാവിധ പ്രവർത്തനങ്ങളാണ് അത് നമുക്കിടയിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി അവതരിപ്പിക്കപ്പെടുന്നത് ഒന്നോ രണ്ടോ മുഖം മാത്രമല്ല, ഓരോ സന്ദർഭത്തിലും ആവശ്യാനുസൃതം നമുക്കിടയിലേക്ക് നൂറുകണക്കിന് വ്യത്യസ്ത മുഖങ്ങളിൽ അത് പതുങ്ങിയെത്തും.
ഫാസിസത്തിന്റെ ആൾക്കൂട്ട മനഃശാസ്ത്രം വെെകാരികതയുടേതാണ്. ആൾക്കൂട്ടത്തിന്റെ ചിന്ത യുക്തിഭദ്രമോ യാഥാർഥ്യബോധത്തെ അടിസ്ഥാനമാക്കിയുള്ളതോ ആയിരിക്കില്ല. കേവലമായ വെെകാരിക പ്രതികരണങ്ങൾ മാത്രമായിരിക്കുമത്. ആർഎസ്എസ് ഉൾപ്പെടെയുള്ള എല്ലാ ഫാസിസ്റ്റു പ്രസ്ഥാനങ്ങളുടെയും പ്രവർത്തനശെെലിയിലൊന്ന്, വർഗീയമോ വംശീയമോ ആയ ആശയങ്ങൾ പ്രചരിപ്പിക്കുകയും കലാപങ്ങൾ സൃഷ്ടിക്കുകയുമാണ്. രണ്ട്, ഇത്തരത്തിൽ അക്രമാസക്തമായിട്ടല്ലാതെ ഓരോ ജനവിഭാഗത്തെയും ഓരോ വ്യക്തിയെയും സ്വാധീനിക്കാൻ ഒറ്റയ്ക്കൊറ്റയ്ക്ക് സമീപിക്കുന്ന രീതിയാണ്. പൊതുവിൽ അതും നുണകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നമ്മുടെ സാമ്പത്തികാവസ്ഥയോ പ്രശ്നങ്ങളോ അറിഞ്ഞ് സഹായഹസ്തവുമായി വരുന്നതും അവരുടെ ഒരു ശെെലിയാണ്. ഇതൊന്നുംതന്നെ ആർഎസ്എസിന്റെ അടിസ്ഥാന ആശയമോ രീതിയോ അല്ല. ഇതെല്ലാം വെറും മറകൾ, മുഖംമൂടികൾ മാത്രമാണ്. അതിനു പിന്നലുള്ളത് രൗദ്രഭാവമാണ്; ഭീകരതയുടെ മുഖമാണ്. കൃത്യമായി അത് തിരിച്ചറിഞ്ഞുകൊണ്ടുമാത്രമേ അതിനെ പരാജയപ്പെടുത്താനാകൂ.
വിദ്യാഭ്യാസം, സംസ്കാരം, ചരിത്രം, പാരമ്പര്യം, മിത്തുകൾ, വിശ്വാസം, സാഹിത്യം, സിനിമ എന്നിവയെല്ലാം ഫാസിസത്തിന്റെ കെെകളിലെ ഉപകരണങ്ങളായി മാറ്റപ്പെടുന്നു. അത് നാം കൃത്യമായി തിരിച്ചറിയണം. ലക്കം. ഈ ഭീകരപ്രസ്ഥാനം നമുക്കിടയിലേക്ക് നുഴഞ്ഞുകയറുന്നത് എങ്ങനെയെന്ന് ഇനിയും ഏറെ, ഇതിനെക്കാൾ കൂടുതലായി അറിയേണ്ടതുണ്ട്, പഠിക്കേണ്ടതുണ്ട്. l



