സമകാലിക ഇന്ത്യയിൽ, സംഘപരിവാർ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ കാലത്ത് ശാസ്ത്ര നയങ്ങൾ ഒരു നിർണായക വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ഈ നയങ്ങളിൽ കാണാവുന്നത് നേരിട്ടുള്ള ശാസ്ത്രവിരുദ്ധതയല്ല, മറിച്ച്, ശാസ്ത്രത്തെ ഒരു പ്രത്യേക സാംസ്കാരിക-രാഷ്ട്രീയ ആശയധാരയുമായി ചേർത്ത് പുനർവ്യാഖ്യാനം ചെയ്യുന്ന പ്രക്രിയയാണ്. സംശയാത്മകത അന്തർലീനമായ, ആവർത്തിച്ച് പരിശോധിച്ചു തെളിവുകൾ കണ്ടെത്തി വസ്തുതകളെ അനാവരണം ചെയ്യുന്ന ഒരു രീതിയാണ് ശാസ്ത്രം. അതേസമയം, സാംസ്കാരിക, രാഷ്ട്രീയ, ചരിത്രപരമായ പശ്ചാത്തലങ്ങളിൽ നിന്നാണ് ആശയധാരകൾ രൂപംകൊള്ളുന്നത്. ഇതിനാൽ തന്നെ ശാസ്ത്രവും ആശയധാരയും തമ്മിലുള്ള ബന്ധം എപ്പോഴും സങ്കീർണ്ണമായതാണ്. ശാസ്ത്രീയ ആശയങ്ങളെ തങ്ങൾക്ക് ഹിതകരമായ രീതിയിൽ വ്യാഖ്യാനിച്ച് ഒരു ആശയധാരയെ പിന്തുണയ്ക്കാൻ ഉപയോഗിക്കുമ്പോൾ, സംഘർഷങ്ങൾ സ്വാഭാവികവുമാണ്.
ഈ സാഹചര്യത്തിൽ ഏറ്റവും ശ്രദ്ധേയമായ മേഖലയാണ് പുരാതന ഇന്ത്യൻ അറിവുകളുടെയും സംവിധാനങ്ങളുടെയും പ്രയോഗം. ഗണിതം, ജ്യോതിശാസ്ത്രം, ധാതുവിദ്യ, വൈദ്യശാസ്ത്രം എന്നിവയിൽ ഗണ്യമായ സംഭാവനകൾ പ്രദാനം ചെയ്തിട്ടുള്ള സമ്പന്നമായ ബൗദ്ധിക പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടേത്. എന്നാൽ, ഈ യഥാർത്ഥ നേട്ടങ്ങളെ ആഘോഷിക്കുന്നതിനപ്പുറം, തെളിവുകളില്ലാത്ത അവകാശവാദങ്ങൾ ഉയർത്തപ്പെടുന്നുവെന്നതാണ് നിലവിലെ സാഹചര്യം. ഉദാഹരണത്തിന്, പുരാതനകാലത്തുതന്നെ ജനിതക എഞ്ചിനീയറിങ്, വിമാന സാങ്കേതികവിദ്യ, പ്ലാസ്റ്റിക് സർജറി തുടങ്ങിയവ ഉണ്ടായിരുന്നുവെന്ന അവകാശവാദങ്ങൾ ശാസ്ത്രീയ തെളിവുകളില്ലാതെ പൊതുവേദികളിൽ പോലും അവതരിപ്പിക്കപ്പെടാറുണ്ട്. ഇവിടെ പ്രശ്നം പാരമ്പര്യത്തെക്കുറിച്ചുള്ള അഭിമാനമല്ല, മറിച്ച് പുരാണകഥകളെയും ശാസ്ത്രീയ സത്യങ്ങളെയും തമ്മിൽ ഇടകലർത്തുന്നതിലാണ്.
ശാസ്ത്രീയ സിദ്ധാന്തങ്ങളെ സാംസ്കാരികമോ മതപരമോ ആയ വ്യാഖ്യാനങ്ങളിലൂടെ പുനർവ്യാഖ്യാനിക്കുന്നതും മറ്റൊരു പ്രധാന വശമാണ്. ആധുനിക ഭൗതികശാസ്ത്രം അല്ലെങ്കിൽ കോസ്മോളജി പോലുള്ള ആശയങ്ങളെ പുരാതന ഗ്രന്ഥങ്ങളുമായി ബന്ധിപ്പിച്ച്, ഇന്നത്തെ ശാസ്ത്രീയ കണ്ടെത്തലുകൾ അവയിൽ മുൻകൂട്ടി ഉണ്ടായിരുന്നുവെന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. ഉപമകളായി കാണുമ്പോൾ ഇത് ആകർഷകമായേക്കാം, പക്ഷേ ഇതിനെ ശാസ്ത്രീയതയായി അവതരിപ്പിക്കുന്നത് പൊതുജനങ്ങളുടെ ശാസ്ത്രബോധത്തെ ഇല്ലാതാക്കാൻ വേണ്ടിയാണ്. പുരാതന ഗ്രന്ഥങ്ങൾ പലപ്പോഴും പ്രതീകാത്മകമായോ തത്ത്വചിന്താപരമായോ സമീപിച്ച വിഷയങ്ങളെ അവയുടെ സന്ദർഭങ്ങളിൽ നിന്നും അടർത്തിയെടുത്ത് ശാസ്ത്രം എന്ന പേരിൽ അവതരിപ്പിക്കുന്നത് അപഹാസ്യമാണ്. ഇവയെല്ലാം ആദ്യകാലത്ത് സാമൂഹിക മാധ്യമങ്ങളിലും, രാഷ്ട്രീയ പ്രസംഗങ്ങളിലും അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ഈ അപഹാസ്യതയായിരുന്നു അതിൽ സ്ഫുരിച്ചിരുന്നത്. എന്നാൽ ഇന്ന് കാര്യങ്ങൾ ഇത്രമാത്രമല്ല.
കൊളോണിയൽ സ്വാധീനങ്ങളിൽനിന്ന് അറിവിനെ മോചിപ്പിക്കാനുള്ള ശ്രമമായി അവതരിപ്പിച്ചു കൊണ്ട് ദേശീയ വിദ്യാഭ്യാസനയം വഴി നേരത്തെ സൂചിപ്പിച്ച, തെളിവുകളില്ലാത്ത പൊള്ളയായ അവകാശവാദങ്ങളെ, തങ്ങളുടെ ആശയധാരയെ പിന്തുണയ്ക്കാനുള്ള ഉപാധിയായി വിദ്യാഭ്യാസരംഗത്ത് അവതരിപ്പിക്കുമ്പോൾ നഷ്ടമാവുന്നത് ശാസ്ത്രീയമായ കൃത്യതയും വിമർശനാത്മക ചിന്തയും വളർത്തേണ്ട ഒരു സംവിധാനമാണ്. സ്ഥാപിതമായ താല്പര്യങ്ങൾ മുൻനിർത്തി ശാസ്ത്രീയ അറിവുകളെ ഒഴിവാക്കുക, തെളിവുകളില്ലാത്ത വിവരങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ നടക്കുമ്പോൾ അത് തലമുറകളുടെ അറിവിനെ ബാധിക്കും. കൊളോണിയൽ കാലഘട്ടത്തിൽ അവഗണിക്കപ്പെട്ട ഇന്ത്യൻ അറിവുകളെ തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ പ്രധാനപ്പെട്ട രണ്ടു ചോദ്യങ്ങൾ ഇവിടെ ഉന്നയിക്കേണ്ടതുണ്ട്.
1. ചരിത്രസത്യങ്ങളും പുരാണങ്ങളും തമ്മിലുള്ള അതിർത്തി എവിടെയാണ്?
2. തെളിവുകളില്ലാത്ത അവകാശവാദങ്ങൾ ശാസ്ത്രത്തിന്റെ ഭാഗമാകുമ്പോൾ, അത് അറിവിന്റെ പുരോഗതിയാണോ?
ഈ ചോദ്യങ്ങൾ ചോദിക്കാൻ നമ്മളെ പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസത്തിലൂടെ നേടുന്ന വിമർശനബുദ്ധിയാണ്. അപ്പോൾ എന്താണ് സംഘപരിവാർ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്നത്. ശാസ്ത്രവും ചരിത്രവും പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളിൽ വന്ന മാറ്റങ്ങൾ, ഒരു സാങ്കേതിക തിരുത്തലല്ല മറിച്ച് അത് ഒരു നറേറ്റീവ് പുനർനിർമാണമാണ്. ഇനി വരുന്ന തലമുറയുടെ ശാസ്ത്രീയ ചിന്താശേഷി രൂപപ്പെടുന്നത് ഈ പാഠപുസ്തകങ്ങളിലൂടെയാണ്. അവയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും ഭാവിയിൽ വലിയ സ്വാധീനം ചെലുത്തും. ഫലത്തിൽ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും വിമർശനബുദ്ധി പതുക്കെ പിൻവാങ്ങുകയാണ്.
ഒരു പടി കൂടി കടന്ന്, ഭരിക്കുന്ന സർക്കാരുകളുടെ നയരൂപീകരണം ഈ തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണെങ്കിലോ? കോവിഡ്–19 കാലഘട്ടം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണല്ലോ. ആവർത്തിച്ച് എഴുതപ്പെട്ടവയായതിനാൽ അത് ആവർത്തിക്കുന്നില്ല. ശാസ്ത്രനയത്തിൽ ആശയധാരയുടെ സ്വാധീനം പ്രകടമാകുന്ന ഏറ്റവും സൂക്ഷ്മമായ മേഖലകളിലൊന്നാണ് ഗവേഷണ ധനസഹായത്തിന്റെ ദിശയും മുൻഗണനകളും. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിൽ ഈ ദിശയും മുൻഗണനകളും പരിശോധിച്ചാൽ അവ ലക്ഷ്യകേന്ദ്രിത മേഖലകളിലേക്ക്, പ്രത്യേകിച്ച് പ്രതിരോധ ഗവേഷണം, ബഹിരാകാശ പദ്ധതികൾ, ബയോടെക്, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്നിവയിലേക്ക് ചുരുങ്ങിയിരിക്കുന്നതായി കാണാം. ആത്മനിർഭർ ഭാരത് എന്ന ആശയത്തിനു കീഴിൽ ഈ മാറ്റം ന്യായീകരിക്കപ്പെടുന്നുവെങ്കിലും, അതോടൊപ്പം അടിസ്ഥാന ശാസ്ത്ര ഗവേഷണത്തിന് ലഭിക്കുന്ന ധനസഹായം സ്ഥിരതയില്ലാതെ തുടരുന്ന സാഹചര്യം ആശങ്കാജനകമാണ്. സർവകലാശാലകളിലെ അടിസ്ഥാനശാസ്ത്ര ഗവേഷണ പദ്ധതികൾക്ക് ലഭിക്കുന്ന ഗ്രാന്റുകൾ വൈകുന്നതും, ചില സ്കീമുകൾ ഇടയ്-ക്കിടെ പുനർസംഘടിപ്പിക്കപ്പെടുന്നതും ഗവേഷണത്തിന്റെ ദീർഘകാല തുടർച്ചയെ ബാധിക്കുന്നു. ദീർഘകാല ഫലങ്ങൾ മാത്രം നൽകുന്ന ഗവേഷണങ്ങൾക്ക് പിന്തുണ കുറഞ്ഞാൽ, പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനംതന്നെ ദുർബലമാകും.
ഫണ്ടിങ് മുൻഗണനകളിൽ “ഇന്ത്യൻ നോളജ് സിസ്റ്റംസ്” പോലുള്ള മേഖലകൾക്ക് പ്രത്യേക പ്രാധാന്യം നൽകപ്പെടുന്നതും ശ്രദ്ധേയമാണ്. യു ജി സി യും, AICTE യും (ആൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ) ഇത്തരം പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സെല്ലുകളും പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. പരമ്പരാഗത അറിവുകളുടെ ശാസ്ത്രീയ പഠനം ആവശ്യമാണ്; എന്നാൽ തെളിവ് അടിസ്ഥാനമാക്കിയുള്ള പഠനത്തിനും ആശയധാരാപരമായ വ്യാഖ്യാനങ്ങൾക്കും ഇടയിലെ രേഖ മങ്ങിയാൽ എന്തു സംഭവിക്കും ? പശുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ “ശാസ്ത്രീയ ഗുണങ്ങൾ” പഠിക്കാൻ ചില സംസ്ഥാനങ്ങളിലും കേന്ദ്ര ഏജൻസികളിലും പ്രത്യേക ഫണ്ടിങ് പ്രഖ്യാപിച്ച സംഭവങ്ങൾ വ്യാപകമായ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു എന്നത് ഇവിടെ ഓർക്കാവുന്നതാണ്. ഇത്തരം പദ്ധതികൾ കർശനമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിക്കാതെ മുന്നോട്ടു പോയാൽ, ഗവേഷണത്തിന്റെ വിശ്വാസ്യതയെയും അന്താരാഷ്ട്ര അംഗീകാരത്തെയും ബാധിക്കും.
മറ്റൊരു പ്രധാന പ്രവണതയാണ് ഗവേഷണ ധനസഹായത്തിന്റെ കേന്ദ്രീകരണം. പുതിയ ഫണ്ടിങ് സംവിധാനങ്ങൾ രൂപീകരിക്കുന്നതിലൂടെ, തീരുമാനമെടുക്കൽ കൂടുതൽ കേന്ദ്രീകൃതമാകുകയും, ഗവേഷണത്തിന്റെ ദിശ നിശ്ചയിക്കുന്നത് ചില സ്ഥാപനങ്ങളിലേക്കു മാത്രമായി ചുരുങ്ങുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ പോലുള്ള സംവിധാനങ്ങൾ. ഫണ്ടിങ് ലഭിക്കാൻ “ദേശീയ മുൻഗണനകൾ” എന്ന പേരിൽ നിർദ്ദിഷ്ട വിഷയങ്ങളിലേക്കുള്ള ഗവേഷണം ആവശ്യമായതിനാൽ, ശാസ്ത്രജ്ഞർ അവരുടെ യഥാർത്ഥ ഗവേഷണ ചോദ്യങ്ങളിൽ നിന്നു മാറാൻ നിർബന്ധിതരാകാം. അങ്ങനെ ഒടുവിൽ, ശാസ്ത്ര ധനസഹായം ഒരു ആശയധാരയുടെ മുൻഗണനകളനുസരിച്ച് രൂപപ്പെടുമ്പോൾ, അറിവിന്റെ സ്വതന്ത്ര വികാസത്തിനു പകരം നിർദ്ദേശിത ദിശകളിലേക്ക് ഗവേഷണം ചുരുങ്ങുന്ന ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കാൻ കഴിയും.
ഈ പ്രവണതയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ശാസ്ത്രരംഗത്ത് മാത്രമല്ല, സമൂഹത്തിന്റെ ബൗദ്ധിക ഘടനയിലുടനീളവും വ്യാപിക്കും. ശാസ്ത്രം സ്വതന്ത്രമായി ചോദ്യം ചെയ്യാനും പുതിയ സത്യങ്ങൾ കണ്ടെത്താനും കഴിയുന്ന ഒരു സംവിധാനം ആയിരിക്കണം. എന്നാൽ, നയപരമായ ഇടപെടലുകൾ വഴി ഗവേഷണത്തിന്റെ ദിശ മുൻകൂട്ടി നിർണയിക്കപ്പെടുമ്പോൾ, ശാസ്ത്രം ഒരു തുറന്ന അന്വേഷണപ്രക്രിയയായി തുടരുകയല്ല മറിച്ചു, “ലക്ഷ്യബദ്ധമായ ഉൽപ്പാദന സംവിധാനം” ആയി അത് ചുരുങ്ങുകയാണ് ചെയ്യുന്നത്. ഇതിന്റെ ഏറ്റവും അപകടകരമായ വശം, ശാസ്ത്രജ്ഞർ തന്നെ അവബോധമില്ലാതെ ഈ ഘടനയിലേക്ക് അന്തർലീനരാവുന്നതാണ്. ഫണ്ടിങ് ലഭിക്കാനുള്ള നിർബന്ധവും, കരിയർ പുരോഗതിക്കുള്ള സമ്മർദ്ദവും ശാസ്ത്രജ്ഞരെ ഇത്തരം സുരക്ഷിതമായ വിഷയങ്ങളിലേക്ക് നയിക്കുമ്പോൾ, വിപ്ലവാത്മകമായ ചോദ്യങ്ങൾ ചോദിക്കുന്ന ശാസ്ത്രം പതുക്കെ ഇല്ലാതാകും. വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾ ഇതിന് ഉപോത്ബലകമാകും.
ശാസ്ത്രത്തെ ആശയധാരാപരമായി ഉപയോഗിക്കുന്നത് ഇന്ത്യയിൽ മാത്രമല്ല, ലോകത്തിന്റെ പലഭാഗങ്ങളിലും കാണപ്പെടുന്ന ഒരു പ്രവണതയാണ്. കാലാവസ്ഥാ മാറ്റം, വികസനവാദം, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ പല രാഷ്ട്രീ–യ-സാംസ്കാരിക കൂട്ടായ്മകളും ശാസ്ത്രത്തെ തങ്ങളുടെ നിലപാടുകൾക്ക് പിന്തുണ നൽകാൻ ഉപയോഗിച്ചിട്ടുണ്ട്. സാമൂഹികമായി നോക്കുമ്പോൾ, ആധുനിക ശാസ്ത്രത്തെ പുരാതന പാരമ്പര്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള അഭിവാഞ്-ഛ ഒരു സാംസ്കാരിക അഭിമാനത്തിന്റെകൂടി പ്രതിഫലനമാണ്. കൊളോണിയൽ അനുഭവങ്ങളിലൂടെ കടന്നുപോയ സമൂഹങ്ങളിൽ ഈ ആഗ്രഹം കൂടുതൽ ശക്തമായിരിക്കും. പക്ഷേ, ഈ സാംസ്കാരിക അഭിമാനം തെളിവുകളില്ലാത്ത അവകാശവാദങ്ങളിലൂടെ ശാസ്ത്രത്തിന്റെ സ്ഥാനത്തെത്തന്നെ ചോദ്യംചെയ്യുന്ന നിലയിലേക്ക് മാറുമ്പോൾ, അത് ഒരു സാംസ്കാരിക പുനരുജ്ജീവനമല്ല, ബൗദ്ധിക പിന്‍മാറ്റമാണ് സൃഷ്ടിക്കുക. ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ അപകടം ശാസ്ത്രത്തിനെതിരായ തുറന്ന ആക്രമണമല്ല; മറിച്ച്, ശാസ്ത്രത്തെ അതിന്റെ ഭാഷയിൽത്തന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രക്രിയയാണ്. ഈ ഘട്ടത്തിൽ ശാസ്ത്രസമൂഹത്തിന്റെ മൗനംപോലും ഒരു രാഷ്ട്രീയ നിലപാടാണ്. അതിനാൽ ശാസ്ത്രജ്ഞർക്കും അധ്യാപകർക്കും ഇനി കേവലം ഗവേഷകരായി മാത്രം തുടരാൻ കഴിയില്ല. ശാസ്ത്രത്തിന്റെ സ്വഭാവമായ പരീക്ഷണം, തെളിവ്, ആവർത്തനക്ഷമത എന്നിവയെ സംരക്ഷിക്കേണ്ട പ്രാഥമിക ചുമതല അവരുടേതാണ് എന്ന് ഓരോ ഗവേഷകനും തിരിച്ചറിയേണ്ടതുണ്ട്. l



