Friday, April 24, 2026

ad

Homeകവര്‍സ്റ്റോറിഫാസിസത്തിന്റെ 
മനഃശാസ്ത്രം

ഫാസിസത്തിന്റെ 
മനഃശാസ്ത്രം

അഭിരാമി ഇ

ചെറുത്തുനിൽപ്പുകൾ ഏറെ ഉയരുന്നുണ്ടെങ്കിലും ഫാസിസം അതിന്റെ വേരുകൾ ആഴത്തിൽതന്നെ പടർത്തിക്കൊണ്ടിരിക്കുന്നുണ്ട്. സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്ന പല രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും അത് കൃത്യമായി എടുത്തുപറയുന്നതുമാണ്.കേരളം ഇത്തരത്തിലുള്ള ഫാസിസത്തെയും സംഘപരിവാർ അജൻഡകളെയും പാടെ തള്ളിക്കളയുന്നവരാണെന്നും ഇന്റലെക്ച്വൽ സൊസൈറ്റി യാണെന്നുമൊക്കെയുള്ള വാഴ്ത്തുപാട്ടുകൾക്കിടയിൽ ചിലപ്പോഴെങ്കിലും വളരെ പതിയെ പടർന്നുകൊണ്ടിരിക്കുന്ന ഈ വിനാശകാരിയെ തിരിച്ചറിയാൻ സാധിക്കാറില്ല എന്നതാണ് സത്യം.

ഫാസിസത്തിന്റെ 
സൈക്കോളജി
ഫാസിസത്തിന്റെ ഒരു രീതി പരിശോധിക്കുകയാണെങ്കിൽ ഇമോഷണൽ ആയ ഒരു ‘ആവശ്യം’ എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് നിലനിൽക്കുന്നത്. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ പറയുന്നതിനു മുൻപേ മനഃശാസ്ത്രപരമായ ഒരു വിശദീകരണം നൽകാമെന്ന് തോന്നുന്നു. സിംബോളിസത്തെയും വിശ്വാസത്തെയും ഭക്തിയെയും ആചാരങ്ങളെയുമെല്ലാം കൂട്ടുപിടിച്ചു കൊണ്ടാണ് ഫാസിസം പതിയെ മണ്ണിൽ വേരൂന്നുന്നത്. ഇത്തരത്തിൽ ഫാസിസം ഇവയെയെല്ലാം കൂട്ടുപിടിച്ചുവളരുമ്പോൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്ന മനുഷ്യരിൽ ഞങ്ങൾ ഇതിന്റെ ഭാഗമാണ്, ഇതിനോട് ഇഴുകിച്ചേർന്ന് ജീവിക്കുമ്പോഴാണ് ഞങ്ങൾ സമൂഹത്തിന്റെ ഭാഗമാകുന്നത് എന്നൊക്കെയുള്ള വൈകാരികമായ ഒരു അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ഫാസിസം ആദ്യം മനുഷ്യന്റെയുള്ളിൽ സൃഷ്ടിക്കുന്നത് ഇത്തരമൊരു വൈകാരികപരമായ ആശയക്കുഴപ്പമാണ്. ദ മാസ്സ് സൈ
ക്കോളജി ഓഫ് ഫാസിസം (The Mass Psychology Of Fascism) എന്ന പുസ്തകത്തിൽ വില്യം റീഷ് (William Reich) എങ്ങനെയാണ് ആളുകൾ ഫാസിസത്തിലേക്ക് നീങ്ങുന്നതെന്ന് വിശകലനം ചെയ്യുന്നുണ്ട്. കുടുംബം, മതം, സാഡിസ്റ്റിക്കായ വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ, ന്യൂനപക്ഷത്തെ അക്രമത്തിലൂടെ നേരിടുക എന്ന കൂട്ടായ മാനസികാവസ്ഥയിലേക്ക് ആളുകളെ എത്തിക്കുന്നുണ്ടെന്ന് റീഷ് പറഞ്ഞുവെക്കുന്നു.

അതോടൊപ്പം, ഒരു പ്രത്യേക ഗ്രൂപ്പിനെ അല്ലെങ്കിൽ ന്യൂനപക്ഷങ്ങളെ ശത്രുക്കളായി ചിത്രീകരിച്ചുകൊണ്ട് , സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാവിധ പ്രശ്നങ്ങളുടെയും കാരണം അവരാണെന്ന് വരുത്തിത്തീർക്കുക എന്നതാണ് ഫാസിസത്തിന്റെ വലിയ സവിശേഷത.ഇതുതന്നെയാണ് കേരള സ്റ്റോറി പോലെയുള്ള സൃഷ്ടികളിൽ കാണുന്നതും. ഒരു പ്രത്യേക കമ്മ്യൂണിറ്റിയെ ലക്ഷ്യംവെച്ചുകൊണ്ട് ഇന്ത്യയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രൊപ്പഗാൻഡകളെല്ലാം ഈ വസ്തുത സാധൂകരിക്കുന്നതാണ്.ഫാസിസം വൈകാരികതയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അതുകൊണ്ടുതന്നെ കോപം,പേടി തുടങ്ങിയ വികാരങ്ങൾ ഇതിൽ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. ഒരു പ്രത്യേക നേതാവിനോട്, അധികാരത്തോട് തോന്നുന്ന അമിതമായ ഭക്തിയും അടിമത്തവും ഭയവും, ഒരു ന്യൂനപക്ഷത്തിനോട് അതുണ്ടാക്കിത്തീർക്കുന്ന കോപവും എല്ലാം ഇതിന്റെ ഭാഗമായി നിർമ്മിക്കപ്പെടുന്നതാണ്. തങ്ങളുടേ ആത്മരതിക്കുവേണ്ടി നാഷണലിസത്തെ ഉപയോഗിച്ചുകൊണ്ട് പ്രവർത്തിക്കുകയും നാർസിസ്റ്റിക് ആയിട്ടുള്ള സ്വഭാവങ്ങൾ പ്രകടിപ്പിക്കുകയുമാണ് ഇവർ പലപ്പോഴും ചെയ്യാറുള്ളത്. വില്യം റീഷ് തന്റെ പുസ്തകത്തിൽ പറഞ്ഞുവെക്കുന്ന പ്രധാനപ്പെട്ട ഒരു നിരീക്ഷണമുണ്ട്: ലൈംഗികതയും മറ്റ് സ്വാഭാവികമായ ചോദനകളും അടിച്ചമർത്തപ്പെടുന്ന സമൂഹങ്ങളിൽ ഫാസിസ്റ്റ് മനോഭാവം പെട്ടെന്ന് വളർന്നുവരുന്നു. അതോറിറ്ററിയൻ ആയിട്ടുള്ള ഫാമിലിയും ഇതിന് ഘടകമാകുന്നുണ്ട്. ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കുകയാണെങ്കിൽ മനുഷ്യരുടെ പല സ്വാഭാവികചോദനകളെയും ലൈംഗികതയെയും അടിച്ചമർത്തിക്കൊണ്ടുതന്നെയാണ് ഇന്ത്യൻ സമൂഹം മുന്നോട്ടുപോകുന്നത് എന്നുള്ളതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള യുക്തിരഹിതമായ കാര്യങ്ങൾക്കും അതിലൂടെ ഉയർന്നു വരുന്ന ഫാസിസത്തിനും ഇന്ത്യയിൽ വളക്കൂറുള്ള മണ്ണുതന്നെയാണ്.

ഡാനിയൽ കാൻമാന്റെ (Daniel kaheman) വേഗത്തിലുള്ള ചിന്തയും(fast thinking) മന്ദഗതിയിലുള്ള ചിന്തയും(slow thinking) തമ്മിലുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കിയുള്ള കൊഗ്നിറ്റീവ് തിയറിയെ (cognitive theory)പരിഗണിച്ചുകൊണ്ട് ഫാസിസ്റ്റുകളെയും അവരുടെ ഭരണത്തെയും വിശദീകരിക്കാമെന്ന് തോന്നുന്നു.വേഗത്തിലുള്ള ചിന്തയും യുക്തിസഹമായ മന്ദഗതിയിലുള്ള ചിന്തയും അടിസ്ഥാനപരമായി ഏകോപിതമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.യുക്തിസഹമായി ചിന്തിക്കാനുള്ള കഴിവ് വരുന്നത മന്ദഗതിയിലുള്ള ചിന്തയിലാണ്. ഫാസിസ്റ്റുകൾ തങ്ങളുടെ അനുയായികളെ ബുദ്ധിപരമായി മാനിപ്പുലേറ്റ് ചെയ്തും വൈകാരികമായി ഉപയോഗപ്പെടുത്തിയും അവരിലെ യുക്തിസഹമായ ഈ ചിന്തയെ തകർക്കാനാണ് ശ്രമിക്കുന്നത്.ഇവിടെ യുക്തിസഹമായ ചിന്താശേഷി നിഷ്-ക്രിയമാകുന്നതിലൂടെ ഫാസിസ്റ്റുകൾ അവരുടെ പ്രവർത്തനം വളരെ എളുപ്പത്തിൽ നിർവ്വഹിക്കുകയും ചെയ്യുന്നു.അടിസ്ഥാനപരമായി കൃത്യമായും വ്യക്തമായും യുക്തിസഹമായും ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതിലൂടെ ആളുകൾ സാമ്പത്തികമായും മാനസികമായുമുള്ള അരക്ഷിതാവസ്ഥയിലേക്ക് എത്തിച്ചേരുന്നു.ഇത് നിരാശയിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുകയും തങ്ങൾക്ക് ഇവിടെ ജീവിക്കാൻ സാധിക്കുകയില്ല എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവിടെയാണ് ഇതിൽനിന്നെല്ലാം തങ്ങളെ രക്ഷിക്കാൻ സാധിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിശ്വാസത്തെയും മതത്തെയും കൂട്ടുപിടിച്ച് ജനങ്ങളെ സംരക്ഷിക്കുന്നു എന്ന സ്യൂഡോ പ്രതീതി സൃഷ്ടിക്കുന്ന ഫാസിസ്റ്റ് നേതാവിനോട് ക്രമേണ ജനങ്ങൾ സമർപ്പിതരാകുന്നത്.

സംഘപരിവാറിന്റെയും കേന്ദ്രം ഭരിക്കുന്ന ഗവൺമെന്റിന്റെയും ചില തത്വങ്ങളും ഇടയ്ക്കിടെ പുറത്തുവിടുന്ന ‘‘മണ്ടത്തരങ്ങൾ’’ എന്ന് നമ്മൾ വിശ്വസിക്കുന്ന ചില കാര്യങ്ങളുമെല്ലാം ജനങ്ങൾക്കിടയിലേക്ക് എത്തരത്തിലാണ് ഇഞ്ചക്ട് ചെയ്യപ്പെടുന്നത് എന്ന് കൃത്യമായി ആളുകൾക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. വളരെ മന്ദഗതിയിലാണ് ആർഎസ്എസ് അവരുടെ ആശയങ്ങളെ ജനങ്ങൾക്കുള്ളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.അതിനവർ കൂട്ടുപിടിക്കുന്നത് ജനങ്ങളിൽ പെട്ടെന്ന് എത്തിപ്പെടാൻ സാധിക്കുന്ന വിശ്വാസത്തെയും മതത്തെയും മറ്റുമാണ്.

സംഘപരിവാറും ഫാസിസവും
ഇവർ എത്രത്തോളം ഭീകരവാദികളും മനുഷ്യത്വമില്ലാത്തവരുമാണെന്ന് അറിയണമെങ്കിൽ കൃത്യമായും ചരിത്രത്തിലേക്ക് ഇറങ്ങിനോക്കേണ്ടത് അത്യാവശ്യമാണ്. ഫാസിസത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് അവർ ചരിത്രത്തെ അവരുടേതായ രീതിയിൽ വളച്ചൊടിക്കും എന്നതാണ്.ഇന്ന് സംഘപരിവാറും ബിജെപിയും ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. ഗാന്ധിജി മരിച്ചതാണ് എന്നുതന്നെയാണ് അവർ ഓരോ തവണയും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനെ ചെറുക്കാൻ ചരിത്രത്തെ എന്നും ഓർത്തുകൊണ്ടിരിക്കുക എന്നതാണ് പ്രബുദ്ധരായ കേരളത്തിലെ ജനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.സർഗാത്മകമായ ഇടങ്ങളിലൂടെയും അല്ലാതെയും ജനാധിപത്യപരമായ ചെറുത്തുനില്-പ്പുകൾ തീർക്കുക എന്നതാണ് നമ്മൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയം എന്നതുകൊണ്ടുതന്നെ കേരളം അവർക്ക് എന്നും വലിയ ഭയം സൃഷ്ടിക്കുന്ന ഒരിടമായി മാറുന്നുണ്ട്.

ബാബു ബജ്റംഗിയെ ആരും മറന്നുകാണില്ലല്ലോ. 2002ലെ ഗുജറാത്ത് കലാപത്തിലെ മുഖ്യനായകരിലൊരാളായിരുന്നു ബാബു ബജ്റംഗി. ‘എമ്പുരാൻ 2′ ഇറങ്ങിയ സമയത്ത് വലിയ രീതിയിൽ സിനിമ വിവാദങ്ങളിലേക്ക് പോകാനിടയായ ചില കാരണങ്ങളിലൊന്ന് ഇയാളാണ്. 2007ൽ ഇന്ത്യൻ മാധ്യമമായ തെഹൽക (Thahelka) ഒരു സ്റ്റിങ് ഓപ്പറേഷൻ നടത്തുകയുണ്ടായി.ഒളിക്യാമറ ഉപയോഗിച്ചുകൊണ്ട് ബാബു ബജ്-റംഗിയുടെ സംസാരം അവർ ലോകത്തിനു മുന്നിൽ തുറന്നിട്ടു.

‘‘ഒരു മുസ്ലീമിന്റെ കടപോലും ഞങ്ങൾ വെറുതെ വിട്ടില്ല.എല്ലാം ഞങ്ങൾ തീയിട്ടു, കൊള്ളയടിച്ചു…എനിക്ക് അവസാനമായി ഒരു ആഗ്രഹമേയുള്ളൂ; എന്നെ വധശിക്ഷയ്ക്ക് വിധിച്ചോട്ടെ ,തൂക്കിലേറ്റിയാലും എനിക്ക് പ്രശ്നമില്ല. പക്ഷേ അതിനു മുൻപായി എനിക്ക് രണ്ടു ദിവസം തരൂ. ഞാൻ ജൂഹാപുരയിലേക്ക് പോകും. ഏഴു എട്ടു ലക്ഷം മുസ്ലീങ്ങൾ താമസിക്കുന്നുണ്ട് അവിടെ. അവറ്റകളെ ഞാൻ അവസാനിപ്പിക്കും കുറച്ചു പേർ കൂടി മരിക്കട്ടെ; കുറഞ്ഞത് 25000 മുതൽ 50000 വരെ ആളുകളെങ്കിലും മരിക്കണം.’’

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാവർക്കും ഇവിടെ ജീവിക്കാനുള്ള അവകാശം എന്നത് ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ടേറിയ ഒന്നായി മാറുന്നു. ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്ത്യനെയും മറ്റേത് മതസ്ഥരെയും ഉപയോഗിച്ചുകൊണ്ടുള്ള ഭിന്നിപ്പിക്കലുകളും പരസ്പരം കലാപങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളും കുറച്ചുകാലങ്ങളായി തന്നെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നതാണ്.

രേവതി ലോളിന്റെ വെറുപ്പിന്റെ ശരീരശാസ്ത്രം (Anatomy Of Hate) എന്ന പുസ്തകത്തിൽ ഗുജറാത്ത് കലാപത്തെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഇത്തരം യാഥാർത്ഥ്യങ്ങളെ തിരസ്കരിക്കുവാനും അവയെ ബോധപൂർവ്വം ചരിത്രത്തിൽനിന്ന് തുടച്ചുനീക്കുവാനുമുള്ള ശ്രമങ്ങളാണ് കാലാകാലങ്ങളായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്.

ഇവിടെ കടമ്മനിട്ട രാമകൃഷ്ണന്റെ ‘ക്യാ’ എന്ന കവിത ഏറെ പ്രസക്തമാണ്. ആ ഒറ്റ കവിതയിൽ ഇന്നത്തെ ഇന്ത്യൻ സാഹചര്യം വ്യക്തമാക്കപ്പെടുന്നുണ്ട്.

“ഗുജറാത്തിൽ നിന്നും മടങ്ങുമ്പോൾ കൊച്ചിയിൽ കച്ചവടത്തിന് പോകുന്ന
ഗുജറാത്തിയുമായി ട്രെയിനിൽ വച്ച് ഞാൻ പരിചയപ്പെട്ടു.

‘താങ്കളുടെ ശുഭനാമമെന്താകുന്നു ‘?അയാൾ ചോദിച്ചു.

‘രാമകൃഷ്ണൻ’ ഞാൻ പറഞ്ഞു.

‘റാം കിശൻ! റാം കിശൻ! റാം റാം’

എന്നഭിനന്ദിച്ചുകൊണ്ട് അയാൾ എന്നിലേക്ക് ഏറെ അടുത്തിരുന്നു.

‘താങ്കൾ മാംസഭുക്ക് ആണോ’ ?അയാൾ ചോദിച്ചു.

‘അങ്ങനെയൊന്നുമില്ല’ ഞാൻ പറഞ്ഞു

‘താങ്കളോ ‘? ഞാൻ ചോദിച്ചു.

‘ഞങ്ങൾ വൈഷ്ണവ ജനത ശുദ്ധ സസ്യഭുക്കുകളാണ്’.

തെല്ലഭിമാനത്തോടെ അയാൾ പറഞ്ഞു.

‘നിങ്ങളിൽ ചില പുല്ലുതീനികൾ പൂർണ്ണ ഗർഭിണിയുടെ വയറുകീറി കുട്ടികളെ വെളിയിലെടുത്ത് തിന്നതോ? തള്ളയെയും ‘

ഞാൻ പെട്ടെന്ന് ചോദിച്ചു പോയി.

ഒരു വികൃത ജന്തുവായി രൂപംമാറിയ അയാൾ കോമ്പല്ലുകൾ കാട്ടി

പുരികത്തിൽ വില്ല് കുലച്ചുകൊണ്ട്

എന്റെ നേരെ മുരണ്ടു: ക്യാ?’

കേരള സ്റ്റോറി പോലെയുള്ള യുക്തിരഹിതമായ സൃഷ്ടികളെ, കൊട്ടിഘോഷിച്ചുകൊണ്ട് മാധ്യമങ്ങൾക്ക് മുമ്പിലെത്തുകയും സിനിമ എന്ന പേരിൽ പ്രദർശിപ്പിക്കുകയും ചെയ്യുമ്പോൾ, ഇന്ത്യയിലെമ്പാടും ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുമ്പോൾ, ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകൾ ഭിന്നിപ്പിക്കപ്പെടുമ്പോൾ ഫാസിസം അതിന്റെ ധംഷ്ട്രകൾ പുറത്തുനീട്ടിക്കൊണ്ട് ഒരു വികൃത ജന്തുവായി ഇന്ത്യയിൽ പരിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

ഫാസിസത്തിന്റെയും 
നമ്മളുടെയും രാഷ്ട്രീയം
ഹൗ ഫാസിസം വർക്ക്സ്, ദ പൊളിറ്റിക്സ് ഓഫ് അസ് ആൻഡ് ദെം (How Fascism Works,The Politics of Us and Them,2018) എന്ന പുസ്തകത്തിൽ ജയ്സൺ സ്റ്റാൻലി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ പ്രധാനപ്പെട്ടതാണ്; ഫാസിസത്തിന് മൂന്ന് ഘടകങ്ങൾ ഉള്ളതായി അദ്ദേഹം പറഞ്ഞുവെക്കുന്നു.

1.പോപ്പുലിസം (Populism): ആഭ്യന്തരമായ ഒരു വിഭജനമാണ് പോപ്പുലിസത്തിലൂടെ നടക്കുന്നത്.

2. നേറ്റിവിസം (Nativism): -വംശീയത, മതം, മതപരമായ വിശുദ്ധി, വംശശുദ്ധി എന്നിവയെയെല്ലാം ചുറ്റിപ്പറ്റിയാണ് ഇത് നിലനിൽക്കുന്നത്.

3. അതോറിറ്ററിയനിസം (Authori
tarianism): സ്വേച്ഛാധിപത്യത്തെയാണ് സ്റ്റാൻലി ഇവിടെ വിശദീകരിക്കുന്നത്.അധികാരത്തോട് കീഴടങ്ങി ജീവിക്കുകയും ഈ നേതാവിന് അല്ലെങ്കിൽ അധികാരിക്കു മാത്രമേ തങ്ങളെ ഈ ലോകത്തുനിന്നും സംരക്ഷിക്കാനാകൂ എന്ന വിശ്വാസത്തിൽ ജീവിക്കുകയും ചെയ്യുക എന്നതാണ് ഇതിൽ ഉൾപ്പെടുന്നത്.

ഫാസിസ്റ്റുകൾ ആന്റി ഇന്റലച്വലിസത്തിലൂടെയും ചില പ്രൊപ്പഗാൻഡകളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സിസ്റ്റത്തെയും ആക്രമിക്കുന്നതിലൂടെയുമെല്ലാം ജനങ്ങളുടെ പൊതുവായ യുക്തിബോധത്തെയും ധാരണകളെയും മാറ്റിത്തീർക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ ക്രമേണ ഫാസിസ്റ്റുകൾ ഒരു രാജ്യത്തെയാകെ യാഥാർത്ഥ്യബോധമില്ലാത്ത അവസ്ഥയിൽ കൊണ്ടുചെന്നെത്തിക്കുകയും അവിടെ കോൺസ്പിറസി തിയറികളും (conspiracy theories)വ്യാജ വാർത്തകളും യുക്തിരഹിതമായ സംവാദങ്ങളും സ്ഥാപിക്കുകയും ചെയ്യുന്നു എന്ന് സ്റ്റാൻലി പറഞ്ഞുവെക്കുന്നുണ്ട്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ കൃത്യമായി വിശകലനം ചെയ്യുകയാണെങ്കിൽ ഇതെല്ലാം ഇന്ത്യയിൽ കൃത്യമായി നടന്നുകൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും.

കൃത്യമായ സംഘപരിവാർ പ്രൊപഗാൻഡ, സിനിമകളിലൂടെയും അധികാരകേന്ദ്രങ്ങളിലൂടെയും സാധാരണ ജനങ്ങൾക്കിടയിലേക്ക് കുത്തിവെക്കാനുള്ള ശ്രമങ്ങൾ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നു. യുക്തിരഹിതമായ പ്രസ്താവനകൾ ഇറക്കിക്കൊണ്ടും, ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും യുക്തിചിന്തയെയുമെല്ലാം അട്ടിമറിച്ചുകൊണ്ടും തങ്ങളുടെ അധികാരം ഊട്ടിയുറപ്പിക്കുകയും ജനങ്ങളെ തങ്ങൾക്കു വിധേയരാക്കുകയും അടിമകളാക്കുകയുമാണ് ഈ ഫാസിസ്റ്റ് ശക്തി ചെയ്തുകൊണ്ടിരിക്കുന്നത്.

ഇവിടെ മാനസികമായ ഒരു അടിമത്തംകൂടി സൃഷ്ടിക്കപ്പെടുന്നുണ്ട്. യുക്തിസഹമായി ചിന്തിക്കാതെ ഇത്തരത്തിലുള്ള അജൻഡകളിൽ ഒതുങ്ങിനിന്നുകൊണ്ട് ചിന്തിക്കുകയും തങ്ങൾക്കുള്ളിൽ ഒരു വെറുപ്പിന്റെ രാഷ്ട്രീയം സൃഷ്ടിക്കുകയും ചെയ്യുന്ന ഫാസിസ്റ്റുകൾ ജനങ്ങളെ ക്രമേണ ഒരു മാനസിക അടിമത്തത്തിലേക്ക് നയിക്കുന്നുണ്ട്.

എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കുന്ന ഇൻക്ലൂസീവിറ്റി ഇവർക്കിടയിൽ ഉണ്ടായിരിക്കില്ല. ജർമ്മനിയിൽ ഹിറ്റ്ലർ ചെയ്തപോലെ, ഇറ്റലിയിൽ മുസോളിനി ചെയ്തപോലെ വംശീയതയെയും മതത്തെയും കൂട്ടുപിടിച്ചുകൊണ്ട് ജനങ്ങളെ മാനസികമായി ദുർബലമാക്കിക്കൊണ്ട് തങ്ങൾക്കു വേണ്ടി പ്രവർത്തിപ്പിക്കുക എന്ന കണ്ടീഷനിങ് (conditioning) ആണ് വളരെ പതുക്കെ ഫാസിസ്റ്റുകൾ ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കേരളംപോലെ എല്ലാവരെയും ഉൾച്ചേർക്കുന്ന, ചേർത്തുപിടിക്കുന്ന ഒരിടത്തിൽ ഇത്തരത്തിലുള്ള പ്രൊപ്പഗാൻഡകൾക്ക് സ്ഥാനമില്ല എന്നതു തന്നെയാണ് അവരെ വെറിപിടിപ്പിക്കുന്നതും.

ദി ഒറിജിൻസ് ഓഫ് ടൊട്ടെലിറ്റേറിയനിസം (The Origins of Totalit
arianism) എന്ന പുസ്തകത്തിൽ ഹന്ന ആരെൻഡ് (Hannah Arendt) പറഞ്ഞുവെക്കുന്നത് പ്രസക്തമാണ്. ഒരു ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഫാസിസ്റ്റുകൾ അധികാരത്തിൽ എത്തുന്നതെങ്കിലും പിന്നീട് അവർ ജനാധിപത്യത്തെത്തന്നെ ഉപയോഗിച്ചുകൊണ്ട് അതിനെ ദുർബലപ്പെടുത്തുകയും ക്രമേണ നശിപ്പിക്കുകയും ചെയ്യുന്നു. തന്റെ മാനസികമായ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുന്ന, പക്ഷേ, യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു റിയാലിറ്റി സൃഷ്ടിക്കുന്നതിനായി ഫാസിസ്റ്റ് തന്റെ ജനാധിപത്യ സംവിധാനങ്ങളെയും അധികാരത്തെയും ഉപയോഗിക്കുന്നു.അങ്ങനെ അയാൾ സത്യത്തെ വളച്ചൊടിച്ചുകൊണ്ട് അയാളുടെ അജൻഡകൾ നടപ്പിലാക്കുന്നു.ഇത്തരത്തിൽ സത്യങ്ങൾ വളച്ചൊടിക്കപ്പെടുകയും കൃത്യമായി ജനങ്ങൾ കണ്ടീഷനിങ് ചെയ്യപ്പെടുകയും അവർ മാനസിക അടിമത്തത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന ഒരു അവസ്ഥയിലാണ് ഇന്ന് നമ്മളുള്ളത്.

ഫാസിസവും 
നാർസിസ്റ്റിക് സ്വഭാവങ്ങളും
ഫാസിസ്റ്റ് നേതാക്കളെ മൊത്തത്തിലെടുത്ത് പരിശോധിക്കുകയാണെങ്കിൽ, അവർ വലിയ രീതിയിൽ ഒരു നാർസിസ്റ്റിക് സ്വഭാവരീതി പിന്തുടരുന്നതായി കാണാൻ സാധിക്കും. അവരുടേതായ വിശ്വാസങ്ങളിലും വിശുദ്ധിയിലും വംശശുദ്ധിയിലുമെല്ലാം അഭിരമിക്കുകയും മറ്റുള്ളവരെല്ലാം അതിലേക്ക് എത്തിച്ചേരണമെന്ന് വാശിപിടിക്കുകയും ചെയ്യുന്നതിലൂടെ ഒരു സാമൂഹിക വിദ്വേഷമാണ് ഇവർ സമൂഹത്തിലെമ്പാടും സൃഷ്ടിക്കുന്നത്. കിങ്സ്, കോൺക്വറേർസ് ആൻഡ് സൈക്കോപാത്ത്സ് (Kings, Conq
uerors and Psychopaths) എന്ന പുസ്തകത്തിൽ ഡോക്ടർ ജോസഫ് എബ്രഹാം ചൂണ്ടിക്കാണിക്കുന്നത്, ഫാസിസ്റ്റ് നേതാക്കൾക്ക്ഒരു വ്യക്തിഗത താല്പര്യത്തിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനമായിരിക്കും എന്നതാണ്. തങ്ങൾ വലിയവരാണെന്നും തങ്ങൾക്ക് ഈ ലോകത്തെ സംരക്ഷിക്കാൻ സാധിക്കുമെന്നും തങ്ങളുടെ വംശവും മതവും അതിനുതകുന്നതാണെന്നും (delusion of grandeur) എല്ലാമുള്ള അമിതമായ ധാരണയും വിശ്വാസവും ആണ് ഇത്തരക്കാരിൽ കൂടുതലായി കാണപ്പെടുന്നത്. തോൽവി എന്താണെന്ന് സമ്മതിക്കാനുള്ള ഒരു മാനസികാവസ്ഥ ഇവർക്കുണ്ടായിരിക്കില്ല. ഏതെങ്കിലും തരത്തിൽ തോറ്റുപോയെന്നോ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ വരുത്തിയെന്നോ സമ്മതിക്കാൻ അവർ ഒരിക്കലും തയ്യാറാവുകയുമില്ല. ഇത് ക്രമേണ നാർസിസ്റ്റിക് റേജ് (narcissistic rage)എന്ന അവസ്ഥയിലേക്ക് നയിക്കുന്നുമുണ്ട്.

ഫാസിസം ഇത്തരത്തിൽ മാനസികമായിത്തന്നെ ആളുകളെ ബാധിക്കുന്നുണ്ടെന്നും അതിന്റെ മനഃശാസ്ത്രപരമായ അടിത്തറയെ മനസ്സിലാക്കേണ്ടതുണ്ടെന്നുമാണ് പറഞ്ഞുവെക്കാനുള്ളത്. അല്ലാത്തപക്ഷം നിലവിൽ ജനാധിപത്യ സംവിധാനത്തിൽ ഒരു ഭരണഘടനയ്ക്കുകീഴിൽ ജീവിക്കുന്ന നമ്മൾ ഫാസിസ്റ്റ് ഭരണത്തിന്റെ ക്രൂരതകൾക്ക് വിധേയരാകേണ്ടി വരും എന്നതിൽ സംശയമില്ല. അടിസ്ഥാനപരമായി ആളുകളുടെ തലച്ചോറിൽ നടക്കുന്ന ചിന്തകളെ വളച്ചൊടിക്കുകയും ശരിയും തെറ്റും, സത്യവും കള്ളവും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലേക്കും ഫാസിസ്റ്റുകൾക്ക് അനുകൂലമായി മാത്രം ചിന്തിക്കാൻ സാധിക്കുന്ന അവസ്ഥയിലേക്കു ക്രമേണ അവരെ കൊണ്ടുചെന്നെത്തിക്കുകയും, അങ്ങനെ ഫാസിസ്റ്റുകൾക്കു വേണ്ടി എന്തും ചെയ്യുന്ന ഒരു വിഭാഗമായി നമ്മളെ മാറ്റിത്തീർക്കുകയുമാണ് ഫാസിസ്റ്റുകൾ പൊതുവായി ചെയ്തുവരുന്നത്. ഇവരുടെ നുണകൾ മനസ്സിലാക്കാനോ അല്ലെങ്കിൽ ഇവർ പടച്ചുവിടുന്ന മണ്ടത്തരങ്ങളെയും യുക്തിരഹിതമായ കാര്യങ്ങളെയും മനസ്സിലാക്കാനോ പലപ്പോഴും സാധിക്കാറില്ല എന്നതാണ് നിർഭാഗ്യകരമായ വസ്തുത. ഇവിടെയാണ് ചരിത്രബോധവും ശാസ്ത്രബോധവും കൃത്യമായ രാഷ്ട്രീയ ബോധവുമുള്ള ഒരു ജനതയുടെ ആവശ്യകത നിലനിൽക്കുന്നത്.തങ്ങളെ എതിർത്തു പറയുന്നവരെയും അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരെയും ന്യൂനപക്ഷങ്ങളെയുമെല്ലാം തിരഞ്ഞുപിടിച്ച് ഇവർ കൊന്നുതള്ളുകയും കലാപങ്ങളുണ്ടാക്കുകയും ചെയ്യുമ്പോൾ ഒറ്റക്കെട്ടായി നിന്നുകൊണ്ടുതന്നെ പടർന്നുപന്തലിക്കുന്ന ഫാസിസത്തെ ചെറുക്കാൻ സാധിക്കേണ്ടതുണ്ട്. ഗാന്ധി വിസ്മരിക്കപ്പെടുകയും ഗോഡ്സെയും സവർക്കറും ആരാധിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യ കൃത്യമായി ഫാസിസ്റ്റുകളുടെ കയ്യിലാണ് എന്നുതന്നെ പറഞ്ഞുവയ്ക്കേണ്ടിയിരിക്കുന്നു.

പക്ഷേ സച്ചിദാനന്ദന്റെ കവിതയിൽ പറയുന്നതുപോലെ,
‘ഇതൊരു ഇടവേള മാത്രമാണ്.’
അമാവാസി കണ്ട് ഇനി നിലാവ് ഉദിക്കില്ല എന്ന് കരുതരുത്.
ശിശിരത്തിലെ മരങ്ങൾ കണ്ട്
ഇലകളുടെ കാലം കഴിഞ്ഞുപോയെന്ന് നിലവിളിക്കുകയും അരുത്.
താഴ്-വാരത്തിൽ ചന്ദ്രൻ ഉണ്ട് ,
ഭൂമിയുടെ യൗവനങ്ങളിൽ
തളിരുകൾ ഉണരുന്ന രസം നിറയുന്നുണ്ട്.
ഇതൊരു ഇടവേള മാത്രമാണ്.
പൂവുകളെക്കുറിച്ച് പാടാൻ കഴിയുന്ന
ഒരു കാലം വരും.
അന്ന് ഈ നാട്ടിലെ മനുഷ്യരെല്ലാവരും കവികളാകും.’  l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eleven + fourteen =

Most Popular