Monday, April 6, 2026

ad

Homeപ്രതികരണംഇരുണ്ടകാലത്തിലേക്ക് മടക്കമില്ല

ഇരുണ്ടകാലത്തിലേക്ക് മടക്കമില്ല

പിണറായി വിജയൻ

ത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍കാലങ്ങളിലേതില്‍നിന്ന് കുറച്ചുകൂടി വ്യത്യസ്തവും കൂടുതല്‍ ഗൗരവതരവുമാണ്. തുടര്‍ച്ചയായ പത്ത് വര്‍ഷത്തെ ഭരണം വിജയകരമായി പൂര്‍ത്തിയാക്കി മൂന്നാം തവണയും അധികാരത്തിലേറ്റണം എന്ന അഭ്യര്‍ത്ഥന ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ് എല്‍ഡിഎഫ് മത്സരരംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്.

മൂന്നാം തവണയും വിജയിപ്പിച്ച് തുടര്‍ഭരണത്തിന്റെ മൂന്നാം അധ്യായം തുറക്കണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെടുന്നത് കൃത്യമായി ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. 2016 ലും 2021 ലും ജനങ്ങള്‍ക്കു നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ എല്ലാംതന്നെ ഫലപ്രദമായി നടപ്പാക്കിക്കൊണ്ടാണ് മൂന്നാം ഭരണത്തിന് വോട്ടു നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളും മുന്നോട്ടുവെക്കുക മാത്രമല്ല, അവ ഫലപ്രദമായി നടപ്പാക്കുകകൂടി ചെയ്തുകൊണ്ടാണ് എല്‍ ഡി എഫ് വീണ്ടും ജനങ്ങളെ സമീപിക്കുന്നത്.

സിപിഐ എം നേതൃത്വം നല്‍കുന്ന എല്‍ ഡി എഫ് എല്ലാക്കാലത്തും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുമുന്നേറുന്ന പ്രസ്ഥാനമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് അറിയുന്നവരാണ്. അതുകൊണ്ടുതന്നെ അധികാരത്തിലെത്തുന്ന സന്ദര്‍ഭങ്ങളിലെല്ലാം, ആ അധികാരം ഉപയോഗിച്ച് ജനങ്ങള്‍ക്ക് ആവുന്നത്ര സഹായങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ പ്രതിജ്ഞാബദ്ധത കാട്ടുന്ന പ്രസ്ഥാനമാണ് എൽഡിഎഫ്. 1957 ലെ ഇ എം എസ് നയിച്ച ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാലം മുതല്‍ സ്വീകരിച്ചു നടപ്പാക്കിവരുന്ന രീതി ഇതാണ്.

ജന്മിത്വവും ഭൂപ്രഭുത്വവും അതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രശ്‌നങ്ങളും കൊടികുത്തി വാഴുന്ന ഘട്ടത്തിലായിരുന്നു ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ഐക്യ കേരളപ്പിറവിക്കു മുമ്പുതന്നെ കേരളം ഏതു ദിശയിലാണ് മുന്നോട്ടുപോകേണ്ടത് എന്ന വ്യക്തമായ കാഴ്ചപ്പാട് കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നു.

1956 ജൂണ്‍ 21 മുതല്‍ 23 വരെ തൃശൂരില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനം ‘പുതിയ കേരളം പടുത്തുയര്‍ത്താനുള്ള നിര്‍ദേശങ്ങള്‍’ എന്ന പേരില്‍ ഒരു രേഖ അംഗീകരിച്ചിരുന്നു. ആ രേഖയിലെ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണ് 1957 ലെ ഇ എം എസ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത്. അതിന്റെ ഫലമായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തതിന്റെ ആറാം നാളില്‍ത്തന്നെ ഇ എം എസ് സര്‍ക്കാര്‍ കുടിയിറക്കല്‍ നിരോധന ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

സ്വന്തമായി കിടപ്പാടമില്ലാതിരുന്ന ലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യര്‍, ജന്മിമാര്‍ക്കും ഭൂപ്രഭുക്കന്മാര്‍ക്കും അനിഷ്ടമുണ്ടായാല്‍ ഏതു പാതിരാവിലും കുടിയൊഴിഞ്ഞു തെരുവിലേക്കിറങ്ങേണ്ട കാലമായിരുന്നു അത്. അതിന് എന്നെന്നേക്കുമായി അറുതിവരുത്തിക്കൊണ്ടായിരുന്നു കുടിയിറക്കല്‍ നിരോധന ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

കേരളത്തില്‍ പാട്ടക്കാര്‍, വാരക്കാര്‍, കുടിയാന്മാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന 36 ലക്ഷത്തോളം പാവപ്പെട്ട മനുഷ്യര്‍ക്കാണ് ഈ ഓര്‍ഡിനന്‍സ് മൂലം മനസ്സമാധാനത്തോടെ അന്തിയുറങ്ങാന്‍ കഴിയുന്ന സാഹചര്യമൊരുങ്ങിയത്. അതിനുശേഷമാണ് എല്ലാവരേയും ഭൂമിയുടെ അവകാശികളാക്കി മാറ്റിയ സമഗ്ര കാര്‍ഷിക ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നത്. ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട് നടത്തിയ ഈ പൊളിച്ചെഴുത്ത് കേരളത്തിന്റെ സാമൂഹ്യഘടനയെയും ജീവിതത്തെയും എത്രത്തോളം പുരോഗമനപരമായി മുന്നോട്ടുകൊണ്ടുപോയി എന്നതു സംബന്ധിച്ച് നിരവധി പഠനങ്ങളും നിരീക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്.

കേരളത്തെ മൗലികമായി മാറ്റിയെടുക്കുന്നതിന് 1957 ലെ സര്‍ക്കാരുതന്നെ കൊണ്ടുവന്നതായിരുന്നു വിദ്യാഭ്യാസ നിയമം. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അധ്യാപകരെ ചൂഷണം ചെയ്തിരുന്ന അതുവരെയുള്ള നടപടികള്‍ അവസാനിപ്പിക്കുകയും അത്തരം അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ടു ശമ്പളം നല്‍കുന്ന നിയമം കൊണ്ടുവരികയും അതുവഴി വിദ്യാഭ്യാസരംഗം ജനാധിപത്യവല്‍ക്കരിക്കുകയും സാര്‍വത്രികമാക്കുകയും ചെയ്തു.

എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കിയത് 1957 ലെ സര്‍ക്കാരായിരുന്നു. പിന്നീട് 67 ല്‍ ഇ എം എസ് സര്‍ക്കാര്‍ വീണ്ടും വന്നപ്പോഴാണ് പത്താം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാക്കിയത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മലബാറിലേക്കടക്കം വ്യാപിപ്പിക്കുന്ന നടപടികള്‍ സ്വീകരിച്ചതും 67 ലെ ഇ എം എസ് സര്‍ക്കാരാണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്. നിയമ – ആരോഗ്യ – തൊഴില്‍ മേഖലകളിലെല്ലാം സമാനമായ നിരവധി നടപടികള്‍ ആ സര്‍ക്കാര്‍ സ്വീകരിച്ചു. ഇവയുടെയെല്ലാം ഫലമായാണ് കേരളാ മോഡല്‍ വികസനം എന്ന സംജ്ഞ തന്നെ രാജ്യാന്തര സംവാദങ്ങള്‍ക്ക് ഇടയാക്കിയത്.

എന്നാല്‍ 1959 ല്‍ ഇ എം എസ് സര്‍ക്കാരിനെ കേന്ദ്ര കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചുവിട്ടത് നമുക്കറിയാം. പിന്നീട് 1960 ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായ സര്‍ക്കാരും തുടര്‍ന്ന് 1962 ല്‍ വന്ന സര്‍ക്കാരും ഭൂപരിഷ്‌കരണ നിയമത്തിലെയും വിദ്യാഭ്യാസ നിയമത്തിലെയും പ്രസക്തമായ പല വകുപ്പുകളും റദ്ദാക്കി, അവ സമ്പന്നര്‍ക്കും മേലാളന്മാര്‍ക്കും അനുകൂലമാക്കി. 1957 ലെ ഇ എം എസ് സര്‍ക്കാരിനെയും അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസും വലതുപക്ഷക്കാരും അനുവദിക്കാതിരുന്നതും അത്തരമൊരു സര്‍ക്കാരിനു തുടര്‍ച്ച ഉണ്ടാകാതിരുന്നതുംകൊണ്ട് കേരളത്തിനുണ്ടായ നഷ്ടം എത്ര ഭീമമാണ് എന്നു സൂചിപ്പിക്കാനാണ് ഇത് ചൂണ്ടിക്കാട്ടിയത്.

പില്‍ക്കാലത്ത് ഇടവേളകളില്‍ അധികാരത്തിലെത്തിയ എല്‍ ഡി എഫ് സര്‍ക്കാരുകള്‍ ഓരോരോ നടപടികളിലൂടെ കേരളത്തെ മുന്നോട്ടുകൊണ്ടുപോയി. 1980 ല്‍ ഇ കെ നായനാർ സര്‍ക്കാര്‍ 60 കഴിഞ്ഞ കര്‍ഷകത്തൊഴിലാളികള്‍ക്ക് 45 രൂപ പ്രതിമാസ പെന്‍ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ അത് പ്രത്യുല്‍പ്പാദനപരമല്ലെന്നു പറഞ്ഞ് ആക്ഷേപിച്ചത് കോണ്‍ഗ്രസുകാരായിരുന്നു.

ആ 45 രൂപ പിന്നീടുവന്ന എല്‍ ഡി എഫ് സര്‍ക്കാരുകള്‍ ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിച്ചാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ 2,000 രൂപ വീതം നല്‍കുന്നത്. കര്‍ഷകത്തൊഴിലാളികള്‍ക്കു മാത്രമല്ല, എല്ലാ വിഭാഗത്തില്‍പ്പെട്ടവരുമായ 62 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. 45 രൂപയില്‍ നിന്ന് പെന്‍ഷന്‍ 2,000 രൂപവരെയാക്കിയത് എല്‍ ഡി എഫ് സര്‍ക്കാരുകളാണെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. 2,000 രൂപ വരെയുള്ള വര്‍ദ്ധനവില്‍ യു ഡി എഫ് സര്‍ക്കാരിന്റെ സംഭാവന ആകെ 100 രൂപ മാത്രമാണ്, അതും 18 മാസത്തെ കുടിശ്ശിക വരുത്തി.

കേരളത്തില്‍ സമ്പൂര്‍ണ സാക്ഷരത കൊണ്ടുവന്നത്, അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും നടപ്പാക്കിയത്, ഐടി വികസനം സാധ്യമാക്കിയത്, നവകേരള മിഷന്‍ നടപ്പാക്കിയത്, റീബില്‍ഡ് കേരളാ ഇനിഷ്യേറ്റീവ് നടപ്പാക്കിയത്, സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത സാധ്യമാക്കിയത്, കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയത്, എന്‍ എച്ച് 66 ന്റെ വികസനം കൊണ്ടുവന്നത്, മലയോര ഹൈവേയും തീരദേശ ഹൈവേയും യാഥാര്‍ത്ഥ്യമാക്കിയത്, വിദ്യാലയങ്ങള്‍ ഹൈടെക് ആക്കിയത്, ആശുപത്രികള്‍ ആധുനികവല്‍ക്കരിച്ചത്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാക്കിയത്, അഞ്ചു ലക്ഷത്തിലേറെപ്പേര്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീടുകള്‍ നല്‍കിയത്, വിജ്ഞാനാധിഷ്ഠിത സമ്പദ്ഘടന വഴി കേരളത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്, ഡിഗ്രി തലംവരെ വിദ്യാഭ്യാസം സൗജന്യമാക്കിയത് എന്നു തുടങ്ങി കേരളത്തിന്റെ സാമൂഹ്യ – സാംസ്‌കാരിക രംഗങ്ങളെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എത്രയെത്രയാണ്? പവര്‍ കട്ട്, ലോഡ് ഷെഡ്ഡിങ്ങ് എന്നീ പേരുകള്‍ പോലും ഇപ്പോള്‍ ആളുകള്‍ക്കു പരിചിതമല്ലാതായി. ട്രഷറി പൂട്ടല്‍ കേട്ടുകേള്‍വിയായി.

ഒരു ലക്ഷത്തി പതിനായിരം കോടിയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ കിഫ്ബിയിലൂടെ നടപ്പാക്കി. ആയിരക്കണക്കിനു വ്യവസായ സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും വന്നു. യു ഡി എഫ് കാലത്ത് നഷ്ടത്തിലായി വിറ്റുതുലയ്ക്കാന്‍ തീരുമാനിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ലാഭത്തിലാക്കി. വ്യവസായങ്ങള്‍ തടസ്സങ്ങളൊന്നും ഇല്ലാതെ ആരംഭിക്കാന്‍ കഴിയുന്ന രാജ്യത്തെ നമ്പര്‍ വണ്‍ സംസ്ഥാനമാണ് കേരളമെന്നത് ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ടു.

കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചതിലൂടെ നാടാകെ അടിസ്ഥാനഘടനാ വികസനമായി; കാണാവുന്നിടത്തൊക്കെ റോഡും പാലങ്ങളും വിദ്യാലയങ്ങളും ആതുരാലയങ്ങളും പുതുമയോടെ തല ഉയര്‍ത്തിനില്‍ക്കുന്ന നിലയായി. ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തില്‍ വരണമെന്ന് നാം ജനങ്ങളോടു പറയുന്നത്.

അപ്പുറത്ത് രാഷ്ട്രീയമായും സംഘടനാപരമായും ധാര്‍മ്മികമായും അങ്ങേയറ്റം അധഃപതിച്ച കോണ്‍ഗ്രസും യു ഡി എഫും നുണകള്‍ പറഞ്ഞും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും ഏതുവിധത്തിലും അധികാരം നേടാനുള്ള ശ്രമമാണ്. എന്തിനാണ് ഇവരെ ജയിപ്പിക്കണമെന്നു പറയുന്നത് എന്നുകൂടി ഇക്കൂട്ടര്‍ വിശദീകരിക്കണം.

2011-–16 ലെ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ലോഡ് ഷെഡ്ഡിങ്ങും പവര്‍കട്ടും നടപ്പാക്കാനാണോ? വികസന മുരടിപ്പു തിരിച്ചുകൊണ്ടുവരാനാണോ? ഉണ്ടാക്കിയതൊക്കെ തകര്‍ക്കാനാണോ? വര്‍ഗീയ കലാപാന്തരീക്ഷവും ക്രമസമാധാനത്തകര്‍ച്ചയും കൊടിയ അഴിമതിയും തിരിച്ചുകൊണ്ടുവരാനാണോ? പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കാനാണോ? പാവങ്ങള്‍ക്കു വീടുവെച്ചു നല്‍കുന്ന ലൈഫ് ഭവന പദ്ധതി ഇല്ലാതാക്കാനാണോ? 62 ലക്ഷം പെന്‍ഷന്‍കാരുടെ ക്ഷേമ പെന്‍ഷന്‍ ഇല്ലാതാക്കാനാണോ? പരസ്പരം പോരടിച്ച് കേരളത്തിന്റെ മാനംകെടുത്താനാണോ?

ലൈഫ് മുതല്‍ കുടുംബശ്രീ വരെ നിര്‍ത്തലാക്കുമെന്നു പ്രഖ്യാപിച്ചവരാണവര്‍. കിഫ്ബിയെ ഇല്ലാതാക്കാനായി പരിശ്രമിച്ചവരാണവർ . ഇതൊക്കെ ചെയ്യാന്‍ അവരെ അനുവദിക്കണോ? തുരങ്കപാത മുതല്‍ ദേശീയപാതാ വികസനം വരെയുള്ള കാര്യങ്ങളെ എതിര്‍ത്തവരാണവര്‍. നശീകരണത്തിന്റെയല്ലാതെ കര്‍മ്മോത്സുകതയുടെ ഒരു പദ്ധതിയും ഇല്ലാത്തവരാണവര്‍. അക്കൂട്ടരുടെ കേരളവിരുദ്ധ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തു കൂടിയാകും ഈ തിരഞ്ഞെടുപ്പ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

1 × one =

Most Popular