തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളിൽ രാഷ്ട്രീയ ചർച്ചകൾ വൈകാരിക വിഷയങ്ങളിലും, താത്കാലിക വിവാദങ്ങളിലും കേന്ദ്രീകരിക്കുന്നത് പലപ്പോഴും കാണുന്ന പ്രവണതയാണ്. മാധ്യമങ്ങളുടെ അതിപ്രസരവും അതിഭാവുകത്വവും ചേരുമ്പോൾ പൊതുസമൂഹത്തിൽ ഉയർന്നുവരേണ്ട സുപ്രധാന രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങൾ വേണ്ടത്ര ശ്രദ്ധകിട്ടാതെ പോകുന്നു. കേരളത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളും സമാനമായ പാതയിലാണ്.
കോൺഗ്രസ്സിന്റെ ‘നിയോ കേരളം’ എന്ന പുതിയ മുദ്രാവാക്യം നവലിബറലിസത്തിന്റെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ചത് മാത്രമാണ്. രണ്ട് വ്യത്യസ്ത സാമ്പത്തിക-വികസന കാഴ്ചപ്പാടുകൾ തമ്മിലുള്ള പോരാട്ടമാണ് യഥാർത്ഥത്തിൽ കേരളത്തിൽ നടക്കുന്നത്. ഒന്ന്, സർക്കാരിനെ കേവലം ഒരു ‘ഫെസിലിറ്റേറ്റർ’ (Facilitator) ആക്കി മാറ്റി സകലതും സ്വകാര്യ മൂലധനത്തിന് തീറെഴുതാൻ വെമ്പുന്ന യു.ഡി.എഫിന്റെ വലതുപക്ഷ നയം. രണ്ട്, ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് ജനകീയ ബദലുകളിലൂടെ വികസനം സാധ്യമാക്കുന്ന ഇടതുപക്ഷ നയം.
വലതുപക്ഷം വിൽപനയ്ക്ക് വയ്ക്കുന്ന കേരളം
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വാഗ്ദാനങ്ങൾ കണ്ടാൽ ആരും അമ്പരക്കും. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വീതം ഹെൽത്ത് ഇൻഷുറൻസ്, സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര, വിദ്യാർത്ഥിനികൾക്ക് പഠനസഹായം, ക്ഷേമപെൻഷൻ വർദ്ധനവ്. ഒരു വർഷം ഇരുപതിനായിരം കോടി രൂപയിലധികം അധിക ചിലവ് വരുന്ന ഈ ‘ഗ്യാരണ്ടികൾ’ നടപ്പാക്കാൻ കോൺഗ്രസ്സ് എവിടെനിന്ന് പണം കണ്ടെത്തും?
ഇതിനുള്ള ഉത്തരം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകളിൽ തന്നെയുണ്ട്. അദ്ദേഹം പറയുന്നത് കേൾക്കുക: “ഒരുകാലത്ത് ഒരു മൊട്ടുസൂചി പോലും ഉത്പാദിപ്പിക്കാത്ത രാജ്യമായിരുന്നു ഇന്ത്യ. അതുകൊണ്ടാണ് നമുക്ക് കോട്ടൺ മില്ലുകൾ വേണ്ടിവന്നത്… അക്കാലം കഴിഞ്ഞു. അത് ഗവൺ-മെ-ന്റ് ചെയ്യേണ്ട ജോലിയൊന്നുമല്ല. അതൊക്കെ കോമ്പറ്റേറ്റീവ് ആയി ചെയ്യാൻ ഇവിടെ ആളുകളുണ്ട്. ഗവൺമെന്റ് ഷുഡ് ആക്റ്റ് ആസ് എ ഫെസിലിറ്റേറ്റർ.’
സർക്കാർ കച്ചവടം നടത്തരുത്, വെറും ഫെസിലിറ്റേറ്റർ (സൗകര്യമൊരുക്കുന്നവൻ) മാത്രമായാൽ മതി എന്നത് തികഞ്ഞ ഒരു വലതുപക്ഷ നയമാണ്. ആ നയം നടപ്പാക്കാൻ തുടങ്ങുമ്പോൾ അന്താരാഷ്ട്ര തലത്തിൽ കൺസർവേറ്റീവ് പാർട്ടികൾ നടപ്പാക്കുന്ന സ്വകാര്യവൽക്കരണ അജൻഡയായി അത് മാറും. കേരളത്തിൽ ടൈറ്റാനിയവും, സിമന്റും, മരുന്നുകളും കെമിക്കലുകളും ഉത്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. കോമ്പറ്റീറ്റീവ് ആയി ഇതൊക്കെ നടത്താൻ ആളുകളുള്ളതുകൊണ്ട് ഇതെല്ലാം സ്വകാര്യ മേഖലയ്ക്ക് വിൽക്കാം എന്നാണ് കോൺഗ്രസ്സ് ഇതുവഴി പറഞ്ഞുവയ്ക്കുന്നത്.
ഇവിടുത്തെ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളും കോളേജുകളും സ്വകാര്യവൽക്കരിക്കാം. വൈദ്യുതി ഉത്പാദനവും വിതരണവും സ്വകാര്യ കുത്തകകളെ ഏൽപ്പിച്ച് കെ.എസ്.ഇ.ബിയെ വിറ്റുതുലയ്ക്കാം. മദ്യവിൽപ്പനയും നിത്യോപയോഗ സാധനങ്ങളുടെ വിതരണവും കോമ്പറ്റീറ്റീവ് ആയി നടത്താൻ സ്വകാര്യ മേഖലയ്ക്ക് കഴിയുമെന്നതിനാൽ ബെവ്കോയും സപ്ലൈകോയും നിർത്തലാക്കാം. ഒരു ലക്ഷം കോടി രൂപയെങ്കിലും ഈ സ്ഥാപനങ്ങളെല്ലാം വിറ്റാൽ യു.ഡി.എഫിന് ലഭിക്കും. ആ പണം ഉപയോഗിച്ച് അഞ്ചുവർഷത്തെ വാഗ്ദാനങ്ങൾ നടപ്പിലാക്കി കൈകഴുകാം. ഇതാണ് അവരുടെ വികസന മോഡൽ.
ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളുടെ തകർച്ച
ഈ നയങ്ങൾ എങ്ങനെയാണ് കേരളത്തിലെ സാധാരണക്കാരെ ബാധിക്കുക എന്ന് നോക്കാം. കെ.എസ്.ആർ.ടി.സി എന്ന സ്ഥാപനം സ്വകാര്യവൽക്കരിക്കപ്പെട്ടാൽ, പിന്നെ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന വാഗ്ദാനം എങ്ങനെ പാലിക്കും? സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തും. കേരളത്തിലെ ഏറ്റവും കണ്ണായ സ്ഥലങ്ങളാണ് കെ.എസ്.ആർ.ടി.സിയുടെ കയ്യിലുള്ളത്. അതെല്ലാം കോർപ്പറേറ്റുകൾക്ക് തുച്ഛമായ വിലയ്ക്ക് ലഭിക്കും.
ആരോഗ്യമേഖലയിലെ സ്വകാര്യവൽക്കരണം ഇതിലും ഭയാനകമാണ്. ബ്ലാക്ക് സ്റ്റോൺ ഗ്രൂപ്പ് ഉൾപ്പെടെയുള്ള പല കുത്തകകളും കിംസ് (KIMS) ഉൾപ്പെടെയുള്ള ആശുപത്രികളുടെ 9000 കോടി രൂപയിലധികം വിലയുള്ള ഓഹരികളാണ് വാങ്ങിയത്. ആ ഒരു കണക്ക് നോക്കിയാൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളും ജില്ലാ-താലൂക്ക് ആശുപത്രികളും ഉൾപ്പെടുന്ന ഭീമമായ ആരോഗ്യ ശൃംഖലയുടെ മൂല്യം ലക്ഷക്കണക്കിന് കോടികൾ വരും. ജില്ലാ ആശുപത്രികളുടെ ഇപ്പോഴത്തെ ലുക്ക് വെച്ച് നോക്കിയാൽ പോലും കോർപ്പറേറ്റുകൾ 1500 – 2000 കോടി രൂപയെങ്കിലും ഓരോന്നിനും എറിഞ്ഞുകൊടുക്കും.
ഇത്തരം കോർപ്പറേറ്റ് മുതലാളിമാർക്ക് ആശുപത്രികൾ വിറ്റശേഷം സർക്കാർ എല്ലാവർക്കും ഇൻഷുറൻസ് നൽകുക എന്നതാണ് യു.ഡി.എഫിന്റെ ഹെൽത്ത് മോഡൽ. അതായത്, സർക്കാരിന് ആരോഗ്യവകുപ്പ് തന്നെ പിരിച്ചുവിടാം. 25 ലക്ഷത്തിന്റെ ഇൻഷുറൻസ് കാർഡും കൊടുത്ത് ജനങ്ങളെ സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിട്ടുകൊടുക്കുക. ജനങ്ങളുടെ നികുതിപ്പണം ഇൻഷുറൻസ് പ്രീമിയമായി സ്വകാര്യ കുത്തകകളുടെയും ആശുപത്രി മുതലാളിമാരുടെയും പോക്കറ്റിലേക്ക് ഒഴുകും. അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ ദയനീയമായി പരാജയപ്പെട്ട, ലക്ഷക്കണക്കിന് മനുഷ്യരെ ചികിത്സ കിട്ടാതെ മരിക്കാൻ വിട്ട അതേ ഇൻഷുറൻസ് മോഡലാണിത്. ഇതാണ് കോൺഗ്രസിന്റെ ലക്ഷ്യവും. പൊതുജനാരോഗ്യവും പൊതുവിദ്യാഭ്യാസവും ഉറപ്പുവരുത്തി ജനകീയ ജനാധിപത്യ പ്രക്രിയയിലേക്ക് സമൂഹത്തെ നയിക്കുന്നതിന് പകരം, വിദ്യാഭ്യാസവും ആരോഗ്യവും കച്ചവടച്ചരക്കാക്കുന്ന വലതുപക്ഷ സമീപനം.
പൊള്ളയായ
കോൺഗ്രസ് ഗ്യാരണ്ടികൾ
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ സാമൂഹിക പശ്ചാത്തലമല്ല കേരളത്തിനുള്ളത് എന്ന് തിരിച്ചറിയാൻ പോലുമുള്ള രാഷ്ട്രീയ ബോധം കോൺഗ്രസിനില്ല. കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കെല്ലാം 1000 രൂപ വീതം സ്റ്റൈപന്റ് നൽകുമെന്ന പ്രഖ്യാപനം ഇതിനൊരു ഉദാഹരണമാണ്. മറ്റ് സംസ്ഥാനങ്ങളിൽ സ്ത്രീകൾ വിദ്യാഭ്യാസത്തിൽ വളരെ പിന്നിലായതുകൊണ്ടാണ് അവിടെ ഇത്തരം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത്. എന്നാൽ കേരളത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികളാണ് ഉള്ളത്. അപ്പോൾ പിന്നെ വിദ്യാർത്ഥിനികൾക്ക് മാത്രം പ്രത്യേക സ്റ്റൈപന്റ് പ്രഖ്യാപിക്കുന്നതിന്റെ യുക്തി എന്താണ്?
കേരളത്തിലെ വിദ്യാർത്ഥികൾ ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നം കേവലം വിദ്യാഭ്യാസത്തിന്റെ കുറവല്ല, മറിച്ച് നേടുന്ന കോളേജ് വിദ്യാഭ്യാസം അവരെ ആധുനിക തൊഴിലുകൾക്ക് പ്രാപ്തരാക്കുന്നില്ല എന്നതാണ്. ഈ പശ്ചാത്തലത്തിൽ ധനസഹായം നൽകേണ്ടത് വെറുമൊരു ഔദാര്യമായിട്ടല്ല, മറിച്ച് അവരെ തൊഴിൽസജ്ജരാക്കുന്ന നൈപുണ്യ പരിശീലനത്തിനാകണം (Skill Development).
ഇവിടെയാണ് മുഖ്യമന്ത്രിയുടെ “കണക്ട്- ടു- വർക്ക്’ (Connect- to- Work) സ്കീം പ്രസക്തമാകുന്നത്. നൈപുണ്യ പരിശീലനത്തിന് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കും തൊഴിലന്വേഷകർക്കും (പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുപോലെ) പ്രതിമാസം 1000 രൂപ ഇതിലൂടെ നൽകുന്നുണ്ട്. ഇതിനുപുറമെ വിജ്ഞാനകേരളത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ ലഭ്യമാക്കാൻ മേളകളും സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ എല്ലാ പോളിടെക്നിക്കുകളിലും ഐ.ടി.ഐകളിലും എഞ്ചിനീയറിംഗ് കോളേജുകളിലും ക്യാമ്പസ് പ്ലേസ്‌മെന്റുള്ള ഇത്തരം തൊഴിൽ മേളകൾ വഴി 80 ശതമാനം കുട്ടികൾക്കും ഈ വർഷം തൊഴിൽ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ആർട്സ് & സയൻസ് കോളേജുകളിലേക്കും ഇത് വ്യാപിപ്പിച്ചുകഴിഞ്ഞു.
എന്നാൽ കേരളത്തിന്റെ യഥാർത്ഥ സാഹചര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ, ആരോ പറഞ്ഞുകൊടുത്ത അസംബന്ധങ്ങൾ ഗ്യാരണ്ടികളായി പ്രഖ്യാപിക്കുകയാണ് കോൺഗ്രസ്സ് ചെയ്യുന്നത്. യു.ഡി.എഫിന്റെ ക്ഷേമപെൻഷൻ വാഗ്ദാനങ്ങളും സമാനമായ തമാശയാണ്. ഉമ്മൻചാണ്ടിയുടെ കാലത്ത് കേവലം 600 രൂപ 32 ലക്ഷം പേർക്ക് നൽകിയിരുന്നത് 18 മാസത്തെ കുടിശ്ശിക വരുത്തിയാണ് അവർ പടിയിറങ്ങിയത്. ആ കുടിശ്ശിക തീർത്ത് തുക 2000 രൂപയാക്കി 62 ലക്ഷം പേർക്ക് നൽകുന്ന സർക്കാരാണിത്. 2021-ൽ 6000 രൂപ ‘ന്യായ്’ പദ്ധതി പ്രഖ്യാപിച്ചവർ ഇപ്പോൾ അത് പകുതിയായി വെട്ടിച്ചുരുക്കി ഗ്യാരണ്ടിയുമായി വരുന്നു. യെലഹങ്കയിലും ഖമ്മത്തും പാവങ്ങളുടെ വീട് പൊളിച്ചു തെരുവിലാക്കിയ കോൺഗ്രസ്സാണ് മുണ്ടക്കൈയിലും ചൂരൽമലയിലും വന്ന് വാഗ്ദാനങ്ങൾ വിതറി ജനങ്ങളെ കബളിപ്പിക്കുന്നത് എന്നത് ആരും മറക്കരുത്. ഇതെല്ലാം അവരുടെ വെറും നാട്യം മാത്രമാണ്.
പ്രതിസന്ധികളെ മറികടന്ന
സാമ്പത്തിക വിപ്ലവം
സർക്കാരിന്റെ ദൈനംദിന ചെലവുകൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും ശേഷം വികസന പദ്ധതികൾക്ക് ഫണ്ടില്ലാത്ത അവസ്ഥ കേരളം നേരിട്ടിരുന്നു. ഇതിനെ മറികടക്കാനാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡോ. ടി.എം. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കിഫ്ബിയെ (KIIFB) ശക്തിപ്പെടുത്തിയത്. മോദി സർക്കാരിന്റെ കടുത്ത സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും കേരളത്തിന്റെ വികസനം മുടങ്ങാതിരുന്നത് കിഫ്ബിയുടെ കരുത്തിലാണ്.
മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോളിയം സെസും മാറ്റിവെച്ചുകൊണ്ട് (Ring-fenced revenue), സംസ്ഥാന ബജറ്റിന് ഭാരമുണ്ടാക്കാതെ വിപണിയിൽ നിന്ന് ഫണ്ട് കണ്ടെത്തുന്ന സുതാര്യമായ രീതി. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ വികസന പദ്ധതികളാണ് ഇതിലൂടെ നടന്നത്. 3,240 കോടി രൂപ ചെലവിട്ട് 45,000-ത്തിലധികം സ്മാർട്ട് ക്ലാസ്‌റൂമുകൾ, ആരോഗ്യ മേഖലയിൽ 6,800 കോടിയിലധികം രൂപയുടെ നിക്ഷേപം, പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 39,000 കോടി രൂപയുടെ റോഡുകൾ, പാലങ്ങൾ, വയനാട് ടണൽ റോഡ് തുടങ്ങിയ വമ്പൻ പദ്ധതികൾ.
എന്നാൽ ഈ കിഫ്ബിയെ ഇല്ലാതാക്കാൻ എന്തെല്ലാം ഗൂഢാലോചനകളാണ് യു.ഡി.എഫ് നടത്തിയത്! സി.എ.ജിയെ (C&AG) കൊണ്ട് കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന് എഴുതിയുണ്ടാക്കി അസംബ്ലിയിൽ കൊണ്ടുവന്നു. ഇ.ഡിയെയും ഇൻകം ടാക്സിനെയും ഉപയോഗിച്ച് കേന്ദ്ര സർക്കാർ വേട്ടയാടിയപ്പോൾ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.സി. വേണുഗോപാലും അതിന് ചൂട്ടുപിടിച്ചു. രാഹുൽ ഗാന്ധി പോലും കിഫ്ബിക്കെതിരെ തിരിഞ്ഞു. കിഫ്ബിയുടെ വായ്പകൾ തടയാൻ യൂണിയൻ സർക്കാർ നടത്തിയ ശ്രമങ്ങൾക്ക് കോൺഗ്രസ്സ് കുടപിടിച്ചു. എന്നിട്ടും രാഷ്ട്രീയമായും നിയമപരമായും പോരാടിയാണ് ഇടതുപക്ഷം കേരളത്തിന്റെ ഈ വികസന സ്വത്ത് സംരക്ഷിച്ചത്. കിഫ്ബി കടക്കെണിയാണെന്നും മഹാമോശമാണെന്നും പ്രചരിപ്പിച്ച യു.ഡി.എഫ് നേതാക്കൾ ഇപ്പൊൾ കിഫ്ബി എന്നതിന് ബദലായി മറ്റൊന്നും പറയാനില്ലാത്ത അവസ്ഥയാണ്.
വിജ്ഞാന കേരളത്തിലേക്കുള്ള
ചുവടുവെപ്പ്
അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ഹൈടെക് സ്കൂളുകളും മെച്ചപ്പെട്ട ആശുപത്രികളും നിർമ്മിച്ചതിലൂടെ കേരളത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി (Knowledge Economy) മാറ്റിയെടുക്കുന്നതിനുള്ള അടിസ്ഥാനശില പാകുകയായിരുന്നു. ഐ.ടി, ബയോടെക്നോളജി തുടങ്ങിയ നൂതന വ്യവസായ മേഖലകളിൽ കുതിപ്പുണ്ടാക്കാനും ആഗോള തൊഴിൽ കമ്പോളത്തിനനുസൃതമായി യുവജനങ്ങളെ വാർത്തെടുക്കാനും ഇത് അത്യാവശ്യമാണ്.
നവലിബറലിസത്തിന് ബദൽ ശക്തമായ ക്ഷേമ പദ്ധതികളാണ്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതുമേഖലാ സ്ഥാപനങ്ങൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയിലൂടെ സമൂഹത്തെ അരക്ഷിതാവസ്ഥയിൽ നിന്ന് പുറത്തുകൊണ്ടുവരണം. കോൺഗ്രസ്സ് സ്വപ്നം കാണുന്നതുപോലെ സർക്കാരിനെ വെറുമൊരു കച്ചവട ബ്രോക്കർ (Facilitator) ആക്കി മാറ്റിയാൽ തകരുന്നത് കേരളം ദശാബ്ദങ്ങൾ കൊണ്ട് പടുത്തുയർത്തിയ സാമൂഹിക സുരക്ഷാ വലയമാണ്.
ഇടതുപക്ഷ സർക്കാരുകൾക്ക് ഭരണത്തുടർച്ച ലഭിക്കാതെ പോയപ്പോഴൊക്കെ കേരളം വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിനും സാക്ഷരതാ മുന്നേറ്റത്തിനും സംഭവിച്ച ഇടർച്ചകൾ നാം മറക്കരുത്. സംഘപരിവാറിന്റെ വർഗ്ഗീയ രാഷ്ട്രീയത്തിനും കോൺഗ്രസ്സിന്റെ നവലിബറൽ വിൽപനച്ചരക്കുകൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കാൻ ഇച്ഛാശക്തിയുള്ള ഒരു ഇടതുപക്ഷ സർക്കാരിന് മാത്രമേ കഴിയൂ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാം തീരുമാനിക്കേണ്ടത് കേരളം ഒരു വിജ്ഞാന സമൂഹമായി വളരണമോ അതോ കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്ക് ഇരയാകണമോ എന്നതാണ്. l



