1990കളുടെ തുടക്കത്തിൽ കേന്ദ്ര സർക്കാർ സംവിധാനത്തിനു കീഴിൽ 48 ലക്ഷം സ്ഥിരം ജീവനക്കാർ ജോലി ചെയ്ത നമ്മുടെ രാജ്യത്ത് ഇപ്പോൾ അത് 28 ലക്ഷമായി ചുരുങ്ങിയിരിക്കുകയാണ്. സ്ഥിരം തൊഴിലുകൾ ഇല്ലാതാവുകയും താൽകാലിക – – കരാർ തൊഴിലുകൾ വ്യാപകമാവുകയുമാണ്. കേന്ദ്ര സർവ്വീസിൽ മാത്രം പത്തു ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. വിവിധ സംസ്ഥാന സിവിൽ സർവ്വീസുകളിലാകട്ടെ, 30 ലക്ഷം ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. ജോലി ചെയ്യുന്ന ജീവനക്കാരിൽ സിംഹഭാഗവും താൽകാലിക, – കരാർ ജീവനക്കാരുമാണ്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ അവസ്ഥയും വ്യത്യസ്തമല്ല. BSNL, ഇന്ത്യൻ റെയിൽവേ, LIC, ബാങ്കിങ് മേഖല എല്ലാം തകർച്ചയുടെ വക്കിലാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയോടെ ഇന്ത്യയിലും കേരളത്തിലും അധികാരത്തിൽ വന്ന എ.ബി. വാജ്പേയിയുടെയും, എ. കെ. ആന്റണിയുടെയും “ഡബിൾ എഞ്ചിൻ’ സർക്കാരുകൾ നിയോലിബറൽ നയങ്ങൾ ആസൂത്രിതമായി അഴിച്ചുവിട്ട് സിവിൽ സർവ്വീസിന് നിർണായക ആഘാതങ്ങളാണ് 2002-ൽ നൽകിയത്. Averting Old Age Crisis എന്ന ലോകബാങ്ക് റിപ്പോർട്ട് 2002 ലെ കറുത്ത ഉത്തരവിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു. പിന്നീട് 2013 ൽ ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് പങ്കാളിത്ത പെൻഷനായി അത് നടപ്പാക്കി. ആദ്യ രണ്ടുവർഷം പരിശീലന കാലയളവായി പരിഗണിച്ച് മിനിമം വേതനം മാത്രം നൽകുമെന്ന ഉത്തരവ് പിന്നീട് ഐ റ്റി മേഖലയിലടക്കം വ്യാപകമായ ട്രെയിനി / അപ്രന്റീസ് നിയമനങ്ങളുടെ നാന്ദിയായി. നഷ്ടത്തിലായ സ്കൂളുകൾ പൂട്ടുക, തസ്തിക വെട്ടിക്കുറയ്ക്കുക, സ്കൂളുകളുടെയും ആശുപത്രികളുടെയും നടത്തിപ്പ് സർക്കാരിതര ഏജൻസികൾക്ക് കൈമാറുക, വേതനം കുറയ്ക്കുക തുടങ്ങി ബഹുമുഖ ആക്രമണങ്ങൾക്ക് യുഡിഎഫ് സർക്കാർ തുടക്കംകുറിച്ചു. വാജ്പേയി സർക്കാരാകട്ടെ, രണ്ടു മാരക പ്രഹരങ്ങൾക്ക് രാജ്യത്തെ സിവിൽ സർവ്വീസിനെ വിധേയമാക്കി. നിശ്ചിതകാല നിയമനമടക്കം ഇന്നത്തെ ലേബർ കോഡിന് ആധാരമായ നിർദ്ദേശങ്ങൾക്ക് രൂപംകൊടുത്ത് 1999 ൽ രൂപീകരിച്ച രണ്ടാം ലേബർ കമ്മീഷൻ 2002 ജൂണിൽ റിപ്പോർട്ട് സമർപ്പിച്ചു, ബി. കെ. ഭട്ടാചാര്യ കമ്മിറ്റിയുടെ പെൻഷൻ പരിഷ്കരണ റിപ്പോർട്ട് 2002 ഫെബ്രുവരിയിലും. പങ്കാളിത്ത പെൻഷനെതിരെ പാർലമെന്റിന്റെ അംഗീകാരം ലഭ്യമാക്കാൻ കഴിയാത്ത രീതിയിലുള്ള പ്രതിഷേധമുയർന്നപ്പോൾ കേന്ദ്ര സിവിൽ സർവ്വീസിലും കേരളം, പശ്ചിമബംഗാൾ, ത്രിപുര എന്നിവയൊഴികെയുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോൺഗ്രസ് – ബിജെപി സർക്കാരുകൾ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അത് നടപ്പാക്കി. രണ്ടാം ലേബർ കമ്മീഷൻ ശുപാർശകൾ അപ്രന്റീസ് നിയമ ഭേദഗതിയിലൂടെ ഒന്നാം മോദി സർക്കാരും, തൊഴിൽ നിയമ പരിഷ്കരണത്തിലൂടെ രാജസ്താനിലെ വസുന്ധര രാജെ സിന്ധ്യ സർക്കാരും തുടർന്ന് ലേബർ കോഡുകളിലൂടെ രണ്ടാം മോദി സർക്കാരും പ്രാവർത്തികമാക്കി.
സ്ഥിരം തൊഴിലിനും പട്ടിണി കൂടാതെ ജീവിക്കാനുള്ള മിനിമം വേതനത്തിനും പൊരുതി നേടിയ 8 മണിക്കൂർ ജോലി അടക്കമുള്ള അവകാശങ്ങൾക്കും അന്ത്യംകുറിച്ച് അടിമസമാനമായ തൊഴിൽ കമ്പോളം സൃഷ്ടിച്ചുകൊടുക്കാനുള്ള മോദി സർക്കാരിന്റെ നീക്കത്തിന് പിന്തുണയുമായി ആഴ്ചയിൽ 72 മുതൽ 90 മണിക്കൂർ വരെ ഇന്ത്യക്കാർ തൊഴിലെടുക്കണമന്ന ആഹ്വാനവുമായി നാരായണ മൂർത്തിയും എൽ&റ്റിയുടെ സുബ്രഹ്മണ്യവും മുന്നോട്ടുവന്നു. അമേരിക്കൻ ഫെഡറൽ റിസർവ്വിന്റെ മുൻ ചെയർമാൻ പോൾ വാൾക്കർ പലിശ നിരക്കു കുറയണമെങ്കിൽ ശരാശരി അമേരിക്കക്കാരന്റെ ജീവിത നിലവാരം ഇടിയണമെന്നും, വിലക്കയറ്റം തടയാനുള്ള പ്രധാനപ്പെട്ടതും എന്നാൽ ഒട്ടും തിരിച്ചറിഞ്ഞിട്ടില്ലാത്തതുമായ മാർഗം ട്രേഡ് യൂണിയനുകളെ തകർക്കലാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത് ഇന്ത്യയിൽ നടപ്പാക്കാനുള്ള നീക്കത്തിനൊപ്പം ജൻവിശ്വാസ് നിയമമടക്കം നടപ്പാക്കി തൊഴിലുടമകളെ വൻ വീഴ്ചകളിൽനിന്നും സംരക്ഷിക്കുവാനും മനുസ്മൃതി കാലത്തെ തൊഴിൽ സാഹചര്യത്തിലേക്ക് യുവതയെ നയിക്കുവാനും ശ്രമിക്കുമ്പോൾ രാജ്യത്ത് സിവിൽ സർവ്വീസും സ്ഥിരം തൊഴിലും പൊതുമേഖലയും നിലനിൽപ്പിന്റെ വെല്ലുവിളി നേരിടുന്നു.
ലിവിംഗ് വേജ് ലക്ഷ്യമിടുന്ന ആർട്ടിക്കിൾ 43, ഇന്ത്യ സ്ഥാപക അംഗമായ ലോക തൊഴിൽ സംഘടനയുടെ കൺവൻഷനുകൾ (ILO Conv 1 : hours of work, ILC 2- Labour Inspection, 144 – Tripartite Agreement) എല്ലാം ഭരണഘടനാ മൂല്യങ്ങളോടൊപ്പം തിരസ്കരിക്കപ്പെടുന്നു. ജനപക്ഷ ബദൽ നയങ്ങളിലുറച്ചു നിൽക്കുന്ന കേരളം സാമ്പത്തികമായി ഉപരോധിക്കപ്പെടുന്നു.
രാജ്യത്തിന്റെ പൊതു അവസ്ഥയിൽ നിന്നും വ്യത്യസ്തമായ ഒരു സമീപനമായിരുന്നില്ല 2001 മുതൽ 2006 വരേയും 2011 മുതൽ 2016 വരേയും കേരളത്തിലും നാം കണ്ടത്. ഇതിന് ബദലായി സിവിൽ സർവീസിനെ ശാക്തീകരിക്കുന്ന ജനകീയ ബദൽ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കഴിഞ്ഞ 10 വർഷത്തെ ഇടതുപക്ഷ ഭരണം പൂർത്തീകരിക്കപ്പെടുന്നത്. നവലിബറൽ നയങ്ങൾ ലോകത്തും നമ്മുടെ രാജ്യത്തുമാകെ സിവിൽ സർവ്വീസിന്റെ ചിറകരിയുമ്പോഴാണ് സിവിൽ സർവ്വീസിൽ കൃത്യമായ റിക്രൂട്ട്മെന്റ് നടത്തിക്കൊണ്ടും പുതിയ തസ്തികകൾ സൃഷ്ടിച്ചുകൊണ്ടും എൽഡിഎ-ഫ് ഭരണം രാജ്യത്തിനാകെ പുതിയ മാതൃകകൾ സൃഷ്ടിക്കുന്നത്. യുവജനങ്ങൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും വികസന പ്രവർത്തനങ്ങൾക്ക് ശക്തി പകരുകയും ചെയ്യുന്ന നടപടികളാണ് സർക്കാർ തുടരുന്നത്.
കേരള പബ്ലിക് സർവീസ് കമ്മീഷൻ
കരാർ, കാഷ്വൽ, പുറംകരാർ നിയമനം, നിശ്ചിതകാല നിയമനം ഇവ സ്ഥിരം തസ്തികകളിൽ വ്യാപകമാക്കുകയും പങ്കാളിത്ത പെൻഷനിൽ നിന്നും ഒഴിവാക്കപ്പെട്ട സൈന്യത്തിൽ പോലും അഗ്നിപഥ് നിയമനത്തിലൂടെ Fixed Term Employment നടപ്പിലാക്കുകയും ചെയ്ത യൂണിയൻ സർക്കാർ നാഷണൽ മോണിട്ടൈസേഷൻ പദ്ധതിയിലൂടെയും സ്വകാര്യവത്കരണത്തിലൂടെയും സിവിൽ സർവ്വീസിനെ അനുദിനം ചുരുക്കുകയാണ്. മാൻപവർ റിക്രൂട്ട്മെന്റ് കോർപ്പറേഷനുകൾ രൂപീകരിച്ച് സ്ഥിരം ഒഴിവുകളിൽ കരാർനിയമനം മാത്രമാക്കുന്നു. സംവരണവും സാമൂഹ്യ നീതിയും റദ്ദുചെയ്യപ്പെടുന്നത് ചർച്ചയേ അല്ലാതാകുന്നു. ഇവിടെയാണ് നിയമനരംഗത്തെ കേരള മോഡൽ, – ഇന്ത്യയിലുടനീളമുള്ള വിവിധ പബ്ലിക് സർവീസ് കമ്മീഷനുകൾ നടത്തുന്ന ആകെ നിയമനങ്ങളുടെ മൂന്നിൽ രണ്ടു ഭാഗവും നിർവഹിക്കുന്നത്. തുടർച്ചയായി റാങ്ക് ലിസ്റ്റ് (Continuous Rank list) പ്രസിദ്ധീകരിച്ച്, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് കൃത്യമായി നിയമന ശുപാർശ (Advice) നല്കുന്ന രീതി കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.
അഴിമതിമുക്തം
പശ്ചിമ ബംഗാൾ, രാജസ്താൻ, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പരീക്ഷാ പേപ്പർ ചോർച്ചയും കോടികളുടെ അഴിമതിയും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ സുതാര്യമായ പരീക്ഷാ രീതിയിലൂടെ കേരള PSC വിശ്വാസ്യത നിലനിർത്തുന്നു. ഡിജിറ്റൽ വിപ്ലവവും സാങ്കേതിക നവീകരണവും വഴി ഇ-–ഗവേണൻസ് സംവിധാനങ്ങൾ നടപ്പിലാക്കുന്നതിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം. വൺ ടൈം രജിസ്ട്രേഷൻ (OTR) വഴി ഉദ്യോഗാർത്ഥികൾക്ക് സ്വന്തം പ്രൊഫൈലിലൂടെ അപേക്ഷകളും വിവരങ്ങളും കൈകാര്യം ചെയ്യാം.
വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ കേരള PSC പുതിയ ചരിത്രം കുറിച്ചു.
| വർഷം | വിജ്ഞാപനങ്ങൾ (എണ്ണം) |
| 2021 | 781 |
| 2022 | 816 |
| 2023 | 744 |
| 2024 | 812 |
| 2025 | 902 |
| (ഏറ്റവും ഉയർന്ന റെക്കോർഡ്) | |
2025-ൽ മാത്രം 902 വിജ്ഞാപനങ്ങളാണ് പുറത്തിറക്കിയത്. ഡിസംബർ 31 ന് മാത്രം 220 വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചത് കേരള PSC യുടെ പ്രവർത്തന വേഗതയുടെ തെളിവാണ്.
നിയമന നടപടികളുടെ വിവിധ ഘട്ടങ്ങൾ
1 വിജ്ഞാപനം : – തസ്തികകളും യോഗ്യതയും പ്രസിദ്ധീകരിക്കുന്നു. ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്നു.
2 പരീക്ഷ OMR അല്ലെങ്കിൽ CBT (കമ്പ്യൂട്ടർ അടിസ്ഥാന പരീക്ഷ).
3 സർട്ടിഫിക്കറ്റ് പരിശോധന ഡിജിലോക്കർ വഴി കടലാസുരഹിതം
4 യോഗ്യരായവരുടെ പട്ടിക റാങ്ക് ലിസ്റ്റ് -: പ്രസിദ്ധീകരണം. മെറിറ്റ് & സംവരണം പാലിക്കുന്നു.
5 വകുപ്പുകളിലെ ഒഴിവുകൾക്കനുസരിച്ച് നിയമന ശുപാർശ (Advice) നൽകുന്നു.
സുതാര്യതയുടെയും സാങ്കേതിക മികവിന്റെയും പുതിയ മാതൃകയാണ് കേരള PSC. അപേക്ഷകരുടെ എണ്ണത്തിലുള്ള വർധനവും തിഞ്ഞെടുപ്പ് പ്രക്രിയയുടെ സങ്കീർണ്ണതയും നിലനിൽക്കെത്തന്നെ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഈ മികവ് നിലനിർത്താൻ സാധിക്കുന്നുണ്ട്. നവീന സാങ്കേതികവിദ്യകൾ കോർത്തിണക്കി ഇ-–ഗവേണൻസ് സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിൽ രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളം.
നൂതന സാങ്കേതിക സംവിധാനങ്ങളും ഉദ്യോഗാർത്ഥികൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്ന നിരവധി ഡിജിറ്റൽ സംവിധാനങ്ങളും വികസിപ്പിച്ചിട്ടുണ്ട്.
• വൺടൈം രജിസ്ട്രേഷൻ :- ഉദ്യോഗാർത്ഥികൾക്ക് ഒറ്റത്തവണ രജിസ്ട്രേഷനിലൂടെ അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം.
• പ്രത്യേക സോഫ്റ്റ്-വെയറുകൾ-: ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനായുള്ള ഇ-–വേക്കൻസി സോഫ്റ്റ്-വെയർ, റിക്രൂട്ട്മെന്റ്, പരീക്ഷാ നടത്തിപ്പ്, റിസൾട്ട് പ്രഖ്യാപനം, അഡ്വൈസ് റൊട്ടേഷൻ എന്നിവയ്ക്കായി പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്-വെയറുകൾ.
• ഡിജിലോക്കർ സംയോജനം -: പ്രമാണങ്ങളുടെ ഡിജിറ്റൽ സൂക്ഷിപ്പിനായി ഡിജി ലോക്കർ സംവിധാനം സംയോജിപ്പിച്ചിരിക്കുന്നു.
• കടലാസ് രഹിത പരിശോധന: പ്രമാണ പരിശോധനകൾ പൂർണ്ണമായും കടലാസ്-രഹിതമാക്കി (paperless) മാറ്റിയിരിക്കുന്നു.
• ബ്ലോക്ക് ചെയിൻ (Block Chain) – സാങ്കേതികവിദ്യയുടെ വിന്യാസം കേരള PSC യുടെ ചരിത്രത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ഡിജിറ്റൽ സർവകലാശാലയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ രാജ്യത്ത് ബ്ലോക്ക് ചെയിൻ സംവിധാനം പ്രയോജനപ്പെടുത്തുന്ന ആദ്യത്തെ പബ്ലിക് സർവീസ് കമ്മീഷനായി കേരളം മാറി. 2026 ജനുവരി 15 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ വിപ്ലവകരമായ മാറ്റത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
യുവാക്കളുടെ ആശ്രയമായി സർക്കാർ
സംസ്ഥാനത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും യുവജനങ്ങളുടെ തൊഴിൽ പ്രതീക്ഷകൾക്ക് ആശ്വാസമാകുന്നതിനുമായി സർക്കാർ വിവിധ മേഖലകളിൽ വ്യാപകമായ നിയമന നടപടികൾ നടപ്പിലാക്കിവരികയാണ്.
| വർഷം | നിയമനങ്ങൾ |
| 2023 | 34,110 |
| 2024 | 34, 194 |
| 2025 | 36,813 (റെക്കോർഡ്) |
മുൻവർഷങ്ങളിൽ വിദ്യാഭ്യാസം, ആരോഗ്യം, ഭരണവകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ ഒഴിവുകൾ കണ്ടെത്തി നിയമന നടപടികൾ വേഗത്തിലാക്കി. സമയബന്ധിതമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുകയും നിയമനനടപടികൾ സുതാര്യമായി പൂർത്തിയാക്കുകയും ചെയ്തതിലൂടെ നിരവധി ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി ലഭിച്ചു. തൊഴിൽരഹിതരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക നിയമന പദ്ധതികളും സർക്കാർ നടപ്പിലാക്കി. യുവാക്കൾക്ക് സ്ഥിരതയുള്ള തൊഴിൽ ഉറപ്പാക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ ഭരണകാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ കാലയളവിൽ ഏകദേശം 3 ലക്ഷം നിയമനങ്ങൾ വിവിധ വിഭാഗങ്ങളിലായി നടന്നിട്ടുണ്ട്. സാങ്കേതിക സംവിധാനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തിയത് നിയമന നടപടികൾ വേഗത്തിലാക്കാനും സുതാര്യത ഉറപ്പാക്കാനും സഹായിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് ഭാവിയിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ നടപ്പിലാക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
ഇതോടൊപ്പംതന്നെ സ്ഥിരം തസ്തികകളിലെല്ലാം PSC വഴി റിക്രൂട്ട്മെന്റ് നടത്തിവരുകയും ചെയ്യുന്നു. 2016 മുതൽ 2026 വരെ മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെയും അല്ലാതെയും ഏകദേശം 60,000 ൽ പരം പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ആവശ്യപ്രകാരം ധനകാര്യ വകുപ്പിന്റെ ഉത്തരവിലൂടെ സൃഷ്ടിക്കപ്പെട്ട തസ്തികകളും നിരവധിയുണ്ട്. ഇതോടൊപ്പംതന്നെ പൊതുവിദ്യാഭ്യാസത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന തസ്തികകളും ആരോഗ്യ രംഗം ശാക്തീകരിച്ചതിന്റെ തുടർച്ചയായി സൃഷ്ടിക്കപ്പെട്ട തസ്തികകളും അര ലക്ഷത്തോളമാണ്. കഴിഞ്ഞ 10 വർഷം മന്ത്രിസഭാ യോഗ തീരുമാനങ്ങളുടെ ഭാഗമായി മാത്രം പ്രധാനപ്പെട്ട വകുപ്പുകളിൽ സൃഷ്ടിക്കപ്പെട്ട തസ്തികകളുടെ എണ്ണം ചുവടെ കൊടുക്കുന്നു.
| വകുപ്പുകൾ | സൃഷ്ടിക്കപ്പെട്ട തസ്തികകൾ (എണ്ണം) |
| മെഡിക്കൽ വിദ്യാഭ്യാസം | 4162 |
| ആരോഗ്യം/ ആയുഷ് | 4088 |
| ഉന്നത വിദ്യാഭ്യാസം/സാങ്കേതിക വിദ്യാഭ്യാസം /യൂണിവേഴ്സിറ്റി |
3613 |
| പൊതുവിദ്യാഭ്യാസം | 8275 |
| ഹയർ സെക്കൻഡറി വിദ്യാഭ്യാസം | 2082 |
| റവന്യു / സർവ്വേ | 6292 |
| തദ്ദേശ സ്വയംഭരണം | 1103 |
| വിവിധ ബോർഡുകൾ | 148 |
| PWD | 360 |
| പൊലീസ്, എക്സൈസ്, ജയിൽ | 2684 |
| ജുഡീഷ്യറി | 2680 |
| മറ്റു വകുപ്പുകൾ | 2124 |
(അവലംബം : -മന്ത്രിസഭാ യോഗ തീരുമാനം, PRD website)
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും സ്ഥിരം തസ്തികകൾ താൽകാലിക തസ്തികകളാക്കി മാറ്റി സംസ്ഥാന ജീവനക്കാരെ കരാർ, കാഷ്വൽ, പുറംകരാർ തൊഴിലാളികളാക്കി മാറ്റുന്ന കാലത്താണ് സ്ഥിരം നിയമനം നടത്തുന്നതോടൊപ്പം അര ലക്ഷം പുതിയ തസ്തികകൾ കൂടി സൃഷ്ടിച്ചുകൊണ്ട് എൽഡിഎഫ് സർക്കാർ കേരളത്തിലെ സിവിൽ സവ്വീസിനെ ശാക്തീകരിക്കുന്നത്.
പിഎസ്‌സി നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി നാൽപ്പതാക്കി ഉയർത്തി മറ്റൊരു വിപ്ലവകരമായ തീരുമാനംകൂടി എടുത്തിരിക്കുകയാണ് എൽഡിഎഫ് സർക്കാർ. ജനറൽ വിഭാഗത്തിന് 36 വയസെന്നത് നാൽപ്പതാക്കി ഉയർത്തുമ്പോൾ, ആനുപാതികമായി സംവരണവിഭാഗക്കാരുടെ ഉയർന്ന പ്രായപരിധി ഇളവും വർധിക്കും. പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്ക് 45 വരെയും മറ്റു സംവരണ വിഭാഗക്കാർക്ക് 43 വയസ്സുവരെയും ജോലിക്ക് അപേക്ഷിക്കാൻ കഴിയും. യുവജനതയുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് എൽഡിഎഫ് മന്ത്രിസഭ 2026 ഫെബ്രുവരി 26ന് അംഗീകാരം നൽകിയത്. അവരുടെ ആഗ്രഹസാഫല്യം ലക്ഷക്കണക്കിന് കുടുംബങ്ങളിലും ആഹ്ലാദത്തിരകൾ ഉയർത്തുന്നു.
പത്തുവർഷത്തിനിടെ 3.08 ലക്ഷം പേർക്ക് പിഎസ്‌സി വഴി നിയമന ശുപാർശ നൽകിയതിലൂടെ രാജ്യത്തിനുതന്നെ മാതൃകയാണ് കേരളത്തിലെ പിഎസ്‌സി. മറ്റൊരു സംസ്ഥാനത്തും കൃത്യമായ സംവരണതത്ത്വം പാലിച്ച് ഇത്രയും നിയമനം നടക്കുന്നില്ല. കേരളത്തിൽ പ്രതിവർഷം മുപ്പതിനായിരത്തിലേറെ നിയമനം നടക്കുമ്പോൾ, ഉത്തർപ്രദേശിലും ഗുജറാത്തിലും ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ പിൻവാതിൽ നിയമനം നടത്തി സംവരണം അട്ടിമറിക്കുന്നു.
കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തും ഈ സംസ്ഥാനങ്ങളിൽ സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇന്ത്യയിലെ ജനസംഖ്യയുടെ 2.8 ശതമാനം മാത്രമുള്ള കേരളത്തിലാണ് രാജ്യത്ത് നടക്കുന്ന പിഎസ്‌സി നിയമനങ്ങളുടെ 60 ശതമാനവുമെന്ന് വ്യക്തമാക്കിയത് യുപിഎസ്‌സി ആണ്. എന്നാൽ, എൽഡിഎഫ് ഗവൺമെന്റിന്റെ ഏറ്റവും ജനകീയമായ ഈ തീരുമാനത്തെയും വക്രീകരിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് പ്രതിപക്ഷത്തിന്റെയും അവരുടെ വക്താക്കളായ മാധ്യമങ്ങളുടെയും ശ്രമം. യുവസമൂഹത്തിന് ഗുണം ലഭിക്കുന്ന തീരുമാനങ്ങളെയെല്ലാം പുച്ഛിച്ചുതള്ളുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തെ നാടിനോടുള്ള വിരോധമാക്കി മാറ്റുന്നത് പ്രതിപക്ഷത്തിന്റെ പുതിയ പ്രവണതയായിരിക്കുന്നു. പിൻവാതിൽ നിയമനം, സംവരണതത്ത്വം പാലിക്കുന്നില്ല, ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല തുടങ്ങി വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് അവർ പ്രചരിപ്പിക്കുന്നത്. 2024ൽ വിവിധ സമുദായ പ്രാതിനിധ്യവും അർഹതയും അടിസ്ഥാനമാക്കി നൽകിയ നിയമനമടക്കം വിശദമായ കണക്ക് സർക്കാർ നിയമസഭയിൽ വച്ചിരുന്നു. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുവെന്നും അനർഹമായി ഒരു നിയമനവും നൽകുന്നില്ലെന്നും അർഹമായ പ്രാതിനിധ്യം എല്ലാവർക്കും ഉറപ്പുവരുത്തുന്നുണ്ടെന്നും അതിലൂടെ തെളിഞ്ഞു. ജനതയുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ ചരിത്രപരമായ തീരുമാനങ്ങളെടുത്ത് നടപ്പാക്കിയതാണ് എൽഡിഎഫ് സർക്കാരുകളുടെ ചരിത്രം. സംസ്ഥാനത്തിന്റെ ഭാവിയെ മുന്നിൽ കണ്ടുള്ള ആസൂത്രണമാണ് ഓരോ തീരുമാനത്തിന്റെയും പിന്നിലുള്ളത്. യുഡിഎഫിനോ ബിജെപിക്കോ ഇത്തരമൊരു വികസനതന്ത്രമുണ്ടോ?
സർക്കാരിന്റെ പ്രഥമ പരിഗണന എന്താണെന്ന് ചോദിച്ചപ്പോൾ, കേരള്ത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഇ.എം.എസ് പറഞ്ഞു: “ഭൂപരിഷ്കരണവും ഭരണപരിഷ്കാരവും.” ഏറ്റവും പാവപ്പെട്ട മനുഷ്യരുടെ അടിയന്തരപ്രശ്നങ്ങൾ പരിഹരിക്കുക, സമൂഹത്തെയാകെ ബാധിക്കുന്ന മേഖലകളിൽ ഭരണപരിഷ്കാരങ്ങളും തീരുമാനങ്ങളും നടപ്പാക്കുക എന്നീ ആശയങ്ങളാണ് ഇ.എം.എസ് രണ്ടുവാക്കുകളിൽ വ്യക്തമാക്കിയത്. അതത് കാലത്തിന്റെ ആവശ്യങ്ങളും സാഹചര്യവും അനുസരിച്ച് നിലപാട് സ്വീകരിക്കുക എന്ന അതേ കാഴ്ചപ്പാടാണ് പിന്നീടു വന്ന ഇടതുപക്ഷ സർക്കാരുകളും സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് പിഎസ്‌സി അപേക്ഷയ്ക്കുള്ള പ്രായപരിധി നാൽപ്പതാക്കിയതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത്. സിവിൽ സർവീസിലെ നിയമനങ്ങളിൽനിന്നും പുറകോട്ടുപോവുക മാത്രമായിരുന്നില്ല, ജീവനക്കാരുടെ അവകാശങ്ങളെപ്പോലും കവർന്നെടുക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരുകൾ എക്കാലത്തും സ്വീകരിച്ചത്. അതിന്റെ ഉത്തമ ഉദാഹരണമാണ് കേരളത്തിൽ നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി. മിനിമം പെൻഷൻപോലും ഉറപ്പില്ലാത്ത പങ്കാളിത്ത പെൻഷൻ പദ്ധതി കേരളത്തിൽ 2002-ൽ എ കെ ആന്റണി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കൊണ്ടുവരാൻ ശ്രമം നടത്തിയത്. ജീവനക്കാർ നടത്തിയ അനിശ്ചിതകാല പണിമുടക്കിനെത്തുടർന്ന് അന്ന് ആ ശ്രമം പരാജയപ്പെട്ടു.
വാജ്പേയി സർക്കാരാണ് 2003 ഡിസംബറിൽ പങ്കാളിത്ത പെൻഷൻ വിജ്ഞാപനം ചെയ്തത്. നിയമ നിർമാണത്തിന് ആ സർക്കാരിനായില്ല. 2004 ഡിസംബർ 29ന് ഒന്നാം യുപിഎ സർക്കാർ ഇതിന് ഓർഡിനൻസ് പുറത്തിറക്കിയെങ്കിലും പാർലമെന്റിൽ ബിൽ വന്നപ്പോൾ ഇടതുപക്ഷം എതിർത്തതിനാൽ പാസ്സാക്കാനായില്ല. എന്നാൽ ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി യുഡിഎഫ് സർക്കാർ ഉമ്മൻചാണ്ടി കാലത്ത് നടപ്പിലാക്കി. മോദി സർക്കാർ യു.പി.എസ്. എന്ന പേരിൽ നിശ്ചിത പെൻഷൻ പ്രഖ്യാപിച്ച് പിന്നീട് പേ-ഔട്ട് മാത്രമാക്കി ഉത്തരവാക്കി. വലിയ പ്രചരണവും തുടർച്ചയായ സമ്മർദ്ദവുമുണ്ടായിട്ടും ഒരു ശതമാനം കേന്ദ്ര ജീവനക്കാർപോലും എൻപിഎസിൽ നിന്ന് ഇതിലേക്ക് മാറാൻ തയ്യാറായിട്ടില്ല. മാത്രമല്ല, പെൻഷൻ വാലിഡേഷൻ ബിൽ മണിബില്ലായി അവതരിപ്പിച്ച് പാസ്സാക്കുകയും പെൻഷൻ അവകാശമാക്കിയ ഡി എസ് നകാര കേസിലെ സുപ്രീം കോടതി വിധി മറികടക്കുകയും, നിലവിലുള്ള ഒ.പി.എസുകാർക്ക് പെൻഷൻ റിവിഷൻ നിഷേധിക്കുകയും ചെയ്തു.
വാർധക്യകാല പെൻഷൻ ഒരു പതിറ്റാണ്ടിലേറെ 80 വയസ്സു വരെ 200 രൂപ എന്നത് ഒരു രൂപ പോലും വർധിപ്പിക്കാതെ ഇപ്പോൾ സംസ്ഥാന സർക്കാരുകളുടെ ചുമലിൽ വച്ചിരിക്കുന്ന യൂണിയൻ സർക്കാർ “വികസിത ഭാരതത്തിലെ” പെൻഷൻ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയിരിക്കുന്നു. ഇതിനു ബദൽ ആയിട്ടാണ് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മിനിമം പെൻഷൻ ഉറപ്പു നൽകുന്ന Assured പെൻഷൻ സ്കീം നടപ്പിലാക്കിക്കൊണ്ട് ഉത്തരവിറക്കിയിട്ടുള്ളത്.
എന്തിന് ഇടതുപക്ഷഭരണം തുടരണമെന്ന് ചോദിക്കുന്നവർക്കെല്ലാമുള്ള മറുപടികൾ എൽഡിഎഫ് സർക്കാരിന്റെ 10 വർഷത്തെ ബാലൻസ് ഷീറ്റിൽനിന്ന് എണ്ണിയെണ്ണി എടുക്കാം. അതിൽ നക്ഷത്രശോഭയോടെ പിഎസ്‌സി പ്രായപരിധി ഉയർത്തിയ തീരുമാനവും ഉണ്ടാകും. തീവ്ര വലതുപക്ഷ നയം സ്വീകരിച്ച് സ്വയം മെലിയുകയും സംസ്ഥാന സർക്കാരുകളെ ദുർബലമാക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങളെ അതിജീവിച്ച് കേരളത്തെ മുന്നോട്ടു നയിക്കാൻ ഇടതുപക്ഷ ബദലിനു മാത്രമേ കഴിയൂ. 2002ലും 2013ലും ഉണ്ടായ പ്രഹരങ്ങളെ കേരളത്തിനു മുറിച്ചുകടക്കാൻ വമ്പിച്ച പ്രക്ഷോഭങ്ങളും ഇടതുപക്ഷ സർക്കാരുകളും വേണ്ടിവന്നു. വീണ്ടുമൊരു വലതുപക്ഷ കടന്നാക്രമണത്തിൽ നാം ആർജിച്ച നേട്ടങ്ങൾ തകർന്നടിയാതിരിക്കാനുള്ള ജാഗ്രത നിർണ്ണായകമാണ്. l



