വിഭവ പരിമിതി മുറിച്ചുകടന്ന് ആരോഗ്യ വിദ്യാഭ്യാസ സൂചികകളിൽ ലോകോത്തര നിലവാരത്തിലേക്ക് കേരളം എത്തിനിൽക്കുന്നു. 2018-ലെ പ്രളയത്തെ തുടർന്ന് കൂടുതൽ മികച്ചതായി പുനർനിർമ്മിക്കപ്പെട്ട നമ്മുടെ സംസ്ഥാനം മറ്റു സംസ്ഥാനങ്ങൾക്കും ഇതര രാഷ്ട്രങ്ങൾക്കും വഴികാട്ടുന്ന ഒരു ദീപസ്തംഭമാണ് എന്ന് ലോകബാങ്ക് പ്രതിനിധി നിരീക്ഷിക്കുന്നു (Martin Raiser, Vice President for South Asia Region). മുൻ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രിയും കോൺഗ്രസ് നേതാവുമായ മണി ശങ്കർ അയ്യർ, ഗാന്ധിജിയുടെ വികസന സങ്കൽപ്പനങ്ങൾ യാഥാർത്ഥ്യമാക്കുന്നത് മാർക്സിസ്റ്റ് നേതൃത്വത്തിലുള്ള സർക്കാരാണെന്നും കോൺഗ്രസ് ഉപേക്ഷിച്ച അധികാരവികേന്ദ്രീകരണത്തിന്റെ ബാറ്റൺ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുകൊണ്ടുപോകണമെന്നും അഭ്യർത്ഥിക്കുന്നു. സ്ത്രീശാക്തീകരണത്തിൽ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ, ഇ- ഗവേണൻസിൽ, ഐ.റ്റി, സ്റ്റാർട്ടപ്പ്, എം.എസ്.എം.ഇ. മേഖലകളിൽ, വ്യവസായ സൗഹൃദ അന്തരീക്ഷം സാധ്യമാക്കുന്നതിൽ, കമ്മ്യൂണിറ്റി പൊലീസിങ്ങിൽ ഒക്കെ രാജ്യത്ത് ബഹുദൂരം മുന്നിലെത്തിയ കേരളം സാർവ്വത്രിക സാമൂഹ്യ സുരക്ഷ ഉറപ്പാക്കിയും സമ്പത്തിന്റെ പുനർവിതരണത്തിലൂടെയും എത്തിച്ചേരാത്തവരിലേക്ക് എത്തിച്ചേർന്ന് അതിദാരിദ്ര്യ നിർമ്മാർജനം ചൈനയ്ക്കുശേഷം ആദ്യമായി നടപ്പിലാക്കിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വിഭവപരിമിതി കിഫ്ബിയിലൂടെ മറികടന്ന് വമ്പിച്ച മൂലധനനിക്ഷേപവും അടിസ്ഥാനസൗകര്യവികസനകുതിപ്പും ഉറപ്പാക്കിയും പൊതുമേഖലയെ വീണ്ടെടുത്ത് സാമ്പത്തികമാന്ദ്യ കാലത്തും സമ്പദ്‌വ്യവസ്ഥാ വളർച്ച ഉറപ്പാക്കിയും, യൂണിയൻ സർക്കാരിന്റെ തീവ്ര സാമ്പത്തിക ഉപരോധത്തെ അതിജീവിക്കുന്നു.
കേരളം ആർജിച്ച അനന്യ നേട്ടങ്ങളുടെ അടിത്തറ ഒന്നാം ഇ എം എസ് സർക്കാർ നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളിലാണ്. ഭരണപരിഷ്‌ക്കാരവുമായി ബന്ധപ്പെട്ട ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ സർക്കാരുകളുടേയും വലതുപക്ഷ സർക്കാരുകളുടേയും സമീപനത്തിലുള്ള വ്യത്യാസം മനസിലാക്കാം. ഇടതുപക്ഷ സർക്കാരുകൾ കാലാകാലങ്ങളിൽ ഭരണ സംവിധാനം നവീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഭരണപരിഷ്‌ക്കാര കമ്മീഷനുകളെ നിയമിച്ച് ശുപാർശകളിൽ കൃത്യമായ തീരുമാനമെടുത്ത് നടപ്പാക്കുന്നതിനു ശ്രമിച്ചു പോരുന്നു. കേരളത്തിൽ ഇതുവരെയുണ്ടായ നാല് ഭരണ പരിഷ്‌ക്കാര കമ്മീഷനുകളിൽ മൂന്നിന്റേയും അധ്യക്ഷൻ ഇടതുപക്ഷ മുഖ്യമന്ത്രിമാരായിരുന്നു. കാലാകാലങ്ങളിൽ അധികാരത്തിലിരുന്ന ഇടതുപക്ഷ സർക്കാരുകൾ ശാക്തീകരിച്ചുവന്ന സേവന വിതരണ സംവിധാനത്തെ പുറകോട്ടടിക്കുന്ന സമീപനമാണ് യുഡിഎഫ് സർക്കാരുകൾ പലപ്പോഴും സ്വീകരിച്ചിട്ടുളളത്. “സർക്കാർ ആശുപത്രിയിൽ ജനിച്ച് – സർക്കാർ സ്‌കൂളിൽ പഠിച്ച് – സർക്കാർ ജോലിയും നേടി – സർക്കാർ പെൻഷനും വാങ്ങിക്കഴിയാമെന്ന് മോഹിക്കരുത്’ എന്ന യുഡിഎഫ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന ആരോഗ്യ, വിദ്യാഭ്യാസ, സർവ്വീസ് മേഖലകളെക്കുറിച്ചുള്ള അവരുടെ സമീപനം വെളിപ്പെടുത്തുന്നതാണ്. ഇടതുപക്ഷ സർക്കാരുകൾ കേരളത്തിന്റെ സിവിൽ സർവ്വീസിനെ വിപുലപ്പെടുത്തി സേവനങ്ങൾ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചപ്പോൾ യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴെല്ലാം സിവിൽ സർവ്വീസിനെ ചുരുക്കുകയും ദുർബലമാക്കുകയും ചെയ്യുന്ന നടപടികളാണ് സ്വീകരിച്ചിരുന്നതെന്ന് കാണാം. 2002-ൽ സിവിൽ സർവ്വീസിനെ തകർക്കുന്ന നയങ്ങൾക്കെതിരായ സമരം നടക്കുമ്പോൾ ‘ഒരു മാസം സർക്കാരോഫീസുകൾ അടഞ്ഞുകിടന്നാലും ഒന്നും സംഭവിക്കില്ല’ എന്ന പ്രസ്‌താവന സേവനങ്ങൾ ലഭ്യമാക്കുന്നതിലെ യുഡിഎഫിന്റെ പ്രതിലോമകരമായ നിലപാട് വ്യക്തമാക്കുന്നതാണ്.
ഭരണപരിഷ്കാര കമ്മീഷൻ
ശുപാർശകൾ:
ഇടത് – വലത് സമീപനങ്ങൾ
കേരളത്തിലെ ഭരണസംവിധാനത്തെ കൂടുതൽ ജനസൗഹൃദവും, സുതാര്യവും കാര്യക്ഷമവുമാക്കുന്നതിൽ ഭരണ പരിഷ്കാര കമ്മീഷൻ ശുപാർശകൾ വഹിച്ച പങ്ക് നിർണ്ണായകമാണ്. ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാട് അധ്യക്ഷനായ ആദ്യ കമ്മീഷൻ (1957) മുതൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുള്ള വി.എസ് അച്യുതാനന്ദൻ അധ്യക്ഷനായ നാലാം കമ്മീഷൻ വരെ വളരെ സർഗാത്മകമായ പരിഷ്കാര നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ഓരോ കമ്മീഷനും ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വേഗത്തിലും ലളിതമായും ലഭ്യമാക്കുന്നതിനായി കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രവർത്തിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ അധ്യക്ഷനായ നാലാം ഭരണപരിഷ്‌ക്കാര കമ്മീഷൻ ആധുനിക കാലഘട്ടത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനാണ് ശ്രദ്ധിച്ചത്. 13 പരിഗണനാവിഷയങ്ങളിൽ സുതാര്യത, അക്കൗണ്ടബിലിറ്റി, ഇ- ഗവേണൻസ്, പൗരകേന്ദ്രീകൃത അഴിമതിരഹിത ഭരണം, സുസ്ഥിര വികസനം തുടങ്ങിയവയിലൂന്നിയുളള നിരവധി ശുപാർശകൾ സമർപ്പിച്ചു. മുൻപ് കമ്മീഷൻ ശുപാർശകൾ പലതും നടപ്പിലാക്കാതെപോയിരുന്നു; അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ കമ്മീഷൻ ശുപാർശകൾ പരിഗണിച്ച് സമയബന്ധിതമായി നടപ്പാക്കാനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടു. സർക്കാർ ജീവനക്കാരുടെ മികവ് വർദ്ധിപ്പിക്കുന്നതിനാവശ്യമായ കമ്മീഷന്റെ ശുപാർശകൾ അംഗീകരിച്ചുകൊണ്ടാണ് സംസ്ഥാനത്ത് ഭരണപരമായ ഉത്തരവാദിത്വമുളള പരിശീലന സംവിധാനം ആരംഭിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചത്. കമ്മീഷൻ, പ്രധാനമായും അഴിമതി വിരുദ്ധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വിജിലൻസ് പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും അഴിമതിയുമായി ബന്ധപ്പെട്ട പരാതികളിൽ വേഗത്തിലുള്ള നടപടി സ്വീകരിക്കുന്നതിനും ശുപാർശ ചെയ്തു. വിവരാവകാശ നിയമത്തിന്റെ ഫലപ്രദമായ നടപ്പാക്കലും സാമൂഹിക ഓഡിറ്റ് സംവിധാനത്തിന്റെ വ്യാപനവും പ്രധാനമായും പ്രസ്‌തുത കമ്മീഷൻ ശുപാർശയുടെ ഫലമാണ്. സർക്കാർ സേവനങ്ങൾ സമയബന്ധിതമായി നൽകുന്നതിനുള്ള സംവിധാനം മെച്ചപ്പെടുത്തൽ, ഫയൽ തീർപ്പാക്കലിന് സമയപരിധി നിശ്ചയിക്കൽ, ഇ- ഗവേണൻസ് വികസനം എന്നിവയും കമ്മീഷൻ ശുപാർശ ചെയ്‌തു. ജനങ്ങൾക്ക് ലഭ്യമാകുന്ന പരമാവധി സേവനങ്ങൾ ഇ- സേവനം പോർട്ടൽ വഴി ഓൺലൈനാക്കി. ‘നമ്മുടെ കേരളം’ ആപ്പ് നിലവിൽ വന്നു. കെ- സ്‌മാർട്ട് വഴിയുള്ള സേവന ലഭ്യതയും, പൗര ചാർട്ടർ നടപ്പാക്കലും സേവനവിതരണം മെച്ചപ്പെടുത്തലിനുള്ള മികച്ച ഉദാഹരണങ്ങളാണ്. അഴിമതി വിവരങ്ങൾ രഹസ്യമായി കൈമാറുന്നതിന് പൊതുജനങ്ങൾക്കായി സ്‌മാർട്ട് വിജിലൻസ് മൊബൈൽ ആപ്പ് പോലുള്ള സംവിധാനങ്ങൾ നടപ്പിലാക്കിയതും ഈ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ്. സെക്രട്ടറിയറ്റിലും വകുപ്പുകളിലും അനാവശ്യ കാലതാമസം ഒഴിവാക്കാൻ ഇ- ഓഫീസ് സംവിധാനം നിർബന്ധിതമാക്കി. കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിലാണ്, അത്യാവശ്യമില്ലാത്ത സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടുന്നത് നിർത്തലാക്കാനും കഴിയുന്നിടത്തോളം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ / സത്യവാങ്-മൂലം നൽകുന്ന സംവിധാനവും നടപ്പിലാക്കിയത് (ജി.ഒ(എം.എസ്) നം. 19/2021 തീയതി. 13.08.2021). സ്ഥിരമായ എല്ലാ സർട്ടിഫിക്കറ്റുകളും ഡിജി ലോക്കർ ഇലക്ട്രോണിക്‌സ് സംവിധാനത്തിലൂടെ നൽകുന്നതിനും, സത്യവാങ്-മൂലം മാത്രം സമർപ്പിച്ചാൽ ലഭ്യമാക്കാൻ കഴിയുന്ന സേവനങ്ങൾ ലഭ്യമാക്കാനും ആവശ്യമില്ലാത്ത സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നത് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചത് കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് (15-–ാം കേരള നിയമസഭയുടെ 3-–ാം സമ്മേളനം, – നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യം നം. 3763 ന് 27.10.21 ലെ മറുപടി). എന്നാൽ, നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാർശകൾ അംഗീകരിച്ചപ്പോൾ ‘വിരമിക്കൽ പ്രായം 60 വയസായി ഉയർത്താനുള്ള ശുപാർശ’ അംഗീകരിക്കേണ്ടെന്ന് യുവജനങ്ങളെ പരിഗണിച്ചുകൊണ്ട് തീരുമാനിച്ചതും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ സമീപനമായിരുന്നു എന്നു കാണാം.
കഴിഞ്ഞ 10 വർഷക്കാലത്തെ ഭരണ പരിഷ്കാര നേട്ടങ്ങൾ ഏതൊരാൾക്കും അനുഭവവേദ്യമാണ്. യുഡിഎഫ് കാലത്തെ കുത്തഴിഞ്ഞ ക്ഷേമ പെൻഷൻ വിതരണം കാര്യക്ഷമമാക്കിയത്, സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, വ്യവസായ സൗഹൃദ കേരളമായുള്ള പരിവർത്തനം, വിഴിഞ്ഞമടക്കമുള്ള വൻകിട പദ്ധതികളുടെയും കിഫ്ബി നേതൃത്വത്തിലുള്ള വൻകിട പദ്ധതികളുടെയും കാര്യക്ഷമമായ നിർവ്വഹണം എന്നിവ ഉദാഹരണങ്ങളാണ്. വൻകിട പദ്ധതികൾ പതിറ്റാണ്ടുകൾ നീളുന്ന സമ്പ്രദായം നാം മറികടന്നു. ഭരണപരിഷ്കരണത്തിൽ നമുക്ക് തുടർച്ച ആവശ്യമാണ്. വാതിൽപ്പടി സേവന വിതരണത്തിലൂടെയും, ഓൺലൈനിലൂടെയും ആവശ്യക്കാരിലേക്ക് വേഗത്തിൽ സേവനങ്ങൾ ലഭ്യമാകുന്ന വിധത്തിൽ അതിനെ കാര്യക്ഷമമാക്കണം. സേവനാവകാശ നിയമം ഇതിനകം ഫലപ്രദമായി നടപ്പാക്കിക്കഴിഞ്ഞു. നഷ്ടോത്തരവാദം – നിയമ ബാധ്യതയാകണം. – വികസനത്തിൽ സർക്കാരിന്റെ പങ്ക് ഇല്ലാതാക്കുന്ന നിയോലിബറൽ നയങ്ങൾക്കെതിരായ ബദലുകൾ ഭരണപരിഷ്കരണത്തിലൂടെ നമുക്ക് സൃഷ്ടിക്കാൻ കഴിയണം.
കെ സ്മാർട്ട്: സ്മാർട്ടായ ഭരണവും
സിവിൽ സർവീസും
ഭരണനിർവഹണത്തിൽ പൗര പങ്കാളിത്തം ഉറപ്പാക്കി സുതാര്യമായ നിയമവാഴ്ചയും കാര്യക്ഷമതയും സമന്വയിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സേവന വിതരണം ഓരോ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ് സർക്കാർ കെ സ്മാർട്ട് (Kerala Solution for Managing Administrative Reformation and Transformation) എന്ന ഇ- ഗവേണിങ്- സംവിധാനം ഏർപ്പെടുത്തിയത്. ഇൻഫർമേഷൻ കേരള മിഷൻ (എൽ എസ് ജി ഡി) വികസിപ്പിച്ചെടുത്ത ഒരു ഡാറ്റ കേന്ദ്രീകൃത സൊലൂഷൻ ആണ് കെ- സ്മാർട്ട്. ഇതിലൂടെ സമഗ്രമായ വെബ് പോർട്ടൽ, മൊബൈൽ ആപ്പ്, എ ഐ ബ്ലോക്ക് ചെയിൻ, ജി ഐ എസ് എന്നീ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വ്യത്യസ്തങ്ങളായ അഡ്മിനിസ്ട്രേറ്റീവ് പ്രവർത്തനങ്ങളുടെ സംയോജനം സാധ്യമാക്കുകയാണ്. സേവനങ്ങൾ ഓൺലൈനായി നൽകുന്നതിലൂടെ ‘വാതിൽപടി സേവനം’ എന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഒരു വാഗ്ദാനം കൂടി സർക്കാർ നിറവേറ്റുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പുകളുടെ ഏകീകരണത്തിന്റെ മെച്ചം ജനങ്ങൾക്ക് അനുഭവവേദ്യമാക്കുന്നതിൽ കെ- സ്മാർട്ട് ഫലപ്രദമായി സഹായിച്ചു.
സാങ്കേതികവിദ്യയുടെ നേട്ടം ഏതെങ്കിലും ഒന്നോ രണ്ടോ കുത്തകകൾ കൊയ്തെടുക്കുക എന്ന വലതുപക്ഷ നിലപാടിൽ നിന്നും വ്യത്യസ്തമായി ശാസ്ത്ര സാങ്കേതിക രംഗത്തെ എല്ലാ നേട്ടങ്ങളും സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവർക്കും ലഭ്യമാക്കി വികസനത്തിന്റെ സ്വാദ് അവർക്കു കൂടി അനുഭവവേദ്യമാക്കണം എന്ന ഇടത് ബദലിന്റെ ആവിഷ്-കാരമായിരുന്നു ഇന്റർനെറ്റ് പൗരന്റെ അവകാശമാക്കിക്കൊണ്ടുള്ള 2017-ലെ കേരള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം. ഇതിന്റെ തുടർച്ചയായി 900-ലധികം സേവനങ്ങൾ ഉള്ള ഇ -സേവന (e – Sevana) പോർട്ടലുമായി ബന്ധിപ്പിച്ചുകൊണ്ട് 2023ൽ കേരളം രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഇ -ഗവേണൻസ് സംസ്ഥാനം എന്ന പദവി കൈവരിച്ചു. 2024-–26 വരെയുള്ള രണ്ടു വർഷക്കാലം കേരളത്തിന്റെ ഡിജിറ്റൽ സാക്ഷരതായുഗമായിരുന്നു. ഭരണരംഗത്ത് എ.ഐ.യുടെ ഉപയോഗവും സംസ്ഥാനത്ത് 100% ഡിജിറ്റൽ സാക്ഷരതയും ഉറപ്പാക്കിയ കാലം. 2024ൽ ജനന-മരണ സർട്ടിഫിക്കറ്റുകളും പെർമിറ്റുകളും വിരൽത്തുമ്പിലാക്കുന്ന കെ- സ്മാർട്ട് ആപ്പ് പുറത്തിറക്കി. 2025 ആഗസ്റ്റ് മാസം ഗ്രാമപഞ്ചായത്ത്– നഗരസഭാ ജീവനക്കാരുടെ പിന്തുണയിൽ ഡിജി കേരള ക്യാമ്പയിനിലൂടെ കേരളത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിച്ചു. 2026ൽ സുതാര്യമായ ഭരണത്തിനും സൈബർ സുരക്ഷയ്ക്കുമായി ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യകൾ സർക്കാർ സംവിധാനങ്ങളിൽ പൂർണമായി നടപ്പിലാക്കി. കെ- ഫോൺ വ്യാപനത്തിലൂടെ ഇന്റർനെറ്റ് അവകാശമാക്കി; ഡിജിറ്റൽ ഡിവൈഡ് മറികടന്നു.
ഇൻഫർമേഷൻ കേരള മിഷൻ തന്നെ വികസിപ്പിച്ച സുലേഖ (പദ്ധതി നിർവഹണം) സാംഖ്യ (അക്കൗണ്ടിങ്) സകർമ്മ (കമ്മിറ്റികൾ) സങ്കേതം (പെർമിറ്റ്) സേവന (രജിസ്ട്രേഷൻ ആൻഡ് പെൻഷൻ) സൂചിക (ഫയൽ മാനേജ്മെന്റ്-) സ്ഥാപന (ജീവനക്കാര്യം) സചിത്ര (ആസ്തികൾ) തുടങ്ങിയ വ്യത്യസ്ത സോഫ്റ്റുവെയറുകളിലൂടെ നിർവഹിച്ചുവന്ന പ്രവർത്തനം ഐഎൽജിഎംഎസ് (Integrated Local Governance Management System) എന്ന പ്ലാറ്റ്ഫോമിലേക്കാണ് ആദ്യം മാറിയത്. കെ- സ്മാർട്ട് വന്നതോടെ വ്യത്യസ്തങ്ങളായ 21 ആപ്ലിക്കേഷനുകളാണ് ഒറ്റ പ്ലാറ്റ്ഫോമിലേക്ക് പരിവർത്തനം ചെയ്തത്. കേവലം 22 മാസം കൊണ്ട് 17 മോഡ്യൂളുകളും 4200 വിഷയങ്ങളും കെ സ്മാർട്ടിൽ ലഭ്യമാക്കി. ആദ്യഘട്ടത്തിൽ നഗരസഭകളിലും തുടർന്ന് ഗ്രാമപഞ്ചായത്തുകളിലും കെ- സ്മാർട്ട് നടപ്പിലാക്കി. ഓരോ പ്രദേശത്തും ഏതുതരം നിർമ്മാണമാണ് അനുവദനീയം എന്നറിയുവാൻ കഴിയുന്ന Know Your Land എന്ന ലിങ്കും മാലിന്യ സംസ്കരണത്തിന് ലോക മാതൃക സൃഷ്ടിച്ച ഹരിത മിത്രം സ്മാർട്ട് ആപ്പും കെ- സ്മാർട്ടിൽ ഉൾപ്പെടുത്തി. ഇതുവഴി ഒരു ആവശ്യത്തിനായി ഒന്നിലധികം തവണ ഓഫീസിൽ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കി എന്നു മാത്രമല്ല, 24×7 സമയം ഓൺലൈൻ സേവനം ഉറപ്പാക്കുകയും ചെയ്തു. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ എന്ന ഓഫീസ് സമയത്തിനുമപ്പുറം ഏത് സമയത്തും അപേക്ഷ അയക്കുവാനും സേവനങ്ങൾ നേടുവാനും കഴിഞ്ഞു. രണ്ടുമാസംകൊണ്ട് 2,57,807 അപേക്ഷകൾ അവധി ദിവസങ്ങളിൽ മാത്രം കെ- സ്മാർട്ടിലൂടെ തീർപ്പാക്കിയെന്നതും 4,61,899 അപേക്ഷകൾ ഓഫിസ് പ്രവർത്തന സമയം കഴിഞ്ഞ് തീർപ്പാക്കിയെന്നതും കെ- സ്മാർട്ട് എന്ന സാങ്കേതിക സംവിധാനത്തിന്റെ വിജയം മാത്രമല്ല സ്മാർട്ട് ആയ തദ്ദേശസ്ഥാപനങ്ങളിലെ സിവിൽ സർവീസിന്റെ വിജയം കൂടിയാണ് കാണിക്കുന്നത്.
പേപ്പർരഹിത ഓഫീസ് എന്ന നിലയിലേക്ക് 1200 സർക്കാർ ഓഫീസുകൾ മാറിയപ്പോൾ യഥാർത്ഥത്തിൽ പാരിസ്ഥിതികസൗഹൃദ ഭരണസംവിധാനം ഉറപ്പാക്കുക കൂടിയാണ് ചെയ്തത്. കൃത്യമായ വിവരങ്ങളുടെ അഭാവത്തിൽ സുതാര്യമല്ലാത്ത തീരുമാനങ്ങളെടുക്കുകയും അതുവഴി അഴിമതി ഉൾപ്പെടെയുള്ള തെറ്റായ പ്രവണതകൾ വളരുവാൻ ഇടയാക്കുകയും ചെയ്യുന്ന സാഹചര്യം പൂർണമായും ഒഴിവാക്കി, ഡാറ്റ അടിസ്ഥാനമാക്കി സുതാര്യമായ തീരുമാനം സമയബന്ധിതമായി ജനങ്ങളിൽ എത്തിക്കുവാൻ കെ- സ്മാർട്ടിന് കഴിഞ്ഞു. അപേക്ഷകർ ഹാജരാക്കുന്ന രേഖകളും അപേക്ഷകളും കാണാതെ പോകുകയും അവ പരതിയെടുക്കുന്നതിന് കാലതാമസം വരുത്തുകയും ചെയ്യുന്ന സാഹചര്യം പൂർണമായും ഒഴിവാക്കുവാൻ കഴിഞ്ഞു. ഒരു അപേക്ഷ നൽകിയാൽ ആരാണ് അതിൽ കാലതാമസം വരുത്തിയത് എന്നറിയാൻ പറ്റാത്ത സാഹചര്യം ഒഴിവാക്കി. 4,38,747 ഫയലുകൾ ഒരു മണിക്കൂറിനുള്ളിലും 9,93,543 ഫയലുകൾ 24 മണിക്കൂറിനുള്ളിലും തീർപ്പാക്കുവാൻ കഴിഞ്ഞു എന്നത് ഇതിന്റെ അനന്യമായ സാധ്യതകളെ തുറന്നുകാട്ടുന്നു.
ഫയൽ ട്രാക്കിങ്, ഫയലിന്റെ നിലവിലെ അവസ്ഥ എന്നിവ അറിയുവാനുള്ള സാധ്യതകൾ ഉറപ്പാക്കി. ഒരു ഫയൽ പരമാവധി മൂന്നു തട്ടുകൾ മാത്രം കണ്ടു കഴിയുമ്പോൾ തീരുമാനമാകുന്ന സംവിധാനം വന്നതോടുകൂടി അനന്തമായി സേവനം വൈകുന്ന സാഹചര്യം ഒഴിവായി. സാക്ഷ്യപത്രങ്ങളിൽ ഡിജിറ്റൽ ഒപ്പ് സാധ്യമായതോടുകൂടി പലപ്പോഴും തദ്ദേശസ്ഥാപന ഉദ്യോഗസ്ഥർ വിവിധങ്ങളായ മീറ്റിങ്ങുകളിലും പരിശീലനങ്ങളിലും പങ്കെടുക്കുന്ന സമയങ്ങളിൽ സേവനവിതരണം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കുവാൻ കഴിഞ്ഞു; എന്നു മാത്രമല്ല, ഇത്തരം സാക്ഷ്യപത്രങ്ങളുടെ സാധുത ഓൺലൈനായിതന്നെ പരിശോധിച്ച് ഉറപ്പുവരുത്തുവാൻ കഴിയുന്ന സാഹചര്യവും ഉണ്ടായി. ഇ-പോസ് മെഷീനുകൾ ഉപയോഗിച്ച് നികുതി സമാഹരണവും ഫീസ് പിരിവും ഫീൽഡുതലത്തിൽ നടത്തുന്നതോടുകൂടി ആ സാഹചര്യങ്ങളിൽ ഉണ്ടായിരുന്ന തെറ്റായ പ്രവണതകളെ പൂർണമായും ഒഴിവാക്കുവാൻ കഴിഞ്ഞു.
ഒരു കുട്ടി ജനിച്ചാൽ ഉടൻതന്നെ ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ വഴി ഓൺലൈനായി ജനനം രജിസ്റ്റർ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്തെടുക്കുവാൻ കഴിയുന്നു. ഏറെ പ്രയാസം നേരിട്ട ഒന്നായിരുന്നു വിവാഹ രജിസ്ട്രേഷൻ. വിദേശത്ത് ജോലിയുള്ള നവദമ്പതികൾ വിവാഹം രജിസ്റ്റർ ചെയ്യാൻവേണ്ടിമാത്രം പണം മുടക്കി പഞ്ചായത്ത് നഗരസഭ ഓഫീസിൽ എത്തേണ്ടുന്ന സാഹചര്യം ഒഴിവാക്കി. വീഡിയോ കോളിലൂടെ ബോധ്യപ്പെട്ട് വിവാഹം രജിസ്റ്റർ ചെയ്യാൻ സാഹചര്യം ഒരുങ്ങിയതോടെ വിവാഹ പന്തലിൽ വച്ചുതന്നെ സർട്ടിഫിക്കറ്റ് എടുക്കുവാനും കഴിയുന്നു. കെ- സ്മാർട്ട് വന്നതോടെ ഒരു മിനിറ്റിൽ 8386 ജനനങ്ങളും 3268 മരണവും കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞു. രണ്ടുമാസത്തിനുള്ളിൽ 45,116 വിവാഹങ്ങൾ ഓൺലൈൻ വീഡിയോ കോളിലൂടെ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞു എന്നത് സർക്കാർ സേവനം എത്രത്തോളം ജനങ്ങൾക്ക് ആയാസരഹിതമായി ലഭ്യമാക്കി എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. കേവലം 100 ദിവസത്തിനുള്ളിൽ 1,11,49,645 ഫയലുകൾ കെ- സ്മാർട്ടിലൂടെ ലഭ്യമാവുകയും അതിൽ 87,41,818 ഫയലുകൾ തീർപ്പാക്കുകയും ചെയ്തത് സാങ്കേതികവിദ്യാ വികാസത്തിന്റെ സ്വാദ് സാധാരണ പൗരനും നുണയാൻ അവസരം നല്കിയ ഒരു ജനകീയ ഭരണകൂടത്തിന്റെ അനിവാര്യമായ തുടർച്ചയ്ക്കുള്ള പ്രധാന പ്രചോദനം തന്നെയാണ്.
വ്യവസായസൗഹൃദ സംസ്ഥാനമെന്നനിലയിൽ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ 22 വകുപ്പുകളെ ഏകോപിപ്പിക്കുന്ന K- SWIFT എന്ന ഏകജാലക സംവിധാനത്തിന്റെ സംഭാവനയും പ്രശംസനീയമാണ്. നാല് തട്ടുകളിലുളള സർക്കാരുകളുടെ പദ്ധതികളെയും വിവിധ വകുപ്പുകളെയും ജനപങ്കാളിത്തത്തോടെ ഏകോപിപ്പിച്ച അതിദാരിദ്ര്യനിർമാർജന പദ്ധതി പുതിയൊരു അനുഭവമായി. സി.എം. വിത്ത് മി എന്ന പരാതിപരിഹാര സംവിധാനം ഭരണനിർവ്വഹണത്തിലെ മറ്റൊരു ജനകീയ തലം തുറന്നു. നിർമ്മിതബുദ്ധി ഭരണനിർവഹണത്തിൽ പ്രയോഗിക്കാനുള്ള കർമ്മ പരിപാടിയ്ക്കും തുടക്കംക്കുറിച്ചു. കേരള സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച (ആസൂത്രണ ബോർഡ്, പഞ്ചവത്സര പദ്ധതികൾ എന്നിവ പിൻവലിക്കാനും തൊഴിൽ വകുപ്പ്, മോട്ടോർവാഹനവകുപ്പ്, ഇലക്-ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് തുടങ്ങി നിരവധി വകുപ്പുകൾ അപ്രസക്തമാക്കാനും യൂണിയൻ സർക്കാർ നയങ്ങൾ നടപ്പാക്കുന്നു) വിഷൻ 2031 സെമിനാറുകളും അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് സെമിനാറുകളും വിജ്ഞാന സമ്പദ്-വ്യവസ്ഥയിലേക്കും നൂതനത്വ സമൂഹമായും കേരളത്തെ നയിച്ച് മധ്യവികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന, ആധുനിക തൊഴിൽ ഉറപ്പാക്കുന്ന വികസിത നവകേരളത്തിനുള്ള കർമ്മ പദ്ധതിക്ക് രൂപംനൽകിയിട്ടുണ്ട്. ലേബർ കോഡുകൾ വഴി അടിമസമാനമായ താൽക്കാലിക തൊഴിൽ രാജ്യവ്യാപകമാക്കുന്ന പദ്ധതി യൂണിയൻ സർക്കാർ നടപ്പാക്കുമ്പോഴാണിത് എന്നത് ശ്രദ്ധേയമാണ്. 2030ഓടെ 60% ജനതയും തൊഴിൽ ശേഷിയുള്ള പ്രായത്തിലെത്തുന്ന ഇന്ത്യയിലാണ് യൂണിയൻ സർക്കാർ ഇത്തരമൊരു നീക്കത്തിലേക്ക് പോകുന്നത് എന്നും ഓർക്കേണ്ടതുണ്ട്.
രാജ്യത്ത് പെരുകുന്ന അസമത്വത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള സാമ്പത്തിക തകർച്ചയുടെയും നാളുകളിൽ മതനിരപേക്ഷ ഇടത് പുരോഗമന സ്വഭാവമുള്ള കേരളത്തെ സംരക്ഷിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടുപോകണമോ അതോ വർഗീയ വിഭജന തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്, നാം ആർജ്ജിച്ച അഭിമാന നേട്ടങ്ങളെ ബുൾഡോസ് ചെയ്യാൻ എറിഞ്ഞുകൊടുക്കണമോ എന്ന ചോദ്യം ഓരോ കേരളീയന്റെയും മുന്നിൽ ഉയരുകയാണ്. l



