Monday, April 6, 2026

ad

Homeകവര്‍സ്റ്റോറിശമ്പളപരിഷ്കരണം വഞ്ചനയുടെ യുഡിഎഫ് ഭരണകാലം

ശമ്പളപരിഷ്കരണം വഞ്ചനയുടെ യുഡിഎഫ് ഭരണകാലം

പി പി സന്തോഷ്

ന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി മെച്ചപ്പെട്ട വേതന ഘടന നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ഉയര്‍ന്നുവന്ന കര്‍ഷകത്തൊഴിലാളി പ്രക്ഷോഭങ്ങള്‍, നവോത്ഥാന മുന്നേറ്റങ്ങള്‍ എന്നിവയെല്ലാം രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങള്‍ക്കെതിരായ മുന്നേറ്റത്തിന്റെ ചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായി അധികാരത്തിലെത്തിയ ഇടതുപക്ഷ പുരോഗമന സര്‍ക്കാരുകള്‍ ആവിഷ്കരിച്ച ബദല്‍ വികസന നയങ്ങള്‍ കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ, സാമ്പത്തിക അസമത്വങ്ങളുടെ അന്തരം കുറച്ചുകൊണ്ടുവരികയും മെച്ചപ്പെട്ട കൂലി വ്യവസ്ഥ എല്ലാ മേഖലകളിലും യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു.

കേരളത്തിലെ സിവില്‍ സര്‍വീസില്‍ രൂപപ്പെട്ടുവന്ന വേതന ഘടനയുടെ അടിസ്ഥാനവും മുകളില്‍ സൂചിപ്പിച്ച മുന്നേറ്റങ്ങളുടെ സ്വാധീനമാണ്. അധ്വാനിക്കുന്ന ജനവിഭാഗത്തോട് പൊതുവേയും ജീവനക്കാരോട് വിശേഷിച്ചും ശത്രുതാപരമായ സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ എല്ലാ കാലഘട്ടത്തിലും സ്വീകരിച്ചിട്ടുള്ളത്. തൊഴിലാളികളെ പിടിച്ചുപറിക്കാരായും സര്‍ക്കാര്‍ ജീവനക്കാരെ ഖജനാവ് കൊള്ളക്കാരായും ചിത്രീകരിക്കുകയെന്നത് വലതുപക്ഷ നയമാണ്. സംസ്ഥാന രൂപീകരണത്തിനു ശേഷം അധികാരത്തില്‍ വന്ന എല്ലാ യുഡിഎഫ് സര്‍ക്കാരുകളുടെയും ഭരണകാലം ആനുകൂല്യ നിഷേധത്തിന്റെ ഇരുണ്ട കാലമായിരുന്നു.

1967ല്‍ അധികാരത്തില്‍ വന്ന രണ്ടാം ഇഎംഎസ് സര്‍ക്കാരാണ് സംസ്ഥാന ജീവനക്കാരുടെ സേവന–വേതന വ്യവസ്ഥകള്‍ സമഗ്രമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വി കെ വേലായുധന്‍ ചെയര്‍മാനായ കമ്മീഷനെ നിയമിച്ചത്. കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടു പ്രകാരം 1968 ജൂലൈ 1 മുതൽ പ്രാബല്യത്തോടെ ശമ്പളം പരിഷ്കരിക്കുകയുണ്ടായി. മാത്രമല്ല, അഞ്ചുവര്‍ഷം കൂടുമ്പോള്‍ സേവന–വേതനവ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. അതായത് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ചു വര്‍ഷ ശമ്പളപരിഷ്കരണ തത്ത്വത്തിന് അസ്ഥിവാരമിട്ടത് ഇഎംഎസ് സര്‍ക്കാരാണ്. എന്നാല്‍ പിന്നീട് യുഡിഎഫ് അധികാരത്തില്‍ വന്ന കാലങ്ങളിലെല്ലാം അഞ്ചു വര്‍ഷ തത്ത്വം നേടിയെടുക്കുന്നതിനായി പണിമുടക്കടക്കമുള്ള പ്രക്ഷോഭങ്ങള്‍ നടത്തേണ്ടി വന്നിട്ടുണ്ട്.

പിന്നീടുവന്ന കോൺഗ്രസ് നിയന്ത്രണത്തിലുള്ള സർക്കാർ അഞ്ചുവർഷതത്ത്വം നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണ് കേരള എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ 1973 ജനുവരി 10 മുതല്‍ 54 ദിവസം നീണ്ടുനിന്ന അനിശ്ചിതകാല പണിമുടക്ക് നടത്തിയത്. ശമ്പള പരിഷ്കരണത്തിലെ അഞ്ചു വര്‍ഷതത്ത്വം ഉള്‍പ്പെടെ യാഥാര്‍ത്ഥ്യമാക്കുന്നതിനായി 1973 ല്‍ നടന്ന പണിമുടക്കാ ണ്. സിവില്‍ സര്‍വീസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പണിമുടക്ക്.

1978ല്‍ നടക്കേണ്ട മൂന്നാം ശമ്പള പരിഷ്കരണവും അട്ടിമറിക്കാനുള്ള വലതുപക്ഷ സര്‍ക്കാരിന്റെ നീക്കത്തെ, 1978 ജനുവരി 11 മുതല്‍ 17 വരെ നടത്തിയ പണിമുടക്കിലൂടെയാണ് ചെറുത്തുതോൽപ്പിച്ചത്. 1983 ജൂലെെ 1 മുതല്‍ ശമ്പളം പരിഷ്കരിക്കുന്നതിനായി 1983 ഏപ്രില്‍ മാസം കമ്മീഷനെ നിയമിച്ചുവെങ്കിലും കമ്മീഷന്റെ കാലാവധി നീട്ടി നീട്ടി ശമ്പള പരിഷ്കരണം നിഷേധിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. 1984 ഫെബ്രുവരി 16 മുതല്‍ 22 വരെയും 1985 ആഗസ്ത് 7 മുതല്‍ 17 വരെയും നടത്തിയ പണിമുടക്കുകളെ തുടര്‍ന്നാണ് 1985 ആഗസ്ത് 17ന് യുഡിഎഫ് സര്‍ക്കാര്‍ 1983ലെ ശമ്പളപരിഷ്കരണത്തിന്റെ ഉത്തരവിറക്കാന്‍ നിര്‍ബന്ധിതമായത്. എന്നാല്‍ സാമ്പത്തിക ആനുകൂല്യം 1985 മുതല്‍ മാത്രമേ അനുവദിച്ചുള്ളൂ. 1.7.83 മുതല്‍ 31.3.85 വരെയുള്ള 21 മാസത്തെ സാമ്പത്തിക ആനുകൂല്യം നിഷേധിച്ചുകൊണ്ട് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുകയായിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ച അഞ്ചു വര്‍ഷ ശമ്പള പരിഷ്കരണ തത്ത്വം പുനഃസ്ഥാപിച്ചത് 1987ല്‍ വീണ്ടും അധികാരത്തില്‍ വന്ന നായനാര്‍ സര്‍ക്കാരാണ്. 1.7.1988 മുതല്‍ പ്രാബല്യം നല്‍കി മെച്ചപ്പെട്ട ആനുകൂല്യങ്ങളോടെ ഇടതുപക്ഷ സര്‍ക്കാര്‍ ശമ്പളപരിഷ്കരണം നടപ്പിലാക്കി. ഈ ശമ്പളപരിഷ്കരണത്തിലൂടെയാണ് ആദ്യമായി മാസ്റ്റര്‍ സ്കെയില്‍ നടപ്പിലാക്കിയത്. ഇന്‍ക്രിമെന്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. ക്ലാസ് IV ജീവനക്കാര്‍ക്ക് കേന്ദ്രനിരക്കിനേക്കാള്‍ ഉയര്‍ന്ന സ്കെയില്‍, എന്‍ജിഒ മാര്‍ക്ക് മൂന്നാമത്തെ ഗ്രേഡ്, 45 ദിവസത്തെ ലീവ് സറണ്ടര്‍ എന്നിവ അനുവദിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഈ പരിഷ്കരണത്തിലൂടെയാണ്.

എന്നാല്‍ 1991ല്‍ വീണ്ടും യു ഡി എഫ് അധികാരത്തില്‍ വന്നത് സിവില്‍ സര്‍വീസിന്റെ വേതന ഘടനയുടെ തകര്‍ച്ചയ്ക്കു തന്നെ കാരണമായി. 1993 ല്‍ ലഭിക്കേണ്ട 5 വര്‍ഷ ശമ്പള പരിഷ്കരണത്തെ അട്ടിമറിക്കാനായി 1992ല്‍ പേ ഈക്വലൈസേഷന്‍ നടപ്പിലാക്കി. വലിയ കോലാഹലമുയര്‍ത്തി നടപ്പിലാക്കിയ പേ ഈക്വലൈസേഷന്റെ മറവില്‍ 5 വര്‍ഷതത്ത്വവും നിലവിലുള്ള ആനുകൂല്യങ്ങളും കവരുകയായിരുന്നു യുഡിഎഫിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി,1988ലെ ശമ്പളപരിഷ്കരണത്തിലൂടെ ജീവനക്കാര്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ മെച്ചപ്പെട്ട ആനുകൂല്യങ്ങളെല്ലാം യുഡിഎഫ് സർക്കാർ കവര്‍ന്നെടുക്കുന്ന സ്ഥിതി വന്നു. മാസ്റ്റര്‍ സ്കെയിലും ഉയര്‍ന്ന ഇന്‍ക്രിമെന്റ് നിരക്കും 45 ദിവസത്തെ ലീവ് സറണ്ടര്‍ ആനുകൂല്യങ്ങളും യുഡിഎഫ് സർക്കാർ നിഷേധിച്ചു. തസ്തികകള്‍ തമ്മിലുള്ള ബന്ധവും തുല്യതയും നഷ്ടപ്പെട്ടു. ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കാത്തതിനാല്‍ വലിയ സാമ്പത്തിക നഷ്ടമാണ് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളില്‍ ജീവനക്കാര്‍ക്കുണ്ടായത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ വിദ്യാഭ്യാസ അലവന്‍സോ വീട്ടു വാടക ബത്തയോ നല്‍കിയതുമില്ല. ചുരുക്കത്തില്‍ സംസ്ഥാന പാരിറ്റിയും കേന്ദ്ര പാരിറ്റിയും ഇല്ലാത്ത സ്ഥിതിയായി.

1992ലെ പേ ഈക്വലൈസേഷനിലൂടെ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്ത വേതന ഘടന പുന:സ്ഥാപിച്ചത് തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാരാണ്. 1992 ലെ പേ ഈക്വലെെസേഷൻ കഴിഞ്ഞ് അഞ്ചു വര്‍ഷം പൂര്‍ത്തിയായ 1.3.97 മുതല്‍ പ്രാബല്യം നല്‍കി നായനാർ സർക്കാർ 7–ാം ശമ്പളപരിഷ്കരണം നടപ്പിലാക്കി.

അഞ്ചുവര്‍ഷ തത്വമനുസരിച്ചു ലഭിക്കേണ്ട 1.3.2002ലെ ശമ്പളപരിഷ്കരണം അട്ടിമറിക്കാന്‍ ആസൂത്രിതമായ നീക്കമാണ് മുഖ്യമന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ‘കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനു കാരണം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരിക്കോരി കൊടുത്തതാണെന്നു’മുള്ള വലിയ പ്രചാരണം തന്നെ ആന്റണി സര്‍ക്കാര്‍ അഴിച്ചുവിട്ടു. ‘ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാനായി മാത്രം ട്രഷറി തുറക്കേണ്ടതില്ല ‘എന്ന പ്രസ്താവന ജീവനക്കാര്‍ക്കെതിരെ ജനരോഷം ഉയര്‍ത്തിവിടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിരുന്നു. യുഡിഎഫ് ഉന്നതാധികാരസമിതിയുടെ തീരുമാനപ്രകാരം ആന്റണി സര്‍ക്കാര്‍ സംസ്ഥാന ജീവനക്കാര്‍ അനുഭവിക്കുന്ന ഏതാണ്ട് എല്ലാ ആനുകൂല്യങ്ങളും കവര്‍ന്നെടുത്തുകൊണ്ട് 2002 ജനുവരി 16ന് ഉത്തരവിറക്കി. ഇന്ത്യയിലാദ്യമായി ആഗോളവല്‍ക്കരണ നയങ്ങള്‍ കേരളത്തിന്റെ സിവില്‍ സര്‍വീസില്‍ നടപ്പിലാക്കുവാന്‍ ലക്ഷ്യമിട്ടിട്ടുള്ള ഉത്തരവായിരുന്നു ഇത് (GO(P) No 56/2002 (Fin dtd 16/1/2002). 80,000 ജീവനക്കാര്‍ അധികമാണെന്ന് പ്രഖ്യാപിച്ച് അവരെ കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചു. അധിക ജീവനക്കാര്‍ക്ക് 1.3.2002 നുശേഷം ശമ്പളം നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചു. ലീവ് സറണ്ടറും ഭവനവായ്പ പദ്ധതി (HBA) യും ഇല്ലാതാക്കി. പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചു. പ്രൊട്ടക്ടഡ് അധ്യാപകരുടെ ശമ്പളം പകുതിയായി കുറയ്ക്കാനും ലാഭകരമല്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടാനും തീരുമാനിച്ചു. പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷത്തേക്ക് അടിസ്ഥാന ശമ്പളം മാത്രം; ക്ഷാമബത്ത ഇല്ല. ഈ ഉത്തരവു പ്രകാരമാണ് ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിക്കപ്പെട്ടത്. ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ പൊരുതി നേടിയ അവകാശാനുകൂല്യങ്ങള്‍ എല്ലാം തട്ടിപ്പറിച്ചെടുത്ത യുഡിഎഫ് സര്‍ക്കാര്‍, കേരളീയ പൊതു സമൂഹത്തിനിടയില്‍ ജീവനക്കാരെയും അധ്യാപകരെയും ഖജനാവ് കട്ടുമുടിക്കുന്നവരും കള്ളന്മാരുമായി ചിത്രീകരിച്ചു. ഇത്രയും ക്രൂരത ഒരു സര്‍ക്കാരും ജീവനക്കാരോട് ഇന്നേവരെ കാണിച്ചിട്ടില്ല. 32 ദിവസം നീണ്ടുനിന്ന സമാനതകളില്ലാത്ത പണിമുടക്കിലൂടെയാണ് ജീവനക്കാര്‍ ഈ ഇരുണ്ടകാലത്തെ ചെറുത്തത്. പിന്നീടുവന്ന വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സര്‍ക്കാരാണ് യുഡിഎഫ് കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ എല്ലാം തിരിച്ചു നല്‍കി ജീവനക്കാരെ ചേര്‍ത്തുപിടിച്ചത്.

ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കുക മാത്രമല്ല; 2002 മാര്‍ച്ച് 1 മുതല്‍ ലഭിക്കേണ്ട 8–ാം ശമ്പള പരിഷ്കരണം അട്ടിമറിക്കാനുമാണ് ആന്റണി സര്‍ക്കാരും തുടര്‍ന്ന് അധികാരത്തിൽവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും ശ്രമിച്ചത്. 2006 മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുതൊട്ടു മുൻപാണ് 8–ാം ശമ്പള പരിഷ്കരണത്തിന്റെ ഉത്തരവിറക്കിയത്. 1.3.2002 മുതല്‍ ലഭിക്കേണ്ട മുന്‍കാല പ്രാബല്യം 1.7.2004 മുതല്‍ മാത്രമാക്കി. അതായത് അഞ്ചു വര്‍ഷതത്ത്വം യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അട്ടിമറിച്ചു. മാത്രമല്ല, സാമ്പത്തിക ആനുകൂല്യം 1.4.2005 മുതല്‍ മാത്രമായി പരിമിതപ്പെടുത്തിയപ്പോള്‍ 1.3.2002 മുതല്‍ ലഭിക്കേണ്ട 37 മാസത്തെ കുടിശ്ശിക കവര്‍ന്നെടുത്തുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ജീവനക്കാരെ തുടര്‍ച്ചയായി വഞ്ചിച്ചു. പാര്‍ട്ട് ടൈം ജീവനക്കാര്‍ അടക്കമുള്ള താഴെത്തട്ടിലുള്ള ജീവനക്കാര്‍ക്ക് ശമ്പള നഷ്ടം വരുന്നതായിരുന്നു എട്ടാം ശമ്പള പരിഷ്കരണം. കാഷ്വല്‍സ്വീപ്പര്‍മാരെ പൂര്‍ണ്ണമായും അവഗണിച്ചു. തുടര്‍ന്ന് 2006ൽ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് ആദ്യത്തെ 6 സ്കെയില്‍ ഉയര്‍ത്തി ജീവനക്കാർക്ക് നഷ്ടപ്പെട്ടുപോയ ഈ ആനുകൂല്യങ്ങള്‍ എല്ലാം വര്‍ധിപ്പിച്ചു നല്‍കിയത്. അഞ്ചു വര്‍ഷ തത്ത്വം അംഗീകരിച്ച് 1.7.2009 മുതൽ മുന്‍കാല പ്രാബല്യം നല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ 9–ാം ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്‍ ജീവനക്കാരുടെ കൈകളില്‍ എത്തിക്കുകയും കുടിശ്ശിക പൂര്‍ണമായും നല്‍കുകയും ചെയ്തു.

2011 ല്‍ അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ അനുവര്‍ത്തിച്ച, സിവില്‍ സര്‍വീസിനെ തകര്‍ക്കുന്ന നവലിബറല്‍ നയങ്ങള്‍ വീണ്ടും തീവ്രമായി നടപ്പിലാക്കി. സംസ്ഥാനത്തെ ശമ്പളപരിഷ്കരണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലാവധിയെടുത്ത കമ്മീഷനായിരുന്നു 10–ാം ശമ്പളപരിഷ്കരണ കമ്മീഷന്‍. തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്കും പണിമുടക്ക് പ്രഖ്യാപനത്തിനും ശേഷമാണ് 2016 ല്‍ ശമ്പളപരിഷ്കരണ ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. മാത്രമല്ല; പത്തുവര്‍ഷം കഴിഞ്ഞു മാത്രമേ ഇനി ശമ്പളം പരിഷ്കരിക്കേണ്ടതുള്ളൂ എന്നതടക്കമുള്ള കമ്മീഷന്റെ പ്രതിലോമകരമായ നിര്‍ദ്ദേശങ്ങളെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ശമ്പള സ്കെയില്‍ അനുവദിക്കാന്‍ തയ്യാറാകാതെ ശമ്പളത്തിൽഇ കുറവു വരുത്തിയാണ് ഉമ്മൻചാണ്ടി സർക്കാർ ഉത്തരവിറക്കിയത്.

2016 ല്‍ അധികാരത്തില്‍ വന്ന ഒന്നാം പിണറായി സര്‍ക്കാര്‍ 5 വര്‍ഷതത്ത്വം പാലിച്ചുകൊണ്ടുതന്നെ 01.07.2019 മുതല്‍ 11–ാം ശമ്പള പരിഷ്കരണം നടപ്പിലാക്കി. കോവിഡിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാരും ഇതര സംസ്ഥാന സര്‍ക്കാരുകളും അവകാശാനുകൂല്യങ്ങള്‍ നിഷേധിക്കുന്ന ഘട്ടത്തിലാണ്, പ്രകൃതി ദുരന്തങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും പുറമെ നോട്ടു നിരോധനവും ജി എസ് ടി സൃഷ്ടിച്ച വരുമാനത്തകര്‍ച്ചയും കേന്ദ്രസര്‍ക്കാരിന്റെ അവഗണന തീര്‍ത്ത പ്രതിസന്ധിയുടെയും ദുരിതകാലത്താണ് ഒരു മുദ്രാവാക്യം പോലും വിളിക്കാനുള്ള ഇടനല്‍കാതെ മെച്ചപ്പെട്ട ആനുകൂല്യങ്ങളോടെ പിണറായി സർക്കാർ 11–ാം ശമ്പള പരിഷ്കരണം സാധ്യമാക്കിയത് എന്ന കാര്യം മറന്നുകൂട.

എൽഡിഎഫ് സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധമായ നിലപാടിന്റെ ഭാഗമായി അഞ്ചുവര്‍ഷ തത്ത്വം അംഗീകരിച്ചുകൊണ്ടുതന്നെ 12–ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചിരിക്കുകയാണ്. അതിവേഗമാണ് ശമ്പള കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. പരിഗണനാ വിഷയങ്ങള്‍ സംബന്ധിച്ച ഉത്തരവിറക്കി. ഓഫീസ് അനുവദിച്ചും ജീവനക്കാരെ തീരുമാനിച്ചും ഉത്തരവ് വന്നു. കമ്മീഷന്‍ ആദ്യയോഗം ചേര്‍ന്ന് അതിവേഗം അടുത്ത നടപടികളിലേക്ക് കടക്കുകയാണ്.

പത്തുവര്‍ഷം മുമ്പുള്ള ഇരുണ്ട കാലമല്ല ഇന്ന് കേരളത്തിലെ സിവില്‍ സര്‍വീസില്‍ നിലനില്‍ക്കുന്നത്. മറ്റെല്ലാ മേഖലകളുംപോലെ ആത്മസംതൃപ്തിയാൽ പ്രകാശപൂരിതമായ സിവില്‍ സര്‍വീസിന്റെ കാലമാണ് കഴിഞ്ഞ പത്തുവർഷമെന്ന് ചരിത്രം അടയാളപ്പെടുത്തുക തന്നെ ചെയ്യും. ഇത് ഭാവികേരളത്തിന്റെ ശുഭസൂചനയാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

six + 16 =

Most Popular