Monday, April 6, 2026

ad

Homeകവര്‍സ്റ്റോറിവിദ്യാഭ്യാസരംഗത്തെ വലതുപക്ഷ നിലപാടുകൾ

വിദ്യാഭ്യാസരംഗത്തെ വലതുപക്ഷ നിലപാടുകൾ

ടി കെ എ ഷാഫി

കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെ ഒരു പൊതുചട്ടക്കൂടിൽകൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് 1957 ലെ ഇഎംഎസ് സർക്കാർ വിദ്യാഭ്യാസബില്ല് അവതരിപ്പിച്ചത്. ഇതുവഴി സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിൽ നിക്ഷിപ്ത‌മായി. പുരോഗമനപരമായ ഈ ബില്ലിനെതിരെ ജാതിമത സംഘടനകളും മാനേജർമാരും ഒന്നിച്ചുചേർന്ന് വിമോചന സമരം നടത്തി. കോൺഗ്രസ്സും മുസ്ലീംലീഗും അടക്കമുള്ള വലതുപക്ഷം സമരമേറ്റെടുത്തു. 1959 ൽ കേരള മന്ത്രിസഭയെ കേന്ദ്രസർക്കാർ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ടു. അങ്ങനെ പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താ നുള്ള പ്രഥമഉദ്യമത്തിനുതന്നെ തടസ്സം സൃഷ്‌ടിച്ചവരാണ് വലതുപക്ഷം.

ചരിത്രത്തിലുടനീളം കോൺഗ്രസ് സർക്കാരുകൾ ഈ ജനവിരുദ്ധ നിലപാട് തുടർന്നിട്ടുണ്ട്. പൊതുവിദ്യാലയങ്ങളെ ദുർബലപ്പെടുത്തുകയും വിദ്യാഭ്യാസ കച്ചവടലോബിയുടെ താൽപര്യത്തിനനുസരിച്ച് ഫീസ് കൊടുത്തുമാത്രം പഠിക്കാൻ കഴിയുന്ന അൺ-എയ്‌ഡഡ് സ്‌കൂളുകൾ വ്യാപകമാക്കുകയുമാണ്. യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴെല്ലാം ഇതുവരെ സംസ്ഥാനത്ത് ഓരോ മുന്നണിയും അനുവദിച്ച അൺ-എയ്‌ഡഡ് സ്‌കൂളുകളുടെ എണ്ണം പരിശോധിച്ചാൽ ഇടത് – വലത് നിലപാടിലെ വ്യതിരിക്തത മനസ്സിലാകും.

ഹൈസ്‌കൂൾ യു.പി എ ൽ.പി ആകെ
യുഡിഎഫ് 371 256 391 1018
എൽഡിഎഫ് 64 3 0 67

ഇതേ നയം തുടർന്നാണ് 2011 ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാരിലെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കാൻ പൊതുഖജനാവിൽ പണമില്ലെന്നും കോർപ്പറേറ്റുകളെ ഏൽപ്പിക്കണമെന്നും ആദ്യംതന്നെ പ്രഖ്യാപിച്ചത്. ഈ പ്രസ്‌താവനയ്ക്കെതിരെ വ്യാപകപ്രതിഷേധവും സമരങ്ങളും ഉയർന്നുവന്നു.

കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളെ ലാഭകരമല്ലാത്തവ എന്നു മുദ്രകുത്തി 2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണത്തിൽ മാത്രം 138 പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടി. അതോടൊപ്പം 623 പുതിയ സി. ബി.എസ്.ഇ സ്‌കൂളുകൾക്കും 70 ഐ.സി.എസ്.ഇ സ്‌കൂളുകൾക്കും അംഗീകാരം നൽകുകയും ചെയ്തു. ഇക്കാലയളവിൽ തന്നെയാണ് അൺ-എയ്‌ഡഡ് മേഖലയിൽ ഹയർസെക്കൻഡറി സ്‌കൂളുകളാരംഭിച്ചത്. സർക്കാർ സ്കൂ‌ളുകളിൽപോലും സ്വാശ്രയ ബാച്ചുകൾ ആരംഭിക്കുകയും ചെയ്തു.

ചുരുക്കത്തിൽ, ആഗോളവത്കരണ-, ഉദാരവത്ക്കരണ നയങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന തരത്തിൽ അൺ-എയ്‌ഡഡ് മേഖലയ്ക്ക് നിർലോഭമായ സഹായം യുഡിഎഫ് സർക്കാരുകൾ നൽകി. അതുകൊണ്ടുതന്നെ പൊതുവിദ്യാഭ്യാസ മേഖലയെയും അവിടെയുള്ള കുട്ടികളെയും രക്ഷിതാക്കളെയും രണ്ടാംതരമായി കണ്ടു.

കുട്ടികൾക്ക് നൽകിവരുന്ന പാഠപുസ്‌തകവിതരണം യുഡിഎഫ് സർക്കാർ അട്ടിമറിച്ചു, യൂണിഫോം വിതരണം അഴിമതിക്കുള്ള അവസരമാക്കി മാറ്റി, അധ്യാപക പരിശീലനങ്ങൾ പ്രഹസനമാക്കി എന്നിങ്ങനെ, സർക്കാർ നിയന്ത്രണത്തോടെ നടത്തേണ്ട പ്രവർത്തനങ്ങളെല്ലാം താറുമാറാക്കി. പാഠപുസ്‌തകങ്ങൾ അച്ചടിക്കുന്നതിന് ആവശ്യമായ പേപ്പർ ഗവൺമെന്റ് പ്രസുകൾക്ക് കൃത്യസമയത്ത് നൽകാതെ സ്വകാര്യപ്രസുകളിൽ പാഠപുസ്‌തകങ്ങൾ അച്ചടിക്കുകയും അഴിമതി നടത്തുകയും ചെയ്‌തതു കൂടാതെ ‘ഓണം നേരത്തെ എത്തിയതിനാൽ പാഠപുസ്‌തകം യഥാസമയം വിതരണം ചെയ്യുവാൻ കഴിഞ്ഞില്ല’ എന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപനം നടത്തിയതായിരുന്നു 2011-–16 ലെ യുഡിഎഫ് ഭരണകാലം.

ഹയർസെക്കൻഡറി പ്രവേശനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി 2006-–07 വർഷത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരാണ് ഏകജാലക സംവിധാനം തുടങ്ങിയത്. പ്രവേശനങ്ങളിൽ ചില മാനേജ്മെന്റുകൾ നടത്തുന്ന അവിഹിത ഇടപെടലുകൾക്ക് തടസ്സമാകുന്നു എന്നതിനാൽ യുഡിഎഫ് നേതൃത്വം അന്നുതന്നെ ഈ മാതൃകാപദ്ധതിയെ എതിർത്തു. അവർ അധികാരത്തിലെത്തിയപ്പോൾ ഈ സംവിധാനത്തെ അട്ടിമറിയ്ക്കാൻ നടത്തിയ ശ്രമത്തെ ജനകീയ പോരാട്ടങ്ങൾകൊണ്ടാണ് തകർത്തത്.

എസ്.സി.ഇ.ആർ.ടി യുടെ നേതൃത്വത്തിൽ 1998-–99 ൽ അഞ്ചാംക്ലാസിൽ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്കരണം 2001–-02 ൽ എട്ടാം ക്ലാസുവരെ നടപ്പാക്കി. തയ്യാറാക്കിയ പാഠപുസ്‌തകങ്ങൾ 2001 മെയ്‌മാസത്തിൽ തന്നെ വിദ്യാലയങ്ങളിലെത്തി. ശാസ്ത്രീയവും പ്രവർത്തനാധിഷ്ഠിതവുമായ പാഠ്യപദ്ധതിയ്ക്കനുസൃതമായ പാഠപുസ്‌തകങ്ങൾ കുട്ടികളുടെ പഠനത്തുടർച്ച ഉറപ്പാക്കുന്നതായിരുന്നു. എന്നാൽ 2001ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നതോടെ യാതൊരു അക്കാദമിക പിൻബലവും നീതീകരണവുമില്ലാതെ പുതിയ പാഠ്യപദ്ധതി പിൻവലിക്കാൻ തീരുമാനിച്ചു. ശക്തമായ ജനകീയ ചെറുത്തുനിൽപ്പിലൂടെയാണ് ശാസ്ത്രീയമായ പാഠ്യപദ്ധതിയെ ഒരുപരിധിവരെ സംരക്ഷിക്കാനായത്. 2011 ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ പ്രൊഫ. അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച് റിപ്പോർട്ട് തട്ടിക്കൂട്ടിയുണ്ടാക്കി പാഠ്യപദ്ധതിയെ തകർക്കുകയാണ് ചെയ്തത്.

യൂണിഫോം വിതരണം മാത്രമല്ല, വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്‌തിരുന്ന മുസ്ലിംലീഗ് നിശ്ചയിക്കുന്ന കമ്പനികൾക്ക് നൽകി, ക്വാളിറ്റി കുറഞ്ഞ തുണി വിതരണം ചെയ്‌ത്‌ പണം ഉണ്ടാക്കുന്നതിനുള്ള മാർഗമായി അതിനെ മാറ്റി. നിരന്തരമായ ചോദ്യപേപ്പർ ചോർച്ചയും വീണ്ടും പരീക്ഷ നടത്തലും പതിവായി ത്തീർന്ന കാലം. പ്രഖ്യാപിച്ച എസ്എസ്എൽസി ഫലം മൂന്നുതവണ തിരുത്തിയതിലൂടെ പൊതു പരീക്ഷയുടെ വിശ്വാസ്യതതന്നെ തകർന്നു. കൃത്യമായ അധ്യാപക പരിശീലനം നടത്താതെയും അക്കാദമിക് മോണിറ്ററിങ് നടത്താതെയും പൊതുവിദ്യാഭ്യാസ മേഖലയെ യുഡിഎഫ‍ സർക്കാർ അനാകർഷകമാക്കി മാറ്റി. സ്ഥലംമാറ്റം എന്നത് അഴിമതി നടത്തുന്നതിനുള്ള ഉപാധിയായിരുന്നു യുഡിഎഫ് കാലഘട്ടത്തിൽ.പ്ലസ് ടു ബാച്ചുകൾ അനുവദിക്കുന്നതിന് കോടിക്കണക്കിന് രൂപ ഭരണകക്ഷി നേതാക്കൾ കെെക്കൂലി വാങ്ങുകയും കേസുകളിൽ പ്രതികളാവുകയും ചെയ്തു.

തസ്തികനിർണയം നടത്താതെ, പുതിയ നിയമനങ്ങൾ നടത്താതെ നിയമനനിരോധനം നടപ്പിലാക്കി. വിദ്യാലയങ്ങളിൽ അധ്യാപകർ ഇല്ലാത്ത കാലം സൃഷ്ടിച്ചു. നിശ്ചിത യോഗ്യതയില്ലാത്തവരെ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർമാരാക്കുകയും SCERT,HSS, VHSE മേഖലകളിലെ ഉന്നത സ്ഥാനങ്ങളിലേക്ക് നിയമിച്ച് വിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ചയിലേക്കു നയിക്കുകയും ചെയ്തു.

ജീവനക്കാർക്കും അധ്യാപകർക്കും മേൽ പങ്കാളിത്ത പെൻഷൻ അടിച്ചേൽപ്പിച്ചതിലൂടെ മികച്ച അക്കാദമിക യോഗ്യതയുള്ളവർ പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്ന് അകന്നുപോകുകയും സ്വകാര്യ മേഖലയിൽ ജോലി തേടുകയും ചെയ്തു.

പൊതുവിദ്യാഭ്യാസ മേഖലയിൽ കൃത്യസമയത്ത് പാഠപുസ്‌തകങ്ങളും യൂണിഫോമും വിതരണം ചെയ്യാതെയും അധ്യാപക നിയമനങ്ങൾ നടത്താതെയും പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും പ്രഹസനമാക്കി ഈ മേഖലയെ അനാകർഷകമാക്കുന്ന നിലപാടാണ് 2011 –16 കാലഘട്ടത്തിൽ കേരളത്തിൽ ഉണ്ടായത്. കേരളത്തിൽ മാറിമാറി വന്നുകൊണ്ടിരിക്കുന്ന ഭരണം എൽഡിഎഫ് കാലഘട്ടത്തിൽ മെച്ചപ്പെടുത്തലുകൾ വരുത്തുമ്പോൾ അവയയെയെല്ലാം തകർത്തെറിഞ്ഞ് സ്വകാര്യമേഖലക്ക് കടന്നുകയറുവാനുള്ള വഴിയൊരുക്കുകയാണ് യുഡിഎഫ് അധികാരത്തിലെത്തിയ കാലഘട്ടങ്ങളിലെല്ലാം ചെയ്‌തുകൊണ്ടിരുന്നത്. വിദ്യാഭ്യാസത്തെ ഒരു കച്ചവട ചരക്കാക്കി പണം സമ്പാദിക്കുന്നതിനുള്ള ഒരു ഉപാധിയായി കരുതുന്ന മൂലധനശക്തികളുടെ അതേ നയങ്ങളാണ് വലതുപക്ഷം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നത്. ഈ നയങ്ങളുടെ ഭാഗമായി സാധാരണക്കാരുടെ കുട്ടികൾ വിദ്യാഭ്യാസം നേടുന്ന പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടപ്പെടുകയും ധനികരുടെ കുട്ടികൾ മാത്രം പഠിക്കുന്ന സ്വകാര്യ അൺ എയ്ഡഡ് സ്ഥാപനങ്ങൾക്ക് വലിയ വളർച്ചയുണ്ടാവുകയും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും വിദ്യാഭ്യാസം നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. കേരളം വിദ്യാഭ്യാസരംഗത്ത് നേടിയ എല്ലാ നേട്ടങ്ങളും ഇല്ലായ്‌മ ചെയ്യുന്നതിലൂടെ ഉത്തരേന്ത്യയ്ക്ക് സമാനമായി നിരക്ഷരരായ ഒരുപറ്റം ജനങ്ങളെ സൃഷ്ടിക്കുക എന്നതിലേക്ക് വിദ്യാഭ്യാസമേഖലയിലെ വലതുപക്ഷവൽക്കരണം കൊണ്ടെത്തിക്കും. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വലതുപക്ഷത്തിന് അനുകൂലമായി പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകളെ സൃഷ്ടിക്കുക എന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ അജൻഡ നടപ്പിലാക്കുകയാണ് എല്ലാക്കാലത്തും യുഡിഎഫ് ചെയ്തിരുന്നത്. l

പൊതുവിദ്യാഭ്യാസം- 
കേന്ദ്രസർക്കാർ സമീപനം
തൊരു രാജ്യത്തിന്റെയും വികസന സൂചികയിൽ നിർണായക പങ്കുവഹിക്കുന്ന ഘടകമാണ് വിദ്യാഭ്യാസം. രക്തത്തിലും വർണ്ണത്തിലും ഇന്ത്യക്കാരാണെങ്കിലും അഭിരുചിയിലും വീക്ഷണത്തിലും, മൂല്യബോധത്തിലും ഇംഗ്ലീഷുകാരായ ഒരു വർഗത്തെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിൽ നിലനിന്നിരുന്നത്. ചില സാഹചര്യങ്ങളിൽ ഭരണകൂടങ്ങൾ അവയുടെ നിലനിൽപ്പിന് അനുയോജ്യമായ വിധത്തിലുള്ള വിദ്യാഭ്യാസം അടിച്ചേൽപ്പിക്കാറുണ്ട്. ആഗോളവൽക്കരണ, ഉദാരവൽക്കരണ നയങ്ങൾക്ക് നിർബാധം വിഹരിക്കാൻ കഴിയുന്ന വിധവും അതിലേക്ക് ഹിന്ദു വർഗീയ കാഴ്ചപ്പാടുകളെയും അതിന്റെ ശക്തികളെയും കണ്ണിചേർക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ വിദ്യാഭ്യാസ നയമാണ് 2020 ജൂലൈ 20ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ അംഗീകരിച്ച്, രാജ്യത്ത് നടപ്പിലാക്കിവരുന്നത്.

നിയോലിബറൽ നയങ്ങൾ നടപ്പാക്കിത്തുടങ്ങിയ കാലം മുതൽ വിദ്യാഭ്യാസം ഒരു കച്ചവടച്ചരക്കായി മാറി. പണം കൊടുത്ത് വാങ്ങാൻ കഴിയുന്നവന് ഉയർന്ന വിദ്യാഭ്യാസവും, സാധാരണ ജനങ്ങൾക്ക് സാമാന്യ വിദ്യാഭ്യാസവും മതിയെന്നതാണ് നിയോലിബറൽ നയങ്ങൾ മുന്നോട്ടുവയ്ക്കുന്ന വിദ്യാഭ്യാസ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയം 2020 രാജ്യമെമ്പാടും നടപ്പാക്കാൻ ബിജെപി സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

1968 ലെ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയത്തിൽനിന്നും 1986 ലെ രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസ നയത്തിൽനിന്നും വ്യത്യസ്തമായി, വിദ്യാഭ്യാസം സമവർത്തി പട്ടികയിൽ ആയിട്ടുപോലും സംസ്ഥാനങ്ങളോട് ആലോചിക്കാതെയും പാർലമെന്റിൽ ചർച്ച നടത്താതെയുമാണ് മൂന്നാം ദേശീയ വിദ്യാഭ്യാസ നയം 2020 രാജ്യത്ത് നടപ്പാക്കിയത്. നാളിതുവരെ ചേർത്തുപിടിച്ച വലിയൊരു വിഭാഗം ജനങ്ങളെ അവഗണിച്ചുകൊണ്ട് കച്ചവട താൽപര്യങ്ങൾ മുൻനിർത്തിയും, വർഗീയതയ്-ക്ക് ഊന്നൽനൽകിക്കൊണ്ടുമുള്ള ഒരു വിദ്യാഭ്യാസ നയമാണ് ഇന്നു രാജ്യത്തുള്ളത്. ദേശീയ വിദ്യാഭ്യാസ നയരേഖയെ ഒരു രാഷ്ട്രത്തിന്റെ വിദ്യാഭ്യാസത്തെ സംബന്ധിച്ച കേവല രേഖ മാത്രമായി പരിമിതപ്പെടുത്താൻ കഴിയില്ല. അത് ഓരോ രാജ്യവും കൈക്കൊള്ളുന്ന മറ്റു മേഖലകളിലെ നയങ്ങളും പരിപാടികളുമായി ബന്ധിതമായിരിക്കും. അതുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയരേഖ രാജ്യത്തിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള രാഷ്ട്രീയ നിലപാടാണ്. അതിനാൽ ദേശീയ വിദ്യാഭ്യാസ നയരേഖയെ രാഷ്ട്രീയമായി മാത്രമേ സമീപിക്കാൻ കഴിയൂ. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന സമീപനങ്ങളെ താഴെപറയുന്ന തരത്തിൽ സംഗ്രഹിക്കാം:

♦ കേന്ദ്രീകരണവും ഉദ്യോഗസ്ഥവൽക്കരണവുംവഴി ഇന്ത്യയുടെ ഫെഡറൽ ഘടനയെയും വൈവിധ്യത്തെയും അട്ടിമറിക്കൽ.

♦ സ്വകാര്യവൽക്കരണവും കച്ചവടവൽക്കരണവും

♦ വർഗീയവൽക്കരണവും കാവിവൽക്കരണവും

♦ തുല്യത, നീതി, അവസരസമത്വം, സംവരണം, സാമൂഹിക സുരക്ഷിതത്വം, ദേശീയോദ്ഗ്രഥനം, ദേശീയ വികാസം തുടങ്ങിയവയിൽ നിന്നുള്ള പിന്മാറ്റം

♦ വിദ്യാഭ്യാസത്തിൽ നിന്ന് ഭരണകൂടത്തിന്റെ പിന്മാറ്റം.

ഇതിനെല്ലാം കഴിയുംവിധം നിലവിലുള്ള ഘടനയെയും സംവിധാനങ്ങളെയും മാറ്റിമറിക്കാനുള്ള നിർദ്ദേശങ്ങളും നയരേഖയിലുടനീളം കാണാം. ഇതുകൂടാതെ അരാഷ്ട്രീയവൽക്കരണത്തിനുള്ള ശ്രമങ്ങളും കാണാൻ കഴിയും. ഇതുവരെയുള്ള നയരേഖകളിൽനിന്നു ഭിന്നമായി ജനാധിപത്യം, മതനിരപേക്ഷത, സ്ഥിതിസമത്വം തുടങ്ങിയ നിലപാടുകളെ മാത്രമല്ല ആ വാക്കുകളെപ്പോലും ഒഴിവാക്കിയിരിക്കുന്നു.

1976 ലാണ് 42 –ാം ഭരണഘടനാ ഭേദഗതിയിലൂടെ വിദ്യാഭ്യാസത്തെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും മാറ്റി കൺകറന്റ് ലിസ്റ്റിൽ ആക്കിയത്. അപ്പോഴും സംസ്ഥാനങ്ങൾക്ക് നിയതമായ ചുമതലകളും അധികാരങ്ങളും ഉണ്ടായിരുന്നു. അതെല്ലാം അപ്രസക്തമാക്കി തന്ത്രപരമായ കേന്ദ്രീകരണം വഴി, ഇന്ത്യൻ ഭരണഘടന അനുവദിച്ചു നൽകിയിട്ടുള്ള സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസമേഖലയിലുള്ള അവകാശവും അധികാരവും ഇല്ലാതാക്കുന്നതാണ് ഈ നയം. ഈ നയം വഴി സംസ്ഥാനങ്ങൾക്കുള്ള എല്ലാ അധികാരങ്ങളും ചുമതലകളും പ്രത്യക്ഷമായും പരോക്ഷമായും ബിജെപി നേതൃത്വം കൊടുക്കുന്ന കേന്ദ്രസർക്കാർ പുതുതായി രൂപകൽപ്പന ചെയ്ത ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ( HECI ), നാഷണൽ റിസർച്ച് ഫൗണ്ടേഷൻ ( NRF ), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA ), നാഷണൽ അസ്സെസ്-മെന്റ് സെന്റർ – പറാഖ് (PARAKH), നാഷണൽ കമ്മിറ്റി ഫോർ ദ ഇന്റഗ്രേഷൻ ഓഫ് വൊക്കേഷണൽ എജുക്കേഷൻ ( NCIEV ), നാഷണൽ ടെക്നോളജി എജുക്കേഷൻ ഫോറം (NETF), പ്രൊഫഷണൽ സ്റ്റാൻഡേർഡ് സെറ്റിംഗ് ബോഡി ( PSSB ), നാഷണൽ എഡ്യൂക്കേഷൻ ടെക്നോളജി ഫോറം (NETF ), നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേർഡ് ഫോർ ടീച്ചേഴ്സ് (NPST ) എന്നീ കേന്ദ്രീകൃത സംവിധാനങ്ങൾ വഴി കവർന്നെടുക്കുകയാണ്.

സ്കൂൾ കോംപ്ലക്സുകളെ മുന്നിൽവെച്ചുകൊണ്ട് ചെറുവിദ്യാലയങ്ങളെ അടച്ചുപൂട്ടാനുള്ള ശ്രമമാണ് ഈ നയത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഇത് നടപ്പിലാക്കിയ പല സംസ്ഥാനങ്ങളിലും ആയിരക്കണക്കിന് വിദ്യാലയങ്ങളാണ് വർഷംതോറും അടച്ചുപൂട്ടുന്നത്. ഇതിനോടകം രാജ്യത്ത് 90,000 ലധികം പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടി. ഇതുവഴി സാധാരണക്കാർക്ക് വിദ്യാലയ പ്രവേശനം അപ്രാപ്യമാക്കുകയാണ് കേന്ദ്രസർക്കാർ. 3 കോടി 22 ലക്ഷം കുട്ടികൾ വിദ്യാലയത്തിൽ പ്രവേശിക്കാത്തവരായി രാജ്യത്തുണ്ട് എന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 സാക്ഷ്യപ്പെടുത്തുമ്പോൾ തന്നെ ഇവരെ വിദ്യാലയത്തിലേക്ക് എത്തിക്കുന്നതിനുപകരം നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും സൗജന്യ വിദ്യാഭ്യാസം നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒരു കിലോമീറ്ററിനുള്ളിൽ ലോവർ പ്രൈമറി പ്രായത്തിലുള്ള കുട്ടികൾക്ക് പഠിക്കാൻ ഒരു സ്കൂൾ ഉണ്ടാകണം എന്നു പറയുമ്പോൾ, നിലവിലുള്ള വിദ്യാലയങ്ങൾപോലും അടച്ചുപൂട്ടുന്ന നയമാണ് മോദി സർക്കാർ രാജ്യത്താകെ നടപ്പാക്കുന്നത്.

ഒരു നയരേഖയിൽ ആദ്യമായാണ് അധ്യാപക നിയമനം സംബന്ധിച്ച് ചർച്ച ചെയ്യുമ്പോൾ അധ്യാപകരെ വാടകയ്ക്കെടുക്കുന്ന കാര്യം പരാമർശിക്കുന്നത്. അധ്യാപകരെ ഹയർ ചെയ്യാമെന്നാണ് ഈ നയത്തിൽ പലയിടങ്ങളിലായി സൂചിപ്പിക്കുന്നത്. അവശ്യാനുസൃതം അധ്യാപകരെ ഹയർ ചെയ്യുക എന്നതാണ് ഫലത്തിൽ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ത്രിഭാഷാ പദ്ധതി നടപ്പിലാക്കുന്നതുവഴി അറബി, ഉർദു ഉൾപ്പെടെയുള്ള ചില ഭാഷകൾ പൂർണമായും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാനും, സംസ്കൃത ഭാഷയ്ക്ക് അമിത പ്രാധാന്യം നൽകാനുമുള്ള പ്രവണത ഈ നയത്തിൽ കൂടുതൽ വ്യക്തമായി കാണാൻ കഴിയും. പാഠ്യപദ്ധതി പൂർണമായും എൻസിഇആർടി നിയന്ത്രണത്തിലേക്ക് മാറുകയാണ്. പഠന ഭാരം കുറയ്ക്കുക എന്ന പേരുപറഞ്ഞ് ശാസ്ത്ര സത്യങ്ങളും, ചരിത്ര വസ്തുതകളും സ്വാതന്ത്ര്യസമര ചരിത്രവും എല്ലാം പാഠഭാഗങ്ങളിൽ നിന്നും വെട്ടിമാറ്റുകയാണ് ചെയ്യുന്നത്. പൗരാണികതയെ മഹത്വവൽക്കരിക്കുന്ന പാഠങ്ങൾ ഉൾച്ചേർത്തുകൊണ്ട് കൂടുതൽ വർഗീയത പാഠഭാഗങ്ങളിൽ കുത്തിനിറയ്-ക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസമേഖലയ്ക്കുള്ള വിഹിതം ഓരോ വർഷവും കുറച്ചുകൊണ്ടുവന്ന്, സൗജന്യ വിദ്യാഭ്യാസത്തിൽ നിന്നും പൂർണമായും പിന്മാറുകയാണ് കേന്ദ്രസർക്കാർ. വിദ്യാഭ്യാസത്തിനുള്ള വിഹിതം വെട്ടിക്കുറയ്ക്കുന്നതിനോടൊപ്പം കേന്ദ്ര പദ്ധതിയായ സമഗ്ര ശിക്ഷയ്ക്കുള്ള വിഹിതവും കേന്ദ്രസർക്കാർ കുറച്ചു കൊണ്ടുവരികയാണ്. രാഷ്ട്രീയ വൈരാഗ്യം മുൻനിർത്തി കേരളം ഉൾപ്പെടെയുള്ള ബിജെപിയിതര സർക്കാരുകൾക്ക് വിദ്യാഭ്യാസ ഗ്രാന്റുകൾ അനുവദിക്കാതെയും, അനുവദിക്കപ്പെട്ട തുക തന്നെ പൂർണമായും നൽകാതെയും ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രസർക്കാർ. ചരിത്രബോധമില്ലാത്ത, ശാസ്ത്രബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത പൗരാണികതയിൽ അഭിരമിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കാനാണ് കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ പുറകോട്ടുവലിക്കുന്ന, വലിയൊരു ജനവിഭാഗത്തിന് വിദ്യാഭ്യാസം നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ ഇത്തരം നയങ്ങൾക്കെതിരെ യോജിച്ച പോരാട്ടങ്ങൾ ഉയരുകതന്നെ വേണം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + two =

Most Popular