പണപ്പെരുപ്പത്തിന്റെയും അതുണ്ടാക്കുന്ന വിലക്കയറ്റംമൂലം വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവിന്റെയും ആഘാതം കുറയ്ക്കാന്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളത്തോടൊപ്പം/പെന്‍ഷനോടൊപ്പം നല്‍കുന്ന പ്രത്യേക അലവന്‍സാണ് ക്ഷാമബത്ത. വിലക്കയറ്റത്തെ പ്രതിരോധിക്കാനും ശമ്പളത്തിന്റെ/പെന്‍ഷന്റെ യഥാര്‍ത്ഥ മൂല്യം നിലനിര്‍ത്താനുമാണ് ക്ഷാമബത്ത അനുവദിക്കുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് കുതിച്ചുയര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിനായാണ് ക്ഷാമബത്ത എന്ന ആശയം ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്.
എങ്ങനെയാണ്
ക്ഷാമബത്ത കണക്കാക്കുന്നത്
വിപണി വിലനിലവാരത്തെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ വിലസൂചിക (Consumer Price Index) പ്രകാരമാണ് ക്ഷാമബത്ത കണക്കാക്കുന്നത്. ഇന്ത്യയിൽ All India Consumer Price Index (AICPI) ഓരോ വര്‍ഷവും രണ്ടു തവണ (ജനുവരിയിലും ജൂലൈയിലും) വിലനിലവാരം പരിശോധിച്ച് ശതമാനക്കണക്കില്‍ ക്ഷാമബത്ത നിശ്ചയിക്കുന്നു.
ക്ഷാമബത്ത കേരളത്തില്‍
കേരളത്തിലും കേന്ദ്ര നിരക്കില്‍ ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 1967 ജനുവരി അഞ്ച് മുതല്‍ 17 വരെ സംസ്ഥാന ജീവനക്കാരുടെ ആദ്യ അനിശ്ചിതകാല പണിമുടക്ക് നടന്നു.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്ന കാലയളവില്‍ നടന്ന അനിശ്ചിതകാല പണിമുടക്ക് 12 ദിവസക്കാലം നീണ്ടുനിന്നു. ജീവനക്കാരുടെ പണിമുടക്കിനെ ജനങ്ങള്‍ എതിര്‍ക്കണമെന്നാണ് അന്നത്തെ കെപിസിസി പ്രസിഡന്റ് കെ സി എബ്രഹാം പ്രസ്താവിച്ചത്. എന്നാൽ, പിടിവാശിയും ദുരഭിമാനവും ഉപേക്ഷിച്ച് ഗവണ്‍മെന്റ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് ഇഎംഎസ് ആവശ്യപ്പെട്ടത്. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് ചര്‍ച്ചയിലൂടെ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് എകെജി അടക്കമുള്ള ജനനേതാക്കളും ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പ് വ്യവസ്ഥയെ തുടര്‍ന്ന് ഗവര്‍ണര്‍ ക്ഷാമബത്ത കമ്മീഷനെ നിയമിച്ചെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. 1967 മാര്‍ച്ച് 6 ന് അധികാരത്തില്‍ വന്ന ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി സര്‍ക്കാരാണ് കേരളത്തിലെ ജീവനക്കാര്‍ക്ക് ആദ്യമായി കേന്ദ്രനിരക്കില്‍ ക്ഷാമബത്ത അനുവദിച്ചത്. 1964 ഏപ്രില്‍ 1 മുതല്‍ പ്രാബല്യം നല്‍കി മൂന്ന് ഗഡു ക്ഷാമബത്ത കേന്ദ്ര നിരക്കില്‍ അനുവദിച്ചു.
കോണ്‍ഗ്രസ് ഭരണകാലത്ത് എല്ലായ്-പ്പോഴും ക്ഷാമബത്ത തര്‍ക്കപ്രശ്നമാക്കിയിരുന്നു. നീട്ടിക്കൊണ്ടുപോകല്‍…… നിഷേധിക്കല്‍ എന്നിവയെല്ലാം യുഡിഎഫ് കാലത്ത് തുടര്‍ക്കഥകളായി.
കോൺഗ്രസ് ഭരണവും ക്ഷാമബത്തതയും
* 1974 ല്‍ അനിയന്ത്രിതമായ വിലക്കയറ്റം, ഭക്ഷ്യക്ഷാമം എന്നിവ ഉണ്ടായിട്ടും 6 ഗഡു ക്ഷാമബത്ത കുടിശ്ശികയാക്കി. പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 2 ഗഡു മാത്രം അനുവദിച്ചു.
* ക്ഷാമബത്ത അനുവദിക്കാന്‍ 1975 ഫെബ്രുവരി 5 മുതല്‍ 11 വരെ അനിശ്ചിതകാല പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് 3 ഗഡു കൂടി അനുവദിച്ചു.
* 1982–87 യുഡിഎഫ് ഭരണകാലത്ത് വീണ്ടും ക്ഷാമബത്ത നിഷേധിച്ചു.
* 1983 ല്‍ 4 ഗഡു കുടിശ്ശികയായപ്പോള്‍ ക്ഷാമബത്ത മരവിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ നടത്തുന്നതായി വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് 1983 ഫെബ്രുവരി 17 മുതൽ ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. ക്ഷാമബത്ത തര്‍ക്കപ്രശ്നമാക്കി നിഷേധിക്കാനുള്ള നീക്കം, ജീവനക്കാരുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടു.
* 1991–96 യുഡിഎഫ് ഭരണകാലത്തും ക്ഷാമബത്ത തുടര്‍ച്ചയായി കുടിശ്ശികയാക്കി.
* 1992 ല്‍ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കാതെ പേ ഇൗക്വലൈസേഷന്‍ നടപ്പിലാക്കി. ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളില്‍ വലിയ നഷ്ടം വരുത്തി
* കുടിശ്ശികയായ 22% ക്ഷാമബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1995 നവംബര്‍ 23ന് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്ക്- സമ്പൂര്‍ണ്ണമാകുമെന്ന ഘട്ടത്തില്‍ ക്ഷാമബത്ത അനുവദിച്ചു.
* 2001–2006 യുഡിഎഫ് ഭരണകാലത്ത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച രണ്ട് ഗഡു ക്ഷാമബത്ത ഉള്‍പ്പെടെ മരവിപ്പിച്ച് ഉത്തരവിറക്കി.
* 2002 ല്‍ ആറ് ഗഡു ക്ഷാമബത്ത കുടിശ്ശികയാക്കി.
* 2003 ഫെബ്രുവരി 27ന് പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രണ്ട് ഗഡുമാത്രം അനുവദിച്ചു,
* 2002 ജനുവരി പതിനാറിന്റെ ഉത്തരവിലൂടെ, പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് യുഡിഎഫ് സർക്കാർ രണ്ടു വര്‍ഷക്കാലം ക്ഷാമബത്ത നിഷേധിച്ചു.
ഇടതുപക്ഷ സര്‍ക്കാരുകളും
ക്ഷാമബത്തയും
* 1967 ലെ ഇ എം എസ് സര്‍ക്കാരാണ് കേരളത്തില്‍ ആദ്യമായി കേന്ദ്ര നിരക്കില്‍ ക്ഷാമബത്ത അനുവദിച്ചത്.
* 1980 ലെ നായനാര്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അനുവദിക്കുന്ന അതേ പ്രാബല്യത്തീയതിയില്‍ സംസ്ഥാനത്തും ക്ഷാമബത്ത അനുവദിച്ചു.
* 1997 ലെ എൽഡിഎഫ് സര്‍ക്കാരാണ് DCRG കണക്കാക്കുന്നതിന് അടിസ്ഥാന ശമ്പളത്തിനൊപ്പം ക്ഷാമബത്ത കൂടി പരിഗണിക്കാന്‍ തീരുമാനിച്ചത്.
* 2006 ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടൊഴിയുമ്പോള്‍ 6 ഗഡു ക്ഷാമബത്ത കുടിശ്ശികയായിരുന്നു. തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കുടിശ്ശിക മുഴുവന്‍ കൊടുത്തുതീര്‍ക്കുകയും തുടര്‍ന്നുള്ള അഞ്ചു വര്‍ഷക്കാലം കുടിശ്ശികയില്ലാതെ ക്ഷാമബത്ത അനുവദിക്കുകയും ചെയ്തു.
* 2016–21 ലെ എല്‍ഡിഎഫ് സര്‍ക്കാരും കുടിശ്ശികയില്ലാതെ ക്ഷാമബത്ത അനുവദിച്ചു.
* 2021 ഫെബ്രുവരിയില്‍ എൽഡിഎഫ് സർക്കാർ 16% ക്ഷാമബത്ത ഒരുമിച്ച് അനുവദിച്ച് ഉത്തരവാക്കുകയും തുടര്‍ന്ന് 11–ാം ശമ്പളപരിഷ്കരണം 1.7.2019 മുതല്‍ നടപ്പാക്കുകയും ചെയ്തു.
* ഇതോടെ 1.7.2020 മുതല്‍ ക്ഷാമബത്ത 7% ആയി.
കേന്ദ്രസര്‍ക്കാരും ഇതര സംസ്ഥാന സര്‍ക്കാരുകളും കോവിഡ് പ്രതിസന്ധിയുടെ പേരുപറഞ്ഞ് 1.1.2020 മുതല്‍ 30.6.2021 വരെയുള്ള 3 ഗഡു ക്ഷാമബത്ത മരവിപ്പിച്ചു. മരവിപ്പിച്ച ക്ഷാമബത്ത നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇക്കാലയളവിലെ ക്ഷാമബത്ത ഒരു ഗഡു പോലും മുടങ്ങാതെ കൃത്യമായി അനുവദിച്ചു. കോവിഡുകാലത്തെ ഈ മൂന്ന് ഗഡു ക്ഷാമബത്ത മുടങ്ങാതെ കൃത്യമായി നൽകിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം.
അര്‍ഹമായ നികുതി വിഹിതവും ജിഎസ്ടി നഷ്ടപരിഹാരവും ഗ്രാന്റുകളും നിഷേധിച്ചും വായ്പാപരിധി വെട്ടിക്കുറച്ചും കേന്ദ്രസര്‍ക്കാര്‍ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. പ്രതിവര്‍ഷം ശരാശരി 50,000 കോടിയിലധികം രൂപയുടെ വരുമാന നഷ്ടമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുണ്ടാക്കിയത്. പ്രതിമാസ ശമ്പള വിതരണംപോലും തടസ്സപ്പെടുത്തും വിധമുള്ള സാമ്പത്തിക ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ക്ഷാമബത്ത അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ കാലതാമസം നേരിട്ടു. എന്നാല്‍ മുന്‍കാല വലതുപക്ഷ സര്‍ക്കാരുകളെപോലെ സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം വിദ്യാഭ്യാസ സര്‍വീസ് മേഖലകള്‍ ആണെന്ന് കുറ്റപ്പെടുത്തി ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയല്ല, സ്ഥിതി മെച്ചപ്പെടുമ്പോള്‍ എല്ലാം ഒന്നൊഴിയാതെ അനുവദിക്കുമെന്ന ഉറപ്പുനല്‍കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത്.
റൂള്‍ 300 അനുസരിച്ച് നിയമസഭയില്‍ നല്‍കിയ ഉറപ്പ് കൃത്യമായി പാലിക്കുക മാത്രമല്ല, നിശ്ചിത സമയപരിധിക്കുള്ളില്‍ കുടിശ്ശികയായ മുഴുവന്‍ ക്ഷാമബത്തയും അനുവദിച്ച് സിവില്‍ സര്‍വീസിനോടുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രകടമാക്കുകയും ചെയ്തു.
2024 ഏപ്രില്‍ മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 10 ഗഡുക്കളായി 28% ക്ഷാമബത്ത സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നു. സംസ്ഥാനത്തിന്റെ വാര്‍ഷിക വായ്പാപരിധി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നതിനാല്‍ സമീപകാലത്ത് അനുവദിച്ച ക്ഷാമബത്ത ഗഡുക്കളുടെ പ്രാബല്യത്തീയതി മുതലുള്ള കുടിശ്ശിക അനുവദിക്കുന്ന കാര്യം ബന്ധപ്പെട്ട ഉത്തരവുകളില്‍ സൂചിപ്പിച്ചിരുന്നില്ല. അത്തരം അനിശ്ചിതത്വങ്ങള്‍ക്കും അറുതിവരുത്തി അനുവദിക്കപ്പെട്ട മുഴുവന്‍ ക്ഷാമബത്ത ഗഡുക്കളുടെയും പ്രാബല്യത്തീയതി മുതലുള്ള കുടിശ്ശിക എട്ടു ഗഡുക്കളായി അനുവദിക്കാനും ഉത്തരവായിരിക്കുന്നു.
ജീവനക്കാര്‍ അവകാശാനുകൂല്യങ്ങള്‍ നേടിയെടുത്തത് കോടതി വ്യവഹാരങ്ങളിലൂടെയല്ല പ്രക്ഷോഭങ്ങളും പണിമുടക്കുകളും നടത്തിയാണെന്ന ചരിത്ര യാഥാര്‍ത്ഥ്യം വിസ്മരിച്ച് ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ക്ഷാമബത്തയ്ക്കുവേണ്ടി കോടതിയെ സമീപിക്കുന്ന സ്ഥിതിയുണ്ടായി. ക്ഷാമബത്ത ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ എന്തുകൊണ്ട് വര്‍ത്തമാനകാലത്ത് ലഭ്യമാകുന്നില്ല എന്നതിനെക്കുറിച്ച് ജീവനക്കാരെ ബോധ്യപ്പെടുത്തി സമര രംഗത്തിറക്കുന്നതിനുപകരം രാഷ്ട്രീയ ദുഷ്ടലാക്കോടെ ആനുകൂല്യങ്ങള്‍ക്കുവേണ്ടി കോടതിയെ സമീപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ഏതെങ്കിലും വിധത്തിലുള്ള കോടതി പരാമര്‍ശങ്ങള്‍ ഉണ്ടാക്കി അതുവച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമം നടന്നു.
കോടതി നടപടിക്രമങ്ങളുടെ ഭാഗമായി കേസ് നടത്തിപ്പിന് ഉദ്യോഗസ്ഥര്‍ ക്ഷാമബത്ത അനുവദിക്കുന്നതിനെക്കുറിച്ച് നല്‍കിയ സത്യവാങ്മൂലം പൊക്കിപ്പിടിച്ച് ഇടതുപക്ഷ സര്‍ക്കാരിതാ ക്ഷാമബത്ത അനുവദിക്കുന്നതിന് എതിരാണ് എന്ന വിലാപവുമായി ചിലര്‍ തലപൊക്കാന്‍ നോക്കിയെങ്കിലും ധനകാര്യ വകുപ്പ് മന്ത്രി പത്രസമ്മേളനം വിളിച്ച് ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണ് എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് വ്യക്തമാക്കിയതോടെ അതും പൊളിഞ്ഞു പാളീസായി. 2026 ഏപ്രിൽ 1ന്റെ ശമ്പളത്തോടൊപ്പം കുടിശ്ശികയായ മുഴുവൻ ക്ഷാമബത്തയും നൽകാൻ ഉത്തരവായിട്ടുമുണ്ട്. അപ്പോൾ, ക്ഷാമബത്തയുടെ ചരിത്രം പരിശോധിച്ചാൽ, എല്ലാ കാലത്തും ജീവനക്കാർക്ക് ക്ഷാമബത്ത നൽകുന്നതിനും സിവിൽ സർവീസിനെ കാര്യക്ഷമമാക്കുന്നതിനും വേണ്ടി നിലകൊണ്ടത് ഇടതുപക്ഷ ജനാധിപത്യ സർക്കാരുകളാണെന്ന് നമുക്ക് കാണാൻ കഴിയും. l



