Monday, April 6, 2026

ad

Homeകവര്‍സ്റ്റോറികമ്പോള നയങ്ങള്‍ തകര്‍ത്ത സര്‍വീസ് മേഖല

കമ്പോള നയങ്ങള്‍ തകര്‍ത്ത സര്‍വീസ് മേഖല

എം എ അജിത്കുമാർ

നക്ഷേമം ഉറപ്പുവരുത്തുക എന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന കാഴ്ചപ്പാട് സ്വീകരിക്കപ്പെടുന്നത് സോവിയറ്റ് യൂണിയന്‍ നിലവില്‍ വന്നതോടെയാണ്. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ പൗരർക്ക് ഉറപ്പുവരുത്തുകയെന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമായി ഏറ്റെടുക്കപ്പെട്ടതോടെ അതിനായി വിവിധ വകുപ്പുകള്‍ക്ക് രൂപം കൊടുക്കുകയും അങ്ങനെ ഒരുകാലത്ത് നികുതി പിരിവും ക്രമസമാധാന പാലനവും മാത്രം നിര്‍വഹിച്ചിരുന്ന സിവില്‍ സര്‍വീസ് വിപുലീകരിക്കപ്പെടുകയും ചെയ്തു. സോവിയറ്റ് യൂണിയന്‍ മുന്നോട്ടുവച്ച ക്ഷേമ രാഷ്ട്രം എന്ന സങ്കല്പത്തിന് ലോകമാകെ വലിയ പ്രചാരം ലഭിച്ചതോടെ ജനക്ഷേമ പദ്ധതികളില്‍ ചിലതെങ്കിലും തങ്ങളുടെ ജനതയ്ക്കുവേണ്ടി നടപ്പാക്കാന്‍ മുതലാളിത്ത രാജ്യങ്ങളും നിര്‍ബന്ധിതമായി. അങ്ങനെ 1940 കളോടെ മുതലാളിത്ത രാജ്യങ്ങളിലും ആധുനിക സിവില്‍ സര്‍വീസ് വികസിച്ചു വന്നു. സിവില്‍ സര്‍വീസിന്റെ ഭാഗമായ ജീവനക്കാരുടെ ജീവിത സുരക്ഷ ഉറപ്പാക്കുക എന്നതും സര്‍ക്കാര്‍ ഉത്തരവാദിത്വമായി ഏറ്റെടുക്കപ്പെട്ടു. തൊഴില്‍ സുരക്ഷയും വാര്‍ദ്ധക്യകാല പരിരക്ഷയും ഉറപ്പാക്കി ആകര്‍ഷകമായ വേതനവും അതിന്റെ കാലാകാലങ്ങളിലുള്ള പരിഷ്കരണവും പെന്‍ഷന്‍ സുരക്ഷയും ജീവനക്കാരുടെ അവകാശമായി ഗണിക്കപ്പെട്ടു.

എന്നാല്‍ പ്രതിസന്ധിയിലായ ലോക മുതലാളിത്തം അത് മറികടക്കാന്‍ നിയോ ലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചതോടെ സ്ഥിതിഗതികള്‍ മാറി മറിഞ്ഞു. സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളും തകരുക കൂടി ചെയ്തതോടെ ചൂഷണവും പൊതുസംവിധാനങ്ങള്‍ക്കെതിരായുള്ള കടന്നാക്രമണവും അതിരൂക്ഷമായി. രാഷ്ട്ര സമ്പത്തും പ്രകൃതിവിഭവങ്ങളും മാത്രമല്ല ജനങ്ങളുടെ അധ്വാനശേഷിയും തുച്ഛമായ ചെലവില്‍ കൈക്കലാക്കി ലാഭം പരമാവധി വര്‍ദ്ധിപ്പിക്കുന്നതിന് കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശ ചെയ്യുന്ന നടപടികള്‍ ഭരണാധികാരികള്‍ പിന്തുടരുന്ന സ്ഥിതിയുണ്ടായി.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ ഈ നയങ്ങള്‍ നടപ്പാക്കാന്‍ ആരംഭിച്ചതോടെ അതിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവന്നത് രാജ്യത്തെ തൊഴില്‍ മേഖലയ്ക്കാണ്. അസംഘടിത മേഖലയില്‍ മാത്രമല്ല ആകെ തൊഴില്‍ ശക്തിയുടെ 10% ത്തില്‍ താഴെ മാത്രം വരുന്ന സംഘടിത തൊഴില്‍ മേഖലയെയും കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് നിയോലിബറല്‍ നയങ്ങള്‍ തള്ളിവിട്ടത്. രാജ്യത്തെ സിവില്‍ സര്‍വീസും കടുത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. ജീവനക്കാരുടെ വാര്‍ദ്ധക്യകാല സുരക്ഷാ പദ്ധതിയായ പെന്‍ഷന്‍ അവകാശം കവര്‍ന്നെടുക്കുകയും പകരം അവരുടെ അധ്വാന വിഹിതം നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുക്കുന്നതും എന്നാല്‍ ആനുകൂല്യം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതുമായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയെന്നു പറഞ്ഞ് നിയമന നിരോധനം ഏര്‍പ്പെടുത്തി. വകുപ്പുകളില്‍ തസ്തിക വെട്ടിക്കുറയ്ക്കല്‍ വ്യാപകമാക്കി. ഒഴിച്ചുകൂടാനാവാത്ത സേവനങ്ങള്‍ക്ക് സാര്‍വ്വത്രികമായ കരാര്‍, കാഷ്വല്‍ നിയമനങ്ങള്‍ നടപ്പാക്കി. കേന്ദ്ര സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളില്‍പ്പെടുന്ന ജോയിന്റ് സെക്രട്ടറി, ഡയറക്ടര്‍ എന്നിവയില്‍ പോലും കരാര്‍ നിയമനങ്ങള്‍ നടത്തി. ഏറ്റവും ഒടുവില്‍ രാജ്യസുരക്ഷയുടെ ഉത്തരവാദിത്വം നിക്ഷിപ്തമായ സൈന്യത്തിലും ‘അഗ്നിവീര്‍’ എന്ന പേരില്‍ കരാര്‍ നിയമനം നടത്തിവരികയാണ്. ടെലികോം ഡിപ്പാര്‍ട്ട്മെന്റിനെ സ്വകാര്യവല്‍ക്കരിക്കുന്നതിനു മുന്നോടിയായി ബിഎസ്എന്‍എല്‍, വിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികളാക്കി മാറ്റി. ബിഎസ്എന്‍എല്ലിന്റെ നിലവിലെ അവസ്ഥ എത്രമാത്രം പരിതാപകരമാണെന്ന് പരാമര്‍ശിക്കേണ്ടതില്ലല്ലോ.

യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഓര്‍ഡന്‍സ് ഫാക്ടറിയെയും സ്വകാര്യവല്‍ക്കരിക്കുന്നതിന് മുന്നോടിയായി കമ്പനികളാക്കി മാറ്റി. കേന്ദ്ര സിവില്‍ സര്‍വീസിന്റെ ഭാഗമായ പല വകുപ്പുകളും അടച്ചു പൂട്ടുകയോ അവയുടെ സേവനങ്ങള്‍ പുറം കരാര്‍ നല്‍കുകയോ ചെയ്തു. പാസ്പോര്‍ട്ട് ഓഫീസുകള്‍ അടച്ചുപൂട്ടി സേവനങ്ങള്‍ പുറം കരാര്‍ നല്‍കിയത് നമ്മുടെ കണ്‍മുന്നിലുണ്ട്. ഒഴിവുകള്‍ നികത്താതെ ഏജീസ് ഓഫീസുകളും തകര്‍ച്ചയുടെ വക്കിലാണ്. ഇക്കാലമത്രയും പിടിച്ചുനിന്ന തപാല്‍ വകുപ്പ് അവസാനം സ്വകാര്യവല്‍ക്കരണത്തിന് കീഴടങ്ങേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വികസന ക്ഷേമ പരിപാടികള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുകയും പകരം വിവിധ സ്കീമുകള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.

സ്കീമുകളുടെ നിര്‍വഹണത്തിന് 40% സംസ്ഥാന വിഹിതം ആവശ്യപ്പെടുന്നതിനു പുറമേ അവയുടെ നിര്‍വഹണത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കേണ്ടതില്ലെന്ന നിബന്ധന കൂടി അടിച്ചേല്‍പ്പിക്കുന്നു. ഇത് സംസ്ഥാന സിവില്‍ സര്‍വീസുകളെയും ശിഥിലീകരണത്തിലേക്ക് നയിക്കുന്നു. കാരണം സംസ്ഥാന സിവില്‍ സര്‍വീസിലെ പല വകുപ്പുകളും പ്രവര്‍ത്തിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ നിര്‍വഹണത്തിനു കൂടിയാണ്. കേന്ദ്രസര്‍ക്കാരിന്റെ ചുവടുപിടിച്ച് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും സിവില്‍ സര്‍വീസിന്റെ വലിപ്പം കുറയ്ക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. സ്ഥിര നിയമനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കി കരാര്‍–കാഷ്വല്‍ നിയമനങ്ങള്‍ വ്യാപകമാക്കുന്നു. ഇന്ന് രാജ്യത്ത് മിക്കവാറും സംസ്ഥാനങ്ങളില്‍ സ്ഥിരം ജീവനക്കാരേക്കാള്‍ കൂടുതല്‍ കരാര്‍ ജീവനക്കാരാണ് സിവില്‍ സര്‍വീസിലുള്ളത്. മെറിറ്റും സാമൂഹ്യനീതിയും പാലിച്ച് നടക്കുന്ന സ്ഥിര നിയമനങ്ങളുടെ സ്ഥാനത്ത് കരാര്‍ നിയമനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ അവിടെ സംവരണം അടക്കമുള്ള സാമൂഹ്യനീതിയുടെ മാനദണ്ഡങ്ങള്‍ റദ്ദു ചെയ്യപ്പെടുന്നു. ഇത് വലിയൊരു വിഭാഗത്തിന്റെ അവകാശനിഷേധത്തിന് കാരണമാകുന്നു. 40 ലക്ഷത്തിലേറെ ജീവനക്കാര്‍ ഉണ്ടായിരുന്ന കേന്ദ്ര സിവില്‍ സര്‍വീസില്‍ ഇപ്പോള്‍ ജോലി നോക്കുന്നത് 30 ലക്ഷത്തില്‍ താഴെ ജീവനക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലെ ചോദ്യത്തിന് നല്‍കിയ മറുപടി പ്രകാരം 9,64,364 തസ്തികകള്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണ്.

കേന്ദ്ര സര്‍വീസിലും പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളിലും നിലവിലുള്ള ഒഴിവുകള്‍ ചുവടെ ചേര്‍ക്കുന്നു.

ആകെ
തസ്തിക
ജോലി ചെയ്യുന്നത് ഒഴിവ്
പ്രതിരോധ മേഖല 577442 345042 232400
ഏജീസ് ഓഫീസ് 45000 35000 13500
ഗവ. പ്രസ് 12000 9000 3000
പാസ്പോര്‍ട്ട് 3000 2500 500
ഇ എസ് ഐ 25000 20000 5000
ജി എസ് ഐ
(ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ)
12000 9000 3000
ബി എസ് ഐ
(ബോട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ)
2000 1600 400
എസ് എസ് ഒ 5000 3500 1500
കസ്റ്റംസ് & സെന്‍ട്രല്‍ എക്സൈസ് 1.78 ലക്ഷം 1.04 ലക്ഷം 74000
റെയില്‍വേ 15,07, 342 1198294 309048
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എക്സ്പെന്‍ഡിച്ചര്‍ 5000 4250 750
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേസ് 18000 15000 3000
ഡിഫന്‍സ് റിസര്‍ച്ച് & ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) 7878 7863 15
പോസ്റ്റല്‍ 264477 164215 100262
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി 15441 13185 2256
ആഭ്യന്തരവകുപ്പ് 10.5 ലക്ഷം 9.5 ലക്ഷം 1 ലക്ഷം
ധനകാര്യവകുപ്പ് 1.2 ലക്ഷം 80000 40000

LIC
31.3. 2014 ലെ ആകെ ജീവനക്കാര്‍ 115715 ആയിരുന്നെങ്കില്‍ 31.03. 2025 ആയപ്പോള്‍ അത് 91,606 ആയി. 24,109 പേരുടെ കുറവ്.

എന്നാല്‍ ഏജന്റു മാരുടെ എണ്ണം ഇക്കാലയളവില്‍ 10,41,737 ല്‍ നിന്നും 14,86,851 ആയി വര്‍ദ്ധിച്ചു.

ശമ്പളപരിഷ്കരണത്തെ പോലും സിവില്‍ സര്‍വീസിനെ വെട്ടിച്ചുരുക്കാന്‍ ഉപയോഗിക്കുകയാണ് കേന്ദ്രസര്‍ക്കാരുകള്‍

* കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ ആറാം ശമ്പള പരിഷ്കരണത്തിലൂടെ കേന്ദ്ര സര്‍വീസിലെ ഗ്രൂപ്പ് ഡി തസ്തികകള്‍ നിര്‍ത്തലാക്കി.

* 2026 ജനുവരി 1 മുതല്‍ നടപ്പാക്കേണ്ട എട്ടാം ശമ്പള പരിഷ്കരണത്തിന് യഥാസമയം കമ്മീഷനെ നിയമിച്ചില്ല.

ജീവനക്കാരുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് 2025 നവംബര്‍ 3 ന് ശമ്പള കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായ കമ്മീഷന് 18 മാസമാണ് കാലാവധി അനുവദിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 18 മാസം അനുവദിക്കുകയും തുടര്‍ന്ന് കേന്ദ്രമന്ത്രിസഭ അതു പഠിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് വീണ്ടും മാസങ്ങള്‍ വേണ്ടിവരുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം അനന്തമായി നീണ്ടുപോകുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍.

പുതിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ചും അത‍് പ്രാബല്യത്തിലാകുന്ന തീയതി സംബന്ധിച്ചും സമാനമായ ആശങ്ക കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ ഉയര്‍ത്തുന്നുണ്ട്. കാരണം ഇപ്പോള്‍ പല സംസ്ഥാനങ്ങളും ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്തയ്ക്കും പ്രാബല്യ തീയതി മുതലുള്ള കുടിശ്ശിക അനുവദിക്കാന്‍ തയ്യാറാകുന്നില്ല.

ശമ്പള പരിഷ്കരണം:
 പ്രാബല്യ തീയതി, അനുവദിച്ചത്
മണിപ്പൂര്‍ : 1.1. 2016 2019 മുതല്‍
പശ്ചിമബംഗാള്‍ : 1. 1. 2016 1.4. 2020 അഞ്ചുവര്‍ഷ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ പ്രാബല്യ തീയതി അനുവദിച്ചത്
തെലങ്കാന : 1/2018 1/ 4/ 2020 അടുത്ത ശമ്പള പരിഷ്കരണം നടത്തേണ്ടിയിരുന്നത് 1/ 07/ 2023 മുതല്‍ ഇതുവരെയും നടപടികള്‍ തുടങ്ങിയില്ല.
ആന്ധ്ര പ്രദേശ് :ശമ്പള പരിഷ്കരണം നടത്തേണ്ടിയിരുന്ന 1/ 07/ 2023 മുതല്‍ ഇതുവരെയും നടപടികള്‍ തുടങ്ങിയില്ല.
കര്‍ണാടകം : ശമ്പള പരിഷ്കരണം നടത്തേണ്ടിയിരുന്നത് 1/07/2023 മുതല്‍ അനുവദിച്ചത് 1/08/ 2024 മുതല്‍.

ക്ഷാമബത്ത കുടിശ്ശിക ഇതര സംസ്ഥാനങ്ങളില്‍

ഗഡുക്കള്‍ ശതമാനം
ആന്ധ്രപ്രദേശ് 5 12
തെലങ്കാന 5 12
പഞ്ചാബ് 5 16
ത്രിപുര 7 22
പശ്ചിമബംഗാള്‍ 11 40
മണിപ്പൂര്‍ 5 16

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

6 + fourteen =

Most Popular