Monday, April 6, 2026

ad

Homeകവര്‍സ്റ്റോറിസിവില്‍ സര്‍വീസിനെ ഇല്ലാതാക്കല്‍ 
യുഡിഎഫ് – ബിജെപി അജൻഡ

സിവില്‍ സര്‍വീസിനെ ഇല്ലാതാക്കല്‍ 
യുഡിഎഫ് – ബിജെപി അജൻഡ

എം വി ശശിധരൻ

നിയോ ലിബറല്‍ നയങ്ങളുടെ വക്താക്കളായ കോണ്‍ഗ്രസും ബിജെപിയും സിവില്‍ സര്‍വീസിലും ഇതേ നയങ്ങള്‍ നടപ്പാക്കുന്നതിന് എല്ലായ്-പ്പോഴും ഒന്നിച്ചുനില്‍ക്കുകയാണ് ചെയ്യുന്നത്. സിവില്‍ സര്‍വീസിനെ തന്നെ ഇല്ലാതാക്കുകയാണ് ഇരുകക്ഷികളുടെയും ലക്ഷ്യം.

1990കളില്‍ നരസിംഹറാവുവും മന്‍മോഹന്‍ സിങ്ങും ആരംഭിച്ചതും വാജ്പേയിയും നരേന്ദ്രമോദിയും തീവ്രവേഗതയില്‍ നടപ്പാക്കിയതുമായ നിയോലിബറല്‍ നയങ്ങളുടെ കെടുതി നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നിയോലിബറല്‍ നയത്തിന്റെ അടിസ്ഥാനതത്ത്വംതന്നെ എല്ലാം ധനമൂലധനം (കോര്‍പ്പറേറ്റ്) ചെയ്തുകൊള്ളും, സര്‍ക്കാര്‍ ഇടപെടേണ്ടതില്ല എന്നുമാണ്. സര്‍ക്കാര്‍ ഇടപെടുന്നത് സിവില്‍ സര്‍വീസിലൂടെയാണ്; സര്‍ക്കാര്‍ ഇടപെടേണ്ട എന്നു പറഞ്ഞാല്‍ സിവില്‍ സര്‍വീസ് വേണ്ടതില്ല എന്നര്‍ത്ഥം. അതിനവര്‍ വിവിധങ്ങളായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.

♦ സിവില്‍ സര്‍വീസിനെ ദുര്‍ബലമാക്കുക എന്നതാണ് ആദ്യം ചെയ്യുന്നത്. അതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, അനാകര്‍ഷകമാക്കുക, സ്വകാര്യവല്‍ക്കരിക്കുക എന്നിവ ചെയ്തുകൊണ്ടിരിക്കുന്നു. തസ്തിക വെട്ടിക്കുറയ്ക്കലും നിയമനനിരോധനവും വ്യാപകമാക്കി. കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ 10 ലക്ഷം തസ്തികകളും റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖലകളില്‍ 4ലക്ഷവും പൊതുമേഖലാ ബാങ്കുകളില്‍ 2.5 ലക്ഷവും തസ്തികകള്‍ ഒഴിച്ചിട്ടിരിക്കുന്നു.

♦ സിവിൽ സർവീസിനെ അനാകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി തൊഴില്‍ സുരക്ഷ, വേതന സുരക്ഷ, ജീവിത സുരക്ഷ എന്നിവ ഇല്ലാതാക്കി.

♦ പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കി. ബി.കെ ഭട്ടാചാര്യ കമ്മിറ്റി ശുപാര്‍ശ പ്രകാരം 2004 ജനുവരി ഒന്നു മുതല്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്ര സര്‍വീസില്‍ എന്‍ പി എസ് നടപ്പിലാക്കി.

♦ ഒന്നാം യുപിഎ സര്‍ക്കാര്‍ പി എഫ് ആര്‍ ഡി എ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചു; അന്ന് ഇടതുപക്ഷം എതിര്‍ത്തതിനാല്‍ നടന്നില്ല.

♦ ബിജെപി, കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരുകളെല്ലാംതന്നെ എന്‍ പി എസ് നടപ്പിലാക്കി.

♦ രണ്ടാം യുപിഎ സര്‍ക്കാര്‍ പി എഫ് ആര്‍ ഡി എ നിയമം കൊണ്ടുവന്നു. ഇടതുപക്ഷം എതിര്‍ത്തു; ബിജെപി പിന്തുണച്ചു. നിയമം പാസാക്കപ്പെട്ടു.

♦ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2013 സെപ്തംബർ 18 മുതല്‍ പി എഫ് ആര്‍ ഡി എ നിയമം നടപ്പിലാക്കി.

♦ നിലവിലുള്ള പെന്‍ഷന്‍കാരുടെ പെന്‍ഷനും നിഷേധിക്കാനാണ് ബിജെപി – കോണ്‍ഗ്രസ് ശ്രമം.അതിന്റെ ഭാഗമായി വാലിഡേഷന്‍ ഓഫ് സെന്‍ട്രല്‍ സര്‍വീസസ് പെന്‍ഷന്‍ റൂള്‍സ് 2025 നിയമം ബിജെപി സര്‍ക്കാര്‍ പാസാക്കി. കോണ്‍ഗ്രസ് നിശബ്ദമായി അതിനെ അനുകൂലിച്ചു.

♦ സര്‍ക്കാര്‍ സര്‍വ്വീസിന്റെ സ്വകാര്യവല്‍ക്കരണവും വേഗത്തില്‍ നടക്കുകയാണ്. 2008 ല്‍ കോണ്‍ഗ്രസ് പാസ്-പോര്‍ട്ട് ഓഫീസ് സ്വകാര്യവല്‍ക്കരിച്ചു. ഇപ്പോള്‍ ബിജെപി റെയില്‍വേ, ബാങ്ക്, ഇന്‍ഷുറന്‍സ്, ഇന്‍കം ടാക്സ് എന്നിവ വേഗത്തില്‍ സ്വകാര്യവത്കരിക്കുകയാണ്. എല്ലായിടത്തും ഫെസിലിറ്റേറ്റര്‍മാർ വന്നിരിക്കുന്നു.

♦ കേരളത്തിലും സ്ഥിരം നിയമനം അട്ടിമറിക്കാനും സിവില്‍ സര്‍വീസിനെ ദുര്‍ബലമാക്കാനും കേന്ദ്രപദ്ധതികളില്‍ നിബന്ധന വെച്ചും വിഹിതനിഷേധം നടത്തിയും കേന്ദ്ര സര്‍ക്കാര്‍ ഇടപെടുകയാണ്.

♦ റവന്യൂ കമ്മി ഗ്രാന്‍ഡ് ഉള്‍പ്പെടെ നിഷേധിച്ച് ശമ്പള വിതരണം, പെന്‍ഷന്‍, ക്ഷാമബത്ത എന്നിവയെല്ലാം അട്ടിമറിക്കാന്‍ മോദി സർക്കാരിന്റെ ഗൂഢാലോചന; കോണ്‍ഗ്രസിന്റെ അകമഴിഞ്ഞ പിന്തുണയും ഇതിനുണ്ട്.

കേരളത്തിലെ 
യുഡിഎഫ് ഭരണകാലം
ജീവനക്കാരും അധ്യാപകരും ഒരുകാലത്തും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതാണ് യുഡിഎഫിന്റെ ഭരണകാലം. യുഡിഎഫ് അധികാരത്തില്‍ വന്ന ഘട്ടങ്ങളിലെല്ലാം സിവില്‍ സര്‍വീസിനെ തകര്‍ക്കാന്‍ വലിയ ശ്രമം നടത്തിയതായി കാണാം. ഇതറിയാൻ യുഡിഎഫ് അധികാരത്തിലിരുന്ന അവസാനത്തെ രണ്ടു ഘട്ടങ്ങളിലെ (2001–2006, 2011–2016) നടപടികള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും.

♦ ഇന്ത്യയില്‍ ആദ്യമായി പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാന്‍ ഉത്തരവിട്ടത് 2002ല്‍ കേരളത്തിലാണ്.

♦ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ (GO(p)56/2002/fin.dt16.01.2002)-27 അവകാശാനു കൂല്യങ്ങള്‍ കവര്‍ന്നെടുത്തു.

♦ ആദ്യ രണ്ടുവര്‍ഷം ക്ഷാമബത്ത ഇല്ല; അടിസ്ഥാന ശമ്പളം മാത്രം. ശമ്പളം മാസത്തിന്റെ പകുതിയില്‍ കൊടുത്താല്‍ മതി. തസ്തികകള്‍ വെട്ടിച്ചുരുക്കി. നിയമന നിരോധനം വ്യാപകമാക്കി. പങ്കാളിത്ത പെന്‍ഷന്‍, ഭവനവായ്പ, അനാദായക സ്കൂളുകള്‍ അടച്ചുപൂട്ടല്‍ തുടങ്ങിയവയെല്ലാം ഈ ഉത്തരവില്‍ ഉള്‍പ്പെടുത്തി.

♦ ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ (ADB) മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമാണ് ഈ കാര്യങ്ങളൊക്കെ നടപ്പിലാക്കാന്‍ ശ്രമിച്ചത്. 32 ദിവസം നീണ്ടുനിന്ന സമാനതകളില്ലാത്ത അനിശ്ചിതകാല പണിമുടക്കാണ് ഇതിനെ തടഞ്ഞുനിര്‍ത്തിയത്.

♦ 2006ല്‍ അധികാരത്തില്‍ വന്ന വിഎസ് അച്യുതാനന്ദൻ സര്‍ക്കാരാണ് പെന്‍ഷന്‍ പങ്കാളിത്തമാക്കിയ നടപടി പിന്‍വലിച്ചത്.

♦ മോഡേണൈസേഷന്റെ പേരുപറഞ്ഞ് തസ്തിക വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും വ്യാപകമാക്കി.

♦ യുഡിഎഫ് അധികാരത്തില്‍ വന്ന ഘട്ടങ്ങളിലെല്ലാം ക്ഷാമബത്ത തര്‍ക്ക വിഷയമാക്കി. ശമ്പള പരിഷ്കരണത്തിന്റെ അഞ്ചുവര്‍ഷതത്ത്വം അട്ടിമറിച്ചു.

♦ 2011 ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിലും 2013 ഏപ്രിൽ 1 മുതല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കി.

♦ 2011–2016 കാലത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ഭരണ നേട്ടമായി പറഞ്ഞത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി എന്നതാണ്. എന്നാൽ, യുഡിഎഫ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയതിന്റെ തിക്തഫലമാണ് ഇന്നും ജീവനക്കാര്‍ അനുഭവിക്കുന്നത്.

♦ രണ്ടാം പിണറായി സര്‍ക്കാര്‍ അഷ്വേര്‍ഡ് പെന്‍ഷന്‍ നടപ്പാക്കികൊണ്ട് പെന്‍ഷന്‍ ഉറപ്പാക്കിയിരിക്കുന്നു. ഇനി പങ്കാളിത്തമാണ് ഒഴിവാക്കേണ്ടത്. അതിന് ഭരണത്തുടര്‍ച്ച അനിവാര്യമാണ്.

യുഡിഎഫ് നേതാക്കളുടെ 
പ്രസ്താവനകള്‍ 
വിരല്‍ചൂണ്ടുന്നത്
യുഡിഎഫിന് ജീവനക്കാരോടുള്ള സമീപനം മനസ്സിലാക്കാന്‍ നേതാക്കളുടെ സമീപകാല പ്രസ്താവനകള്‍മാത്രം നോക്കിയാല്‍ മതി. ജീവനക്കാരെ പോത്തിനോട് ഉപമിച്ച കെ കരുണാകരനും, ‘ജീവനക്കാരെക്കൊണ്ട് ഒരു ഗുണവും ഇല്ല, ഒരു മാസം ഓഫീസ് അടഞ്ഞു കിടന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെ’ന്ന് പറഞ്ഞ എ കെ ആന്‍റണിയും വരുമാനം മുഴുവന്‍ ജീവനക്കാരാണ് കൊണ്ടുപോകുന്നത് എന്നുപറഞ്ഞ ഉമ്മന്‍ചാണ്ടിയും ജീവനക്കാരെ ജനങ്ങളുടെ ശത്രുപക്ഷത്ത് നിര്‍ത്തിയ മുഖ്യമന്ത്രിമാരാണ്. യുഡിഎഫ് നേതാക്കളുടെ വക മറ്റു വിശേഷണങ്ങള്‍ വേറെയും ഉണ്ടായി. എന്നാല്‍ എൽഡിഎഫ് ഗവണ്‍മെന്റിന് നേതൃത്വം നല്‍കുന്നവരോ ഇടതുമുന്നണിയുടെ നേതാക്കളോ ജീവനക്കാര്‍ക്കെതിരെ അവരുടെ അവകാശാനുകൂല്യങ്ങളുമായി ബന്ധപ്പെടുത്തി യാതൊരു പ്രസ്താവനയും നടത്തിയതായി കാണാന്‍ കഴിയില്ല. പ്രതിപക്ഷത്തിരിക്കുമ്പോള്‍പോലും ജീവനക്കാര്‍ക്കെതിരെ പ്രസ്താവനയിറക്കുന്നതും അവരുടെ അവകാശാനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാന്‍ ആവശ്യപ്പെടുന്നതും ആഹ്വാനം നടത്തുന്നതുമെല്ലാം യുഡിഎഫിന്റെ മനോഭാവമാണ് പ്രകടമാക്കുന്നത്.

♦ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച്, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച് സര്‍ക്കാര്‍ ജോലിയും ശമ്പളവും പെന്‍ഷനും വാങ്ങി അധികകാലം കഴിയാമെന്ന് വിചാരിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവായിരിക്കെ ഉമ്മന്‍ചാണ്ടി 2010 ല്‍ നടത്തിയ പ്രസ്താവന അതേപടി പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായപ്പോള്‍ നടപ്പിലാക്കി. സര്‍ക്കാര്‍ ആശുപത്രികള്‍ പൂട്ടി, സ്കൂളുകള്‍ അടച്ചു; നിയമന നിരോധനവും തസ്തിക വെട്ടിക്കുറയ്ക്കലും നടപ്പിലാക്കി.2013 ഏപ്രിൽ ഒന്നു മുതല്‍ പെന്‍ഷനും ഇല്ലാതാക്കി.

♦ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല 2020 ഒക്ടോബർ ആറിന് മാതൃഭൂമി പത്രത്തില്‍ ലേഖനമെഴുതിയത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ 15% ശമ്പളം കുറവ് ചെയ്യണമെന്നാണ്. 2021ല്‍ യുഡിഎഫ് അധികാരത്തില്‍ വരാത്തതുകൊണ്ട് ജീവനക്കാരുടെ ശമ്പളം കുറഞ്ഞില്ല.

♦ 2021ല്‍ കേരളം ഒഴിച്ചുള്ള എല്ലാ സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാരും മൂന്ന് ഗഡു ക്ഷാമബത്ത (11%) മരവിപ്പിക്കുകയുണ്ടായി. 18 മാസത്തെ കുടിശ്ശിക ഇപ്പോഴും നല്‍കിയിട്ടില്ല.

♦ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമീപകാലത്ത് നടത്തിയ പ്രസ്താവനകളും പ്രതികരണങ്ങളും യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അവകാശാനുകൂല്യങ്ങള്‍ നിഷേധിക്കുമെന്നു മാത്രമല്ല നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്നവ കവരുകയും സിവില്‍ സര്‍വീസിനെത്തന്നെ തകര്‍ക്കുകയും ചെയ്യുമെന്നതിന്റെയും സൂചനകളാണ്.

♦ ജീവനക്കാരുടെ ശമ്പള പരിഷ്കരണം, ക്ഷാമബത്ത, പെന്‍ഷന്‍ പുന:പരിശോധന എന്നിവയടക്കമുള്ള ജനകീയ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത് യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഇതൊന്നും നടപ്പാക്കില്ല; ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയാണ് എന്നാണ്. 2001ല്‍ ഇതിനു സമാനമായ പ്രസ്താവന എ കെ ആന്റണിയും നടത്തിയിരുന്നു. ട്രഷറി കാലിയാണ്; എലിയും മൂട്ടയും പാറ്റയുമാണ് അവിടെയുള്ളത്. തുടര്‍ന്നാണ് 2002 ജനുവരി 16 ന്റെ ജി.ഒ(പി) 56/2002 ഉത്തരവിറക്കി അന്നേവരെ ലഭിച്ചിരുന്ന മുഴുവന്‍ ആനുകൂല്യവും കവര്‍ന്നെടുത്തത്.

♦ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞത് ജീവനക്കാരുടെ കയ്യില്‍ പണം എത്തരുത് അവര്‍ സമ്പന്നരാണ്, അവര്‍ പണം ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക; പാവങ്ങള്‍ക്കാണ് കൊടുക്കേണ്ടത് എന്നാണ്. ക്ഷാമബത്ത, ശമ്പള പരിഷ്കരണം എന്നിവ കവരാനുള്ള എളുപ്പവഴിയാണ് ജീവനക്കാരെ സമ്പന്നരെന്ന് ചിത്രീകരിച്ച് പാവങ്ങള്‍ക്ക് എതിരാണെന്ന് വരുത്തിതീർക്കുന്നത്. 2002ല്‍ ഇതേ തന്ത്രമാണ് യുഡിഎഫ് സർക്കാർ പ്രയോഗിച്ചത്. ജീവനക്കാര്‍ക്ക് ശമ്പളം അധികമാണ്, അതിനാല്‍ അവരില്‍നിന്ന് 500 കോടി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് കൊടുക്കുന്നു എന്ന വ്യാജ പ്രചരണമാണ് നടത്തിയത്. ഇത് വരാനിരിക്കുന്ന കവര്‍ച്ചയുടെ മണ്ണൊരുക്കലാണ്; കരുതിയിരിക്കുക.

♦ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്, ഇനി സര്‍ക്കാര്‍ ഫെസിലിറ്റേറ്റര്‍ ആയാല്‍ മതി എന്നാണ്. സിവില്‍ സര്‍വീസിന്റെ ആവശ്യമില്ല എന്നര്‍ത്ഥം. നിയോലിബറല്‍ നയത്തിന്റെ അടിസ്ഥാന പ്രമാണംതന്നെ എല്ലാം ധന മൂലധനം(കോര്‍പ്പറേറ്റ്) ചെയ്തുകൊള്ളും, സര്‍ക്കാര്‍ ഇടപെടേണ്ടതില്ല എന്നാണ്. സര്‍ക്കാര്‍ ഇടപെടുന്നത് സിവില്‍ സര്‍വീസിലൂടെയാണല്ലോ. സര്‍ക്കാര്‍ ഇടപെടേണ്ട എന്നുപറഞ്ഞാല്‍ സിവില്‍ സര്‍വീസ് വേണ്ട എന്നാണ് അര്‍ത്ഥം. കേന്ദ്രസര്‍ക്കാര്‍ ഇത് അക്ഷരംപ്രതി നടപ്പാക്കുകയാണ്. തല്‍ഫലമായിട്ടാണ് തസ്തിക വെട്ടി ക്കുറയ്ക്കലും നിയമനനിരോധനവും സ്വകാര്യവല്‍ക്കരണവും നടപ്പിലാക്കുന്നത്. യുഡിഎഫ് വന്നാല്‍ ഇത് കേരളത്തില്‍ കൊണ്ടുവരുമെന്നത് ഉറപ്പാണ്.

കേരളത്തില്‍ യുഡിഎഫ് ഭരണകാലം സിവില്‍ സര്‍വീസിനെ പിറകോട്ട് നടത്തുകയും അവകാശാനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തതിന്റെ നിരവധി അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. സംതൃപ്തവും ജനകീയവുമായ സിവില്‍ സര്‍വീസിന്റെ 10 വര്‍ഷക്കാലത്തെ, തിരികെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകുന്നത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. തങ്ങളുടെ അവകാശാനുകൂല്യങ്ങള്‍ സംരക്ഷിക്കാനും സിവില്‍ സര്‍വീസിനെ കൂടുതല്‍ ജനകീയമായും കരുത്തോടെയും മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഉത്തരവാദിത്വം ജീവനക്കാർ ഏറ്റെടുക്കണം; ജീവനക്കാർക്കുതന്നെയാണ് ആ ഉത്തരവാദിത്വം. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

seventeen + 12 =

Most Popular