കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ നേടിയെടുത്തതും സംരക്ഷിച്ചതും നിരന്തരം നടത്തിയ പോരാട്ടങ്ങളിലൂടെയാണ്. 2021–26 കാലത്ത് രണ്ടാം പിണറായി സർക്കാർ കേന്ദ്ര ഗവൺമെന്റിന്റെ ഉപരോധസമാനമായ നടപടികൾമൂലം സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോൾ ക്ഷാമബത്ത അതാത് സമയത്ത് നൽകാൻ കഴിയാത്ത സ്ഥിതിയുണ്ടായി. ഈ അവസരം മുതലെടുത്ത്, എക്കാലത്തും ജീവനക്കാർക്കൊപ്പം നിന്നിട്ടുള്ള എൽഡിഎഫിനെതിരെ വലതുപക്ഷ രാഷ്ട്രീയ കേന്ദ്രങ്ങളും മാധ്യമങ്ങളും ജീവനക്കാരുടെ അവകാശം കവർന്നെടുക്കുന്നുവെന്ന ആരോപണം ഉയർത്തുകയുണ്ടായി. എന്നാൽ, ഒരു ഗഡുപോലും കുടിശ്ശികയില്ലാതെ എൽഡിഎഫ് സർക്കാർ ക്ഷാമബത്ത പൂർണമായും ജീവനക്കാർക്ക് കൊടുത്തു കഴിഞ്ഞപ്പോൾ വലതുപക്ഷത്തിന്റെ ഇത്തരം വായ്ത്താരികളുടെ മുനയൊടിഞ്ഞു. കഴിഞ്ഞ പത്തുവർഷക്കാലം, 1957 മുതലുള്ള ഇടതുപക്ഷ സർക്കാരുകളുടെയെല്ലാം ഭരണകാലത്തെന്നപോലെതന്നെ സംസ്ഥാന ജീവനക്കാരെയും അധ്യാപകരെയും സംബന്ധിച്ചിടത്തോളം നേട്ടങ്ങളുടെ സുവർണകാലമായി നിസ്സംശയം അടയാളപ്പെടുത്താവുന്നതാണ്.
2016നു മുൻപുള്ള 5 വർഷത്തെ യുഡിഎഫ് ഭരണകാലത്തെയോ മുൻപ് എപ്പോഴെങ്കിലുമുള്ള കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളെയോകുറിച്ച് അങ്ങനെ പറയാൻ കഴിയുമോ? ഇല്ല. സംസ്ഥാനത്തെ മറ്റെല്ലാ ജനവിഭാഗങ്ങളെയുംപോലെതന്നെ സംസ്ഥാന ജീവനക്കാരെയും അധ്യാപകരെയും സംബന്ധിച്ചും ഇരുണ്ട നാളുകളായിരുന്നു യുഡിഎഫ് ഭരണകാലം. അതിലേക്കൊരു തിരിഞ്ഞുനോട്ടമാണ് ഈ ലക്കം ചിന്ത വാരിക നടത്തുന്നത്. എം വി ശശിധരൻ, എം എ അജിത്കുമാർ, ടി കെ എ ഷാഫി, എം ഷാജഹാൻ, എസ് ഗോപകുമാർ, ഡോ. എസ് ആർ മോഹനചന്ദ്രൻ, പി പി സന്തോഷ് എന്നിവരാണ് ലേഖനങ്ങൾ എഴുതുന്നത്.
കേരളത്തിലെ ജീവനക്കാർക്കും അധ്യാപകർക്കുമെന്നല്ല, കേരളീയ സമൂഹത്തിനാകെ അറിയാവുന്ന വസ്തുതയാണ് യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴെല്ലാം സിവിൽ സർവീസ് ഉൾപ്പെടെ കേരളത്തിലെ തൊഴിൽരംഗമാകെ സമരഭരിതമായിരുന്നു എന്നത്. ജീവനക്കാരും അധ്യാപകരും തൊഴിലാളികളുമെല്ലാം അക്കാലങ്ങളിൽ സമരങ്ങൾക്ക്, പണിമുടക്കുകൾക്ക് നിർബന്ധിതരാകുകയായിരുന്നു.
സ്വാതന്ത്ര്യാനന്തരം അധികാരത്തിലെത്തിയപ്പോൾ സംഘടിക്കാനുളള സ്വാതന്ത്ര്യംതന്നെ നിഷേധിക്കുകയായിരുന്നു കോൺഗ്രസ്. 1957ൽ കമ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് രൂപീകരിക്കപ്പെടും വരെ ഇതായിരുന്നു അവസ്ഥ. 1957 ലെയും 1967ലെയും ഇ എം എസ് ഗവൺമെന്റുകളാണ് സംഘടനാപ്രവർത്തനം നടത്തിയതിന്റെ പേരിൽ സർവീസിൽനിന്ന് പുറത്താക്കപ്പെടുകയോ ശിക്ഷകൾ നേരിടേണ്ടതായി വരികയോ ചെയ്ത എല്ലാവരെയും സർവീസിൽ തിരിച്ചെടുക്കുകയും എല്ലാ ശിക്ഷാ നടപടികളും റദ്ദാക്കുകയും ചെയ്തത്; അതോടെയാണ് സംഘടിക്കാനും അവകാശങ്ങൾ ചോദിക്കാനുമുള്ള ആത്മവിശ്വാസം ജീവനക്കാർക്ക് ലഭിച്ചത്. ക്ഷാമബത്തയും കാലോചിതമായ ശമ്പളവർധനയും സേവനവ്യവസ്ഥകളുടെ പുതുക്കലും ജീവനക്കാർ ആവശ്യപ്പെട്ടപ്പോഴെല്ലാം കോൺഗ്രസ് ഭരണകാലങ്ങളിൽ നിഷേധിച്ചുവെന്നു മാത്രമല്ല, കരിനിയമങ്ങളും കിരാതമായ മർദന നടപടികളുംകൊണ്ടാണ് അവർ അതിനെയെല്ലാം നേരിട്ടത് എന്നതും നമുക്ക് ഓർമയിലുണ്ടായിരിക്കണം.
തങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതിനെ ജീവനക്കാർ ചോദ്യംചെയ്തപ്പോൾ, ഒരു മാടമ്പിയെപ്പോലെ ‘പോത്തിനോട് ചോദിച്ചിട്ടല്ല നുകം വയ്ക്കുന്നത്’ എന്നു പറഞ്ഞതും കോൺഗ്രസുകാരനായ ഒരു മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ പേര് കെ കരുണാകരൻ. ഒരു മാസം ഓഫീസുകൾ അടച്ചിട്ടാലും ഒരു ചുക്കും സംഭവിക്കില്ലയെന്നു പറഞ്ഞതും കോൺഗ്രസുകാരനായ മറ്റൊരു മുഖ്യമന്ത്രി – എ കെ ആന്റണി. ജീവനക്കാർ മാത്രം അങ്ങനെ സുഖിക്കണ്ടയെന്നു പറഞ്ഞ കോൺഗ്രസ് നേതാവ് പിന്നീട് മുഖ്യമന്ത്രിയായി – ഉമ്മൻചാണ്ടി. ഇവരുടെയെല്ലാം ഇത്തരം മൊഴിമുത്തുകൾ നമ്മൾ ഓർത്തുകൊണ്ടേയിരിക്കണം. പ്രത്യേകിച്ചും മുഖ്യമന്ത്രിക്കസേരയ്ക്കായി ഇപ്പോഴേ കച്ചമുറുക്കി പിടിവലികൂടുന്ന പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും സ്വകാര്യവൽക്കരണത്തെക്കുറിച്ചും സർക്കാർ സ്വകാര്യസംരംഭകർക്ക് സൗകര്യമൊരുക്കിക്കൊടുക്കണമെന്നും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ പഴയ ഇരുണ്ട കാലങ്ങൾ നമ്മൾ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കണം. l



