Saturday, March 28, 2026

ad

Homeപ്രതികരണംപട്ടികവിഭാഗങ്ങൾക്കൊപ്പം 
നിൽക്കുന്നത് എൽഡിഎഫ് മാത്രം


പട്ടികവിഭാഗങ്ങൾക്കൊപ്പം 
നിൽക്കുന്നത് എൽഡിഎഫ് മാത്രം


പിണറായി വിജയൻ

ട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ മുന്നേറ്റം ലക്ഷ്യംവച്ചുള്ള ക്രിയാത്മക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ ഇടതുപക്ഷം നേതൃത്വം നൽകിയ സർക്കാരുകൾ എക്കാലവും സവിശേഷ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. 1957 ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയും 1967 ൽ വന്ന മുന്നണി മന്ത്രിസഭയും കാർഷിക ബന്ധങ്ങളിലും ഭൂബന്ധങ്ങളിലും വിദ്യാഭ്യാസ രംഗത്തും വരുത്തിയ അടിസ്ഥാനപരമായ മാറ്റങ്ങൾ പട്ടികജാതി, – പട്ടികവർഗ വിഭാഗങ്ങൾക്ക് ഒട്ടൊക്കെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കിയെന്നത് ചരിത്ര സത്യമാണ്. കുടി ഒഴിപ്പിക്കുന്നതിനെ തടയുന്ന ഓർഡിനൻസ് ഇറക്കിക്കൊണ്ടാണ് ഇ എം എസ് മന്ത്രിസഭ ഭരണം ആരംഭിച്ചത്. മണ്ണിൽ പണിയെടുക്കുന്നവർക്ക് മണ്ണിനുമേൽ അവകാശം നൽകുക എന്ന ചരിത്രപരമായ ദൗത്യം ആ സർക്കാർ വലിയൊരളവോളം നിറവേറ്റി.

പിന്നീട് അധികാരത്തിലെത്തിയ ഘട്ടത്തിലും ആ വഴിക്കുതന്നെ മുന്നോട്ടുപോയി. ഗ്രാമത്തിലാണെങ്കിൽ 10 സെന്റ്, നഗരത്തിലാണെങ്കിൽ 5 സെന്റ്, കോർപ്പറേഷനിലാണെങ്കിൽ 3 സെന്റ് എന്നിങ്ങനെ പതിച്ചുനൽകാൻ തീരുമാനിച്ചു. ഭരണം മാറിയതിനെ തുടർന്ന് ആ തീരുമാനം നടപ്പിലാക്കിയെടുക്കാൻ മിച്ചഭൂമി സമരമടക്കമുള്ള ഭൂ സമരങ്ങൾക്ക് ഇടതുപക്ഷം നേതൃത്വം നൽകി, അങ്ങനെ ആ തീരുമാനം നടപ്പിലാവുന്നു എന്നുറപ്പുവരുത്തി.

സാർവത്രികമായ വിദ്യാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ട് അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ ബില്ലും, ‘കൃഷിഭൂമി കർഷകന്’ എന്ന ആശയം ലക്ഷ്യംവെച്ച് അവതരിപ്പിക്കപ്പെട്ട കാർഷികബന്ധ ബില്ലും, ഭൂപരിഷ്‌കരണവുമൊക്കെയാണ് ചെയ്ത ജോലിക്കു കൂലി ചോദിക്കാൻ കഴിയും വിധം നട്ടെല്ലു നിവർത്തി നിൽക്കാൻ വേണ്ട കരുത്ത് അധഃസ്ഥിതരെന്നു മുദ്രയടിക്കപ്പെട്ടവർക്കു നൽകിയത്.

ഇ എം എസ് മന്ത്രിസഭയാണ് പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്ക് സ്റ്റൈപ്പന്റ്, ലംപ്‌സം ഗ്രാന്റ് എന്നിവ വ്യവസ്ഥാപിത രൂപത്തിൽ കൃത്യമായി മാസന്തോറും നൽകാൻ വ്യവസ്ഥ ചെയ്തത്. അതുപോലെ പട്ടികജാതി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തിയതും, ഈ വിഭാഗത്തിലെ കുട്ടികൾക്ക് പത്താം ക്ലാസുവരെ വിദ്യാഭ്യാസം സൗജന്യമാക്കിയതുമെല്ലാം ആദ്യത്തെ ഇ എം എസ് സർക്കാരായിരുന്നു. അങ്ങനെ പട്ടികജാതി വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു വിദ്യാഭ്യാസ പദ്ധതിയായിരുന്നു ആ സർക്കാരിന്റേത്.

സംസ്ഥാന പദ്ധതിവിഹിതത്തിൽ നിന്നും എസ് സി / എസ് ടി പ്ലാൻ ഫണ്ടുകളിലേക്ക് വിഹിതം നൽകിയിരുന്നത് ജനസംഖ്യാനുപാതികമായാണ്. എന്നാൽ, കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതിൽ വലിയ തോതിലുള്ള മാറ്റമുണ്ടായി. ജനസംഖ്യാ അനുപാതത്തെക്കാൾ കൂടുതലായിരുന്നു അനുവദിക്കപ്പെട്ട തുക. പട്ടികവിഭാഗങ്ങളുടെ ജനസംഖ്യ 10.46 ശതമാനമാണെങ്കിൽ 12.7 ശതമാനമാണ് പട്ടികജാതി വികസനത്തിനുള്ള ബജറ്റ് വിഹിതം. ദേശീയതലത്തിൽ 25.6 ശതമാനമുള്ള പട്ടിക വിഭാഗങ്ങൾക്കുള്ള ബജറ്റ് വിഹിതം 6.3 ശതമാനം മാത്രമാണ്.

എസ് സി / എസ് ടി വിഭാഗങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യംവെച്ചുള്ള നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. അതോടൊപ്പം പഠനസൗകര്യങ്ങളും പഠനസഹായങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള നയങ്ങളും സ്വീകരിച്ചു. അരലക്ഷത്തോളം പഠനമുറികളാണ് ഇത്തരത്തിൽ അനുവദിച്ചത്. പത്തു മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് ‘വിദ്യാകിരണം’ പദ്ധതിയിലുൾപ്പെടുത്തി ഡിജിറ്റൽ പഠനസൗകര്യങ്ങളൊരുക്കി. പ്രതിവർഷം 5 ലക്ഷത്തിൽപ്പരം വിദ്യാർത്ഥികൾക്ക് വരുമാനപരിധിയില്ലാതെ ഇ–-ഗ്രാന്റ്‌സ് ധനസഹായം നൽകുന്നു. കഴിഞ്ഞ 10 വർഷം കൊണ്ട് പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് മൂവായിരം കോടി രൂപയാണ് സ്‌കോളർഷിപ്പായി ലഭ്യമാക്കിയത്.

ഉന്നതി ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പാക്കി. പട്ടികവിഭാഗങ്ങളിൽ നിന്നും, 1,160 വിദ്യാർത്ഥികളെ വിദേശപഠനത്തിന് അയച്ചു. കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസിനായി രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് വരുമാന പരിധിക്കു വിധേയമായി കോഴ്‌സ് ഫീസ് പൂർണമായും സർക്കാരാണ് നൽകുന്നത്.

5 ലക്ഷത്തിലധികം കുടുംബങ്ങൾക്കാണ് 10 വർഷം കൊണ്ട് ലൈഫ് പദ്ധതി പ്രകാരം വീട് ലഭ്യമാക്കിയത്. ഇതിൽ 1,56,133 വീടുകൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കാണ് ലഭിച്ചത്. പട്ടികവർഗ വിഭാഗത്തിൽ 60,850 വീടുകൾ പൂർത്തീയായി. ഇത്തരത്തിൽ പൊതുപദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ തന്നെ ഓരോ വിഭാഗത്തിനുമിടയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുതകുന്ന സവിശേഷ ഇടപെടലുകളും നടത്തുന്നുണ്ട്.

പൂർത്തിയാകാതെ കിടന്ന വീടുകളുടെ പൂർത്തീകരണത്തിനായി പദ്ധതി ആരംഭിച്ചു. ആദ്യം ആയിരം വീടുകളാണ് പൂർത്തിയാക്കാൻ നിശ്ചയിച്ചത്. രണ്ടാം ഘട്ടമായി സേഫ് എന്ന പേരിൽ വീടുകളുടെ പൂർത്തീകരണത്തിനായി പദ്ധതി ആവിഷ്‌കരിച്ചു. 52,104 പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങളുടെയും 11, 860 പട്ടികവർഗ കുടുംബങ്ങളുടെയും വീടുകളുടെ നിർമ്മാണമാണ് ഇതിലൂടെ പൂർത്തീകരിച്ചത്. 36,612 പട്ടികജാതി കുടുംബങ്ങൾക്ക് ഭൂമിയുടെ പട്ടയം ലഭ്യമാക്കി. ഭൂരഹിതരായ പട്ടികവര്‍ഗക്കാരുടെ പുനരധിവാസം ലക്ഷ്യമിടുന്ന പദ്ധതിയുടെ കീഴില്‍ 2016 മുതൽ 2025 വരെയുള്ള കാലയളവിൽ കേരളത്തിലെ 9,196 പട്ടികവർഗ ഗുണഭോക്താക്കൾക്കായി 8,690.69ഏക്കർ ഭൂമി വിതരണം ചെയ്തു.

പട്ടിക ഗോത്രവർഗ വിഭാഗങ്ങളിലുള്ളവരെ പൊലീസ് സേനയിലും വനം വകുപ്പിലുമടക്കം നിയമിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ മാതൃകയൊരുക്കിയത്. നഗര പ്രദേശങ്ങളിലെ തൊഴിലുറപ്പ് പദ്ധതിക്ക് അയ്യൻകാളിയുടെ പേരു നൽകി ഉപജീവനമാർഗങ്ങൾ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളിൽ വരെ സാമൂഹ്യനീതിയുടെ അംശം ഉൾച്ചേർക്കുന്ന ഇടപെടലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസം തൊഴിൽ ഉറപ്പാക്കുകയും അതിലൂടെ കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്.

സംരംഭകർക്കായി ‘സമൃദ്ധി കേരളം’ എന്ന വായ്പാ പദ്ധതി ആവിഷ്‌കരിച്ചു. 10 ലക്ഷം രൂപ വരെ പലിശ ഇളവോടെ ഇതുവഴി വായ്പ ലഭ്യമാക്കുന്നുണ്ട്. പ്രൊഫഷണൽ – ബിരുദ യോഗ്യത നേടിയ പട്ടിക വിഭാഗക്കാരായ യുവതീ-യുവാക്കൾക്ക് പ്രവൃത്തിപരിചയം നേടുന്നതിനും മികച്ച ജോലികൾ ഉറപ്പാക്കുന്നതിനുമായി ആവിഷ്‌കരിച്ചതാണ് ‘ട്രെയിനിംഗ് ഫോർ കരിയർ എക്‌സലൻസ്’ അഥവാ ട്രേസ് പദ്ധതി. ഇതിലൂടെ വിവിധ മേഖലകളിലായി 5,000 പേർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. 5,000 പേർകൂടി നിലവിൽ പരിശീലനം നേടിവരുന്നു. കഴിഞ്ഞ 10 വർഷം കൊണ്ട് പട്ടികജാതിക്കാരായ 10,100 യുവജനങ്ങൾക്ക് വിദേശ തൊഴിൽ നേടുന്നതിന് സഹായം നൽകി. ഇതിനായി 68.45 കോടി രൂപ വിനിയോഗിച്ചു.

പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട് മെഡിക്കൽ കോളേജിൽ 72% എം ബി ബി എസ് പ്രവേശനം പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് നീക്കിവച്ചിട്ടുണ്ട്. 500 വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കുകയും 500 വിദ്യാർത്ഥികൾ പഠനം നടത്തിവരികയും ചെയ്യുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായാണ് പട്ടികജാതി വികസന വകുപ്പ് മെഡിക്കൽ കോളേജ് നടത്തുന്നത്. കോളേജിന്റെ വികസനത്തിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ 750 കോടി രൂപയാണ് ചെലവഴിച്ചത്. 2011-–16 കാലത്ത് വെറും 56.54 കോടി രൂപ മാത്രമാണ് ഈ മെഡിക്കൽ കോളേജിനായി ചെലവിട്ടത് എന്ന കാര്യം കൂടി ഓർക്കണം.

ഇടതുപക്ഷം തെളിച്ച പാതയിലൂടെയാണ് കേരളത്തിലെ പട്ടികജാതി വിഭാഗം മുന്നേറിയതെന്ന സത്യം മറച്ചുവെയ്ക്കാൻ ഇന്ന് പലരും ശ്രമിക്കുന്നുണ്ട്. ഇടതുപക്ഷം ശക്തമായ കേരളത്തിലെയും ഇടതുപക്ഷം ദുർബലമായ മറ്റിടങ്ങളിലെയും സ്ഥിതി ഒന്നു താരതമ്യപ്പെടുത്തി നോക്കിയാൽ ഇതിലെ വാസ്തവം മനസിലാകും. ദളിത് കുട്ടികളെ ഉരുകിത്തിളയ്ക്കുന്ന ടാറിട്ട റോഡിലിട്ട് ഉരുട്ടിയ സംഭവങ്ങൾ അവിടെയുണ്ട്. ഗോഹത്യ ആരോപിച്ച് ദളിതരെ തല്ലിക്കൊന്ന സംഭവങ്ങൾ അവിടെയുണ്ട്. ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിനു കല്ലെറിഞ്ഞു കൊന്ന സംഭവവും അവിടെയുണ്ട്. ദളിത് പെൺകുട്ടികളെ ജാതി വെറികൊണ്ടവർ കൊന്നുകെട്ടിതൂക്കിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.

രാജ്യത്ത് കഴിഞ്ഞ വർഷങ്ങളിൽ പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ നടന്ന അതിക്രമങ്ങളുടെ കണക്കുകൾ പരിശോധിച്ചു നോക്കൂ. ഓരോ ദിവസവും നൂറുകണക്കിന് പട്ടികവിഭാഗക്കാർ ജാതീയ ആക്രമണം നേരിടുന്നുണ്ടെന്നാണ് കണക്കുകൾ. കോൺഗ്രസും ബി ജെപിയും ശക്തമായ ചില സംസ്ഥാനങ്ങളിൽ ജാതീയമായ അതിക്രമങ്ങളുടെ എണ്ണത്തിൽ 250 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ജാതി വിവേചനത്തിന്റെ പേരിൽ കൊഴിഞ്ഞുപോകുന്ന പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാവുന്നു. ദളിത് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകളിൽ വലിയ തോതിലുള്ള വെട്ടിക്കുറവുകളുണ്ടാകുന്നു.

എപ്പോഴൊക്കെ വർഗീയ രാഷ്ട്രീയത്തിന് രാജ്യത്ത് മേൽക്കൈയുണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ ദളിതർക്കെതിരായ അതിക്രമങ്ങളിൽ വർദ്ധനവുമുണ്ടായി. എവിടെയൊക്കെയാണ് ഇത്തരം അതിക്രമങ്ങൾ നടക്കുന്നത്, ആരാണ് ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് എന്നൊക്കെ പരിശോധിച്ചാൽ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും. സംഘപരിവാർ വിഭാവനം ചെയ്യുന്ന മതാധിഷ്ഠിതമായ രാജ്യത്ത് പട്ടികജാതി-, പട്ടികവർഗ വിഭാഗങ്ങളുടെ സ്ഥാനവും അവരോടുള്ള സമീപനവും എപ്രകാരമായിരിക്കുമെന്ന് സൂചന നൽകുന്നതാണ് ഈ കണക്കുകളും അതിക്രമങ്ങളും. അത്തരം അക്രമങ്ങൾ അരങ്ങേറുമ്പോൾ ആർ എസ് എസിന്റെ അപ്രീതി ഉണ്ടായേക്കുമോയെന്നു ഭയന്ന് മൗനം പാലിക്കുകയാണ് കോൺഗ്രസ്.

പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ തൊഴിൽ സാധ്യത ഇല്ലാതാക്കുന്നവിധം പൊതുമേഖലയെയും സർക്കാർ സർവീസിനെയും തകർക്കുന്ന പ്രവർത്തനങ്ങൾക്ക് വിത്തിട്ടത് കോൺഗ്രസാണ്. അതിപ്പോൾ ബി ജെ പി കൂടുതൽ ശക്തമായി നടപ്പാക്കുകയാണ്. ലക്ഷക്കണക്കിന് തസ്തികകൾ ഇല്ലാതാക്കുന്നു. ശേഷിക്കുന്നവയിൽ ഭൂരിഭാഗത്തിലും നിയമനമില്ല. രാജ്യത്തു നടക്കുന്ന പി എസ് സി റിക്രൂട്ട്‌മെന്റുകളുടെ കണക്കെടുക്കൂ. അവയിൽ 60 ശതമാനവും നടക്കുന്നത് രാജ്യത്തിന്റെ ജനസംഖ്യയുടെ 2.5 ശതമാനം മാത്രമുള്ള കേരളത്തിലാണ്.

കേന്ദ്ര സർക്കാരും അതിനു നേതൃത്വം നൽകുന്ന രാഷ്ട്രീയവും ഇതര സംസ്ഥാനങ്ങളിലെ സർക്കാരുകളും എപ്രകാരമാണ് പട്ടികജാതി വിഭാഗങ്ങളെ സമീപിക്കുന്നതെന്നു വിശകലനം ചെയ്ത ശേഷം അത് കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോട് തട്ടിച്ചുനോക്കിയാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്: പട്ടികജാതി -പട്ടികവർഗ വിഭാഗങ്ങളോട് സ്വീകരിക്കുന്ന സമീപനത്തിൽ ഇടതുപക്ഷവും അത് നേതൃത്വം നൽകുന്ന സർക്കാരുകളും എങ്ങനെ വേറിട്ടു നിൽക്കുന്നുവെന്ന കാര്യം. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ കരുതലോടെ ചേർത്തുപിടിക്കുന്ന സമീപനമാണ് ഇടതുപക്ഷത്തിന്റേത്. അതിനിയും തുടരുകതന്നെ ചെയ്യും. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × five =

Most Popular