എത്ര വില കൊടുത്താലും പാചകവാതകം കിട്ടാത്ത അവസ്ഥയാണിന്ന് ഇന്ത്യയിലുള്ളത്. പാചകവാതക ഉപഭോഗത്തിൽ ലോകത്തെ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇതിൽ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. എന്നാൽ വിചിത്രമായ കാര്യം, പരമാവധി 15 ദിവസത്തെ പാചകവാതകം സ്റ്റോക് ചെയ്യാനുള്ള സൗകര്യമേഇന്ത്യക്കുള്ളൂ എന്നതാണ്. ഭൂഗർഭ അറകളുടെ ശേഷിയാകട്ടെ, രണ്ട് ദിവസത്തേക്കുള്ള പാചകവാതക ശേഖരണത്തിനുള്ളതേ ഉള്ളൂ. ഇത്ര നിർണായകവും പരമപ്രധാനവുമായ ഉപഭോഗ വസ്തു ഏതാനും മാസത്തേക്ക് ആവശ്യമായതെങ്കിലും സ്റ്റോക് ചെയ്യാനുള്ള ഒരു നടപടിയും മോദി ഗവൺമെന്റ് എടുത്തിരുന്നില്ല എന്നത് ആശ്ചര്യകരമാണ്. ഇറക്കുമതി ചെയ്യുന്നത് അന്നന്ന് വിതരണം ചെയ്യുന്ന ഏർപ്പാടാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. ഇസ്രയേൽ – അമേരിക്ക കൂട്ടുകെട്ടിന്റെ ഇറാൻ ആക്രമണത്തോടെ ഇന്ത്യയിൽ പാചകവാതകത്തിന് രൂക്ഷമായ ക്ഷാമം ഉണ്ടായതിന് കാരണം പാചകവാതകം സംഭരിച്ചുവെക്കുന്നതിനുവേണ്ടി യാതൊരുവിധ സംവിധാനവും ഇന്ത്യാ ഗവൺമെന്റ് ഒരുക്കാതിരുന്നതാണ്.
ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന ഖ്യാതി നേടുന്നതിന് യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുൻപ് ഇസ്രയേൽ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി മോദി ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഏറിയാൽ 48 മണിക്കൂർ കൊണ്ടവസാനിക്കുന്ന യുദ്ധം എന്നായിരിക്കാം മോദിയോട് നെതന്യാഹു പറഞ്ഞത്. എന്നാൽ ഇപ്പോൾ യുദ്ധം തുടങ്ങി മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. അടുത്ത ഏതാനും ദിവസത്തിനകമോ മാസത്തിനകമോ ഇതവസാനിക്കാനുള്ള വിദൂരമായ സാധ്യതപോലും തെളിഞ്ഞു വരുന്നതുമില്ല. ട്രംപും നെതന്യാഹുവും കൂടുതൽ ആക്രമണോത്സുകരായി നീങ്ങുന്നതായാണ് കാണുന്നത്. ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തെയും ഭരണാധികാരികളെയുമാകെ കൊന്നൊടുക്കിയാൽ യുദ്ധത്തിൽ ആധിപത്യം സ്ഥാപിക്കാനും വിജയം വരിക്കാനും കഴിയുമെന്ന ട്രംപിന്റെയും നെതന്യാഹുവിന്റെയും ധാരണതന്നെ തകർന്നിരിക്കുകയാണ്. തങ്ങളുടെ നേതൃനിരയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇറാൻ.
യുദ്ധം തുടങ്ങുന്നതോടെ ഇറാനിലെ ജനങ്ങളാകെ അവിടത്തെ ഭരണാധികാരികൾക്കെതിരെ തിരിയുമെന്നും അങ്ങനെ തങ്ങളുടെ ശിങ്കിടികളുടെ കയ്യിൽ ഇറാന്റെ ഭരണം വന്നു ചേരുമെന്നുമുള്ള ട്രംപിന്റെയും നെതന്യാഹുവിന്റെയും പ്രതീക്ഷ പൊലിഞ്ഞു. ഇറാൻ ഭരണാധികാരികളോട് എതിർപ്പുണ്ടായിരുന്നവരടക്കം ഇറാൻ ജനതയൊന്നാകെ ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കുന്നതാണ് ഇപ്പോൾ കാണുന്നത്. ഈ സാഹചര്യത്തിൽ യുദ്ധം ഉടനെയൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയെ ബാധിച്ച പാചകവാതകക്ഷാമം ഉടനെയൊന്നും അവസാനിക്കുന്ന ലക്ഷണമില്ലെന്നു മാത്രമല്ല, അതു കൂടുതൽ രൂക്ഷമാകാനുമാണ് സാധ്യത.
ഇന്ത്യയുടെ പാചകവാതക ഇറക്കുമതിയുടെ 85 ശതമാനവും ഹോർമൂസ് കടലിടുക്കു വഴിയാണ് വരുന്നത‍്. ഈ കടലിടുക്കാകട്ടെ ഇറാൻ സെെന്യത്തിന്റെ നിയന്ത്രണത്തിലുമാണ്. ഇപ്പോൾ അവർ അത് അടച്ചിരിക്കുകയാണ്. അത് തുറക്കുന്നതിനുള്ള നടപടികൾക്കായി ട്രംപ് ചെെനയും റഷ്യയുമടക്കമുള്ള രാജ്യങ്ങളെ സമീപിച്ചെങ്കിലും ഈ രാജ്യങ്ങളൊന്നും സഹായിക്കാൻ തയ്യാറല്ല. അമേരിക്കയുടെ എതിർപക്ഷത്തുനിൽക്കുന്ന ചെെനയും റഷ്യയും മാത്രമല്ല, സുഹൃദ് രാജ്യങ്ങളായി കരുതപ്പെടുന്ന ബ്രിട്ടനും ഫ്രാൻസും ജർമനിയും ഇറ്റലിയും ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും ട്രംപിന്റെ വഴിക്കുവരാൻ തയ്യാറല്ല. അങ്ങനെ ട്രംപും നെതന്യാഹുവും ഒറ്റപ്പെട്ടിരിക്കുകയാണ്. ഹോർമൂസ് കടലിടുക്ക് ഇറാൻ തുറന്നുകൊടുക്കാനുള്ള യാതൊരു സാധ്യതയുമില്ല. അത് തുറക്കണമെങ്കിൽ അമേരിക്കയും ഇസ്രയേലും ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കണം.
ഇറാൻ ഇപ്പോൾ ബംഗ്ലാദേശ് പോലെയുള്ള ദരിദ്ര രാജ്യങ്ങളുടെ കപ്പലുകൾ കടന്നുപോകാൻ അനുവദിക്കുന്നുണ്ട്. അതുകണ്ട് ഇന്ത്യയിലേക്ക് വരാൻ ശ്രമിച്ച ചരക്കുകപ്പൽ ഇറാൻ ആക്രമിക്കുകയും ചെയ്തു. അതിനവരെ കുറ്റം പറയാനാവില്ല. അവരുടെ പ്രസിഡന്റിനെയും കുടുംബത്തെയും മറ്റു പ്രധാന ഭരണനേതാക്കളെയും സമാധാന ചർച്ചകൾക്കിടെ ചതിച്ചു കൊലപ്പെടുത്തി രണ്ടു ദിവസം പിന്നിട്ടശേഷം മാത്രമാണ് കേവലം ഒരനുശോചനസന്ദേശമെങ്കിലും പുറപ്പെടുവിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറായത്. ലോകത്തെ എല്ലാ പ്രമുഖ രാജ്യങ്ങളും അമേരിക്കയുടെയും ഇസ്രയേലിന്റെയും ഈ നടപടിയിൽ പ്രതിഷേധിച്ചിട്ടും ഇന്ത്യ അതിനു തയ്യാറായതുമില്ല. അപ്പോൾ പിന്നെ എങ്ങനെ ഇറാൻ ഇന്ത്യയിലേക്കുള്ള കപ്പലുകൾ കടത്തിവിടും?
അമേരിക്കയിൽനിന്ന് പാചകവാതക കപ്പൽ വരുന്നുണ്ടെന്നാണ് പറയുന്നത്. പക്ഷേ, അത് ഇന്ത്യൻ തീരത്തെത്താൻ 45 ദിവസമെടുക്കും. ആ സാഹചര്യത്തിൽ റഷ്യയിൽനിന്ന് തൽക്കാലത്തേക്ക് പാചകവാതകം ഇറക്കുമതി ചെയ്യാൻ അമേരിക്ക അനുവാദം തന്നിട്ടുണ്ട്. രണ്ട് റഷ്യൻ കപ്പലുകൾ ഗുജറാത്ത് തീരത്ത് എത്തിയതായി റിപ്പോർട്ടുമുണ്ട്. എന്നാൽ, ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ അതൊന്നും മതിയാവില്ല. ഇന്ത്യയിലേക്കു ഇന്ധനവുമായി വരുന്ന 22 കപ്പലുകൾ ഹോർമൂസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്നതായാണ് ഏറ്റവും ഒടുവിൽ വരുന്ന വാർത്ത. അത് ഇന്ത്യയിലേക്കെത്തുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
ഇനി റഷ്യൻ എണ്ണയുടെ കാര്യമാണെങ്കിൽ, ട്രംപിന്റെ ആജ്ഞ ശിരസാ വഹിച്ച് മോദി റഷ്യയിൽനിന്ന് എണ്ണ വാങ്ങില്ലായെന്ന് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് പഴയതുപോലെ കുറഞ്ഞ വിലയ‍്ക്കും പഴയ വ്യവസ്ഥകളിലും എണ്ണ നൽകാനാവില്ല എന്നാണ് റഷ്യ ഇപ്പോൾ പറയുന്നത്. കമ്പോളവില നൽകണമെന്നും അവർ അറിയിച്ചിട്ടുണ്ട്. അതിന്റെ അർത്ഥം പാചകവാതകത്തിന്റെ വില ഇനിയും വർധിക്കുമെന്നാണ്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നിരിക്കുന്നു. 2026ൽ ബാരലിന് 58 ഡോളറിനും 68 ഡോളറിനും ഇടയിലായിരിക്കും ക്രൂഡ് ഓയിൽ വില എന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. യുദ്ധം തുടർന്നാൽ, ഇത് 120 മുതൽ 150 വരെ ഡോളറായി വർധിച്ചേക്കാം. ഇവിടെ നിലവിൽ പെട്രോൾ വില 105 രൂപയല്ലേ. ക്രൂഡ് ഓയിൽ വില ബാരലിന് 65 ഡോളർ ആയിരുന്നപ്പോൾ നിശ്ചയിച്ചതാണിത്. അപ്പോൾ ക്രൂഡ് ഓയിൽ വില 150 ഡോളർ ആകുമ്പോൾ പെട്രോൾ വില എത്രയായി കുതിച്ചുയരുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ.
ലോകത്തെ ഏറ്റവും താഴ്ന്ന വരുമാനക്കാരായ 50 ശതമാനം ജനങ്ങളിൽ 85 മുതൽ 95 ശതമാനം വരെ, ഏറ്റവും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലും (സബ് സഹാറൻ ആഫ്രിക്ക പോലുള്ളവ) ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും (ഇന്ത്യ, മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങൾ, ഇന്തോനേഷ്യ തുടങ്ങിയവ) ആണുള്ളത്. എണ്ണ വിലവർധനവിന്റെ ഭാരം മുഴുവൻ ഈ രാജ്യങ്ങളിലെ ജനങ്ങളുടെ ചുമലിലാണ് വന്നു പതിക്കാൻ പോകുന്നത്. ഇൗ രാജ്യങ്ങൾക്കാകട്ടെ, സ്വന്തമായി ആവശ്യമായത്ര എണ്ണയുമില്ല. അതുകൊണ്ട് അവ രൂക്ഷമായ വിലക്കയറ്റത്തെയും ഉൽപ്പാദനത്തകർച്ചയെയും നേരിടേണ്ടതായി വരും. എന്തു ചെയ്യണമെന്ന് തിരിച്ചറിയാതെ അന്തിച്ചുനിൽക്കുകയാണ് 56 ഇഞ്ചുകാരൻ മോദി!
മോദി യഥാർത്ഥത്തിൽ കണ്ടു പഠിക്കേണ്ടത് ശ്രീലങ്കയെയാണ്. ശ്രീലങ്ക ഇന്ത്യയെ അപേക്ഷിച്ച് എത്ര ചെറിയ രാജ്യമാണ്. വെറും 2.2 കോടി ജനങ്ങൾ മാത്രമുള്ള ഒരു രാജ്യമാണത്. അവിടുത്തെ പ്രസിഡന്റ് എന്താണ് ചെയ്തത്? ശ്രീലങ്കൻ തീരത്ത് അമേരിക്ക മുക്കിയ ഇറാന്റെ യുദ്ധക്കപ്പലിൽനിന്ന് രക്ഷപ്പെടുത്തിയ 34 പേരെയടക്കം 236 ഇറാനിയൻ നാവികർക്ക് ശ്രീലങ്ക താൽക്കാലിക അഭയം നൽകി. എന്നിട്ട് ശ്രീലങ്കൻ പ്രസിഡന്റ് അനുരാ കുമാര ദിസനായകെ പറഞ്ഞു, ‘‘ഞങ്ങൾ നിഷ്പക്ഷരാണ്. എന്നാൽ, ഞങ്ങൾക്ക് മനുഷ്യത്വമുണ്ട്. ശ്രീലങ്ക സ്വതന്ത്ര ചേരിചേരാ രാജ്യമാണ്. ഞങ്ങൾ എല്ലാ മനുഷ്യരെയും, അവർ ഇറാനിയനായാലും അമേരിക്കനായാലും ഇസ്രയേലിയായാലും, തുല്യരായാണ് പരിഗണിക്കുന്നത്. ഞങ്ങളുടെ ചേരിചേരാനയം ഞങ്ങളെപ്പോഴും ഉയർത്തിപ്പിടിക്കും’’. ശ്രീലങ്കയെപ്പോലെ ആത്മാഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് അമേരിക്കയ്ക്കുമുന്നിൽ മുട്ടുമടക്കാതെ വർത്തമാനം പറയുവാൻ മോദി തയ്യാറുണ്ടോ എന്നതാണ് ചോദ്യം. ബ്രസീൽ അടക്കമുള്ള മറ്റ് ബ്രിക്സ് രാജ്യങ്ങളോടൊപ്പംനിന്ന് അമേരിക്കയോട് വിലപേശുവാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറുണ്ടോ എന്നാണറിയേണ്ടത്.
അമേരിക്കയുടെ മുൻപിൽ മുട്ടിലിഴയുന്ന മോദിയുടെ നയം വരുത്തിവെച്ച വിനയാണ് നാമിന്ന് അനുഭവിക്കുന്ന പാചകവാതക പ്രതിസന്ധി. ഇനിയിത്, പെട്രോളിലേക്കും ഡീസലിലേക്കും വ്യാപിക്കുവാൻ പോകുകയാണ്. നിശ്ചയമായും, ഇന്ത്യാ ഗവൺമെന്റ് വരുത്തിവെച്ച വിനയാണിത്. ഇസ്രയേൽ സന്ദർശന സമയത്ത് ഇറാൻ യുദ്ധം ഉടൻ ഉണ്ടായേക്കാമെന്ന് മോദി അറിഞ്ഞിരിക്കാനിടയുണ്ട്. അപ്പോൾ അതനുസരിച്ച്, ഇന്ത്യയിൽ ആവശ്യത്തിന് പാചകവാതക ലഭ്യത ഉറപ്പാക്കാൻ വേണ്ട നടപടി മോദി സ്വീകരിക്കേണ്ടതായിരുന്നു. അത്തരമൊരു നടപടിയും കെെക്കൊള്ളാതെ ഇന്ത്യാ ഗവൺമെന്റ് നിഷ്-ക്രിയമായി ഇരുന്നതിന്റെ ദുരന്തമാണ് ഇന്ന് ഇന്ത്യയിലെ ജനങ്ങൾ അനുഭവിക്കുന്നത്. നിലവിൽ, 10–15 ദിവസത്തേക്കുള്ള പാചകവാതകം മാത്രമേ ലഭ്യമായിട്ടുള്ളൂ എന്നാണറിയുന്നത്.
ഇന്ത്യക്കാവശ്യമായതിന്റ 90% പാചകവാതകവും ഹോർമൂസ് കടലിടുക്ക് വഴിയാണ് വരുന്നത്. ഏതാനും ദിവസം മുൻപ്, മോദി ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്-കിയാന് ഫോൺ ചെയ്തതായി Xൽ ട്വീറ്റ് ചെയ്തിരുന്നു. പശ്ചിമേഷ്യയിലെ ഗൗരവതരമായ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് ഇറാൻ പ്രസിഡന്റിനോട് സംസാരിച്ചതായും ഇറാനിലുണ്ടായ നഷ്ടത്തിലും മരണങ്ങളിലും ദുഃഖം രേഖപ്പെടുത്തിയതായും മോദി കുറിച്ചു. ഇറാനിയൻ പ്രസിഡന്റിന്റെ ഇതിനോടുള്ള ഔദ്യോഗികമായ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ യാത്രാനുമതി നൽകിയിട്ടില്ല എന്നാണ് പല ഇറാനിയൻ സോഷ്യൽ മീഡിയ ഹാൻഡിലുകളും വെളിപ്പെടുത്തുന്നത്. ഇതുവരെ ഹോർമൂസ് കടലിടുക്ക് കടന്ന് ഒരു ഇന്ത്യൻ കപ്പലും യുദ്ധം തുടങ്ങിയശേഷം ഇന്ത്യൻ തീരത്തേക്ക് വന്നിട്ടില്ല.
ഇറാൻ ദീർഘകാലമായുള്ള ഇന്ത്യയുടെ സുഹൃദ് രാജ്യമാണ്. അങ്ങനെയൊരു രാജ്യം എന്തുകൊണ്ട് ഇത്തരമൊരു നിലപാട് എടുക്കുന്നുവെന്ന കാര്യം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. അമേരിക്കയുടെ പിന്നാലെ ഇന്ത്യാ ഗവൺമെന്റ് പോകുന്നതിന്റെ ദുരന്തമാണിത്. ഇന്ത്യൻ വിദേശനയത്തിലെ അമേരിക്കൻ ചായ്-വ് ഇപ്പോൾ തുടങ്ങിയതാണെന്ന് പറയാനാവില്ല. പഴയൊരു കാര്യം നാം ഓർക്കേണ്ടതുണ്ട്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് നടന്ന ഒരു സംഭവം. അന്നത്തെ പെട്രോളിയം മന്ത്രി ഇറാനുമായി കരാറുണ്ടാക്കാൻ ശ്രമിച്ചത് ഇറാനിൽനിന്നും കരമാർഗം പെെപ്പുവഴി പാചകവാതകവും ക്രൂഡ് ഓയിലും ഇന്ത്യയിൽ കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്നതിനായിരുന്നു. അന്നും അതിനെതിരെ അമേരിക്ക ഇടപ്പെട്ടു. ഇന്ത്യാ ഗവൺമെന്റ് പിന്തിരിഞ്ഞു എന്നു മാത്രമല്ല. ആ കരാറുണ്ടാക്കാൻ ശ്രമിച്ച പെട്രോളിയം മന്ത്രി മണിശങ്കർ അയ്യരുടെ കസേര തെറിക്കുകയും ചെയ്തു. കരമാർഗം ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിക്കുന്നതിന് പെെപ്പ്ലെെൻ നിർമിച്ചിരുന്നെങ്കിൽ ഇന്ത്യയിലിപ്പോൾ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. 2014ൽ മോദി അധികാരത്തിൽ വന്നതിനുശേഷം ഈ അമേരിക്കൻ വിധേയത്വം കൂടുതൽ ശക്തമാകുകയാണുണ്ടായത്. അതിന്റെ ദുരന്തമാണ് ഇപ്പോൾ നാം അനുഭവിക്കുന്ന പാചകവാതക ക്ഷാമം.
ഫെബ്രുവരി അവസാന ആഴ്ച ഇസ്രയേലിലെത്തി നെതന്യാഹുവിനെ കെട്ടിപ്പിടിക്കുമ്പോൾ യുദ്ധമുണ്ടായാൽ നമ്മുടെ എണ്ണയ്ക്കും പാചകവാതകത്തിനും എന്തു സംഭവിക്കുമെന്നെങ്കിലും മോദി ഓർക്കണമായിരുന്നു. അന്നത് ഓർക്കാതെ ഇപ്പോൾ ഇന്ത്യക്കാരോട് മോദി പറയുന്നത്, കോവിഡ് കാലത്തെപ്പോലെ രാജ്യം ഒരു വെല്ലുവിളി നേരിടുകയാണ്, അതിനെ അഭിമുഖീകരിക്കാൻ നാം സജ്ജമാകണം എന്നാണ്. ഇതിനർത്ഥം രാജ്യം കോവിഡ് കാലത്തേതുപോലെ രൂക്ഷമായ ഒരവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നാണ്; ഇത് മോദി ഗവൺമെന്റ് വരുത്തിവെച്ചതാണ്. യുദ്ധത്തിന്റെ കെടുതി നമ്മുടെ അടുക്കളയിലേക്കെത്തിയിരിക്കുകയാണ്. l



