യു.ഡി.എഫിന്റെ 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി
2026 മാർച്ച് 7-ന് തിരുവനന്തപുരത്ത് നടന്ന യുഡി എഫിന്റെ പുതുയുഗ യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് പ്രധാന വാഗ്ദാനങ്ങളിൽ ഏറ്റവുമധികം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന പ്രഖ്യാപനമാണ് സംസ്ഥാനത്തെ എല്ലാവർക്കും 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നത്. ഈ വാഗ്ദാനം കേൾക്കുമ്പോൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് തോന്നിയേക്കാം. എന്നാൽ ദേശീയ ആരോഗ്യ അക്കൗണ്ട്സ് (NHA) ഡാറ്റ, ഇൻഷുറൻസ് ഗണിത യാഥാർത്ഥ്യങ്ങൾ, കേരളത്തിന്റെ തന്നെ ആരോഗ്യചെലവുകൾ എന്നിവ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഈ പദ്ധതിമൂലം സാധാരണക്കാർക്ക് ലഭിക്കുന്ന പ്രയോജനം കുറവായിരിക്കുമെന്ന് മാത്രമല്ല, പൊതുഖജനാവിൽ നിന്ന് ആയിരക്കണക്കിന് കോടി രൂപ ഇൻഷുറൻസ് കമ്പനികളുടെ അക്കൗണ്ടിലേക്ക് മാറ്റുന്ന ഒരു പദ്ധതിയുമാണിതെന്ന് മനസ്സിലാകും.
I. കേരളത്തിന്റെ പൊതുജനാരോഗ്യ
സംവിധാനം: കണക്കുകൾ പറയുന്നത്
കേരളത്തിന്റെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ എന്താണ് വേണ്ടതെന്ന് ചർച്ചചെയ്യുന്നതിനു മുമ്പ്, അത് നിലവിൽ എന്താണ് നൽകുന്നത് എന്നതിനെ അടിസ്ഥാനമാക്കി വേണം ചർച്ചതുടങ്ങാൻ. കേരള ഇക്കണോമിക് റിവ്യൂ 2024–-25 പ്രകാരം, ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ കീഴിൽ 229 പ്രധാന ആശുപത്രികൾ, 849 കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, കൂടാതെ 4,500-ലധികം സബ് സെന്ററുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും (PHCs) ഉൾപ്പെടുന്നു. ഈ സ്ഥാപനങ്ങൾ ഒരു വർഷത്തിൽ 3.40 കോടിയിലധികം ഔട്ട്പേഷ്യന്റ് സന്ദർശനങ്ങളും 28 ലക്ഷത്തോളം ഇൻപേഷ്യന്റ് അഡ്മിഷനുകളും കൈകാര്യം ചെയ്യുന്നു. സർക്കാർ മെഡിക്കൽ കോളേജുകളിൽ 60 ലക്ഷത്തിലധികം ഔട്ട്പേഷ്യന്റ് കൺസൾട്ടേഷനുകളും 5.5 ലക്ഷം ഇൻപേഷ്യന്റ് ചികിത്സകളും രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രികൾ 3 ലക്ഷത്തിലധികം മേജർ സർജറികളും 7 ലക്ഷത്തോളം മൈനർ സർജറികളും നടത്തി. ഒരു ഇൻഷുറൻസ് കമ്പനിയുടെയും ഇടപെടലില്ലാതെയാണ് ഇവയിൽ ഭൂരിഭാഗവും നടന്നത് എന്നത് ശ്രദ്ധേയമാണ്.
പ്രധാന ആരോഗ്യ സാമ്പത്തിക സൂചകങ്ങൾ
കേരളവും ഇന്ത്യയും (2019-–20)
ജി.എസ്.ഡി.പി-യുടെ 4.50% ആരോഗ്യത്തിനായി ചെലവഴിക്കുന്ന കേരളം പ്രധാന സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ്. ഇത് ദേശീയ ആരോഗ്യ നയം 2017 ലക്ഷ്യമിടുന്ന 2.5% എന്നതിനേക്കാൾ കൂടുതലാണ്. കേരളത്തിൽ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടാത്ത വ്യക്തിഗത സാമ്പത്തിക ബാധ്യത (OOPE) 7,206 രൂപയാണ്. ഇത് ദേശീയ ശരാശരിയേക്കാൾ 3.15 മടങ്ങ് അധികമാണ്.
| സൂചകം | കേരളം | ഇന്ത്യ |
| ജി.എസ്.ഡി.പി/ജി.ഡി.പി-യുടെ % ആയി മൊത്തം ആരോഗ്യച്ചെലവ് (THE) |
4.50% | 3.3% |
| പ്രതിശീർഷ മൊത്തം ആരോഗ്യച്ചെലവ് (THE) (₹) | 10,607 | 4,863 |
| മൊത്തം ആരോഗ്യച്ചെലവിന്റെ % ആയി സർക്കാർ ആരോഗ്യച്ചെലവ് (GHE) |
24.42% | 41.4% |
| പ്രതിശീർഷ സർക്കാർ ആരോഗ്യച്ചെലവ് (GHE) (₹) | 2,590 | 2,014 |
| പ്രതിശീർഷ വ്യക്തിഗത ചെലവ് (OOPE) (₹) | 7,206 | 2,289 |
| മൊത്തം ആരോഗ്യച്ചെലവിന്റെ % ആയി OOPE | 67.94% | 47.1% |
| മൊത്തം ആരോഗ്യച്ചെലവിന്റെ % ആയി സാമൂഹിക സുരക്ഷാ ചെലവ് |
4.94% | 9.3% |
| മൊത്തം ആരോഗ്യച്ചെലവിന്റെ % ആയി സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് |
3.78% | 7.0% |
ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ: ചെലവിന്റെ നിലവിലെ രീതി
കേരളത്തിലെ ആരോഗ്യ മേഖലയിലെ ചെലവുകളുടെ രീതി പരിശോധിക്കുമ്പോൾ ദേശീയ തലത്തിൽ നിന്നും വ്യത്യസ്തമായ ഒരു ക്രമം കാണാൻ കഴിയും. കിടത്തിചികിത്സയ്ക്കായി (Inpatient care) ചെലവാക്കുന്ന 35.18% ആണ് ഏറ്റവും വലിയ വിഹിതം. കുറിപ്പടി പ്രകാരമുള്ളതും അല്ലാത്തതുമായ മരുന്നുകൾക്കായി ആകെ ചെലവിന്റെ 28.72% (₹10,126 കോടി) മാറ്റിവെക്കുന്നു, ഇത് ഏതാണ്ട് കിടത്തിചികിത്സയ്ക്ക് തുല്യമാണ്. ഇത് ഒ.ഇ.സി.ഡി (OECD) രാജ്യങ്ങളിലെ ശരാശരിയായ 16 ശതമാനത്തേക്കാൾ വളരെ കൂടുതലുമാണ്.
| ആരോഗ്യ സംരക്ഷണ പ്രവർത്തനം | തുക (₹കോടിയിൽ) |
CHE യുടെ % |
| കിടത്തി ചികിത്സ (Inpatient Curative Care) | 12,404 | 35.18% |
| ഒ.പി ചികിത്സ (Outpatient Curative Care) | 6,829 | 19.37% |
| ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ | 8,906 | 25.26% |
| കുറിപ്പടിയില്ലാതെ വാങ്ങുന്ന മരുന്നുകൾ (OTC) | 1,220 | 3.46% |
| രോഗി ഗതാഗതം | 1,655 | 4.69% |
| ലബോറട്ടറി & ഇമേജിംഗ് | 1,540 | 4.37% |
| പ്രതിരോധ പരിചരണം (Preventive Care) | 1,707 | 4.85% |
| പകൽ പരിചരണം (Day Curative Care) | 163 | 0.46% |
| ഭരണനിർവ്വഹണവും അഡ്മിനിസ്ട്രേഷനും | 415 | 1.18% |
| മറ്റു പ്രവർത്തനങ്ങൾ | 418 | 1.18% |
| ആകെ CHE | 35,257 | 100% |
(സ്രോതസ്സ്: SHA കേരള 2019-–20)
പ്രതിരോധ പരിചരണത്തിലെ കുറഞ്ഞ നിക്ഷേപം
പ്രതിരോധ കുത്തിവയ്പുകളിലും മാതൃ-–ശിശു ആരോഗ്യത്തിലും കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതിനാൽ പ്രതിരോധ പരിചരണത്തിനായി ആകെ ചെലവിന്റെ 4.85% (₹1,707 കോടി) മാത്രമേ നീക്കിവെക്കുന്നുള്ളൂ.
ആരോഗ്യ സംരക്ഷണ സേവനദാതാക്കൾ: പണം എങ്ങോട്ടാണ് പോകുന്നത്?
നിലവിലെ ആരോഗ്യച്ചെലവിന്റെ (CHE) 34.95% (₹12,322 കോടി) സ്വകാര്യ ആശുപത്രികളിലാണ് ചെലവാകുന്നത്, ഇത് സർക്കാർ ആശുപത്രികളിലെ ചെലവിനേക്കാൾ (₹4,134 കോടി, 11.73%) ഏകദേശം 3 മടങ്ങ് കൂടുതലാണ്. ഉയർന്ന ക്രയശേഷി, മെഡിക്കൽ ടൂറിസം, നഗരകേന്ദ്രീകൃതമായ വികസനം എന്നിവ കാരണം കേരളത്തിലെ വികസിത സ്വകാര്യ ആശുപത്രി മേഖല ആരോഗ്യച്ചെലവിന്റെ സിംഹഭാഗവും കൈക്കലാക്കുന്നു.
| സൂചകം (NHSRC NHA 2013-–14) അഖിലേന്ത്യാ തലം |
സർക്കാർ ധനസഹായ പദ്ധതികൾ | സാമൂഹ്യ ആരോഗ്യ ഇൻഷുറൻസ് |
| നിലവിലെ ആരോ ₹32,308 കോടി ഇൻഷുറൻസ് ചെലവ് |
₹4,757 കോടി | ₹12,139 കോടി |
| സ്വകാര്യ ആശുപത്രികളിലേക്കുള്ള 60.7% വിഹിതം |
56.6% | 16.2% |
| സർക്കാർ ആശുപത്രികളിലേക്കുള്ള 10.6% വിഹിതം |
30.7% | 16.2% |
| അഡ്മിനിസ്ട്രേറ്റീവ് ഓവർഹെഡ് 6.1% ചെലവ് |
9.4% | 8.6% |
| ഔട്ട്പേഷ്യന്റ് പരിചരണ വിഹിതം 21.3% | (ഇൻപേഷ്യ ന്റ് മാത്രം | 48.8% |
| ഇൻപേഷ്യന്റ് പരിചരണ വിഹിതം 72.3% | 90.6% | 41.4% |
| സ്വന്തം പോക്കറ്റിൽ നിന്നുള്ള 64.21% ചെലവ് (THE %) |
– | – |
(സ്രോതസ്സ്: ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് ചെലവുകൾ (2013-14), NHSRC/NHA ടെക്നിക്കൽ സെക്രട്ടേറിയറ്റ്, MoHFW, നവംബർ 2016)
ഔഷധങ്ങൾക്കായുള്ള ചെലവ്: CHE-യുടെ 28.83% (₹10,165 കോടി) വരുന്ന ഫാർമസി ചെലവുകളാണ് സ്വകാര്യ ആശുപത്രികൾ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ ഘടകം. ഇതിൽ ഡോക്ടർ നിർദ്ദേശിച്ച മരുന്നുകളും (25.26%), നേരിട്ട് വാങ്ങുന്ന മരുന്നുകളും (3.46%) ഉൾപ്പെടുന്നു. കേരളത്തിലെ വർദ്ധിച്ചുവരുന്ന പ്രായമായവരുടെ എണ്ണം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ മാറാരോഗങ്ങളുടെ ആധിക്യം, ബ്രാൻഡഡ് മരുന്നുകളോടുള്ള താല്പര്യം എന്നിവ ഈ ഉയർന്ന ചെലവിന് കാരണമാകുന്നു.
വിപുലമായ പൊതുജനാരോഗ്യ ശൃംഖല കേരളത്തിനുണ്ടായിട്ടും, സർക്കാർ ആശുപത്രികളും ക്ലിനിക്കുകളും ചേർന്ന് ആകെ ചെലവിന്റെ 17.93% മാത്രമേ വഹിക്കുന്നുള്ളൂ. ഇത് സൗജന്യ സർക്കാർ സേവനങ്ങളെയോ അല്ലെങ്കിൽ സാമ്പത്തിക ശേഷിയുള്ളവർ സ്വകാര്യ ചികിത്സ തിരഞ്ഞെടുക്കുന്നതിനെയോ സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ച്
NHSRC ഡാറ്റ എന്താണ് പറയുന്നത്?
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനുകീഴിലുള്ള നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് ടെക്നിക്കൽ സെക്രട്ടേറിയറ്റ് (NHSRC) ആണ് ഇന്ത്യയിലെ ആരോഗ്യ ധനകാര്യത്തെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ വിശകലനങ്ങൾ പ്രസിദ്ധീകരിക്കുന്നത്. 2019–-20 ൽ പുറത്തിറങ്ങിയ ‘ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് ചെലവുകൾ (2013–-14)’ എന്ന റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശ്രദ്ധേയമാണ്.
2013-–14 ലെ 32,308 കോടി രൂപയെന്ന വലിയ സ്കെയിലിൽ പോലും, ദേശീയതലത്തിൽ മൊത്തം ആരോഗ്യ ചെലവിന്റെ 64.21% വരുന്ന സ്വന്തം പോക്കറ്റിൽ നിന്നുള്ള ചെലവുകൾ തടയാൻ ആരോഗ്യ ഇൻഷുറൻസിന് കഴിഞ്ഞില്ല. ഇൻഷുറൻസ് പരിരക്ഷ സാമ്പത്തിക പരിരക്ഷയായി മാറുന്നു എന്ന ഏതൊരു ഇൻഷുറൻസ് പദ്ധതിയുടെയും കേന്ദ്ര വാദത്തെ ഈ ഒറ്റ സ്ഥിതിവിവരക്കണക്ക് പൊളിച്ചടുക്കുന്നു. ഇന്ത്യയിൽ പ്രാബല്യത്തിലുള്ള ഇൻഷുറൻസ് പ്രധാനമായും ആശുപത്രിയിലെ കിടത്തിച്ചികിത്സയ്ക്ക് മാത്രമാണ് പരിരക്ഷ നൽകുന്നത് എന്നതിനാലാണിത്. കുടുംബങ്ങൾ അവരുടെ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവാക്കുന്നതിൽ ബഹുഭൂരിപക്ഷവും ഔട്ട്പേഷ്യന്റ് പരിചരണത്തിനും മരുന്നുകൾക്കും പരിശോധനകൾക്കുമാണ്.
എല്ലാ ആരോഗ്യ ഇൻഷുറൻസ് ചെലവുകളുടെയും 60.7% സ്വകാര്യ ജനറൽ ആശുപത്രികളിലേക്കാണ് പോയത് എന്നതാണ്. അതേസമയം വെറും 10.6% മാത്രമാണ് സർക്കാർ ആശുപത്രികളിൽ എത്തിയത്. സർക്കാർ ധനസഹായം നൽകുന്ന വോളന്ററി ഇൻഷുറൻസ് പദ്ധതികളുടെ കാര്യത്തിൽ, 56.6% തുകയും സ്വകാര്യ ആശുപത്രികളാണ് നേടിയെടുത്തത്. കൂടാതെ, എല്ലാ ഇൻഷുറൻസ് ചെലവുകളുടെയും 6.1% ഭരണപരമായ കാര്യങ്ങൾക്കായി വിനിയോഗിച്ചു.
ഇതിൽ നിന്നും മനസ്സിലാക്കാവുന്ന ലളിതമായ കാര്യം ആരോഗ്യ ഇൻഷുറൻസ്, വലിയ തോതിൽ നോക്കുമ്പോൾ, അടിസ്ഥാനപരമായി പൊതുഫണ്ട് സ്വകാര്യ ആശുപത്രികൾക്കും ഇൻഷുറൻസ് കമ്പനികളുടെ ഭരണച്ചെലവുകൾക്കുമായി മാറ്റുന്നതിനുള്ള ഒരു സംവിധാനമാണ്. അല്ലാതെ സാധാരണ കുടുംബങ്ങളുടെ ആരോഗ്യച്ചെലവ് കുറയ്ക്കുന്നതിനുള്ള ഒരു സംവിധാനമല്ല.
കേരളത്തിന്റെ അഷ്വറൻസ് മോഡൽ:
എന്തുകൊണ്ട് വ്യത്യസ്തമാകുന്നു?
ഇൻഷുറൻസ് മോഡലിൽ നിന്ന് ബോധപൂർവ്വം വ്യത്യസ്തമായ ഒരു ദിശയിലാണ് കേരളത്തിന്റെ ആരോഗ്യ ധനകാര്യ തത്ത്വശാസ്ത്രം വികസിച്ചത്. ഇൻഷുറൻസ് മോഡലിൽ ആകെ ചെലവാകുന്ന തുകയുടെ ഒരു ഭാഗം മാത്രമാണ് ഇൻഷുറൻസ് പരിരക്ഷയിൽ വരുന്നത്. എന്നാൽ അഷ്വറൻസ് മോഡലിൽ ചെലവാകുന്ന മുഴുവൻ തുകയും സർക്കാർ വഹിക്കുന്നു. 2019-ൽ ഒരു സംസ്ഥാനതല ആരോഗ്യ അഷ്വറൻസ് സ്കീമായി മാറ്റിയ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP), ഏകദേശം 42 ലക്ഷം കുടുംബങ്ങൾക്ക് സെക്കൻഡറി, ടേർഷ്യറി ഇൻപേഷ്യന്റ് പരിചരണത്തിനായി പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള പരിരക്ഷ നൽകുന്നു. ഒരു സ്വകാര്യ ഇൻഷുറൻസ് ഇടനിലക്കാരനില്ലാതെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് ഇത് നിയന്ത്രിക്കുന്നത്.
ഇവിടെ സംസ്ഥാനമാണ് ഇൻഷുറർ, സംസ്ഥാനം തന്നെയാണ് പണം നൽകുന്നതും. കൂടാതെ സ്വന്തം പൊതു ആശുപത്രികളെ പ്രവർത്തനക്ഷമവും സുസജ്ജവുമായി നിലനിർത്തുന്നതിനുള്ള നയപരമായ താല്പര്യവും സംസ്ഥാനം നിലനിർത്തുന്നു. കാരണം ഈ പദ്ധതി രോഗികളെ മുൻഗണനാടിസ്ഥാനത്തിൽ പൊതു സംവിധാനത്തിലൂടെയാണ് നയിക്കുന്നത്. ഇതിൽ ഇൻഷുറൻസ് കമ്പനി വഴിയുള്ള ഭരണപരമായ ചെലവ് വെറും 3% മാത്രമായിരുന്നു, ഇത് ഇത്തരം സ്കീമുകളുടെ ദേശീയ ശരാശരിയേക്കാൾ വളരെ താഴെയാണ്.
യുഡിഎഫ് പ്രഖ്യാപിച്ച 25 ലക്ഷം
രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്
പദ്ധതിയുടെ പ്രീമിയം എത്രയാകും?
കേരളത്തിന്റെ പശ്ചാത്തലത്തിൽ മാർക്കറ്റിലെ ട്രെൻഡ് കൂടി മനസ്സിലാക്കി പ്രീമിയം കണക്കാക്കി നോക്കിയാൽ സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയെ വളരെ മോശമായി ബാധിക്കുന്ന ഒരു പദ്ധതിയാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയും.
കേരളത്തിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) നിലവിൽ 42 ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം 1,050 രൂപ പ്രീമിയത്തിൽ 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. എന്നാൽ, 2026 ഫെബ്രുവരിയിൽ സർക്കാർ ജീവനക്കാർക്കായുള്ള മെഡിസെപ്പ് (MEDISEP) പദ്ധതി പരിഷ്കരിച്ചപ്പോൾ, ഇതേ 5 ലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് ടെണ്ടർ വഴി നിശ്ചയിച്ച പ്രീമിയം 8,244 രൂപയാണ്. ഇത് KASP പ്രീമിയത്തേക്കാൾ എട്ട് മടങ്ങ് കൂടുതലാണ്. ഈ വ്യത്യാസം കേരളത്തിലെ യഥാർത്ഥ ചികിത്സാ ചെലവുകളെയാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിൽതന്നെ സ്വന്തം പോക്കറ്റിൽ നിന്നുള്ള ആരോഗ്യ ചെലവുകൾ (Out- of- pocket health expenditure – – OOPE) ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം (59.1%). അതിനാൽ, ഇൻഷുറൻസ് പരിരക്ഷ 25 ലക്ഷം രൂപയായി ഉയർത്തുമ്പോൾ പ്രീമിയം കൃത്യമായി കണക്കാക്കേണ്ടത് അത്യാവശ്യമാണ്.
2011ലെ സെൻസസ് പ്രകാരം കേരളത്തിൽ 78,53,754 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അണുകുടുംബങ്ങളായുള്ള മാറ്റവും (Nuclearization) പ്രതിവർഷം ഏകദേശം 0.35% വരുന്ന ജനസംഖ്യാ വളർച്ചയും കണക്കിലെടുക്കുമ്പോൾ, 2026 -ഓടെ കുടുംബങ്ങളുടെ എണ്ണം ഏകദേശം 85 ലക്ഷമായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.
പഞ്ചായത്ത് തലത്തിലുള്ള സർവ്വേകളിലൂടെ 9 പ്രധാന മാനദണ്ഡങ്ങൾ ഉപയോഗിച്ചുള്ള കേരളത്തിന്റെ തനതായ രീതിയാണ് (Kerala Method) ബി.പി.എൽ നിർണയത്തിനായി ഉപയോഗിക്കുന്നത്. സാധാരണയായി കേരളത്തിലെ ഏകദേശം 30–35% കുടുംബങ്ങൾ ഈ രീതിയിൽ ബി.പി.എൽ വിഭാഗത്തിൽ വരുന്നു. 85 ലക്ഷം കുടുംബങ്ങളെ അടിസ്ഥാനമാക്കി കണക്കാക്കുമ്പോൾ ഇത് ഏകദേശം 28 ലക്ഷം വരും.
പ്രീമിയം കണക്കുകൂട്ടലുകളുടെ അടിസ്ഥാനമായി മെഡിസെപ്പ് രണ്ടാം ഘട്ടത്തിലെ പ്രീമിയം എടുക്കുന്നതാണ് ഏറ്റവും ഉചിതം. മെഡിസെപ്പ് പ്രീമിയമായ 8,244 രൂപ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷുറൻസുമായി മത്സര സ്വഭാവമുള്ള ടെണ്ടർ വഴി നിശ്ചയിച്ചതാണ്. ഇതിൽ നിലവിലുള്ള അസുഖങ്ങൾക്കോ (pre–-existing conditions) കാത്തിരിപ്പ് കാലാവധിക്കോ (waiting period) നിയന്ത്രണങ്ങളില്ല. കേരളത്തിലെ സാഹചര്യത്തിൽ 5 ലക്ഷം രൂപയുടെ പരിരക്ഷയ്ക്കുള്ള യഥാർത്ഥ ചെലവായി ഇതിനെ കണക്കാക്കാം.
ഇൻഷുറൻസ് പരിരക്ഷ വർദ്ധിക്കുന്നതിനനുസരിച്ച് പ്രീമിയം അതേ അനുപാതത്തിൽ വർദ്ധിക്കില്ല. 25 ലക്ഷം രൂപയുടെ ക്ലെയിം വരാനുള്ള സാധ്യത 5 ലക്ഷത്തേക്കാൾ വളരെ കുറവാണ്. ഇതിനായി മൂന്നു സമീപനങ്ങൾ ഉപയോഗിക്കാവുന്നതാണ്:
• സമീപനം A — ലോസ് ഡിസ്ട്രിബ്യൂഷൻ സ്കെയിലിങ് (മിതമായ നിരക്ക്: ₹33,000): പരിരക്ഷ അഞ്ചു മടങ്ങ് വർദ്ധിപ്പിക്കുമ്പോൾ പ്രീമിയത്തിൽ ഏകദേശം 4 മടങ്ങ് വർദ്ധനവ് വരുത്തുന്നു.
• സമീപനം B — മാർക്കറ്റ് ബെഞ്ച്മാർക്കിങ് (ഇടത്തരം നിരക്ക്: ₹38,000): പ്രമുഖ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ 25 ലക്ഷം രൂപയുടെ പ്ലാനുകൾക്ക് ഈടാക്കുന്ന ശരാശരി തുകയാണിത്.
• സമീപനം C — കേരള റിസ്ക് അഡ്ജസ്റ്റഡ് (ഉയർന്ന നിരക്ക്: ₹45,000): കേരളത്തിലെ ഉയർന്ന ജീവിതശൈലീ രോഗങ്ങളും (പ്രമേഹം 27%), പ്രായമായവരുടെ എണ്ണവും (12% കൂടുതൽ), ചികിത്സ തേടുന്നവരുടെ ഉയർന്ന നിരക്കും പരിഗണിച്ച് കണക്കാക്കുന്നത്.
| സാഹചര്യം | പ്രീമിയം (₹) | ഗുണിതം | രീതി | റിസ്ക് പ്രൊഫൈൽ |
| മെഡിസെപ്പ് (അടിസ്ഥാനം) |
8,244 | 1.0x | ₹5L; ടെണ്ടർ | അടിസ്ഥാനം |
| A. മിതമായ നിരക്ക് | 33,000 | 4.0x | ലോസ് സ്കെയിലിംഗ് |
ദേശീയ ശരാശരി |
| B. ഇടത്തരം നിരക്ക് | 38,000 | 4.6x | വിപണി ശരാശരി | ക്രമീകരിച്ച ശരാശരി |
| C. ഉയർന്ന നിരക്ക് | 45,000 | 5.5x | കേരള സാഹചര്യം | കേരളം മാത്രം |
| ഇതിലെ ഇടത്തരം കണക്ക് സ്വീകരിച്ചാൽ പ്രതിവർഷം 38,000 രൂപ പ്രീമിയം നൽകേണ്ടി വരും. ഇതനുസരിച്ച് വിവിധ വിഭാഗങ്ങൾക്കായി വരുന്ന ആകെ ചെലവ് താഴെ പറയുന്നവയാണ്: |
||||
| ഗുണഭോക്തൃ വിഭാഗം | കുടുംബങ്ങളുടെ എണ്ണം | വാർഷിക ചെലവ് (₹ കോടിയിൽ) |
| KASP ഗുണഭോക്താക്കൾ | 42 ലക്ഷം | 15,960 |
| BPL കുടുംബങ്ങൾ | 28 ലക്ഷം | 10,640 |
| എല്ലാ കുടുംബങ്ങളും (Universal) | 85 ലക്ഷം | 32,300 |
അതായത് യു ഡി എഫ് പ്രഖ്യാപിക്കുന്നതുപോലെ എല്ലാ കുടുംബങ്ങൾക്കും ഈ പരിരക്ഷ നൽകാൻ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ ഏകദേശം 24% ആവശ്യമായി വരും.
ഈ സാമ്പത്തിക കണക്കുകൾ കേവലം അസ്വസ്ഥജനകം മാത്രമല്ല. യാഥാർത്ഥ്യബോധമുള്ള ഏതൊരു പ്രവചനപ്രകാരവും അവ അപ്രായോഗികവും സുസ്ഥിരമല്ലാത്തതുമാണ്. ഈ വലിയ തോതിലുള്ള തുറന്ന ഇൻഷുറൻസ് പ്രീമിയം ബാധ്യതയിലൂടെ സംസ്ഥാനത്തിന്റെ ധന മാനേജ്മെന്റ് സാരമായി തകരാറിലാകും.
ഇൻഷുറൻസ് പ്രീമിയങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ രൂപയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, സ്പെഷ്യലിസ്റ്റ് നിയമനം, ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ, അല്ലെങ്കിൽ കേരളത്തിന്റെ ആരോഗ്യ ഫലങ്ങളെ ചരിത്രപരമായി മുന്നോട്ടുനയിച്ച പ്രതിരോധ-പ്രാഥമിക പരിചരണ നിക്ഷേപങ്ങൾ എന്നിവയ്ക്കായി ചെലവഴിക്കപ്പെടാത്ത രൂപയാണ്. നിർദിഷ്ട ഇൻഷുറൻസ് വിഹിതത്തിന്റെ 3,000-– 4,000 കോടി രൂപയെങ്കിലും സർക്കാർ ആരോഗ്യ സംവിധാനത്തിലേക്ക് (ജില്ലാ ആശുപത്രികളിൽ പുതിയ സ്പെഷ്യലിസ്റ്റുകൾ, നവീകരിച്ച ഡയഗ്നോസ്റ്റിക് ലാബുകൾ, സാന്ത്വന പരിചരണ ശൃംഖലകൾ, കാൻസർ സ്ക്രീനിംഗ് പ്രോഗ്രാമുകൾ) പ്രതിവർഷം വഴിതിരിച്ചുവിട്ടാൽ, ലഭിക്കുന്ന പൊതുജനാരോഗ്യ നേട്ടങ്ങൾ ഇതേ ഫണ്ടുകൾ ഒരു ഇൻഷുറൻസ് ഇടനിലക്കാരൻ വഴി സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നതിനേക്കാൾ വളരെ വലുതായിരിക്കും.
യു.ഡി.എഫിന്റെ 25 ലക്ഷം രൂപയുടെ ഗ്യാരന്റി ഒരു ആരോഗ്യ നയമല്ല. അത് കേരളത്തിന്റെ പൊതുജനാരോഗ്യ വിഭവങ്ങൾ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾക്ക് കൈമാറാനുള്ള ഒരു ഗൂഢപദ്ധതിയാണ്, അത് കേരളത്തിന്റെ ആരോഗ്യ നേട്ടങ്ങൾ യഥാർത്ഥത്തിൽ നൽകുന്ന സംവിധാനത്തിൽ നിക്ഷേപം നടത്താനുള്ള സംസ്ഥാനത്തിന്റെ കഴിവിനെ ശാശ്വതമായി ദുർബലപ്പെടുത്തുന്ന തോതിലും വ്യവസ്ഥകളിലുമാണ്.
യുഡിഎഫ് പദ്ധതി: ചെറുക്കേണ്ട ഒരു മാതൃക
യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ഈ പദ്ധതിയിൽ ഇൻഷ്വർ ചെയ്യപ്പെടുന്ന കുടുംബങ്ങൾക്ക് വാഗ്ദാനം ചെയ്ത സാമ്പത്തിക പരിരക്ഷ ലഭിക്കില്ല. കാരണം ഗാർഹിക ആരോഗ്യ ചെലവിന്റെ ഭൂരിഭാഗവും വരുന്ന ഔട്ട്പേഷ്യന്റ്, ഫാർമസ്യൂട്ടിക്കൽ, വിട്ടുമാറാത്ത രോഗ പരിചരണ ചെലവുകൾ ഇൻഷുറൻസിന്റെ പരിധിയിൽ വരുന്നില്ല.
മികച്ച അടിസ്ഥാനസൗകര്യങ്ങൾ, പ്രാഥമിക പരിചരണ ലഭ്യത, സ്വകാര്യ ഇൻഷുറൻസിനേക്കാൾ സംസ്ഥാനത്തിന്റെ നേരിട്ടുള്ള പരിരക്ഷ എന്നിവയിലധിഷ്ഠിതമായ കേരളത്തിന്റെ പൊതുജനാരോഗ്യ മാതൃക, ഇൻഷുറൻസിന് മുൻഗണന നൽകുന്ന ഒരു സംസ്ഥാനത്തിനും അനുകരിക്കാനാവാത്ത ഫലങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാനം ഉറപ്പുനൽകുന്ന ഇൻപേഷ്യന്റ് കവറേജ്, പൊതു ആരോഗ്യസംവിധാനത്തിനുള്ള മുൻഗണന, കുറഞ്ഞ ഭരണച്ചെലവ്, സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യവികസനം എന്നിവ ഉൾപ്പെടുന്നതാണ്.
എന്നാൽ യു.ഡി.എഫിന്റെ 25 ലക്ഷം രൂപയുടെ ഗ്യാരന്റി ഇതിന്റെ നേർവിപരീത പാതയെ പ്രതിനിധീകരിക്കുന്നതാണ്. ഇത് അസാധ്യമായൊരു ഇൻഷുറൻസ് ഗണിതശാസ്ത്രത്തിൽ പടുത്തുയർത്തിയ തലക്കെട്ടാണ്; സുസ്ഥിരമല്ലാത്ത ഒരു സാമ്പത്തിക ബാധ്യതയാണ്; പൊതു ഫണ്ടുകൾ സ്വകാര്യ ഇൻഷുറർമാർക്കും സ്വകാര്യ ആശുപത്രികൾക്കും കൈമാറുന്ന ഒരു ഘടനയാണ്; കാലക്രമേണ കേരളത്തിന്റെ ആരോഗ്യ സുരക്ഷയുടെ യഥാർത്ഥ ഉറവിടമായ പൊതുജനാരോഗ്യ സംവിധാനത്തെ കാർന്നുതിന്നുന്ന ഒരു നയദിശയുമാണ്.
കേരള സർക്കാരിന് ജനങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ആരോഗ്യ ഗ്യാരന്റി 25 ലക്ഷം രൂപയുടെ ഒരു ഇൻഷുറൻസ് സർട്ടിഫിക്കറ്റല്ല; മറിച്ച്, ഓരോ കുടുംബത്തിനും പ്രാപ്യമായ, ആവശ്യത്തിന് ജീവനക്കാരും മികച്ച ഉപകരണങ്ങളുമുള്ള സർക്കാർ ആശുപത്രികളാണ് — ഒപ്പം അടുത്ത അമ്പത് വർഷത്തേക്ക് അതിൽ നിക്ഷേപം തുടരാനുള്ള സാമ്പത്തിക വിവേകവും.
25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി — എത്ര ആകർഷകമായ പേരിട്ടാലും — കാസർകോട്ടെ പ്രമേഹരോഗിയായ ഒരു ദിവസവേതനക്കാരന്റെ പ്രതിമാസ മെറ്റ്ഫോർമിൻ കുറിപ്പടിക്കോ, ഇടുക്കിയിലെ ഹൃദ്രോഗിയുടെ ത്രൈമാസ എക്കോ ടെസ്റ്റിനോ, തൃശൂരിൽ പക്ഷാഘാതം വന്നതിന് ശേഷമുള്ള ഫിസിയോതെറാപ്പി സെഷനുകൾക്കോ പണം നൽകില്ല. ഇത്തരം ചെലവുകളാണ് താഴെത്തട്ടിലുള്ള ഇടത്തരം കുടുംബങ്ങളെ മെഡിക്കൽ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നത്. ഇവ യുഡിഎഫ് മുന്നോട്ടുവെക്കുന്ന ഇൻഷുറൻസ് പദ്ധതിയുടെ കവറേജ് പരിധിക്ക് തികച്ചും പുറത്താണ്. l



