Wednesday, May 13, 2026

ad

Homeകവര്‍സ്റ്റോറിപുതു വസന്തത്തിന്റെ ഇടിമുഴക്കം
ഇന്ത്യയുടെ ജെൻ സീ വർഗസമരം

പുതു വസന്തത്തിന്റെ ഇടിമുഴക്കം
ഇന്ത്യയുടെ ജെൻ സീ വർഗസമരം

എ ആർ സിന്ധു

വലിബറൽ കാലത്ത് ഇന്ത്യയിൽ ആദ്യമായി ഇന്ത്യൻ തൊഴിലാളിവർഗം മുഖ്യധാരാ മാധ്യമങ്ങളെ തൊഴിൽ സമയം, മിനിമം കൂലി എന്നീ അടിസ്ഥാന വർഗ വിഷയങ്ങൾ ചർച്ച ചെയ്യുവാൻ നിർബന്ധിതമാക്കിയിരിക്കുന്നു. സാധാരണയിൽ കൂടുതൽ തണുപ്പുമായി ആരംഭിച്ച വടക്കേഇന്ത്യൻ വസന്തകാലരാഷ്ട്രീയം അസാധാരണമായ ചൂടിലേക്ക് വളർന്നിരിക്കുന്നു. ഇത്തവണ അത് ഭരണവർഗ ‘വികസന’രാഷ്ട്രീയ ആഖ്യാനങ്ങളിൽ ഒതുങ്ങിയില്ലെന്നു മാത്രമല്ല ഒരു ശരാശരി ഇന്ത്യൻ തൊഴിലാളിയുടെ-, സംഘടിത വ്യവസായ തൊഴിലാളിയുടെ അസ്തിത്വത്തെ, അവരുടെ ജീവിതത്തെക്കുറിച്ച് നിരന്തരം ചർച്ച ചെയ്യുന്നതിന് രാജ്യം നിർബന്ധിതമാവുകയും ചെയ്തു. അതോടൊപ്പം ഇറാനെതിരായ യുദ്ധത്തിലും വിവിധ വ്യാപാര കരാറുകളിലും ഇന്ത്യൻ ഭരണ വർഗം നടത്തുന്ന നാണംകെട്ട സാമ്രാജ്യത്വദാസ്യവും അത് ജനജീവിതത്തെ എങ്ങനെ ദുസ്സഹമാക്കുന്നു എന്നതും കൂടി ചർച്ചയിലേക്ക് വന്നിരിക്കുന്നു.

ഫെബ്രുവരി 12ന്റെ പണിമുടക്കും 
കൂലി പ്രശ്നവും
പ്രധാനമായും ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ച് നവംബർ 21 ന് സർക്കാർ വിജ്ഞാപനം ചെയ്ത നാലു ലേബർ കോഡുകൾക്കും പ്രതിസന്ധിയിലായ അമേരിക്കൻ സാമ്രാജ്യത്വം അടിച്ചേൽപ്പിച്ച കരാറുകൾക്കും എതിരായ ഫെബ്രുവരി 12 ന്റെ പൊതു പണിമുടക്കിനായി രാജ്യവ്യാപകമായി സിഐടിയുവും മറ്റ് ട്രേഡ് യൂണിയനുകളും തൊഴിലാളികളുടെ- പ്രത്യേകിച്ച് വ്യവസായ തൊഴിലാളികളുടെ ഇടയിൽ വ്യാപകമായ പ്രചരണമാണ് നടത്തിയത്. ഇന്ത്യൻ തൊഴിലാളി വർഗം നാളിതുവരെ നേടിയ എല്ലാ അവകാശങ്ങളും ഇല്ലായ്മ ചെയ്യുന്ന ലേബർ കോഡുകൾക്കെതിരായ പ്രചരണം തൊഴിലാളികളുടെ ഇടയിൽ എത്തിക്കാൻ ട്രേഡ് യൂണിയനുകൾക്ക് കഴിഞ്ഞു. ഇതുകൂടാതെ കരാർ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് പ്രത്യേക പ്രചരണവും സിഐടിയു നടത്തിയിരുന്നു. എന്നാൽ ഈ പണിമുടക്കിനെതിരായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ലേബർ കോഡുകളുടെ ‘മഹത്വത്തെക്കുറിച്ച് വൻ പ്രചരണം നടത്തുകയുണ്ടായി. ഏപ്രിൽ1 മുതൽ എല്ലാ തൊഴിലാളികൾക്കും അപ്പോയിന്റ്മെന്റ് ലെറ്റർ, മിനിമം കൂലി, വേതനം പുതുക്കി നിശ്ചയിക്കൽ, ഗ്രാറ്റുവിറ്റി, തുടങ്ങി എല്ലാ അവകാശങ്ങളും ലഭ്യമാകും എന്ന് വിവിധ മാധ്യമങ്ങളിലൂടെ നിരന്തര പ്രചരണം കേന്ദ്ര-–സംസ്ഥാന ബിജെപി സർക്കാരുകൾ നടത്തിയിരുന്നു. ഇറാനുമേൽ അടിച്ചേൽപ്പിച്ച യുദ്ധഫലമായുണ്ടായ പാചക വാതക പ്രതിസന്ധി ഭൂരിഭാഗം വരുന്ന പ്രവാസി തൊഴിലാളികളെ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻപോലും കഴിയാത്ത തരത്തിൽ നിസ്സഹായരാക്കി.

തൊഴിലാളികളുടെ സ്ഥിതി
എല്ലാ വൻകിട ഫാക്ടറികളിലും സ്ഥിരസ്വഭാവമുള്ള ജോലികളിൽ കരാർ തൊഴിലാളികളാണ് പണിയെടുക്കുന്നത്. സ്ഥിരം തൊഴിലാളികൾ (എല്ലാ ആനുകൂല്യത്തോടും കൂടി) ഏതാണ്ട് പത്തു ശതമാനത്തിൽ താഴെയേ വരൂ. കോൺട്രാക്ട്, കാഷ്വൽ, ഔട്ട്സോഴ്സ്,അപ്രന്റീസ്, ട്രെയിനി എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇവരെ നിയമിക്കാറുള്ളത്. സ്ഥിരം തൊഴിലാളികളുടെ കൂലിയുടെ പത്തു ശതമാനത്തോളമാണ് ഇവരുടെ കൂലി. നാഷണൽ ക്യാപിറ്റൽ റീജിയനി (ncr)ൽ ഉൾപ്പെടുന്ന ഡൽഹി – 19,846 രൂപ, ഹരിയാന (14 ജില്ലകൾ)- 11,275രൂപ, യുപി (7 ജില്ലകൾ)- 11,313 രൂപ, രാജസ്താൻ (2 ജില്ലകൾ) 7,410 രൂപ എന്നിങ്ങനെയാണ് മിനിമം കൂലി. 6 മുതൽ 14 വർഷം വരെയായി മിനിമം കൂലി പുതുക്കി നിശ്ചയിച്ചിട്ട്.

8 മണിക്കൂറിനുപകരം 12-–13 മണിക്കൂർ വരെയാണ് ജോലി സമയം. കൂലി 8 മണിക്കൂറിന്റേതും. അപൂർവം ചില കമ്പനികളിൽ 12 മണിക്കൂറിന്റെ കൂലി (ഓവർടൈം അലവൻസ് ഇല്ലാതെ) കൊടുക്കാറുണ്ട്. തുടർച്ചയായി രണ്ടു ഷിഫ്റ്റ് (16 മണിക്കൂർ) പണിയെടുപ്പിക്കുന്ന കമ്പനികളും ഉണ്ട്. ഈ കൂലിയിൽ നിന്നു വിവിധ ഇനങ്ങളിലായി ഫാക്ടറി തന്നെ പണം ഈടാക്കും. ആയിരക്കണക്കിന് സ്ത്രീകൾ പണിയെടുക്കുന്ന ഒരു ഗാർമെന്റ് ഫാക്ടറിയിൽ ശൗചാലയം ഉപയോഗിക്കാൻ മാസം 21 രൂപ ഈടാക്കും. ഇതുകൂടാതെ കോൺട്രാക്ടർ വേറെയും പണം ഈടാക്കും. സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വളരെ വലിയ തോതിൽ നടക്കുന്നുണ്ട്.

ഏതാണ്ട് 7,000 മുതൽ 10,000 രൂപ വരെയാണ് വരുമാനം. 4,000 മുതൽ 6,000 രൂപ വരെ വാടക, 1000 രൂപ വെള്ളം, വൈദ്യുതി, 1000 -–2000 രൂപ കുട്ടികളുടെ വിദ്യാഭ്യാസം, 1000 രൂപ ആശുപത്രി ചെലവുകൾ എന്നിവ കഴിച്ചാൽ ഗ്രാമത്തിലെ വീട്ടിലേക്ക് അയക്കാൻ 2,000 രൂപ നീക്കി വച്ചാൽ ബാക്കിയാവുന്നത് പട്ടിണി മാത്രം. എൽ പി ജി സിലിണ്ടറിന്റെ വില കിലോയ്ക്ക് 80 ൽ നിന്ന് 400 രൂപ വരെ വർദ്ധിച്ചപ്പോൾ ശരാശരി 3,000 രൂപയാണ് ഒരു കുടുംബത്തിന് ഒരു മാസം അധിക ചെലവ് വന്നത്. പ്രവാസി തൊഴിലാളികളുടെ വൻതോതിലുള്ള തിരിച്ചുപോക്കിനും ഇത് വഴിവച്ചു.

സമരങ്ങളുടെ വേലിയേറ്റം
സാംസങ് തൊഴിലാളികളുടെ യൂണിയൻ രൂപീകരിക്കാനുള്ള പോരാട്ടം ഈ കൊടും ചൂഷണത്തിനെതിരെ ചിന്തിക്കുന്ന തൊഴിലാളികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പൊതു പണിമുടക്ക് പ്രചാരണം ഫെബ്രുവരിയിൽത്തന്നെ കരാർ തൊഴിലാളികളുടെ സമരങ്ങൾക്ക് വഴിവച്ചു. ബീഹാറിലെ ബറോണി ഓയിൽ റിഫൈനറിയിൽ ഫെബ്രുവരി ആദ്യം ആരംഭിച്ച സമരം ഒത്തുതീർന്നു. എന്നാൽ ഫെബ്രുവരി അവസാനത്തോടെ ഹരിയാനയിലെ പാനിപ്പത്തിൽ ഇന്ത്യൻ ഓയിൽ കമ്പനിയുടെ നിർമാണത്തിലിരിക്കുന്ന പ്ലാന്റിൽ മുപ്പതിനായിരത്തിലേറെ നിർമാണ തൊഴിലാളികളുടെ ദിവസങ്ങളോളം നീണ്ട പണിമുടക്ക് നടന്നു. അതിന്റെ തുടർച്ചയായി ഒരു മാസത്തിനിടെ പല സംസ്ഥാനങ്ങളിലായി 19 വിവിധ പൊതുമേഖലാസ്ഥാപനങ്ങളിൽ പണിമുടക്ക് നടന്നു. ഇവയിൽ ഭൂരിഭാഗവും ലാർസൻ ആൻഡ് ടൂബ്രൊ കമ്പനിയുടെ കരാർ തൊഴിലാളികൾ ആണ്. പാനിപ്പത്തിൽ സമരത്തെ ഒത്തുതീർപ്പാക്കിയത് അടുത്ത മാസം മുതൽ വേതന വർദ്ധനവുണ്ടാവും എന്ന ഉറപ്പിൻമേലാണ്. എന്നാൽ മാർച്ചിൽ വേതന വർദ്ധനവുണ്ടായില്ല.

ഇതിനിടെ ഏപ്രിൽ മുതൽ കേന്ദ്രമിനിമം കൂലിയിൽ ഡിഎ വർദ്ധിപ്പിച്ച നോട്ടിഫിക്കേഷൻ വരുന്നു. കേന്ദ്ര സർക്കാരിന്റെ വേതന വർദ്ധനവ് സംബന്ധിച്ച പ്രചരണം വിശ്വസിച്ച തൊഴിലാളികളിൽ തങ്ങളുടെ വേതനം വർദ്ധിക്കും എന്ന തെറ്റിദ്ധാരണ ഉണ്ടാക്കി. അതിനിടെ ഓട്ടോമൊബൈൽ വ്യവസായ ഹബ് ആയ ഗുഢ്ഗാവിലെ മനേസറിൽ ചില കമ്പനികളിലെ തൊഴിലാളികൾ പണിമുടക്കാൻ ആരംഭിച്ചു. എന്നാൽ ഏപ്രിൽ 8 ന് (7 നാണ് ശമ്പളം ലഭിക്കുക) മനേസറിലെ വിവിധ കമ്പനികളിലെ തൊഴിലാളികൾ സംയുക്തമായി ജില്ലാ കളക്ടറുടെ ഓഫീസിനു മുന്നിൽ തടിച്ചുകൂടി. ഈ സമരം കാട്ടുതീ പോലെ വ്യാപിച്ചു. 9–ാം തീയതി ഹരിയാനയിലെ ഫരീദാബാദ്, യുപിയിലെ നോയിഡ തുടങ്ങിയ ജില്ലകളിൽ കരാർ തൊഴിലാളികൾ – പ്രധാനമായും ഓട്ടോമൊബൈൽ, ഓട്ടോ അനുബന്ധ വ്യവസായങ്ങൾ, വസ്ത്രനിർമാണം തുടങ്ങിയ വ്യവസായ രംഗങ്ങളിലെ കരാർ തൊഴിലാളികളാണ് സമര രംഗത്തുവന്നത്. ഇതിൽ വലിയ വിഭാഗം സ്ത്രീ തൊഴിലാളികൾ ആണ്. പിന്നീട് ഈ സമരങ്ങൾ ഹരിയാനയിലെ പാനിപ്പത്ത്, ഹിസാർ തുടങ്ങിയ സ്ഥലങ്ങളിലേക്കും വ്യാപിച്ചു. മദ്ധ്യ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഫാക്ടറികളിലും തൊഴിലാളികൾ പണിമുടക്ക് നടത്തി.

മനേസർ/ഗുഢ്ഗാവിൽ ഏതാണ്ട് മൂപ്പതിനായിരത്തോളവും നോയിഡയിൽ അര ലക്ഷത്തോളവും തൊഴിലാളികൾ തെരുവിലിറങ്ങി. ഇതിൽ ഏതാണ്ട് ഭൂരിഭാഗവും 17–-25 വയസ്സിന് ഇടയിലുള്ളവരാണ്, പ്രവാസികളും. ആദ്യ രണ്ടു ദിവസം അധികാരികളാരും തന്നെ ഇവരോട് സംസാരിക്കാൻ പോലും തയ്യാറായില്ല. തികച്ചും ഒരു തൊഴിൽ പ്രശ്നമായ ഇതിൽ ഇടപെടാനോ പണിമുടക്കുന്ന തൊഴിലാളി പ്രതിനിധികളുമായി സംസാരിക്കാനോ തൊഴിൽവകുപ്പ് തയാറായില്ല. അതേ ദിവസമോ പിറ്റേന്നോ അവിടെയെത്തിയ സിഐടിയു നേതാക്കളോടും സംസാരിക്കാൻ കൂടി ജില്ലാ ഭരണകൂടവും തൊഴിൽ വകുപ്പും വിസമ്മതിച്ചു. അതിനു ശേഷം 163–ാം വകുപ്പ് (പഴയ 144) പ്രഖ്യാപിക്കുകയും ബലപ്രയോഗം ആരംഭിക്കുകയുമാണ് ഭരണകൂടം ചെയ്തത്. പലയിടങ്ങളിലും ഫാക്ടറികൾക്ക് നേരെ കല്ലേറുണ്ടാകാൻ ഇതാണ് വഴിവച്ചത്. ക്രൂരമായ നരനായാട്ടാണ് പിന്നീട് ഈ സ്ഥലങ്ങളിൽ– പ്രത്യേകിച്ച് ഗുഡ്ഗാവിലും നോയിഡയിലും ഉണ്ടായത്. സമരത്തിൽ പങ്കെടുത്തവരെ മാത്രമല്ല, കുടുംബാംഗങ്ങളെയും, വഴിപോക്കരെയുൾപ്പെടെ അറസ്റ്റു ചെയ്യുകയും പലർക്കുമെതിരെ കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തുകയും ചെയ്തു. നോയിഡയിൽ എത്രപേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നോ, എത്ര പേർ ഇപ്പോഴും കസ്റ്റഡിയിലുണ്ടെന്നോ ഒരു മാസത്തോളമായിട്ടും വ്യക്തമല്ല. സ്ത്രീ തൊഴിലാളികളുടെ നേരെ പുരുഷ പൊലീസ് ബലപ്രയോഗം നടത്തി.

സമരം തുടങ്ങിയ ദിവസം മുതൽ സിഐടിയു നേതാക്കളെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കി. നിരവധി പേരെ അറസ്റ്റ് ചെയ്തു/നിയമവിരുദ്ധമായി തട്ടിക്കൊണ്ടു പോയി. സ്ഥലത്തെത്തിയ വിവിധ ട്രേഡ് യൂണിയൻ/സാമൂഹ്യ പ്രവർത്തകരെ ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം എന്നിവയടക്കമുള്ള വകുപ്പുകളിൽപ്പെടുത്തി അറസ്റ്റ് ചെയ്തു. സിഐടിയു അഖിലേന്ത്യാ നേതാക്കൾ തൊഴിലാളികളെയും നേതാക്കളെയും സന്ദർശിച്ചു. ഏപ്രിൽ 16 ന് രാജ്യവ്യാപകമായ പ്രതിഷേധ ദിനം ആചരിക്കാൻ സിഐടിയു ആഹ്വാനം നൽകി. അതിന്റെ പേരിൽ സിഐടിയു ഡൽഹി സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നിവരടക്കമുള്ളവരെ അറസ്റ്റു ചെയ്യുകയാണ് യുപി പൊലീസ് ചെയ്തത്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ളവർ നടുറോഡിൽ ധർണ നടത്തിയതിനുശേഷമാണ് അവരെ വിട്ടയച്ചത്.

എടുത്തുപറയേണ്ടത് ഗുഢ്ഗാവ്, നോയിഡ എന്നിവിടങ്ങളിൽ വീട്ടുജോലിക്കാരായ സ്ത്രീകളുടെ നേതൃത്വത്തിൽ വൻ പണിമുടക്ക് നടന്നു എന്നതാണ്. വീട്ടുജോലിക്ക് മിനിമം കൂലി എന്ന അവകാശം തൊഴിലാളികളുടെയും സ്ത്രീകളുടെയും അവകാശപ്പോരാട്ടത്തിൽ സാമൂഹ്യമായും ഏറെ പ്രാധാന്യമർഹിക്കുന്നു.

വേതനവർദ്ധനവ്
ഒരു ഭാഗത്ത് ക്രൂരമായ അടിച്ചമർത്തലുകളും ഭീകരാന്തരീക്ഷം സൃഷ്ടിക്കലും നടക്കുമ്പോൾ തന്നെ തൊഴിലുടമ വർഗവും ഭരണകൂടവും തൊഴിലാളികളുടെ അഭൂതപൂർവ്വമായ ഈ ശക്തിപ്രകടനത്തിനു മുന്നിൽ ഭയന്നുപോയി. ഹരിയാനയിൽ 12 വർഷത്തിനു ശേഷം രൂപീകരിക്കപ്പെട്ട മിനിമം വേജ് അഡ്വൈസറി ബോർഡിന്റെ ശുപാർശയ്ക്കു (23,196 രൂ.) വളരെ താഴെയുള്ള തുക (15,220 രൂപ) മാസം മിനിമം കൂലിയായി സർക്കാർ പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനം മാർച്ചുമാസത്തിൽ വന്നിരുന്നെങ്കിലും ഇത് നോട്ടിഫൈ ചെയ്യാൻ സർക്കാർ തയ്യാറായിരുന്നില്ല. സമരം ആരംഭിച്ചതിന്റെ പിറ്റേന്നു തന്നെ ഈ ഓർഡർ പുറത്തിറക്കാൻ സർക്കാർ നിർബന്ധിതമായി. യുപിയിൽ ഗവൺമെന്റ് 13,690 രൂപ വേതന വർദ്ധനവ് പ്രഖ്യാപിച്ചു(യു പിയിൽ മിനിമം വേജ് ബോർഡ് നിലവിലില്ല). എന്നാൽ തൊഴിലാളികൾ ഇത് സ്വീകരിക്കാൻ തയ്യാറായില്ല. നിവൃത്തിയില്ലാതെ, ഇത് ഒരു താത്കാലിക ആശ്വാസം മാത്രമാണെന്നും മിനിമം കൂലി ബോർഡ് രൂപീകരിക്കുമെന്നും അതിന്റെ ശുപാർശയ്ക്കനുസരിച്ച് വേതനം പുതുക്കി നിശ്ചയിക്കുമെന്നും സർക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നു. എല്ലായിടത്തും ഓവർടൈമിന് ഇരട്ട വേതനം, സമയത്ത് വേതനം തുടങ്ങിയ പ്രഖ്യാപനങ്ങൾ ഓരോ ഫാക്ടറിയിലും തൊഴിലാളികളുടെ മീറ്റിംഗ് നടത്തി വിശദീകരിക്കുവാൻ ജില്ലാ ഭരണകൂടം നിർബന്ധിക്കപ്പെട്ടു. ഈ പ്രദേശങ്ങളിലെ സമരങ്ങൾ പിൻവലിക്കപ്പെട്ടെങ്കിലും വാഗ്ദാനങ്ങൾ നിറവേറ്റപ്പെടാൻ ബാക്കിയാണ്. തൊഴിലുടമകളുടെ സംഘടനകൾ പലയിടത്തും ഈ വർദ്ധന നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മെയ് മാസത്തിൽ ഏപ്രിലിലെ ശമ്പളം കിട്ടുമ്പോഴാണ് യഥാർഥ സ്ഥിതി വ്യക്തമാവുക.

മെയ്ദിനം
അതുകൊണ്ടുതന്നെ മെയ് ദിനാചാരണത്തിനെതിരെ മുൻപൊരിക്കലുമില്ലാത്ത തരത്തിൽ സർക്കാരുകളുടെ ഭാഗത്തുനിന്നും വലിയ അടിച്ചമർത്തലാണ് നടന്നത്. നോയിഡയിൽ നിരോധനാജ്ഞ നീട്ടിയ സർക്കാർ മെയ് ദിനാചാരണം വിലക്കി. വിവിധ ഫാക്ടറികളിൽ തൊഴിലാളികളെ ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ എന്തു വന്നാലും മെയ്ദിനം ആചരിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. അറസ്റ്റിനെയും അടിച്ചമർത്തലിനെയും നേരിടാൻ അവിടുത്തെ സഖാക്കൾക്കൊപ്പം സംസ്ഥാന – അഖിലേന്ത്യാ നേതാക്കൾ കൂടി ചേരാനും തീരുമാനിച്ചു. മുൻവർഷങ്ങളിലെ പോലെ ഫാക്ടറി ഗെയ്റ്റുകളിൽ പതാക ഉയർത്താൻ അനുവദിക്കാമെന്ന് ഏതാണ്ട് ആറു മണിക്കൂർ നീണ്ട ചർച്ചയ്ക്കുശേഷം അധികാരികൾ സമ്മതിച്ചു. എന്നാൽ പിറ്റേന്ന് അതിരാവിലെ മുതൽ വീണ്ടും സിഐടിയു നേതാക്കളെ അന്യായമായി വീട്ടുതടങ്കലിലാക്കി. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ച് അഖിലേന്ത്യാ – സംസ്ഥാന – ജില്ലാ സിഐടിയു നേതൃത്വം നോയിഡയിലെ ഫാക്ടറി ഗെയ്റ്റിൽ എത്തി. സിഐടിയു ബാനറും കൊടികളും പിടിച്ചെടുക്കുനും മുദ്രാവാക്യം വിളിക്കുന്നത് തടയാനും ചെയ്യാൻ നൂറുകണക്കിന് വരുന്ന പൊലീസ് ശ്രമിച്ചു. എന്നാൽ തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ പൊലീസിനു പിന്മാറേണ്ടി വന്നു. ഏതാണ്ട് രണ്ടു മണിക്കൂറോളം മെയ് ദിനപരിപാടി നടന്നു. കിസാൻ സഭ, മഹിളാ സമിതി, ലോയേഴ്സ് യൂണിയൻ, എസ്എഫ് ഐ, തുടങ്ങിയ വിവിധ സംഘടനകളും ഐക്യദർഢ്യവും പിന്തുണയുമായി മെയ് ദിനാചരണത്തിൽ പങ്കുചേർന്നു. സിഐടിയുവിന്റെ സെക്ടർ 8ലെ ഓഫീസിനു മുന്നിൽ തലേന്നു മുതൽ വൻ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. എന്നാൽ സിഐടിയു നേതൃത്വം ഓഫീസിലെത്തി പതാക ഉയർത്തുകയും മെയ് ദിനപരിപാടികൾ നടത്തുകയും ചെയ്തു. എന്നാൽ മറ്റു പല ട്രേഡ് യൂണിയനുകളെയും സ്വന്തം ഓഫീസ് തുറക്കാൻ പോലും പൊലീസ് അനുവദിച്ചില്ല. ഡൽഹി – ദേശീയ തലസ്ഥാന മേഖലയിൽ സിഐടിയു നേതൃത്വത്തിൽ വ്യാപകമായി മെയ്ദിനാചരണം നടന്നു.

ട്രേഡ് യൂണിയനുകളുടെ പങ്ക്
കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരന്തരമായി ദേശീയ തലസ്ഥാന മേഖലയിൽ ഏകീകൃത മിനിമം കൂലി അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിരന്തരമായ പ്രചരണം സിഐടിയു നടത്തിയിരുന്നു. മറ്റു പല ഗ്രൂപ്പുകളും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഈ സമരങ്ങളിൽ പങ്കെടുത്ത തൊഴിലാളികളിൽ ഏറിയ പങ്കും ഒരു ട്രേഡ് യൂണിയന്റെയും ഭാഗമല്ല. അസഹനീയമായ ചൂഷണത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന, സ്വന്തം നിലനിൽപ്പു തന്നെ അപകടത്തിലായ തൊഴിലാളി വർഗത്തിന്റെ ചെറുത്തുനിൽപ്പിന്റെ സ്വാഭാവികമായ ബഹിർസ്ഫുരണമാണ് ഇപ്പോൾ ഉണ്ടായത്.

എന്നാൽ 2012 ലെ മാരുതി സമരകാലഘട്ടത്തിൽ നിന്നു വ്യത്യസ്തമായി, തൊഴിലാളികൾ ട്രേഡ് യൂണിയൻ രൂപീകരിച്ച് സമരം ചെയ്യേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ നേതൃത്വത്തെ തൊഴിലുടമയും മാനേജ്മെന്റും, അധികാരികളും കോൺട്രാക്ടറും ചേർന്ന് പുറത്താക്കുമെന്നുള്ള തിരിച്ചറിവും അവർക്കുണ്ട്. വളരെ വ്യാപകമായി നവമാധ്യമങ്ങളെ കമ്യൂണിക്കേഷനു വേണ്ടി തൊഴിലാളിയുടെ ഈ പുതുതലമുറ ഉപയോഗിച്ചു.

സിഐടിയുവാകട്ടെ സമര കേന്ദ്രങ്ങളിൽ നേരിട്ടെത്തി പിന്തുണ നൽകുകയും സ്വതന്ത്രമായും ജനാധിപത്യപരമായും തങ്ങളുടെ തീരുമാനങ്ങളെടുക്കുകയും കൂട്ടായി വിലപേശുകയും ചെയ്യാൻ അവരെ സഹായിക്കുകയും ചെയ്ത് അവർക്കിടയിൽ സജീവ സാന്നിധ്യമായി. ഇതോടൊപ്പം ഈ സമരത്തിൽ തങ്ങളുടെ നിലപാടുകളും ഒപ്പം നിരന്തരമായി മിനിമം കൂലിക്കും ഓവർ ടൈം അടക്കമുള്ള മറ്റ് അവകാശങ്ങൾക്കും വേണ്ടി തങ്ങൾ നടത്തിക്കൊണ്ടിരുന്ന പോരാട്ടങ്ങളെയും സാമൂഹ്യ മാധ്യമങ്ങൾ വഴി തൊഴിലാളികളുടെ ഇടയിൽ എത്തിച്ചുകൊണ്ടിരുന്നു. പൊലീസിന്റെ ഭീഷണിക്കെതിരെ ധൈര്യപൂർവ്വം ഏറ്റുമുട്ടുകയും ചെയ്തുവന്നു. കള്ളക്കേസിൽ കുടുങ്ങിയ തൊഴിലാളികളെയും മറ്റ് ട്രേഡ് യൂണിയൻ പ്രവർത്തകരെയും നിരുപാധികം സാമ്പത്തികമായും, നിയമപരമായും സഹായിക്കുമെന്നും തൊഴിലാളികൾ ആഗ്രഹിക്കുന്ന യൂണിയൻ രൂപീകരിക്കാൻ സഹായിക്കുമെന്നും സിഐടിയു പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ സാഹചര്യം
ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുമ്പ് അമേരിക്കയിൽ 1882–-85 കാലഘട്ടത്തിലൽ യുദ്ധവും സാമ്പത്തിക മാന്ദ്യവും ചേർന്ന് സൃഷ്ടിച്ച സാഹചര്യത്തിൽ മൃഗങ്ങളേക്കാൾ കഷ്ടമായി 16-–18 മണിക്കൂർ പണിയെടുത്തിരുന്ന ഷിക്കാഗോയിലെയും മറ്റു പ്രദേശങ്ങളിലെയും തൊഴിലാളികളുടെ സ്ഥിതിയിൽ അവിടെ പണിമുടക്കുകളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർദ്ധനവുണ്ടായതായി മെയ്ദിന ചരിത്രം പരിശോധിക്കുമ്പോൾ കാണാം. മാത്രമല്ല ട്രേഡ് യൂണിയനുകളുടെ അംഗസംഖ്യയിലും 100 മുതൽ 1000 മടങ്ങു വരെ വർദ്ധനവാണ് 2-3 വർഷത്തിനുള്ളിൽ ഉണ്ടായത്.

യുദ്ധവും സാമ്രാജ്യത്വത്തിനു കീഴടങ്ങുന്ന ഇന്ത്യൻ ഭരണവർഗ നയങ്ങളും ലേബർ കോഡുകളും ചേർന്ന് സമാനമായ ഒരു സാഹചര്യമാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധിയിലാകുന്ന ഇന്ത്യൻ വ്യവസായങ്ങൾ, വിവിധ വ്യാപാര കരാറുകൾ മൂലം ഇനിയുമധികം പ്രതിസന്ധിയിലേക്ക് പോകുന്ന ഇന്ത്യൻ കാർഷിക മേഖല, വർദ്ധിക്കാൻ പോകുന്ന പ്രവാസി പലായനം തുടങ്ങിയവ മൂലം- സ്ഥിതി സ്ഫോടനാത്മകമായി വളരുകയാണ്. കൂലിയും ജോലിസമയവും കേന്ദ്ര പ്രശ്നങ്ങളായി വന്നിരിക്കുന്നു. തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന്റെ തലേന്നു തന്നെ വാണിജ്യപാചകവാതക സിലിണ്ടറിന് മാത്രമല്ല, തൊഴിലാളികൾ വ്യാപകമായി ഉപയോഗിക്കുന്ന 5 കിലോ സിലിണ്ടറിനും വില വർധിപ്പിച്ചിരിക്കുന്നു മോദി സർക്കാർ. ഈ സാഹചര്യത്തിൽ തീവ്രമാകാൻ പോകുന്ന വർഗ സമരങ്ങളാണ് ഇനി ഇന്ത്യ കാണാൻപോകുന്നത്. ഇതിനു നേതൃത്വം നൽകാൻ സ്വയം സജ്ജരാകുക എന്നതാണ് വിപ്ലവ ട്രേഡ് യൂണിയൻ നേതൃത്വത്തിന്റെ മുന്നിലുള്ള വെല്ലുവിളി.

നവലിബറൽ നയങ്ങൾക്കെതിരായ നിരന്തര പോരാട്ടങ്ങളുടെ ഫലമായി നാം രൂപപ്പെടുത്തിയ തൊഴിലാളി ഐക്യവും തൊഴിലാളി – കർഷക – കർഷകത്തൊഴിലാളി ഐക്യവും താഴെതട്ടിലടക്കം അവകാശ ലംഘനങ്ങൾക്കെതിരായ ചെറുത്തുനിൽപ്പുകളായി മാറ്റണം. തങ്ങളുടെ സ്വതന്ത്രവും കൂട്ടായതുമായ സമരങ്ങളെ തീവ്രമാക്കുന്നതോടൊപ്പം അടിസ്ഥാന വർഗങ്ങളുടെ ഐക്യം വലിയ ബഹുജന മുന്നണിയായി വളർത്തുക എന്നതാണ് തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ അടിയന്തര കടമ. ഇന്ത്യയുടെ ജെൻ സീ വർഗ സമരം ഇതിന് കരുത്തു പകരും എന്ന കാര്യത്തിൽ സംശയമില്ല. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 − eight =

Most Popular