Wednesday, May 13, 2026

ad

Homeകവര്‍സ്റ്റോറിപരമദാരിദ്ര്യത്തിൽനിന്നും ഇരട്ട അധികാരത്തിലേക്ക് പുതിയൊരു തൊഴിലാളിവർഗം 
ഉദയംകൊള്ളുന്നു

പരമദാരിദ്ര്യത്തിൽനിന്നും ഇരട്ട അധികാരത്തിലേക്ക് പുതിയൊരു തൊഴിലാളിവർഗം 
ഉദയംകൊള്ളുന്നു

സുദീപ് ദത്ത

മെയ്ദിനം ആസന്നമാകുന്ന വേളയിൽ, ആശങ്കയുടെയും നിരാശയുടെയും മൂടുപടം തകർത്തെറിഞ്ഞ് ഓരോ നിമിഷത്തിലും ധീരോദാത്തമായ വീര്യത്തോടുകൂടി ഇന്ത്യൻ തൊഴിലാളി വർഗം ഉണർന്നെണീക്കുകയാണ്; അത് നട്ടെല്ലില്ലാത്ത മൂലധനത്തിന്റെ നട്ടെല്ല് വിറപ്പിക്കുകയും ഹൃദയമില്ലാത്ത ഭരണകൂടത്തിന്റെ ഹൃദയത്തിൽ ആഴത്തിലുള്ള ഭയം ഉണർത്തുകയും ചെയ്തിരിക്കുന്നു. ഉത്തരേന്ത്യയിലും മധ്യേന്ത്യയിലുമുടനീളം ഒന്നിനു പുറകെ ഒന്നായി ഈ മുന്നേറ്റങ്ങൾ തിരമാലകൾപോലെ അലയടിച്ചുയരുകയാണ് -– കഠിനമായ യാതനയ്ക്കും വേദനയ്ക്കുമിടയിൽ വ്യാവസായിക തൊഴിലാളികൾ അവരുടെ നിലനിൽപ്പ് ഊട്ടിയുറപ്പിക്കുകയാണ്.

നൈസർഗികമായ ഈ തൊഴിലാളി മുന്നേറ്റങ്ങൾ ട്രേഡ് യൂണിയനുകൾക്കകത്തും പൊതുവിൽ സമൂഹത്തിലും നിരവധി ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ് –- ചിലരിൽ അത് ലുഡൈഡ് മുന്നേറ്റത്തിന്റെ ഓർമ്മകളെ തിരിച്ചുകൊണ്ടുവന്നു; ചൂഷണമനുഭവിക്കുന്ന ജനത ഒരുനാൾ സ്വയം ഉണർന്നെണീക്കുമെന്ന യാഥാർത്ഥ്യത്തെയും സംഘടിത മുന്നേറ്റത്തെയും സംബന്ധിച്ച സംവാദങ്ങൾ വീണ്ടും കളത്തിലിടംപിടിച്ചു. തീർച്ചയായും കോടാനുകോടി വ്യാവസായിക തൊഴിലാളികളുടെ തൊഴിൽസമയം അസഹ്യവും മനുഷ്യത്വരഹിതവുമായ തോതിൽ വർദ്ധിപ്പിക്കുന്നതിനെതിരെ നടന്ന ഈ സമരമുന്നേറ്റങ്ങളിലൂടെ മെയ്ദിനത്തിന്റെ പ്രാധാന്യം വീണ്ടും മുഖ്യധാരയിലേക്ക് ഉയർന്നുവന്നു. ഈ തൊഴിലാളിവർഗ മുന്നേറ്റത്തിലെ ധീരരായ പോരാളികൾക്ക് ഐക്യദാർഢ്യം നേർന്നുകൊണ്ട് ഇന്ത്യയിലെ തൊഴിലാളി വർഗം ഉറച്ചുനിൽക്കും; ഈ മുന്നേറ്റത്തിന്റെ ഉൾക്കാമ്പെന്താണ് എന്ന് മനസ്സിലാക്കുന്നതിനും അതുവഴി കൂടുതൽ തീക്ഷ്ണതയോടെയും യോജിപ്പോടെയും അതാവർത്തിക്കുന്നതിനുള്ള താല്പര്യത്തോടുംകൂടി ഇന്ത്യയിലെ അധ്വാനിക്കുന്ന ജനത ഈ പോരാളികൾക്കൊപ്പം ചേർന്നുനിൽക്കും.

പശ്ചാത്തലം
ഈ തൊഴിലാളിവർഗ മുന്നേറ്റത്തിന്റെ ഒന്നാം ഘട്ടം ആരംഭിക്കുന്നത് പ്രധാനമായും എണ്ണ ശുദ്ധീകരണശാലകളുടെയും സ്റ്റീൽ പ്ലാന്റുകളുടെയും അത്തരം മറ്റു പ്രോജക്ടുകളുടെയും പുതിയ യൂണിറ്റുകൾ നിർമ്മിക്കുന്നതിനുള്ള കരാർ എടുത്തിരിക്കുന്ന കോർപ്പറേറ്റ് കമ്പനികളിൽ പണിയെടുക്കുന്ന നിർമ്മാണ തൊഴിലാളികൾക്കിടയിലാണ്; അതിൽ മിക്കതും പൊതുമേഖലയിൽ ഉള്ളതുമാണ്. ഇതിന്റെ രണ്ടാം ഘട്ടം പൊട്ടിപ്പുറപ്പെടുന്നത് മനേസർ, ഗുഡ്ഗാവ്, നോയിഡ, ഫരീദാബാദ്, നീംറാണ, മറ്റ് നിരവധി വ്യവസായ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം നീണ്ടുകിടക്കുന്ന സ്വകാര്യ മാനുഫാക്ചറിങ് ഹബ്ബുകളിൽനിന്നാണ്; ഇവയിൽ മിക്കവയിലും ഏറെക്കുറെ അധികവും താൽക്കാലിക തൊഴിലാളികളാണ് മുൻനിരയിൽ നിൽക്കുന്നത്.

ഒമ്പതിനായിരം മുതൽ പതിനൊന്നായിരം വരെ മാത്രമുള്ള മിനിമം കൂലി ഉപജീവനത്തിന് ആവശ്യമായ നിരക്കിനേക്കാൾ വളരെ താഴെയാണ് എന്നതും നീണ്ട തൊഴിൽ സമയവും അധികസമയം തൊഴിലെടുക്കുന്നതിന് നിയമപരമായി നൽകേണ്ട അധികതുക നൽകാത്തതും വിശ്രമവേളകൾ, ലീവുകൾ, നിയമപരമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ അഭാവവും ഒപ്പംതന്നെ കോൺട്രാക്ടർമാരിൽ നിന്നുണ്ടാകുന്ന വ്യാപകമായ പീഡനങ്ങളുമാണ് ഈ സമരമുന്നേറ്റത്തിന്റെ ആസന്നമായ കാരണങ്ങൾ. എൽപിജി പ്രതിസന്ധി അതിന്റെ അടിയന്തര പ്രേരകഘടകമായി മാറുകയും ചെയ്തു; കാരണം, അത് ജീവിതച്ചെലവ് ഏതാണ്ട് പത്തു മടങ്ങിനടുത്ത് വർദ്ധിപ്പിക്കുകയും ഫലത്തിൽ വിപുലമായ ഈ തൊഴിലാളി സേനയെയാകെ പരമദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തു.

ഈ പശ്ചാത്തലത്തിൽ, ഈ തൊഴിലാളി മുന്നേറ്റങ്ങളെ സംബന്ധിച്ച ചില നിർണായക വശങ്ങളെക്കുറിച്ച് വിലയിരുത്തേണ്ടതുണ്ട്; സ്വന്തം നിലനിൽപ്പിനുവേണ്ടി പോരാടുന്ന, ഇതുവരെയും അത്തരത്തിൽ മുഷ്ടിചുരുട്ടി മുന്നോട്ടു വന്നിട്ടില്ലാത്ത തൊഴിൽ സേനയുടെ ബൃഹത്തായ ശേഷിയെ പുറത്തുകൊണ്ടു വരുന്നതിന് ഈ വിലയിരുത്തൽ നമ്മളെ സഹായിച്ചേക്കാം. എടുത്തു പറയട്ടെ, ഈ തൊഴിൽ സേന ഇന്ത്യൻ തൊഴിലാളി വർഗത്തിൽ അങ്ങേയറ്റം ചൂഷണം ചെയ്യപ്പെടുന്നവരും വർഗബോധത്തിന്റെ കാര്യത്തിൽ മുൻനിരയിൽ നിൽക്കുന്നവരുമാണ്.

കൂലിയുമായി ബന്ധപ്പെട്ടുള്ള രോഷപ്രകടനം
മിനിമം കൂലി എന്ന ആശയം കൊണ്ടുദ്ദേശിക്കുന്നത് തൊഴിലാളി വർഗത്തിന്റെ അധ്വാനശേഷിയെ പുനരുത്പാദിപ്പിക്കുന്നതിന് ആവശ്യമായിവരുന്ന ഏറ്റവും കുറഞ്ഞ അഥവാ ഉപജീവനത്തിനുള്ള വേതനം എന്നു മാത്രമാണ്. വൈവിധ്യമാർന്നതും വ്യാപകവുമായ അനൗപചാരിക തൊഴിൽ സംവിധാനമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത് എന്നതിനാൽ, വളരെ ചെറിയൊരു വിഭാഗം തൊഴിൽ സേന മാത്രമേ യഥാർത്ഥത്തിൽ നിയമപരമായ മിനിമം വേതനത്തിന്റെ പരിധിക്കകത്ത് വരുന്നുള്ളൂ.

മിനിമം വേതനം കണക്കാക്കുന്നതുമായി ബന്ധപ്പെട്ടും ഗൗരവതരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്; ചില മാർഗനിർദ്ദേശക തത്വങ്ങൾ ഉണ്ടെന്നതൊഴികെ, തർക്ക രഹിതമായ രീതിയിൽ മിനിമം കൂലി നിശ്ചയിക്കുന്നതിനുള്ള നിർബന്ധിത നിയമ ചട്ടക്കൂട് നിലനിൽക്കുന്നില്ലായെന്നതുതന്നെയാണ് പ്രധാന പ്രശ്നം. തത്ഫലമായി, മിനിമം കൂലി നിശ്ചയിക്കുന്നതിനായി ചുമതലപ്പെടുത്തുന്ന ത്രികക്ഷി സംവിധാനം മൂലധനത്തിന്റെയും ഭരണവർഗത്തിന്റെയും താല്പര്യങ്ങൾക്കനുകൂലമായ നിലപാടുകൾ കൈക്കൊള്ളുന്നു എന്ന് പലപ്പോഴും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലത്തിലുള്ള അസന്തുലിതത്വവും പ്രധാനമായി നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന്, നോയിഡയിലും ഗുഡ്ഗാവിലുമുള്ള തൊഴിലാളികൾക്ക് നൽകപ്പെടുന്ന മിനിമം കൂലി അയൽ സംസ്ഥാനമായ ഡൽഹിയിൽ നൽകുന്നതിനേക്കാൾ ഏതാണ്ട് 50 ശതമാനം കുറവാണ്; എന്നാൽ അവശ്യോൽപന്നങ്ങളുടെ വിലയിൽ ഇവിടങ്ങളിലെല്ലാം തൊഴിലാളികൾ ഒരേ രീതിയിൽ സമാനമായ വർദ്ധനവ് നേരിടുകയും ചെയ്യുന്നു.

ഇത് അടിസ്ഥാനപരമായൊരു 
ചോദ്യമുയർത്തുന്നു
ഇത്തരം സാഹചര്യങ്ങൾക്കുകീഴിൽ നിന്നുകൊണ്ട് എങ്ങനെയാണ് അധ്വാനിക്കുന്ന വർഗം സ്വയം പുനരുത്പാദനം നടത്തുക? മിക്കപ്പോഴും അത് നടത്തുന്നത് അധികസമയം പണിയെടുത്തും കുടുംബത്തിലെ അനേകം അംഗങ്ങൾ അധ്വാനിച്ചും അങ്ങനെ കഷ്ടിച്ച് ഉപജീവനം നടത്താനാവശ്യമായ നിലയിലേക്ക് വരുമാനം വർദ്ധിപ്പിച്ചുമാണ്.

കൃത്യമായ ഇടവേളകളിൽ, സവിശേഷമായി പറഞ്ഞാൽ ഓരോ ആറുമാസം കൂടുമ്പോഴും, വേതനത്തോടൊപ്പം വേരിയബിൾ ഡി എ കൂട്ടിച്ചേർത്തുകൊണ്ട് മിനിമം കൂലിയുടെ യഥാർത്ഥ മൂല്യത്തെ മാതൃകാപരമായി സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും ഈ സമതുലിതവത്കരണം നടപ്പാക്കുന്നത് സമയം തെറ്റിയോ അല്ലെങ്കിൽ അപര്യാപ്തമായ രീതിയിലോ ആണ്; അതുവഴി കാലാകാലങ്ങളിലെ യഥാർത്ഥ കൂലി കവർന്നെടുക്കപ്പെടുകയാണ്.

രണ്ടാമത്തെ വശം മിനിമം കൂലിയുടെ കാലാനുസൃതമായ പരിഷ്കരണവുമായി ബന്ധപ്പെട്ടതാണ്; മിനിമം കൂലി ഇത്തരത്തിൽ കാലാനുസൃതമായി പരിഷ്കരിച്ചാൽമാത്രമേ സമൂഹത്തിന്റെ പൊതുവായ പുരോഗതിക്കും ഉയർന്നുവരുന്ന സാമൂഹ്യാവശ്യങ്ങൾക്കുമനുസരിച്ച് ഉപഭോഗത്തിനാവശ്യമായ സാധനങ്ങൾ വാങ്ങുവാൻ തൊഴിലാളികൾക്ക് കഴിയുകയുള്ളൂ. ഒട്ടുമിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലും, പ്രത്യേകിച്ചും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ, ഇത്തരം മിനിമം കൂലി പരിഷ്കരണങ്ങൾ ഒന്നോ അതിലധികമോ ദശകങ്ങളായി നടപ്പാക്കാതെ കിടക്കുകയാണ്; ഇത് അധ്വാനിക്കുന്ന ജനതയിൽ വലിയൊരു വിഭാഗത്തിന്റെ ഉപഭോഗശേഷിയെ കൂടുതൽ ഇടിക്കുന്നു.

ഇത് അധ്വാനിക്കുന്ന വർഗത്തിന്റെ സാമൂഹികമായ പുനരുത്പാദന പ്രക്രിയയിൽ രൂക്ഷമായ സമ്മർദ്ദം സൃഷ്ടിക്കുന്നു; ബാഹ്യമായ ആഘാതങ്ങളുണ്ടാകുമ്പോൾ പെട്ടെന്ന് പരിക്കേൽക്കുന്ന വിധത്തിലേക്ക് അവ ദുർബലമാക്കപ്പെടുന്നു. കോവിഡ് 19 കാലത്തെ കൂട്ടപ്പലായനം ഈ യാഥാർത്ഥ്യത്തിന്റെ തികഞ്ഞ ഓർമ്മപ്പെടുത്തലാണ്; ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത അവസ്ഥയിൽ കഴിയുന്ന, പരമദാരിദ്ര്യത്തിന്റെ തൊട്ടടുത്തെത്തി നിൽക്കുന്ന ആ സാഹചര്യത്തെ അത് തുറന്നുകാട്ടി.

അത് പുനരുത്പാദനപരമായ 
പ്രതിസന്ധിയിലേക്ക് വഴിതിരിഞ്ഞു
അങ്ങനെയിരിക്കുമ്പോഴാണ് എൽ പി ജി പ്രതിസന്ധി ഉണ്ടാകുന്നത്. പ്രതിസന്ധിക്ക് മുൻപ് ഇന്ധനത്തിന്റെ ശരാശരി വില എന്നത് ഏതാണ്ട് ആയിരം രൂപയായിരുന്നു; അത് ഇവരുടെ ശരാശരി വരുമാനത്തിന്റെ പത്തിലൊരു ഭാഗമാണ്; പെട്ടെന്ന് ഗ്യാസിന്റെ വില റീട്ടെയിൽ കമ്പോളത്തിൽ 3000 മുതൽ 4000 രൂപ വരെയായി ഉയർന്നു; അപ്പോൾ അത് വരുമാനത്തിന്റെ ഏതാണ്ട് 40% ആയി മാറി; പുറത്തുനിന്ന് വാങ്ങുന്ന പാചകം ചെയ്ത ഭക്ഷണത്തിന്റെ വിലയും ഇരട്ടിയായി വർദ്ധിച്ചു. നിലവിലുണ്ടായിരുന്ന ഉപഭോഗ ചെലവിന്റെ തോതും രീതിയും അതോടൊപ്പംതന്നെ അനിവാര്യമായ പുനരുത്പാദനത്തിനു വേണ്ടിവരുന്ന സാമൂഹിക ചെലവും കണക്കിലെടുത്ത് അടിയന്തര വേതന വർദ്ധനവ് നടപ്പാക്കിക്കൊണ്ട് ഗണ്യമായ ഈ നാണയപെരുപ്പത്തെ സമതുലിതാവസ്ഥയിൽ നിർത്തേണ്ടതായിരുന്നു. എന്നാൽ ഭരണവർഗം തൊഴിലാളികളുടെ കൂലിയിൽ മാറ്റം വരുത്താൻ തയ്യാറായില്ല.

വ്യക്തമായി പറഞ്ഞാൽ, നിർബന്ധിത തൊഴിലിനുള്ള കൂലി പൂർണമായും നൽകിയുമില്ല; ഗണ്യമായ തോതിൽ നാണയപെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ, കൂലിയിൽ യാതൊരുവിധ അധികവർദ്ധനവും നടത്താതെ മിച്ചം പിഴിഞ്ഞെടുക്കുന്നതിന്റെ തോത് ഉയർത്തുകയും ചെയ്തു. ആയതിനാൽ, തൊഴിൽ സമയത്തിലോ ഉൽപാദനക്ഷമതയിലോ അധ്വാനത്തിന്റെ തീവ്രതയിലോ യാതൊരുതരത്തിലുള്ള ഔപചാരിക വർദ്ധനവും വരുത്താതെതന്നെ പ്രതിസന്ധിഘട്ടത്തിൽ മിച്ചമൂല്യത്തിന്റെ തോത് വർദ്ധിച്ചു.

ചുരുക്കിപ്പറഞ്ഞാൽ, ഈ പുനരുത്പാദന പ്രതിസന്ധി മൂലധനത്തിന് മിച്ചം കൂടുതലായി പിഴിഞ്ഞെടുക്കാനുള്ള അവസരമായി പരിണമിക്കപ്പെട്ടു. ഒരു വർഗം എന്ന നിലയിൽ സ്വയം പുനരുത്പാദിപ്പിക്കുന്ന കാര്യത്തിൽ തൊഴിലാളികൾ അധികമധികം പരാജയപ്പെട്ടു; തൊഴിലാളിയുടെ ആകെ പുനർനിർമ്മിക്കാവുന്ന തൊഴിൽജീവിതത്തിൽ ഈ ചെലവ് കുറവ് വരുത്തിയതായി കാണപ്പെട്ടു. ഫലത്തിൽ, അവന്റെ ജീവിതത്തിന്റെ ഭാവി വിഹിതത്തിൽനിന്നുവരെ മിച്ചം ഊറ്റിയെടുക്കപ്പെടുന്നു -– അടിസ്ഥാനപരമായി, ഇത് സാമൂഹിക പുനരുത്പാദനത്തിന്റെ ഒരു പ്രതിസന്ധിയാണ്. ഇത്തരമൊരു സാഹചര്യത്തിൽ അധ്വാനിക്കുന്ന വർഗത്തിനുമുന്നിൽ രണ്ടു വഴികൾ മാത്രമേ ഉള്ളൂ – – ഒന്നുകിൽ വമ്പിച്ച ഒരു സമരമുന്നേറ്റം അല്ലെങ്കിൽ കൂട്ടപ്പലായനം! ഡൽഹി എൻസിആറിലെയും സൂറത്തിലെയും വ്യാവസായിക ബെൽറ്റുകളിൽനിന്നും ഈ സമയത്ത് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം നടന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

അങ്ങനെ വർഗം 
ഒരു ജനതതിയായി ഉയരുന്നു
ഔപചാരിക തൊഴിലാളി സംഘടനകളൊന്നുമില്ലാതെ ഈ സമരമുന്നേറ്റങ്ങൾ എങ്ങനെയാണ് നടക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം ഇവിടെ നമുക്ക് കണ്ടെത്താം. അധ്വാനിക്കുന്ന വർഗം ഉത്പാദിപ്പിക്കുന്ന മിച്ചത്തിന്റെ വലിയൊരു വിഹിതം കൂട്ടായ പ്രവർത്തനത്തിലൂടെ വീണ്ടെടുക്കാമെന്ന ബോധം സൃഷ്ടിച്ചെടുക്കുവാനാണ് തൊഴിലാളി സംഘടനകൾ, പ്രത്യേകിച്ചും ട്രേഡ് യൂണിയനുകൾ ലക്ഷ്യമിടുന്നത്. അധ്വാനിക്കുന്ന വർഗത്തിന്റെ പുനരുത്പാദനമെന്നത്, തത്വത്തിൽ, മുതലാളിത്ത വ്യവസ്ഥയുടെ യുക്തിക്കകത്തുതന്നെ നിലനിൽക്കുന്നതാണ്.

എന്നിരുന്നാലും, ലാഭത്തിനു വേണ്ടിയുള്ള അനിയന്ത്രിതമായ നീക്കത്തിൽ ആ യുക്തിതന്നെ വക്രീകരിക്കപ്പെടുമ്പോൾ നിലനിൽപ്പുപരമായ ഭീഷണിനേരിടുന്ന ഒരു വിഭാഗം അഥവാ ജനതതിയാണ് തങ്ങൾ എന്ന് തൊഴിലാളി വർഗം –  ബോധപൂർവ്വമുള്ള കൂട്ടായ സമരപോരാട്ടത്തിലൂടെ പൂർണ്ണമായി ഇനിയും രൂപപ്പെട്ടിട്ടില്ലായെങ്കിൽപോലും -– സ്വയം തിരിച്ചറിയാൻ തുടങ്ങും. ചെയ്യുന്ന ജോലിക്ക് അർഹമായ കൂലി ലഭിക്കാത്ത, പ്രതിസന്ധി ആഘാതം സൃഷ്ടിക്കുന്ന, അധികവും കുടിയേറ്റതൊഴിലാളികളും താൽക്കാലിക തൊഴിലാളികളുമായിട്ടുള്ള ഒരു ജനതതിയാണത്.

സഹജസ്വഭാവംകൊണ്ടുതന്നെ – എന്നുവെച്ചാൽ മൂലധനത്തിന്റെ കടന്നാക്രമണം നേരിടുമ്പോഴും അതിജീവിക്കുന്നതിനുള്ള സഹജവാസന -– ഉൽപാദന പ്രക്രിയയിൽ ഏർപ്പെട്ടിട്ടുള്ള ഒരു വർഗമാണത്; വിവരവിനിമയത്തിനുള്ള കമ്മ്യൂണിറ്റേറിയൻ നെറ്റ്‌വർക്കുകളും പങ്കുവെക്കപ്പെടുന്ന ഓർമ്മകളും പ്രതീക്ഷകളും ഉപയോഗിക്കുന്നതുവഴി അതൊരു ജനതതിയുമാണ്. അതുകൊണ്ടുതന്നെ അത് തീയായി ആളിപ്പടർന്നു; ഉത്തരേന്ത്യയെയും മദ്ധ്യേന്ത്യയേയുമാകെ വിഴുങ്ങിക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലുടനീളം ഓരോ തീപ്പൊരിയും സന്നിവേശിപ്പിക്കപ്പെട്ടു. ‘‘തൊഴിലാളി’’ എന്ന സങ്കൽപ്പം സാധ്യമാക്കുന്നതിനുവേണ്ടിയുള്ള പശ്ചാത്തലസൗകര്യാടിത്തറ സാമൂഹ്യ മാധ്യമങ്ങൾ പ്രദാനംചെയ്തു; ഇവിടെ തൊഴിലാളിയുടെ നിലനിൽപ്പുതന്നെ നിഷ്ഠുരമായ ഈ തൊഴിൽ സംവിധാനത്തിന്റെ മൂർത്തമായ ഭൗതിക സാഹചര്യങ്ങളിൽ അടിഞ്ഞുകിടക്കുകയാണ് എന്നോർക്കേണ്ടതുണ്ട്. അതേസമയംതന്നെ, സാമൂഹ്യമാധ്യമങ്ങൾ മുന്നോട്ടുവയ്ക്കുന്ന വ്യക്തിപരമായ നവീകരണം എന്ന സംവിധാനത്തെത്തന്നെ അട്ടിമറിച്ചുകൊണ്ട് ഈ ആധുനിക തൊഴിലാളിവർഗം കൂട്ടായ സമരമുന്നേറ്റങ്ങൾക്കുള്ള ഒരായുധമാക്കി സാമൂഹ്യ മാധ്യമങ്ങളെ മാറ്റിത്തീർത്തു.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ പറയുന്ന ദീർഘവീക്ഷണം അത് ഒരിക്കൽകൂടി ഊട്ടിയുറപ്പിച്ചു: “അതുകൊണ്ട് ബൂർഷ്വാസി സൃഷ്ടിക്കുന്നത് സർവ്വോപരി അതിന്റെ സ്വന്തം ശവകുഴി തോണ്ടുന്നവരെയാണ്. അതിന്റെ പതനവും തൊഴിലാളിവർഗത്തിന്റെ വിജയവും ഒരുപോലെ അനിവാര്യമാണ്.”

സ്ഥിരമല്ലാത്ത തൊഴിൽ സേനയെ വൻതോതിൽ റിക്രൂട്ട് ചെയ്യുകയും സംഘടിത ട്രേഡ് യൂണിയൻ രൂപീകരണത്തെ ഫലപ്രദമായി അടിച്ചമർത്തുകയും ചെയ്താൽ വ്യാവസായിക തൊഴിലാളികളുടെ സമരോത്സുക പ്രവർത്തനത്തിനുള്ള സാധ്യതയെ ഇല്ലാതാക്കാമെന്ന് ഭരണവർഗം വിശ്വസിച്ചു. യഥാർത്ഥത്തിൽ, അത് സൃഷ്ടിച്ചത് ആധുനിക ഇന്ത്യൻ തൊഴിലാളി വർഗത്തിലെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെയാണ് –- ശരിക്കും ദരിദ്രരെ, ഉണ്ണാനും ഉടുക്കാനുമില്ലാത്തവരെ; രാജ്യത്തുടനീളമുള്ള മർമ്മപ്രധാനമായ, തന്ത്രപരമായ, ഉയർന്ന ലാഭംകൊയ്യുന്ന ഉൽപാദന യൂണിറ്റുകളിൽ പണിയെടുക്കുന്നവരാണവർ. സ്വന്തം കാൽചങ്ങലകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ലാത്തവരും നേടിയെടുക്കുവാൻ വലിയൊരു ലോകം മുന്നിലുള്ളവരുമായ തൊഴിലാളികൾ – ഇവരാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ യഥാർത്ഥ തൊഴിലാളിവർഗം.

മൂലധനം ഉൽപാദനപ്രക്രിയയെ തുണ്ടുതുണ്ടാക്കി വിഭജിക്കുകയും മൂല്യ ശൃംഖലകളിലുടനീളം അത് വ്യാപിപ്പിക്കുകയും ചെയ്തിരിക്കുന്നു; ഒരേ ബ്രാൻഡിന്റെതന്നെ ഉൽപാദനം മൂലധനം അനേകം യൂണിറ്റുകളിലായി വിഭജിച്ചിരിക്കുന്നു; മൂലധനത്തിന് അനുകൂലവും തൊഴിലാളിവിരുദ്ധവുമായ നയങ്ങൾ നടപ്പാക്കുന്നതിനും തൊഴിലിടത്തിലെ ഏകീകൃത സംഘടനയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുംവേണ്ടി ഭരണകൂടങ്ങളോട് വിലപേശുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനു തിരിച്ചടിയായി, തൊഴിലാളികൾ ബ്രാൻഡടിസ്ഥാനത്തിൽ മൂല്യ ശൃംഖലകളിലുടനീളം സമരമുന്നേറ്റങ്ങൾ സംഘടിപ്പിക്കുകയാണ്; ഒരേ കമ്പനിയുടെ നിരവധി യൂണിറ്റുകളിൽ പ്രതിഷേധപ്രക്ഷോഭങ്ങൾ നടത്തുന്നു; അങ്ങനെ ഒരു യൂണിറ്റിൽനിന്നും മറ്റൊരു യൂണിറ്റിലേക്ക് ഉൽപാദനം മാറ്റിസ്ഥാപിക്കുവാനുള്ള മൂലധനത്തിന്റെ ശേഷിയെ പരിമിതപ്പെടുത്തുന്നു. ഇത് തന്ത്രപരമായ പ്രതിപ്രവർത്തനത്തിന്റെ ഒരു രൂപമാണ് –- മുതലാളിത്ത സമൂഹത്തിലെ ഏറ്റവും വികസിത വിഭാഗങ്ങളിൽനിന്നും ഉദയംകൊള്ളുന്ന സഹജവാസനയുടെയും അവബോധത്തിന്റെയും ഒരു സംയോജനമാണ്.

മൂലധനത്തിന് 
മറുപടിപറയേണ്ടിവന്നു
നിശ്ചയമായും ഈ വമ്പിച്ച സമരമുന്നേറ്റങ്ങളോട് പ്രതികരിക്കുക എന്നതൊഴിച്ച് മറ്റൊരു വഴിയും മൂലധനത്തിനു മുന്നിലുണ്ടായിരുന്നില്ല. ഹരിയാനയിലെയും ഉത്തർപ്രദേശിലെയും സംസ്ഥാന ഗവൺമെന്റുകൾ വേതനത്തിൽ 2000 – – 3000 രൂപയോടടുത്ത് വർദ്ധനവ് വരുത്തി; ശ്രദ്ധേയമായകാര്യം, ഈ വേതന വർദ്ധനവ് എൽപിജി പ്രതിസന്ധിയിൽനിന്നുമുണ്ടായ, വരുമാനവും ഉപജീവനത്തിനു വേണ്ടിവരുന്ന ആവശ്യകതകളും തമ്മിലുള്ള വിടവ് നികത്തുന്നതിന് ഏറെക്കുറെ തത്തുല്യമാണ്. ആ അർത്ഥത്തിൽ, തങ്ങളുടെ അതിജീവനത്തിനാവശ്യമായ താൽക്കാലികോപാധികളുടെ കുറഞ്ഞത് ഒരു ഭാഗമെങ്കിലും ഉറപ്പാക്കുന്ന കാര്യത്തിൽ തൊഴിലാളിവർഗം കൈവരിച്ച വിജയം എന്ന നിലയ്ക്ക് സ്വയമേവ രൂപംകൊണ്ട ഈ സമരമുന്നേറ്റങ്ങളെ കാണാവുന്നതാണ്.

എന്നാൽപോലും, ഭൂരിപക്ഷം കേസുകളിലും ഈ വേതന വർദ്ധനവ് നടപ്പാക്കുന്ന കാര്യത്തിൽ ഇപ്പോഴും തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ല. അതേസമയം, തൊഴിൽഭാരം വർദ്ധിപ്പിക്കുന്നതിനും അതുവഴി അധ്വാനം കൂടുതൽ രൂക്ഷമാക്കുന്നതിനുംവേണ്ടി മാനേജ്മെന്റ് സമ്മർദ്ദം ചെലുത്തിവരികയാണ്. ഭരണവർഗം ആപേക്ഷികമായി മിച്ചം ഞെക്കിപ്പിഴിഞ്ഞെടുക്കുന്നതിനുള്ള അതിന്റെ ശേഷി വർദ്ധിപ്പിച്ചുകൊണ്ട് പെട്ടെന്ന്, നടപ്പാക്കാൻ നിർബന്ധിതമാക്കപ്പെട്ട വേതന വർദ്ധനവിന്റെ നഷ്ടം നികത്തുവാനുള്ള മാർഗം തേടുകയുമാണ്.

അതോടൊപ്പംതന്നെ, സമരംചെയ്യുന്ന തൊഴിലാളികൾക്കും പ്രവർത്തകർക്കുംനേരെ അഭൂതപൂർവ്വമായ തോതിലുള്ള ഭരണകൂട അടിച്ചമർത്തലാണ് അഴിച്ചുവിടുന്നത് –- നൂറുകണക്കിനു തൊഴിലാളികളെ തുറങ്കിലടച്ചു; അവർ എവിടെയാണെന്നോ എന്തുപറ്റിയെന്നോ ഉള്ള ഒരു വിവരവും ലഭ്യമല്ല. ഇനി ഉണ്ടാകുന്ന ഏതൊരു കലാപവും നിഷ്ഠുരമായി അടിച്ചമർത്തുമെന്നും മേഖലയിൽ മൂലധനശക്തിയുടെ പൂർണമായ ആധിപത്യം പുനഃസ്ഥാപിക്കുമെന്നുമുള്ള ശക്തമായ സന്ദേശം മൂലധനത്തിന് നൽകുവാനുള്ള ശ്രമത്തിലാണ് ഭരണകൂടം. തൊഴിലാളി വർഗം ഈ കടന്നാക്രമണത്തെ അതിന്റെ എല്ലാ കരുത്തോടുംകൂടി ചെറുക്കുകയുമാണ്.

പുതുതായി എന്താണ് സംഭവിക്കുന്നത്?
നമ്മൾ ഇപ്പോഴും ചർച്ചചെയ്തിട്ടില്ലാത്ത വളരെ പ്രധാനപ്പെട്ട ഒരു ഘടകം 2026 ഫെബ്രുവരി 12ന് നടന്ന പൊതുപണിമുടക്കാണ്. വിപുലമായ ക്യാമ്പയിനുകളോടും തൊഴിലാളികളെ അണിനിരത്തിക്കൊണ്ടുള്ള വമ്പിച്ച പ്രക്ഷോഭപരിപാടികളോടുംകൂടി നടന്ന പണിമുടക്ക് ലേബർ കോഡുകൾ നടപ്പാക്കുന്നതിനെതിരായ ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ശക്തവും വിജയകരവുമായ ക്യാമ്പയിനും ദൃഢപ്രസ്താവനയും ആയിരുന്നു. ശ്രദ്ധേയമായ കാര്യം, പൊതുപണിമുടക്ക് നടക്കുമ്പോഴും അതിനുശേഷവും ഈ സമരമുന്നേറ്റങ്ങൾ പടരാൻ തുടങ്ങി എന്നതാണ്.

പണിമുടക്കുകളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കഴിഞ്ഞ രണ്ടു ദശകങ്ങളായി ഒരു സവിശേഷസ്വഭാവം തെളിഞ്ഞുകാണുന്നുണ്ട്. പണിമുടക്ക് സംബന്ധിച്ച ഒരു പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നത്, ഓരോ സ്ഥാപനങ്ങളിലും പ്രത്യേകം പ്രത്യേകമായി നടക്കുന്ന സാമ്പത്തിക പണിമുടക്കുകളുടെ എണ്ണം ഈ കാലയളവിൽ ഗുരുതരമായ തോതിൽ കുറഞ്ഞു എന്നാണ്. അതേസമയംതന്നെ പൊതുപണിമുടക്കുകൾ കൂടുതൽ സ്ഥിരവും കൂടുതൽ പങ്കാളിത്തമുള്ളതും കൂടുതൽ സമരോത്സുകവുമായി മാറി. ഒറ്റനോട്ടത്തിൽ, വ്യാവസായിക പണിമുടക്കുകളും പൊതുപണിമുടക്കുകളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച പരമ്പരാഗത ധാരണയിൽ നിന്നുമുള്ള ഒരു വഴിപിരിയലായാണ് ഇതിനെ കാണാനാവുക; കാരണം എണ്ണമറ്റ സാമ്പത്തിക പണിമുടക്കുകളുടെ അടിത്തറയിൻമേലാണ് രാഷ്ട്രീയ പൊതുപണിമുടക്കുകൾ ഉദയംകൊള്ളുന്നത് എന്നാണ് സാധാരണയായി മനസ്സിലാക്കപ്പെടുന്നത്.

എന്തായാലും, ചെറുകിട ഉത്പാദന യൂണിറ്റുകളിൽ പണിയെടുക്കുന്ന താൽക്കാലിക തൊഴിലാളികളുടെ നീണ്ട നിരയോടുകൂടിയ, വൻതോതിൽ തുണ്ടുതുണ്ടാക്കപ്പെട്ട മൂല്യശൃംഖലയിൽ, പ്രത്യക്ഷത്തിലുള്ള ഒരു സംയുക്ത കരാർ നേടിയെടുക്കുന്നതിനുവേണ്ടി ആസൂത്രിതമായ സാമ്പത്തിക പണിമുടക്ക് നടത്തുക പ്രായോഗികമായി അസാധ്യമാണ് എന്നാണ് അനുമാനിക്കപ്പെട്ടിരുന്നത്. തങ്ങളുടെ അസംതൃപ്തിയും രോഷവും പ്രകടിപ്പിക്കുന്നതിനുവേണ്ടി ഒന്നിച്ചുമുന്നോട്ടുവരുന്ന തൊഴിലാളികളുടെ ഈ വൈവിധ്യമാർന്ന ഘടകങ്ങളെ ഉൾക്കൊള്ളുന്നത് പൊതുപണിമുടക്കാണ്; അവരുടെ ജീവിതയാഥാർത്ഥ്യത്തിന്റെ അസമവും എന്നാൽ ശക്തവുമായ പ്രകടനമാണ് പൊതുപണിമുടക്കുകൾ.

പക്ഷേ, പൊതുപണിമുടക്കുകളെ രാഷ്ട്രീയപണിമുടക്കുകളാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്ന കാര്യം തീർച്ചയാണ്. വിപുലമായ, പരസ്പരബന്ധിതമായ ഒരു വ്യവസ്ഥയായി മുതലാളിത്തം സ്വയം സ്ഥാപിച്ചുകഴിഞ്ഞു; ഒപ്പംതന്നെ സജീവ തൊഴിലാളികൾ ആ വ്യവസ്ഥയുടെ എല്ലാ നിർണായക പോയിന്റുകളിലും ആഴത്തിൽ വേരാഴ്ത്തിയിരിക്കുകയുമാണ്. അതിന്റെ ഏറ്റവും ദുർബലമായ കണ്ണിയിൽ നടക്കുന്ന ഒരു പണിമുടക്കിനുപോലും മഹാപ്രവാഹത്തിന്റെ ഫലമുണ്ടാകും. എന്നിരുന്നാൽപോലും, ഈ പൊതുപണിമുടക്കുകളുടെ സ്വഭാവം മിക്കപ്പോഴും ഒരു പ്രതിരോധം സൃഷ്ടിക്കലായി മാത്രം ശേഷിക്കുകയാണ്; അവ ഇപ്പോഴും ബൂർഷ്വാ ഭരണകൂടത്തിനെതിരെ നേരിട്ട് വെല്ലുവിളിയുയർത്തുകയോ സാമൂഹിക പരിവർത്തനമെന്ന സങ്കൽപ്പത്തെ പര്യാപ്തമായ തോതിൽ ഉൾപ്രവേശിപ്പിക്കുകയോ ചെയ്യുന്നില്ല.

ഇരട്ട അധികാരത്തിലേക്ക്
അതിനുശേഷം ഈ വമ്പിച്ച പണിമുടക്കു പ്രക്ഷോഭങ്ങൾ ഒന്നിനു പുറകെ ഒന്നായി വന്നു തുടങ്ങി. പ്രാഥമികമായും ഇവ കൂലി, തൊഴിൽ സമയം, സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, തൊഴിലിടത്തിൽ അന്തസ്സ് തുടങ്ങിയ ഡിമാൻഡുകളിൽ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക പണിമുടക്കുകളായിരുന്നു. അവ സ്ഥാപനാടിസ്ഥാനത്തിലുള്ളതും അധികവും താൽക്കാലിക തൊഴിലാളികളാൽ നയിക്കപ്പെട്ടതുമായിരുന്നു. സ്ഥാപിത ട്രേഡ് യൂണിയനുകളുടെ ആസൂത്രിതവും ഏകോപിതവുമായ ശ്രമങ്ങളൊന്നുംകൂടാതെ തൊഴിലാളികൾ സ്വയം തീരുമാനിച്ചു നടത്തിയ പണിമുടക്കായിരുന്നു അവ; അവ ഭരണകൂടത്തിന്റെ പതിവ് ചട്ടക്കൂടിനെ മറികടക്കുകയും അതിനെ താറുമാറാക്കുകയും ചെയ്തു. ഈ പണിമുടക്കുകളെ അടിച്ചമർത്തിക്കൊണ്ടുള്ള ഭരണകൂടത്തിന്റെ പ്രതികരണത്തിൽനിന്ന് വ്യക്തമാകുന്നത് ഇത്തരം വ്യാവസായിക പ്രക്ഷോഭ പരിപാടികളെ നേരിടുന്നതിന് അത് ഒട്ടുംതന്നെ തയ്യാറല്ലായിരുന്നു എന്നതാണ്. ഫലത്തിൽ, ഈ പണിമുടക്കുകൾ ബൂർഷ്വാ ഭരണക്രമത്തിന്റെ സാധുതയെ വെല്ലുവിളിക്കുകയാണ് ചെയ്തത്.

ആ അർത്ഥത്തിൽ നമ്മളെല്ലാവരും ജീവിക്കുന്നത് വൈരുദ്ധ്യാത്മകതകൾക്ക് നടുവിലാണ്. തൊഴിലാളി വർഗത്തിന്റെയാകെ സാമ്പത്തിക ഡിമാന്റുകളെ പ്രതിഫലിപ്പിച്ചുകൊണ്ട്, പൊതുപണിമുടക്കുകൾ സാർവത്രികമായി മാറിക്കൊണ്ടിരിക്കുകയാണ്; അതേസമയം സാമ്പത്തികാവശ്യങ്ങൾക്കുവേണ്ടിയുള്ള ഈ പണിമുടക്കുകൾ കൂടുതൽ കൂടുതൽ രാഷ്ട്രീയ സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു. ഇവ രണ്ടും കണക്കിലെടുക്കുമ്പോൾ, ഈ വൈരുദ്ധ്യാത്മകതയ്ക്ക് ഇന്നത്തെ കാലഘട്ടത്തിൽ പണിമുടക്കുപ്രക്ഷോഭങ്ങൾക്കകത്തും അതിനു പുറത്തും ഇരട്ട അധികാരം (Dual Power) കെട്ടിപ്പടുക്കുന്നതിനുള്ള ശേഷിയുണ്ട്. ഇരട്ട അധികാരത്തിന്റെ ഈ ഭ്രൂണത്തെ സംരക്ഷിക്കുന്നതിന് സ്വയം തീരുമാനിച്ചിറങ്ങലിന്റെയും (Auto
nomy) സംഘടനയുടേതുമായ ഈ വൈരുദ്ധ്യാത്മകത നിർണായകമാണ്. ഈ തൊഴിൽ സേനയുടെ ജനാധിപത്യപരമായ സ്വഭാവവും സ്വയം തീരുമാനിച്ചിറങ്ങുവാനുള്ള ഊർജ്ജവും പിടിച്ചടക്കാൻ ട്രേഡ് യൂണിയനുകളുടെ രാഷ്ട്രീയ സംഘടനകൾ ശ്രമിക്കരുത്; നേരെമറിച്ച് അതിന് സംരക്ഷണകവചമൊരുക്കുക. അതേസമയംതന്നെ തൊഴിലാളിവർഗത്തിന്റെ ഈ വമ്പിച്ച സേനയ്ക്കകത്ത് പരിവർത്തനരാഷ്ട്രീയത്തിന്റെ വിത്തുപാകുകയും വേണം. ഇവിടെ വൈരുദ്ധ്യാത്മകമായി പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന രൂപഘടനയുടെ ഒഴുക്കിനും പ്രത്യയശാസ്ത്രപരമായ ഉള്ളടക്കത്തിന്റെ സമൂർത്തതയ്ക്കും, പരിവർത്തനപരമായ അഭിലാഷത്തോടുകൂടി ഭരണകൂടത്തെ വെല്ലുവിളിക്കുവാനും, അധ്വാനിക്കുന്ന വർഗത്തിന്റെ എണ്ണമറ്റ സ്വയംനിർണയ (Autonomous) സ്ഥാപനങ്ങൾക്കുള്ള സാധ്യത തുറന്നിടുവാനും കഴിയും.

ചരിത്രം പൂർണമായി അങ്ങനെതന്നെ ആവർത്തിക്കുകയില്ല; പക്ഷേ അത് എല്ലാ കാലത്തും ഭാവികാലത്തിനായി നിരവധി പാഠങ്ങൾ മുന്നോട്ടുവെയ്ക്കുന്നുണ്ട്. മെയ്ദിനത്തിന്റെ ചരിത്രത്തിന് ഇപ്പോഴത്തെ ഈ സംഭവങ്ങളുമായി വിസ്മയകരമായൊരു ബന്ധമുണ്ട്; മാന്ദ്യത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്താണ് മെയ്ദിനം ഉദയംകൊള്ളുന്നത്. 1881 നും 1884 നുമിടയിൽ, പ്രതിവർഷം 500ൽ കുറയാത്ത പണിമുടക്കുകളും ലോക്കൗട്ടുകളും നടന്നു; അമേരിക്കയിലെ ഏതാണ്ട് ഒരു ലക്ഷത്തി അമ്പതിനായിരത്തോളം തൊഴിലാളികൾ അതിൽ പങ്കെടുത്തു. 1885ൽ പണിമുടക്കുകളുടെയും ലോക്കൗട്ടുകളുടെയും എണ്ണം 700 ആയി ഉയരുകയും 2,50000 തൊഴിലാളികൾ അതിന്റെ ഭാഗമാവുകയും ചെയ്തു. 1886 ൽ ഈ പണിമുടക്കുകളുടെ എണ്ണം ഇരട്ടിയിലധികമായി 1572 വരെ എത്തി; ആറ് ലക്ഷത്തോടടുത്ത് തൊഴിലാളികൾ അതിൽ പങ്കെടുത്തു; അതേസമയം ഇൗ കാലയളവിൽ പണിമുടക്കുകൾ ബാധിച്ച സ്ഥാപനങ്ങളുടെ എണ്ണം 2467ൽ നിന്നും കുത്തനെ വർദ്ധിച്ച് 11562 ആയി.

മെയ് ഒന്നിന്റെ പണിമുടക്ക് അക്കാലത്തെ ഉശിരൻ തൊഴിലാളി പ്രവർത്തനത്തിന്റെ കേന്ദ്രമായിരുന്ന ചിക്കാഗോയിൽ കൂടുതൽ ശക്തമായിരുന്നു. പൂർണ്ണമായ തോതിൽ രാഷ്ട്രീയമായി വികസിച്ചിരുന്നില്ലായെങ്കിലും, പ്രക്ഷോഭം സമരോത്സുകമായിരുന്നു; അത് തൊഴിൽ സാഹചര്യങ്ങളിൽ അടിയന്തരമായ മെച്ചപ്പെടുത്തൽ കൊണ്ടുവരുക മാത്രമല്ല ലക്ഷ്യമിട്ടത്, മറിച്ച്, മുതലാളിത്തത്തെ തന്നെ വെല്ലുവിളിക്കുകയും ചെയ്തു.

വിപ്ലവ തൊഴിലാളി സംഘങ്ങളുടെ പിന്തുണയോടുകൂടി പണിമുടക്ക് ഗണ്യമായതോതിൽ ശക്തിപ്പെട്ടു. അതിനു മുന്നോടിയായി സെൻട്രൽ ലേബർ യൂണിയന്റെയും തൊഴിലാളി സംഘടനകളുടെ വിശാലമായ ഐക്യമുന്നണിയുടെയും പിന്തുണയോടു കൂടിയ എട്ടുമണിക്കൂർ അസോസിയേഷൻ (Eight- Hour Association) രൂപീകരിക്കപ്പെട്ടു. യഥാർത്ഥത്തിൽ, ഇത് പണിമുടക്കുസമരത്തിനകത്തുതന്നെ ഇരട്ട അധികാരത്തിന്റേതായ ഒരു രൂപം ഉദയംകൊള്ളുന്നതായാണ് കാണിക്കുന്നത് – – ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് പുറത്തുനിൽക്കുകയും ഭരണകൂടത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന തൊഴിലാളികളുടെ സ്വതന്ത്ര സംഘടന. അപ്പോൾ മാർഗ്ഗവും ദിശയും അവിടെ അന്നേ മുന്നോട്ടുവയ്ക്കപ്പെട്ടുകഴിഞ്ഞിരുന്നു.

ഈ മെയ് ദിനത്തിൽ, അതിജീവനത്തിനുവേണ്ടി മാത്രമല്ല, പരിപൂർണ്ണമായൊരു ജീവിതത്തിനുവേണ്ടിക്കൂടി പുതിയ തന്ത്രങ്ങളും അടവുകളും വികസിപ്പിക്കുന്നതിന് ഇന്ത്യൻ തൊഴിലാളിവർഗം പ്രതിജ്ഞ ചെയ്യുന്നു – – അതായത് നിഷ്ഠുരമായ ബൂർഷ്വാ ഭരണക്രമത്തിന്റെ സാധ്യതയെ വെല്ലുവിളിക്കുകയും വ്യവസ്ഥയെത്തന്നെ മാറ്റിമറിക്കുകയും ചെയ്യുന്ന അത്തരമൊരു ഇരട്ട അധികാരം കെട്ടിപ്പടുക്കുന്നതിലേക്ക് നീങ്ങുന്നതിനുള്ള പ്രതിജ്ഞ. തടസ്സങ്ങളെ നീക്കംചെയ്തുകൊണ്ട്, ഈ സമരപോരാട്ടങ്ങൾ പുതിയ രൂപത്തിലുള്ള ഒരു തൊഴിലാളിവർഗ മുന്നേറ്റത്തിലേക്ക് നീങ്ങട്ടെ.

അടിക്കുറിപ്പ്
ഒരേ സമൂഹത്തിൽതന്നെ ഒരേ സമയത്ത് രണ്ട് വ്യത്യസ്ത രൂപത്തിലുള്ള അധികാരം നിലനിൽക്കുന്ന സാഹചര്യത്തെയാണ് ഇരട്ട അധികാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരുവശത്ത് പഴയ ഭരണകൂട അധികാരകേന്ദ്രമായ ബൂർഷ്വാ ഗവൺമെന്റ് നിലനിൽക്കുന്നു. മറുവശത്ത്, തൊഴിലാളികളും ബഹുജനങ്ങളും തങ്ങളുടെതന്നെ മുൻകയ്യാല്‍ സൃഷ്ടിച്ചെടുത്ത ഒരു പുതിയ അധികാര കേന്ദ്രം ഉദയംകൊള്ളുന്നു.

ഈ പുതിയ അധികാരം ഒരു കേന്ദ്രീകൃത ഭരണസംവിധാനം നടപ്പിലാക്കുന്ന നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല, മറിച്ച് അടിത്തട്ടിലുള്ള ജനങ്ങളെടുക്കുന്ന മുൻകൈയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അടിസ്ഥാനപരമായിത്തന്നെ അത് വ്യത്യസ്തമായൊരു അധികാരരൂപത്തെ പ്രതിനിധീകരിക്കുന്നു –- പഴയ ഭരണകൂട സംവിധാനത്തിനു പുറത്തു നിൽക്കുകയും ആ പഴയ ഭരണസംവിധാനത്തെ എതിർക്കുകയും ചെയ്യുന്ന ഒരു അധികാരരൂപം.

അത്തരമൊരു ഇരട്ട അധികാരത്തിന് അനന്തമായി നിലനിൽക്കാനാവില്ല; ആത്യന്തികമായി, ഏത് അധികാരമാണ് നിലനിൽക്കേണ്ടത് എന്ന പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

ten − 3 =

Most Popular