Sunday, June 14, 2026

ad

Homeകവര്‍സ്റ്റോറി30ലധികം തൊഴിലാളി 
പണിമുടക്കുകൾ

30ലധികം തൊഴിലാളി 
പണിമുടക്കുകൾ

ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും 
തെക്കേ ഇന്ത്യയിലുമായി, കാശ്മീരിൽ മുതൽ ആന്ധ്രപ്രദേശിൽ വരെ തൊഴിലാളികൾ പണിമുടക്കി തെരുവിലിറങ്ങുന്നതാണ് ഇന്ന് നാം കാണുന്നത്. സംഘടിക്കാനോ സമരം ചെയ്യാനോ സ്വാതന്ത്ര്യമില്ലാത്ത, തുച്ഛമായ കൂലിക്ക് രാപകൽ ഭേദമെന്യേ പണിയെടുക്കുന്ന തൊഴിലാളികൾ സംഘടനയോ നേതൃത്വമോ ഇല്ലാതെ പണിമുടക്കിലേർപ്പെടുകയാണ്. മുപ്പതിലേറെ പണിമുടക്കുകളുടെ വിവരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഞങ്ങളിവിടെ 
അവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അവതരിപ്പിക്കുകയാണ്. ഇതിലെ വിവരങ്ങൾക്ക് 
Left Views നോട് കടപ്പാട്.

നോയിഡയിലെ 
തൊഴിലാളി പണിമുടക്കുകൾ

ലോകത്തെ ഏറ്റവും വലിയ തൊഴിൽ സേനയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ, മെയ്ദിനത്തിനു മുന്നോടിയായി വലിയ തൊഴിലാളി പ്രക്ഷോഭങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. അത് ഇപ്പോഴും തുടരുകയാണ്. മിനിമം കൂലിക്കും തൊഴിലവകാശങ്ങൾക്കും തൊഴിൽ സുരക്ഷയ്ക്കുംവേണ്ടിയും, മോദി ഗവൺമെന്റ് കൊണ്ടുവന്ന തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾക്കെതിരെയും രാജ്യത്തൊട്ടാകെ ശക്തമായ സമരങ്ങൾ അലയടിച്ചുയരുകയാണ്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് ഉത്തർപ്രദേശിലെ നോയിഡ (ന്യൂ ഓഖ്ല ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി) യിൽ ഇപ്പോഴും തുടരുന്ന ശക്തമായ തൊഴിലാളി സമരം. ഏറെ നാളായി ഇവിടുത്തെ തൊഴിലാളികൾക്കിടയിൽ വളർന്നുവന്നുകൊണ്ടിരുന്ന അസംതൃപ്തി അവരെ തെരുവിലിറങ്ങാൻ നിർബന്ധിതരാക്കി.

ഏപ്രിൽ 7ന് നോയിഡ ഫേസ് IIലെ നൂറുകണക്കിന് തൊഴിലാളികൾ ഹോസിയറി കോംപ്ലക്സിൽ മിനിമം വേതനം 20,000 ആക്കി ഉയർത്തുക എന്നാവശ്യപ്പെട്ടുകൊണ്ട് ഒത്തുകൂടി.

20 വയസ്സുമുതൽ നോയിഡ ഫേസ് II ൽ ജോലി ചെയ്യുന്ന ദാദ്രിയിൽനിന്നുള്ള 48 കാരിയായ ബബ്-ലി പറയുന്നു: ‘‘ ഉയർന്ന വേതനം ആവശ്യപ്പെട്ടുകൊണ്ട് മറ്റ് കമ്പനികളിലെ തൊഴിലാളികൾ ജോലി ബഹിഷ്കരിച്ച് ഫാക്ടറികൾക്കുമുന്നിൽ കുത്തിയിരുപ്പു സമരം നടത്തുന്നത് ഞങ്ങൾ കണ്ടു. വെെകാതെ അടുത്തുള്ള കമ്പനികളിലെ തൊഴിലാളികളും തൊഴിലിടംവിട്ട് പുറത്തിറങ്ങി ഫാക്ടറികൾക്കുമുന്നിൽ പ്രതിഷേധിക്കുന്നത് ഞങ്ങൾ കണ്ടു; ഗുഢ്ഗാവിൽ പ്രതിഷേധസമരം നടത്തിയ തൊഴിലാളികളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു എന്നും അതിനാൽ സമരത്തിൽ തങ്ങളോടൊപ്പം ചേരണമെന്നും അവർ ഞങ്ങളോട് ആവശ്യപ്പെട്ടു’’ പക്ഷേ ‘‘എനിക്ക് ഭയമുണ്ട്; എന്റെ ജോലി സ്ഥിരമല്ല; എപ്പോൾ വേണമെങ്കിലും അവർക്ക് എന്നെ പിരിച്ചുവിടാം’’. – ബബ്-ലി ലെഫ്റ്റ് വ്യൂസിനോടു പറഞ്ഞു.

തുടർന്നുള്ള ദിവസങ്ങളിൽ വിവിധ വ്യവസായ ക്ലസ്റ്ററുകളിലേക്ക് സമരം വ്യാപിച്ചു. ഫാക്ടറി ബഹിഷ്കരണത്തിൽ നിന്നാരംഭിച്ച സമരം വ്യാവസായിക ഇടനാഴിയിലേക്ക് അലയടിച്ചുയർന്നതോടെ ഉൽപാദനം ഏതാണ്ട് സ്തംഭിച്ചു. ഫാക്ടറികൾക്കുമുന്നിൽ കുത്തിയിരുപ്പുസമരം ഏപ്രിൽ 13, 14 തീയതികളിൽ ശക്തമായി. വലിയ തോതിൽ വിന്യസിക്കപ്പെട്ട പൊലീസ് തൊഴിലാളികൾക്കുനേരെ ലാത്തിച്ചാർജു നടത്തി; കണ്ണീർവാതകവും പ്രയോഗിച്ചു; 300ലധികം തൊഴിലാളികളെ അറസ്റ്റു ചെയ്തു. പൊലീസിന്റെ ഈ നടപടി പ്രതിഷേധക്കാർക്കിടയിൽ പരിഭ്രാന്തി പടർത്തി. അതിലൊരു വിഭാഗം കല്ലെറിഞ്ഞും വാഹനങ്ങൾക്കു കേടുവരുത്തിയും തീയിട്ടും പ്രതിഷേധിച്ചു.

വ്യാവസായിക മേഖലകളിൽ ഇങ്ങനെ പ്രതിഷേധം കനത്തതോടെ, ഗ്രേറ്റർ നോയിഡ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി (GNIDA) യ്ക്കെതിരെ – വ്യവസായ പ്രോജക്ടുകൾക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച നയങ്ങൾക്കെതിരെ – രണ്ടു വർഷമായി അഖിലേന്ത്യാ കിസാൻ സഭ (AIKS) യുടെ നേതൃത്വത്തിൽ സമരം നടത്തുന്ന പ്രാദേശിക കർഷകരും സിഐടിയുവും അവർക്കൊപ്പം ചേർന്നു; സൂരജ്പൂരിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിനുമുന്നിൽ എല്ലാവരും ഒത്തുചേർന്ന് തൊഴിലാളികളെയും ട്രേഡ് യൂണിയൻ നേതാക്കളെയും അറസ്റ്റു ചെയ്തതിനെതിരെ കുത്തിയിരുപ്പ് സമരം നടത്തി. തൊഴിലാളി നേതാക്കളെ ഉടൻ വിട്ടയയ്ക്കുകയും എത്രയും പെട്ടെന്ന് ഒത്തുതീർപ്പ് ചർച്ചകളാരംഭിക്കുകയും ചെയ്തില്ലെങ്കിൽ സമരം കൂടുതൽ വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പുനൽകിക്കൊണ്ടുള്ള ഒരു മെമ്മോറാണ്ടം അധികൃതർക്ക് പ്രതിനിധി സംഘം സമർപ്പിച്ചു.

എന്നാൽ സമരം നടത്തുന്ന തൊഴിലാളികളെ നക്സലുകളെന്നാണ് യുപി മുഖ്യമന്ത്രി ആദിത്യനാഥ് വിശേഷിപ്പിച്ചത്. അതിനെ തൊഴിലാളികൾ ശക്തമായി നിരസിച്ചു. സമരത്തിനുപിന്നിലെ സാമ്പത്തിക ഘടകങ്ങൾ അവർ എടുത്തുകാട്ടി. മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ യുപിയിൽ കൂലിയിൽ വലിയ അന്തരമുണ്ട്. ഹരിയാനയിൽ ഈയിടെ തൊഴിലാളികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതിനെത്തുടർന്ന് മിനിമം വേതനം 19,000 ആക്കി ഉയർത്തി. ഇതുമായി തട്ടിച്ചുനോക്കുമ്പോൾ ഉത്തർപ്രദേശിൽ വേതനം ഇപ്പോഴും വളരെ താഴ്ന്നതാണ്. നോയിഡയിലും ഗുരുഗ്രാമിലും പ്രവർത്തിക്കുന്ന ഒരേ കമ്പനികൾ പലപ്പോഴും തുല്യ ജോലിക്ക് വ്യത്യസ്ത വേതനമാണ് നൽകുന്നത്.

മഹേഷ് സിങ്ങിനെപ്പോലുള്ള തൊഴിലാളികൾ ചോദിക്കുന്നത്, ‘‘ഇപ്പോൾ കിട്ടുന്ന 10,000 രൂപയ്ക്ക് എന്തു ചെയ്യാനാണ്? വീട്ടുവാടകയ്ക്കു മാത്രം 5000 രൂപ വേണം’’. ‘‘ഒന്നിൽ കൂടുതൽ ഓവർടെെം ചെയ്യാൻ ഞങ്ങളെ നിർബന്ധിക്കുന്നു. പക്ഷേ ആദ്യത്തെ ഓവർടെെമിനുള്ള കൂലി മാത്രമേ നൽകൂ’’ – ഓവർടെെം ജോലിയിലെ ചൂഷണത്തെപ്പറ്റി മഹേഷ് പറയുന്നു.

തൊഴിലാളികൾക്കിടയിൽ സ്വസ്ഥത വർധിച്ചപ്പോൾ യുപി സർക്കാർ 20–21%ത്തിന്റെ ഇടക്കാല മിനിമം വേതന വർധനവ് പ്രഖ്യാപിച്ചു. തുടർന്ന് അവിദഗ്ധ തൊഴിലാളിയ്ക്കുള്ള മാസവേതനം ഏകദേശം 13,690 രൂപയും അർധ – വിദഗ്ധ തൊഴിലാളികൾക്കുള്ള കൂലി 15,059 രൂപയും വിദഗ്ധ തൊഴിലാളികൾക്കുള്ള കൂലി 16,868 രൂപയുമായി ഉയർന്നു -– ഏകദേശം 2000–3000 രൂപയുടെ വർധന.

ഈ വേതന പരിഷ്കരണത്തെ തൊഴിലാളികൾ തള്ളിക്കളഞ്ഞു. പ്രതിമാസം 18000 – 20000 രൂപ എന്ന തങ്ങൾ ആവശ്യപ്പെടുന്ന കൂലിയുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് തീരെ കുറവാണ്. വാടക, ഭക്ഷണം തുടങ്ങിയ വർധിച്ച ജീവിതച്ചെലവുകളുമായി പൊരുത്തപ്പെടുന്നതല്ല ഈ വർധനവ്. മാത്രവുമല്ല പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ പാചകവാതക വില വർധിച്ച സാഹചര്യത്തിൽ, തങ്ങളുടെ അടിസ്ഥാനപരമായ അതിജീവനത്തിന് ഈ തുച്ഛമായ വർധന ഒട്ടും പര്യാപ്തമല്ല എന്നും തൊഴിലാളികൾ കൂട്ടിച്ചേർക്കുന്നു.

ഒരു വ്യാവസായിക ടൗൺഷിപ്പെന്ന നിലയ്ക്ക് 1974ൽ സ്ഥാപിതമായ നോയിഡ 1985ലാണ് 40,000–50,000 തൊഴിലാളികൾ ജോലി ചെയ്യുന്ന നോയിഡ സ്പെഷ്യൽ ഇക്കണോമിക് സോൺ (NSEZ) ആയി മാറുന്നത്. സ്ഥാപിതമായതുമുതൽ ഇന്ത്യയിലുടനീളമുള്ള മറ്റ് സമാനമായ മേഖലകളിൽനിന്ന് വ്യത്യസ്തമായി, തൊഴിലാളികൾക്കിടയിൽ ട്രേഡ് യൂണിയൻ പ്രവേശനം പരിമിതമാക്കിയിരുന്നു. ഇടയ്ക്കിടെയുള്ള ചെറുതും വലുതുമായ, അങ്ങിങ്ങുള്ള പ്രതിഷേധങ്ങൾക്കു മാത്രമേ ഇവിടം സാക്ഷ്യം വഹിച്ചിട്ടുള്ളൂ.

തൊഴിലാളികൾ തെരുവിലിറങ്ങുകയോ തൊഴിൽ ബഹിഷ്കരിക്കുകയോ അടിച്ചമർത്തൽ നേരിടുകയോ ചെയ്യുന്ന ഒറ്റപ്പെട്ട ഒരു സംഭവമല്ലിത്. 2026 ജനുവരി മുതൽ രാജ്യത്തുടനീളം, പ്രത്യേകിച്ച് വടക്കൻ മേഖലയിൽ, വിവിധ കമ്പനികളിലും വ്യവസായ മേഖലകളിലും തൊഴിലാളികൾ പ്രക്ഷോഭങ്ങൾ നടത്തിവരികയാണ്. നോയിഡയിലെ ഇപ്പോഴത്തെ പ്രതിഷേധമുൾപ്പെടെ കുറഞ്ഞത് ഇത്തരം 29 പ്രക്ഷോഭങ്ങൾ നടന്നു. ഇവയിൽ പലതും സ്വയമേവ പൊട്ടിപ്പുറപ്പെട്ടതാണ്. വ്യവസായ മേഖലകളിൽ ഉണ്ടായ പ്രതിഷേധസമരങ്ങൾക്കുപിന്നിൽ അൽപമോ ഒട്ടുംതന്നെയോ സംഘടിത യൂണിയൻ പ്രവർത്തനത്തിന്റെ ചരിത്രമില്ല. പലപ്പോഴും അതത് സമയത്ത് തൊഴിലിടങ്ങളിലുണ്ടാവുന്ന അപകടങ്ങളോ മരണമോ മറ്റ് അസ്വസ്ഥതകളോ ആണ് അത് പെട്ടെന്ന് പൊട്ടിപുറപ്പെടുന്നതിന് പിന്നിലുള്ള പ്രകോപനം.

ഉദാഹരണത്തിന്, ജനുവരിയിൽ ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഒബ്ര സി എക്സ്റ്റൻഷൻ തെർമൽ പവർ പ്രോജക്ടിലെ കുടിയേറ്റ കരാർ തൊഴിലാളികൾ കൂലി ആറുമാസം വരെ വെെകിപ്പിക്കുന്നതിനെതിരെ തുടരെത്തുടരെ പണിമുടക്കാൻ നിർബന്ധിതരായി. ഫെബ്രുവരിയിൽ ബീഹാറിലെ ബറൗണിയിലെ ഐഒസിഎൽ റിഫെെനറിയിലെ കരാർ തൊഴിലാളികൾ സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും മിനിമം കൂലിയും തൊഴിലിടത്തിലെ അടിസ്ഥാനസൗകര്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച പണിമുടക്ക് ഇപ്പോഴും തുടരുകയാണ്. ഇതേസമയംതന്നെ പാനിപത്തിലും ഹരിയാനയിലും വലിയ പ്രക്ഷോഭ സമരങ്ങളുണ്ടായി. രണ്ട് കുടിയേറ്റത്തൊഴിലാളികളുടെ മരണത്തിൽ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് തൊഴിലാളികളാണ് ആറ് ദിവസം പണിമുടക്കിയത്. പൊലീസിൽനിന്നും ഇവർക്ക് കടുത്ത മർദ്ദനം നേരിടേണ്ടിവന്നു.

ലാഭത്തിന്റെയും ഉൽപ്പാദനത്തിന്റെയും ഒരു കേന്ദ്രമെന്ന നിലയിൽ പ്രദേശത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തിനുമപ്പുറം നോയിഡയിലെ സംഭവവികാസങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. ഏകദേശം 310 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന നോയിഡ സ്-പെഷ്യൽ ഇക്കണോമിക് സോൺ (NSEZ) 200 ലധികം കമ്പനികളുള്ളതും ഏകദേശം 40000-–50000 തൊഴിലാളികൾ വരെ തൊഴിലെടുക്കുന്നതുമാണ്. 2024 ജനുവരിയിൽ, മൊത്തം സ്പെഷ്യൽ ഇക്കണോമിക് സോൺ കയറ്റുമതിയുടെ 47 ശതമാനവും സംഭാവന ചെയ്യുന്ന പ്രധാന ഹബ്ബായി ഉയർന്നുവന്നിരിക്കുന്നു.

ഈ വളർച്ച കുത്തനെയുള്ളതും സുസ്ഥിരവുമാണ്. 2022–23ൽ 5,463 കോടി രൂപയായിരുന്ന വ്യാപാരകയറ്റുമതി 2023–24ൽ 9,857 കോടി രൂപയായി ഉയർന്നു; അതേസമയം വിശാല നോയിഡയിലെ സേവന കയറ്റുമതിയിൽ, പ്രത്യേകിച്ച്, ഐടി– സോഫ്റ്റ്-വെയറിന്റെ കാര്യത്തിൽ, സ്ഥിരമായ വളർച്ച കാണാനാകും. ചുരുക്കിപ്പറഞ്ഞാൽ നോയിഡ അഭൂതപൂർവമായ വേഗതയിൽ ‘‘ബിസിനസ് ഉണ്ടാക്കുകയാണ്.’’

എന്നാൽ ഈ വളർച്ച അടിസ്ഥാന അവകാശങ്ങൾപോലും നിഷേധിക്കപ്പെടുന്ന തൊഴിലാളികളുടെ ചുമലിലാണ്. ലാഭം വർധിക്കുകയും കയറ്റുമതി കുതിച്ചുയരുകയും ചെയ്യുമ്പോഴും, തൊഴിലാളികളെ കുറഞ്ഞ വേതനത്തിലും സുരക്ഷിതമല്ലാത്ത തൊഴിലിലും കഠിനമായ തൊഴിൽ സാഹചര്യങ്ങളിലും കുടുക്കിയിട്ടിരിക്കുകയാണ്. തുടരുന്ന ഈ അസ്വസ്ഥതകൾ ഈ വെെരുദ്ധ്യത്തെ തുറന്നു കാട്ടുന്നു; അതായത്, വളർച്ചയെ ആഘോഷമാക്കുകയും അതേസമയം തന്നെ, തൊഴിലാളികളെ വ്യവസ്ഥാപരമായി അടിച്ചമർത്തുകയും ചെയ്യുന്ന വികസന മാതൃക.

നോയിഡയിലെ സംഭവങ്ങൾ ആഴമേറിയ ഒരു യാഥാർഥ്യത്തെ തുറന്നുകാട്ടുന്നു; ഇതൊരു ഒറ്റപ്പെട്ട പ്രതിസന്ധിയല്ല, മറിച്ച് ഘടനാപരമായ ഒന്നാണ്. വളർച്ച സംഭവിക്കുന്നുണ്ടോ എന്നതല്ല ചോദ്യം, മറിച്ച് അത് ആർക്കുവേണ്ടിയാണ് എന്നതാണ്. ഇന്ന് തൊഴിലാളികൾ തെരുവിലിറങ്ങുമ്പോൾ, അവർ കൂലിക്കൂടുതൽ മാത്രമല്ല ആവശ്യപ്പെടുന്നത്; അവരുടെ അധ്വാനം ഉൗറ്റിയെടുക്കുകയും, അതോടൊപ്പം അവരുടെ അന്തസ്സും സുരക്ഷയും അവർ സൃഷ്ടിക്കുന്ന സമ്പത്തിന്റെ നല്ലൊരു ശതമാനവും നിഷേധിക്കുകയും ചെയ്യുന്ന സാമ്പത്തികക്രമത്തെ വെല്ലുവിളിക്കുകയുമാണ്. l
തയാറാക്കിയത്: അനുഷാ പോൾ

ഗഡേപാൻ സമരം: 
തൊഴിലാളികളെ അടിമകളാക്കുന്ന 
നവലിബറൽ നയങ്ങൾക്കൊരു താക്കീത്
രാജസ്താനിലെ കോട്ട ജില്ലയിലുള്ള ഗഡേപാനിൽ സ്ഥിതിചെയ്യുന്ന ചമ്പൽ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (CFCL), രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ യൂറിയ ഉൽപ്പാദന കേന്ദ്രമാണ്. കെ കെ ബിർള ഗ്രൂപ്പ് എന്ന വൻകിട കോർപ്പറേറ്റ് കുത്തകയുടെ ഉടമസ്ഥതയിൽ 1985-ൽ സ്ഥാപിക്കപ്പെട്ട ഈ ഫാക്ടറി, പ്രതിവർഷം 34 ലക്ഷം മെട്രിക് ടൺ (MT) വളം ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ ഈ ഭീമൻ വ്യവസായശാലയുടെ ലാഭക്കണക്കുകളുടെ അടിത്തറ പണിതിരിക്കുന്നത് അടിസ്ഥാന തൊഴിലാളിവർഗത്തിന്റെ ചോരയും നീരും ഊറ്റിയെടുത്തുകൊണ്ടാണ്. ഇവിടെ ആകെയുള്ള 3,600 തൊഴിലാളികളിൽ കേവലം 1050 പേർ മാത്രമാണ് കമ്പനിയുടെ നേരിട്ടുള്ള ജീവനക്കാർ. പാക്കിംഗ്, ചരക്ക് നീക്കം, ലോഡിംഗ്, ദൈനംദിന അറ്റകുറ്റപ്പണികൾ തുടങ്ങി ഫാക്ടറിയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ ഏറ്റവും കഠിനമായ ജോലികൾ ചെയ്യുന്നത് 2,600-ലധികം വരുന്ന കരാർ തൊഴിലാളികളാണ്. തുച്ഛമായ വേതനത്തിൽ, യാതൊരുവിധ തൊഴിൽ സുരക്ഷയുമില്ലാതെ പണിയെടുക്കുന്ന ഇവരാണ് ബിർള ഗ്രൂപ്പിന്റെ കോടികളുടെ ലാഭത്തിനുപിന്നിലെ യഥാർത്ഥ നിർമാതാക്കൾ.

ട്രേഡ് യൂണിയനുകളെ 
ഭയക്കുന്ന മൂലധനം
പരമ്പരാഗതമായി, ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെ മുളയിലേ നുള്ളിക്കളയുന്ന ഒരു സ്വേച്ഛാധിപത്യ സമീപനമാണ് CFCL മാനേജ്‌മെന്റ് സ്വീകരിച്ചുപോന്നത്. തൊഴിലാളികൾക്ക് സംഘടിക്കാനോ കൂട്ടായി വിലപേശാനോ ഉള്ള അവകാശങ്ങളെ കോർപ്പറേറ്റ് എച്ച്.ആർ (HR) വിഭാഗം എക്കാലത്തും തടഞ്ഞുനിർത്തി. എന്നിരുന്നാലും, 1997-ൽ വ്യവസായ തർക്ക നിയമവുമായി (Industrial Disputes Act) ബന്ധപ്പെട്ട് കരാർ തൊഴിലാളികളുടെ ‘തൊഴിലുടമ’ ആരാണ് എന്നതിനെച്ചൊല്ലിയുണ്ടായ നിയമപോരാട്ടങ്ങൾ തൊഴിലാളികളുടെ അസംതൃപ്തിയുടെ ആദ്യകാല സൂചനകളായിരുന്നു.

മാനേജ്‌മെന്റിന്റെ ലാഭക്കൊതി തൊഴിലാളികളെ മാത്രമല്ല, ചുറ്റുമുള്ള സമൂഹത്തെയും ബാധിച്ചിരുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു 2025 ഫെബ്രുവരിയിലുണ്ടായ അമോണിയ വാതക ചോർച്ച. ഈ സംഭവം പ്രാദേശിക ജനങ്ങളുടെ വലിയ പ്രതിഷേധത്തിന് വഴിവെച്ചു. മൂലധനശക്തികൾക്ക് മനുഷ്യജീവനേക്കാൾ വലുത് തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങളാണെന്ന് ഈ സംഭവം അടിവരയിട്ടുറപ്പിച്ചു.

മാർച്ച് 2: പ്രതിരോധത്തിന്റെ തീപ്പൊരി
വളരെക്കാലമായി അടിച്ചമർത്തപ്പെട്ടിരുന്ന കരാർ തൊഴിലാളികളുടെ രോഷം 2026 മാർച്ച് 2-ന് ചരിത്രപരമായ ഒരു പണിമുടക്കായി പൊട്ടിപ്പുറപ്പെട്ടു. ഈ സമരത്തിന് തിരികൊളുത്തിയത് പ്രധാനമായും മൂന്നു ഘടകങ്ങളാണ്:
1. സാമ്രാജ്യത്വ യുദ്ധങ്ങളുടെ പ്രത്യാഘാതം: പശ്ചിമേഷ്യൻ യുദ്ധവും ഖത്തർ വാതക പാടങ്ങളിലെ ബോംബാക്രമണവും സൃഷ്ടിച്ച അസംസ്കൃത വസ്തുക്കളുടെ കടുത്ത പ്രതിസന്ധി ഫാക്ടറിയുടെ ഉൽപ്പാദനത്തെ ബാധിക്കുകയും കരാർ തൊഴിലാളികളുടെ തൊഴിലിനെ നേരിട്ട് അപകടത്തിലാക്കുകയും ചെയ്തു. ആഗോള മുതലാളിത്ത പ്രതിസന്ധികളുടെ ഭാരം എക്കാലത്തും പേറേണ്ടിവരുന്നത് സാധാരണ തൊഴിലാളികളാണ്.

2. ഭരണകൂടത്തിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ: 2025 ഡിസംബറിൽ രാജസ്താൻ സർക്കാർ പാസാക്കിയ തൊഴിലാളിവിരുദ്ധ ഓർഡിനൻസ് (Shops and Commercial Establishments Amendment). ‘വ്യാപാരം എളുപ്പമാക്കുക’ എന്ന നവലിബറൽ അജൻഡയുടെ പേരിൽ, ഒരു ദിവസത്തെ ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി സർക്കാർ നിയമപരമായി നീട്ടി. ത്രൈമാസ ഓവർടൈം പരിധി 144 മണിക്കൂറായി കുത്തനെ ഉയർത്തി. ആഴ്ചയിലെ പ്രവൃത്തിദിനങ്ങൾ അഞ്ചിൽ നിന്ന് ആറായി വർദ്ധിപ്പിച്ചു. ലേബർ കോഡുകൾ നടപ്പിലാക്കുന്നതിനുമുമ്പു തന്നെ, എൻ.ഡി.എ (NDA) സർക്കാരുകൾ കോർപ്പറേറ്റുകൾക്കുവേണ്ടി തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അത്.

3. വർഗ ഐക്യദാർഢ്യം: ഉത്തരേന്ത്യയിലാകെ അലയടിച്ച കരാർ തൊഴിലാളി സമരങ്ങളുടെ ആവേശം ഗഡേപാനിലും കാണാനാകും. 2026 ഫെബ്രുവരിയിൽ ഹരിയാനയിലെ ഐ.ഒ.സി.എൽ പാനിപ്പത്ത് റിഫൈനറിയിൽ നടന്ന ഐതിഹാസികമായ തൊഴിലാളി മുന്നേറ്റത്തിന്റെ വാർത്തകളും ചിത്രങ്ങളും ഡിജിറ്റൽ ഇടങ്ങളിലൂടെ ഗഡേപാനിലുമെത്തി. ഇത് സമാനമായ ചൂഷണങ്ങൾ നേരിടുന്ന ഇവിടുത്തെ തൊഴിലാളികൾക്ക് വലിയ ഊർജ്ജം പകർന്നു നൽകി.

ചൂഷണത്തിന്റെ കണക്കുപുസ്തകങ്ങൾ
രാജസ്താൻ സംസ്ഥാനത്തെ മിനിമം വേതന നിരക്കുകൾ പരിശോധിച്ചാൽ കരാർ തൊഴിലാളികൾ നേരിടുന്ന സാമ്പത്തിക ചൂഷണത്തിന്റെ ഭീകരത വ്യക്തമാകും. അവിദഗ്ദ്ധ തൊഴിലാളികൾക്ക് പ്രതിദിനം വെറും 285 രൂപ (മാസം ഏകദേശം 7,410 രൂപ), അർദ്ധ-വിദഗ്ദ്ധർക്ക് 297 രൂപ, വിദഗ്ദ്ധർക്ക് 309 രൂപ, അതിവിദഗ്ദ്ധർക്ക് 359 രൂപ എന്നിങ്ങനെയാണ് വേതനം. ഫാക്ടറിയിലെ അതിസങ്കീർണവും അപകടകരവുമായ ജോലികൾ രാവും പകലും വിശ്രമമില്ലാതെ ചെയ്യുന്നത് ഈ തൊഴിലാളികളാണ്. എന്നിട്ടും അവർക്ക് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കൂലി നൽകാൻ വേണ്ടി മാത്രം മുതലാളിത്തം അവരെ “അവിദഗ്ദ്ധർ’ എന്ന് ബോധപൂർവ്വം മുദ്രകുത്തുന്നു. കവർന്നെടുക്കപ്പെടുന്ന വേതനം, നിഷേധിക്കപ്പെടുന്ന ആനുകൂല്യങ്ങൾ, തളരുന്ന ശരീരങ്ങൾ – ഇവയ്ക്കെല്ലാമുള്ള മറുപടിയായിരുന്നു ഈ സമരം.

എട്ട് മണിക്കൂർ തൊഴിൽ സമയം, കൃത്യമായ ഓവർടൈം വേതനം, ആഴ്ചയിലൊരു ദിവസം ശമ്പളത്തോടുകൂടിയ അവധി, സമയബന്ധിതമായ വേതന വിതരണം, ഇ.എസ്.ഐ (ESI), പ്രൊവിഡന്റ് ഫണ്ട് (PF) തുടങ്ങിയ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയായിരുന്നു തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ.

പോരാട്ടം തുടരുന്നു
സമരത്തെ തുടർന്ന് ലേബർ അധികാരികൾ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും, പൂർണമായൊരു ഒത്തുതീർപ്പ് വ്യവസ്ഥ മാനേജ്‌മെന്റ് പരസ്യപ്പെടുത്തിയിട്ടില്ല. 2026 മാർച്ചോടെ, വേതനത്തിൽ ചെറിയ വർദ്ധനവു വരുത്തിയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താമെന്ന് വാഗ്ദാനം നൽകിയും ഫാക്ടറിയുടെ പ്രവർത്തനം പുനരാരംഭിച്ചതായി മാനേജ്‌മെന്റ് അവകാശപ്പെട്ടു. എന്നാൽ തൊഴിലാളികളുടെ അടിസ്ഥാന ആവശ്യമായ ‘8 മണിക്കൂർ പ്രവൃത്തിദിനം’ എന്ന ആവശ്യം പൂർണമായും അംഗീകരിക്കാൻ കോർപ്പറേറ്റ് കുത്തകകൾ തയ്യാറായില്ല.

2026 ഏപ്രിലോടെ കമ്പനി സാധാരണ നിലയിലായെന്ന് കോർപ്പറേറ്റ് റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും, തൊഴിലാളികൾക്കിടയിലെ അസംതൃപ്തി പൂർണമായും കെട്ടടങ്ങിയിട്ടില്ല. ഇന്ത്യയിലെ അദൃശ്യരായ കരാർ തൊഴിലാളികളെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിൽ ഗഡേപാൻ സമരം വഹിച്ച പങ്ക് വളരെ വലുതാണ്. ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന കോർപ്പറേറ്റ് ചൂഷണങ്ങൾക്കെതിരെ തൊഴിലാളിവർഗം എങ്ങനെ സംഘടിക്കണം എന്നതിന്റെ ഉജ്ജ്വലമായ പാഠമാണ് ഈ സമരം മുന്നോട്ടുവയ്ക്കുന്നത്. ഈ സമരത്തിന്റെ അലയൊലികൾ വരുംകാലങ്ങളിലും ഇന്ത്യൻ വ്യവസായ മേഖലയെ പിടിച്ചുകുലുക്കുക തന്നെ ചെയ്യും. l
തയാറാക്കിയത്: 
ബാബുജി കെ ആർ, വെെക്കം

ഉത്തർപ്രദേശിലെ 
ഒബ്ര വെെദ്യുതി നിലയത്തിലെ പണിമുടക്ക്
ത്തർപ്രദേശിലെ ഒബ്ര വെെദ്യുതി നിലയത്തിലെ കരാർ തൊഴിലാളികൾ ജനുവരി 14ന് നടത്തിയ പണിമുടക്കാകാം ഒരു പക്ഷേ വ്യവസായ ഇന്ത്യ 2026ൽ ദർശിച്ച സമരതരംഗത്തിലെ ആദ്യത്തേത്. ഉത്തർപ്രദേശ് രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡ് (UPRVUNL) ന്റെ ഉടമസ്ഥതയിൽ കൽക്കരി ഉപയോഗിച്ച് വെെദ്യുതി ഉൽപ്പാദിപ്പിക്കുന്ന താപനിലയമാണ് ഒബ്ര. സംസ്ഥാനത്തെ പ്രധാനപ്പെട്ടതും പുരാതനവുമായ താപവെെദ്യുത നിലയമാണിത്. സോൻഭദ്ര ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ നിലയത്തിലേക്ക് വാരണാസിയിൽനിന്ന് കഷ്ടിച്ച് 125 കിലോമീറ്റർ ദെെർഘ്യമേയുള്ളൂ.

ഒബ്ര വെെദ്യുതി നിലയം
ഒബ്ര വെെദ്യുതി നിലയത്തിന് രണ്ട് ഭാഗങ്ങളുണ്ട്. പഴയ യൂണിറ്റുകൾ (200 മെഗാവാട്ട് വരെ ഉൽപ്പാദന ശേഷിയുള്ളവ) ഉൾപ്പെട്ടതാണ് ആദ്യഭാഗം. അതിൽ 5–7 എണ്ണത്തിൽ തുടർച്ചയായോ ഇടവിട്ടോ ഉൽപ്പാദനം ഇപ്പോഴും നടക്കുന്നുണ്ട്. ഒബ്ര സി എക്സ്റ്റൻഷൻ ആണ് ഈ നിലയത്തിന്റെ രണ്ടാം ഭാഗം. 660 മെഗാവാട്ട് ഉൽപ്പാദനശേഷിയുള്ള ഒരു പ്രധാനപ്പെട്ട പ്രോജക്ട് കമ്മീഷൻ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. 13000 കോടി രൂപ ചെലവഴിച്ച് സ്ഥാപിക്കുന്ന ഈ യൂണിറ്റിൽ കൂടുതലായും കരാർ തൊഴിലാളികളാണ് ജോലിചെയ്യുന്നത്. അന്യസംസ്ഥാന തൊഴിലാളികളെയാണ് മിക്കവാറും എല്ലാ ജോലികൾക്കും ഉപയോഗിക്കുന്നത്.

1200–1350 മെഗാവാട്ട് വെെദ്യുതി ഉൽപ്പാദനശേഷിയുള്ള യൂണിറ്റുകളിൽ 1500–3000 ജീവനക്കാരും തൊഴിലാളികളുമാണ് ജോലി ചെയ്തിരുന്നത്. എൻജിനീയർമാർ, സാങ്കേതിക ജീവനക്കാർ, ഓപ്പറേറ്റർമാർ, മെയ്ന്റനൻസ് ജീവനക്കാർ, ഓഫീസ് ജീവനക്കാർ, സഹായികൾ തുടങ്ങിയ വിഭാഗങ്ങളിൽപെട്ടവരായിരുന്നു അവർ.

വൻകിട താപ വെെദ്യുത നിലയത്തിന്റെ (660 മെഗാവാട്ട് നിർമാണശേഷിയുള്ള സൂപ്പർ സ്പെഷ്യാലിറ്റി യൂണിറ്റുകൾ) നിർമാണപ്രവൃത്തികൾക്ക് 3000 മുതൽ 6000 വരെ തൊഴിലാളികൾ ജോലി ചെയ്തിരുന്നു. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ വിഭാഗങ്ങളിലായി വിദഗ്ധ തൊഴിലാളികളും അവിദഗ്ധ തൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് വിവിധ കോൺട്രാക്ടർമാർക്കുകീഴിൽ ജോലി ചെയ്തിരുന്നത്. പ്രധാന കോൺട്രാക്ടർമാർ ജോലികൾ സബ് കോൺട്രാക്ട് കൊടുത്തു. തൊഴിൽ സേനയിൽ അധികവും കരാർ തൊഴിലാളികളാണ്. അവരിൽ ഉത്തർപ്രദേശിൽ നിന്നുള്ളവർക്കൊപ്പം ഏറെ അന്യസംസ്ഥാന തൊഴിലാളികളും ഉണ്ട്.

ഒബ്രയിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനം
ഒബ്രയിലെ പഴയ യൂണിറ്റുകളിൽ ട്രേഡ് യൂണിനുകൾ സജീവമായിരുന്നു. കേന്ദ്ര ട്രേഡ് യൂണിയനുകളിൽ അ–ഫിലിയേറ്റ് ചെയ്യപ്പെട്ടവയാണ് അവയിലേറെയും. നിരവധി സമരങ്ങളുടെ ചരിത്രവും ഈ യൂണിറ്റുകൾക്കുണ്ട്. 1990കളിൽ സ്വകാര്യവത്കരണത്തിനെതിരായതും തൊഴിലവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള വിശാലമായ പ്രസ്ഥാനം സോൻഭദ്ര വ്യവസായ മേഖലയിൽ വളർന്നുവന്നു; തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ഒബ്രയിലെയും അൻപാറയിലെയും താപവെെദ്യുത നിലയങ്ങളിൽ പണിമുടക്ക് നടത്തി. വെെദ്യുത മേഖലയിലെ ഔട്ട് സോഴ്സിങ്, കരാർവത്കരണം, തൊഴിൽ സാഹചര്യം എന്നിവയ്ക്കെതിരെയുള്ള വ്യാപകമായ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു അത്. തൊഴിലാളികളുടെ സംയുക്ത സമര സമിതിയായ വിദ്യുത് കർമചാരി സംയുക്ത സംഘർഷസമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത്.

2023 മാർച്ച് 14ന് ഒബ്ര താപ വെെദ്യുത നിലയത്തിലുൾപ്പെടെ ഉത്തർപ്രദേശ് പവർ കോർപറേഷൻ ലിമിറ്റഡിലെ ജീവനക്കാർ, സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിൽ അണിനിരന്നു. അതിന്റെ ഭാഗമായി അവർ ജില്ലാ കേന്ദ്രങ്ങളിലും പ്രൊജക്ട് ടൗൺഷിപ്പുകളിലും പ്രകടനങ്ങൾ നടത്തി. പ്രതിഷേധ പ്രകടനങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഒബ്ര.

2026 ഫെബ്രുവരി 12ന് വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടന്ന പണിമുടക്കിൽ ഒബ്രയിലെ തൊഴിലാളികൾ വലിയ തോതിൽ അണിനിരന്നു.

അസ്വസ്ഥരായ കരാർ തൊഴിലാളികൾ
ലേബർ കോഡുകളിലൂടെ കരാർ തൊഴിലിനെ നിയമാനുസൃതമാക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് മോദി സർക്കാർ ചെയ്തത്. അതുമൂലം ട്രേഡ് യൂണിയനുകളുടെ ഇക്കാര്യത്തിലുള്ള ഇടപെടൽ ശേഷിയെ ഇല്ലാതാക്കിയിരിക്കുകയാണ് ബിജെപി സർക്കാർ.

ഒബ്ര യൂണിറ്റിൽ കരാർ ജീവനക്കാർക്ക് വേതനം കൃത്യമായി നൽകാത്തതിൽ പ്രതിഷേധിച്ച് 2021ൽ നടന്ന പണിമുടക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒബ്ര സി എക്-സ്റ്റൻഷനിലെ പ്രവർത്തനങ്ങൾ സ്തംഭിക്കുന്നതിന് ഈ പ്രക്ഷോഭത്തിനു സാധിച്ചു. ഒബ്ര സി യൂണിറ്റിൽ കരാർ ജീവനക്കാർക്ക് വേതനം കൃത്യമായി വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് 2026ൽ ആണ് പിന്നീട് പ്രക്ഷോഭം നടന്നത്.

2026 ജനുവരി 14ന്റെ പണിമുടക്ക്
മൂന്നുമാസത്തിലും അതിലേറെയുമായി വേതനം കുടിശ്ശികയായതിനെത്തുടർന്ന് കരാർ തൊഴിലാളികൾ (അതിൽ ഏറെയും അന്യസംസ്ഥാന തൊഴിലാളികളാണ്) കടുത്ത സാമ്പത്തിക ദുരിതത്തിലാണ്. അവർക്ക് നൽകുന്ന വേതനമാകട്ടെ വളരെ കുറഞ്ഞതാണു താനും. അതുപോലെ 12 മണിക്കൂർ ജോലി ചെയ്യേണ്ട ഷിഫ്റ്റിലാണ് അവരെ നിയോഗിച്ചിരിക്കുന്നത്. വേതനം കൃത്യമായി നൽകുക, 8 മണിക്കൂറായി ജോലി സമയം ക്ലിപ്തപ്പെടുത്തുക, കൂടുതൽ സമയം ജോലി ചെയ്യുന്നതിന് അധികവേതനം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജനുവരി 14ന് ഒബ്രയിലെ കരാർ ജീവനക്കാർ പണിമുടക്ക് നടത്തിയത്. തൊഴിലാളികൾ പ്രൊജക്ട് ഗെയ്റ്റ് ഉപരോധിച്ചതിനെതുടർന്ന് ജനറൽ മാനേജർ, വേതനം കൃത്യമായി നൽകാമെന്ന് ഉറപ്പുനൽകിയതായാണ് റിപ്പോർട്ട്. അന്യസംസ്ഥാന തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ പൊതുസമൂഹത്തിനുമുമ്പിൽ കൊണ്ടുവന്ന പ്രക്ഷോഭം എന്ന നിലയ്ക്ക് ഈ സമരം ശ്രദ്ധേയമായി.

2026 മാർച്ച് 14–24 പണിമുടക്ക്
ഒബ്ര താപ വെെദ്യുത നിലയത്തിലെ തൊഴിലാളികൾ ഐക്യദാർഢ്യ മാർച്ചുകളിൽ പങ്കെടുക്കുകയും പണിമുടക്കിന് സജ്ജരാകുകയും ചെയ്തു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ ഗവൺമെന്റ് അംഗീകരിച്ചില്ലെങ്കിൽ മാർച്ച് 15 മുതൽ 17 വരെ 72 മണിക്കൂർ പണിമുടക്ക് നടത്താൻ തൊഴിലാളികൾ തീരുമാനിച്ചു.

നിർമാണകമ്പനികൾ മൂന്നുമാസമായി വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് നിരവധി കരാർ തൊഴിലാളികൾ മാർച്ച് 24ന് പണിമുടക്കി. അവർ മാനേജ്മെന്റിനെതിരെ മുദ്രാവാക്യം മുഴക്കുകയും ലേബർ എൻഫോഴ്സ്മെന്റ് ഓഫീസർമാർക്ക് പരാതി സമർപ്പിക്കുകയും ചെയ്തു. വേതനം നൽകിയില്ലെങ്കിൽ തങ്ങളുടെ കുടുംബാംഗങ്ങളെകൂടി പങ്കെടുപ്പിച്ച് വ്യാപകമായി പ്രതിഷേധിക്കുമെന്നും അവർ മുന്നറിയിപ്പ്നൽകി. യുപി പവർ കോർപറേഷൻ ലിമിറ്റഡിലെ ജീവനക്കാരും മാർച്ച് 22ന് സമാനമായ പ്രതിഷേധം നടത്തി.

2021ൽ ഒബ്രയിൽ നടന്ന പ്രക്ഷോഭത്തിനു ശേഷം വേതനം കൃത്യമായി നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയതാണ്. എങ്കിലും പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്.

മറ്റുള്ളവയിൽ നിന്നു വ്യത്യസ്തമായി മാർച്ചിലെ പ്രക്ഷോഭങ്ങൾ വലിയ മാധ്യമ ശ്രദ്ധയാകർഷിച്ചു. ദേശീയ പണിമുടക്കിന്റെ ഭാഗമായതുകൊണ്ടാണ് അങ്ങനെ മാധ്യമ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞത്. l
തയാറാക്കിയത്: 
ഗിരീഷ് ചേനപ്പാടി

വി – ഗാർഡിൽ പട്ടിണിക്കൂലിയ്ക്കെതിരെ തൊഴിലാളി പ്രക്ഷോഭം
വി– ഗാർഡിന്റെ രുദ്രാപ്പൂർ ഫാക്ടറിയിൽ തൊഴിലാളികൾ മെച്ചപ്പെട്ട വേതനം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, അടിസ്ഥാന തൊഴിലവകാശങ്ങൾ എന്നിവ ആവശ്യപ്പെട്ട് 2026 ഏപ്രിൽ നാലിന് പണിമുടക്കി. മൂവായിരം തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ട്. മഹാഭൂരിപക്ഷവും കോൺട്രാക്ട് തൊഴിലാളികളാണ്, അതും സ്ത്രീകൾ. 9,000 രൂപയാണ് മാസ ശമ്പളം. 9–12 മണിക്കൂർ വരെ ഒരുദിവസം പ്രവൃത്തിസമയം നീളും. പക്ഷേ ഓവർ ടൈമിന് ഇരട്ടിവേതനം ഇല്ല. 2011 ൽ മിനിമം വേതനം പരിഷ്കരിക്കേണ്ടതായിരുന്നു. എന്നാൽ ഇതുവരെ ഉത്തരാഖണ്ഡ് സർക്കാർ അതിനു തയ്യാറായിട്ടില്ല. സഹികെട്ടാണ് തൊഴിലാളികൾ പണിമുടക്കിയത്.

ഫാക്ടറി ഗേറ്റിൽ ധർണയിരുന്ന തൊഴിലാളികളെ പൊലീസ് തല്ലിച്ചതച്ചു. പലരെയും ആശുപത്രിയിൽ കൊണ്ടുപോകുവാൻ ആംബുലൻസ് വരേണ്ടി വന്നു. ഫാക്ടറിയുടെ 500 മീറ്ററിനുള്ളിൽ കുത്തിയിരുപ്പ് സമരത്തിന് നിരോധനവും ഏർപ്പെടുത്തി. അവസാനം തൊഴിലാളികൾക്ക് സമരപ്പന്തൽ ഗാന്ധി പാർക്കിലേക്ക് മാറ്റേണ്ടി വന്നു.

അവരെ കാണുവാൻ സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീമിന്റെ നേതൃത്വത്തിൽ ഒരു സംഘം നേതാക്കൾ രുദ്രാപ്പൂരിൽ എത്തി. ഇതുവരെയും അധികൃതർ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. അറസ്റ്റു ചെയ്യപ്പെട്ടവർ ഇപ്പോഴും ജയിലിലാണ്. കളക്ടറെ കാണുവാൻ പ്രതിനിധി സംഘം ചെന്നു. അനുമതി നൽകിയിരുന്നെങ്കിലും പ്രതിനിധി സംഘത്തെ കാണുവാൻ കൂട്ടാക്കാതെ കളക്ടർ ചേമ്പറിൽ നിന്ന് ഇറങ്ങിപ്പോയി. കണ്ടിട്ടേ ചേംബർ വിടൂ എന്നായി പ്രതിനിധി സംഘം. വേണമെങ്കിൽ അറസ്റ്റ് ചെയ്തു നീക്കം ചെയ്തോളു എന്ന ഉറച്ച നിലപാടും അവരെടുത്തു.

ഒടുവിൽ എസ്‌പി എത്തി. അറസ്റ്റ് ചെയ്യപ്പെട്ട തൊഴിലാളികളെ ജയിലിൽ നിന്ന് മോചിപ്പിക്കാം എന്ന് സമ്മതിച്ചു. നാളെത്തന്നെ ഒത്തുതീർപ്പ് ചർച്ചകൾക്ക് വിളിക്കാം എന്ന ഉറപ്പും നൽകി. അങ്ങിനെ കളക്ട്രേറ്റ് സമരം അവസാനിപ്പിച്ചു.

ഈ സമരം പുറത്തുനിന്നുള്ള ആരുടേയും പ്രേരണ കൊണ്ടല്ല. സഹികെട്ട് തൊഴിലാളികൾ സ്വയം സമരം ചെയ്യാനിറങ്ങിയതാണ്. സമരം വി ഗാർഡിൽ മാത്രമല്ല. പന്തിനഗർ വ്യവസായ മേഖലയിലെ 12 ഫാക്ടറികളിൽ ഇപ്പോൾ കരാർ തൊഴിലാളികൾ സമരത്തിലാണ്. കഴിഞ്ഞ നാല് മാസമായി കരാർ തൊഴിലാളികളുടെ സമരവേലിയേറ്റമാണ് ഇന്ത്യയിൽ. അതിൽ വി ഗാർഡ് തൊഴിലാളികളും പങ്കുചേർന്നു. അടിച്ചമർത്താൻ നോക്കിയപ്പോൾ തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി ചെന്നതാണ് എൻ എ കരീമിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം.

കേരളത്തിൽ നിന്ന് വി ഗാർഡിനെ ആരും ഓടിച്ചതല്ല. കേരളത്തിനേക്കാൾ താഴ്ന്ന കൂലിക്ക് വടക്കേ ഇന്ത്യയിൽ ജോലിക്ക് ആളെ കിട്ടും എന്നുള്ളതുകൊണ്ട് പോയതാണ്. പക്ഷേ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ പട്ടിണിക്കൂലിക്ക് എല്ലാക്കാലവും അടിമവേല ചെയ്തും എന്നത് തെറ്റിദ്ധാരണയാണ്.

ലേബർ കോഡിലൂടെ ഇന്ത്യയിലെ തൊഴിലാളികളെയെല്ലാം കരാർ തൊഴിലാളികളായി മാറ്റിക്കൊണ്ടിരിക്കുകയാണ്. കമ്പനി ഉടമസ്ഥന് തൊഴിലാളിയുമായി യാതൊരു ബന്ധവുമില്ല. സമരം ചെയ്യുന്ന വി ഗാർഡ് തൊഴിലാളികളുടെ ഐഡന്റിറ്റി കാർഡിൽ കമ്പനിയുടെ പേരുപോലും ഇല്ല. ഇത്തരം ഒരു അരക്ഷിതാവസ്ഥ ഇന്ത്യയിലെ തൊഴിലാളികൾ ഇനി അനുവദിക്കില്ല. അതിന്റെ കേളികൊട്ടാണ് നോയിഡയിൽ അടക്കം നടന്ന കരാർ തൊഴിലാളികളുടെ സമരങ്ങൾ. l
തയാറാക്കിയത്: 
ദിയ

സൂറത്തിലെ മിത്തൽ നിപ്പൺ സ്റ്റീൽ കമ്പനിയിലെ 
കരാർ തൊഴിലാളികളുടെ പ്രക്ഷോഭം
2026 ഫെബ്രുവരി 26ന് ഗുജറാത്തിൽ പ്രവർത്തിക്കുന്ന ലാർസൻ & ട്യൂബ്രോ കമ്പനിയുടെ ഗെയിറ്റിനുമുമ്പിൽ അക്രമാസക്തരായ ആയിരക്കണക്കിന് കരാർ തൊഴിലാളികൾ തടിച്ചുകൂടി. നിലവിലുള്ള മിത്തൽ നിപ്പൺ പ്ലാന്റിന്റെ ശേഷി വിപുലീകരിക്കുന്നതിനായി നിർമിക്കുന്ന പുതിയ യൂണിറ്റിന്റെ നിർമാണജോലികൾ ചെയ്യുന്ന കരാർ തൊഴിലാളികളാണ് അവർ. എൽ & ടി കമ്പനിയാണ് ഈ ജോലി കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തിരിക്കുന്നത്.

‘‘പ്രകടനത്തിൽ പങ്കെടുത്ത ചില തൊഴിലാളികളെ ചില സെക്യൂരിറ്റി ജീവനക്കാർ മർദ്ദിച്ചതാണ് പ്രകോപനത്തിനു കാരണമെന്ന് തൊഴിലാളികൾ ആരോപിച്ചു’’ എന്നാണ് ദി വയർ റിപ്പോർട്ട് ചെയ്തത്.

അയ്യായിരത്തിലേറെ കരാർ തൊഴിലാളികളാണ് അവിടെ പ്രതിഷേധവുമായി തടിച്ചുകൂടിയത്. അവരുടെ പ്രതിഷേധം അണപൊട്ടിയൊഴുകി. കാറുകളും ഇരുചക്ര വാഹനങ്ങളും ഫയർ എൻജിനുകളുമുൾപ്പെടെയുള്ള കമ്പനിയുടെ വാഹനങ്ങൾ തകർക്കപ്പെട്ടു. കല്ലേറും അക്രമങ്ങളും തുടർച്ചയായി നടന്നു.

കൂടുതൽ പൊലീസ് എത്തി തൊഴിലാളികൾക്കു നേരെ അതിക്രൂരമായ ലാത്തിച്ചാർജ് നടത്തി. മുപ്പതു മിനിട്ടിനുള്ളിൽ 35നും 70നും ഇടയിൽ ടിയർ ഗ്യാസ് പൊലീസ് പൊട്ടിച്ചതായാണ് റിപ്പോർട്ട്. നിരവധിയാളുകൾക്ക് പരിക്കേറ്റു. ഡപ്യൂട്ടി കമ്മീഷണർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

40 തൊഴിലാളികൾ അറസ്റ്റ് ചെയ്യപ്പെട്ടു. കൊലപാതകശ്രമം ഉൾപ്പെടെ ഗുരുതരമായ വകുപ്പുകളാണ് പലർക്കുമെതിരെ പൊലീസ് ചുമത്തിയത്. പ്ലാന്റിലെയും പ്രൊജക്ടിലെയും അന്നത്തെ പ്രവർത്തനങ്ങൾ പാടേ സ്തംഭിച്ചു.

കനത്ത പൊലീസ് സെക്യൂരിറ്റിയോടെയാണ് തൊട്ടടുത്ത ദിവസം മുതൽ പ്രവർത്തനങ്ങൾ നടന്നത്. മിത്തൽ നിപ്പൺ സ്റ്റീൽ കമ്പനി വ്യക്തമാക്കിയത്, എൽ & ടി കമ്പനിയിലെ കരാർ തൊഴിലാളികളാണ് പ്രതിഷേധിച്ചത് അതിനാൽ എൽ & ടി മാനേജ്മെന്റ് തന്നെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്നാണ്. എന്നാൽ എൽ & ടി കമ്പനി നൽകിയ വിശദീകരണം ഗവൺമെന്റ് പുതിയതായി കൊണ്ടുവന്ന ലേബർ കോഡുകളിലെ പ്രസക്തമായ വകുപ്പുകൾക്കനുസൃതമായാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്നാണ്.

ഈ സംഭവത്തിനുശേഷം ചില തൊഴിലാളികൾ ജോലി മതിയാക്കി തങ്ങളുടെ ഗ്രാമങ്ങളിലേക്കുപോയി. ചിലർ തിരിച്ചു ജോലിക്കു കയറി. ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. വേതനവുമായി ബന്ധപ്പെട്ട അസംതൃപ്തിയും അമർഷവുമാണ് അവരെ അതിനു പ്രേരിപ്പിച്ചത്.

ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം അവിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 512.50 രൂപ (പ്രതിമാസം 13,325 രൂപ), അർദ്ധ വിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 522.50 രൂപ (പ്രതിമാസം 13,585 രൂപ), വിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 534.50 രൂപ (പ്രതിമാസം 13,897 രൂപ)എന്നിങ്ങനെയാണ‍്.

എന്നാൽ കരാർ തൊഴിലാളികൾക്ക് പ്രധാനമായും മൂന്നു പരാതികളാണുള്ളത്.

1. വേതനം പൂർണമായും നൽകുന്നില്ല: സബ് കോൺട്രാക്ടർമാർ തങ്ങളുടെ വേതനം നിയമവിരുദ്ധമായി കുറയ്ക്കുന്നു എന്നാണ് തൊഴിലാളികൾ പറയുന്നത്.

2. അപര്യാപ്തമായ നഷ്ടപരിഹാരം: തൊഴിലാളികളുടെ ശേഷി, കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നത്, എടുക്കേണ്ടി വരുന്ന റിസ്ക്, ഹാസിറ പോലെയുള്ള പട്ടണങ്ങളിലെ കൂടിയ ജീവിത ചെലവ് തുടങ്ങിയവ പരിഗണിക്കുമ്പോൾ പൂർണമായ വേതനം ലഭിച്ചാൽ പോലും അത് അപര്യാപ്തമാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

3. വർദ്ധിച്ച തൊഴിൽ സമയം: മിനിമം വേതനം കണക്കാക്കപ്പെട്ടിരിക്കുന്നത് 8 മണിക്കൂർ ജോലി ചെയ്യുന്നതിനാണ്. എന്നാൽ തൊഴിലാളികൾക്ക് 10–12 മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നു. അധികമായി ചെയ്യുന്ന ജോലിക്ക് കൂലി ലഭിക്കുന്നുമില്ല. നിയമാനുസൃതം ഓവർടെെം വേതനം അവർക്ക് ലഭിക്കേണ്ടതാണ്. എന്നാൽ തൊഴിലാളികൾക്ക് അത് നിഷേധിക്കുകയാണ് മാനേജ്മെന്റ്.

ജോലി സമയം എട്ടുമണിക്കൂർ ആക്കുക, ഓവർ ടെെം വേതനം കൃത്യമായി നൽകുക, ജോലി സാഹചര്യം മെച്ചപ്പെടുത്തുക, സുരക്ഷാമാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികൾ പ്രകടനം നടത്തിയതും പ്രതിഷേധിച്ചതും. l
തയാറാക്കിയത്:
ഗിരീഷ് ചേനപ്പാടി
ബെബ്കോയിൽ 
തൊഴിലവകാശങ്ങൾക്കു വേണ്ടിയുള്ള പ്രക്ഷോഭം
2026 ഫെബ്രുവരി 27ന് ഝാർഖണ്ഡിലെ ആദിത്യപൂർ വ്യവസായമേഖലയിലെ ഗംഹാരിയയിൽ ബെബ്കോയുടെ (Bharath Engg & Body Building Co.Pvt Ltd) ഫാക്ടറി ഗേറ്റിനുമുന്നിൽ തൊഴിലാളികൾ കുത്തിയിരുപ്പു സമരം ആരംഭിച്ചു. ഫെബ്രുവരി 25ന് 56 തൊഴിലാളികളെ പിരിച്ചുവിട്ടതായിരുന്നു പെട്ടെന്നുണ്ടായ ഈ പ്രകോപനത്തിനു കാരണം. മാനേജ്മെന്റിനോട് മിനിമം കൂലിയും, ഇഎസ്ഐയും പിഎഫും ബോണസും ആവശ്യപ്പെട്ടതിനായിരുന്നു ഈ തൊഴിലാളികളെ പിരിച്ചുവിട്ടത്.

പിരിച്ചുവിടപ്പെട്ട തൊഴിലാളികൾക്ക് 20–25 വർഷത്തെ സർവീസുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. യൂണിറ്റിൽ താൽക്കാലിക ജീവനക്കാരുടെ ആധിപത്യം ഉണ്ടായിരുന്നിട്ടും ദീർഘനാളത്തെ സർവീസുള്ള തൊഴിലാളികളുടെ ഒരു കോർ ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു. പിഎഫും ഇ എസ്ഐയും കരാർ തൊഴിലാളികൾ സാധാരണയായി ഉയർത്തുന്ന മറ്റെല്ലാ തൊഴിലവകാശങ്ങളും നടപ്പാക്കണമെന്നാണ് സമരത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

കമ്പനിയുടെ വാടകഗുണ്ടകൾ സമരത്തിന്റെ ആദ്യദിനംതന്നെ ഇരുപത്തിയഞ്ചോളം വരുന്ന വടികളും ഇരുമ്പുകമ്പികളുമുപയോഗിച്ച് തൊഴിലാളികളെ ആക്രമിച്ചു. അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു; അതിലൊരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആംബുലൻസിൽ ആദ്യം കൊണ്ടുപോയത് ഗംഹാരിയയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്കും തുടർന്ന് എംജിഎം മെഡിക്കൽ കോളേജിലേക്കുമാണ്; തുടർ ചികിത്സ വേണ്ടവരെ ജംഷഡ്പൂരിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അക്രമികളെ പറഞ്ഞുവിട്ടത് കമ്പനി മാനേജ്മെന്റ് തന്നെയാണെന്ന് തൊഴിലാളികൾ ആരോപിച്ചു.

തൊഴിലാളി പ്രക്ഷോഭം പെട്ടെന്നുതന്നെ പ്രാദേശികമായ ഐക്യദാർഢ്യവും പിന്തുണയും നേടിയെടുത്തു. ജെഎൽകെഎം (ഝാർഖണ്ഡ് ലോക്-താന്ത്രിക് ക്രാന്തികാരി മോർച്ച) തൊഴിലാളികളെ പിന്തുണയ്ക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. അതിന്റെ സെൻട്രൽ പ്രസിഡന്റ് പ്രേം മർഡിയുൾപ്പെടെയുള്ള നേതാക്കൾ സ്ഥലം സന്ദർശിക്കുകയും ആദിത്യപൂർ പൊലീസ് സ്റ്റേഷനിലേക്ക് പരിക്കേറ്റ തൊഴിലാളികൾക്കൊപ്പം പോവുകയും ചെയ്തു; സംഭവത്തിൽ മാനേജ്മെന്റിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. BEBBCO തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ആദിത്യപൂരിലും ഗംഹാരിയയിലും പന്തംകൊളുത്തി പ്രകടനം സംഘടിപ്പിക്കുകയും ഗേറ്റ് അടച്ചിട്ടുകൊണ്ട് സംഘടിപ്പിച്ച പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്തു.

2026 ഫെ-ബ്രുവരി 12ലെ ദേശീയ പൊതുപണിമുടക്കിൽ BEBBCO തൊഴിലാളികൾ പങ്കെടുത്തിരുന്നു. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംസ്ഥാനതല ഏകോപന സമിതിയ്ക്ക് ഝാർഖണ്ഡിൽ രൂപം കൊടുത്തിരുന്നു; തൊഴിലാളികളുടെ പണിമുടക്കുകൾക്കും സമരപ്രക്ഷോഭങ്ങൾക്കും ഡിമാന്റുകൾക്കും പിന്തുണ നൽകുന്നതിൽ ഈ ഏകോപനസമിതി സജീവമായിരുന്നു.

വലിയ തോതിൽ യൂണിയൻവൽക്കരിക്കപ്പെട്ട അംഗീകൃത, സ്ഥിരം തൊഴിൽ സേനയുള്ള ടാറ്റ പ്ലാന്റുകളിൽനിന്ന് വ്യത്യസ്തമായി ഫാബ്രിക്കേഷൻ, എഞ്ചിനീയറിങ്, ഓട്ടോ ബോഡി ബിൽഡിങ് തുടങ്ങി ചെറിയ സ്വകാര്യവത്കൃത യൂണിറ്റുകളിൽ കരാർ, താൽക്കാലിക, കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്നതിൽ പ്രാമുഖ്യം പുലർത്തുന്നത് ഗാഹാരിയ–ആദിത്യപൂർ ബെൽറ്റാണ്. ചരിത്രപരമായി ഈ മേഖലയിലെ ട്രേഡ് യൂണിയൻ പ്രവർത്തനം ശിഥിലമാക്കപ്പെട്ടതും അപൂർവമാക്കപ്പെട്ടതുമാണ്. കരാർ തൊഴിലാളികളിൽ അധികം പേരും യൂണിയൻവൽക്കരിക്കപ്പെട്ടവരല്ല; എന്നിട്ടും ഗേറ്റിനുമുന്നിലെ ധർണകളും പന്തംകൊളുത്തി പ്രകടനങ്ങളും ഹ്രസ്വകാല പണിമുടക്കുകളുമൊക്കെയായി നടക്കുന്ന ഈ പ്രതിഷേധങ്ങൾ ഫാക്ടറി തൊഴിലിന്റെ പരിതാപകരമായ അവസ്ഥയെ പ്രതിഫലിപ്പിക്കുന്നു.

1983ൽ സ്ഥാപിതമായ ഒരു ഇടത്തരം ഓട്ടോ മൊബെെൽ ബോഡി ഫാബ്രിക്കേഷൻ യൂണിറ്റാണ് BEBBCO. ജംഷഡ്പൂർ വ്യവസായ ക്ലസ്റ്ററിലെ ഇത്തരത്തിലുള്ള യൂണിറ്റുകൾ പ്രവർത്തിക്കുന്നത് സ്ഥിരം തൊഴിലാളികളെയും കരാർ തൊഴിലാളികളെയും ഇടകലർത്തിയുള്ള രീതിയിലാണ്. പ്രത്യേകിച്ച് വെൽഡിങ്, അസംബ്ലിങ്, ഫാബ്രിക്കേഷൻ ജോലികൾക്കുവേണ്ടി കമ്പനിയിൽ 100 സ്ഥിരംതൊഴിലാളികളും 500നും 1000ത്തിനുമിടയ്ക്ക് കരാർ, താൽക്കാലിക തൊഴിലാളികളും പണിയെടുക്കുന്നു.

പ്ലാന്റിലെ 2025–26ന് മുമ്പുള്ള പ്രവർത്തനത്തെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങളേ ലഭ്യമായുള്ളൂ. എന്നിരുന്നാലും BEBBCOയ്ക്കുവേണ്ടി ജംഷഡ്പൂർ സ്റ്റീൽ മെറ്റൽ ആൻഡ് മെെൻഡ് എംപ്ലോയീസ് യൂണിയനും മാനേജ്മെന്റും തമ്മിൽ ബോണസ് കരാർ സംബന്ധിച്ച് ഒരു പരാമർശമുണ്ട്. ഫെബ്രുവരി 27ലെ പ്രക്ഷോഭം പ്രാദേശിക ശ്രദ്ധയും യൂണിയൻ പിന്തുണയും നേടുകയുണ്ടായി. പക്ഷേ തൊഴിലാളികൾക്കനുകൂലമായ വ്യക്തമായൊരു പ്രസ്താവന നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. വരുംനാളുകളിൽ കൂടുതൽ ശക്തമായ സമരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ പോകുന്നതിന്റെ മുന്നറിയിപ്പുകൂടിയാണ്. ഇപ്പോൾ ഉയർന്നുവന്ന ഈ പ്രക്ഷോഭം. l
തയാറാക്കിയത്:
 കെ ആർ മായ

വേതന കുടിശ്ശികയ്ക്കും തൊഴിൽ സുരക്ഷയ്ക്കും വേണ്ടി 
അൾട്രാടെക് പ്ലാന്റിൽ തൊഴിലാളി പ്രതിഷേധം
2026 ഫെബ്രുവരി 1ന് ഝാർഖണ്ഡിലെ പത്റാതുവിലെ അൾട്രാടെക് സിമന്റ് പ്ലാന്റിലുണ്ടായ അപകടത്തിൽ രണ്ട് കരാർ തൊഴിലാളികൾ മരിക്കുകയും മറ്റൊരു തൊഴിലാളിക്ക് കാൽ നഷ്ടപ്പെടുന്ന വിധത്തിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു. ദാരുണമായ ഈ സംഭവം പ്ലാന്റിലെ തൊഴിൽ സാഹചര്യത്തിന്റെ യഥാർഥ മുഖം വെളിച്ചത്തുകൊണ്ടു വന്നു.

അപകടത്തിൽപെട്ട തൊഴിലാളികൾക്ക് അടിയന്തരവും മതിയായതുമായ മെഡിക്കൽ സേവനം നൽകിയില്ല എന്ന് പ്ലാന്റിലെ തൊഴിലാളികൾ പറയുന്നു. പുറംകരാർ തൊഴിലാളികൾക്ക് യാതൊരുവിധ സുരക്ഷാ നടപടികളും നൽകാതിരിക്കുന്നത് സംബന്ധിച്ച ആശങ്കകളും അവരുയർത്തി. മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക‍് നഷ്ടപരിഹാരം നൽകുന്നതിന് ആദ്യം തയ്യാറാകാതിരുന്നതാണ് തൊഴിലാളികൾ പ്രതിഷേധിക്കുന്നതിനിടയാക്കിയത്. ഫാക്ടറി ഗേറ്റിനുമുന്നിൽ തൊഴിലാളികൾ ഒത്തുകൂടി യോഗം ചേർന്നു; പ്ലാന്റിലേക്കുള്ള പ്രവേശനം തടഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുത്ത, കണ്ടാലറിയാവുന്ന തൊഴിലാളികൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ബേൺപൂർ സിമന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലായിരുന്ന ഈ യൂണിറ്റ് ആദിത്യ ബിർള ഗ്രൂപ്പിന്റെ ഭാഗമായിരുന്ന അൾട്രാടെക് സിമന്റ് ഏറ്റെടുക്കുന്നത് 2023ലാണ്. പ്ലാന്റിൽ 200നും 400നുമിടയ്ക്ക് സ്ഥിരം സ്റ്റാഫുകളും 800നും 1500നുമിടയ്ക്ക് കരാർ തൊഴിലാളികളുമാണുള്ളത്. പ്ലാന്റ് വിപുലീകരിക്കുന്ന ഘട്ടത്തിൽ 2024നും 2026നുമിടയിലാണ് തൊഴിലാളികൾക്കിടയിൽ കൂടുതൽ അസ്വസ്ഥതകൾ ഉയർന്നുവന്നത്. കൂടുതൽ തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നിട്ടും തൊഴിലാളികളെ നിയമിക്കാതെ നിലവിലെ തൊഴിലാളികൾക്കുമേൽ അമിതഭാരം അടിച്ചേൽപ്പിച്ചു.

തൊഴിൽ സമയം ദീർഘിപ്പിക്കൽ, വേതനം വെെകിപ്പിക്കൽ, സുരക്ഷാ സാഹചര്യമില്ലാത്തത്, കരാർ വ്യവസ്ഥകൾ എന്നിവയെല്ലാം മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളാണെന്ന് തൊഴിലാളികൾ ഉയർത്തിക്കാട്ടി. പുതിയ ലേബർ കോഡുകളുടെ നടപ്പാക്കലും സംസ്ഥാനതലത്തിൽ ദീർഘസമയ ഷിഫ്റ്റുകൾക്ക് അനുമതി നൽകിയതും അത് ചില സമയത്ത് 10–12 മണിക്കൂർ വരെയാക്കിയതും തൊഴിലാളികളിൽ ആശങ്ക വർധിപ്പിച്ചു. മാത്രവുമല്ല, റിക്രൂട്ട്മെന്റ് നടപടികളും അസ്വസ്ഥതകൾ സൃഷ്ടിച്ചു. പ്ലാന്റിൽ തങ്ങൾക്ക് തൊഴിൽ നൽകണമെന്ന ആവശ്യം പ്രദേശവാസികളും ഉയർത്തിയിരുന്നു. എന്നാൽ ബീഹാറിൽനിന്നുള്ള കുടിയേറ്റ തൊഴിലാളികളെ കരാറടിസ്ഥാനത്തിൽ നിയമിക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. ഇത് ഫാക്ടറി ഗേറ്റിനുമുന്നിൽ തദ്ദേശവാസികളുടെ വേറെ പ്രക്ഷോഭങ്ങൾക്കും കാരണമായി.

മാർച്ചിൽ നടന്ന ഈ പ്രക്ഷോഭത്തെ സംബന്ധിച്ച വീഡിയോകളടക്കം സാമൂഹ്യമാധ്യമങ്ങളിൽ ലഭ്യമാണ്. ഫാക്ടറി ഗേറ്റിനുമുന്നിൽ ബാനറുകളുയർത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്ന തൊഴിലാളികളെ ഈ വീഡിയോകളിൽ കാണാം. തൊഴിലാളികളുയർത്തിയ ഡിമാൻഡുകളിലുള്ള അന്തിമ ഒത്തുതീർപ്പ് എന്താണെന്നതു സംബന്ധിച്ച വിവരങ്ങൾ പരിമിതമാണ്. എന്തായാലും ഈ പ്രക്ഷോഭത്തിലൂടെ പ്ലാന്റിലെ തൊഴിലാളികൾ നേരിടുന്ന കൂലിയില്ലാ വേല, മോശമായ തൊഴിൽ സാഹചര്യങ്ങളും സുരക്ഷയില്ലായ്മയും തുടങ്ങിയ ഗൗരവമേറിയ ജീവൽപ്രശ്നങ്ങൾ ഉയർത്തിക്കാട്ടപ്പെട്ടു. l
തയാറാക്കിയത്: 
കെ ആർ മായ

സാംസങ് തൊഴിലാളിസമരം തുടരുന്നു
സാംസങ് കമ്പനിയിലെ സസ്-പെൻഡ് ചെയ്യപ്പെട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയ തൊഴിലാളി യൂണിയൻ നേതാവ് ഇ മുത്തുകുമാറിനെയും മറ്റ് അഞ്ച് പ്രവർത്തകരെയും 2026 മാർച്ച് 27ന് തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്ത് തടവിലാക്കി. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ശ്രീ പെരുമ്പത്തൂരിലെ സാംസങ് കമ്പനിയുടെ മുന്നിൽ പ്രകടനം നടത്തിയ നിരവധി പ്രവർത്തകരെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഏപ്രിൽ 16ന് ഇവരെയെല്ലാം വെല്ലൂർ ജയിലിൽനിന്നു വിട്ടയച്ചു. സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റും സിഐടിയു തമിഴ്നാട് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമാണ് മുത്തുകുമാർ.

ദക്ഷിണകൊറിയ ആസ്ഥാനമായ മൾട്ടിനാഷണൽ കമ്പനിയാണ് സാംസങ്. സംഘടനാ സ്വാതന്ത്ര്യം അനുവദിക്കുകയോ തൊഴിലാളികൾക്ക് ന്യായമായ കൂലിയും തൊഴിൽ സാഹചര്യവും ഉറപ്പാക്കുകയോ ചെയ്യാത്തതിൽ കുപ്രസിദ്ധിയാർജിച്ചതാണ് സാംസങ് കമ്പനി. 2007ൽ സ്ഥാപിച്ച ശ്രീപെരുമ്പത്തൂരിലെ കമ്പനി പ്ലാന്റിൽ രണ്ടായിരത്തോളം സ്ഥിരം ജീവനക്കരാണുള്ളത്. ഇതിനുപുറമെ കരാർ തൊഴിലാളികളും. കടുത്ത ചൂഷണമാണ് ഇവർ നേരിട്ടിരുന്നത്. 10–16 വർഷം ജോലിചെയ്ത തൊഴിലാളികളിൽ ചിലർക്ക് പ്രതിമാസം 20,000 രൂപയും ചിലർക്ക് 35,000 രൂപയുമൊക്കെയാണ് ലഭിച്ചിരുന്നത്. വിലക്കയറ്റത്തിനനുസരിച്ച് വേതനത്തിൽ വർധനവ് അനുവദിച്ചിരുന്നില്ല. ഈ കമ്പനിക്ക് സമീപത്തുള്ള മറ്റു കമ്പനികളിൽ ഇരട്ടി വേതനം ലഭിച്ചിരുന്നപ്പോഴാണ് ഇവിടെ ഈ അവസ്ഥ.

തൊഴിലാളികൾ എട്ടുമണിക്കൂറിലധികം കഠിനാധ്വാനം ചെയ്യണമായിരുന്നു. ഉൽപ്പാദനത്തിന്റെ ടാർഗറ്റ് എത്തിക്കാൻ പലപ്പോഴും തൊഴിലാളികളെക്കൊണ്ട് രണ്ടും മൂന്നും മണിക്കൂർ അധികസമയം ഓവർടെെം വേതനം നൽകാതെ ജോലി ചെയ്യിച്ചിരുന്നു. അവധിയോ വിശ്രമസമയമോ പരിമിതമായിരുന്നു. പല തൊഴിലാളികളും തന്മൂലം കടുത്ത മാനസിക സമ്മർദത്തിന് വിധേയരാക്കപ്പെട്ടു.

കമ്പനി രൂപീകരിച്ച് 18 വർഷത്തോളം അംഗീകൃത തൊഴിലാളിസംഘടന ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല. യൂണിയനുണ്ടാക്കാനുള്ള നീക്കങ്ങളെയെല്ലാം മാനേജ്മെന്റ്, മുളയിലേനുള്ളിക്കളഞ്ഞു. ഒടുവിൽ 2024 ജൂണിൽ സിഐടിയു അഫിലിയേഷനോടു കൂടി സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ രൂപീകരിക്കപ്പെട്ടു. 2024 ജൂലെെ 11ന് യൂണിയൻ അവകാശപത്രിക മുന്നോട്ടുവച്ചു: മൂന്നു വർഷംകൊണ്ട് 36,000 രൂപ ശമ്പള വർധന നടപ്പാക്കണം (2024ൽ 70%, 2025 ലും 2026ലും 15% വീതം), സംഘടനയ്ക്ക് അംഗീകാരം നൽകണം, ഒപ്പം കൂട്ടായ വിലപേശൽ സ്വാതന്ത്ര്യവും, മെഡിക്കൽ ഇൻഷുറൻസും അവധികളും മറ്റ് ആനുകൂല്യങ്ങളും അനുവദിക്കണം തുടങ്ങിയവ.

2024 സെപ്തംബർ 9ന് ആയിരത്തിലേറെ തൊഴിലാളികൾ പണിമുടക്കി പ്ലാന്റിനു പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഇതോടെ പ്ലാന്റിൽ പ്രധാനപ്പെട്ട മേഖലകളിൽ ഉൽപ്പാദനം നിലച്ചു. സർക്കാർ സംവിധാനങ്ങളുടെ പിന്തുണയോടെ തൊഴിലാളികൾക്കുനേരെ മാനേജ്മെന്റ് കടുത്ത ആക്രമണമഴിച്ചുവിട്ടു. പിരിച്ചുവിടൽ ഭീഷണിക്കുമുന്നിൽ വഴങ്ങാതെ തൊഴിലാളികൾ 37 ദിവസം പണിമുടക്ക് നടത്തി. ദക്ഷിണകൊറിയയിലെ സാംസങ് വർക്കേഴ്സ് യൂണിയൻ ഐക്യദാർഢ്യ പ്രക്ഷോഭം നടത്തി. ഒടുവിൽ തമിഴ്നാട് തൊഴിൽ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നിരവധി വട്ടം ചർച്ചകൾ നടത്തിയ ശേഷമാണ് ഒത്തുതീർപ്പിലെത്തിയത്. 2024 ഒക്ടോബർ മധ്യത്തോടെ പണിമുടക്ക് പിൻവലിക്കപ്പെട്ടു. കൂലി വർധനവ്, മെഡിക്കൽ ഇൻഷുറൻസ്, തൊഴിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ അംഗീകരിക്കപ്പെട്ടു. അപ്പോഴും യൂണിയന് അംഗീകാരം നൽകാൻ കമ്പനിയുടെ താൽപ്പര്യപ്രകാരം സർക്കാർ തയ്യാറായില്ല. ഒടുവിൽ അതിന് കോടതി ഇടപെടൽ വേണ്ടിവന്നു. 2025 ജനുവരി 27നാണ് യൂണിയന് സർക്കാരിന്റെ അംഗീകാരം ലഭിച്ചത്.

സാംസങ് കമ്പനിയുടെ ചരിത്രത്തിലെ അപൂർവസംഭവമായിരുന്നു അത്. സാംസങ്ങിലെ ശ്രീപെരുമ്പത്തൂർ യൂണിറ്റിലെ തൊഴിലാളി യൂണിയൻ ലോകമാസകലമുള്ള കമ്പനി പ്ലാന്റുകളിലെ ചുരുക്കം ചില അംഗീകൃത യൂണിയനുകളിലൊന്നായി. 2025 മെയ് മാസം ഒപ്പുവച്ച ഉഭയകക്ഷി കരാർ പ്രകാരം മൂന്നുവർഷം കൊണ്ട് 18,000 രൂപയുടെ വേതന വർധന ഉറപ്പാക്കി. കൂടുതൽ വർഷത്തെ സേവനമുള്ളവർക്ക് 1000 രൂപ മുതൽ 4000 രൂപ വരെ അധിക വർധനയും ഉറപ്പാക്കി. എന്നാൽ ഇതിനിടയിൽ സസ്പെൻഡ് ചെയ്യപ്പെട്ട തൊഴിലാളികളെ തിരിച്ചെടുക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. വെെകാതെ എല്ലാ തൊഴിലാളികളെയും തിരിച്ചെടുപ്പിക്കാമെന്ന തൊഴിൽമന്ത്രിയുടെ ഉറപ്പിനെത്തുടർന്നാണ് തൊഴിലാളികൾ പണിമുടക്ക് അവസാനിപ്പിച്ചത്. എന്നാൽ അത് ഇതുവരെയും നടപ്പാക്കപ്പെട്ടിട്ടില്ല. ഈ ആവശ്യത്തിനൊപ്പം കൂട്ടായ വിലപേശലിനുള്ള സ്വാതന്ത്ര്യവും നേടുന്നതിനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. l
തയാറാക്കിയത്: 
എ നീലാംബരൻ

ഷിംലയിൽ തൊഴിലാളികളുടെ 
 പ്രതിഷേധസമരം 
ഷിംല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷിംല എൻവയോൺമെന്റ് ഹെറിറ്റേജ് ആൻഡ് ബ്യൂട്ടിഫിക്കേഷൻ (എസ്ഇഎച്ച്ബി) സൊസെെറ്റി ഏപ്രിൽ 6ന് അങ്ങേയറ്റം തൊഴിലാളിവിരുദ്ധമായ തീരുമാനമെടുത്തു. തൊഴിലാളികളുടെ വാർഷിക വേതനത്തിൽ പ്രതിവർഷം 10 ശതമാനത്തിന്റെ വർധനവ് നൽകിവന്നിരുന്നു. ആ വർധനവ് മേലിൽ നൽകേണ്ടതില്ല എന്നാണ് സൊസെെറ്റി തീരുമാനിച്ചത്. അതോടൊപ്പം പ്രതിവർഷം 15 ദിവസത്തെ സ്പെഷ്യൽ ലീവ് എന്ന ആനുകൂല്യവും സൊസെെറ്റി റദ്ദുചെയ്തു. ഷിംല മുനിസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ സൊസെെറ്റിയുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിഐടിയു സംസ്ഥാന കമ്മിറ്റി രംഗത്തുവന്നു.

തൊഴിലാളികൾക്ക് മുൻകൂട്ടി നോട്ടീസ് നൽകാതെയും തൊഴിലാളി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെയുമാണ് ഈ തീരുമാനമെടുത്തതെന്ന് എസ്ഇഎച്ച്ബി വർക്കേഴ്സ് വെൽഫെയർ യൂണിയനും സിഐടിയുവും ചൂണ്ടിക്കാട്ടി. മൂന്നു ശതമാനം ഡിഎ പ്രതിമാസം നൽകുമെന്ന ന്യായം പറഞ്ഞാണ് സൊസെെറ്റി തൊഴിലാളികളടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത്. ഓരോ തൊഴിലാളിക്കും പ്രതിമാസം 700 മുതൽ 1000 രൂപ വരെ നഷ്ടമുണ്ടാക്കുന്നതാണ് സൊസെെറ്റി മാനേജ്മെന്റിന്റെ നടപടി. പ്രതിവർഷം 10 ശതമാനം വേതന വർധനവ് വരുത്തുന്നതിനൊപ്പം പ്രതിമാസം മൂന്നു ശതമാനം ഡിഎയും അനുവദിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു.

നഷ്ടപരിഹാരം ഉൾപ്പെടെ 32 അംഗങ്ങളടങ്ങിയ മെമ്മോറാണ്ടം ലേബർ ഓ-ഫീസർക്ക് യൂണിയൻ നൽകിയിട്ട് വർഷങ്ങളായി. ഇപ്പോഴും അതിൽ തീരുമാനമെടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിൽ സൊസെെറ്റി മാനേജ്മെന്റ് ഏകപക്ഷീയമായി എടുത്ത തീരുമാനം തൊഴിൽ നിയമങ്ങളെ പാടേ അവഗണിച്ചുകൊണ്ടുള്ളതാണ്. ഇതിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിലുള്ള എസ്ഇഎച്ച്ബി സൊസെെറ്റി വർക്കേഴ്സ് വെൽഫെയർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ഷിംലയിലെ കലിബാറി ഹാളിൽ ചേർന്ന യോഗത്തിൽ ഖരമാലിന്യ സംസ്കരണ തൊഴിലാളികൾ, സൂപ്പർവെെസർമാർ, റോഡ് വൃത്തിയാക്കുന്ന തൊഴിലാളികൾ, ഡ്രൈവർമാർ തുടങ്ങി വിവധ തസ്തികകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ പങ്കെടുത്തു.

എല്ലാ വർഷത്തെയുംപോലെ ഏപ്രിൽ മാസത്തിലെ ശമ്പളത്തിനൊപ്പം 10 ശതമാനം വാർഷിക വർധനവ് മെയ് മാസത്തിൽ നൽകിയില്ലെങ്കിൽ മെയ് 15 മുതൽ എല്ലാ തൊഴിലാളികളും അനിശ്ചിതകാല പണിമുടക്കിലേർപ്പെടാൻ നിർബന്ധിതരാകുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് മുനിസിപ്പൽ കമ്മീഷണർക്ക് യൂണിയൻ നോട്ടീസ് നൽകി.

മാലിന്യസംഭരണം നടത്തുന്നതിന് പൊതുജനങ്ങളിൽനിന്ന് മുനിസിപ്പൽ കോർപ്പറേഷൻ പണം ഈടാക്കുന്നുണ്ട്. പ്രതിവർഷം 10 ശതമാനം വീതം ഈ തുകയിൽ വർധനവ് വരുത്തുന്നുമുണ്ട്. എന്നിട്ടും തൊഴിലാളികൾക്ക് അർഹമായ ആനുകൂല്യം നിഷേധിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സിഐടിയു നേതാക്കൾ വ്യക്തമാക്കി. l
തയാറാക്കിയത്: 
വിജേന്ദർ മെഹ്റ

ടാറ്റയുടെ ഉരുക്ക് സാമ്രാജ്യത്തിൽ തൊഴിലാളികളുടെ പോരാട്ടം
ജംഷഡ്പൂർ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും വലുതുമായ ഉരുക്കുൽപ്പാദന പ്ലാന്റ് സ്ഥിതിചെയ്യുന്ന നഗരമാണ്. ഝാർഖണ്ഡിലെ ഈ ഉരുക്കു നിർമാണശാല ഇന്ത്യയിലെ ആദ്യത്തെ കുത്തക വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് – ടാറ്റ സ്റ്റീൽ. 1920കളിൽ തന്നെ ജംഷഡ്പൂർ ലേബർ അസോസിയേഷൻ എന്ന പേരിൽ അവിടെ ട്രേഡ് യൂണിയൻ രൂപീകരിക്കപ്പെട്ടിരുന്നു. ഇതാണ് പിൽക്കാലത്ത് ടാറ്റ വർക്കേഴ്സ് യൂണിയനായി മാറിയത്. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളാണ് ഈ യൂണിയൻ രൂപീകരിച്ചത്. സ്വാഭാവികമായും ഈ സംഘടന ഒരിക്കലും പണിമുടക്കിനെ പിന്തുണച്ചിരുന്നില്ല. ടാറ്റാ വർക്കേഴ‍്സ് യൂണിയന്റെ നേതൃത്വം അംഗീകരിച്ച ടാറ്റാ സ്റ്റീലിന്റെ പ്രധാന പ്ലാന്റിലെ തൊഴിലാളികൾ ആ പാരമ്പര്യം തുടർന്നെങ്കിലും ജംഷഡ്പൂരിലെ ടാറ്റ സാമ്രാജ്യത്തിലുള്ള മറ്റു പ്ലാന്റുകളിലെ തൊഴിലാളികൾക്കിടയിൽ പ്രതിഷേധവും അസ്വസ്ഥതയും വ്യാപകമായി വളർന്നുകൊണ്ടിരുന്നു.

ജംഷഡ്പൂരിലെ ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനം ടാറ്റാ സ്റ്റീലാണ്; അതിൽ ഏകദേശം 45,000 തൊഴിലാളികളാണുള്ളത്, അവരിൽ 55–60 ശതമാനവും കരാർ തൊഴിലാളികളാണ്. ടാറ്റാ മോട്ടോഴ്സിൽ ഏകദേശം 7500 പേർ പണിയെടുക്കുന്നുണ്ട് – 35 ശതമാനത്തോളം കരാർ തൊഴിലാളികളും. ടാറ്റാ സ്റ്റീലിന്റെ ഗംഹാരിയ പ്ലാന്റിൽ ഏകദേശം 2000 തൊഴിലാളികളാണുള്ളത് – ഇവരിൽ 60 ശതമാനത്തോളം പേർ കരാർ തൊഴിലാളികളാണ്. ടാറ്റാ പവറിന്റെ ജോജോ ബെറാ പ്ലാന്റിൽ ഏകദേശം 1,700 തൊഴിലാളികളാണുള്ളത്. അവരിൽ 80 ശതമാനവും കരാർ തൊഴിലാളികളാണ്. ടാറ്റാ സ്റ്റീലിലും ടാറ്റാ മോട്ടോഴ്സിലും വ്യവസായബന്ധങ്ങൾ പൊതുവെ സമാധാനപരമാണ്; പ്രശ്നങ്ങൾ പരിഹരിക്കപ്പെടാറുമുണ്ട്. എന്നാൽ, ടാറ്റാ സ്റ്റീലിന്റെ ഗംഹാരിയ പ്ലാന്റിലും ടാറ്റാ പവർ കമ്പനിയിലും സാഹചര്യം വ്യത്യസ്തമാണ്. ടാറ്റാ പവറിൽ എഐടിയുസിയുടെ പ്രവർത്തനം ശക്തമാണ്; എന്നാൽ ഗംഹാരിയ പ്ലാന്റിൽ പൊതുവെ അസംഘടിതരായ തൊഴിലാളികളാണുള്ളത്. ഈ അസംഘടിതരുടെ ഉള്ളിൽ നീറിപ്പുകഞ്ഞിരുന്ന അസംതൃപ്തി 2026 ഫെബ്രുവരി 12ന്റെ ദേശീയ പൊതുപണിമുടക്കോടെ രൂക്ഷമായി. ടാറ്റാ പവറിന്റെയും ടാറ്റാ സ്റ്റീലിന്റെയും മറ്റും ഗേറ്റുകളിൽ നടന്ന പൊതുപണിമുടക്ക് പ്രചരണ യോഗങ്ങളിൽ കരാർ തൊഴിലാളികളും കൂട്ടത്തോടെ പങ്കെടുത്തു.

ടാറ്റാ വർക്കേഴ്സ് യൂണിയൻ പതിവുപോലെ പൊതുപണിമുടക്കിൽനിന്ന് വിട്ടുനിന്നു, അതുകൊണ്ടുതന്നെ ടാറ്റാ സ്റ്റീലിൽ പണിമുടക്ക് നടന്നില്ല. മറ്റു ചില യൂണിയനുകളും ഒരു വിഭാഗം കരാർ തൊഴിലാളികളും പങ്കെടുത്ത് പ്രതിഷേധ പ്രകടനങ്ങളും ധർണകളും നടത്തുകയാണുണ്ടായത്. എന്നാൽ എഐടിയുസി സജീവ സാന്നിധ്യമായതിനാൽ ടാറ്റാ പവറിൽ പണിമുടക്കിൽ നല്ല പങ്കാളിത്തമുണ്ടായിരുന്നു. കരാർ തൊഴിലാളികൾ പ്രകടനങ്ങളിലും റാലികളിലും പങ്കെടുത്തു.

ടാറ്റാ സ്റ്റീലിന്റെ ട്യൂബ് ഡിവിഷനിൽ കരാർ തൊഴിലാളികളെ പിരിച്ചുവിടുന്നതിൽ പ്രതിഷേധിച്ചും, അവരെ തിരിച്ചെടുക്കണമെന്നും തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടും തൊഴിലാളികൾ മാർച്ച് 9, 10 തീയതികളിൽ പ്രതിഷേധപ്രകടനം നടത്തി. ഇതിൽ പങ്കെടുത്ത 40 ഓളം തൊഴിലാളികളെ (ഇവരിൽ അധികവും ദളിത് വിഭാഗങ്ങളിൽപെട്ടവരാണ്) പിരിച്ചുവിട്ടു. തൊഴിലാളികൾ ഒരു സാമുദായിക നേതാവിന്റെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം നടത്തി. അവിടത്തെ എംഎൽഎ പൂർണിമ സാഹു പ്രശ്നത്തിൽ ഇടപെട്ടു. അധികൃതരുമായി അവർ നടത്തിയ ചർച്ചയെ തുടർന്ന് ചില ഉറപ്പുകൾ നൽകി. കമ്പനി പ്രതിനിധികൾ പ്രതിഷേധക്കാരെ സന്ദർശിക്കുകയും അവരുടെ നിവേദനം സ്വീകരിക്കുകയും ചെയ്തു. മാർച്ച് 13 നകം തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന് കമ്പനി സമ്മതിച്ചു.

തൊഴിൽദിനം 8 മണിക്കൂറാക്കി നിശ്ചയിക്കുക, തൊഴിൽസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ 2026 മാർച്ച് 18ന് അനിശ്ചിതകാല പണിമുടക്കിന്റെ മുന്നോടിയായി ഒരു ദിവസത്തെ പണിമുടക്ക് നടത്തി. ഹോസ്പിറ്റാലിറ്റി വിഭാഗം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാനേജ്മെന്റിൽ സമ്മർദ്ദം ചെലുത്താൻ ഈ പണിമുടക്കിന് സാധിച്ചു.

ടാറ്റാ സ്റ്റീലിനു കീഴിലുള്ളതാണെങ്കിലും ഗംഹാരിയ പ്ലാന്റ് ജംഷഡ്പൂരിലെ പ്രധാന പ്ലാന്റിൽനിന്നും അകലെയാണ് സ്ഥിതി ചെയ്യുന്നത്. 160 ഓളം കരാർ തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. കമ്പനി നേരിട്ടല്ല ഇവരെ ജോലിക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കമ്പനിയുടെ കരാർ ഏറ്റെടുത്തിട്ടുള്ള ആർ കെ എന്റർപ്രൈസസ് എന്ന ഇടനിലക്കാരാണ് ഇവരെ ജോലിക്ക് ഏർപ്പെടുത്തിയത്. ഇവരുടെ കൂലി തുടർച്ചയായി 3 മാസം വരെ മുടക്കം വരുത്തിയത് പ്രതിഷേധത്തിനിടയാക്കി. 2025 ഡിസംബർ 31ന് തൊഴിലാളികൾ പണിമുടക്കി. കൃത്യമായി കൂലി നൽകുന്നതിന്റെ സ്ലിപ്പ് നൽകാനോ ബാങ്ക് അക്കൗണ്ടിൽ ഇട്ടതിന്റെ വിവരം തൊഴിലാളികളെ അറിയിക്കാനോ കമ്പനിയും കരാറുകാരനും തയ്യാറല്ല. ഈ പണിമുടക്ക് നേരിട്ട് കമ്പനിയുമായിട്ടുള്ള തൊഴിലാളികളുടെ ഏറ്റുമുട്ടലായിരുന്നില്ല. ടാറ്റാ സ്റ്റീൽ അധികൃതർ കാര്യങ്ങൾ നിരീക്ഷിച്ചെങ്കിലും ഉത്തരവാദിത്വം കരാറുകാരനാണെന്നു പറഞ്ഞ് തലയൂരി. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ടാറ്റാ സ്റ്റീൽ മാനേജ്മെന്റ് തയ്യാറായില്ല.

ടാറ്റാ മോട്ടേഴ്സിൽ ചില തൊഴിലാളികളെ പിരിച്ചുവിട്ടതിനെ തുടർന്നാണ് ഏപ്രിൽ ആദ്യം പ്രക്ഷോഭം തുടങ്ങിയത്. ബണ്ടിസിങ് എന്ന ആക്ടിവിസ്റ്റിന്റെ നേതൃത്വത്തിൽ ടാറ്റാ മോട്ടോഴ്സിന്റെ ജംഷഡ്പൂർ ഗേറ്റിൽ 30 മണിക്കൂർ പ്രതിഷേധ പ്രക്ഷോഭം സംഘടിപ്പിച്ചു. ഒരു മാസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ജില്ലാ ലേബർ കമ്മീഷണർ രേഖാമൂലം ഉറപ്പു നൽകിയതിനെ തുടർന്ന് പ്രക്ഷോഭം അവസാനിപ്പിച്ചു. ഈ പ്രക്ഷോഭത്തിനിടയിൽ തൊഴിലാളികൾ ടാറ്റാ മോട്ടോർ വർക്കേഴ്സ് യൂണിയനിലേക്ക് സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും അപ്രന്റീസ്ഷിപ്പിൽ വരുന്നവരെ കൂടി പേ റോളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങളും ഉന്നയിച്ചുവെന്നതും ശ്രദ്ധേയമാണ്.

ടാറ്റാ പവർ കമ്പനിയിലെ തൊഴിലാളികൾ ഫെബ്രുവരി 12ന്റെ ദേശീയ പണിമുടക്കിൽ എഐടിയുസി നേതൃത്വത്തിൽ സജീവമായി പങ്കെടുത്തു. ഫെബ്രുവരി മൂന്നിന് ട്രേഡ് യൂണിയൻ സംയുക്ത സമിതി ജംഷഡ്പൂരിലെ ടാറ്റാ പവർ ഗേറ്റിൽ ഒരു ദിവസത്തെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.

ദേശീയ പണിമുടക്കിനായുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടയിൽ കരാർ തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ശക്തിപ്പെടാൻ തുടങ്ങി. കുടിശ്ശികയില്ലാതെ കൃത്യമായി കൂലി നൽകുക, കൂലി നൽകുന്നതിൽ സുതാര്യത ഉറപ്പാക്കുക, ചൂഷണം അവസാനിപ്പിക്കുക, പിഎഫ്, ഇഎസ്ഐ തുടങ്ങിയ നിയമപരമായ ആനുകൂല്യങ്ങൾ നൽകുക, മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടു. കമ്പനിയിലെ തൊഴിലാളികളുടെ ഡിമാൻഡുകളെയും ദേശീയ പ്രക്ഷോഭത്തിന്റെ ഡിമാൻഡുകളെയും ഒന്നിച്ച് മുന്നോട്ടുവെച്ചതോടെ തൊഴിലാളികൾക്ക് കൂടുതൽ ആവേശമായി. ഡെപ്യൂട്ടി ലേബർ കമ്മീഷണറുമായുള്ള ചർച്ച ഫെബ്രുവരി 7ന് നടന്നു. മുഴുവൻ തൊഴിലാളികളും ഫെബ്രുവരി 12ന്റെ പണിമുടക്കിൽ പങ്കെടുത്തില്ലെങ്കിലും ജംഷഡ്പൂരിലും സമീപ പ്രദേശങ്ങളിലുമാകെ വെെദ്യുതി മുടങ്ങി. ഇന്ത്യയിലുടനീളമുള്ള പവർ പ്ലാന്റുകളിലെ കരാർ തൊഴിലാളികൾ നടത്തുന്ന സമരപരിപാടികളെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ ടാറ്റാ പവർ പ്ലാന്റിലെ കരാർ തൊഴിലാളികളും സമരോത്സുകരായി മുന്നോട്ടുവന്നു. മാർച്ച് അവസാനത്തോടെ നടന്ന ഓവർടെെം വേതനം സംബന്ധിച്ച ചർച്ച ഡെപ്യൂട്ടി ലേബർ കമ്മീഷണർ പങ്കെടുക്കാത്തതുമൂലം മുടങ്ങി. തൊഴിലാളികൾ വീണ്ടും പണിമുടക്കിന് തയ്യാറെടുക്കുകയാണ്. ഇൗ സമര പരിപാടികളിലൂടെ പിരിച്ചുവിട്ട തൊഴിലാളികളിൽ ചിലരെ തിരിച്ചെടുക്കുകയും കൂലിയുടെ കാര്യത്തിൽ ചില ചില്ലറ നേട്ടങ്ങളുണ്ടാവുകയും ചെയ്തു. l
തയാറാക്കിയത്: 
ജി വിജയകുമാർ

നടരാജ് പെൻസിൽസ് ഫാക്ടറിയിൽ തൊഴിലാളികളുടെ അനിശ്ചിതകാല ധർണ 
രാജ്യത്തെ വ്യാവസായിക ക്ലസ്റ്ററുകളിലുടനീളം തൊഴിലാളി സമരങ്ങളുടെ വേലിയേറ്റമുണ്ടായിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ തന്നെയാണ് ജമ്മു കാശ്മീരിലെ പലൗറയിൽ ഹിന്ദുസ്ഥാൻ പെൻസിൽസ് ഫാക്ടറിയിലെ (നടരാജ് പെൻസിൽസ്) തൊഴിലാളി പ്രക്ഷോഭവും നടക്കുന്നത്. യാതൊരുവിധ മുന്നറിയിപ്പും കൂടാതെ ഫാക്ടറി അടച്ചുപൂട്ടിയതിനെതിരെ 150 ലധികം വരുന്ന തൊഴിലാളികൾ ഫാക്ടറി ഗേറ്റിനുമുന്നിൽ നടത്തുന്ന ധർണയും പ്രതിഷേധ പ്രകടനവും രണ്ടാഴ്ച പിന്നിടുകയാണ്. 2026 ഏപ്രിൽ 21നാണ് ധർണ്ണ ആരംഭിച്ചുന്നത്. തൊഴിൽ നിയമങ്ങളൊന്നും തന്നെ പാലിക്കാതെ ഫാക്ടറി അടച്ചുപൂട്ടുകയും 20–25 ലധികം വർഷങ്ങളായി അവിടെ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതം ഇരുട്ടിലാക്കുകയുമാണ് മാനേജ്മെന്റ് ചെയ്തത്; തൊഴിലാളികളെ തഴയുക മാത്രമല്ല, അവർക്ക് നൽകേണ്ട ശമ്പളക്കുടിശ്ശികപോലും നൽകാതെയാണ് മാനേജ്മെന്റ് ഫാക്ടറി അടച്ചുപൂട്ടിയത്. അതിനുവേണ്ട അനുമതി ബന്ധപ്പെട്ടവരിൽനിന്ന് ലഭിക്കുകയോ, തൊഴിലാളികൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകുകയോ ഒന്നും തന്നെ ചെയ്തിരുന്നില്ല.

അനിശ്ചിതകാല ധർണ രണ്ടാഴ്ച പിന്നിട്ടിട്ടും മാനേജ്മെന്റോ അധികൃതരോ ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറാവുകയോ വേണ്ട ഇടപെടൽ നടത്തുകയോ ചെയ്തില്ല. തുടർന്ന് ഒത്തുതീർപ്പ് ചർച്ചകൾക്ക് മാനേജ്മെന്റിനെ വിളിക്കണമെന്നും തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതിനുവേണ്ട ഇടപെടൽ നടത്തണമെന്നും ലേബർ ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികൾ മെയ് 6ന് ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഓഫീസിനുമുന്നിൽ ഒരു ദിവസത്തെ ധർണ്ണ നടത്തി.

ഫാക്ടറി പൂട്ടുന്നുവെന്ന പ്രതീതി പടർത്തി വർഷങ്ങളായി അവിടെ പണിയെടുക്കുന്ന സ്ഥിരം തൊഴിലാളികളെ ഒഴിവാക്കിയതിനുശേഷം കരാർ തൊഴിലാളികളെവെച്ച് ഫാക്ടറി പുനരാരംഭിക്കാനുള്ള മാനേജ്മെന്റിന്റെ ഗൂഢപദ്ധതിയാണിത് എന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. സൂത്രത്തിൽ ഇൻഷുറൻസ് തുക തട്ടിച്ചെടുക്കാനുള്ള ശ്രമമാണിതെന്നും ആരോപണമുണ്ട്.

ഡെപ്യൂട്ടി ലേബർ കമ്മീഷണർ ഒാഫീസിനുമുന്നിലെ ധർണയ്ക്കുശേഷം തൊഴിലാളികളുടെ ഒരു പ്രതിനിധി സംഘം ഡെപ്യൂട്ടി കമ്മീഷണറെയും അസിസ്റ്റന്റ് ലേബർ കമ്മീഷണറെയും കണ്ടു സംസാരിച്ചു; ഒന്നോ രണ്ടോ ദിവസത്തിനകം മാനേജ്മെന്റിനെ വിളിച്ചുവരുത്തി അനുകൂലമായ ഒരു ഒത്തുതീർപ്പിലെത്താമെന്ന് അവർ ഉറപ്പുനൽകുകയും ചെയ്തു. നടരാജ് പെൻസിൽസിലെ തൊഴിലാളികളിൽ വലിയൊരു വിഭാഗം സ്ത്രീകളാണ്. അതുകൊണ്ടുതന്നെ ഈ പ്രക്ഷോഭത്തിൽ സ്ത്രീകളുടെ ഗണ്യമായ പങ്കാളിത്തമാണുള്ളത്. തൊഴിലാളികൾ അവകാശപ്പെടുന്നതുപോലെ കരാർ തൊഴിലാളികളെവെച്ച് ഫാക്ടറി നടത്താനുള്ള ഗൂഢ പദ്ധതിയാണിതെങ്കിൽ അത് നിർദയമായ ചൂഷണം തന്നെയാണ്. ഈ തൊഴിലാളികൾ നേരിടുന്നത് അതിജീവന പ്രതിസന്ധിയാണ്. അതുകൊണ്ടുതന്നെ അവർക്കു മുന്നിൽ പ്രക്ഷോഭമല്ലാതെ മറ്റു മാർഗമില്ല. l
തയാറാക്കിയത്:
 ആര്യ ജിനദേവൻ

എൻഎച്ച്പിസിയിൽ 
തൊഴിലാളി പ്രക്ഷോഭം 
മാചൽപ്രദേശിലെ സുരംഗാണി ഗ്രാമത്തിൽ നാഷണൽ ഹെെഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ നടത്തുന്ന ബയ്റ സിയുൾ പ്രോജക്ടിൽ തൊഴിലെടുക്കുന്ന ജീവനക്കാർ നടത്തുന്ന പ്രക്ഷോഭം, തുടക്കത്തിൽ കൂട്ടത്തിലൊരു തൊഴിലാളിയെ നിയമവിരുദ്ധമായി പിരിച്ചുവിട്ടതിനെതിരെ ആയിരുന്നുവെങ്കിലും ഇന്നത് തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരായ വമ്പിച്ച മുന്നേറ്റമായി മാറിയിരിക്കുകയാണ്. ബയ്റ സിയുൾ പ്രോജക്ട് വർക്കേഴ്സിന്റെ (സിഐടിയു) നേതൃത്വത്തിൽ നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിലൂടെ തൊഴിലാളികൾ മുന്നോട്ടുവയ്ക്കുന്ന ഡിമാന്റുകൾ പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കണമെന്നത് മാത്രമല്ല, തൊഴിലിടത്തിലെ അരക്ഷിതാവസ്ഥയും കുറ്റകരമായ ഇത്തരം പിരിച്ചുവിടലുകളും ഒഴിവാക്കണമെന്നുമാണ്. സ്വകാര്യവത്കരണം, കരാർ തൊഴിലാളികൾക്കെതിരായ ചൂഷണം, കൂലി വെെകിപ്പിക്കൽ, തൊഴിൽ സുരക്ഷയില്ലായ്മ തുടങ്ങിയ തൊഴിലാളി വിരുദ്ധ നയസമീപനങ്ങൾക്കെതിരായി രാജ്യത്താകെ അലയടിച്ചുയരുന്ന സമരമുന്നേറ്റങ്ങളുടെ ഭാഗമാണ് ഈ പ്രക്ഷോഭവും.

തൊഴിലാളികളെ ഈ സമരത്തിലേക്ക് നയിച്ച പ്രധാന വിഷയം 58 വയസ്സുള്ള, ദുണി ചന്ദിനെ നിയമവിരുദ്ധമായി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടാണ്. റിട്ടയർമെന്റ് പ്രായം 60 വയസ്സാണെന്നിരിക്കെ അതിന് രണ്ടു വർഷം മുന്നേ തന്നെ അന്യായമായി പിരിച്ചുവിടുന്നത് തൊഴിലവകാശങ്ങൾക്കു നേരെയുള്ള കടന്നാക്രമണമാണ്. എൻഎച്ച്പിസി മാനേജ്മെന്റ് കുറ്റകരമായി പ്രവർത്തിക്കുന്നുവെന്നും തൊഴിലാളിവിരുദ്ധമായ സമ്പ്രദായങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നും യൂണിയൻ നേതാക്കൾ ആരോപിച്ചു. കഴിഞ്ഞ 14 ദിവസങ്ങളായി തുടർച്ചയായ സമരപരിപാടികളാണ് തൊഴിലാളികൾ നടത്തുന്നത്. ധർണകൾ, പ്രകടനങ്ങൾ, പ്രോജക്ട് ഏരിയയ്ക്കകത്ത് ഗേറ്റ് യോഗങ്ങൾ എന്നിങ്ങനെ നടത്തുന്ന പ്രക്ഷോഭ പരിപാടികളിൽ തൊഴിലാളികളുടെ വൻ പങ്കാളിത്തമാണുള്ളത്. ഒരു ഗേറ്റ് യോഗത്തിൽ 150 ലധികം തൊഴിലാളികളാണ് പങ്കെടുത്തത്.

ദുണി ചന്ദിനെ തിരിച്ച് ജോലിയിലെടുക്കാതെ പിന്നോട്ടില്ലായെന്ന ഉറച്ച നിലപാടിലാണ് തൊഴിലാളികൾ. കനത്ത മഴയിലും പരിതാപകരമായ തൊഴിൽ സാഹചര്യങ്ങളിലും പോരാട്ട ഭൂമിയിൽ അവർ ഉറച്ചുനിൽക്കുകയാണ്. ദുണി ചന്ദിന്റെ വിഷയത്തെ കേവലം ഒരു വ്യക്തിയുടെ കാര്യമായല്ല തൊഴിലാളികളും യൂണിയനും (സിഐടിയു) കാണുന്നത്; മറിച്ച് തൊഴിലാളികളുടെ അന്തസ്സിനും തൊഴിൽ സുരക്ഷയ്ക്കുമെതിരായ, പ്രൊജക്ടിൽ പണിയെടുക്കുന്ന ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നടപടിയായാണ്. ജീവൻപോലും പണയംവച്ച് കമ്പനിയിൽ പണിയെടുക്കുന്ന തങ്ങളോട് ചെയ്യുന്ന അനീതിയാണിതെന്ന് അവർ പറയുന്നു.

ഹിമാചൽപ്രദേശിലെ നിരവധി തൊഴിൽ മേഖലകളിൽ തൊഴിലാളി സമരങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഘട്ടമാണ് ഇത്.

ദുണി ചന്ദിനെ എത്രയും വേഗം തിരിച്ചെടുക്കാൻ മാനേജ്മെന്റ് തയ്യാറായില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി സുദേഷ് താക്കുറും പ്രസിഡന്റ് നരേന്ദർ വിരുദ്ധും പറഞ്ഞു. റോഡുപരോധം, പണിമുടക്ക്, കൂടുതൽ ശക്തമായ യൂണിയൻ ഇടപെടൽ എന്നിവയായിരിക്കും സമരത്തിന്റെ അടുത്ത ഘട്ടമെന്ന് തൊഴിലാളികൾ താക്കീതുനൽകുന്നു. ഇതിനിടയിൽ സമരം സുരംഗാണിക്കുമപ്പുറം ടിസ്സയിലെ ബയ്റ സിയുൾ ഡാംസെെറ്റിലേക്കും വ്യാപിക്കുകയാണ്. അവിടെ യൂണിയൻ പ്രസിഡന്റ് ചമൻ സിങ്ങിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടനം നടത്തി. കേവലമൊരു പിരിച്ചുവിടൽ പ്രശ്നമല്ല, എൻഎച്ച്പിസിയുടെ സെെറ്റുകളിലാകെ തൊഴിലാളികൾ നേരിടുന്ന ചൂഷണത്തിനെതിരായ സമരമുന്നേറ്റവുമായി അത് മാറുകയാണ് എന്നാണിത് കാണിക്കുന്നത്. l
തയാറാക്കിയത്: 
ആര്യ ജിനദേവൻ

ഏഷ്യൻ പെയ‍ിന്റ്സിൽ പണിമുടക്ക്‌
ന്ത്യയിലെ പെയിന്റ് വിപണിയുടെ 50 ശതമാനത്തിലധികവും കയ്യടക്കിയിരിക്കുന്നത് ഏഷ്യൻ പെയിന്റ്സ് കമ്പനിയാണ്. ഏകദേശം 15 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഈ ആഗോള കമ്പനിയുടെ ലാഭം ഒരുലക്ഷം കോടി രൂപയാണ്.

ഈ കമ്പനിയിൽ രാജ്യത്തൊട്ടാകെ 11,000 സ്ഥിരം തൊഴിലാളികളും 22500 കരാർ/താൽക്കാലിക തൊഴിലാളികളും ജോലി ചെയ്യുന്നു. അങ്കലേശ്വർ പ്ലാന്റിൽ 250 സ്ഥിരം തൊഴിലാളികളും 650 ഓളം താൽക്കാലിക/കരാർ തൊഴിലാളികളുമാണുള്ളത്. ശേഷിക്കുന്ന ഭൂരിഭാഗവും കുടിയേറ്റ തൊഴിലാളികളാണ്. ഫെബ്രുവരി 27 മുതൽ ഏഷ്യൻ പെയ‍ിന്റ്സിൽ തൊഴിലാളി പണിമുടക്ക് നടക്കുകയാണ്. 8 മണിക്കൂർ തൊഴിൽദിനത്തിനും മെച്ചപ്പെട്ട കൂലിക്കും തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടി ഏഷ്യൻ പെയിന്റ്സിലെ ദഹേജ് പ്ലാന്റിൽ കുടിയേറ്റ തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് തുടരുകയാണ്.

മറ്റെല്ലാ വമ്പൻ മാനുഫാക്ചറിങ് സ്ഥാപനങ്ങളെയുംപോലെ, ഏഷ്യൻ പെയിന്റ്സും ആശ്രയിക്കുന്നത് കരാറുകാരെയാണ്. എന്നാൽ ഇത് തൊഴിൽ സുരക്ഷ, വേതനം, ഓവർടെെം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ തൊഴിലാളികളുടെ സ്ഥിതി അപകടകരമാക്കിയിരിക്കുന്നു. ബറൂച്ച് ജില്ലയിലെ ഏഷ്യൻ പെയിന്റ്സിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്കും തൊഴിൽ തർക്കങ്ങൾക്കുമുള്ള അവസരങ്ങൾ മറ്റ് മാനുഫാക്ചറിങ് സെെറ്റുകളുമായി തട്ടിച്ചുനോക്കുമ്പോൾ താരതമേ–്യന വളരെ കുറവാണ്.

സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങിയ കേന്ദ്ര സംഘടനകളുമായി അ-ഫിലിയേറ്റുചെയ്തിട്ടുള്ള ഔപചാരിക ട്രേഡ് യൂണിയനുകൾ ഗുജറാത്തിലെ സെെറ്റുകളിൽ പ്രാമുഖ്യം നേടിയിട്ടില്ല.

പൊതുവെ സമരങ്ങളില്ലാതിരുന്ന ഗുജറാത്ത് പ്ലാന്റ് 2026 ഫെബ്രുവരി 27ന് ആ പതിവ് തെറ്റിച്ചു. ഫെബ്രുവരി 12ലെ പൊതുപണിമുടക്കിൽ ഗുജറാത്തിലെ മിക്ക വ്യവസായ കേന്ദ്രങ്ങളുടെയും ശക്തമായ പങ്കാളിത്തമുണ്ടായി.

2026 ഫെബ്രുവരി 12ന് ദേശവ്യാപകമായി നടന്ന വലിയ പണിമുടക്കിന്റെ അനുരണനമാണ് ഈ പണിമുടക്കും അതോടൊപ്പം മറ്റ് ഇൻഡസ്ട്രീയൽ സെെറ്റുകളിൽ (ഉദാ: ഐഒസിഎൽ പാനിപത്ത് റിഫെെനറി) തുടരുന്ന പണിമുടക്കുകളും. ഈ പണിമുടക്കുകളുണ്ടായത് 2026 തുടക്കത്തിൽ ദീർഘിപ്പിച്ച ഷിഫ്റ്റുകൾ, വേതന മുരടിപ്പ്, പുതിയ ലേബർ കോഡുകളുടെ പ്രത്യാഘാതങ്ങൾ എന്നിവയ്ക്കെതിരെ ഇന്ത്യയിലുടനീളമുണ്ടായ കരാർ തൊഴിലാളി പ്രക്ഷോഭങ്ങളുടെ വലിയ തരംഗത്തിന്റെ ഭാഗമായാണ്. മിക്കയിടങ്ങളിലും കേന്ദ്ര ട്രേഡ് യൂണിയൻ നേതൃത്വത്തിന്റെ അഭാവത്തിലാണ് പലപ്പോഴും ഈ സമരങ്ങളുണ്ടായിരിക്കുന്നത്. കെമിക്കൽ/പെട്രോ കെമിക്കൽ ഫാക്ടറികളിൽ തൊഴിലാളികൾ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുകയായിരുന്നു.

2026 ഫെബ്രുവരി 27ലെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സമരവുമായി ബന്ധപ്പെട്ട് വിവരം തരുന്ന ഒരേയൊരു രേഖ. അതിങ്ങനെയാണ്: ‘‘ഇന്ന് ഏഷ്യൻ പെയിന്റ്-സിലെ തൊഴിലാളികൾ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പണിമുടക്കുകയാണ്.’’ l
തയാറാക്കിയത്: 
മനീഷ്. കെ

2026 ഫെബ്രുവരി 22
ഐഒസിഎൻ എണ്ണ ശുദ്ധീകരണശാല, പാനിപത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത എണ്ണ ശുദ്ധീകരണശാലയായ ഇവിടെ തൊഴിലിടത്തിൽവെച്ച് രണ്ട് കുടിയേറ്റ തൊഴിലാളികൾ മരണപ്പെട്ടതിനെതുടർന്ന് 30000 ത്തിലധികം തൊഴിലാളികളാണ് ആറുദിന പണിമുടക്കിലേർപ്പെട്ടത്. ലാർസൺ & ടുബ്രോയ്ക്കും മറ്റ് കരാറുകാർക്കുംവേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾ ഒറ്റക്കെട്ടായി പണിമുടക്കിൽ പങ്കാളികളാവുകയായിരുന്നു.

ചർച്ചകൾ നടത്തി പരിഹാരം കാണുന്നതിനുപകരം ലാത്തിച്ചാർജ് നടത്തിയും ഇന്റർനെറ്റ് തടഞ്ഞും സിഐഎസ്എഫിന്റെ നേതൃത്വത്തിൽ വെടിവെയ്പ് നടത്തിയുമാണ് അധികാരികൾ പ്രതികരിച്ചത്; തിരിച്ചറിയാത്ത 2500ഓളം തൊഴിലാളികൾക്കെതിരെ എഫ്ഐആറും രജിസ്റ്റർചെയ്തു. തൊഴിൽദിനം 8 മണിക്കൂർ ആക്കുക, ഞായറാഴ്ച അവധി പ്രഖ്യാപിക്കുക, കൂലി കൃത്യസമയത്ത് നൽകുക, ഓവർടെെമിന് ഇരട്ട കൂലി നൽകുക എന്നിവയാണ് തൊഴിലാളികളുടെ ഡിമാന്റ്. ബിഎംഎസ് അടക്കമുള്ള പ്രധാനപ്പെട്ട എല്ലാ ട്രേഡ് യൂണിയനുകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടും സമരത്തെ സംബന്ധിച്ച തുടർവിവരങ്ങളൊന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തൊഴിലാളികളുടെ ഡിമാന്റുകൾ അംഗീകരിക്കാൻ കമ്പനി തയ്യാറായോ, എന്താണ് നിലവിലെ സ്ഥിതി എന്നതു സംബന്ധിച്ച് വ്യക്തതയൊന്നും തന്നെയുണ്ടായിട്ടില്ല. l

2026 ഫെബ്രുവരി 23
അലോക് ഇൻഡസ്ട്രീസ്, വാപി 
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള അലോക് ടെക്-സ്റ്റെെയിൽസിൽ 2026 ഫെബ്രുവരി 23ന് തൊഴിലാളികൾ ആരംഭിച്ച പണിമുടക്ക് ഇപ്പോഴും തുടരുകയാണ്. കൂലി വർധിപ്പിക്കണമെന്നും തുല്യജോലിക്ക് തുല്യ വേതനം നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. അപകടങ്ങൾക്ക് നഷ്ടപരിഹാരവും തൊഴിലിടത്തിൽ വൃത്തിയുള്ള ടോയ്ലറ്റ് സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കണമെന്നും സ്ത്രീകളുടെ തൊഴിൽ സമയത്തിൽ മാറ്റം വരുത്തണമെന്നും കുറ്റകരമായ തരംതാഴ്ത്തൽ അവസാനിപ്പിക്കണമെന്നും തൊഴിലാളികൾ ഡിമാന്റു ചെയ്യുന്നു. നിലവിൽ സിൽവാസയിലെയും ദാദ്രയിലെയും നാഗർഹവേലിയിലെയും തൊഴിലാളികളും ഈ പ്രക്ഷോഭത്തിൽ അണിചേർന്നിരിക്കുകയാണ്. പ്രക്ഷോഭത്തെ സംബന്ധിച്ച മീഡിയ കവറേജുകളൊന്നുംതന്നെ ലഭ്യമല്ല. ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിൽ തൊഴിലാളികൾതന്നെ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെയാണ് സമരം സംബന്ധിച്ച വിവരങ്ങൾ പുറംലോകമറിയുന്നത്. നിലവിൽ പണിമുടക്കിലേർപ്പെട്ടിട്ടുള്ള തൊഴിലാളികൾക്ക് അവരുടെ ഡിമാന്റുകൾ ഉറപ്പാക്കിയോ അതോ അവരെ ഏതെങ്കിലും തരത്തിൽ അടിച്ചമർത്തിയോ എന്നുള്ള വിവരങ്ങളൊന്നുംതന്നെ ലഭ്യമല്ല. l

2026 ഫെബ്രുവരി 26–ഗുജറാത്ത്
സൂറത്തിലെ ആർസെലർ മിത്തൽ പ്ലാന്റിലെ പണിമുടക്ക്
ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീൽ ഇന്ത്യയുടെ സൂറത്തിലെ പ്ലാന്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ തൊഴിൽദിനം 8 മണിക്കൂറായി നിജപ്പെടുത്തുക, ഇരട്ടി തുക ഒാവർടെെം വേതനമായി നൽകുക, എല്ലാ മാസവും 7–ാംതീയതി തന്നെ അതാത് മാസത്തെ വേതനം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് പണിമുടക്കി. രണ്ടായിരത്തിലധികം തൊഴിലാളികൾ ഈ പണിമുടക്കിൽ അണിനിരന്നു. ടിയർ ഗ്യാസ് പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയുമാണ് പൊലീസ് പ്രതിഷേധക്കാരെ നേരിട്ടത്. വധശ്രമം നടത്തിയെന്ന പേരിൽ നാൽപ്പതോളം തൊഴിലാളികളെ അറസ്റ്റുചെയ്തു. എങ്കിലും സമരം ശക്തമായതോടെ മാനേജ്മെന്റ് ഒത്തുതീർപ്പിന് നിർബന്ധിതരായി. l

2026 ഫെബ്രുവരി 27, മധ്യപ്രദേശ്
വെസ്റ്റേൺ കോൾഫീൽഡിൽ നിരാഹാര സമരം
ർക്കാർ ഉടമസ്ഥതയിലുള്ള ബേത്തൂലിലെ വെസ്റ്റേൺ കോൾ ഫീൽഡിലെ കരാർ തൊഴിലാളികൾ കൂലി കുറയ്ക്കുന്നതിലും കൂലി കുടിശ്ശിക നൽകാത്തതിലും പ്രതിഷേധിച്ച് 2026 ഫെബ്രുവരി 26 മുതൽ 15 ദിവസത്തെ നിരാഹാര സമരം നടത്തി. കോൺട്രാക്ടർമാർ 4 മാസത്തെ കൂലി കുടിശ്ശിക നൽകിയിരുന്നില്ല; 400 ഓ 500 ഓ രൂപയാണ് പ്രതിദിനം കൂലിയായി നൽകുന്നത്. 1365 രൂപ മിനിമം കൂലി നിശ്ചയിച്ച അതേ സർക്കാരാണ്, അതിന്റെ പകുതിപോലും സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽകാതിരിക്കുന്നത്. മുഖ്യതൊഴിലുടമയെന്ന നിലയിൽ കണക്കുപറയാനുള്ള ബാധ്യത വെസ്റ്റേൺ കോൾ ഫീൽഡിനാണെന്ന് തൊഴിലാളികൾ വാദിച്ചു. കരാറുകാരെ കുറ്റപ്പെടുത്തിക്കൊണ്ട് സർക്കാർ ഉടമയിലുള്ള കമ്പനി ഒഴിഞ്ഞുമാറുന്നതിനെതിരെയും തൊഴിലാളികൾ പ്രതികരിച്ചു. l

2026 മാർച്ച് 3, മധ്യപ്രദേശ്
അൾട്രാടെക് സിമന്റ്, രേവ
ധ്യപ്രദേശിലെ ആദിത്യബിർള ഗ്രൂപ്പ് ബേല സിമന്റ്-വർക്സിലെ തൊട്ടടുത്ത ഗ്രാമത്തിൽനിന്നുള്ള മുന്നൂറോളം തൊഴിലാളികളെ 24 മണിക്കൂർ ഷിഫ്റ്റ് ജോലി കഴിഞ്ഞ്, ഹോളി ദിവസം ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വിഷയം ഇപ്പോൾ ലേബർ കോടതിയുടെ പരിഗണനയിലാണ്. ഈ പിരിച്ചുവിടൽ നിയമവിരുദ്ധമാണെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഇവർക്കുപകരം കുടിയേറ്റത്തൊഴിലാളികളെ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിനു കാരണമായത്. 2026 മാർച്ച് 3ന് പ്ലാന്റിന്റെ ഗേറ്റ് അടച്ചിട്ടാണ് തൊഴിലാളികൾ പ്രതികരിച്ചത്. മറ്റു യൂണിയനുകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാർച്ചുനടത്തി.

തൊഴിലിടത്തിൽ അടിസ്ഥാനപരമായി നൽകേണ്ട സുരക്ഷ നൽകുന്നതിൽ പരാജയപ്പെട്ടതിനെതിരെ തൊഴിലാളി പ്രക്ഷോഭങ്ങൾ നടന്നതിന് കുപ്രസിദ്ധിയാർജിച്ചതാണ്. l

2026 മാർച്ച് 16, ആന്ധ്രപ്രദേശ്
അൾട്രാടെക് സിമന്റ്, പെറ്റ്നിക്കോട്ട
ധ്യപ്രദേശിലെ രേവയിലെയും ഉത്തരാഖണ്ഡിലെ പത്റാതുവിലെയും പണിമുടക്കിനുശേഷം ഇപ്പോൾ ആന്ധ്രാപ്രദേശിൽ അൾട്രാടെക് സിമന്റിലെ തൊഴിലാളികൾ പണിമുടക്കുകയാണ്. 2026 ഏപ്രിൽ 16നാണ് നന്ദ്യാൽ ജില്ലയിലെ പെറ്റ്നിക്കോട്ടിയ്ക്കടുത്ത് പുതുതായി പണികഴിപ്പിച്ച അൾട്രാടെക് സിമന്റ് ഫാക്ടറിയിലെ 4000ത്തിലേറെ തൊഴിലാളികൾ ശക്തമായ പ്രക്ഷോഭമാരംഭിച്ചത്. 8 മണിക്കൂർ തൊഴിൽ ദിനം, ഓവർടെെമിന് ഇരട്ടി കൂലി, നിയമപ്രകാരമുള്ള മിനിമം വേതനം എന്നീ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉയർത്തുന്നത്. തൊഴിലിടവുമായി ബന്ധപ്പെട്ട് അപകടമോ മരണമോ ഉണ്ടാവുകയാണെങ്കിൽ നഷ്ടപരിഹാരവും ഒപ്പം തൊഴിൽ സുരക്ഷയും അവർ ആവശ്യപ്പെടുന്നു. l

2026 മാർച്ച് മാർച്ച് 17, ആന്ധ്രപ്രദേശ്
അൾട്രാടെക് സിമന്റ്, താഡിപത്രി
തൊട്ടടുത്ത ജില്ലയിലെ അൾട്രാ ടെക് സിമന്റിലെ തൊഴിലാളികൾ പണിമുടക്കിയതിനു പിന്നാലെ അടുത്ത ദിവസം തന്നെ ഉത്തർപ്രദേശിലെ താഡിപത്രിയിലെ അൾട്രാടെക് സിമന്റിലെ തൊഴിലാളികൾ മാർച്ച് 17ന്, 8 മണിക്കൂർ തൊഴിൽ ദിനം, ഒാവർ ടെെമിന് ഇരട്ടികൂലി, മെച്ചപ്പെട്ട തൊഴിൽ സാഹചര്യം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പണിമുടക്കി.

2025 സെപ്തംബറിൽ ആന്ധ്രപ്രദേശ് സംസ്ഥാന നിയമസഭ പാസാക്കിയ ഫാക്ടറീസ് (ആന്ധ്രപ്രദേശ് ഭേദഗതി) ബിൽ തൊഴിൽ സമയം 12 മണിക്കൂർ വരെ വർധിപ്പിക്കുകയും സ്ത്രീകൾക്കും രാത്രി ഷിഫ്റ്റ് ആകാമെന്ന് വ്യവസ്ഥ ചെയ്യുകയും ചെയ്തിരുന്നു. എൻടിആർ ജഗ്ഗയ്യപേട്ട് മണ്ഡലിലെ അൾട്രാടെക് സിമന്റ് ഫ-ാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിക്കുകയും പതിനാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. l

2026 മാർച്ച് 21
രാജസ്താൻ വണ്ടർ സിമന്റ്, ചിത്തൂർഗഢ്
ണ്ടർ സിമന്റ് ഫാക്ടറിയിൽ ജോലിയ്ക്കിടെ ഒരു തൊഴിലാളി മരിച്ചതിനെതുടർന്ന് മാനേജ്മെന്റിനെതിരെ തൊഴിലാളികൾ 2026 മാർച്ച് 21ന് സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തി. തൊഴിലിടത്തിലുണ്ടാകുന്ന അപകടത്തിന്റെയും സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യത്തിന്റെയും ഉത്തരവാദിത്തത്തിൽനിന്ന് കയ്യൊഴിയുന്ന സമീപനമാണ് മാനേജ്മെന്റിന്റേത്. ഇതിനെതിരെയാണ് തൊഴിലാളികൾ ശക്തമായി പ്രതിഷേധിച്ചത്. l

2026 ഏപ്രിൽ 14, ഉത്തർപ്രദേശ്
ഗാർഹിക തൊഴിലാളികൾ, നോയിഡ
2026 ഏപ്രിൽ 14ന് വേതന വർധനവ് ആവശ്യപ്പെട്ട് സെക്ടർ 12ലെ ക്ലിയോ കൗണ്ടിയ്ക്കുപുറത്ത് നൂറുകണക്കിന് ഗാർഹിക തൊഴിലാളികൾ പ്രതിഷേധിച്ചു. ഒരു ദിവസത്തെ മിനിമം വേതനം 700 രൂപയെന്നത് നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. നിലവിൽ പ്രതിമാസം 2000 മുതൽ 3000 രൂപ വരെ മാത്രമാണ് അവർക്ക് നേടാനാവുന്നത്. l

2026 മാർച്ച് 9 – ബിഹാർ
ബക്-സാർ തെർമ്മൽ പവർ, ചൗസ
ബിഹാറിലെ ബക്-സാറിൽ സർക്കാർ ഉടമസ്ഥതയിലുള്ള സത്ലജ് ജൽ വിദ്യുത് നിഗം നിർമിച്ച പവർ പ്ലാന്റിൽ നിർമാണ തൊഴിലാളികൾ പണിമുടക്കിലേക്ക് കടന്നിരിക്കുന്നു. 8 മണിക്കൂർ തൊഴിൽദിനം, കൃത്യസമയത്ത് വേതനം നൽകുക, അധികസമയം തൊഴിലെടുപ്പിക്കുന്നതിന് ഇരട്ടി കൂലി നൽകുക എന്നീ ആവശ്യങ്ങളുയർത്തിയാണ് തൊഴിലാളികൾ 2026 മാർച്ച് 9ന് പണിമുടക്കിയത്. ഇതിനുമുൻപും ഇവിടെ ഇതേ ഡിമാന്റുകളുയർത്തി തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേർപ്പെട്ടിട്ടുണ്ട്. l

2026 മാർച്ച് 10 – രാജസ്താൻ
ഹിന്ദുസ്ഥാൻ സിങ്ക് – ചിത്തൂർഗഢ്
ന്ദേരിയയിലെ വേദാന്ത ഗ്രൂപ്പിന്റെ സബ്സിഡിയറി സ്ഥാപനത്തിൽ ലാർസെൻ & ടൂബ്രോ എന്ന കരാറുകാർക്കുകീഴിൽ പണിയെടുക്കുന്ന നിർമാണ തൊഴിലാളികൾ പണിമുടക്കിലേർപ്പെട്ടു. 8 മണിക്കൂർ തൊഴിൽദിനം, അധികസമയ തൊഴിലിന് ഇരട്ടികൂലി, മാസത്തിൽ 26 തൊഴിൽ ദിനങ്ങൾ, എല്ലാ മാസവും ഏഴാം തീയതിക്കകത്ത് വേതനം നൽകുക എന്നീ ഡിമാന്റുകളുയർത്തിയാണ് തൊഴിലാളികൾ പണിമുടക്ക് നടത്തിയത്. l

2026 മാർച്ച് 11 – ഉത്തർപ്രദേശ്
എൻടിപിസി, റിഹാന്ദ്
8 മണിക്കൂർ തൊഴിൽ ദിനം, കൂലി വർധനവ്, സാമൂഹിക സുരക്ഷ, സ്ഥിരം തൊഴിൽ എന്നീ ആവശ്യങ്ങളുയർത്തിക്കൊണ്ട് ഉത്തർപ്രദേശിലെ എൻടിപിസി പ്രൊജക്ട് സെെറ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾ മാർച്ച് 11ന് പണിമുടക്കിലേർപ്പെട്ടു. എൻടിപിസി പ്രൊജക്ട് സെെറ്റിൽ നിരവധി ഔട്ട്സോഴ്സിങ് കമ്പനികളാണ് കരാറെടുത്തിരിക്കുന്നത്; എഞ്ചിനിയേഴ്സ് പ്രൊജക്ട്, ശിവം എനർജി, ശ്രീ വിം ഇൻഫ്രാ പ്രൊജക്ട് തുടങ്ങിയ കരാറുകാർക്കുകീഴിൽ സെെറ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾ കടുത്ത ചൂഷണമാണ് നേരിടുന്നത്. l

2026 മാർച്ച് 13 – മധ്യപ്രദേശ്
അദാനി പവർ, സിങ്ക്റൗളി
ധ്യപ്രദേശിലെ സിങ്ക്റൗളിയിൽ അദാനി പവർ കമ്പനിയിൽ രാത്രി ഷിഫ്റ്റിൽ പണിയെടുത്തുകൊണ്ടിരുന്ന ഒരു കരാർ തൊഴിലാളി മരണപ്പെട്ടു; 12 മണിക്കൂർ നേരത്തെ ഷിഫ്റ്റിനെത്തുടർന്നുണ്ടായ തൊഴിൽ ഭാരമായിരുന്നു കാരണം. എന്നാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് എന്തെങ്കിലും നഷ്ടപരിഹാരം നൽകാൻപോലും കമ്പനി തയ്യാറല്ലായിരുന്നു. ഇതിൽ പ്രതിഷേധിച്ചുകൊണ്ടും തൊഴിൽ ദിനം എട്ടു മണിക്കൂർ ആക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കരാർ തൊഴിലാളികൾ പണിമുടക്കിലേർപ്പെട്ടു. തൊഴിലാളികളുടെ പേരിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തെങ്കിലും സമ്മർദ്ദത്തെത്തുടർന്ന് മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ മാനേജ്മെന്റ് തയ്യാറായി. l

2026 മാർച്ച് 14 – ഛത്തീസ്ഗഢ്
അദാനി പവർ, കോർബ
സിങ്ക്റൗളിയിലെ പണിമുടക്കിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം 2026 മാർച്ച് 14ന്, ഛത്തീസ്ഗഢിലെ കോർബയിലുള്ള അദാനി പവർ പ്ലാന്റിൽ 6000ത്തോളം തൊഴിലാളികൾ പണിമുടക്കി. അധികസമയമായി കണക്കാക്കാതെ, 12 മണിക്കൂർ ഷിഫ്റ്റുവെച്ച് പണിയെടുപ്പിക്കുന്ന ഏർപ്പാടിനെതിരെ 8 മണിക്കൂർ തൊഴിൽദിനം എന്ന മുദ്രാവാക്യമുയർത്തിയ തൊഴിലാളികൾ വേതന വർധനവ് നടപ്പാക്കണമെന്നും മാസത്തിലെ ആദ്യത്തെ ആഴ്ച തന്നെ ശമ്പളം നൽകണമെന്നും കൂടി ആവശ്യപ്പെട്ടു. l

2026 മാർച്ച് 12–ഛത്തീസ്ഗഢ്
വേദാന്തയിലെ പ്രതിഷേധ സമരം
2026 മാർച്ച് 9 മുതൽ 15 വരെ ഛത്തീസ്ഗഢിലെ വേദാന്ത കമ്പനിയിലെ ആയിരത്തിലേറെ തൊഴിലാളികൾ കമ്പനി ഗേറ്റിനുമുന്നിൽ തടിച്ചുകൂടി പ്രതിഷേധ യോഗം ചേർന്നു. തൊഴിൽ സമയം അനിശ്ചിതമായി വർധിപ്പിക്കുകയും കൂലി കുറച്ചു നൽകുകയും സ്ഥിരമായും കൃത്യമായും കൂലി നൽകാതിരിക്കുകയും മോശപ്പെട്ട തൊഴിൽ സാഹചര്യം നിലനിൽക്കുകയും ചെയ്യുന്നതിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധ യോഗം ചേർന്നത്. തൊഴിൽ സമയം 8 മണിക്കൂറായി നിജപ്പെടുത്തണമെന്നും സ്ഥിരം തൊഴിൽ ഉറപ്പാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

വേദാന്തയിലെ തൊഴിൽ സാഹചര്യം അപകടം നിറഞ്ഞതാണ്. ഛത്തീസ്ഗഢിലെ വേദാന്ത പവറിന്റെ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 25 ലധികം തൊഴിലാളികൾ കൊല്ലപ്പെട്ടു. വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാളും പ്ലാന്റിന്റെ മേധാവി ദേവേന്ദ്ര പട്ടേലും ഉൾപ്പെടെ 8 മുതൽ 10 വരെ ആളുകളെയാണ് എഫ്ഐആറിൽ പേര് ചേർത്തിട്ടുള്ളത്. l

2026 മാർച്ച് 16–ഛത്തീസ്ഗഢ്
അദാനി പവർ, റായ്‌ഗഢ്‌
സിങ്ക‍്റൗളിയിലെയും കോർബയിലെയും അദാനി പവർ പ്ലാന്റുകളിൽ നടന്ന പണിമുടക്കിനെ തുടർന്ന് 8 മണിക്കൂർ തൊഴിൽദിനവും കരാർ തൊഴിലാളികൾക്ക് വേതന വർധനവും ആവശ്യപ്പെട്ട് ഛത്തീസ്ഗഢിലെ റായ്ഗഢ് അദാനി പവർ പ്ലാന്റിലും തൊഴിലാളികൾ പണിമുടക്കി. സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളിൽനിന്നും ഒഴിവാക്കപ്പെട്ടിരുന്ന ഈ തൊഴിലാളികൾക്ക് തൊഴിലിടത്തിൽ ടോയ്ലറ്റും കുടിക്കുന്നതിന് ശുദ്ധജലവും പോലും ലഭ്യമാക്കിയിരുന്നില്ല. l
2026 മാർച്ച് 16 – ഉത്തർപ്രദേശ്
എൻടിപിസി, ശക്തിനഗർ
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) ഏറ്റെടുത്തു നടത്തുന്ന സ‍്റ്റേജ് III വിപുലീകരണ പ്രൊജക്റ്റിന്റെ പണിയിലേർപ്പെട്ടിരുന്ന എൻടിപിസി സോൻഭദ്രയിലെ കരാർ തൊഴിലാളികൾ പണിമുടക്കി;അധികസമയത്തിന്റെ വ്യവസ്ഥകൾ പാലിക്കാതെ തൊഴിലാളികളെക്കൊണ്ട് 12 മണിക്കൂർ ഷിഫ്റ്റുകളായി പണിയെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, കൂലി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. l

2026 മാർച്ച് 17 – ഉത്തർപ്രദേശ്
എസിസി സിമന്റ് – സാലായ്ബൻവ
ദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ എസിസി സിമന്റിലും 2026 മാർച്ച് 17ന് 8 മണിക്കൂർ തൊഴിൽ ദിനവും കൃത്യസമയത്ത് വേതന വിതരണവും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി. മുൻപ് 2026 ജനുവരി 2ന് ഇതേ സ്ഥാപനത്തിൽ 100ലധികം തൊഴിലാളികൾ മാനേജ്മെന്റിനെതിരായി പ്രതിഷേധ സമരം നടത്തിയിരുന്നു. തൊഴിലാളികളുടെ വേതനം രണ്ടു മാസമായി പിടിച്ചു വെക്കുകയും വേതനത്തിൽനിന്നും പിടിച്ച പ്രോവിഡന്റ് ഫണ്ട് അവർക്ക് ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്ന് സമരമുണ്ടായത്. l

2026 മാർച്ച് 18 – ഛത്തീസ്ഗഢ്
ജിൻഡാൽ സ്റ്റീൽ, റായ്‌ഗഢ്‌
റായ്ഗഢിലെ ഗ്രാമീണരും തൊഴിലാളികളും ജിൻഡാൽ സ്റ്റീൽ ആന്റ് പവർ ലിമിറ്റഡിനെതിരെ നീണ്ട നാളുകളായി പ്രതിഷേധ സമരത്തിലാണ്. നഷ്ടപരിഹാരം വേണ്ടത്ര നൽകാതെയാണ് കൽക്കരി ഖനന പ്രൊജക്ടുകൾ നടത്തുന്നത് എന്നും പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഗ്രാമവാസികൾ പറയുന്നു. മെച്ചപ്പെട്ട തൊഴിൽ സുരക്ഷയും 30,000 രൂപ ശമ്പളവുമടക്കമുള്ള ആവശ്യങ്ങളുയർത്തി പ്ലാന്റിലെ തൊഴിലാളികളും പണിമുടക്കി. 14 ഗ്രാമങ്ങളിൽനിന്നായി നൂറുകണക്കിന് പ്രദേശവാസികൾ ജിൻഡാൽ സ്റ്റീൽ പ്ലാന്റിനെതിരെ കുത്തിയിരുപ്പ് സമരം നടത്തി. പ്ലാന്റ് നടത്താനുള്ള അനുമതി നേടിയെടുത്തത് അനധികൃതമായിട്ടാണെന്നും ഭൂമി കയ്യേറ്റത്തിന് അർഹമായ പരിഹാരം നൽകിയില്ലെന്നും അവർ പറയുന്നു.

2026 മാർച്ച് 19 – ബിഹാർ
എൻടിപിസി – ഭഗൽപൂർ
തൊഴിൽദിനം 12 മണിക്കൂർ ആക്കി നീട്ടിക്കൊണ്ട് എൻടിപിസി നോട്ടീസിറക്കി. അതിനെത്തുടർന്ന്, മെയിന്റൻസ് തൊഴിലാളികൾ 8 മണിക്കൂർ പണിമുടക്ക് നടത്തി. തൊഴിൽദിനം 8 മണിക്കൂർ ആയിത്തന്നെ നിലനിർത്തണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. ഇക്കാലയളവിൽ എൻടിപിസി പ്ലാന്റിൽ നടക്കുന്ന മൂന്നാമത്തെ പണിമുടക്കാണിത്. l

രാജസ്താൻ
ഭിവാഡി ഇൻഡസ്ട്രിയൽ ഏരിയ
മിനിമം കൂലി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഴ്ചകളായി ഭിവാഡി ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തുകയാണ്. ഈ പ്രതിഷേധം നൂറുകണക്കിന് കമ്പനികളുടെ പ്രവർത്തനത്തെ, പ്രത്യേകിച്ചും ടെക്-സ്റ്റെെൽസ് – ഗാർമെന്റ് നിർമാണ കമ്പനികളുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്. മെച്ചപ്പെട്ട ജീവിത – തൊഴിൽ സാഹചര്യങ്ങൾക്കുതകുന്ന വിധത്തിൽ ന്യായമായ കൂലി ലഭിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. l

2026 ഏപ്രിൽ 10– ഉത്തർപ്രദേശ്
ഗിഗ് വർക്കേഴ്സ് അർബൻ കമ്പനി
നോയിഡയിലെ അർബൻ കമ്പനിയിൽ ജോലിചെയ്യുന്ന വനിത ഗിഗ് തൊഴിലാളികൾ തൊഴിൽ സമയം നിജപ്പെടുത്തണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 26ന് പ്രതിഷേധ പ്രകടനം നടത്തി. മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും ജോലി സ്ഥിരതയും വേണമെന്നും അവർ ആവശ്യപ്പെട്ടു.

2026 ആദ്യം ഇന്ത്യയിലുടനീളമുള്ള സ്വിഗ്ഗി, സൊമാറ്റോ, അർബൻ കമ്പനി എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലെ ഗിഗ് തൊഴിലാളികൾ വ്യാപകമായ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കൂലി വർധിപ്പിക്കണമെന്നതും അത് കൃത്യമായി നൽകണമെന്നുമായിരുന്നു ഒരാവശ്യം. സാമൂഹ്യ ക്ഷേമ പരിപാടികൾ ഉറപ്പാക്കണമെന്നും (ആരോഗ്യസേവനം, പെൻഷൻ തുടങ്ങിയവ) അവർ ആവശ്യപ്പെട്ടിരുന്നു. ഡൽഹി, ബംഗളൂരു, ഹെെദരാബാദ് എന്നീ പ്രമുഖ നഗരങ്ങളിൽ പണിമുടക്കും നടന്നു. l

2026 ഏപ്രിൽ
സെസ റിസോഴ്സസ്, ഗോവ
ഗോവയിലെ ഡിഗ്നം പാലിയിലുള്ള സെസ റിസോഴ്സസ് ലിമിറ്റഡിലെ 85 തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി. യാതൊരു അറിയിപ്പും നൽകാതെ തൊഴിലാളികളെ റിട്രെഞ്ച് ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. തൊഴിലാളികൾ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ സന്ദർശിച്ച് തങ്ങളുടെ പരാതി പറഞ്ഞെങ്കിലും വേണ്ട നടപടി സ്വീകരിക്കാമെന്ന് അറിയിച്ചതല്ലാതെ ഒരു തീരുമാനവും ഉണ്ടായില്ല. തൊഴിലാളികളെ ജോലിയിൽ തിരിച്ചെടുക്കാൻ ഇതേവരെ കമ്പനി അധികൃതരോ സർക്കാരോ ഒരു നടപടിയും കെെക്കൊണ്ടിട്ടില്ല. l

ഉത്തരാഖണ്ഡ്
മദർസൺ കമ്പനി ഹാൽഡവാനി
മൊത്താൽഡുവിലെ മദർസൺ ഫാക്ടറിയിലെ സ്ത്രീത്തൊഴിലാളികൾ അനുഭവിക്കുന്ന തൊഴിലിടത്തിലെ പീഡനം അവസാനിപ്പിക്കണമെന്നും, തൊഴിൽ സമയം നിജപ്പെടുത്തണമെന്നും, മിനിമം കൂലി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികളൊന്നടങ്കം പ്രതിഷേധ പ്രകടനം നടത്തി. ഇതേ കമ്പനിയുടെ നോയിഡയിലെയും ഹരിയാനയിലെയും പ്ലാന്റുകളിലും തൊഴിലാളികൾ മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്നു. l

2026 ഏപ്രിൽ 13 – അരുണാചൽ പ്രദേശ്
പഞ്ചായത്തിരാജ് വർക്കേഴ്സ്, ഇറ്റാനഗർ
തുല്യജോലിക്ക് തുല്യ വേതനം നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിരാജിലെ കരാർ തൊഴിലാളികൾ ഏപ്രിൽ 13ന് പ്രതിഷേധ സമരം നടത്തി. l

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

19 − eight =

Most Popular