Wednesday, May 13, 2026

ad

Homeകവര്‍സ്റ്റോറിഇടതുപക്ഷത്തിന് പുതിയൊരു ന്യൂസ് പോർട്ടൽ

ഇടതുപക്ഷത്തിന് പുതിയൊരു ന്യൂസ് പോർട്ടൽ

ഡോ. ടി എം തോമസ് ഐസക്

കാട്ടുതീ പോലെ രാജ്യത്തെമ്പാടും തൊഴിലാളി സമരങ്ങൾ പടരുകയാണ്. ആഗോളവൽക്കരണകാലത്ത് ട്രേഡ് യൂണിയൻ സമരങ്ങൾ ശുഷ്കിച്ചുവരുന്ന പ്രവണതയാണ് ഇന്ത്യയിൽ കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ 2026 ൽ ഈ പ്രവണതയ്ക്ക് വിരാമമിട്ടിരിക്കുന്നു. രാജ്യത്ത് ഇതിനകംതന്നെ ചെറുതും വലുതുമായ 70 പണിമുടക്കുകൾ പ്രമുഖ വ്യവസായ കേന്ദ്രങ്ങളിലും വ്യവസായശാലകളിലുമായി നടന്നുകഴിഞ്ഞു.

സമരവാർത്താ സ്രോതസ്
നമ്മുടെ മാധ്യമങ്ങളിൽ ഇവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണോ? അല്ല. നോയിഡയിലെ സമരം മാത്രമാണ് മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചത്. രണ്ടു ഡസൻ സമരങ്ങളുടെ കഥകളാണ് ഈ ലക്കം ചിന്തയുടെ ഉള്ളടക്കം. ഈ കഥകളെല്ലാം എടുത്തിട്ടുള്ളത് പുതിയൊരു ന്യൂസ് പോർട്ടലിൽ നിന്നാണ്. പേര് ലെഫ്റ്റ് വ്യൂസ്. നിങ്ങളെ ഈ പോർട്ടലിലേക്ക് സ്വാഗതം ചെയ്യുന്നു.

ഈ ലേഖനത്തോടൊപ്പമുള്ള QR കോഡ് സ്കാൻ ചെയ്‌താൽ നിങ്ങൾ ഈ പോർട്ടലിൽ എത്തും സൈറ്റിന്റെ അഡ്രസ്സും ഇവിടെ ചേർക്കുന്നു– www.leftviews.in എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഫോണിൽ തിരഞ്ഞു കണ്ടെത്താം. ദിവസവും ഒരു പുതിയ സമരകഥയെങ്കിലും ഇവിടെ ഉണ്ടാവും.

ബദൽ മാധ്യമങ്ങളുടെ പ്രാധാന്യം
രാജ്യത്തെ മാധ്യമ മേഖല കോർപ്പറേറ്റ് ഭരണകൂട നിയന്ത്രണത്തിൽ ഏതാണ്ട് അമർന്നു കഴിഞ്ഞു. ബദൽ മാധ്യമങ്ങളുടെ മേഖലകളും ചുരുങ്ങുകയാണ്. ന്യൂസ്‌ക്ലിക്കിനെ (NewsClick) തകർത്തു. മറ്റുപലതിന്റെയും നില പരുങ്ങലിലാണ്. ഇത് വിശ്വസനീയവും ഇടതുപക്ഷാഭിമുഖ്യമുള്ളതുമായ വാർത്തകൾക്കായി വലിയൊരു ശൂന്യത സൃഷ്ടിച്ചിട്ടുണ്ട്.

ജനകീയ പോരാട്ടങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ റിപ്പോർട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയതും സമർപ്പിതവുമായ ഒരു പ്ലാറ്റ്‌ഫോമിന്റെ വ്യക്തവും അടിയന്തരവുമായ ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ വാർത്താ പോർട്ടൽ ആരംഭിച്ചിരിക്കുന്നത്.

പോർട്ടലിന്റെ ഉള്ളടക്കം
ഉള്ളടക്ക നിർമാണത്തിന് ഔദ്യോഗിക പ്രതിനിധികളെ നിയോഗിച്ച് മാധ്യമ ശൃംഖല സൃഷ്ടിക്കുന്നതിനേക്കാൾ ആശയപരമായ ഐക്യമുള്ള വൊളന്റിയർമാരെയും കോൺട്രിബ്യൂട്ടേഴ്‌സിനെയും ഏകോപിപ്പിക്കുന്ന ഒരു ജനാധിപത്യ രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്.

ആഗോള-ദേശീയ രാഷ്ട്രീയ –സാമ്പത്തിക സംഭവവികാസങ്ങൾ, സാമൂഹികനീതിയും അവകാശങ്ങളും, തൊഴിൽ മേഖലകൾ, സംസ്കാരവും ശാസ്ത്രവും, ഭരണവും വികസനവും തുടങ്ങിയ മേഖലകൾ സംബന്ധിച്ച പ്രഗത്ഭരുടെ ചെറുലേഖനങ്ങൾ പോർട്ടലിൽ ഉണ്ടാകും. എന്നാൽ വാർത്തകൾ കൂടുതലും തൊഴിലാളികൾ, കൃഷിക്കാർ, കർഷകത്തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാർഥികൾ, യുവജനങ്ങൾ, ദളിത്- – ആദിവാസി വിഭാഗങ്ങൾ, തുടങ്ങിയവരുടെ പോരാട്ടങ്ങളെക്കുറിച്ചായിരിക്കും.

തുടക്കമെന്ന നിലയിൽ ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് രാജ്യത്തെമ്പാടും ഉയർന്നുകൊണ്ടിരിക്കുന്ന ട്രേഡ് യൂണിയൻ സമരങ്ങളിലാണ്. അതുപോലെതന്നെ കാർഷിക സമരങ്ങളും. അധികം താമസിയാതെ ഇന്ത്യയുടെ ബഹുജനസമരങ്ങളുടെ ദർപ്പണമായി ലെഫ്റ്റ് വ്യൂസിനെ മാറ്റുവാനാവും എന്നാണ് കരുതുന്നത്.

പുതിയ സമരവേലിയേറ്റം
ലേബർ കോഡ്, വ്യവസായ മേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളെയും ഇതിനോടകം തന്നെ കരാർ തൊഴിലാളികളാക്കി മാറ്റിക്കഴിഞ്ഞു. അവരിൽ ചെറുവിഭാഗമൊഴികെ ബാക്കിയാരും ട്രേഡ് യൂണിയനുകളിൽ സംഘടിതരല്ല. 10-–12 മണിക്കൂർ ജോലിക്ക് വിധിക്കപ്പെട്ടവരാണ്. മിനിമംകൂലിപോലും കിട്ടാത്തവരാണ്. കുടിയേറ്റ തൊഴിലാളികളാണ്. അവരാണ് സമരത്തിന്റെ മുന്നിൽ.

ഇപ്പോൾ നടക്കുന്ന സമരങ്ങളുടെ പ്രത്യേകത, സംഘടിത മേഖലയിലെ കരാർ തൊഴിലാളികളാണ് സമരത്തിനിറങ്ങിയിട്ടുള്ളത് എന്നതാണ്. ഇവരെങ്ങനെ സമരരംഗത്ത് ഒന്നിച്ച് അണിനിരന്നു? ഫെബ്രുവരി 12-ലെ അഖിലേന്ത്യാ പണിമുടക്ക്, ജനുവരി 27-ലെ ബാങ്ക് പണിമുടക്ക് എന്നിവ മാറ്റിനിർത്തിയാൽ മറ്റു സമരങ്ങളുടെ നേതൃത്വത്തിൽ സംഘടിത ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ അപൂർവ്വമായേ കാണാൻ കഴിയൂ. സാധാരണഗതിയിലുള്ള ട്രേഡ് യൂണിയൻ സംഘാടനത്തിനപ്പുറം സാമൂഹ്യമാധ്യമങ്ങളെ ആശ്രയിച്ചുള്ള ഒരു സംഘാടന ശൈലിയാണ് ഇവിടെ ഉണ്ടായത്.

നവമാധ്യമങ്ങളുടെ പങ്ക്
പാനിപ്പത്തിലെയും നോയിഡയിലെയും സമരങ്ങൾ വലിയതോതിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. ഇത് മറ്റു കേന്ദ്രങ്ങളിലെ തൊഴിലാളികൾക്ക് പ്രചോദനമായി. തൊഴിലാളികളുടെ കഷ്ടപ്പാടുകൾ ചിത്രീകരിക്കുന്ന നിരവധി റീലുകളും വ്യാപകമായി. ഔപചാരിക യോഗങ്ങളോ സമ്മേളനങ്ങളോ ഇല്ലാതെ WhatsApp സന്ദേശങ്ങളിലൂടെ കരാർ തൊഴിലാളികളും മറ്റുള്ളവരും സമരത്തിലേക്ക് നീങ്ങി. Facebook, Instagram പ്രചാരണത്തിനായി ഉപയോഗിച്ചപ്പോൾ WhatsApp ആയിരുന്നു പ്രധാന സംഘാടന ഉപകരണം.

ഒട്ടേറെ നൂതനമായ സമരമുറകളും ഉയർന്നുവന്നിട്ടുണ്ട്. ഡിജിറ്റൽ പിക്കറ്റിങ്, അൽഗോരിതമിക് ബോബിങ്, കമ്പനി ബ്രാൻഡിന് എതിരെയുള്ള കടന്നാക്രമണം, കമ്പനി പോസ്റ്റുകൾക്ക് താഴെ ഒളിപ്പോർ ആക്രമണം, ഇപ്രകാരം സോഷ്യൽ മീഡിയതന്നെ ഒരു സമരരംഗമായി മാറിയിരിക്കുന്നു.

വരുംകാലത്ത് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണവും സമാന്തര ന്യൂസ് പോർട്ടലുകളും എത്രമാത്രം പ്രധാനപ്പെട്ടതായിരിക്കുമെന്നതിന്റെ സൂചനയാണിത്. ഈ തിരിച്ചറിവാണ് Left Views എന്ന പോർട്ടലിന് രൂപം നൽകുന്നതിലേക്ക് എത്തിച്ചത്. എല്ലാ Left Views-ന്റെയും വിശാല പ്ലാറ്റ്ഫോം ആയിരിക്കും ഈ പോർട്ടൽ. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ പോർട്ടൽ തുറന്നുകൊടുത്തിട്ടുണ്ട്. ഔപചാരിക ഉദ്ഘാടനം അടുത്ത ആഗസ്ത് മാസത്തിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്.
Follow the leftviews.in channel on WhatsApp: https://whatsapp.com/channel/0029Vb6gTimATRSl5pKDGJ0S (Make QR കോഡ്) l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − 11 =

Most Popular