തൊഴിലാളിവിരുദ്ധ ‘ലേബർ കോഡുകൾ’ ഉപയോഗിച്ച്, തൊഴിലെടുക്കുന്നവരെ അടിമസമാനമായി ജോലി ചെയ്യിക്കാൻ സൗകര്യമൊരുക്കിയ മോദി സർക്കാർ നയത്തിനെതിരെ, ഉത്തരേന്ത്യയിലെ വ്യവസായ കേന്ദ്രങ്ങളാകെ, പ്രക്ഷുബ്ധമായി. കഴിഞ്ഞ ഏപ്രിൽ മാസത്തിലാരംഭിച്ച തൊഴിലാളി മുന്നേറ്റത്തിന്റെ അലയൊലി ഇപ്പോഴും അടങ്ങിയിട്ടില്ല. രാജ്യത്താകെ പ്രതികരണം സൃഷ്ടിച്ച ഈ തൊഴിലാളി മുന്നേറ്റങ്ങൾ, ബിജെപി സർക്കാരുകളുടെയും, കോർപ്പറേറ്റുകളുടെയും ഉറക്കം കെടുത്തുന്നതാണ്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്താൻ, ഹിമാചൽപ്രദേശ്, ജമ്മുകാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വ്യവസായ തൊഴിലാളികളുടെ പ്രതിഷേധസമരം ആളിപ്പടർന്നത്. ഏതെങ്കിലും ഒരു സംഘടനയുടെ നേതൃത്വത്തിലല്ല, മറിച്ച് ഓരോ വ്യവസായ സ്ഥാപനത്തിലെയും തൊഴിലാളികൾ ഒറ്റക്കെട്ടായി പണിമുടക്കി, പ്രതിഷേധ റാലികൾ സംഘടിപ്പിക്കുകയാണുണ്ടായത്.
ബഹുരാഷ്ട്ര കുത്തകകളുടെയും ഇന്ത്യൻ കുത്തകകളുടെയും വിവിധ വ്യവസായശാലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതന നിരക്ക് പ്രതിമാസം 11,000 മുതൽ 13,000 രൂപവരെയാണ്. തൊഴിലാളികളിൽ, വിരലിലെണ്ണാവുന്നവരൊഴിച്ച് ബാക്കി എല്ലാവരും കരാർ തൊഴിലാളികളാണ്. പന്ത്രണ്ടും പതിമൂന്നും മണിക്കൂർ വീതമാണ് ദിവസേന ജോലി ചെയ്യേണ്ടത്. മിനിമം വേതന നിയമപ്രകാരമുള്ള വേതനമോ, ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങളോ ഒന്നും ഇവർക്ക് ബാധകമല്ല. ആധുനിക ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്ന വ്യവസായങ്ങളാണിവയെല്ലാം.
മുമ്പുണ്ടായിരുന്ന ‘‘മിനിമം വേതന നിയമം’’ അനുസരിച്ച്, അഞ്ചു വർഷം കൂടുമ്പോൾ, മിനിമം വേതനം പുതുക്കി നിശ്ചയിക്കണം. എല്ലാ സംസ്ഥാനത്തും സർക്കാരിനുകീഴിൽ ‘‘മിനിമം വേജസ് അഡെെ-്വസറി ബോർഡ്’’ രൂപീകരിക്കും. പ്രസ്തുത ബോർഡ്, ഓരോ തൊഴിൽ മേഖലയിലെയും, തൊഴിലാളികളുടെ മിനിമം വേതനം നിശ്ചയിക്കാനും, പുതുക്കി നിശ്ചയിക്കാനും തൊഴിലാളി സംഘടനകളുടെയും തൊഴിലുടമകളുടെയും, സർക്കാരിന്റെയും പ്രതിനിധികളടങ്ങുന്ന ഒരു കമ്മിറ്റി രൂപീകരിക്കണം. പ്രസ്തുത കമ്മിറ്റി തെളിവെടുപ്പ് നടത്തി, പുതിയ വേതന നിരക്ക് നിശ്ചയിക്കും.
വൻകിട വ്യവസായങ്ങളിൽ, തൊഴിലാളി സംഘടനകളും മാനേജ്മെന്റും തമ്മിൽ ചർച്ച നടത്തി, വേതനം സംബന്ധിച്ച കരാർ ഉണ്ടാക്കുകയാണ് പതിവ്. ‘‘വ്യവസായ തർക്ക നിയമം’’ അനുസരിച്ചാണ് ഈ പ്രക്രിയ നടക്കുന്നത്. മിനിമം വേതനത്തേക്കാൾ ഉയർന്ന വേതനം, വൻകിട – ഇടത്തരം വ്യവസായങ്ങളിലെ തൊഴിലാളികൾക്ക് ലഭിക്കുമായിരുന്നു. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും യഥാസമയം മിനിമം വേതനം പുതുക്കി നിശ്ചയിച്ചില്ല. ആ നിയമത്തെത്തന്നെ കാറ്റിൽ പറത്തി. 20 വർഷമായി മിനിമം വേതനം, നിയമപ്രകാരം പുതുക്കി നിശ്ചയിച്ചിട്ടില്ലയെന്ന യാഥാർഥ്യം പുറത്തുവന്നത്, ഇപ്പോഴാണ്.
മോദി സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ, വൻകിട വ്യവസായങ്ങളിലെ തൊഴിലാളികളെയും ബാധിച്ചു. ട്രേഡ് യൂണിയൻ രൂപീകരണം, പണിമുടക്കുകളുൾപ്പെടെയുള്ള സമരങ്ങൾ സംഘടിപ്പിക്കൽ എന്നിവയെയെല്ലാം തടസ്സപ്പെടുത്തി. സ്വാതന്ത്ര്യാനന്തരം രൂപംകൊണ്ട ഇന്ത്യൻ ഭരണഘടനയും തൊഴിൽ നിയമങ്ങളും ആവിഷ്കരിച്ച, എല്ലാ തത്ത്വങ്ങളും കാറ്റിൽ പറത്തി. ‘തൊഴിലാളി സംരക്ഷണം’ എന്ന വാക്കിനുപകരം ‘Reforms’ എന്ന ആശയത്തിന്, കേന്ദ്ര സർക്കാർ മുൻഗണന നൽകി.
തൊഴിലെടുക്കുന്നവർ സംഘടിക്കുന്നതും സംഘടനകൾ ശക്തിപ്പെടുത്തുന്നതും തടയാൻ ‘വർഗീയത’ ആളിക്കത്തിച്ച്- തൊഴിലാളികളിൽ ഭിന്നത വളർത്തി. ഈ സാഹചര്യം ദരിദ്രകർഷകരെയും കോടിക്കണക്കായ തൊഴിലാളികളെയും കൊടിയ ദുരിതത്തിലാഴ്ത്തി. ഈ സാഹചര്യമാണ്, ഉത്തരേന്ത്യയാകമാനം ആളിപ്പടർന്ന തൊഴിലാളികളുടെ സമരത്തിലേക്ക് നയിച്ചത്.
തൊഴിലാളികൾ, ഫാക്ടറികൾ വിട്ട് തെരുവിലിറങ്ങുകയും, മിനിമം വേതനം വർധിപ്പിക്കുക, കരാർ സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തപ്പോൾ, തൊഴിൽ വകുപ്പ് അധികൃതർ അനങ്ങിയില്ല. പകരം പൊലീസിനെ ഉപയോഗിച്ച് തൊഴിലാളി സമരത്തെ അടിച്ചമർത്താനാണ് ശ്രമിച്ചത്. നിരവധി തൊഴിലാളികളെ അറസ്റ്റുചെയ്ത‍് തടവിലാക്കി. നിരവധി പേർക്ക് മർദ്ദനമേറ്റു. തൊഴിലാളി സമരത്തെ, ഭരണകൂട ശക്തി ഉപയോഗിച്ച് അടിച്ചമർത്താനാണ് ബിജെപി സർക്കാരുകൾ ശ്രമിച്ചത്.
ഈ സാഹചര്യത്തിൽ, സമരകേന്ദ്രങ്ങളിൽ ഇടപെടാനും തൊഴിലാളികളോടൊപ്പം നിൽക്കാനും സിഐടിയു എന്ന സംഘടന മാത്രമാണുണ്ടായത്. മറ്റു ട്രേഡ് യൂണിയനുകളൊന്നും സമരകേന്ദ്രത്തിലെത്തിയില്ല. സിഐടിയു ദേശീയ നേതാക്കളും സംസ്ഥാന നേതാക്കളും സമരരംഗത്തെത്തി. പൊലീസ് അതിക്രമത്തെ ചോദ്യം ചെയ്തു. സിപിഐ (എം) ജനറൽ സെക്രട്ടറി ഉൾപ്പെടെ, നേതാക്കളും എംപിമാരും രംഗത്തുവന്നതും തൊഴിലാളികളിൽ ആത്മവിശ്വാസം ഉണ്ടാക്കി. ഏപ്രിൽ 16ന് രാജ്യവ്യാപകമായി, സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു രംഗത്ത് വന്നു.
ദേശീയ ട്രേഡ് യൂണിയനുകളും, സംയുക്ത കിസാൻ മോർച്ചയും, തൊഴിലാളി സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇത്തരം ഇടപെടലുകൾ, സർക്കാരുകൾക്കു മേൽ വലിയ സമ്മർദ്ദം സൃഷ്ടിച്ചു. ഏതാനും സംസ്ഥാന സർക്കാരുകൾ, മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ട് ഉത്തരവിറക്കി. തൊഴിലാളി സംഘടനകൾ അടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച്, നിയമാനുസൃതം മിനിമം വേതനം പുതുക്കി നിശ്ചയിക്കാൻ അപ്പോഴും ബിജെപി സർക്കാരുകൾ തയ്യാറായി.
പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയാലും തൊഴിലാളികളുടെ ഉയിർത്തെഴുന്നേൽപ്പിനെ തകർക്കാനാവില്ല. ഭരണകൂട നയങ്ങൾ, തൊഴിലാളികളിലാകെ അമർഷം ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. അമർന്ന് കത്തിയാലും, ഈ ഒരു ദിനം വീണ്ടും ആളിക്കത്തും. വലിയ തൊഴിലാളി മുന്നേറ്റത്തിന് രാജ്യം സാക്ഷ്യം വഹിക്കുമെന്ന് തീർച്ച. l



