Wednesday, May 13, 2026

ad

Homeആമുഖംആമുഖം

ആമുഖം

2026 അടയാളപ്പെടുത്തപ്പെടുന്നത് ഇന്ത്യയിലെ തൊഴിലാളിവർഗത്തിന്റെ സ്വമേധയായുള്ള മുന്നേറ്റത്തിന്റെ വർഷമായാണ്. സംഘടിക്കാനും കൂട്ടായി വിലപേശാനുമുള്ള സ്വാതന്ത്ര്യം നിഷേധിച്ച് തൊഴിലാളികളെക്കൊണ്ട് തുച്ഛമായ കൂലിക്ക് അടിമകളെപ്പോലെ പണിയെടുപ്പിക്കാമെന്ന മൂലധനത്തിന്റെ വ്യാമോഹത്തിനാണ് ഇന്ന് ഇന്ത്യൻ തൊഴിലാളിവർഗം തിരിച്ചടുനൽകിക്കൊണ്ടിരിക്കുന്നത്. 2026 ജനുവരിയിൽ ബീഹാറിലെ ബഹുസരായിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയിലെ കരാർ തൊഴിലാളികളാണ് ഈ പണിമുടക്ക് പരമ്പരയ്ക്ക് തുടക്കംകുറിച്ചത്. ഇപ്പോൾ യുപിയിലും ഹരിയാനയിലും രാജസ്താനിലും മധ്യപ്രദേശിലും ഗുജറാത്തിലും ആന്ധ്രാപ്രദേശിലുമെല്ലാം കാട്ടുതീപോലെ അത് പടർന്നുപിടിക്കുകയാണ്.

ലേബർ കോഡുകളിലൂടെ തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് അവരുടെ കരചരണങ്ങൾ ബന്ധിച്ച് മൂലധനത്തിന്റെ കൊള്ളയ്ക്കായി അടിയറവയ്ക്കാമെന്ന മോദി സർക്കാരിന്റെ വ്യാമോഹമാണ് (കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളും ഇതേ ചാലിലൂടെ തന്നെയാണ് നീങ്ങുന്നത്. രാജസ്താനിൽ കോൺഗ്രസ് ഭരണകാലത്താണ് ഈ കോഡുകൾ പാർലമെന്റ് പാസാക്കുംമുമ്പ് ആദ്യം അംഗീകരിച്ചത്) ഇപ്പോൾ പൊളിഞ്ഞുവീണുകൊണ്ടിരിക്കുന്നത്.

കുടുംബം പോറ്റാൻ പര്യാപ്തമായ കൂലി മാത്രമല്ല, തൊഴിലാളിയുടെ സ്വന്തം അധ്വാനശേഷി നിലനിർത്താനുള്ള കൂലിപോലും നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും കോർപ്പറേറ്റ് കുത്തക കമ്പനികളിലുള്ളത്.

17ഉം 18ഉം നൂറ്റാണ്ടുകളിൽ നിലനിന്നിരുന്ന, ഇരുപതാംനൂറ്റാണ്ടിൽ സോവിയറ്റ് യൂണിയൻ നിലവിൽ വന്നതോടെ ലോകത്താകമാനം കൊടുങ്കാറ്റുപോലെ വീശിയടിച്ച തൊഴിലാളിവർഗ മുന്നേറ്റത്തെതുടർന്ന് തകർക്കപ്പെട്ട കൂലി വ്യവസ്ഥയും തൊഴിൽ സംവിധാനവും തിരികെ കൊണ്ടുവരാനുള്ള മൂലധനത്തിന്റെ നീക്കത്തിനെതിരെയാണ് ഇന്ത്യൻ തൊഴിലാളിവർഗം ഇന്നു പൊരുതുന്നത്. സംഘടനയില്ലെങ്കിലും നേതാക്കളില്ലെങ്കിലും തുടർച്ചയായി അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ തൊഴിലാളികൾ കന്മതിലുകൾ തകർത്തെറിഞ്ഞു പോരാട്ടത്തിനായി തെരുവിലിറങ്ങുമെന്ന് ഓർമിപ്പിക്കുകയാണ് ഇപ്പോൾ ഇന്ത്യയിലെ തൊഴിലാളികൾ. 19–ാം നൂറ്റാണ്ടിലും 20–ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും തൊഴിലാളികൾ സംഘടിച്ച് മുന്നേറിയതിന്റെ ചരിത്രം ഓർമിപ്പിക്കുകയാണ് നോയിഡയിലെയും പാനിപ്പത്തിലെയും സൂറത്തിലെയും മറ്റും തൊഴിലാളികൾ.

തുച്ഛമായ കൂലിയേ ഉള്ളൂവെന്നു മാത്രമല്ല, അതുപോലും ആഴ്ചകളും മാസങ്ങളും നിഷേധിക്കുന്ന വിധത്തിലുള്ള കടുത്ത ചൂഷണമാണ്, കോർപ്പറേറ്റ് കൊള്ളയാണ് ഉത്തരേന്ത്യയിൽ പല കമ്പനികളിലും നടമാടുന്നത്. 8 മണിക്കൂർ ജോലി എന്ന നിയമം പാടെ നിഷേധിച്ച് 10ഉം 12ഉം മണിക്കൂർ വരെ തുച്ഛമായ കൂലി നൽകി പണിയെടുപ്പിക്കുന്നത് വ്യാപകമായിരിക്കുന്നു. തൊഴിൽ സാഹചര്യമാകട്ടെ പരമദയനീയവും. തൊഴിലുടമകൾക്ക് എപ്പോൾ വേണമെങ്കിലും തൊഴിലാളിയെ പിരിച്ചുവിടുകയും ചെയ്യാം. സ്ത്രീ തൊഴിലാളികൾ കടുത്ത ലെെംഗികചൂഷണം വരെ നേരിടുന്നു. ഇത്തരമൊരവസ്ഥയിലാണ് സംഘടനയോ നേതാവോ ഇല്ലാതെ തന്നെ തൊഴിൽ കേന്ദ്രങ്ങളിൽ സ്വയമേവ പണിമുടക്കുകൾ പൊട്ടിപ്പുറപ്പെട്ടത്. അനിതരസാധാരണമായ സ്ത്രീ പങ്കാളിത്തമാണ് ഈ പോരാട്ടങ്ങളിൽ കാണുന്നത്.

സിഐടിയുവും സിപിഐഎമ്മും തൊഴിലാളികളുടെ ഈ മുന്നേറ്റത്തിൽ ഇടപെടുകയും ശക്തമായ പിന്തുണ നൽകുകയും ചെയ്യുന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളിലായി പൊട്ടിപ്പുറപ്പെട്ടുകൊണ്ടിരിക്കുന്ന ഈ പണിമുടക്കുകളെ ഈ ലക്കം ചിന്ത അടയാളപ്പെടുത്തുകയാണ്. എളമരം കരീം, സുദീപ് ദത്ത, എ ആർ സിന്ധു എന്നിവരുടെ ലേഖനങ്ങൾക്കുപുറമെ, പണിമുടക്കുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും തയ്യാറാക്കി അവതരിപ്പിക്കുന്നു. l

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine − 1 =

Most Popular