അമേരിക്കൻ സാമ്രാജ്യത്വവും ഇസ്രയേൽ സയണിസ്റ്റ് ഭീകര ഭരണകൂടവും ഇറാനെതിരെ അഴിച്ചുവിട്ട ആക്രമണം സൃഷ്ടിച്ച ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ലോകം. യുദ്ധം അത് ലോകത്തിന്റെ ഏതു കോണിലായാലും അതെങ്ങനെ സാധാരണ മനുഷ്യന്റെ നിത്യജീവിതത്തെ ദുരിതമയമാക്കുമെന്നതിന്റെ ദൃഷ്ടാന്തമാണ് ഇപ്പോൾ നാം കാണുന്നത്. എവിടെയോ നടക്കുന്ന യുദ്ധത്തിൽ നമുക്കെന്തു കാര്യം എന്ന അരാഷ്ട്രീയമായ ചോദ്യത്തിന്റെ പ്രസക്തിയില്ലാതാക്കുംവിധം ഈ യുദ്ധം നമ്മുടെ അടുക്കളകളെ തന്നെ ബാധിച്ചിരിക്കുന്നു. അതെ, അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തുന്ന ആക്രമണയുദ്ധം ഇപ്പോൾ ലോകത്തെല്ലായിടത്തുമുള്ള സാധാരണക്കാർക്കെതിരെയുള്ള, നമ്മളോരോരുത്തർക്കുമെതിരെയുള്ള, ആക്രമണമായി. മാനവരാശിക്കെതിരായ അമേരിക്കയുടെ ഈ കടന്നാക്രമണത്തിനെതിരെ ലോകത്താകെയുള്ള മനുഷ്യരുടെ ശബ്ദമുയരണം; അതൊരൊറ്റ ശബ്ദമായി ലോകമാകെ മുഴങ്ങണം.
അമേരിക്കൻ ജനതയുടെയോ ഇസ്രയേലിലെ ജനതയുടെയോ ഇഷ്ടാനുസൃതമല്ല അവിടത്തെ ഭരണാധികാരികൾ –ട്രംപും നെതന്യാഹുവും –ഇറാനെ ആക്രമിച്ചത്. ജനാധിപത്യപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല മനുഷ്യത്വരഹിതമായ ഈ ആക്രമണം. ഇസ്രയേലിന്റെ നെസറ്റോ അമേരിക്കൻ കോൺഗ്രസോ അംഗീകരിച്ച ഒരു പദ്ധതി പ്രകാരമുള്ള ആക്രമണമായിരുന്നില്ല ഇത്.
തങ്ങളുടെ ഭരണാധികാരികളുടെ നിഷ്ഠുരമായ ഈ നടപടിക്കെതിരെ ഇസ്രയേലിലും അമേരിക്കയിലും ജനങ്ങൾ തെരുവിലിറങ്ങിയത് ഭരണകൂടത്തിന്റെ നീക്കത്തിനെതിരായ രോഷപ്രകടനമാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും മാർച്ച് അവസാനം ‘നോ കിങ്സ്’ എന്ന പ്രതിഷേധ പ്രക്ഷോഭത്തിൽ അണിനിരന്നത്. ട്രംപിന്റെ ആക്രമണ നയങ്ങൾക്കെതിരെയുള്ള അമേരിക്കൻ ജനതയുടെ അണപൊട്ടിയൊഴുകുന്ന രോഷപ്രകടനമാണ് ‘നോ കിങ്സ്’ പ്രക്ഷോഭത്തിൽ പ്രതിഫലിച്ചത്. അമേരിക്കയിൽ മാത്രമല്ല മതഭീകര രാഷ്ട്രമായ ഇസ്രയേലിലെ സയണിസ്റ്റ് ഭരണാധികാരികൾക്കെതിരെ ടെൽ അവീവിലും ജെറുസലേമിലുമെല്ലാം ആയിരങ്ങൾ അണിനിരന്ന യുദ്ധവിരുദ്ധ റാലികൾ നടന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്കും ആസ്ട്രേലിയയിലേക്കുമെല്ലാം ഈ പ്രതിഷേധ പ്രക്ഷോഭം പടർന്നു പിടിക്കുകയാണ്. ഈ പ്രതിഷേധ പ്രസ്ഥാനം ലോകത്തിന്റെ മുക്കിലും മൂലയിലും വരെ പടർന്നുപിടിച്ച് ആഗോള ധനമൂലധനത്തിന്റെ ശക്തികേന്ദ്രങ്ങളെയെല്ലാം ആ അഗ്നികുണ്ഡത്തിൽ വെന്തെരിയിരിക്കാതെ തരമില്ല. അത്രയേറെ ഭീകരമായ കെടുതിയാണ് സാമ്രാജ്യത്വം നടത്തുന്ന ഈ ആക്രമണയുദ്ധം മൂലം ലോകജനത നേരിടുന്നത്.
ഇറാനെതിരെ അമേരിക്ക നടത്തുന്ന ആക്രമണയുദ്ധത്തെയും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെയും കുറിച്ചാണ് ഈ ലക്കം ചിന്ത വാരികയുടെ കവർ സ്റ്റോറി. ഡോ. ടി എം തോമസ് ഐസക്, ആർ കരുമലയാൻ, പ്രഭാത് പട്നായക്, വിജയ് പ്രഷാദ്, പ്രൊഫ. എ കെ രാമകൃഷ്ണൻ, ഹരിത സാവിത്രി എന്നിവരാണ് ലേഖനങ്ങൾ എഴുതിയിരിക്കുന്നത്.
ഇറാനിൽ നടക്കുന്നത് കേവലം ട്രംപിന്റെയോ നെതന്യാഹുവിന്റെയോ ഭ്രാന്തായോ കോമാളിത്തരമായോ കണ്ടു നിൽക്കാനാവില്ല. മനുഷ്യരാശിക്കെതിരായ മൂലധനാധിപത്യത്തിന്റെ നിഷ്ഠുരമായ, ഭ്രാന്തമായ കടന്നാക്രമണമാണത്. ഹിരോഹിമയിലും നാഗസാക്കിയിലും ആറ്റംബോംബ് പ്രയോഗിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡെമോക്രാറ്റിക് പാർട്ടിക്കാരനായ ഹാരി എസ് ട്രൂമാനായിരുന്നു. അതിന്റെ തനിയാവർത്തനം ഇറാനിലുണ്ടാകുമെന്ന് ഭീഷണി ഉയർത്തുന്ന ട്രംപിനെ തളയ്ക്കാൻ ലോകജനത ഒറ്റക്കെട്ടായി നീങ്ങുമെന്നുറപ്പാണ്. l



