ഏതാനും ദിവസങ്ങൾകൊണ്ട് ഇറാനെ തകർത്ത് യുദ്ധം അവസാനിപ്പിക്കാം എന്ന വിലയിരുത്തലാണ് അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്. അറബ് രാജ്യങ്ങളെല്ലാം അമേരിക്കയോട് സഖ്യത്തിലാണ്. ഇറാനോടൊപ്പം ഭരണകൂട പിന്തുണയില്ലാത്ത യമനിലേയും ലബനനിലേയും മറ്റു ചില സേനകൾ മാത്രം. സമാധാന ചർച്ചകളുടെ മറവിലായിരുന്നു അക്രമം. യുദ്ധം ഇപ്പോൾ നാൽപ്പതു ദിവസം കഴിഞ്ഞു. അമേരിക്ക ലക്ഷ്യമിട്ടതൊന്നും നേടിയില്ല. എന്തൊക്കെയാണ് അമേരിക്ക ലക്ഷ്യമിട്ടതെന്ന് നോക്കാം.
അമേരിക്കയുടെ യുദ്ധലക്ഷ്യങ്ങൾ
1. ഭരണമാറ്റം: ഖൊമേനിയെയും ഇറാൻ നേതാക്കളെയും വധിച്ചുകഴിഞ്ഞാൽ അമേരിക്കയ്ക്കു വഴങ്ങുന്ന ഒരു നേതൃത്വം ഇറാനിൽ കൊണ്ടുവരാനാകും എന്നായിരുന്നു ട്രംപിന്റെ ചിന്ത. ജനങ്ങൾ സ്വമേധയാ ഭരണകൂടത്തിനെതിരായി ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷ. ഷാ ചക്രവർത്തിയുടെ മകൻ ഇറാനിലേക്ക് മടങ്ങാൻ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ഒരു ഭരണമാറ്റവും ഉണ്ടായില്ല. കൂടുതൽ തീവ്രനിലപാടെടുക്കുന്ന ഇറാനിയൻ റവല്യൂഷണറി ഗാർഡ് സേന അധികാരം ഉറപ്പിക്കുകയാണ് ഉണ്ടായത്.
2. ഇറാന്റെ സൈനികശേഷി തകർക്കുക: ഇറാന്റെ വിമാനങ്ങളും കപ്പലുകളും തകർക്കപ്പെട്ടു; സൈനിക ഫാക്ടറികൾ നാമാവശേഷമായി. പക്ഷേ ഇസ്രയേലിലേക്കും അമേരിക്കൻ താവളങ്ങളിലേക്കും അറബ് രാജ്യങ്ങളിലേക്കും മിസൈൽ ഡ്രോൺ വർഷം തുടരുകയാണ്. ഇറാഖിന്റെ കേന്ദ്രീകൃത സൈനിക സംവിധാനത്തിന്റെ തകർച്ചയുടെ പാഠം ഉൾക്കൊണ്ട് കൂടുതൽ വികേന്ദ്രീകൃതമായ സൈനിക ശൃംഖലയാണ് ഇറാൻ സ്വീകരിച്ചത്. ഹെഡ്ക്വാർട്ടേഴ്സ് തകർന്നെങ്കിലും യുദ്ധം തുടരുകയാണ്. ഇറാൻ തെല്ലുപോലും അമേരിക്കയ്ക്ക് വഴങ്ങുന്നില്ല.
3. സമ്പുഷ്ട യുറേനിയം കടത്തുക: 65% സമ്പുഷ്ടീകരിക്കപ്പെട്ട 450 കിലോ യുറേനിയം ഇറാന്റെ പക്കലുണ്ട്. അത് പിടിച്ചെടുക്കുകയാണ് യുദ്ധത്തിന്റെ ലക്ഷ്യം. ഇതിനു വേണ്ടി വെടിവെച്ചിട്ട സൈനികരെ രക്ഷിക്കാൻ വേണ്ടി എന്ന നാട്യത്തിൽ 150ൽപ്പരം വിമാനങ്ങളും സേനയും പങ്കെടുത്ത ഒരു ദൗത്യംതന്നെ ഇറാനുള്ളിൽ അമേരിക്ക നടത്തി പരാജയപ്പെട്ടു. ആറ്റംബോംബ് ഉണ്ടാക്കാനുള്ള ഇറാന്റെ ശേഷിയെ ഇല്ലാതാക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞിട്ടില്ല.
4. ഇറാന്റെ സഖ്യസേനകളെ ഇല്ലാതാക്കുക: ലെബനനിലെ ഹിസ്ബുള്ള, പലസ്തീനിലെ ഹമാസ്, യമനിലെ ഹൂത്തികൾ തുടങ്ങിയ ഭരണകൂട ബന്ധമില്ലാത്ത സൈനികവ്യൂഹങ്ങളാണ് ഇറാനോടൊപ്പമുള്ളത്. അവരെ ഇല്ലാതാക്കുകയാണ് യുദ്ധത്തിന്റെ മറ്റൊരു ലക്ഷ്യം. പക്ഷേ അവരെല്ലാം ഇപ്പോഴും സജീവമായി രംഗത്തുണ്ട്.
5. ഇറാന്റെ എണ്ണ കവരുക: വെനസ്വേലയുടെ എണ്ണ കൈക്കലാക്കിയതുപോലെ ഇറാന്റെ എണ്ണ കൈക്കലാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷേ സംഭവിച്ചുകൊണ്ടിരിക്കുന്നത് നേർവിപരീതമാണ്. ഇറാന്റെ എണ്ണ ശുദ്ധീകരണശാലയ്ക്കും മറ്റും തീയിടുകയല്ലാതെ ഒരു എണ്ണശേഖരണവും കൈക്കലാക്കാൻ ട്രംപിന് കഴിഞ്ഞിട്ടില്ല. ഇറാനാവട്ടെ അമേരിക്കയോട് സഖ്യത്തിലുള്ള അറബ് രാജ്യങ്ങളുടെ എണ്ണഖനികളെയും ശുദ്ധീകരണശാലകളെയും തകർത്തുകൊണ്ടാണ് പകരംവീട്ടുന്നത്. ലോകത്തിലെ എണ്ണ ക്ഷാമം പരിഹരിക്കാൻ ഇറാന്റെ എണ്ണവില്പന നിരോധനം അമേരിക്കയ്ക്ക് നീക്കംചെയ്യേണ്ടിവന്നു.
ഹോർമൂസ് കടലിടുക്ക് പിടിച്ചെടുക്കുക: ലോക എണ്ണ-–ഇന്ധന –വാതക വ്യാപാരത്തിന്റെ നാലിലൊന്നോളം കടന്നുപോകുന്ന ഹോർമൂസ് കടലിടുക്ക് സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരുന്നതാണ്. അത് ഇപ്പോൾ ഇറാന്റെ പൂർണനിയന്ത്രണത്തിലാണ്. എന്നുമാത്രമല്ല ഒരു കപ്പലിന് 20 ലക്ഷം ഡോളർ കൊടുത്താലേ കടത്തിവിടുകയുമുള്ളൂ. അതും ഇഷ്ടരാജ്യങ്ങളുടെ മാത്രം. ഇതെല്ലാവരിൽ നിന്നും ഈടാക്കിയാൽ 80 ബില്യൺ ഡോളർ വരുമാനം ഉണ്ടാകും. യുദ്ധത്തിന് മുമ്പുള്ള എണ്ണ വരുമാനത്തിന്റെ ഇരട്ടിവരും ഇത്.
ചുരുക്കത്തിൽ, എന്തിനുവേണ്ടിയാണോ അമേരിക്ക യുദ്ധത്തിനു പുറപ്പെട്ടത് ആ ലക്ഷ്യങ്ങളൊന്നും കൈവരിക്കാൻ കഴിഞ്ഞില്ല. ഇറാന് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നത് ശരിയാണ്. പക്ഷേ അമേരിക്കയ്ക്ക് യുദ്ധച്ചെലവ് 200 ബില്യൺ ഡോളറെങ്കിലും വേണ്ടി വരും. ഇതിന് അധികതുക വകയിരുത്തിക്കഴിഞ്ഞാൽ അത്രയും തുകയ്ക്കുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കേണ്ടി വരും. ഇതാണ് അവസ്ഥ.
താല്കാലിക വെടിനിർത്തൽ
ഇറാന്റെ തിരിച്ചടി ട്രംപിനെ ഭ്രാന്ത് പിടിപ്പിച്ചിരിക്കുകയാണ്; ഇറാൻ നാഗരികത മുഴുവൻ എന്നെന്നേക്കുമായി ഇല്ലാതാക്കും എന്ന് ട്രംപ് ആക്രോശിച്ചു. ഇറാനെ ഭൂമുഖത്തു നിന്നും തുടച്ചുനീക്കുമത്രേ. ഈ ജല്പനങ്ങൾക്കൊന്നും ഇറാൻ പുല്ലുവിലപോലും കൊടുത്തില്ല. അമേരിക്കയുടെ യൂറോപ്യൻ സഖ്യശക്തികളെല്ലാവരും അമേരിക്കയെ കൈവിടില്ല. ഭീഷണിപ്പെടുത്തിയാൽ താൻ യുദ്ധ കുറ്റവാളിയാകുമെന്ന ട്രംപിന്റെ പേടി ഒരു വശത്ത്. മറുവശത്ത് ഇറാൻ പ്രതികാരത്തിനായി മറ്റ് അറബ് രാജ്യങ്ങളുടെ എണ്ണശുദ്ധീകരണശാലകളും പാലങ്ങളും കുടിവെള്ള ശുദ്ധീകരണങ്ങളും തകർക്കും എന്ന അവരുടെ ഭയം മറുവശത്ത്. ഇത്തരമൊരു ഊരാക്കുടുക്കിൽപ്പെട്ട അമേരിക്ക പാകിസ്താൻ വഴി ഒരു താല്കാലിക വെടിനിർത്തൽ നിർദ്ദേശിച്ചു.
എന്നാൽ, അമേരിക്കയുടെ കീഴടങ്ങൽ വ്യവസ്ഥകളെല്ലാം ഇറാൻ തള്ളി. അതിനുപകരം അവർ തങ്ങളുടെ പത്ത് വ്യവസ്ഥകൾ മുന്നോട്ടുവച്ചു:
1. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്ക് ശാശ്വതമായ വിരാമം.
2. ആ ശക്തിയുടെ വികസനത്തിനും സമ്പുഷ്ടീകരണത്തിനുമുള്ള ഇറാന്റെ അവകാശം
3. യുദ്ധംമൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് വ്യക്തവും ഉറപ്പുള്ളതുമായ നഷ്ടപരിഹാരം.
4. മേഖലയിലുടനീളം സജീവമായിരിക്കുന്ന എല്ലാ ചെറുത്തുനില്‍പ്പ് ഗ്രൂപ്പുകള്‍ക്കും, എല്ലാ മുന്നണികൾക്കും നേരെയുള്ള യുദ്ധം അവസാനിപ്പിക്കുക.
5. ഇറാന്റെ മേലുള്ള എല്ലാവിധ ഉപരോധങ്ങൾക്കും വിരാമം
6. അഭയാർത്ഥികളുടെ മടക്കം
7. ഗാസയിൽ വെടിനിർത്തലും സമാധാനവും
8. ഹോർമുസ് കടലിടുക്കിനുമേലുള്ള ഇറാന്റെ പരമാധികാരം
9. മദ്ധ്യപൂർവേഷ്യയിൽ നിന്നുള്ള അമേരിക്കൻ സേനകളുടെ പിൻമാറ്റം
10. കരാർ ഉറപ്പുവരുത്താൻ അന്താരാഷ്ട്ര നിരീക്ഷണ സമിതി
മേൽപ്പറഞ്ഞ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ചർച്ചകൾ തുടങ്ങാമെന്നാണ് ട്രംപ് സമ്മതിച്ചിട്ടുള്ളത്. ഇതിൽപ്പരം ഒരു നാണക്കേട് അമേരിക്കയ്ക്ക് വരാനുണ്ടോ? ബോംബിട്ട് ഇറാനെ നശിപ്പിക്കാനാകും. പക്ഷേ ഹോർമൂസ് കടലിടുക്ക് അടഞ്ഞുകിടക്കും. ആഗോള എണ്ണപ്രതിസന്ധി രൂക്ഷമാകും. അല്ലാത്തപക്ഷം കരസേനയെ വിന്യസിക്കേണ്ടിവരും. ഇറാന്റെ വലിപ്പവും ഭൂപ്രകൃതിയും കണക്കിലെടുക്കുമ്പോൾ ഇത് വിയറ്റ്നാം യുദ്ധം പോലെ നീണ്ടുപോകും. ഗത്യന്തരമില്ലാതെ വെടിനിർത്തൽ സമ്മതിച്ച് അമേരിക്ക ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറായിരിക്കുകയാണ്.
ഈ ചർച്ചകൾ വിജയിച്ച് യുദ്ധം ഏതാനും ആഴ്ചകൾകൊണ്ട് അവസാനിക്കുമോ? അതോ അടുത്ത ഒരു ആറുമാസം നീണ്ടുനിൽക്കുമോ? അതോ അടുത്തൊരു വർഷക്കാലത്തേക്കോ അതിനപ്പുറത്തേക്കോ നീണ്ടുപോകുമോ?
അടുത്ത ഒന്നോ രണ്ടോ മാസം കൊണ്ട് യുദ്ധം അവസാനിക്കുകയാണെങ്കിൽ നമുക്ക് അതിനെ ഹ്രസ്വകാലയുദ്ധം എന്നു വിളിക്കാം. ആറു മാസം വരെ നീളുകയാണെങ്കിൽ ഇടക്കാലയുദ്ധം എന്നു വിളിക്കാം. ഒരു വർഷമോ അതിലേറെയോ നീണ്ടാൽ അതിനെ ദീർഘകാലയുദ്ധം എന്നു വിളിക്കാം. മൂന്നിന്റെയും സാമ്പത്തിക പ്രത്യാഘാതങ്ങൾ വളരെ വ്യത്യസ്തമായിരിക്കും. അതാണ് ഒന്നാമത്തെ ചാർട്ടിൽ വിശദീകരിച്ചിട്ടുള്ളത്.
| ചാർട്ട് 1 : വ്യത്യസ്ത ദൈർഘ്യത്തിലുള്ള മധ്യപൂർവ്വേഷ്യൻ യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ |
| ഇനം | ഹ്രസ്വകാലയുദ്ധം | ഇടക്കാലയുദ്ധം | ദീർഘകാലയുദ്ധം |
| ആഗോള വ്യാപാര വളർച്ച (ശതമാനം) | ആഗോള വ്യാപാര വളർച്ച 1.9-2.4 ശതമാനമായി ചുരുങ്ങും. | ആഗോള വ്യാപാരത്തിൽ 1.4-2.0 ശതമാനമായി ചുരുങ്ങും | ആഗോള വ്യാപാരം 1.0-1.4 ശതമാനമായി ചുരുങ്ങും. |
| എണ്ണയുടെ വില (ബാരലിന് ഡോളറിൽ) | 100-120 ഡോളർ വിലയിൽ നിന്ന് താഴ്ന്ന് വർഷാവസാനമാകുമ്പോൾ 70-80 ഡോളറിലെത്തും | അടുത്ത ആറ് മാസക്കാലം മാറ്റമില്ലാതെ 100-130 ഡോളർ വില | 130-200 ഡോളർ വിലയിലേക്ക് ഉയരാം |
| ആഗോള വിലക്കയറ്റ തോത് | വിലക്കയറ്റത്തിൽ 0.2 -0.7 ശതമാന പോയിന്റ് വർദ്ധന ഉണ്ടാകും. | 0.7-1.5+ ശതമാന പോയിന്റ് വർദ്ധന ഉണ്ടാകും. | 1.5-2.5 ശതമാന പോയിന്റ് വർദ്ധന ഉണ്ടാകും. |
| ആഗോള ജി.ഡി.പി. വർദ്ധന | 0.1-0.3 ശതമാന പോയിന്റുകൾ ആഗോള ജി.ഡി.പി. കുറയും | 0.3-1.0+ ശതമാന പോയിന്റുകൾ ആഗോള ജി.ഡി.പി. കുറയും | 0.5-2.0+ ശതമാന പോയിന്റുകൾ ആഗോള ജി.ഡി.പി. കുറയും |
| വിലക്കയറ്റ മാന്ദ്യം | വിലക്കയറ്റവും മാന്ദ്യവും ദുർബലമായിരിക്കും | Stagflation-ന്റെ അപകടം തലപൊക്കും | ലോകം Stagflationന്റെ വരുതിയിലാകും |
| ഡോളർ മേധാവിത്തം | പെട്രോ ഡോളർ സംവിധാനം തുടരും | പെട്രോ ഡോളർ സംവിധാനം ദുർബലപ്പെടും | ഡോളർ മേധാവിത്തത്തിന് വിള്ളൽ വീഴും |
| ഗൾഫിലെ കുടിയേറ്റ തൊഴിലാളികൾ | ചെറിയ അനിശ്ചിതാവസ്ഥ മാത്രം | അനിശ്ചിതാവസ്ഥ വർദ്ധിക്കും തൊഴിൽ നഷ്ടപ്പെടും | കുവൈറ്റി തിരിച്ചുവരവിന് സമാനമായ സ്ഥിതിവിശേഷമുണ്ടാകാം |
ആഗോള വ്യാപാരം
ഹോർമൂസ് കടലിടുക്ക് അടഞ്ഞു കിടക്കുമോ ഇല്ലയോ എന്നുള്ളതാണ് എണ്ണ, പാചകവാതകം, ഹീലിയം, അലുമിനീയം, വളം എന്നിവയുടെ വ്യാപാരത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇറാന്റെ കടത്തുഫീസും ഇൻഷുറൻസ് ചെലവിലുള്ള വർദ്ധനയും വിലയെ പ്രതികൂലമായി ബാധിക്കും. അമേരിക്കയുടെ എണ്ണയ്ക്കും വാതകത്തിനും ഡിമാൻഡ് ഏറും. ആഫ്രിക്ക ചുറ്റിയുള്ള വ്യാപാരം വർദ്ധിക്കും.
ലോകവ്യാപാര സംഘടനയുടെ 2025 ലെ കണക്കു പ്രകാരം ലോക വ്യാപാരവർദ്ധന 4.6% ആയിരുന്നു. ഇത് ഇപ്പോൾതന്നെ 2026-ൽ 1.91% ആയി കുറയുമെന്ന നിഗമനത്തിലാണ് അവർ എത്തിയിട്ടുള്ളത്. യുദ്ധം നീണ്ടാൽ ലോകവ്യാപാരം കൂടുതൽ ചുരുങ്ങുന്നതിനിടയാക്കും.
എണ്ണവില
എണ്ണവില 65 ഡോളറായിരുന്നത് 100–-120 ഡോളറായി. യുദ്ധത്തിനു ശേഷം വർദ്ധിക്കുകയുണ്ടായി. എണ്ണവില പിടിച്ചുനിർത്തുന്നതിനു വേണ്ടി അമേരിക്ക അവരുടെ ഷെയ്ൽ ഓയിലും പെട്രോളിയം ഉല്പന്നങ്ങളും കൂടുതൽ കമ്പോളത്തിൽ ഇറക്കി. അതോടൊപ്പം റഷ്യയുടെ മേലുണ്ടായിരുന്ന എണ്ണ ഉപരോധം പിൻവലിച്ചു. ഇറാന്റെ മേലുണ്ടായ നിരോധനം ഭാഗികമായി നീക്കംചെയ്തു. എന്നാൽ യുദ്ധം മുറുകുകയും അറബ് രാജ്യങ്ങളുടെ എണ്ണഖനികൾ നശിക്കുകയും ചെയ്താൽ എണ്ണവില ബാരലിന് 130-–200 ഡോളർ ആയി ഉയരാം.
വാതകവിലകളാണ് കൂടുതൽ ശക്തമായി ഉയർന്നത് . യുദ്ധം തീർന്നാലും ഖത്തറിലേയും ഇറാനിലേയും വാതകപ്പാടങ്ങൾക്കുണ്ടായ ആഘാതങ്ങൾ മാറാൻ കുറച്ചുകാലങ്ങളെടുക്കും.
ആഗോള ജിഡിപി
എണ്ണവിലയിലുണ്ടാകുന്ന 10% വർദ്ധന ആഗോള ജിഡിപി വളർച്ചയിൽ 0.2% ഇടിവുണ്ടാക്കുമെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. ഇപ്പോൾ ഉണ്ടാക്കിയിരിക്കുന്ന വെടിനിർത്തൽ കരാർ ശാശ്വതമാകുകയും യുദ്ധം അവസാനിക്കുകയും ചെയ്താൽ ആഗോള ജിഡിപി-യിൽ 0.3% കുറവേ ഉണ്ടാകുകയുള്ളൂ എന്നാണ് WTO-യുടെ കണക്കുകൂട്ടൽ. എന്നാൽ യുദ്ധം അടുത്ത ഒരു ആറു മാസത്തേക്ക് നീണ്ടാൽ 1% വരെ ആഗോള ജിഡിപി-യിൽ ഇടിവുണ്ടാകാം. ഇത് താരതമ്യേന ദുർബലമാണെങ്കിലും ആഗോളമാന്ദ്യം സൃഷ്ടിക്കാം.
എന്നാൽ യുദ്ധം ഒരു വർഷത്തേക്ക് നീണ്ടാൽ കളി മാറും. ആഗോള ജിഡിപി-യിൽ 2% വരെ ഇടിവുണ്ടാകും. ഇത് ഒരു മാന്ദ്യത്തിന് വഴിതെളിയ്ക്കാം. മാന്ദ്യവും വിലക്കയറ്റവും ഒരുമിച്ചു വരുന്നത് നയപരമായി പ്രതിസന്ധി സൃഷ്ടിക്കും. മാന്ദ്യത്തിൽനിന്ന് കരകയറാൻ സർക്കാർ ചെലവുകൾ വർദ്ധിപ്പിക്കുന്ന നയം സ്വീകരിക്കുന്നത് ബുദ്ധിമുട്ടാണ്. കാരണം വിലക്കയറ്റം ചരട് പൊട്ടിക്കും. വിലകളെ പിടിച്ചുനിർത്താൻ സർക്കാർ ചെലവുകൾ ചുരുക്കിയാൽ അത് മാന്ദ്യത്തിന് ആക്കം കൂട്ടും. പലിശനിരക്കിൽ മാറ്റം വരുത്തുന്നതിന് ഇതുപോലെ ബുദ്ധിമുട്ട് വരും. 1970-കളിൽ പെട്രോൾ വിലകൾ ഒപെക് സംഘടിതമായി ഉയർത്തിയ കാലത്താണ് ഈ പ്രതിഭാസം പ്രതിസന്ധിയായി മാറിയത്. ഇതുപോലൊരു സ്ഥിതിവിശേഷം വീണ്ടും വരാം.
പ്രവാസികൾ
അവസാനമായി നമ്മൾ പരിശോധിക്കാൻ ഉദ്ദേശിക്കുന്ന കാര്യം ഇറാൻ യുദ്ധം ഗൾഫ് പ്രവാസികളെ എങ്ങനെ ബാധിക്കും എന്നുള്ളതാണ്. 5 കോടിയോളം പ്രവാസികൾ ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. ഇപ്പോൾ ചെറിയ അനിശ്ചിതാവസ്ഥ ഉണ്ടെന്നല്ലാതെ യുദ്ധം അവരുടെ ജീവിതത്തെ വലുതായി ബാധിച്ചിട്ടില്ല. ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങൾ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലും ചില എണ്ണപ്പാടങ്ങളിലുമായിരുന്നു. എന്നാൽ ട്രംപ് ഭീഷണിപ്പെടുത്തിയതുപോലെ ഇറാൻ രാഷ്ട്രത്തെത്തന്നെ നാമാവശേഷമാക്കുന്നതിന് വാഹനങ്ങളും വ്യവസായശാലകളും, വെള്ളശുദ്ധീകരണ ശാലകളും ആക്രമിച്ചാൽ തങ്ങൾ അതേ നാണയത്തിൽ മറ്റ് അറബ് രാജ്യങ്ങളിലും ആക്രമണം നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. ട്രംപിന്റെ ഭീഷണി പ്രാവർത്തികമായാൽ ഗൾഫ് രാജ്യങ്ങളെല്ലാം വലിയ തകർച്ചയെ നേരിടേണ്ടി വരും. തൊഴിൽ നഷ്ടപ്പെടും എന്നു മാത്രമല്ല വൈദ്യുതിയും വെള്ളവുമില്ലാതെ ജീവിതംതന്നെ അസാധ്യമാകും. യുദ്ധം ഒരു വർഷം നീണ്ടാൽ ഇത്തരമൊരു സ്ഥിതിവിശേഷം അനിവാര്യമാകും.
ഈയൊരു സാഹചര്യം കുവൈത്ത് യുദ്ധകാലത്ത് ഉണ്ടായ തിക്താനുഭവങ്ങൾ നമ്മെ ഓർമിപ്പിക്കുകയാണ്. വലിയതോതിൽ പ്രവാസികൾക്ക് ഒഴിഞ്ഞുപോകേണ്ടിവരും. ഇത് കേരളത്തിനു വലിയ തിരിച്ചടിയാകും. പ്രവാസി പണവരുമാനം നമ്മുടെ ജിഡിപിയുടെ 20-–25 ശതമാനം വരും. ഇതിലുണ്ടാകുന്ന ഇടിവ് നമ്മുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കും. യുദ്ധം അവസാനിപ്പിച്ച് മദ്ധ്യപൂർവേഷ്യയിൽ സമാധാനം എത്രയും വേഗം കൊണ്ടുവരേണ്ടത് നമ്മുടെ കൂടിആവശ്യമാണ്. ട്രംപിന്റെ ഭ്രാന്തൻ സാമ്രാജ്യത്വ കടന്നാക്രമണത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരക്കണം. l



